News

Category: Exclusive

മഹാത്മാ പാര്‍ക്ക് മൈതാനം തനിമയോടെ നിലനിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു

ഇരിങ്ങാലക്കുട : സ്വാതന്ത്ര സമരം തുടങ്ങി ചരിത്രപരമായും ആദ്യകാലം മുതല്‍ ബോള്‍ ബാഡ്മിന്റണ്‍ കളിയുടെ പ്രഗത്ഭര്‍ പങ്കെടുക്കുന്ന ടൂര്‍നമെന്റുകള്‍ നടന്നു വന്നിരുന്നതുമായ കൂടല്‍മാണിക്യം ക്ഷേത്രത്തിനു സമീപത്തെ മഹാത്മാ പാര്‍ക്ക് മൈതാനം അതിന്റെ തനിമയോടെ നിലനിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു. മഹാത്മാ പാര്‍ക്കിന്റെ ഭാവിയെക്കുറിച്ചു തീരുമാനിക്കാന്‍ ബുധനാഴ്ച വൈകീട്ട് അധികൃതര്‍ ഒരു യോഗം ചേരാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഇവിടെ കളിച്ചു വളര്‍ന്ന പഴയ തലമുറയില്‍ പെട്ടവരും ഇപ്പോളുള്ളവരും ഇത്തരത്തില്‍ ഒരാവശ്യം ഉന്നയിക്കുന്നത്. മൈതാനത്തു നിര്‍മാണപ്രവര്‍ത്തനം നടത്തുവാന്‍ നഗരസഭാ ഉദ്ദേശിക്കുന്നു എന്ന കാര്യം ഇപ്പോള്‍ വെളിപ്പെട്ടിട്ടുണ്ട്. ഒരു കാലത്തു പാര്‍ക്ക് മൈതാനത്തിന്റെ പവിത്രത നഷ്ടമാകും എന്ന കാരണത്താല്‍ അവിടെ ഉത്സവക്കാലത്തെ താത്കാലിക നിര്‍മാണങ്ങള്‍ പോലും അനുവദിക്കാറില്ല എന്ന് പഴമക്കാര്‍ പറയുന്നു.

മൈതാനവുമായി ഏറ്റവും അടുത്ത് ജനകീയമായി ഇടപെട്ടിരുന്നത് പാര്‍ക്ക് ക്ലബും അതിലെ സജീവ പ്രവര്‍ത്തകരുമാണ് . അക്കാലത്തു ബോള്‍ ബാഡ്മിന്റണ്‍ കളിയുടെ ആസ്ഥാനമായാണ് പാര്‍ക്ക് ക്ലബ് അറിയപ്പെട്ടിരുന്നത്. പുരുഷ -സ്ത്രീ വിഭാഗങ്ങളിലെ പ്രഗത്ഭര്‍ പങ്കെടുക്കുന്ന ടൂര്‍നമെന്റുകള്‍ പാര്‍ക്ക് മൈതാനത്തു അരങ്ങേറാറുണ്ട്. ദിവസേന രണ്ടു കോര്‍ട്ടുകളില്‍ പ്രാക്റ്റീസും ഇപ്പോളുള്ളവരില്‍ എം.സി. പോള്‍, കെ വി രാമനാഥന്‍ മാസ്റ്റര്‍ , ഐ എസ് ആര്‍ ഓ മുന്‍ ചെയര്‍മാന്‍ ഡോ കെ രാധാകൃഷ്ണന്‍, ഗായകന്‍ പി. ജയചന്ദ്രന്‍. എം പി ജാക്സണ്‍, കുളമണ്ണില്‍ അപ്പു മൂസത് മുതലായവയെല്ലാം ഇവിടെ ബാള്‍ ബാഡ്മിന്റണ്‍ കളിച്ചിട്ടുള്ളവരാണ്.

ഇത്രയും പാരമ്പര്യമുള്ള മഹാത്മാ പാര്‍ക്ക് മൈതാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കി മൈതാനം തനിമയോടെ നിലനിര്‍ത്തി ബാള്‍ ബാഡ്മിന്റണ്‍ കളിയുടെ ഈറ്റില്ലം എന്ന സംസ്കാരം ഈ മൈതാനത്തു നിലനിര്‍ത്താന്‍ നഗരസഭയും ജനപ്രധിനിധികളും മുന്‍കൈ എടുക്കണം എന്നതാണ് ഭൂരിപക്ഷം പേരുടെയും ആവശ്യം.

കറന്‍സി നയത്തിനെതിരെ എ ടി എമ്മുകളില്‍ പ്രതിഷേധ പോസ്റ്ററുകള്‍

ഇരിങ്ങാലക്കുട : കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക അടിയന്തിരാവസ്ഥക്കെതിരെ കേരള കോണ്‍ഗ്രസ് സെക്കുലര്‍ നേതാവ് പി സി ജോര്‍ജ് എം എല്‍ എയുടെ നേതൃത്വത്തില്‍ ജനുവരി 17 ചൊവ്വാഴ്ച്ച എറണാകുളത്ത് റെയില്‍ ഗതാഗതം സ്തംഭിപ്പിക്കുന്ന “കറന്‍സി ആന്തോളന്‍” സമരത്തിന്‍റെ പോസ്റ്ററുകള്‍ ഇരിങ്ങാലക്കുടയിലെ എ ടി എമ്മുകളില്‍ പതിച്ച് പുതിയ പ്രതിഷേധ രീതിക്ക് തുടക്കം കുറിച്ചു. രാഷ്ട്രീയ സംഘടനകള്‍ ഇക്കാലമത്രയും എ ടി എമ്മുകളില്‍ പോസ്റ്റര്‍ പതിക്കാന്‍ മുതിര്‍ന്നിരുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ കറന്‍സി നയത്തിനെതിരെയുള്ള സമരമായതിനാല്‍ പ്രതിഷേധ പോസ്റ്ററുകള്‍ പതിക്കാന്‍ ഇരിങ്ങാലക്കുടയിലെ പ്രവര്‍ത്തകര്‍ എ ടി എമ്മുകള്‍ തിരഞ്ഞെടുക്കുകയായിരുന്നു. ഇരിങ്ങാലക്കുടയിലെ 20 ല്‍ അധികം എ ടി എമ്മുകളില്‍ കറന്‍സി ആന്തോളന്‍റെ പോസ്റ്ററുകള്‍ കഴിഞ്ഞ രാത്രി പതിപ്പിച്ചിട്ടുണ്ട്.

ട്രാഫിക് പോലീസ് ഇല്ല : വനിതാ കൗണ്‍സിലര്‍ ഠാണാവില്‍ രാത്രി ഗതാഗതകുരുക്ക് നിയന്ത്രിച്ചു

ഇരിങ്ങാലക്കുട : ഗതാഗതകുരുക്ക് നിത്യസംഭവമായ ഠാണാവില്‍ ശനിയാഴ്ച രാത്രിയുണ്ടായ ട്രാഫിക്ക് നിയന്ത്രിച്ചത് വനിതാ കൗണ്‍സിലര്‍ . രാത്രി ഏഴരയോടെ ഠാണാവില്‍ ആരംഭിച്ച നീണ്ട ഗതാഗത കുരുക്ക് പരിഹരിക്കാന്‍ സമീപവാസികള്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും അരമണിക്കൂറായിട്ടും പോലിസ് എത്തിയില്ല. തുടര്‍ന്നാണ് സംഭവസ്ഥലത്തു ഉണ്ടായിരുന്ന വനിതാ കൗണ്‍സിലറായ സംഗീത ഫ്രാന്‍സിസ് ഗതാഗതം നിയന്ത്രിക്കേണ്ടി  വന്നത്. ശബരിമല എക്സ്ട്രാ ഡ്യൂട്ടി ഉള്ളതിനാല്‍ ആവശ്യത്തിന് പോലീസിനെ വിന്യസിക്കാന്‍  ഇല്ലെന്നു അധികൃതര്‍ പറയുന്നു .

മാലിന്യം റോഡരികില്‍ തള്ളാന്‍ 10 നിമിഷം : ആധുനിക സജീകരണങ്ങളുള്ള വണ്ടി പോലീസ് പിടിയില്‍

തൊമ്മാന : ടണ്‍ കണക്കിന് കക്കൂസ് മാലിന്യം വെറും 10 സെക്കന്റിനുള്ളില്‍ റോഡരികില്‍ തള്ളി ആരുടേയും ശ്രദ്ധയില്‍ പെടാതെ രക്ഷപ്പെടാന്‍ ആധുനിക സജീകരണങ്ങളുള്ള മാലിന്യ വണ്ടി തൊമ്മാന പാടത്ത് മാലിന്യം നിക്ഷേപിക്കുന്നതിനിടയില്‍ പോലീസ് പിടികൂടി. അങ്കമാലിയിലുള്ള കോണ്‍ട്രാക്ടറുടെ നിര്‍ദേശപ്രകാരം തൊമ്മാനയില്‍ മാലിന്യം തള്ളാന്‍ എത്തിയ ലോറി ഡ്രൈവര്‍ വയനാട് സ്വദേശി പ്രജീഷ്(29) നെയും സഹായിയായ പാലക്കാട് സ്വദേശി ഷൈജുവിനെയുമാണ് ഇരിങ്ങാലക്കുട എസ് ഐ സിബീഷ് വി പിയും സംഘവും കോമ്പിങ് ഓപ്പറേഷനിലൂടെ പിടികൂടിയത്. മാലിന്യം പുറന്തള്ളാന്‍ വലിയ വാല്‍വുള്ള ടാങ്കര്‍ ലോറികള്‍ വിജനമായ പ്രദേശത്ത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ പോലീസിനെ അറിയിക്കണമെന്ന് എസ് ഐ പറഞ്ഞു. എ എസ് ഐ അബൂബക്കര്‍ സി പി ഒ മാരായ സുനീഷ്, സുബീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

 സര്‍ക്കാര്‍ തെങ്ങിന്‍തൈ വളര്‍ത്ത് കേന്ദ്രത്തില്‍ മോട്ടര്‍ കേടായതു മൂലം നനയ്ക്കാന്‍ സാധിക്കുന്നില്ല

ഇരിങ്ങാലക്കുട : കൃഷി വകുപ്പിന്റെ കീഴിലുള്ള ജില്ലയിലെ ഏക തെങ്ങിന്‍തൈ വളര്‍ത്ത് കേന്ദ്രത്തില്‍ മോട്ടര്‍ കേടായതു മൂലം നനയ്ക്കാന്‍ സാധിക്കുന്നില്ല. സ്പ്രിംഗ്ളര്‍ ഇറിഗേഷന്‍ വഴിയാണ് 2 ഹെക്റ്റര്‍ ഉള്ള ഇരിങ്ങാലക്കുടയിലെ തെങ്ങിന്‍തൈ കേന്ദ്രത്തിലെ 75000ത്തോളം തൈകള്‍ നനക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തിയിരിക്കുന്നത്. കുഴല്‍ കിണറില്‍ മോട്ടര്‍ ഉപയോഗിച്ചായിരുന്നു ഇവിടെ നനച്ചിരുന്നത്. എന്നാല്‍ മുപ്പതിലധികം വര്‍ഷം പഴക്കമുള്ള മോട്ടര്‍ മാസങ്ങള്‍ക്ക് മുന്‍പ് കേടായിരുന്നു. പുതിയത് വാങ്ങാന്‍ ക്വട്ടേഷന്‍ നല്‍കുകയും മോട്ടര്‍ വരികയും ചെയ്തു. എന്നാല്‍ പുതിയ മോട്ടര്‍ കുഴല്‍ കിണറില്‍ ഇറക്കുവാന്‍ പറ്റാതായി. അളവിലെ ചെറിയ മാറ്റമാണ് കാരണം. മോട്ടര്‍ പ്രവര്‍ത്തിക്കാത്ത സമയത്ത് ഫാമിലെ ചെറിയ കുളങ്ങളില്‍ ചെറിയ മോട്ടര്‍ പ്രവര്‍ത്തിച്ചാണ് മാസങ്ങളായി ഇപ്പോള്‍ നന നടക്കുന്നത്. എന്നാല്‍ 2 കുളങ്ങള്‍ പൂര്‍ണമായും ഒരു കുളം ഭാഗികമായും വറ്റി. ഇതോടെ തെങ്ങിന്‍ തൈകളും വിത്തുകളും നനയ്ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. പുതിയ മോട്ടര്‍ സ്ഥാപിക്കാന്‍ ചുമതലയുള്ള റെഡ്‌കോയിലെ സാങ്കേതിക വിദഗ്ദ്ധര്‍ പലതവണ ശ്രമിച്ചിട്ടും കുഴല്‍ കിണറിലേക്ക് മോട്ടര്‍ ഇറക്കാന്‍ സാധിക്കുന്നില്ല. പാകത്തിനുള്ള പുതിയ മോട്ടര്‍ കൊണ്ടുവരികയോ പുതിയ കുഴല്‍ കിണര്‍ കുത്തുകയോ ആണ് പുതിയ മാര്‍ഗം.

കേരളത്തിലെ തന്നെ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന തെങ്ങിന്‍ തൈ വളര്‍ത്ത് കേന്ദ്രമാണ് ഇരിങ്ങാലക്കുടയിലേത്. സങ്കരയിനം തൈകളും ഉല്പാദന ശേഷി കൂടിയ ഇനം തൈകളും ഇവിടെ നിന്നും കേരളത്തിലെ എല്ലാ കൃഷിഭവനിലേക്കും വിതരണം ചെയ്യുന്നുണ്ട്. ഏപ്രിലില്‍ നടത്തുന്ന സമ്മര്‍ സെയിലിലും ജൂണില്‍ നടക്കുന്ന വില്‍പ്പനക്കും തൈകള്‍ തയ്യാറാക്കുന്ന തിരക്കിനിടയിലാണ് കുഴല്‍ കിണര്‍ മോട്ടര്‍ സ്ഥാപിക്കാന്‍ സാധിക്കാത്തതും ഒപ്പം തന്നെ മറ്റ് ജലസ്രോതസുകള്‍ വറ്റിയതിന്റെയും ആശങ്കയിലാണ് അധികൃതര്‍.

റോഡിലെ വാല്‍വ് സ്ലാബ് എടതിരിഞ്ഞിയില്‍ അപകടകാരണമാകുന്നു

എടതിരിഞ്ഞി : പോട്ട മൂന്നുപീടിക സംസ്ഥാന പാത കടന്നുപോകുന്ന എടതിരിഞ്ഞി പോസ്റ്റ് ഓഫീസ് ജംങ്ഷനില്‍ ഉയര്‍ന്ന് നില്‍ക്കുന്ന സമഗ്രകുടിവെള്ള പദ്ധതിയുടെ വാല്‍വ് സ്ലാബ് ഇതുവഴി പോകുന്ന വാഹനങ്ങള്‍ക്ക് അപകട ഭീഷണി ഉണ്ടാക്കുന്നു. 2 വര്‍ഷത്തിലേറെയായി പണി നടന്നുകൊണ്ടിരിക്കുന്ന കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് വാല്‍വ് സ്ലാബ് സംസ്ഥാനപാതയുടെ നടുവില്‍ സ്ഥാപിച്ചത്. 15 സെന്റിമീറ്ററില്‍ അതികം റോഡിന്റെ ഉപരിതലത്തില്‍ സ്ലാബ് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ വാഹനങ്ങള്‍ ഇത് ഒഴിവാക്കാനായി മറുവശത്തേക്ക് തിരിക്കുന്നത് മൂലം ഈ പ്രദേശത്ത് സ്ഥിരം അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. ചൊവ്വാഴ്ച പോസ്റ്റ് ഓഫീസ് ജംങ്ഷനില്‍ വച്ചുണ്ടായ സൈക്കിള്‍ യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയത് റോഡില്‍ ഉയര്‍ന്ന് കിടക്കുന്ന സ്ലാബ് കയറാതിരിക്കാന്‍ ലോറി വെട്ടിച്ചപ്പോഴാണ്. സമഗ്ര കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പും വാട്ടര്‍ അതോറിറ്റിയും സംസ്ഥാന പാത മുറിച്ച് വാല്‍വ് സ്ലാബ് സ്ഥാപിച്ചത് ഉയര്‍ന്ന് നില്‍ക്കുന്നത് മൂലം അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവായപ്പോള്‍ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു പറഞ്ഞു. അടിയന്തിരമായി ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകാന്‍ അതികൃതര്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

related news : ട്രക്ക് തട്ടി സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

റോഡിലെ മൂടാത്ത കേബിള്‍ കുഴികളില്‍ അപകടം തുടര്‍കഥ

ഇരിങ്ങാലക്കുട : സ്വകാര്യ ടെലികോം കമ്പനികള്‍ കുഴിച്ചിട്ട റോഡിലെ കേബിള്‍ കുഴികളില്‍ വാഹനങ്ങളും യാത്രക്കാരും വീണുള്ള അപകടങ്ങള്‍ പതിവാകുന്നു. ഏറെ തിരക്കുള്ള കൂടല്‍മാണിക്യം ബസ് സ്റ്റാന്‍ഡ് റോഡില്‍ വുഡ്‌ലാന്‍ഡ്സ് ഹോട്ടലിന് മുന്‍വശത്ത് കുഴച്ചിട്ട കേബിള്‍ കുഴി ഒരാഴ്ച്ചയായിട്ടും മൂടിയിട്ടില്ല. വ്യാഴാഴ്ച്ച ഓട്ടോറിക്ഷ കുഴിയില്‍ പെട്ടു. യാത്രക്കാര്‍ ഇല്ലാതിരുന്നതില്‍ അപകടം ഒഴിവായി ഫുട്പാത്തില്‍ കുഴിയുടെ കല്ലും മണ്ണും നിക്ഷേപിച്ചതിനാല്‍ വഴിയാത്രക്കാര്‍ക്ക് റോഡിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥയാണിപ്പോള്‍.

ചെക്കര്‍ മാവ് പൂത്ത സന്തോഷത്തില്‍ ചെക്കര്‍ സാഹിബ്

ഇരിങ്ങാലക്കുട : അമ്പതുവര്‍ഷത്തിലധികം ബസ് ജീവനക്കാരനായി ജോലിനിര്‍വഹിക്കുന്ന ചെക്കര്‍ സാഹിബ് എന്ന അഹമ്മദ്‌കുട്ടിയുടെ ജോലിക്കിടയില്‍ വിശ്രമവേളയില്‍ മാപ്രാണത്തും കാട്ടുങ്ങച്ചിറയിലും നട്ടുവളര്‍ത്തിയ മാവിന്‍ തൈകള്‍ പതിവുതെറ്റാതെ ഈ വര്‍ഷവും പൂത്തു. കെ കെ മേനോന്‍ ബസില്‍ ചെക്കിങ് ഇന്‍സ്പെക്റ്ററായി ജോലി ചെയ്യുമ്പോള്‍ ചെക്കിങ്ങിനായി താന്‍ ഇറങ്ങുന്ന സ്ഥലങ്ങളിലെല്ലാം മാവിന്‍ തൈകള്‍ നട്ടുപിടിപ്പിക്കല്‍ ഇദ്ദേഹത്തിന്‍റെ ഒരു ഹോബിയാണ്. അദ്ദേഹം നട്ടുപിടിപ്പിച്ച മാവിന്‍ തൈകള്‍ പലയിടങ്ങളിലും തണലും കായ്കനികളും നല്‍കിക്കൊണ്ടിരിക്കുന്നു. കൊടുങ്ങലൂര്‍ ചേരമാന്‍ ജുമാമസ്ജിദില്‍ മ്യൂസിയത്തിന് സമീപം ചെക്കന്‍ സാഹിബ് വച്ച മാവിന്‍ തൈ ഇന്ന് തണലും കായ്കനികളും തന്നുകൊണ്ടിരിക്കുന്നു. മാവിലൂടെ വീശിവരുന്ന ഇളം തെന്നല്‍ അവിടെ വന്നുപോയ്‌കൊണ്ടിരിക്കുന്ന തീര്‍ത്ഥാടകരെ തലോടിയിട്ടാണ് പോയിക്കൊണ്ടിരിക്കുന്നത്. അതുപോലെ കുഴല്‍മന്ദം മുസ്‌ലീം പള്ളിക്ക് മുന്നില്‍ അഹമ്മദ്ക്കുട്ടി വച്ചിരിക്കുന്ന മാവിനെ ആളുകള്‍ ചെക്കര്‍മാവ് എന്നും അതില്‍ ഉണ്ടാകുന്ന മാങ്ങയെ ചെക്കര്‍ മാങ്ങാ എന്നുമാണ് വിളിച്ചുകൊണ്ടിരിക്കുന്നത്.

ചേര്‍പ്പ് സെന്‍റ് ആന്‍റണീസ് ചര്‍ച്ചിന്‍റെ ഫാത്തിമ മാതാവിന്‍റെ പ്രതിമയുടെ സമീപം വച്ച മാവ് ഇന്ന് മാതാവിന്‍റെ പ്രതിഷ്ഠയെ അലങ്കരിച്ച് മതസൗഹാര്‍ദം വിളിച്ചറിയിക്കുന്ന വിധത്തില്‍ നിലനില്‍ക്കുന്നു. ഇതുപോലെ ചേര്‍പ്പ് പബ്ലിക് ലൈബ്രറിയുടെ മുന്നിലും, ചേര്‍പ്പ് പഞ്ചായത്തിന്‍റെ മുന്നിലും, ചേര്‍പ്പ്, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനുകളിലും, ചേര്‍പ്പ് എസ് എസ് മദ്രസയ്ക്ക് മുന്നിലും, ചേര്‍പ്പ് മുത്തുള്ളിയാല്‍ ഗ്ലോബല്‍ പബ്ലിക്ക് സ്കൂളിലും, ചെറുചേനം മുസ്ളീം പള്ളിയിലും, വാണിയംപാറ ജുമാമസ്ജിദിലും, തൃശൂര്‍ എം ഐ സി ജുമാമസ്ജിദിനു മുന്നിലും, മാപ്രാണം സെന്ററിലും, തൃശൂര്‍ ഡോ കാസിന്‍റെ റൗദ്ദഹൗസിലും, തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ നഗറിന് സമീപവും അതുപോലെ മറ്റുപലയിടങ്ങളിലും അഹമ്മദ്ക്കുട്ടി വെച്ച മാവിന്‍ തൈകളും മറ്റു വൃക്ഷത്തൈകളും വച്ച കഥകളുണ്ട്.

ഡിജിറ്റല്‍ യുഗത്തില്‍ ഹാന്‍ഡ് മെയ്ഡ് ആശംസാകാര്‍ഡുകള്‍ക്കു പുതുജീവന്‍

ഇരിങ്ങാലക്കുട : ഡിജിറ്റല്‍ യുഗത്തില്‍ പലരും മറന്നു പോയ ഹാന്‍ഡ്മെയ്ഡ് ആശംസാകാര്‍ഡുകള്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയില്‍ തിരിച്ചുവരുന്നു. ഇരിങ്ങാലക്കുട എയ്‌സ്‌ മള്‍ട്ടീമീഡിയ കോളേജിലെ വിദ്യാര്‍ഥികള്‍ പേപ്പറില്‍ തങ്ങളുടെ കരവിരുത് പ്രകടമാക്കിയപ്പോള്‍ പിറന്നത് വ്യത്യസ്തമായ പുതുവത്സരകാര്‍ഡുകളാണ്. വിവിധ വലുപ്പത്തിലും തരത്തിലും ഉള്ള കാര്‍ഡുകള്‍ കോളേജില്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു . പുതുവത്സരത്തിനു തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഇവരില്‍ പലരും ഇത്തവണ ഹാന്‍ഡ് മെയ്ഡ് കാര്‍ഡുകളാണ് നല്‍കിയത്. ഓണ്‍ലൈനിലും കടകളിലും ലഭിക്കുന്ന കാര്‍ഡിനേക്കാള്‍ സ്നേഹസ്പര്‍ശം ഇത്തരം ഹാന്‍ഡ് മെയ്ഡ് കാര്‍ഡുകള്‍ക്കുണ്ടെന്ന് കാര്‍ഡുകള്‍ ലഭിച്ചവര്‍ പറയുന്നു.

എന്‍ എസ് എസ് ക്ലാപ് സോങ്ങിന് അകമ്പടിയായി ചെണ്ടയില്‍ പെരുവനം കുട്ടന്‍മാരാരുടെ മേളം

ഇരിങ്ങാലക്കുട : താളമുള്ള എന്‍ എസ് എസ് വളണ്ടിയേഴ്സിന് മേളം പഠിക്കുവാനും മേള തത്വം -നാനാത്വത്തില്‍ ഏകത്വം- ഉള്‍ക്കൊണ്ട് ജീവിതം പടുത്തുയര്‍ത്തുവാനും സാധിക്കട്ടെ എന്നു പെരുവനം കുട്ടന്‍മാരാര്‍ അഭിപ്രായപ്പെട്ടു. ഗവണ്മെന്റ് മോഡല്‍ ബോയ്സ് വി എച് എസ് ഇ എന്‍ എസ് എസ് യൂണിറ്റ് തണലിന്റെയും എക്‌സൈസ് വകുപ്പ് ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തില്‍ എന്‍ എസ് എസ് കാട്ടുങ്ങച്ചിറയില്‍ നടക്കുന്ന സഞ്ചരിക്കുന്ന സപ്തദിന സഹവാസ ക്യാമ്പില്‍ “താളവും മേളവും” എന്ന വിഷയത്തില്‍ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. എന്‍ എസ് എസ് ക്ലാപ് സോങ്ങിന് അകമ്പടിയായി ചെണ്ടയില്‍ കുട്ടന്‍ മാരാര്‍ മേളമൊരുക്കിയപ്പോള്‍ കുട്ടികള്‍ക്കും അത് കണ്ടു നിന്ന അധ്യാപകര്‍ക്കും വിസ്മയമായി. പ്രിന്‍സിപ്പല്‍ ജിനേഷ്‌ എ, എന്‍ എസ് എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മഞ്ജു കെ എന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

നഗരസഭയുടെ പിടിപ്പുകേട് മൂലം 140 ബാരല്‍ ഉപയോഗയോഗ്യമല്ലാത്ത ടാര്‍ പാഴാകുന്നു

ഇരിങ്ങാലക്കുട : കരാര്‍ പണികള്‍ക്ക് നഗരസഭ ടാര്‍ വാങ്ങിതരണമെന്ന ആവശ്യവുമായി കരാറുകാര്‍ ഒന്നടങ്കം ടെണ്ടര്‍ ബഹിഷ്‌ക്കരിച്ച സാഹചര്യത്തില്‍ 2014-15 വര്‍ഷത്തിലെ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം ഉപയോഗയോഗ്യമല്ലാത്ത 140 ബാരല്‍ ടാര്‍ നഗരസഭയില്‍ പാഴാകുന്നു. പുതിയ MOD മാനദണ്ഡങ്ങള്‍ പ്രകാരം VG-30 ഗുണനിലവാരമുള്ള ടാര്‍ മാത്രമേ നഗരസഭ പ്രദേശങ്ങളിലെ റോഡുകളിലെ പണികള്‍ക്ക് ഉപയോഗിക്കാവു. ഇത് പ്രകാരമുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതുമാണ്. എന്നാല്‍ കരാറുകാര്‍ സ്വയം ടാര്‍ വാങ്ങുന്നതില്‍ നിന്ന് പിന്മാറുകയും നഗരസഭ ടാര്‍ വാങ്ങിതരണമെന്ന ആവശ്യത്തിന്മേല്‍, നഗരസഭ ടെണ്ടര്‍ ക്ഷണിച്ചതില്‍ കരാറുകാര്‍ ആരും തന്നെ ടെണ്ടര്‍ ഷെഡ്യൂള്‍ സമര്‍പ്പിക്കാതെ ഒന്നടങ്കം ബഹിഷ്കരിച്ചു. നഗരസഭക്ക് കരാറുകാര്‍ക്കായി ടാര്‍ വാങ്ങുന്നതിനായി തനത് ഫണ്ട് പര്യാപ്തമല്ലാത്തതിനാല്‍ ഓരോ പ്രൊജക്ടില്‍ നിന്നും ഫണ്ട് പിന്‍വലിച്ചാല്‍ മാത്രമേ ടാര്‍ വാങ്ങുവാന്‍ കഴിയുകയുള്ളു എന്നും പണം ലഭ്യമല്ലാത്ത ഹെഡ് ഓഫ് അക്കൗണ്ടില്‍ ഉള്ള പ്രവര്‍ത്തിക്ക് തുക പ്രത്യേകം കണ്ടെത്തേണ്ടതായിട്ടുണ്ടെന്ന് ബുധനാഴ്ച്ച ചേര്‍ന്ന കൗണ്‍സിലിനെ നഗരസഭ അറിയിച്ചു.

നഗരസഭയുടെ പിടിപ്പുകേട് മൂലം കഴിഞ്ഞ വര്‍ഷം ചെയ്യേണ്ടിയിരുന്ന പ്രവര്‍ത്തികള്‍ പലതും മുടങ്ങുകയും ലാപ്സ് ആകുകയും ചെയ്തതിന്റെ ഫലമായി 140 ബാരല്‍ ടാര്‍ സ്റ്റോക്ക് ഉണ്ട്. ഇത് VG-10 ഗ്രെയ്‌ഡില്‍ ഉള്ളതിനാല്‍ ഇത് ഉപയോഗിക്കാന്‍ സാധ്യമല്ല. ഇതില്‍ മുന്‍കൂറായി കിട്ടിയ 60 ബാരല്‍ ടാര്‍ സിഡ്‌കോവിനോട് തിരികെ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ ബാക്കിയുള്ള 80 ബാരല്‍ ടാറിന്റെ കാര്യത്തില്‍ യുക്തമായ തീരുമാനം നഗരസഭ എടുക്കണമെന്നും നഗരസഭ എന്‍ജിനിയര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഏജന്‍സി സ്ഥാനത്തുനിന്നും സിഡ്‌കോയുമായുള്ള കരാര്‍ ഈ വര്‍ഷം സര്‍ക്കാര്‍ റദ്ദ്   ചെയ്തു. എന്നാല്‍ പഴയ നിലവാരത്തിലുള്ള ടാര്‍ ഉപയോഗിച്ച് നഗരസഭയിലെ ഗ്രാമപ്രദേശങ്ങളിലെ റോഡുകള്‍ പ്രത്യേകാനുമതി വാങ്ങി ടാര്‍ ചെയ്യാമെന്ന നിര്‍ദേശം പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം തള്ളി. പുതിയ നിലവാരത്തിലുള്ള VG-30 ടാര്‍ കരാര്‍ക്കാര്‍ക്ക് വാങ്ങി നല്‍കുവാനും കൗണ്‍സില്‍ തീരുമാനമായി.

ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 ന്‍റെ വിജയ കുതിപ്പിന്റെ പുറകില്‍ വജ്രയും

ഇരിങ്ങാലക്കുട : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ വാഹക ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 ന്‍റെ വിജയകരമായ പരീക്ഷണം ഒറീസയിലെ കലാം ഐലന്‍ഡില്‍ നടന്നപ്പോള്‍ ആ സന്തോഷത്തില്‍ പങ്ക് ചേര്‍ന്ന് ഇരിങ്ങാലക്കുട കോണത്തുകുന്നിലെ വജ്രയും. ലോകരാഷ്ട്രങ്ങള്‍ ഉപഗ്രഹ വിക്ഷേപങ്ങള്‍ക്കായി സമീപിക്കുന്ന ഭാരതത്തിന്റെ റോക്കറ്റുകളുടെ പ്രധാന ഭാഗമായ ഫ്ളക്സ് സീല്‍ നിര്‍മിക്കുന്ന വജ്രയില്‍ ആണ് അഗ്നി-5 മിസൈലിന്റെ പ്രധാന ഭാഗങ്ങളായ 3 ഫ്ളക്സ് സീലുകളും നിര്‍മിച്ചിരിക്കുന്നത് . മിസൈലിന്റെ ഏറ്റവും പ്രധാന ഭാഗമായ ഗതിനിര്‍ണ്ണയ സംവിധാനത്തിലെ സുപ്രധാനഘടകമാണ് ഫ്ളക്സ് സീല്‍. അഗ്നി-5 ന്‍റെ ഡി എസ്1, ഡി എസ്2, ഡി എസ്3 എന്നീ 3 ഫ്ളക്സ് സീലുകളും നിര്‍മിച്ചത് വജ്രയിലാണ്. മിസൈലിന്റെ ഓരോ ഭാഗങ്ങളും വേര്‍പ്പെട്ട് ആണ് അന്തരീക്ഷത്തിലൂടെ കുതിക്കുന്നത്. ഈ മൂന്ന് സ്റ്റേജുകളും കൂടിയാണ് അയ്യായിരത്തോളം കിലോമീറ്റര്‍ മിസൈല്‍ യാത്ര ചെയ്യുന്നത്.

ഫ്ളക്സ് സീലുകളെ ത്രസ്റ് വെക്റ്റര്‍ കണ്‍ട്രോള്‍ എന്ന് പറയും. മര്‍ദ്ദം കൊണ്ട് ഉയര്‍ന്നു പൊങ്ങുന്ന മിസൈലുകളുടെയും റോക്കറ്റുകളുടെയും ഗതിനിര്‍ണ്ണയ സംവിധാനമാണ് ഫ്ളക്സ് സീല്‍ . അഗ്നി 5 മിസൈലില്‍ 3 വലുപ്പത്തിലുള്ള ഫ്ളക്സ് സീലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഇവ മുകളിലേക്കുള്ള മര്‍ദ്ദത്തെ ശരിയായ രീതിയില്‍ നിയന്ത്രിക്കുന്നത്കൊണ്ടാണ് 5000 കിലോമീറ്റര്‍ അപ്പുറമുള്ള ലക്ഷ്യത്തില്‍ മിസൈലിന് എത്താന്‍ സാധിക്കുന്നത് എന്നതിനാല്‍ ഒരു മിസൈലില്‍ ഫ്ളക്സ് സീല്‍ എത്രത്തോളം പ്രാധാന്യമേറിയതാണെന്നു മനസിലാക്കാവുന്നതാണ്.

ഗതിനിയന്ത്രണയന്ത്രത്തില്‍ ഉപയോഗിച്ചിരുന്ന 3 ഫ്ളക്സ് സീലുകളും ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചു എന്ന് വിക്ഷേപണകേന്ദ്രത്തില്‍ നിന്നും തങ്ങള്‍ക്കു അറിയിപ്പ് ലഭിച്ചതായി വജ്രയുടെ ഡയറക്ടര്‍ കണ്ണന്‍ പറഞ്ഞു. അഗ്നി ശ്രേണിയിലെ മറ്റ് മിസൈലുകളില്‍ നിന്ന് വ്യത്യസ്തമായി അഗ്നി- 5ല്‍ ഗതിനിര്‍ണയത്തിനും ആയുധശേഖരത്തിനും, എഞ്ചിനിലും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിട്ടുണ്ട്.

എയ്റോസ്പേസ് രംഗം കൂടാതെ വജ്രയുടെ ഉത്പന്നങ്ങള്‍ നേവല്‍ ഡിഫെന്‍സ് രംഗത്തും ഉപയോഗിക്കുന്നുണ്ട്. ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യ ന്യൂക്ലിയര്‍ പവേര്‍ഡ് ബാലിസ്റ്റിക് മിസൈല്‍ സബ്മറൈന്‍ ആയ അരിഹന്തിന്റെ പല പ്രധാന ഘടകങ്ങളും വജ്രയിലാണ് നിര്‍മിച്ചത്. ഈ രംഗത്തു അതികായരായ റഷ്യന്‍ ട്രാന്‍സ്ഡ്യൂസഴ്സ് ഉത്പന്നങ്ങള്‍ ചുരുങ്ങിയ ചിലവില്‍ റീഫര്‍ബിഷ് ചെയ്തു വിജയിപ്പിച്ചിട്ടുമുണ്ട് വജ്രയില്‍. 18 ലക്ഷം വില വരുന്ന ഇവ വെറും 85000 രൂപയ്ക്കാണ് വജ്രയില്‍ പുനര്‍നിര്‍മിച്ചത്. ഇത്തരത്തില്‍ പ്രതിരോധ വകുപ്പിന് 504 ട്രാന്‍സ്ഡ്യൂസഴ്സ് നിര്‍മ്മിച്ചു നല്‍കി 85 കോടിയോളം രൂപ രാഷ്ടത്തിനു ലാഭമുണ്ടാക്കാനും വജ്രയ്ക്കു കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച അണുവായുധ ശേഷിയുള്ള ക്രുയിസ് മിസൈല്‍ ആയ നിര്‍ഭയ്- യിലെ ഗതിനിര്‍ണ്ണയ സംവിധാനമായ THRUST VECTOR CONTROL FLEX SEAL നിര്‍മ്മിച്ചത് ഇവിടെയാണ് . വിക്ഷേപിക്കുമ്പോള്‍ റോക്കറ്റ് പോലെ കുതിച്ചു പൊങ്ങുന്ന നിര്‍ഭയ് പിന്നീട് വിമാനത്തിന്‍െറ ആകൃതിയിലേക്ക് മാറും. മിസൈലിന്റെ ഏറ്റവും പ്രധാന ഭാഗമാണ് ഗതിനിര്‍ണ്ണയ സംവിധാനം. ഇന്ത്യയ്ക്ക് അഭിമാനമായ ചന്ദ്രയാന്റെയും, മംഗള്‍യാന്റെയും വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റായ PSLV-XL 25 ന്റെ പ്രധാന ഭാഗങ്ങളും ഇവിടെയാണ്‌ നിര്‍മ്മിച്ചത്. റബ്ബര്‍ ടൂ മെറ്റല്‍ ബോണ്ടിലുള്ള ഫ്‌ളക്‌സീല്‍ നിര്‍മ്മിച്ചിരിക്കുന്നത്‌. കഴിഞ്ഞ 20 വര്‍ഷത്തോളമായി ഐഎസ്‌ആര്‍ഒയുമായി സഹകരിക്കുന്ന വജ്ര പ്രതിരോധ വകുപ്പിനുവേണ്ടിയും സഹകരിച്ചുവരുന്നുണ്ട്‌.

അമേരിക്കയുടെ R SRM സോളിഡ് ബൂസ്റര്‍ , ഫ്രാന്‍സിലെ ARIANE 5 സോളിഡ് ബൂസ്റര്‍ എന്നിവയ്ക്ക് ശേഷം ലോകത്തിലെ മൂന്നാമത്തെ സോളിഡ് പ്രോപ്പല്ലന്റ് സോളിഡ് ബൂസ്റര്‍ റോക്കറ്റ് സ്റ്റേജ് ആയ S 200 ന്റെയും GSLV MARK III ലോഞ്ചിങ്ങ് വെഹിക്കിളില്‍ ഉപയോഗിക്കുന്ന S200 ന്റെ ഫ്ലെക്സ് സീല്‍ വജ്രയുടെതാണ്.

കോണത്ത്കുന്ന് പൈങ്ങോട് ആണ് വജ്രയുടെ ഫാക്ടറി , സജീന്ദ്രനാഥ് പി എസ്- മാനേജിങ്ങ് ഡയറക്ടര്‍ ,ശബരിനാഥ് ജി- എക്സിക്യുട്ടിവ് ഡയറക്ടര്‍, ഡയറക്ടര്‍മാരായ കണ്ണന്‍ , പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് വജ്രയിലെ ഗവേഷണ, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

നഗരസഭയെ തെറ്റിദ്ധരിപ്പിച്ചു നികുതിയടക്കാതെ ഹാളുകള്‍ പ്രവര്‍ത്തിച്ചിരുന്ന എം സി പി കണ്‍വെന്‍ഷന്‍ സെന്ററിനു നഗരസഭ 23 ലക്ഷം രൂപ അധിക നികുതി ചുമത്തി

ഇരിങ്ങാലക്കുട : പൂര്‍ത്തീകരണം കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞു നഗരസഭയെ തെറ്റിദ്ധരിപ്പിച്ചു നികുതിയടക്കാതെ ഹാളുകള്‍ പ്രവര്‍ത്തിപ്പിച്ചതിനു 23 ലക്ഷം രൂപ അധിക നികുതി അടക്കാന്‍ നഗരസഭ എം സി പി കണ്‍വെന്‍ഷന്‍ സെന്ററിന് ഡിമാൻഡ് നോട്ടീസ് അയച്ചു. 5000 എം സ്ക്വയറിനു അനുമതി നേടിയിട്ട് നികുതി അടക്കാതെ നഗരസഭ അളന്നപ്പോള്‍ 10289 എം സ്ക്വയര്‍ ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തതെന്നു സെക്രട്ടറി ബീന എസ് കുമാര്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു.

ഡിസംബര്‍ 16നു നോട്ടീസ് നല്‍കിയെന്നും 15 ദിവസത്തിനകം അധിക നികുതി  അടക്കാനാണ് നിര്‍ദ്ദേശിച്ചതെന്നും അവര്‍ പറഞ്ഞു. സി ടി പി അപ്പ്രൂവലിനു വേണ്ടി വരുന്ന സമയത്തു അനധികൃതമായി ഹാളുകള്‍ പ്രവര്‍ത്തിപ്പിച്ചതിനു 2013 മുതല്‍ കേരള മുനിസിപ്പാലിറ്റി വസ്തു നികുതി, സേവന ഉപനികുതി സര്‍ചാര്‍ജ് ചട്ടങ്ങള്‍ ചട്ടം 12/6 പ്രകാരമാണ് അധികനികുതിയായിട്ടുള്ള 23 ലക്ഷം രൂപ അടക്കാനായി നോട്ടീസ് കൊടുത്തിട്ടുള്ളത്. അധിക നികുതിയടച്ചാല്‍ 6 മാസം വരെ ഇവര്‍ക്കു ഹാളുകള്‍ ഉപയോഗിക്കാനാവും. ചട്ടങ്ങള്‍ ലംഘിച്ച എം സി പി കണ്‍വെന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ കഴിഞ്ഞ കൗണ്‍സിലില്‍ ഇടതുപക്ഷവും ബി ജെ പി യും പ്രക്ഷോഭം നടത്തുകയും ഇതേ തുടര്‍ന്ന് നഗരസഭ ഹാളുകള്‍ അളക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. എം സി പി കണ്‍വെന്‍ഷന്‍ സെന്റര്‍ അളക്കാനായി നിര്‍ദേശം നൽകിയിട്ടു വീഴ്ച വരുത്തിയ രണ്ടു റവന്യു ഇന്‍സ്പെക്ടര്‍മാര്‍ക്കും രണ്ടു ഓവര്‍സിയെര്‍മാര്‍ക്കും  മെമോ കൊടുത്തതായി നഗരസഭ സെക്രട്ടറി പറഞ്ഞു.

മുന്‍സിപ്പല്‍ ഭരണാധികാരികള്‍ എം പി ജാക്‌സനുമായുള്ള വ്യക്തമായ ധാരണകളുടെ അടിസ്ഥാനത്തിലാണ് എം സി പി കണ്‍വെന്‍ഷന്‍ സെന്ററിനു നികുതി വെട്ടിപിന് അവസരം നല്കുന്നതെന്ന് പ്രതിപക്ഷം ആരോപിചിരുന്നു .ദീര്‍ഘകാലം മുന്‍സിപ്പല്‍ ചെയര്‍മാനും എക്കാലവും യു ഡി എഫിന്റെ ഭരണം നിയന്ത്രിക്കുകയും ചെയ്ത കെ പി സി സി ജനറല്‍ സെക്രട്ടറിയുമായ എം പി ജാക്‌സന്റെ എം സി പി കണ്‍വെന്‍ഷന്‍ സെന്റര്‍ നടത്തിയ പ്രവര്‍ത്തിയെ ന്യായികരിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയിരുന്നു.

സംസ്ഥാനപാതയിലെ ‘അഴിമതിക്കുഴികള്‍’ അടച്ചുതുടങ്ങി

ഇരിങ്ങാലക്കുട : കോടികള്‍ മുടക്കി റീടാര്‍ ചെയ്ത പോട്ട-മൂന്നുപീടിക സംസ്ഥാനപാതയില്‍ ആളൂര്‍ മുതല്‍ ഇരിങ്ങാലക്കുട വരെയുള്ള ഭാഗത്തും ടാറിങ്ങിലെ നിലവാര തകര്‍ച്ച മൂലം  പലയിടത്തും റോഡ് ഭാഗികമായി തകര്‍ന്നു രൂപപ്പെട്ട കുഴിക്കള്‍ അറ്റകുറ്റ പണികള്‍ നടത്തി അടച്ചു തുടങ്ങി.  പലയിടത്തും പൊളിഞ്ഞ് പോയ ടാറിങ്ങിന് താഴെ പത്ത് വര്‍ഷം മുമ്പ് ചെയ്ത റോഡിന്റെ ഉപരിതലം ഇപ്പോഴും കേടുകൂടാതെ നില്ക്കുകയാണ് എന്നതാണ് ഇതിലെ വിരോധാഭാസം .  മെറ്റലിളകി റോഡിന്റെ വശങ്ങളിലേയ്ക്ക് തള്ളിപ്പോയ അവസ്ഥയിലാണ്. ഈ റോഡില്‍ മെറ്റലില്‍ വണ്ടി തെന്നി വിണ് അപകടം പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

മെക്കാഡം ടാറിങ്ങിലെ അഴിമതിയും നിലവാര തകര്‍ച്ചയുമാണ് റോഡ് തകരാന്‍ കാണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു ടാറുചെയ്‌തു ഒരു മാസത്തിനകം തന്നെ അഴിമതി വ്യക്തമാക്കുന്ന തരത്തില്‍ പുതിയ ടാറിങ് ഇളകി തുടങ്ങിയിരുന്നു. വെറും 3 വര്‍ഷത്തിനകം തന്നെ റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. ആദ്യം മെക്കാഡം ടാറിങ്ങ് നടത്തിയപ്പോള്‍ 7 വര്‍ഷം ഒരു കേടുപാടുകളും ഇല്ലാതെ നിലനിന്ന റോഡാണ്  ഇത്. 3  വര്‍ഷത്തിനിടെ നടത്തുന്ന മൂന്നാമത്തെ റീടാറിങ്‌ ആണ് ഇത് .  നിരന്തരം അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ അടിയന്തിരമായി കുഴികളടയ്ക്കാന്‍ പി.ഡബ്ലിയു.ഡി അധികാരികള്‍ നിര്‍ബന്ധിതര്‍ ആകുകയായിരുന്നു ഇപ്പോള്‍. ഠാണാ മുതല്‍ പുല്ലൂര്‍ ആശുപത്രിവരെ ചൊവാഴ്ച  കുഴിക്കള്‍ അറ്റകുറ്റപണികള്‍ നടത്തി അടച്ചു .

കരിംപാടത്ത് പക്ഷിശല്യം രൂക്ഷം : വിത്തിറക്കിയ കര്‍ഷകര്‍ വിഷമസന്ധിയില്‍

ആനന്ദപുരം : കരിംപാടത്ത് കര്‍ഷകര്‍ വിത്തിറക്കിയാല്‍ ഉടനെയെത്തും പക്ഷിക്കൂട്ടങ്ങള്‍. നിമിഷനേരംകൊണ്ട് കര്‍ഷകരുടെ അധ്വാനം എല്ലാം വിഫലമാക്കികൊണ്ടു കൃഷി നശിപ്പിക്കും . ഇത്തവണ മൂന്നും നാലും തവണ വിത്തിറക്കിയിട്ടും രുക്ഷമായ പക്ഷി ശല്യം കാരണം കൃഷി ആരംഭിക്കാന്‍ സാധിച്ചിട്ടില്ലെന്ന് കര്‍ഷകനായ കണ്ണമ്മടത്തി ജോര്‍ജ് പറയുന്നു. അതോടൊപ്പം അപ്രതീക്ഷിതമായി പെയ്ത മഴയിലും മുളച്ചതെല്ലാം മുങ്ങിപോകുകയും ചെയ്തു. മുരിയാട് ആനന്ദപുരം കരിംപാടത്തെ കിഴെക്കെ അറ്റത്താണ് പൊതുവെ പക്ഷി ശല്യം കൂടുതല്‍. ഊളി, എരണ്ട, അമ്പല പ്രാവ്, നീല കോഴി , എത്തിയോപ്യന്‍ കൊക്ക് എന്നിവയാണ് പ്രധാനമായും ഇവിടെ കൃഷിക്ക് ഭീക്ഷിണി . വനം വകുപ്പിന്റെ കര്‍ശന നീരിക്ഷണ മേഖലയായതിനാല്‍ കര്‍ഷകര്‍ ഇവയെ ഉപദ്രവിക്കുന്നില്ല, എന്നാല്‍ പടക്കം പൊട്ടിച്ചും മറ്റും ഓടിച്ചു കളയാന്‍ നോക്കിയിട്ടും ഫലമില്ല എന്ന് കര്‍ഷകനായ വടക്കേടത് പുഷ്പ്പന്‍ പറയുന്നു.

Top
Menu Title