News

Category: koodalmanikyam

കൂടല്‍മാണിക്യം കംഫര്‍ട്ട് സ്റ്റേഷനിലെ മാലിന്യം ദേവസ്വം ഭൂമിയില്‍ ഒഴുക്കി. പ്രതിഷേധവുമായി കൗണ്‍സിലര്‍മാരും നാട്ടുകാരും

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം കംഫര്‍ട്ട് സ്റ്റേഷനിലെ മാലിന്യം തോട്ടിലേക്ക് തള്ളാനുള്ള നീക്കം വാര്‍ഡ് കൗണ്‍സിലര്‍മാരും ഭക്തജന സമിതിയും ഇടപെട്ട് തടഞ്ഞു. കൊട്ടിലയ്ക്കല്‍ പറമ്പില്‍ സ്ഥതി ചെയുന്ന കൂടല്‍മാണിക്യം കംഫര്‍ട്ട് സ്റ്റേഷന്റെ മാലിന്യമാണ് ക്ഷേത്രഭൂമിയുടെ അതിര്‍ത്തിയിലുള്ള രാമന്‍ചിറ തോട്ടിലേക്ക് ഒഴുക്കി വിടാന്‍ നീക്കം നടത്തിയിരുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍മാരായ സന്തോഷ് ബോബനും അമ്പിളി ജയനും പരാതിപ്പെട്ടു. കംഫര്‍ട്ട് സ്റ്റേഷന്റെ കക്കൂസ് ടാങ്ക് നിറഞ്ഞതിനെ തുടര്‍ന്ന് കര്‍ക്കിടകം പിറക്കുന്നതിന് മുമ്പെ ദേവസ്വം ടാങ്കുകള്‍ വ്യത്തിയാക്കുവാന്‍ തൊഴിലാളികളെ നിയോഗിച്ചിരുന്നു. ഇവര്‍ കക്കൂസ് മാലിന്യം ബക്കറ്റില്‍ കോരി കംഫര്‍ട്ട് സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള ദേവസ്വം ഭൂമിയിലെ ചിറയിലേക്ക് നിക്ഷേപിക്കുകയായിരുന്നു. ഈ ചിറയില്‍ നിന്നുള്ള തോട് രാമന്‍ചിറ തോട്ടിലും അതുവഴി ഷണ്‍മുഖം കനാലിലുമാണ് പതിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച പ്രദേശവാസികള്‍ ഇടപെട്ട് മാലിന്യം ചിറയിലേക്ക് ഒഴുക്കാനുള്ള നീക്കം തടസ്സപ്പെടുത്തിയിരുന്നു. എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് കംഫര്‍ട്ട് സ്റ്റേഷന് മുന്നില്‍ വലിയ കുഴിയെടുത്ത് ഈ മാലിന്യം മണ്ണിട്ടുമൂടിയതായി കൗണ്‍സിലര്‍മാര്‍ പറഞ്ഞു. കനത്തമഴയില്‍ ദേവസ്വം ഭൂമിയില്‍ തള്ളിയ കക്കൂസ് മാലിന്യത്തില്‍ വെള്ളം കയറിയതോടെ പ്രദേശവാസികള്‍ ആശങ്കയിലായി. തടഞ്ഞു നിറുത്തിയിരിക്കുന്ന മാലിന്യത്തിന്റെ കെട്ട് രാത്രി പൊട്ടിച്ച് രാമന്‍ചിറയിലേക്ക് ഒഴുക്കുമോയെന്ന ഭീതിയും ജനങ്ങള്‍ക്കുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കൗണ്‍സിലര്‍മാരും ഭക്തജനങ്ങളും നാട്ടുകാരും സ്ഥലത്തെത്തിയത്. തുടര്‍ന്ന് നഗരസഭ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ രതീഷ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ സുധീര്‍, അനില്‍, അഡിഷണല്‍ എസ്.ഐ തോമസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു. പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയ ദേവസ്വം അധികൃതര്‍ക്കെതിരെ ക്രിമിനല്‍ നടപടിപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് ബോബനും അമ്പിളി ജയനും നഗരസഭയില്‍ പരാതി നല്‍കി. ദേവസ്വം പറമ്പില്‍ കെട്ടി നിറുത്തിയിരിക്കുന്ന കക്കൂസ് മാലിന്യം രാമന്‍ചിറ തോട്ടിലേക്ക് തുറന്ന് വിടാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ഭക്തജന സമിതി സെക്രട്ടറി സി. സന്തോഷ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. അതിനാല്‍ അടിയന്തിരമായി മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ദേവസ്വം നടപടിയെടുക്കണമെന്നും സന്തോഷ് ആവശ്യപ്പെട്ടു. പോലിസ് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ദേവസ്വം ജീവനക്കാരുമായി വിഷയം സംസാരിക്കുകയും കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അടുത്ത ദിവസം തന്നെ മാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കാനുള്ള നടപടികള്‍ എടുത്തിട്ടുണ്ടെന്നു ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു.

നാലമ്പല തീര്‍ത്ഥാടനം : അനധികൃത പാര്‍ക്കിങ് തുടരുന്നു

ഇരിങ്ങാലക്കുട : കര്‍ശനമായ നിയന്ത്രണം ഉണ്ടായിട്ടും കൂടല്‍മാണിക്യം ക്ഷേത്രത്തിനടുത്ത് വിശാലമായ കൊട്ടിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാതെ സമീപത്തെ വഴികളില്‍ ഇപ്പോഴും നാലമ്പല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് സമീപ വാസികള്‍ക്ക് ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്നു. പാട്ടമാളി റോഡ്, പി ഡബ്ലിയു ഡി റോഡ്, മഹാത്മാഗാന്ധി ലൈബ്രറി റോഡ്, റസ്റ്റ് ഹൗസ് എം ജി റോഡ് എന്നിവിടങ്ങളിലാണ് തീര്‍ത്ഥാടനക്കാലം ആരംഭിച്ച ആദ്യ ആഴ്ചകളില്‍ തന്നെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. പോലീസിന്റെ കര്‍ശന നിര്‍ദേശം ഉണ്ടായിട്ടും ഇത്തരം പാര്‍ക്കിങ്ങുകള്‍ തുടരുന്നുണ്ട്. ഈ വഴികളിലെ വീടുകളിലെ സ്ലാബുകളും മറ്റും വാഹനങ്ങള്‍ കയറി തീര്‍ത്ഥാടനക്കാലത്ത് കേടു വരുന്നത് നിത്യ സംഭവമാണ് അതുമാത്രമല്ല വീടിന്റെ ഗേറ്റിനു മുന്നില്‍ വലിയ ബസ്സുകള്‍ അടക്കം മണിക്കൂറുകള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം വീട്ടുകാര്‍ക്കും അവരുടെ വാഹനങ്ങള്‍ക്കും പുറത്തുകടക്കാനും അകത്തുവരാനും ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്നു . അനധികൃത പാര്‍ക്കിംഗ് തടയാന്‍ എല്ലാ റോഡുകളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നു പോലീസ് പറയുന്നു . നോ പാര്‍ക്കിംഗ് സൂചന ബോര്‍ഡുകള്‍ ഇവിടെ ഉടന്‍ സ്ഥാപിക്കാനും ഉദ്ദേശമുണ്ട്.

നാലമ്പല ദര്‍ശനത്തിനു കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആരംഭം

ഇരിങ്ങാലക്കുട : കര്‍ക്കിടക പുണ്യം തേടിയുള്ള ഭക്തജനങ്ങളുടെ യാത്രക്ക് ഇന്ന് മുതല്‍ ആരംഭം കുറിച്ചു . നാലമ്പലങ്ങളില്‍ ഭരത പ്രതിഷ്ഠയുള്ള ക്ഷേത്രമായ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വന്‍ സജീകരണങ്ങളാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത് . ഭക്തര്‍ക്ക്‌ മഴ നനയാതെ ദര്‍ശനം നടത്തുന്നതിനായി കിഴക്കേ നടയിലും പടിഞ്ഞാറും വടക്കേ നടയിലും പന്തലുകള്‍ ,വാഹനങ്ങള്‍ ആവശ്യമായ സൗകര്യങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അയ്യായിരം പേര്‍ക്ക് വരി നില്‍ക്കാവുന്ന കിഴക്കേ നടപ്പുരയോട് ചേര്‍ന്നുള്ള പന്തലിനു പുറമെ ഇത്തവണ ഊട്ടു പുരക്കും കൂത്തമ്പലത്തിനുമിടയില്‍ പതിനായിരം പേര്‍ക്ക് വരി നില്‍ക്കാനുള്ള കൂറ്റന്‍ പന്തല്‍ ഇത്തവണ ഒരുക്കുന്നത് പ്രത്യേകതയാണ് . റോഡില്‍ ക്യൂ നീണ്ടു ഗതാഗതസ്തംഭനം ഒഴിവാക്കനായിട്ടാണ് ക്ഷേത്രമതില്കെട്ടിനകത്തു ഭക്തജനങ്ങള്‍ക്ക്‌ നില്‍ക്കാനായി കൂറ്റന്‍ പന്തല്‍ ഒരുക്കിയിരിക്കുന്നത് എന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു. കിഴക്കേ നടയിലൂടെയാണ് പ്രവേശനം നല്‍കുക. കിഴക്കേ നടയിലൂടെ അകത്തേയ്ക്ക് കടന്ന് ദര്‍ശനം നടത്തിയ ശേഷം പടിഞ്ഞാറേ

നടയിലൂടെ പുറത്തേയ്ക്ക് ഇറങ്ങും. തുടര്‍ന്ന് കുലീപിനി തീര്‍ത്ഥക്കുളം വലം വച്ച ശേഷം കിഴക്കേ നടയിലെത്തും. കിഴക്കേ നടയിലാണ് പ്രസാദ വിതരണം നടക്കുക. ഭക്തജനങ്ങള്‍ക്ക് വഴിപാട് നടത്താന്‍ സൗകര്യത്തിന് നാല് കൗണ്ടറുകള്‍ ഒരുക്കും. കുട്ടംകുളം മുതല്‍ ക്ഷേത്രം വരെ പാര്‍ക്കിങ് നിരോധിച്ചിട്ടുണ്ട്. പകരം കൊട്ടിലാക്കല്‍ പറമ്പിലാണ് പാര്‍ക്കിങ്ങിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. കര്‍ക്കിടക പുണ്യം തേടി പ്രായഭേദമേന്യേ നിരവധി ഭക്തജനങ്ങളാണ് ഇന്ന് രാവിലെ 5 മണി മുതല്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്. നാലമ്പല ദര്‍ശനത്തിന്റെ ഭാഗമായി കെ എസ് ആര്‍ ടി സി യുടെ രണ്ടു ബസ്സുകള്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. നാലമ്പല തീര്‍ത്ഥാടകര്‍ക്കായി ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ നിന്ന് രണ്ട് സ്‌പെഷല്‍ ബസ്സുകളാണ്   നടത്തുക. രാവിലെ 6നും 6.30-നും കൂടല്‍മാണിക്യം ക്ഷേത്രത്തിനു മുന്നില്‍ നിന്നും സര്‍വീസ് ആരംഭിക്കും.  93 രൂപയാണ് ടിക്കറ്റ് നിരക്ക്. രാമായണമാസം കഴിയുന്നതുവരെ പ്രത്യേക സര്‍വീസ് ഉണ്ടായിരിക്കും.

 

നാലമ്പല ദര്‍ശനത്തിനുള്ള കെ.എസ്‌.ആര്‍.ടി.സി ബസ്സുകള്‍ സര്‍വ്വീസ് ആരംഭിച്ചു

ഇരിങ്ങാലക്കുട : നാലമ്പല തീര്‍ത്ഥാടകര്‍ക്കായുള്ള രണ്ടു സ്പെഷ്യല്‍ കെ.എസ്‌.ആര്‍ടി.സി ബസ്സുകളുടെ ഫ്‌ളാഗ് ഓഫ് പ്രൊഫ കെ യു അരുണന്‍ എം എല്‍ എ നിര്‍വഹിച്ചു . കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്ത് വച്ച് നടന്ന ചടങ്ങില്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍, ദേവസ്വം മാനേജിഗ് കമ്മിറ്റി അംഗങ്ങളായ വിനോദ് തറയില്‍ , രാമചന്ദ്രന്‍, കെ.എസ്‌.ആര്‍ടി.സി ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് പി എ ഷാജു , വെഹിക്കിള്‍ സൂപ്രവൈസര്‍ സലില്‍, ദേവസ്വം മാനേജര്‍ രാജി ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നാലമ്പല സ്പെഷ്യല്‍ ബസ്സുകളുടെ കണ്ടക്ടര്‍മാരായ ശ്രീജിത്ത് പി ആര്‍, കെ കെ സുബ്രമണ്യന്‍, ഡ്രൈവര്‍മാരായ പി സി സുകുമാരന്‍ ശിവദാസ് പി കെ എന്നിവരെ എം എല്‍ എ അഭിനന്ദിച്ചു . വര്‍ഷങ്ങളായി ഇവര്‍ തന്നെയാണ് ഈ സെര്‍വിസിന് പോകുന്നത്. യാത്രക്കാരില്‍നിന്നും വളരെനല്ല അഭിപ്രായമാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെക്കുറിച്ചു ലഭിച്ചതെന്നും എം എല്‍ എ പറഞ്ഞു. നാലമ്പല തീര്‍ത്ഥാടകര്‍ക്കായി ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ നിന്ന് രണ്ട് സ്‌പെഷല്‍ ബസ്സുകളാണ് സര്‍വീസ് നടത്തുക. രാവിലെ 6നും 6.30-നും കൂടല്‍മാണിക്യം ക്ഷേത്രത്തിനുമുന്നില്‍ രാവിലെ ആരംഭിക്കും. 93 രൂപയാണ് ടിക്കറ്റ് നിരക്ക്. രാമായണമാസം കഴിയുന്നതുവരെ പ്രത്യേക സര്‍വീസ് ഉണ്ടായിരിക്കും. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്ര പരിസരത്ത് നിന്ന് യാത്ര ആരംഭിച്ച് തൃപ്രയാര്‍, കൂടല്‍മാണിക്യം , മൂഴിക്കുളം , പായമ്മല്‍ എന്നിങ്ങനെ ദര്‍ശനം നടത്തി തിരിച്ച് കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്ത് ഒരു മണിയോടെ എത്തുന്ന രീതിയിലാണ് യാത്ര സജ്ജികരിച്ചിരിക്കുന്നത്.

കൂടല്‍മാണിക്യം ദേവസ്വം കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജൂലൈ 10 ന്

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ദേവസ്വം കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജൂലൈ 10 തിങ്കളാഴ്ച വിശേഷാല്‍ ചടങ്ങുകളോടെ ആഘോഷിക്കും എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു. ഇതിനോട് അനുബന്ധിച്ചു ഗണപതിഹോമം , അപ്പം , നിവേദ്യം, എന്നി വഴിപാടുകള്‍ ഭക്തജനങ്ങള്‍ക്ക് രസീത് ആക്കാവുന്നതാണ്.

കൂടല്‍മാണിക്യത്തില്‍ നാലമ്പല ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട : കര്‍ക്കിടക പുണ്യം തേടിയുള്ള നാലമ്പല ദര്‍ശനം തുടങ്ങാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കേ നാലമ്പലങ്ങളില്‍ ഭരത പ്രതിഷ്ഠയുള്ള ക്ഷേത്രമായ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ദര്‍ശനത്തിന് ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്കായി പ്രത്യേക സജ്ജീകരങ്ങള്‍ ആണ് ദേവസ്വം ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഭക്തര്‍ക്ക്‌ മഴ നനയാതെ ദര്‍ശനം നടത്തുന്നതിനായി കിഴക്കേ നടയിലും പടിഞ്ഞാറും വടക്കേ നടയിലും പന്തലുകള്‍ ,വാഹനങ്ങള്‍ ആവശ്യമായ സൗകര്യങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അയ്യായിരം പേര്‍ക്ക് വരി നില്‍ക്കാവുന്ന കിഴക്കേ നടപ്പുരയോട് ചേര്‍ന്നുള്ള പന്തലിനു പുറമെ ഇത്തവണ ഊട്ടു പുരക്കും കൂത്തമ്പലത്തിനുമിടയില്‍ പതിനായിരം പേര്‍ക്ക് വരി നില്‍ക്കാനുള്ള കൂറ്റന്‍ പന്തല്‍ ഇത്തവണ ഒരുക്കുന്നത് പ്രത്യേകതയാണ് . റോഡില്‍ ക്യൂ നീണ്ടു ഗതാഗതസ്തംഭനം ഒഴിവാക്കനായിട്ടാണ് ക്ഷേത്രമതില്കെട്ടിനകത്തു ഭക്തജനങ്ങള്‍ക്ക്‌ നില്‍ക്കാനായി കൂറ്റന്‍ പന്തല്‍ ഒരുക്കിയിരിക്കുന്നത് എന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു. കിഴക്കേ നടയിലൂടെയാണ് പ്രവേശനം നല്‍കുക. കിഴക്കേ നടയിലൂടെ അകത്തേയ്ക്ക് കടന്ന് ദര്‍ശനം നടത്തിയ ശേഷം പടിഞ്ഞാറേ നടയിലൂടെ പുറത്തേയ്ക്ക് ഇറങ്ങും. തുടര്‍ന്ന് കുലീപിനി തീര്‍ത്ഥക്കുളം വലം വച്ച ശേഷം കിഴക്കേ നടയിലെത്തും. കിഴക്കേ നടയിലാണ് പ്രസാദ വിതരണം നടക്കുക. ഭക്തജനങ്ങള്‍ക്ക് വഴിപാട് നടത്താന്‍ സൗകര്യത്തിന് നാല് കൗണ്ടറുകള്‍ ഒരുക്കും. കുട്ടംകുളം മുതല്‍ ക്ഷേത്രം വരെ പാര്‍ക്കിങ് നിരോധിച്ചിട്ടുണ്ട്. പകരം കൊട്ടിലാക്കല്‍ പറമ്പിലാണ് പാര്‍ക്കിങ്ങിന് സൗകര്യം ഒരുക്കിയിരിക്കുന്നത്.

അടച്ചുകെട്ടിയ കൂടല്‍മാണിക്യം തെക്കേനടവഴി പൊളിച്ചുമാറ്റുന്നത് ഹൈകോടതി തടഞ്ഞു

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തോട് ചേര്‍ന്നുള്ള തെക്കേ മതില്‍ ഇടവഴി ദേവസ്വം അടച്ചുകെട്ടിയത് പൊളിച്ചുനീക്കാന്‍ സബ്ബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉത്തരവിനു ഹൈകോടതിയുടെ സ്റ്റേ . ഒരു മാസത്തേക്ക് സ്റ്റാറ്റസ്കോ നിലനിര്‍ത്തനാണ് ഉത്തരവിലുള്ളതെന്നു ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു. ആവശ്യമായ രേഖകള്‍ സംഘടിപ്പിക്കാന്‍ സമയം അനുവദിക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യവിരുദ്ധരുടെ ശല്യവും വലിയ വാഹനങ്ങള്‍ കടന്നുപോയാല്‍ ക്ഷേത്ര മതില്‍ക്കെട്ടിന് കോട്ടം സംഭവിക്കുമെന്നും കാണിച്ച് ദേവസ്വം ഭരണസമിതിയാണ് റോഡിന്റെ ഇരുവശത്തും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കാത്ത രീതിയില്‍ കാലുകള്‍ സ്ഥാപിച്ച് തടഞ്ഞത്. എന്നാല്‍ ഇതിനെതിരെ ചില എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നു. ചരിത്രപ്രസിദ്ധമായ കുട്ടംകുളം സമരത്തിലൂടെ ജനങ്ങള്‍ നേടിയെടുത്ത സഞ്ചാരസ്വാതന്ത്ര്യമാണ് റോഡ് അടച്ചുകെട്ടിയതിലൂടെ ഇല്ലാതായതെന്നായിരുന്നു സമരക്കാരുടെ നിലപാട്. ഇതിനെ തുടര്‍ന്നാണ് പൊതുപ്രവര്‍ത്തകയായ നടവരമ്പ് കുന്നത്തുവീട്ടില്‍ കെ ആര്‍ തങ്കമ്മ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍, നഗരസഭ സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കി ആര്‍.ഡി.ഒയ്ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അടച്ചുകെട്ടിയ തെക്കേനടവഴി പൊളിച്ചുനിക്കാന്‍ നേരെത്തെ ഉത്തരവ് ഉണ്ടായത്. ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ എസ് സി, എസ് ടി കമ്മിഷന്‍ ചെയര്‍മാന്‍ എസ് സി/എസ്.ടി കമ്മിഷന്‍ ചെയര്‍മാന്‍ ക്ഷേത്ര പരിസരത്ത് തെളിവെടുപ്പിന് എത്തിയിരുന്നു.

ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നാലമ്പല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു

ഇരിങ്ങാലക്കുട : കര്‍ക്കിടകം ഒന്നു മുതല്‍ ആരംഭിക്കുന്ന രാമായണ മാസാചരണത്തിന്റെ ഭാഗമായുള്ള നാലമ്പല തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുവാന്‍ ചൊവാഴ്ച്ച ഇരിങ്ങാലക്കുടയില്‍ നാലമ്പല കോ -ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗം ചേര്‍ന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ , നാട്ടിക എം എല്‍ എ ഗീത ഗോപി എന്നിവരുടെ നേതൃത്വത്തില്‍ തൃപ്പയാര്‍ ശ്രീരാമക്ഷേത്രം , ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം ,തിരുമൂഴിക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന സ്വാമിക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. തീര്‍ത്ഥാടനക്കാലത്ത് ഭക്തജനങ്ങള്‍ക്കു വേണ്ടി സൗകര്യങ്ങള്‍ ഒരുക്കുവാന്‍ സര്‍ക്കാരില്‍ നിന്നും കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കാന്‍ എം എല്‍ എ മാരുടെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങള്‍ ദേവസ്വം മന്ത്രിയെ കണ്ടു സംസാരിക്കാന്‍ തീരുമാനിച്ചു .ഭക്തര്‍ക്ക് വേണ്ട എല്ലാ വിധ സൗകര്യങ്ങളും നല്‍കാന്‍ വേണ്ട സജീകരണങ്ങള്‍ ഒരുക്കുമെന്നും എം എല്‍ എ മാരായ കെ യു അരുണന്‍ , ഗീത ഗോപി എന്നിവര്‍ പറഞ്ഞു. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍ , ദേവസ്വം കമ്മിറ്റി മെമ്പര്‍മാരായ സി മുരാരി , വിനോദ് തറയില്‍ , തിരുമൂഴിക്കുളം ക്ഷേത്രം പ്രതിനിധി സി എന്‍ ശശിധരന്‍ , തൃപ്പയാര്‍ ക്ഷേത്ര സേമസമിതി പ്രസിഡന്റ് എം സ്വര്‍ണ്ണലത , പ്രതിനിധി വി ആര്‍ പ്രകാശന്‍ , ദേവസ്വം മാനേജര്‍ എം മനോജ് , പായമ്മല്‍ ക്ഷേത്ര പ്രതിനിധികളായ സുനില്‍കുമാര്‍ സി ആര്‍ , രാമചന്ദ്രന്‍ മാനേകാട്ടില്‍ , ഐ എസ് ഉണ്ണിമോന്‍ ,ഐ ആര്‍ അക്കിത്തം , കെ എസ് ഷാജി , ടി വി നാരായണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു .

കൂടല്‍മാണിക്യം കൂത്തമ്പലത്തില്‍ മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അരങ്ങുണര്‍ന്നു

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കൂത്തമ്പലത്തില്‍ മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കൂത്ത് അരങ്ങേറി. നവീകരണത്തിന് ശേഷം കൂടല്‍മാണിക്യം കൂത്തമ്പലത്തിലെ ആദ്യത്തേ കൂത്ത് നടത്തിയത് അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍ ആയിരുന്നു. എടാട്ട് വിജയന്‍ നമ്പ്യാര്‍ മിഴാവ് കൊട്ടി. അപര്‍ണ്ണ നങ്ങ്യാര്‍ നങ്ങാര്യമ്മയായും അരങ്ങത്ത് എത്തി. ദിഗ്പാലകരെയും ബ്രാഹ്മണരെയും വന്ദിക്കുന്ന കൂത്ത് പുറപ്പാടാണ് അരങ്ങേറിയത്. കേരളീയ വാസ്തുവിദ്യയുടെ പ്രത്യക്ഷ ഉദാഹരണമായ കൂത്തമ്പലമാണ് കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഉള്ളത്. വലിയ ഉരുളന്‍ തൂണുകള്‍ ഇവിടത്തേ പ്രത്യേകതയാണ്. കൂടല്‍മാണിക്യം ക്ഷേത്രം ശ്രീകോവിലിന്റെ അതേ പവിത്രതയാണ് കൂത്തമ്പലത്തിനുമുള്ളത്. ക്ഷേത്രത്തിന് തെക്ക് കിഴക്ക് ഭാഗത്തായി വടക്കോട്ടു ദര്‍ശനം തരുന്ന രീതിയിലാണ് കൂത്തമ്പലം സ്ഥിതിചെയ്യുന്നത്. പാരമ്പര്യ കലകളായ ചാക്യാര്‍ക്കൂത്ത്, കഥകളി, നങ്ങ്യാര്‍ക്കൂത്ത് തുടങ്ങിയവ അവതരിപ്പിക്കാനുള്ള പ്രദര്‍ശന വേദിയാണിത്. 2012ല്‍ സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിന വാര്‍ഷികത്തിന്റെ ഭാഗമായി കേന്ദ്ര സാംസ്‌ക്കാരിക വകുപ്പ് അനുവദിച്ച മൂന്ന് കോടിയോളം രൂപ ചിലവഴിച്ചാണ് കൂത്തമ്പലം നവീകരിച്ചത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തിലായിരുന്നു നവീകരണം. നവീകരണത്തിന് ശേഷമുള്ള ആദ്യകൂത്തിന് മുമ്പായി ദിഗ്പാലക പൂജ, കലശം തുടങ്ങി വിശേഷാല്‍ പൂജകള്‍ നടന്നു. നെടുമ്പുള്ളി പരമേശ്വരന്‍ നമ്പൂതിരി, സതീശന്‍ നമ്പൂതിരി, അണിമംഗലം സുബ്രമുണ്യന്‍ നമ്പൂതിരി, ചെമ്പാപ്പിള്ളി നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി പുത്തിലത്ത് ഹരി നമ്പൂതിരി എന്നിവര്‍ പൂജാകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കൂടല്‍മാണിക്യം ക്ഷേത്രപരിസരം പകര്‍ച്ചവ്യാധി ഭീഷണിയില്‍

ഇരിങ്ങാലക്കുട : ഒന്നരമാസം മുന്‍പ് കഴിഞ്ഞ ഉത്സവത്തിന്റെ അവശിഷ്ടമായി ടണ്‍കണക്കിന് ആനപ്പിണ്ടം ക്ഷേത്രപറമ്പില്‍ പല സ്ഥലങ്ങളിലായി കെട്ടിക്കിടക്കുന്നു. തൊട്ടടുത്ത് തന്നെ നഗരസഭ ടാര്‍ ചെയ്ത് നിര്‍മ്മിച്ച റോഡ് വെട്ടിപ്പൊളിച്ചു നിയമവിരുദ്ധമായി ഉണ്ടാക്കിയ സെപ്റ്റിക് ടാങ്ക് പൊട്ടി ഒലിക്കുന്നു. ക്ഷേത്രപറമ്പിലെ ഏക്കര്‍കണക്കിന് പറമ്പിലും വെള്ളത്തിലുമായി വിസര്‍ജ്ജന മാലിന്യം ഒഴുകി നടക്കുന്നു .ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലാണ് ഈ സംഭവം .മെയ് 6 മുതല്‍ 15 വരെ 17 ആനകളെ വച്ച് ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തിന്റെ ആനപ്പിണ്ടങ്ങളാണ് ക്ഷേത്രമതില്‍കെട്ടിനു പുറത്ത് ക്ഷേത്രവളപ്പില്‍ പലയിടത്തായി കുന്നു കൂട്ടിയിട്ടിരിക്കുന്നത്. തൊട്ടടുത്താണ് പൊട്ടി ഒലിക്കുന്ന സെപ്റ്റിക് ടാങ്ക്. ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ 18 – ാം തീയ്യതി ഞായറാഴ്ച ക്ഷേത്രം സ്ഥിതിചെയ്യുന്ന രണ്ടു വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ , സെക്രട്ടറി , ഇരിങ്ങാലക്കുട പോലീസ് എന്നിവരെ കൂടാതെ ദേവസ്വം കമ്മിറ്റി ചെയര്‍മാനും പങ്കെടുത്തിരുന്നു . അന്ന് ഈ മാലിന്യങ്ങള്‍ നീക്കാന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദേവസ്വം കമ്മിറ്റി ചെയര്‍മാനോട് ആവശ്യപെട്ടിരുന്നതാണ് . എന്നാല്‍ ഒരാഴ്ച  കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല . കനത്ത മഴയില്‍ ആനപ്പിണ്ടവും സെപ്റ്റിക് ടാങ്കും മാലിന്യങ്ങളും വലിയ മാലിന്യ പ്രശ്നങ്ങളാണ് ആ പ്രദേശത്ത് സൃഷ്ടിച്ചിരിക്കുന്നത്. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന കൂടല്‍മാണിക്യം ക്ഷേത്രം തെക്കേ നടയില്‍ പൊതു സ്ഥലത്ത് പരസ്യമായി മാലിന്യം കുന്നുകൂട്ടിയിട്ട കൂടല്‍മാണിക്യം ദേവസ്വം ഭരണാധികാരികള്‍ക്കെതിരെ മാലിന്യ നിരോധന നിയമം അനുസരിച്ചു ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ബി ജെ പി കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്‍, അമ്പിളി ജയന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

 

നവീകരണം പൂര്‍ത്തിയാക്കിയ കൂടല്‍മാണിക്യം കൂത്തമ്പലത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തുടക്കമായി

ഇരിങ്ങാലക്കുട : നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച നിര്‍മ്മാണ തൊഴിലാളികളേയും ആര്‍ക്കോളജി ഉദ്യോഗസ്ഥരേയും ആദരിച്ചു. ക്ഷേത്രം കിഴക്കെ നടപ്പുരയില്‍ നടന്ന സമാദരണ ചടങ്ങില്‍ ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍ ദേവസ്വത്തിന്റെ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ദേവസ്വം അംഗങ്ങളായ വിനോദ് തറയില്‍, രാമചന്ദ്രന്‍, അശോകന്‍ ഐത്താടന്‍, ദേവസ്വം ജീവനക്കാര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ വിവിധ പൂജകള്‍, അധിവാസ ഹോമം, ദ്രവ്യകലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, പരികലശാഭിഷേകം, ഉച്ചപൂജ, വൈകീട്ട് കൂത്തമ്പലത്തില്‍ പരിഗ്രഹണം, തുടര്‍ന്ന് മുളയിടല്‍, മുളപൂജ എന്നിവ നടന്നു. ബുധനാഴ്ച വൈകീട്ട് നൂലുമാല ചുറ്റി സംരക്ഷിക്കല്‍ നടക്കും.

കൂടല്‍മാണിക്യം കൂത്തമ്പല നവീകരണം പൂര്‍ത്തിയായി – പ്രതിഷ്ഠാചടങ്ങുകള്‍ ജൂണ്‍ 25 ന്

 ഇരിങ്ങാലക്കുട : നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ആകൃതി കൊണ്ടും വലുപ്പം കൊണ്ടും ഏഷ്യയിലെ ഏറ്റവും വലിയ കൂത്തമ്പലമായ ഇരിങ്ങാലക്കുട ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഈ കൂത്തമ്പല പ്രതിഷ്ഠാ ചടങ്ങ് 2017 ജൂണ്‍ മാസം 25 – ാം തീയതി ഞായറാഴ്ച്ച നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതായി പത്രസമ്മേളനത്തില്‍ കൂടല്‍മാണിക്യം ദേവസ്വം അറിയിച്ചു. പ്രതിഷ്ഠാ ചടങ്ങുകള്‍ ആറു ദിവസങ്ങളായിട്ടാണ് നടത്തുന്നത്. ദേവപ്രതിഷ്ഠയോളം പ്രാധാന്യമുള്ളതാണ് കൂത്തമ്പല പ്രതിഷ്ഠയും. കേരളത്തില്‍ 25ല്‍ അധികം കൂത്തമ്പലങ്ങളുണ്ടെങ്കിലും ഇത്തരത്തില്‍ വിശദമായ ഒരു പ്രതിഷ്ഠാകര്‍മം നടന്നിട്ട് ഉദ്ദേശം 300 ല്‍ അധികം വര്‍ഷമായി എന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ കൂത്തമ്പലത്തിനു കേടുപാടുകള്‍ സംഭവിച്ച് ജീര്‍ണാവസ്ഥയില്‍ ആയപ്പോള്‍ 2012 ല്‍ കേന്ദ്ര സര്‍ക്കാരിന്റെ താല്പര്യ പ്രകാരം സ്വാമി വിവേകാനന്ദന്റെ 150 – ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇതുനുള്ള ഫണ്ട് അനുവദിച്ചത് . നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതും ലോകത്തിലെ തന്നെ അനശ്വര പൈതൃകമെന്നു യുനെസ്കോ അംഗീകരിച്ചതും ഭാരതത്തിന്റെ തനതു കലാരൂപവുമായ കൂത്ത്, കൂടിയാട്ടം എന്നിവ സംരക്ഷിച്ചു പോരുന്നത് കേരളത്തിലെ ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളാണ്. ദേവപൂജകളിലെ നൃത്തത്തിന്റെ പ്രത്യക്ഷ രൂപമാണ് കൂത്ത്. ദേവദര്‍ശനം പോലെ പ്രാധാന്യവും ഫലസിദ്ധിയും ഉള്ളതാണ് അനുഷ്ഠാനപ്രധാനമായ കൂത്തിന്റെ ദര്‍ശനവും. തെക്ക് കന്യാകുമാരി മുതല്‍ വടക്ക് മഞ്ചേശ്വരം വരെ നീണ്ടു കിടക്കുന്ന കേരളത്തില്‍ നിരവധി കൂത്തമ്പലങ്ങളുണ്ട്. മഹാക്ഷേത്രങ്ങളിലെ പ്രശസ്തിയും ലക്ഷണസമ്പൂര്‍ണതയും തികഞ്ഞ ഒരു കൂത്തമ്പലമാണ്  കൂടല്‍മാണിക്യത്തിലേതു . ശ്രീകോവിലും ക്ഷേത്രവും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഇവിടെയുള്ളത്. അശുദ്ധി വിഷയത്തില്‍ പോലും വളരെ ബന്ധമുണ്ട്. ശ്രീ സംഗമേശ്വര സ്വാമിക്ക് ദ്രവ്യകലശത്തോടെയാണ് ക്രിയകള്‍ ആരംഭിക്കുന്നത്. കൂത്തമ്പലത്തിലെ ശുദ്ധിക്രിയകള്‍, ബീജാരോപണം, കലശപൂജകള്‍, തത്വഹോമം, നാന്ദീമുഖം, പുണ്യാഹം തുടങ്ങി അനേകം ചടങ്ങുകള്‍ ഇവിടെ നടക്കുന്നുണ്ട് എന്ന് ദേവസ്വം തന്ത്രി പ്രതിനിധി തന്ത്രി എ എസ് ശ്രീവല്ലഭന്‍ നമ്പൂതിരി പറഞ്ഞു.


ക്ഷേത്രം തന്ത്രിമാര്‍, പരികര്‍മ്മിമാര്‍, അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍, രജനീഷ് ചാക്യാര്‍, നാരായണന്‍ നമ്പ്യാര്‍, വില്ലിവട്ടത്ത് രാമനാഥന്‍ നമ്പ്യാര്‍, ക്ഷേത്ര പാരമ്പര്യ-പാരമ്പര്യേതര ജീവനക്കാര്‍ തുടങ്ങിയവരും ഈ ക്രിയാ പദ്ധതികളില്‍ പങ്കെടുക്കുന്നു. ജൂണ്‍ 19 മുതല്‍ 25 വരെയാണ് സമര്‍പ്പണചടങ്ങുകള്‍ നടത്തുന്നത്. ജന്മാന്തര പുണ്യങ്ങളുടെ ഫലമായി ഇരിങ്ങാലക്കുട ദേശത്തിനു ഈ സത്കര്‍മം ദര്‍ശനപുണ്യമായി വന്നിരിക്കുന്നു. സര്‍വ്വപാപനിവാരണത്തിനു കൂത്തിന്റെ ദര്‍ശനം സാധ്യമാകുന്നത് പോലെ കൂത്തമ്പലത്തിന്റെ പ്രതിഷ്ഠ ദര്‍ശിക്കുന്നതും സര്‍വ്വദോഷപരിഹാരമാണ്. ഒരു മനുഷ്യആയുസ്സിലെ സര്‍വ്വ ദോഷങ്ങളെയും തീര്‍ത്ത് ഐശ്വര്യാദി സര്‍വ്വഗുണങ്ങളെയും പ്രദാനം ചെയ്യുമെന്ന് ഐതിഹ്യങ്ങള്‍ സൂചിപ്പിക്കുന്നു. വിശേഷിച്ച് കൂടല്‍മാണിക്യം കൂത്തമ്പലത്തിലെ അംഗുലിയാങ്കം കൂത്ത് സന്താനലബ്ദി, മംഗല്യസിദ്ധി എന്നിവയ്ക്ക് ഉത്തമമാണെന്ന് അനുഭവസ്ഥര്‍ തന്നെ പറയുകയും ഇപ്പോഴും വഴിപാടുകള്‍ നടത്തി വരുകായും ചെയ്യുന്നു. ആയതിനാല്‍ ഈ കൂത്തമ്പല പ്രതിഷ്ഠാചടങ്ങുകള്‍ ദര്‍ശിച്ച് യഥാശക്തി വഴിപാടുകള്‍ ചെയ്‌താല്‍ എല്ലാവിധ ശ്രേയസ്സുകള്‍ക്കും പാത്രീഭൂതരാകാവുന്നതാണ് എന്ന് പത്രസമ്മേളനത്തില്‍ മാനേജിങ് കമ്മിറ്റി അംഗങ്ങളായ വി പി രാമചന്ദ്രന്‍ , സി മുരാരി , വിനോദ് തറയില്‍ അഡ്മിനിസ്ട്രേറ്റര്‍ എ എം സുമ എന്നിവര്‍ പറഞ്ഞു.

എക്സിബിഷന്‍ : കൂടല്‍മാണിക്യം ദേവസ്വത്തിനെതിരെ ഇന്‍ജംഗ്ഷന്‍ ഉത്തരവ്

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചു നടത്തി വന്നിരുന്ന അമ്യൂസ്‌മെന്‍റ് പാര്‍ക്ക് നടത്തിപ്പുകാരുടെ സാധന സാമഗ്രികള്‍ തടഞ്ഞു വച്ച ദേവസ്വം അധികാരികള്‍ക്ക് എതിരെ ഉടമ നല്‍കിയ കേസില്‍ ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ മുന്‍സിഫ് ജയപ്രഭു സാധന സാമഗ്രികള്‍കൊണ്ട് പോകുന്നത് ദേവസ്വം അധികാരികള്‍ തടയരുത് എന്ന ഇന്‍ജംഗ്ഷന്‍ ഉത്തരവ് മൂലം വിലക്കി. ഹര്‍ജിക്കാരന് വേണ്ടി അഡ്വക്കേറ്റുമാരായ ബിജു എ എ , ബിജു കാനാട്ട് എന്നിവര്‍ ഹാജരായി .  ഇന്‍ജംഗ്ഷന്‍ ഓര്‍ഡര്‍ കോടതി ആമീന്‍ ദേവസ്വം ഓഫീസില്‍ എത്തിച്ചു. എന്നാല്‍ അമ്യൂസ്മെന്റ് പാര്‍ക്ക് നടത്തുന്ന സ്ഥാപനവുമായി ദേവസ്വത്തിന് യാതൊരു ബന്ധവും ഇല്ലെന്നും ഇവരുടേതെന്നു പറയുന്ന ജെയ്ന്റ് വീല്‍ , മരണക്കിണര്‍ , കോളം ബസ് തുടങ്ങിയ മറ്റു സാധനങ്ങളും ഇവര്‍ കൊണ്ടുപോകണമെങ്കില്‍  എക്സിബിഷന്‍ കരാര്‍ എടുത്ത കോണ്‍ട്രാക്ടര്‍ വന്നു സാധനങ്ങള്‍ ഇവരുടേത് തന്നെ ആണെന്ന് സ്ഥിതീകരിക്കണമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞു. ഇവരോടൊപ്പം മറ്റു നാല് സ്ഥാപനങ്ങളുടെ സാധന സാമഗ്രികള്‍ കൂടി എക്സിബിഷന്‍ ഗ്രൗണ്ടില്‍ ഉണ്ടെന്നും അതിനാല്‍ ഇവരുമായി നേരിട്ട് ബന്ധമുള്ള ലേലമെടുത്ത കോണ്‍ട്രാക്ടര്‍ വരണമെന്നുമാണ് ദേവസ്വം പറയുന്നത് . അമ്യൂസ്മെന്റ് പാര്‍ക്കിന്റെ സാധനങ്ങള്‍ ഇവിടെ നിന്നും മാറ്റിയാല്‍ കൊണ്ട് വയ്‌ക്കേണ്ട ഗ്രൗണ്ട് കണ്ടുപിടിക്കാന്‍ ഇത് വരെ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല . അതിനാല്‍ അടുത്ത ദിവസം മാത്രമേ കൊണ്ടുപോകാന്‍ സാധ്യത ഉള്ളു എന്നും അറിയിരുന്നു . ലേലം എടുത്ത കോണ്‍ട്രാക്ടറില്‍ നിന്നും ദേവസ്വത്തിന് കിട്ടാനുള്ള പൈസ കിട്ടാത്തതുമൂലമാണ് ഇവരെ തടഞ്ഞു വച്ചിരിക്കുന്നത് എന്നും അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞു.  കൂടല്‍മാണിക്യം ഉത്സവത്തിനോടനുബന്ധിച്ചു നടന്ന എക്സിബിഷന്‍ ഗ്രൗണ്ട് ലേലത്തിനെടുത്ത കരാറുകാരന്‍ ഒരു ലക്ഷത്തോളം രൂപ ദേവസ്വത്തിന് ബാക്കി നല്‍കാത്തതിനാല്‍ എക്‌സിബിഷനില്‍ പങ്കെടുക്കാനെത്തിയ സര്‍ക്കസുകാരെ ഗ്രൗണ്ടില്‍ നിന്നും പോകാന്‍ അനുവദിക്കാതെ ദേവസ്വം രണ്ടാഴ്ചയില്‍ അധികമായി തടങ്കലില്‍ വച്ചിരിക്കുകയായിരുന്നു . സര്‍ക്കസും അമ്യൂസ്മെന്റ് പാര്‍ക്കും നടത്താന്‍ മെയ് 6 ന് എത്തിയ ഈ സംഘം മെയ് 16 ന് ഉത്സവം കഴിഞ്ഞിട്ടും ദേവസ്വം എക്സിബിഷന്‍ നടന്ന കൊട്ടിലായ്ക്കല്‍ പറമ്പിന്റെ ഗേറ്റുകള്‍ അടച്ചതിനാല്‍ സര്‍ക്കസ് സാധന സാമഗ്രികള്‍ കൊണ്ടു പോകാനാവാതെ ഇരുപതിലധികം ജീവനക്കാരുമായി യാതന അനുഭവിക്കുകയാണ്. മഴ ആരംഭിച്ചതോടെ ഇവരുടെ യന്ത്ര ഊഞ്ഞാലും മോട്ടറും ഉള്‍പ്പെടെയുള്ള സാധനസാമഗ്രികളും മഴ നനഞ്ഞു കേടാവുന്ന അവസ്ഥയിലാണ് .
related news: എക്സിബിഷന്‍ കരാറുകാരന്‍ പൈസ നല്‍കിയില്ല : പകരം സര്‍ക്കസ്സുകാര്‍ രണ്ടാഴ്ചയായി ദേവസ്വം തടങ്കലില്‍

എക്സിബിഷന്‍ കരാറുകാരന്‍ പൈസ നല്‍കിയില്ല : പകരം സര്‍ക്കസ്സുകാര്‍ രണ്ടാഴ്ചയായി ദേവസ്വം തടങ്കലില്‍

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഉത്സവത്തിനോടനുബന്ധിച്ചു നടന്ന എക്സിബിഷന്‍ ഗ്രൗണ്ട് ലേലത്തിനെടുത്ത കരാറുകാരന്‍ ഒരു ലക്ഷത്തോളം രൂപ ദേവസ്വത്തിന് ബാക്കി നല്‍കാത്തതിനാല്‍ എക്‌സിബിഷനില്‍ പങ്കെടുക്കാനെത്തിയ സര്‍ക്കസുകാരെ ഗ്രൗണ്ടില്‍ നിന്നും പോകാന്‍ അനുവദിക്കാതെ ദേവസ്വം രണ്ടാഴ്ചയില്‍ അധികമായി തടങ്കലില്‍ വച്ചിരിക്കുന്നു. സര്‍ക്കസും അമ്യൂസ്മെന്റ് പാര്‍ക്കും നടത്താന്‍ മെയ് 6 ന് എത്തിയ ഈ സംഘം മെയ് 16 ന് ഉത്സവം കഴിഞ്ഞിട്ടും ദേവസ്വം എക്സിബിഷന്‍ നടന്ന കൊട്ടിലായ്ക്കല്‍ പറമ്പിന്റെ ഗേറ്റുകള്‍ അടച്ചതിനാല്‍ സര്‍ക്കസ് സാധന സാമഗ്രികള്‍ കൊണ്ടു പോകാനാവാതെ ഇരുപതിലധികം ജീവനക്കാരുമായി യാതന അനുഭവിക്കുകയാണ്.  മഴ ആരംഭിച്ചതോടെ ഇവരുടെ യന്ത്ര ഊഞ്ഞാലും മോട്ടറും ഉള്‍പ്പെടെയുള്ള സാധനസാമഗ്രികളും മഴ നനഞ്ഞു കേടാവുന്ന അവസ്ഥയിലാണ് . കൊടുങ്ങലൂര്‍ സ്വദേശിയായ മൊയ്തീന്‍ എന്ന കോണ്‍ട്രാക്ടര്‍ ആണ് ദേവസ്വം കൊട്ടിലയ്ക്കല്‍ പറമ്പ് എക്സിബിഷനായി ലേലത്തില്‍ എടുത്തത് . എന്നാല്‍ 16 – ാം തീയതി ഉത്സവം കഴിഞ്ഞതിനു ശേഷവും ഒരു ലക്ഷത്തോളം രൂപ ദേവസ്വത്തിന് ബാക്കി നല്‍കാന്‍ ഉണ്ടായിരുന്നു . അപ്പോഴേക്കും എക്സിബിഷന് പങ്കെടുത്ത പല സ്ഥാപനങ്ങളും കൊട്ടിലായ്ക്കല്‍ വിട്ടു പോയിരുന്നു . കൂടുതല്‍ സാധനസാമഗ്രികള്‍ ഉള്ളതിനാല്‍ പ്രധാന വേദിയിലെ ഇരുമ്പ് ഷെഡ് നിര്‍മ്മിച്ചവരും ജനറേറ്ററുകാരനും മാത്രമേ അവശേഷിച്ചിരുന്നുള്ളു . ഇവരുമായി ദേവസ്വത്തിന് നേരിട്ട് കരാറുകളോ മറ്റു ബന്ധങ്ങളോ ഇല്ലെങ്കിലും ഇവര്‍ പ്രധാന കരാറുകാരനുമായി ബന്ധം ഉള്ളതിനാല്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ എക്സിബിഷന്‍ ഗ്രൗണ്ടിന്റെ ഗേറ്റ് അടച്ചിടുകയായിരുന്നു . തങ്ങളുടേതല്ലാത്ത കാരണത്താല്‍ തടങ്കല്‍ അവസ്ഥയിലായ സര്‍ക്കസ്സുകാര്‍ ഇപ്പോള്‍ ദാരിദ്ര്യത്തിലാണ് . അടുത്ത പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ഇവരുടെ സാധനസാമഗ്രികള്‍ കൊണ്ടുപോകാനാവാതെ ഇവര്‍ ബുദ്ധിമുട്ടുകയാണ് . അതാതു ദിവസത്തെ അന്നത്തിനു വേണ്ടി സര്‍ക്കസിലെ ആംപ്ലിഫയര്‍ അടക്കമുള്ള വസ്തുക്കള്‍ വിറ്റു കിട്ടുന്ന പൈസ കൊണ്ടാണ് രണ്ടാഴ്ചയായി ഇവര്‍ ഇപ്പോള്‍കഴിഞ്ഞുപോകുന്നത് . ഈ അവസ്ഥ നേരില്‍ കണ്ടു മനസിലാക്കിയ ചില നാട്ടുകാര്‍ ഇവര്‍ക്ക് വേണ്ട പച്ചക്കറിയും മറ്റു ഭക്ഷ്യവസ്തുക്കളും നല്‍കി സഹായിക്കുന്നുണ്ടെങ്കിലും ഈ പ്രശ്നത്തിന് ഇത് വരെ ഒരു ശ്വാശ്വത പരിഹാരം ആയിട്ടില്ല . ദേവസ്വത്തിന് അടയ്‌ക്കേണ്ട പൈസ കരാറുകാരന് നല്‍കിയാല്‍ ഇവരെ പോകാന്‍ അനുവദിക്കുമെന്നും അഡ്മിനിസ്ട്രേറ്റര്‍ പറയുന്നുണ്ട് . ഈ വര്‍ഷത്തെ എക്സിബിഷന്‍ നഷ്ടത്തില്‍ ആയതുകൊണ്ടാണ് ഈ അവസ്ഥ വന്നത് എന്നും സര്‍ക്കസ്സുകാര്‍ കരാറുകാരന് മൂന്നു ലക്ഷത്തോളം രൂപ കൊടുക്കുവാനുണ്ടെന്നും അറിയുന്നു . ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടില്‍ നട്ടം തിരിയുന്നത് ഇവിടെ പെട്ടുപോയ ഇരുപതോളം സര്‍ക്കസ്സ് ജീവനക്കാരാണ് .

related news: എക്സിബിഷന്‍ : കൂടല്‍മാണിക്യം ദേവസ്വത്തിനെതിരെ ഇന്‍ജംഗ്ഷന്‍ ഉത്തരവ്

കൂടല്‍മാണിക്യം അലങ്കാരഗോപുര നിര്‍മ്മാണത്തിന്റെ ഭൂമിപൂജ നടന്നു

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ അലങ്കാരഗോപുരം ഇരിങ്ങാലക്കുട ബസ്സ്റ്റാന്‍ഡ് നടയില്‍ പണി ആരംഭിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച്ച വൈകീട്ട് നെടുമ്പുള്ളി സജി തിരുമേനിയുടെ കാര്‍മികത്വത്തില്‍ അലങ്കാരഗോപുരം പണിയുന്ന സ്ഥലത്ത് ഭൂമിപൂജ നടന്നു. പരികര്‍മി കണ്ണന്‍ സ്വാമി, കൂടല്‍മാണിക്യം ദേവസ്വം മാനേജിങ് കമ്മിറ്റി മെമ്പര്‍ വിനോദ് തറയില്‍, വി പി രാമചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു . 12 മീറ്റര്‍ ഉയരവും 16 മീറ്റര്‍ വീതിയിലുമാണ് ഗോപുരം നിര്‍മാണം. 3 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും.
related news : നീണ്ട കാത്തിരിപ്പിനു ശേഷം കൂടല്‍മാണിക്യം അലങ്കാര ഗോപുരം നിര്‍മാണം ആരംഭിച്ചു

Top
Menu Title