News

Category: Exclusive

ഇരിങ്ങാലക്കുടയില്‍ രണ്ടുദിവസമായി പെയ്തത് 78.3 മില്ലി മീറ്റര്‍ മഴ

ഇരിങ്ങാലക്കുട : കഴിഞ്ഞ രണ്ടുദിവസമായി ഇരിങ്ങാലക്കുടയില്‍ പെയ്തത് 78.3 മില്ലി മീറ്റര്‍ മഴ. ശനിയാഴ്ച 47.5 മില്ലി മീറ്റര്‍, ഞായറാഴ്ച 30.8 മില്ലി മീറ്റര്‍ എന്ന തോതിലാണ് മഴ ലഭിച്ചത്. മുകുന്ദപുരം തഹസില്‍ദാരുടെ ഓഫീസിന്‍കീഴില്‍ അര നൂറ്റാണ്ടിലധികമായി പഴയ താലൂക്ക് ഓഫീസ് നിലനിന്നിരുന്ന ആല്‍ത്തറക്കു സമീപത്തെ കൂടല്‍മാണിക്യം ദേവസ്വം കച്ചേരി വളപ്പില്‍ പ്രവര്‍ത്തിപ്പിക്കുന്ന വര്‍ഷമാപിനി സംവിധാനം വഴിയാണ് മഴയുടെ കണക്കുകള്‍ ശേഖരിക്കുന്നത്. മഴനേരിട്ട് മഴമാപിനി സംഭരണിയില്‍ ശേഖരിക്കുകയും സംഭരണിയില്‍ സ്ഥാപിച്ചിരിക്കുന്ന അളവുപകരണം പരിശോധിച്ച് മഴയുടെ തോത് ജില്ലാഭരണകൂടത്തിന് കൈമാറുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ശനിയാഴ്ചയെ അപേക്ഷിച്ചു ഞായറാഴ്ചയാണ് മഴ കൂടുതലായി അനുഭവപ്പെട്ടത് . എന്നിട്ടും മഴമാപിനി സംഭരണിയില്‍ അളവ് കുറഞ്ഞാണ് രേഖപ്പെടുത്തിയത്. കച്ചേരിവളപ്പില്‍ നിലവില്‍ വര്‍ഷമാപിനി പ്രവര്‍ത്തിപ്പിക്കുന്ന പ്രദേശത്തെ വൃക്ഷങ്ങള്‍ മഴ നേരിട്ട് മാപിനിയില്‍ പതിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നതിനാല്‍ ശേഖരിക്കപ്പെടുന്ന മഴയുടെ അളവില്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഡെപ്യൂട്ടി ഒബ്‌സര്‍വര്‍ അഭിപ്രായപ്പെടുന്നു. കുറഞ്ഞതോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മഴയുടെ അളവ് പലപ്പോഴും കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ഭരണകൂടത്തിന്റെ അടിയന്തിരശ്രദ്ധ കിട്ടുന്നതിനും തടസ്സമുണ്ടാക്കുമെന്ന ആശങ്കയുണ്ട്. കൂടുതല്‍ സ്ഥല സൗകര്യമുള്ള താലൂക്ക് ആസ്ഥാനം കൂടിയായ സിവില്‍ സ്റ്റേഷനിലേക്ക് വര്‍ഷമാപിനി മാറ്റി സ്ഥാപിച്ചാല്‍ കൃത്യമായ മഴയുടെ അളവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അതുവഴി താലൂക്കിലെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ആസൂത്രണവും വേഗതയും കൈവരുത്താം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ടെന്നും, മഴമാപിനി സ്ഥാപിക്കുന്നതിനുള്ള സ്ഥലവും കാര്യങ്ങളുമേര്‍പ്പെടുത്തി വിവരങ്ങള്‍ ജില്ലാകളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അറിയുന്നു.

related news : മഴയുടെ അളവറിയിച്ചു ഇരിങ്ങാലക്കുടയുടെ സ്വന്തം മഴമാപിനി

രംഗാവതരണവുമായി ശ്രീലക്ഷ്മി ഗോവര്‍ദ്ധനന്‍ കൊളംബിയയില്‍

ഇരിങ്ങാലക്കുട : ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് എഴുപത് ആണ്ട് പിന്നിട്ടതിന്റെ ഭാഗമായി നടക്കുന്ന കലാസാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ഇരിങ്ങാലക്കുട സ്വദേശിയായ പ്രശസ്ത നര്‍ത്തകി ശ്രീലക്ഷ്മി ഗോവര്‍ദ്ധനന്‍ കൊളംബിയയില്‍ ഒരു ആഴ്ചക്കാലമായി പര്യടനം നടത്തുന്നു. ഇന്ത്യന്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴില്‍ കൊളംമ്പിയായിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്ത്വം വഹിക്കുന്ന ഈ സാംസ്‌കാരിക പരിപാടിയുടെ മുഖ്യസംയോജകര്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റേയ്‌സ് ഓഫ് വിസ്‌ഡം ആണ്. ഇന്ത്യന്‍ ശാസ്ത്രീയ കലകളായ ഭരതനാട്യം, കുച്ചിപ്പുടി, മണിപ്പൂരി, കഥകളി, കഥക്ക്, ഒഡീസി എന്നി കലാരൂപങ്ങള്‍ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന കലാകാരന്‍മാര്‍ ആണ് അവതരിപ്പിക്കുന്നത്. പ്രശസ്ത ഒഡീസി നര്‍ത്തകി റീലാ ഹോത്തയുടെ നേതൃത്വത്തില്‍ എട്ടോളം ആര്‍ട്ടിസ്റ്റുകള്‍ ആണ് പര്യടനത്തില്‍ പങ്കെടുക്കുന്നത്. ഭരതനാട്യത്തില്‍ ശരണ്യ ചന്ദ്രന്‍, ഒഡീസിയില്‍ സുദര്‍ശന്‍ സാഹു, കഥകില്‍ സ്വാതി സിന്‍ഹ, കഥകളിയില്‍ രാജേഷ് രാമന്‍കുട്ടി, മണിപ്പൂരിയില്‍ നര്‍മദ, പ്രദീപ്സിംഗ് എന്നിവരാണ് അവതരിപ്പിക്കുന്നത് ഈ കലാകാരമാരുടെ കൂടെയാണ് ശ്രീലക്ഷ്മി ഗോവര്‍ദ്ധനന് കൂച്ചുപ്പൂടിയില്‍ പരിപാടി അവതരിപ്പിക്കാന്‍ അവസരം കിട്ടിയത്.

ആഗസ്ത് 14 ,15 തീയ്യതികളില്‍ കൊളംബിയയിലെ ബഗോട്ടയില്‍ വര്‍ക്ക്ഷോപ്പും തുടര്‍ന്ന് രംഗാവതരണവും നടന്നു. 16 ,17 തീയ്യതികളില്‍ മെഡലിനില്‍ രംഗാവതരണവും വര്‍ക്ക്ഷോപ്പും തുടര്‍ന്ന് 19ന് കാലിയില്‍ രംഗാവതരണവും നടന്നു. ഇന്ത്യയിലെ തന്നെ പ്രശസ്ത വേദികളില്‍ രംഗാവതരണം നടത്തിയിട്ടുള്ള ശ്രീലക്ഷ്മി ഗോവര്‍ദ്ധനന്‍ പല അന്താരാഷ്ട്ര വേദികളിലും ഇതിനകം പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2015ല്‍ നടന്ന ‘നമോ ഇന്‍ ദുബായ്’ എന്ന പരിപാടിയുടെ ഭാഗമായ നൃത്ത പരിപാടിയുടെ രംഗാവിഷ്കാരം സംവിധാനം ചെയ്ത് ഒരുക്കിയത് ശ്രീലക്ഷ്മി ഗോവര്‍ദ്ധനന്‍ ആണ്. കേരളത്തില്‍ നിന്ന് അന്താരാഷ്ട്രതലത്തില്‍ പോലും അറിയപ്പെടുന്ന ഈ കലാകാരിയ്ക്ക് 2016ല്‍ ചെന്നെയില്‍ നടന്ന 35- ാമത് നാട്യകലയുടെ കോണ്‍ഫെറന്‍സിലും അതുപോലെ പല അംഗീകാരങ്ങളും അവാര്‍ഡുകളും ഇതിനകം തന്നെ തേടിയെത്തിയിട്ടുണ്ട്.

ഇരിങ്ങാലക്കുടക്ക് അഭിമാനമായി എം സുകുമാരന്‍ ഡി.വൈ.എസ്.പിക്ക് പ്രസിഡന്റിന്റെ പോലീസ് മെഡല്‍

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു പ്രഖ്യാപിച്ച വിശിഷ്ട സേവനത്തിനുള്ള  പ്രസിഡന്റിന്റെ പോലീസ് മെഡലിന് ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശിയായ എം സുകുമാരന്‍ ഡി വൈ എസ് പി അര്‍ഹനായി. കണ്ണൂരിലെ ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ് ബ്യുറോയില്‍ ആണ് ഇദ്ദേഹം ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്നത് . കൂടാതെ മികച്ച വിജിലെന്‍സ് കേസ് അന്വേഷത്തിനുള്ള ബാഡ്ജ് ഓഫ് ഹോണര്‍ അവാര്‍ഡും ഈ വര്‍ഷം ഇദ്ദേഹം നേടിയിട്ടുണ്ട്. ഭാര്യ ശോഭ , മക്കള്‍ ഗോകുല്‍ , രാഹുല്‍.

പ്ലാസ്റ്റിക് ഒഴിഞ്ഞുനിന്ന സ്വാതന്ത്രദിന ആഘോഷം

ഇരിങ്ങാലക്കുട: ഇത്തവണത്തെ സ്വാതന്ത്ര ദിനാഘോഷത്തില്‍ പ്ലാസ്റ്റിക് നിര്‍മ്മിത കൊടികളും തോരണങ്ങളും വിപണിയില്‍ നിന്ന് മാറി നിന്നത് പുതുമയായി. 50 പൈസ മുതല്‍ 110 രൂപ വരെ വിലയുള്ള തുണികൊണ്ടും പേപ്പര്‍കൊണ്ടുമുള്ള തൃവര്‍ണ്ണ പതാകകള്‍ ആയിരുന്നു ഇത്തവണ വിപണിയില്‍ സുലഭം. ചൈനീസ് നിര്‍മ്മിത പതാകകളും ചിലര്‍ വേണ്ടെന്നു പറഞ്ഞതായും വിൽപ്പനക്കാര്‍ പറയുന്നുണ്ട് . പ്ലാസ്റ്റിക് കൊടികളും തോരണങ്ങളും നിയമം മൂലം നിരോധിച്ചത് അറിയാതെ പലരും കടകളിള്‍ അന്വേഷിച്ച് എത്തിയിരുന്നതായി മാക്സിംസ്‌ കടയുടമ രവിയേട്ടന്‍ പറഞ്ഞു. പേപ്പര്‍ നിര്‍മ്മിത കൊടികള്‍ അധികവും വിദ്യാര്‍ത്ഥികളും സംഘടനകളും ആണ് ആഘോഷങ്ങള്‍ക്ക് വേണ്ടി വാങ്ങിയത്. എന്നാല്‍ വാഹനങ്ങളില്‍ വയ്ക്കുന്നതിനായി കഴിഞ്ഞ വര്‍ഷം വരെ ചൂടപ്പം പോലെ വിറ്റഴിക്കപ്പെട്ടിരുന്ന ചെറിയ പ്ലാസ്റ്റിക് കൊടികളും അലങ്കാരങ്ങളും ഇത്തവണ വിപണിയില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. പ്ലാസ്റ്റിക് തൃവര്‍ണ്ണ തൊപ്പികള്‍ക്ക് പകരം കടലാസ് ,തുണി എന്നിവകൊണ്ടുള്ള തൊപ്പികളും വിപണിയില്‍ തരംഗം സൃഷ്ടിച്ചു.

അമിതഭാരം കയറ്റുന്ന ലോറികള്‍ ഗതാഗതതടസ്സം പതിവാക്കുന്നു

ഇരിങ്ങാലക്കുട : അനുവദനീയമായ അളവിനധികം ഭാരം കയറ്റി പോകുന്ന ലോറികള്‍ പോട്ട- മൂന്നുപീടിക സംസ്ഥാന പാതയില്‍ പതിവായി ഗതാഗതതടസം സൃഷിടിക്കുന്നതിനു കാരണമാകുന്നു. ചാലക്കുടി റെയില്‍വേ ഗുഡ്സ് ഷെഡ്‌ഡില്‍നിന്നും ഇരിങ്ങാലക്കുടയിലെയും കല്ലേറ്റുംകരയിലെയും കാലിത്തീറ്റ കമ്പനിയിലേക്ക് ചരക്കുകളുമായി പോകുന്ന ലോറികളാണ് ഇതില്‍ ഏറെയും. അമിത ഭാരം മൂലം ലോറിയുടെ ഇരുവശങ്ങളിലേക്കും ചാക്ക് കെട്ടുകള്‍ തള്ളി നില്‍ക്കുന്നത് മൂലം വളരെ പതുക്കെയാണ് റോഡിലൂടെ ഇവ നീങ്ങുന്നത്. ഇത്തരം ലോറികളില്‍ ഭൂരിപക്ഷവും പഴക്കം ചെന്നവയുമാണ് . ബാലന്‍സ് തെറ്റി മറിയുവാന്‍ സാധ്യത ഉള്ളതുകൊണ്ട് ഇത്തരം ലോറികള്‍ റോഡിന്‍റെ ഇടതുവശം ചേര്‍ന്ന് പോകാതെ മധ്യത്തിലൂടെയാണ് യാത്ര . പുറകില്‍ വരുന്ന വാഹനങ്ങള്‍ക്ക് ഇത്തരം ഒന്നിലധികം ലോറികളെ മറികടക്കാനാവാത്തതും ഗതാഗതതടസത്തിനു കാരണമാകുന്നു. ലോറികളില്‍ അമിതഭാരം കയറ്റുന്നതിനെതിരെ കുറച്ചുകാലം പരിശോധന ഉണ്ടായിരുന്നു. അപ്പോള്‍ ഇത്തരം അപകടങ്ങളും കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ പരിശോധന വെറും ചടങ്ങായി മാറിയപ്പോള്‍ 10 ടണ്‍ മാത്രം കയറ്റാവുന്ന ലോറിയില്‍ 15 മുതല്‍ 18 ടണ്‍ കയറ്റി പോകുന്ന അവസ്ഥയിലെത്തി. ഒരിടക്ക് തവിടു ചാക്കുകളുമായി അമിതഭാരം കയറ്റിപോകുന്ന ലോറികള്‍ സ്ഥിരമായി കല്ലേറ്റുംകര, വല്ലക്കുന്ന്, തൊമ്മാന എന്നിവിടങ്ങളിലെ കൊടും വളവുകളില്‍ മറയുന്ന പതിവുണ്ടായിരുന്നു .ലോറി ഉടമസ്ഥരുടെ സംഘടന ഇത്തരം അമിതഭാരം കയറ്റി പോകുന്ന പ്രവണതക്ക് എതിരാണ് , കമ്പനികളും കോണ്‍ട്രാക്ടര്‍മാരും ആണ് ഇതിനു നിര്‍ബന്ധിക്കുന്നത് എന്നും ഇവര്‍ പറയുന്നു.

 

ഇരിങ്ങാലക്കുടയിലെ ജോസ്ലിന് റ്റാക്ക്വോണ്ടോയില്‍ ഗിന്നസ്‌ റെക്കോഡ്

ഇരിങ്ങാലക്കുട : മാര്‍ഷ്യല്‍ ആര്‍ട്‌സ് വിഭാഗത്തില്‍ ഇരിങ്ങാലക്കുടയിലേയ്ക്ക് ഗിന്നസ് റെക്കോഡ്. ക്രൈസ്റ്റ് കോളേജിനടുത്ത് താമസിക്കുന്ന കുട്ടിക്കാട്ട് നെയ്യന്‍ ജോയ് വര്‍ഗീസിന്റെയും സെലിന്റെയും മകള്‍ ജോസ്ലിനാണ് മാര്‍ഷ്യല്‍ ആര്‍ട്‌സ് വിഭാഗത്തിലുള്ള റ്റാക്ക്വോണ്ടോയില്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് കിട്ടിയിരിക്കുന്നത്. ജെ.ആര്‍. ഇന്റര്‍നാഷണല്‍ റ്റാക്ക്വോണ്ടോ അക്കാദമിയുടെ നേതൃത്വത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോഡിനുവേണ്ടി ഇന്ത്യയിലെ ആറു പ്രധാന വേദികളിലായി നടത്തിയ മത്സരത്തില്‍ 1016 പേര്‍ പങ്കെടുത്തിരുന്നു. ഇതില്‍ മധുരയില്‍നിന്ന് മത്സരിച്ച ജോസ്ലിന്‍ നെയ്യന്‍ ലോകചാമ്പ്യനായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബി.ടെക് ബിരുദത്തിന് ശേഷം ചെന്നൈയില്‍ ഒരു അമേരിക്കന്‍ കമ്പനിയില്‍ ഉണ്ടായിരുന്ന ജോലി രാജിവെച്ചിട്ടാണ് ഗിന്നസ് പുരസ്‌കാരത്തിന് വേണ്ടിയുള്ള പരിശ്രമം ജോസ്ലിന്‍ പൂര്‍ത്തീകരിച്ചത്. മുന്‍പ് രണ്ട് തവണ തമിഴ്‌നാടിനെ പ്രതിനിധാനംചെയ്ത് മത്സരിച്ച് ജോസ്ലിന്‍ ഗോള്‍ഡ് മെഡല്‍ നേടിയിട്ടുണ്ട്.

ക്യാമ്പസില്‍ തരംഗമായി ”റേഡിയോ നിഹേ”

ഇരിങ്ങാലക്കുട : ക്യാമ്പസിലെ ലഞ്ച് ബ്രേക്ക് വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും ആശയവിനിമയതിന്റെയും വേദിയാകാനായി റേഡിയോ പ്രക്ഷേപണത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് ഇരിങ്ങാലക്കുടയിലെ നമ്പൂതിരീസ്‌ കോളേജ് ക്യാമ്പസ് ആയ നിഹേയില്‍ ”റേഡിയോ നിഹേ” – ക്യാമ്പസ് റേഡിയോ പ്രക്ഷേപണം നടത്തി വരുന്നു. വിദ്യാര്‍ഥികള്‍ക്ക് സര്‍ഗാത്മകവും ക്രിയാത്മകവുമായ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദിയാകുന്നതിനൊപ്പം അറിയിപ്പുകളും വാര്‍ത്തകളും ആശംസകളും വിവിധ വിഷയങ്ങളെ കുറിച്ചുള്ള വിജ്ഞാനപ്രദമായ ടിപ്സും ”റേഡിയോ നിഹേ”യിലൂടെ ശ്രവിക്കാം. ഉച്ചക്ക് 12:30 മുതല്‍ 1:15 വരെയാണ് പ്രേക്ഷേപണം. തിങ്കള്‍ മുതല്‍ വെള്ളി വരെ വ്യത്യസ്തമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത് . തിങ്കളാഴ്ച ക്യാമ്പസിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നൊരുക്കുന്ന പാട്ടുകളുടെ പരിപാടിയായ ‘സ്‌മൃതി മഞ്ജരി’ . ചൊവാഴ്ച്ച ഡെഡിക്കേഷന്‍ പാട്ടുകളുടെ പരിപാടിയായ ‘ചിലമ്പൊലി’ , ബുധനാഴ്ച്ച തമിഴ് ഹിറ്റുകളുടെ ‘ഇസൈ തെന്‍റല്‍’ , വ്യാഴാഴ്ച്ച സിനിമാരംഗത്തെ പ്രഗത്ഭരുടെ തെരെഞ്ഞെടുത്ത പാട്ടുകള്‍ ‘രാഗഞ്ജലി’ വെള്ളിയാഴ്ച്ച ഹിന്ദി പാട്ടുകളുടെ ‘സുര്‍മാലയും’ ഉണ്ടാകും. നിഹേ ഡയറക്ടര്‍ ജാതവേദന്‍ നമ്പൂതിരിപ്പാട് ആണ് ഈ നൂതന സംരഭത്തിന് നേതൃത്വം നല്‍കുന്നത്. വിബ്ജിയോര്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ജേതാവും യുവ സംവിധായകനുമായ ജീന്‍ ഖാദിയാണ് റേഡിയോയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് . റേഡിയോ ജോക്കികളായി വിദ്യാര്‍ഥികളായ കൃഷ്ണപ്രിയ, രോഹിത്, ജിഷ്ണു, ശരണ്യ എന്നിവരും, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാരായി ജിഷ്ണു , ശ്രീജിത് എന്നിവരും ഒപ്പം അദ്ധ്യാപികയായ ലത രത്‌നകുമാര്‍ കോര്‍ഡിനേറ്ററായും ഉണ്ട്. ”റേഡിയോ നിഹേ” കൂടല്‍മാണിക്യം കുട്ടംകുളത്തിനരികിലെ ക്യാമ്പസ്സില്‍ തരംഗമാകുകയാണ്.

ഠാണാ ഇപ്പോഴും വെള്ളക്കെട്ടില്‍ : അശാസ്ത്രിയമായ കാന നിര്‍മ്മാണത്തിന് മുടക്കിയത് ലക്ഷങ്ങള്‍

ഇരിങ്ങാലക്കുട : ഠാണാവിലെ സംസ്ഥാന പാതയടക്കം നഗരത്തിലെ പ്രധാന റോഡുകളെല്ലാം ശനിയാഴ്ചത്തെ മഴയില്‍ വെള്ളക്കെട്ടില്‍ മുങ്ങി. വെള്ളക്കെട്ട് ഒഴിവാക്കാനായി ലക്ഷങ്ങള്‍ മുടക്കി നഗരസഭാ പണിത “ഡ്രൈനേജ് കം ഫുട്ട്പാത്ത് ” പദ്ധതി ഇതോടെ പ്രയോജനമില്ലെന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണ് . കുട്ടംകുളം മുതല്‍ ഠാണാവ് വരെയും ചന്തക്കുന്ന് മുതല്‍ പൂതംകുളം വരെയും പലയിടത്തും റോഡില്‍ വെള്ളക്കെട്ട് ഉണ്ടാകാനുള്ള കാരണം വെള്ളം ഒഴുകി പോകാനുള്ള സംവിധാനം ഇല്ലാത്തതാണ്. റോഡില്‍ നിന്നും കാനയിലേയ്ക്ക് ശരിയായ രീതിയില്‍ മഴവെള്ളം ഒഴുകിപോകുന്നതിനുള്ള പൈപ്പ് ഇടുന്നതിലെ അശാസ്ത്രിയതയാണ് ഇതിന്റെ പ്രധാന കുറവായി കാണുന്നത്. മഴയില്‍ ഇരിങ്ങലക്കുട നഗരം വെള്ളെകെട്ടിലായതോടെ ഠാണാവിലെ ബി എസ് എന്‍ എല്‍ ഓഫീസിനു സമീപത്തെ കൊടുങ്ങല്ലൂര്‍ ബസ്‌സ്റ്റോപ്പ്, മെയിന്‍ റോഡിലെ കാനറാ ബാങ്കിന് മുന്നിലെ ബസ്‌സ്റ്റോപ്പ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് മൂലം ബസ് സ്റ്റോപ്പില്‍ നിന്ന് നീക്കി യാത്രക്കാര്‍ കയറുന്നതിന് വേണ്ടി ബസ് നിര്‍ത്തുന്നത് ഇപ്പോള്‍ ഇവിടെ ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നുണ്ട്.

ഗ്രാമസഭകളിലെ പങ്കാളിത്ത കുറവ്, പൊതുജനത്തെ പരിഹസിച്ച് ചെയര്‍പേഴ്സണ്‍ : എന്നാല്‍ ബോധവല്‍ക്കരണ പരിപാടിക്ക് എത്തിയത് നാമമാത്ര കൗണ്‍സിലര്‍മാര്‍

ഇരിങ്ങാലക്കുട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ ചേരുന്ന ഗ്രാമസഭകളില്‍ പൊതുജന പങ്കാളിത്തം കുറഞ്ഞു വരുന്നതില്‍ പൊതുജനങ്ങളെ നഗരസഭ ചെയര്‍പേഴ്സണ്‍ പരിഹസിച്ചത് ബോധവല്‍ക്കരണ പരിപാടിക്ക് എത്തിയത് വെറും നാമമാത്ര കൗണ്‍സിലര്‍മാര്‍ മാത്രമാണെന്ന കാര്യം വിസ്മരിച്ച്. തദ്ദേശ സ്ഥാപനങ്ങളുടെ വികസന ക്ഷേമ പദ്ധതികളെ കുറിച്ചും ഓരോ പ്രദേശത്തെയും വികസന പ്രക്രിയകളില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ഗ്രാമസഭയെ കുറിച്ചും പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്ന ഉദ്ദേശത്തോടെ കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വീസ് ഡലിവറി പ്രൊജക്റ്റ് തദ്ദേശ മിത്രം ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ ഗ്രാമസഭകളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തംകൊണ്ട് സജീവമാക്കുവാന്‍ വേണ്ടിയുള്ള ബോധവല്‍ക്കരണ നാടക യാത്ര ഇരിങ്ങാലക്കുടയില്‍ എത്തിയപ്പോള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു. ഗ്രാമസഭയില്‍ പങ്കെടുക്കുവാന്‍ ജനങ്ങളെ വീട്ടില്‍ പോയി എടുത്തുകൊണ്ടു വരേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത് എന്ന് ചെയര്‍പേഴ്സണ്‍ കുറ്റപെടുത്തിയപ്പോള്‍ വ്യാഴാഴ്ച നടന്ന ബോധവല്‍ക്കരണ പരിപാടിയിലേക്ക് ക്ഷണിച്ച 41 കൗണ്‍സില്‍മാരില്‍ 10 പേരുടെ പങ്കാളിത്തം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. ഇതിനു പുറമെ സമീപ പഞ്ചായത്തിലെ പ്രസിഡന്റുമാരെയും അംഗങ്ങളെയും ഈ പരിപാടി അറിയിച്ചിരുന്നു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ ഒഴികെ മറ്റാരും ഈ പരിപാടിക്ക് എത്തിയിരുന്നില്ല . എന്നാല്‍ പലരെയും പരിപാടി അറിയിച്ചില്ലെന്ന ആക്ഷേപവും ഉണ്ടായിരുന്നു. ഗ്രാമസഭകളില്‍ ക്വറം തികയാതെ കള്ള ഒപ്പിട്ടു ഹാജര്‍ തികച്ചതിനു നഗരസഭയിലെ പല കൗണ്‍സിലര്‍മാര്‍ക്കെതിരെയും പരാതി നിലനില്‍ക്കുമ്പോഴാണ് പൊതുജനത്തിന് മേല്‍ കുറ്റം ആരോപിച്ചു ചെയര്‍പേഴ്സണ്‍ ഈ പരിപാടിയില്‍ സംസാരിച്ചത്. ഇത്തരം ഒരു നാടകം കണ്ടെങ്കിലും പൊതുജനത്തിന് ബോധം വെക്കട്ടെ എന്ന് പറഞ്ഞപ്പോള്‍ പങ്കെടുക്കാതിരുന്ന കൗണ്‍സിലര്‍മാരുടെ അഭാവത്തെ കുറിച്ച് ഒന്നും പറയാതിരുന്നത് ശ്രദ്ധേയമായി . ‘ഒരു ഗ്രാമം പറഞ്ഞ കഥ’ എന്ന് പേരിട്ടിരിക്കുന്ന നാടകത്തില്‍ ധാരാളം അപര്യാപ്തതകളുള്ള ഒരു ഗ്രാമം ഗ്രാമ സഭ സജീവമാക്കി സ്വയം പര്യാപ്തമാകുന്ന കഥയാണ് പറയുന്നത്. തദ്ദേശ മിത്രത്തിന്റെ പ്രചരണ വേഷമായ മാഷാണ് സന്ദേശ പ്രചാരകനായി നാടകത്തിലെത്തുന്നത്. ഗ്രാമസഭകളില്‍ പൊതുജനത്തെ പങ്കെടുപ്പിക്കേണ്ട ആവശ്യകത ഇതില്‍ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. കൗണ്‍സിലര്‍മാര്‍ക്ക് ഇതില്‍ നിന്നും പല ഗുണപാഠങ്ങളും ലഭിക്കാന്‍ ഉണ്ടായിരുന്നു.

ഇരിങ്ങാലക്കുട- തൃശൂര്‍ -കൊടുങ്ങല്ലൂര്‍ റൂട്ടിലെ ലാഭകരമായ ചെയിന്‍ സര്‍വീസ് കെ.എസ്.ആര്‍.ടി.സി പിന്‍വലിച്ചതില്‍ ദുരൂഹത – സംരക്ഷണ സമിതി

ഇരിങ്ങാലക്കുട : തൃശൂര്‍- ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ലാഭകരമായി ചെയിന്‍ സര്‍വീസ് നടത്തിയിരുന്ന 12 ബസ്സുകളില്‍ പകുതിയും ദുരൂഹ സാഹചര്യത്തില്‍ പിന്‍വലിച്ചത് സ്വകാര്യ ബസ്സുടമകള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കാനാണെന്ന ആരോപണവുമായി ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി. സംരക്ഷണ സമിതി. കെ.എസ്.ആര്‍.ടി.സി ഇരിങ്ങാലക്കുട സബ് ഡെപ്പോവിനു നേരെ അധികൃതര്‍ തുടര്‍ച്ചയായി കാണിക്കുന്ന അവഗണനയ്ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്  ഇത്തരം ഒരു സംഘടനക്ക് രൂപം കൊടുത്തുകൊണ്ടായിരുന്നു. ഇതിനായി “ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി. സംരക്ഷണ സമിതി ” എന്ന പേരില്‍ ഒരു സ്ഥിരം വേദിയ്ക്ക് യോഗം രൂപം നല്‍കി. ഇരിങ്ങാലക്കുടയില്‍ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ വിരമിച്ചിട്ട് മാസങ്ങളായെങ്കിലും, പകരം ആളെ ഇതുവരെ നിയമിക്കാത്തതു മൂലം ഭരണകാര്യങ്ങള്‍ പലതും അവതാളത്തിലായിരിക്കുകയാണ്. സമീപത്തുള്ള പല സബ് ഡെപ്പോകളില്‍ നിന്നും പുതിയ സര്‍വീസുകള്‍ ആരംഭിക്കുമ്പോളും, നാഥനില്ലാത്തതിനാല്‍ ഇവിടെ നിന്നുള്ള ലാഭത്തിലോടുന്ന സര്‍വ്വീസുകള്‍ വരെ റദ്ദാക്കുന്ന സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്. കോടിക്കണക്കിനു രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച ഷോപ്പിംഗ് കോംപ്ലെക്സ് ലേലം ചെയ്ത് വാടകയ്ക്കു കൊടുക്കാത്തതു മൂലം പ്രതിമാസം ലക്ഷക്കണക്കിനു രൂപയുടെ വരുമാനമാണ് കെ.എസ്.ആര്‍.ടി.സി. യ്ക്കു ലഭിക്കാതെ പോകുന്നത്. സംസ്ഥാനത്ത് എല്ലാ സര്‍വീസുകളും ലാഭത്തിലോടുന്ന അപൂര്‍വ്വം ചില ഡെപ്പോകളില്‍ ഒന്നാണ് ഇരിങ്ങാലക്കുട.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് വകുപ്പുമന്ത്രി, കോര്‍പ്പറേഷന്‍ എം.ഡി., സി.എന്‍. ജയദേവന്‍ എം.പി., പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. എന്നിവര്‍ക്ക് നിവേദനം നല്‍കാനും, വേണ്ടി വന്നാല്‍ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങാനും നാട്ടുകാരുടെ യോഗം തീരുമാനിച്ചു. ഇതിനായി “ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി. സംരക്ഷണ സമിതി ” എന്ന പേരില്‍ ഒരു സ്ഥിരം വേദിയ്ക്ക് യോഗം രൂപം നല്‍കിയിട്ടുണ്ട്. വി. പീതാംബരന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നഗരസഭാ കൗണ്‍സിലര്‍മാരായ അമ്പിളി ജയന്‍, സുജ സഞ്‌ജീവ്‌ കുമാര്‍ , സരസ്വതി ദിവാകരന്‍, പി. രവിശങ്കര്‍, എന്‍. വിശ്വനാഥന്‍, പി.കെ.ജിനന്‍, രാജീവ് മുല്ലപ്പിള്ളി, ടി.അപ്പുക്കുട്ടന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. അയ്യപ്പന്‍ പണിക്കവീട്ടില്‍ സ്വാഗതവും കെ.ഹരിനാഥ് നന്ദിയും പറഞ്ഞു. സമിതിയുടെ ഭാരവാഹികളായി വി. പീതാംബരന്‍ (പ്രസിഡണ്ട്), എന്‍. വിശ്വനാഥന്‍ (വൈസ് പ്രസിഡന്റ്‌ ) പി.കെ. ജിനന്‍ (സെക്രട്ടറി), രാജീവ് മുല്ലപ്പിള്ളി (ജോ.സെക്രട്ടറി), കെ.പി. സുധാകരന്‍ (ട്രഷറര്‍),
അയ്യപ്പന്‍ പണിക്കവീട്ടില്‍, കെ. ഹരിനാഥ് (എക്സി. കമ്മിറ്റി) എന്നിവരേയും, പ്രദേശത്തെ നാല് വാര്‍ഡ് കൗണ്‍സിലര്‍മാരടക്കം ഇരുപത്തഞ്ചു പേരsങ്ങുന്ന കമ്മിറ്റി അംഗങ്ങളേയും തെരഞ്ഞെടുത്തു.

ഉദ്യോഗസ്ഥനെ മാറ്റുന്നതുവരെ ഡ്രൈവിംഗ് ടെസ്റ്റിന് സ്കൂളുകളുടെ വാഹനം നല്‍കാതെ നിസഹകരണം തുടരും : അസോസിയേഷന്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സബ് ആര്‍ ടി ഒ ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ മാറ്റാതെ വരും ദിവസങ്ങളില്‍ നടക്കുന്ന റോഡ് ടെസ്റ്റിനും ഗ്രൗണ്ട് ഡ്രൈവിംഗ് ടെസ്റ്റിനും ഡ്രൈവിംഗ് സ്കൂളുകളുടെ വാഹനം നല്‍കാതെ നിസഹകരണം തുടരുമെന്ന് ഡ്രൈവിംഗ് സ്കൂള്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ചെറിയ കാരണങ്ങള്‍ പറഞ്ഞു എം വി ഐ ആയ എല്‍ദോ വര്‍ഗീസ് ഉദ്യോഗാര്‍ത്ഥികളെ മനപൂര്‍വം ടെസ്റ്റില്‍ പരാജയപെടുത്തുകയാണെന്ന് ആരോപിച്ചു ഡ്രൈവിംഗ് സ്കൂള്‍ ഓണേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു . ടെസ്റ്റിന് എത്തിയവര്‍ക്കും വാഹനം നല്‍കാന്‍ തയാറായില്ല ഇവരുടെ നിസഹകരണം മൂലം ഈ ആഴ്ച ടെസ്റ്റുകള്‍ മുടങ്ങിയിരിക്കുകയാണ് . ഈ ഉദ്യോഗസ്ഥനെ പേടിച്ചു ടെസ്റ്റിന് ഇരിങ്ങാലക്കുടയില്‍ ഹാജരാകാന്‍ ഉദ്യോഗാര്‍ത്ഥികള്‍ മടി കാണിക്കുന്നത് മൂലം ഡ്രൈവിംഗ് സ്കൂളുകളില്‍ പഠിക്കാന്‍ ആളുകള്‍ എത്തുന്നില്ലെന്നും പല ഡ്രൈവിംഗ് സ്കൂളുകളും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്നും അസോസിയേഷന്‍ പ്രസിഡന്റ് വത്സരാജന്‍ പറഞ്ഞു. ഉദ്യോഗാര്‍ഥികളുടെ രേഖകള്‍ തങ്ങള്‍ പിടിച്ചുവച്ചിട്ടില്ലെന്നും ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ തയ്യാറാണെന്നും അസോസിയേഷന്‍ പറയുന്നു . ഇരിങ്ങാലക്കുടയില്‍ ആര്‍ ടി ഒ ഓഫീസ് വന്ന കാലം മുതല്‍ ടെസ്റ്റിന് വേണ്ടി ഉപയോഗിക്കുന്ന മുന്‍സിപ്പല്‍ ഗ്രൗണ്ട് പഠിപ്പിക്കുന്നതിനും ഡ്രൈവിംഗ് ടെസ്റ്റ് കൊടുക്കുന്നതിനും ഡ്രൈവിംഗ് സ്കൂളുകാര്‍ മുന്‍സിപ്പാലിറ്റിയില്‍ വര്‍ഷം തോറും വാടക നല്‍കുന്നുണ്ട്. ഗ്രൗണ്ടില്‍ ഡ്രൈവിംഗ് സ്കൂളുകാര്‍ കയറുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ആരോപിക്കുവാന്‍ ഇവര്‍ക്ക് അധികാരമില്ലെന്നും ഈ ഉദ്യോഗസ്ഥനെ മാറ്റുവാന്‍ വേണ്ടി തങ്ങള്‍ പരാതി കൊടുത്തിട്ടുണ്ടെന്നും അസോസിയേഷന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി : ഉദ്യോഗസ്ഥരും ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാരും തമ്മില്‍ തര്‍ക്കം – ഉദ്യോഗാര്‍ത്ഥികള്‍ പെരുവഴിയില്‍

ഇരിങ്ങാലക്കുട : മോട്ടോര്‍ വാഹന വകുപ്പിന്റെ ഇരിങ്ങാലക്കുട ഓഫീസിനു കീഴില്‍ തിങ്കളാഴ്ച്ച നടത്തേണ്ടിയിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാരും തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍ മുടങ്ങി. രാവിലെ ഏഴര മുതല്‍ ടെസ്റ്റിനായി എത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറ്റിയെട്ട് പേര്‍ മടങ്ങി പോകേണ്ട അവസ്ഥ വന്നു. ഉദ്യോഗാര്‍ത്ഥികളെ എം വി ഐ മനപ്പൂര്‍വം ടെസ്റ്റില്‍ പരാജയപ്പെടുത്തുകയാണെന്ന പരാതിയാണ് ഡ്രൈവിംഗ് ടെസ്റ്റ് സ്‌കൂള്‍ നടത്തിപ്പുകാര്‍ക്കുള്ളത്. എന്നാല്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തിനു ശേഷം പ്രാപ്തരായ ഉദ്യോഗാര്‍ത്ഥികളെ ടെസ്റ്റ് പാസ് ആക്കുന്നുണ്ടെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എല്‍ദോ വര്‍ഗീസ് വ്യക്തമാക്കി. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ട് സര്‍ക്കാരിന്റെ യാണെന്നും ടെസ്റ്റിന്റെ സമയത്ത് ഉദ്യോഗാര്‍ത്ഥി ഉദ്യോഗസ്ഥരുമല്ലാതെ ഇവിടെ ആര്‍ക്കും പ്രവേശനമില്ലെന്നും ടെസ്റ്റ് കഴിഞ്ഞുള്ള സമയത്ത് ഗ്രൗണ്ട് ഡ്രൈവിംഗ് സ്‌കൂളുകാര്‍ക്ക് പരിശീലനത്തിനായി നല്‍കിയിരിക്കുകയാണെന്നും എം വി ഐ പറഞ്ഞു. അങ്ങനെയിരിക്കെ ടെസ്റ്റിന്റെ സമയത് ഗ്രൗണ്ടില്‍ അതിക്രമിച്ചു കയറി ടെസ്റ്റ് തടസ്സപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ഇതിനെതിരെ ജില്ലാ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ക്കും സംസ്ഥാനത്തെ ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും എം വി ഐ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ടെസ്റ്റ് നടത്തുവാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച്ച തന്നെ ടെസ്റ്റ് നടത്താന്‍ തങ്ങള്‍ ഒരുക്കമാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ടെസ്റ്റിന്റെ രേഖകളെല്ലാം ഡ്രൈവിംഗ് സ്‌കൂളുകാരുടെ കൈയിലാണെന്നും അവര്‍ വാഹനം നല്‍കാന്‍ തയ്യാറാവാത്തത് കൊണ്ട് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റിന് ഹാജരാവാന്‍ സാധിക്കാത്ത അവസ്ഥ വന്നു. എന്നാല്‍ സ്വന്തമായി വാഹനം കൊണ്ട് വരുന്നവര്‍ക്ക് തങ്ങള്‍ പേപ്പറുകള്‍ നല്‍കാന്‍ തയ്യാറാണെന്നും ഡ്രൈവിംഗ് സ്‌കൂള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ ടെസ്റ്റ് മുടക്കുമെന്ന് ഉദ്യോഗാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നില്ല. അതിരാവിലെ ദൂരെ നിന്ന് വന്ന പലര്‍ക്കും ഇതുമൂലം ബുദ്ധിമുട്ടുകളുണ്ടാകുകയും ഉദ്യോഗസ്ഥരോടും ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതരോടും ഉദ്യോഗാര്‍ത്ഥികള്‍ കയര്‍ത്തു സംസാരിക്കുന്നതും കാണാമായിരുന്നു. രേഖകളും വാഹനവുമായി എത്തിയ ഒരാള്‍ക്ക് ടെസ്റ്റ് നടത്തിയതായും അയാള്‍ അതില്‍ വിജയിച്ചതായും എം വി ഐ പറഞ്ഞു. ‘L‘ ബോര്‍ഡ് വച്ച വാഹനവും രേഖകളും ആയി എത്തുന്ന ഏതൊരു ഉദ്യോഗാര്‍ത്ഥിക്കും ടെസ്റ്റ് നടത്തി കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related news: എം.വി.ഐയുടെ നിലപാടില്‍ പ്രതിഷേധം: ഡ്രൈവിംഗ് സ്കൂളുകാരുടെ വാഹനങ്ങള്‍ ടെസ്റ്റിന് നല്‍കിയില്ല

തെരുവ്നായ്ക്കള്‍ ആക്രമിച്ച മലമ്പാമ്പിന് മൃഗാശുപത്രിയില്‍ ചികിത്സ

ഇരിങ്ങാലക്കുട : മഴവെള്ളത്തില്‍ പാടത്തു നിന്നും കരക്ക്‌ കയറിയ മലമ്പാമ്പിനെ തെരുവ്നായ്ക്കള്‍ ആക്രമിച്ച നിലയില്‍ കണ്ടെത്തി . ആനന്ദപുരം ആറടി പാടത്തിനു  സമീപത്തെ ഇല്ലിക്കല്‍ തോമസിന്റെ പറമ്പിലാണ് നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ പാമ്പിനെ സമീപ വാസികള്‍ കണ്ടെത്തിയത്. ദിവസങ്ങളായി മലമ്പാമ്പ് ഈ അവസ്ഥയില്‍ ഇവിടെ കിടക്കുകയായിരുന്നു. തലയിലും ശരീരത്തിലും ഉണ്ടായ ആഴമേറിയ മുറിവുകളില്‍ പുഴുക്കള്‍ അരിക്കുന്നുണ്ടായിരുന്നു . ആനന്ദപുരം സ്വദേശികളായ ഗോകുല്‍ , തോംസണ്‍ എന്നിവര്‍ വന്യജീവി സംരക്ഷകനായ മാപ്രാണത്തെ ഷബീറിനെ വിവരം അറിയിക്കുകയായിരുന്നു. ഷബീര്‍ സ്ഥലത്തെത്തി മലമ്പാമ്പിന്റെ പരിക്ക് ഗുരുതരമാണെന്ന് കണ്ടു ഇരിങ്ങാലക്കുട മൃഗാശുപത്രിയിലേക്ക് കൊണ്ടുവരുകയായിരുന്നു. സീനിയര്‍ വെറ്റിനറി സര്‍ജന്‍ ടി എ ബാബുരാജ് , വെറ്റിനറി സര്‍ജന്‍ കെ ജെ ജോണ്‍ കണ്ടംകുളത്തി , എന്നിവര്‍ മലമ്പാമ്പിന് വേണ്ട പ്രാഥമിക ശുശ്രുഷകള്‍ നല്‍കി. പാമ്പിനെ ഈ അവസ്ഥയില്‍ ഫോറസ്റ്റുകാരുടെ സഹായത്താല്‍ കാട്ടില്‍ കൊണ്ട് വിടണ്ട എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഷബീര്‍ മലപാമ്പിനെ തന്റെ വീട്ടിലേക്കു കൊണ്ടുപോയി . 9 അടിയോളം നീളമുള്ള പെണ്‍ മലമ്പാമ്പാണിത് .ആവശ്യമെങ്കില്‍ ഡോക്ടര്‍മാര്‍ വീട്ടില്‍ എത്തി ചികിത്സ നല്‍കാമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണിത്. വെള്ളിക്കുളങ്ങര ഫോറെസ്റ് റേഞ്ച് ഓഫീസില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും ഷബീര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും പാടത്തു മീന്‍ പിടിക്കാന്‍ സ്ഥാപിച്ച വലയില്‍ കുടുങ്ങി ദിവസങ്ങളോളം പരിക്കേറ്റു കിടന്ന ഒരു മലമ്പാമ്പിനെ ഷബീറിന്റെ നേതൃത്വത്തില്‍ മൃഗാശുപത്രിയില്‍ എത്തിച്ചു രക്ഷപെടുത്തിയിരുന്നു.

അപമാനകരമായ നേട്ടത്തില്‍ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്‍ : തിരുവനന്തപുരം ഡിവിഷനിലെ ഏറ്റവും വൃത്തിഹീനമായതെന്നു കണ്ടെത്തല്‍

കല്ലേറ്റുംകര : തിരുവനന്തപുരം ഡിവിഷനില്‍ ഏറ്റവും വൃത്തിഹീനമായി കണ്ടെത്തിയ നാലു റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്ന് ആദര്‍ശ് പദവിയുള്ള ഇരിങ്ങാലക്കുട സ്റ്റേഷന്‍ എന്ന് ചെന്നൈയിലുള്ള ജനറല്‍ മാനേജരുടെ ഓഫീസ് അയച്ച കത്തില്‍ പരാമര്‍ശം. ഇരിങ്ങാലക്കുടയേക്കാള്‍ താരതമ്യേന ചെറുതും പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രം നിര്‍ത്തുന്നതുമായ മറ്റു മൂന്ന് സ്റ്റേഷനുകള്‍ക്കൊപ്പമാണ് സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളടക്കം നാല്‍പ്പത്തിനാലോളം ട്രെയിനുകള്‍ നിര്‍ത്തുന്ന ആദര്‍ശ് സ്റ്റേഷനായ ഇരിങ്ങാലക്കുടയും സ്ഥാനം പിടിച്ചിരിക്കുന്നത്. സ്റ്റേഷനിലേക്ക് പ്രവേശിക്കുവാന്‍ വൃത്തിയുള്ള ഒരു വഴിപോലുമില്ലാത്തതും, സ്റ്റേഷന്‍ കെട്ടിടവും പ്ലാറ്റ്ഫോമുകളും ചോര്‍ന്നൊലിക്കുന്നതും, രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമൂലം യാത്രക്കാര്‍ അനുഭവിക്കുന്ന കഷ്ടതകള്‍ വിവരിച്ചുകൊണ്ടുള്ള വര്‍ഷങ്ങളായുള്ള നിരന്തരമായ പരാതികളോടുള്ള അധികാരികളുടേയും ജനപ്രതിനിധികളുടേയും അവഗണയുടെ ഫലമാണ് ഇന്ന് ഇരിങ്ങാലക്കുടക്കുള്ള ഈ അപമാനം. ഇപ്പോള്‍ ഇരിങ്ങാലക്കുടയില്‍ തുടങ്ങുവാനുദ്ധേശിക്കുന്ന പുതിയ റസ്റ്റോറന്‍റിന് പുതിയ കെട്ടിടം അനുവദിക്കാതെ കാലപ്പഴക്കം മൂലം ദുര്‍ബലമായ ഒരു പഴയ കെട്ടിടം അനുവദിച്ചതു തന്നെ അധികാരികളുടെ ഇരിങ്ങാലക്കുടയോടുള്ള മനോഭാവം വ്യക്തമാക്കുന്നതാണെന്ന് പാസഞ്ചര്‍ അസോസിയേഷന്‍ ഭാരവാഹികളും യാത്രക്കാരും പറയുന്നു.  ഈ കെട്ടിടത്തിന്റെ ചുമരില്‍ ഇത് ഉപേക്ഷിച്ചതാണെന്ന ബോര്‍ഡ് വര്‍ഷങ്ങള്‍ക്കു മുന്‍പേ റെയില്‍വേ തന്നെ പതിപ്പിച്ചത് ഇപ്പോഴും നിലനില്‍ക്കുമ്പോഴാണ് അതിനകത്ത് റസ്റ്റോറന്‍റിനായി പണികള്‍ നടത്തുന്നത്. ഇത് യാത്രക്കാരുടെ സുരക്ഷയെ കുറിച്ചുള്ള റെയില്‍വേയുടെ ഉത്തരവാദിത്തം എത്രയാണെന്ന് വ്യക്തമാക്കുന്നതാണ്.

 

കൂടല്‍മാണിക്യം കംഫര്‍ട്ട് സ്റ്റേഷനിലെ മാലിന്യം ദേവസ്വം ഭൂമിയില്‍ ഒഴുക്കി. പ്രതിഷേധവുമായി കൗണ്‍സിലര്‍മാരും നാട്ടുകാരും

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം കംഫര്‍ട്ട് സ്റ്റേഷനിലെ മാലിന്യം തോട്ടിലേക്ക് തള്ളാനുള്ള നീക്കം വാര്‍ഡ് കൗണ്‍സിലര്‍മാരും ഭക്തജന സമിതിയും ഇടപെട്ട് തടഞ്ഞു. കൊട്ടിലയ്ക്കല്‍ പറമ്പില്‍ സ്ഥതി ചെയുന്ന കൂടല്‍മാണിക്യം കംഫര്‍ട്ട് സ്റ്റേഷന്റെ മാലിന്യമാണ് ക്ഷേത്രഭൂമിയുടെ അതിര്‍ത്തിയിലുള്ള രാമന്‍ചിറ തോട്ടിലേക്ക് ഒഴുക്കി വിടാന്‍ നീക്കം നടത്തിയിരുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍മാരായ സന്തോഷ് ബോബനും അമ്പിളി ജയനും പരാതിപ്പെട്ടു. കംഫര്‍ട്ട് സ്റ്റേഷന്റെ കക്കൂസ് ടാങ്ക് നിറഞ്ഞതിനെ തുടര്‍ന്ന് കര്‍ക്കിടകം പിറക്കുന്നതിന് മുമ്പെ ദേവസ്വം ടാങ്കുകള്‍ വ്യത്തിയാക്കുവാന്‍ തൊഴിലാളികളെ നിയോഗിച്ചിരുന്നു. ഇവര്‍ കക്കൂസ് മാലിന്യം ബക്കറ്റില്‍ കോരി കംഫര്‍ട്ട് സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള ദേവസ്വം ഭൂമിയിലെ ചിറയിലേക്ക് നിക്ഷേപിക്കുകയായിരുന്നു. ഈ ചിറയില്‍ നിന്നുള്ള തോട് രാമന്‍ചിറ തോട്ടിലും അതുവഴി ഷണ്‍മുഖം കനാലിലുമാണ് പതിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച പ്രദേശവാസികള്‍ ഇടപെട്ട് മാലിന്യം ചിറയിലേക്ക് ഒഴുക്കാനുള്ള നീക്കം തടസ്സപ്പെടുത്തിയിരുന്നു. എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് കംഫര്‍ട്ട് സ്റ്റേഷന് മുന്നില്‍ വലിയ കുഴിയെടുത്ത് ഈ മാലിന്യം മണ്ണിട്ടുമൂടിയതായി കൗണ്‍സിലര്‍മാര്‍ പറഞ്ഞു. കനത്തമഴയില്‍ ദേവസ്വം ഭൂമിയില്‍ തള്ളിയ കക്കൂസ് മാലിന്യത്തില്‍ വെള്ളം കയറിയതോടെ പ്രദേശവാസികള്‍ ആശങ്കയിലായി. തടഞ്ഞു നിറുത്തിയിരിക്കുന്ന മാലിന്യത്തിന്റെ കെട്ട് രാത്രി പൊട്ടിച്ച് രാമന്‍ചിറയിലേക്ക് ഒഴുക്കുമോയെന്ന ഭീതിയും ജനങ്ങള്‍ക്കുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കൗണ്‍സിലര്‍മാരും ഭക്തജനങ്ങളും നാട്ടുകാരും സ്ഥലത്തെത്തിയത്. തുടര്‍ന്ന് നഗരസഭ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ രതീഷ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ സുധീര്‍, അനില്‍, അഡിഷണല്‍ എസ്.ഐ തോമസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു. പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയ ദേവസ്വം അധികൃതര്‍ക്കെതിരെ ക്രിമിനല്‍ നടപടിപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് ബോബനും അമ്പിളി ജയനും നഗരസഭയില്‍ പരാതി നല്‍കി. ദേവസ്വം പറമ്പില്‍ കെട്ടി നിറുത്തിയിരിക്കുന്ന കക്കൂസ് മാലിന്യം രാമന്‍ചിറ തോട്ടിലേക്ക് തുറന്ന് വിടാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ഭക്തജന സമിതി സെക്രട്ടറി സി. സന്തോഷ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. അതിനാല്‍ അടിയന്തിരമായി മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ദേവസ്വം നടപടിയെടുക്കണമെന്നും സന്തോഷ് ആവശ്യപ്പെട്ടു. പോലിസ് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ദേവസ്വം ജീവനക്കാരുമായി വിഷയം സംസാരിക്കുകയും കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അടുത്ത ദിവസം തന്നെ മാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കാനുള്ള നടപടികള്‍ എടുത്തിട്ടുണ്ടെന്നു ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു.

Top
Close
Menu Title