News

Category: Latest

സഹകരണ ആശുപത്രിയില്‍ നിന്ന് വെള്ളിമൂങ്ങയെ പിടികൂടി

നടവരമ്പ് : ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ നിന്ന് വെള്ളിമൂങ്ങയെ പിടികൂടി. സഹകരണ ആശുപത്രിയിലെ പ്രധാന കെട്ടിടത്തില്‍ നിന്നും വെള്ളിയാഴ്ച 2 മണിയോടെയാണ് വെള്ളിമൂങ്ങയെ കണ്ടെത്തിയത്. ആശുപത്രി അധികൃതര്‍ വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

എം സി പി കണ്‍വെന്‍ഷന്‍ സെന്റര്‍ : നിയമവിരുദ്ധ നടപടികളിലൂടെ നഗരസഭക്ക് കോടികളുടെ നഷ്ട്ടം വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ബി ജെ പി

ഇരിങ്ങാലക്കുട : കോമേഴ്ഷ്യലായി അപേക്ഷിച്ച എം സി പി കണ്‍വെന്‍ഷന്‍ സെന്‍ററിന് അതിലും കുറഞ്ഞ നിരക്കില്‍ ടാക്‌സ് അടക്കാന്‍ ഉത്തരവിട്ട് സ്ഥലം മാറിപ്പോയ നഗരസഭാ സെക്രട്ടറിക്കെതിരെയും 2010 മുതല്‍ ഇതുവരെ എം സി പി കണ്‍വെന്‍ഷന്‍ സെന്‍ററിന് വേണ്ടി നിയമവിരുദ്ധ നടപടികള്‍ സ്വീകരിച്ച് നഗരസഭക്ക് കോടികളുടെ നഷ്ട്ടം വരുത്തിവച്ച നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണത്തിന് കൗണ്‍സില്‍ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് 3 ബി ജെ പി കൗണ്‍സിലര്‍മാര്‍ നടുക്കളത്തില്‍ പ്ലകാര്‍ഡുകള്‍ ഏന്തി പ്രതിഷേധിച്ചു. ഹൈകോടതിയില്‍ നടക്കുന്ന എം സി പി കണ്‍വെന്‍ഷന്‍ സെന്‍റര്‍ കേസില്‍ നഗരസഭയുടെ വക്കീല്‍ ഒത്തുകളിക്കുകയാണെന്നും അതിനാല്‍ വക്കീലിനെ മാറ്റണമെന്നും എം സി പി കണ്‍വെന്‍ഷന്‍ സെന്‍റര്‍ കേസ് നടത്താന്‍ സ്‌പെഷ്യല്‍ പ്രോസിക്ക്യൂട്ടറെ നഗരസഭാ നിയമിക്കണമെന്നും ബി ജെ പി കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ മതിയെന്ന് ഭരണകക്ഷി കൗണ്‍സിലര്‍മാരായ എം ആര്‍ ഷാജു, അഡ്വ വി സി വര്‍ഗീസും പറഞ്ഞു. ഇതിലും ആവശ്യമായ കാര്യങ്ങള്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്യാന്‍ ഉള്ളതുകൊണ്ട് ഈ വിഷയം ഇപ്പോള്‍ ചര്‍ച്ചക്കെടുക്കേണ്ടെന്ന് സി പി എം കൗണ്‍സിലര്‍ ശിവകുമാര്‍ പറഞ്ഞത് ഭരണപക്ഷത്തിന് തെല്ലാശ്വാസമായി. മുതലാളിയെ കാണുമ്പോള്‍ കവാത്ത് മറക്കുന്നവരല്ല തങ്ങള്‍ എന്ന് പറഞ്ഞു ബി ജെ പി കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്‍, അമ്പിളി ജയന്‍, രമേശ് വാര്യര്‍ എന്നിവര്‍ പ്ലകാര്‍ഡുകളുമായി പ്രതിഷേധിക്കുകയായിരുന്നു.

ജല അതോറിറ്റിയുടെ കുടിവെള്ളം എത്തിയിട്ട് 25 ദിവസം : മെമ്പര്‍ വാഹനത്തില്‍ കുടിവെള്ള വിതരണം നടത്തി

വെള്ളാങ്ങല്ലൂര്‍ : വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ 15- ാം വാര്‍ഡില്‍ നെടുവന്‍കാട് പ്രദേശത്ത് ജല അതോറിറ്റിയുടെ കുടിവെള്ളം എത്തിയിട്ട് 25 ദിവസം ആയി. ഈ പ്രദേശം ശക്തമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമണ്, ഈ ഭാഗങ്ങളിലെ കിണര്‍, കുളം തുടങ്ങിയവയിലെ ജലം ഗാര്‍ഹിക ആവശ്യങ്ങൾക്ക്  ഉപയേഗിക്കാന്‍ പോലും സാധിക്കുന്നില്ല . 30ല്‍ പരം വരുന്ന കുടുംബങ്ങള്‍ക്ക് പൈപ്പിലുടെ എത്തുന്ന വെള്ളം തന്നെയാണ് ഏക ആശ്രയം. പ്രദേശങ്ങളിലെ മെയിന്‍ലൈനില്‍ വെള്ളം എത്തന്നുണ്ട് എങ്കിലും അതില്‍ നിന്നും ഈ പ്രദേശത്തെക്ക’ പോക്കുന്ന ലൈനില്‍ വെള്ളം കയറുനില്ല.  ബന്ധപ്പെട്ട ഉദ്യേഗസ്ഥരെ വിളിച്ച്  ജനപ്രതിനിധികളടക്കമുള്ളവര്‍ പാരതിപെട്ടെങ്കിലും ഒരു പരിഹാരശ്രമവും ഉദ്യോഗതലത്തില്‍ നിന്നും ഉണ്ടായിട്ടില്ലാന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു. തുടര്‍ന്ന് മെമ്പര്‍ ഷിബിന്‍ ആക്ലിപറമ്പിലിന്റെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വാഹനത്തില്‍ കുടിവെള്ളം എത്തിച്ച് വിതരണം ചെയ്തു .

പാലിയേറ്റിവ് കുടുംബസംഗമം നടത്തി

ഇരിങ്ങാലക്കുട : നഗരസഭയുടെയും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി പാലിയേറ്റിവ് കെയര്‍ യൂണിറ്റിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പാലിയേറ്റിവ് കുടുംബസംഗമം നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്മ്യ ഷിജു നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ അബ്‌ദുള്‍ബഷീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തൃശ്ശൂര്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ടി വി സതീശന്‍ ആമുഖപ്രഭാഷണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി സി വര്‍ഗീസ്, കൗണ്‍സിലര്‍മാരായ എം സി രമണന്‍, സോണിയ ഗിരി, സംഗീത ഫ്രാന്‍സീസ്, തൃശൂര്‍ ഡെപ്യുട്ടി ഡി എം ഒ ഡോ വി കെ മിനി, നഗരസഭാ സെക്രട്ടറി ഇന്‍ചാര്‍ജ് ഒ എന്‍ അജിത്കുമാര്‍, പാലിയേറ്റിവ് കെയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ വി സന്തോഷ്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ പി എസ് ഉണ്ണികൃഷ്ണന്‍ സ്വാഗതവും പാലിയേറ്റിവ് കെയര്‍ സ്റ്റാഫ് നേഴ്സ് സ്മിത മാനുവല്‍ നന്ദിയും പറഞ്ഞു.

സെന്‍റ് ജോസഫ്‌സ് കോളേജില്‍ നാക് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്‌സ് കോളേജില്‍ അക്കാദമിക് അഡ്മിനിസ്‌ട്രേറ്റീവ് ഓഡിറ്റ് ഫോര്‍ കോളിറ്റി എന്‍ഹാന്‍സ്മെന്‍റ് എന്ന വിഷയത്തില്‍ ഇരിങ്ങാലക്കുട നാക് സ്‌പോണ്‍സേര്‍ഡ് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. കോഴിക്കോട് ദേവഗിരി സെന്‍റ് ജോസഫ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ സിബിച്ചന്‍ എം തോമസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ സി ക്രിസ്റ്റി അധ്യക്ഷത വഹിച്ചു. ഡോ ഡേവിസ് ആന്‍റണി ആശംസകള്‍ അര്‍പ്പിച്ചു. IQAC കോര്‍ഡിനേറ്റര്‍ ഡോ ആഷ തോമസ് സ്വാഗതവും ഡോ എന്‍ ആര്‍ മംഗളാംബാള്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ സെക്‌ഷനുകളിലായി ക്ലാസുകള്‍ നടന്നു. കേരളത്തിനകത്തും പുറത്തും നിന്നുള്ള കോളേജ് അധ്യാപകരും അനധ്യാപക ജീവനക്കാരും സെമിനാറില്‍ പങ്കെടുത്തു.

ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു

ഇരിങ്ങാലക്കുട : ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. വാര്‍ഷികാഘോഷം ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ ഉദ്‌ഘാടനം ചെയ്തു. എല്‍ പി എച്ച് എം സി ജീസ് റോസ് സ്വാഗതവും ഹയര്‍ സെക്കണ്ടറി ഹെഡ്മിസ്ട്രസ്സ് സി റോസ്‌ലെറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വികര്‍ പ്രൊവിന്‍ഷ്യല്‍ സി ജോസ്‌റിറ്റ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മോണ്‍ ഡോ ലാസര്‍ കുറ്റിക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്മ്യ ഷിജു സമ്മാനദാനം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ പി വി ശിവകുമാര്‍ റിട്ടയര്‍ ചെയ്യുന്ന സുമതി ടീച്ചര്‍ക്ക് മൊമെന്റോ നല്‍കി. ലിറ്റില്‍ ഫ്‌ളവര്‍ മഠം സുപ്പീരിയര്‍ സി ജെസ്മി എന്‍ഡോവ്മെന്‍റ് വിതരണം ചെയ്തു. ഇരിങ്ങാലക്കുട ഡിഇഒ എ കെ അരവിന്ദാക്ഷന്‍, എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ സി മെറീന, അനധ്യാപക പ്രതിനിധികളായ ഫിസ്സി എം ഫ്രാന്‍സീസ്, ജിന്‍സോ ജോസ്, പി ടി എ വൈസ് പ്രസിഡന്‍റ് ജോസ് അന്തിക്കാടന്‍, സ്കൂള്‍ ലീഡേഴ്‌സ് ആയ ശലഭ ഷാജു, നിരഞ്ജന പ്രതീപ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. റിട്ടയര്‍ ചെയ്യുന്ന സംഗീത അധ്യാപിക സുമതി ടി സംഗീത കച്ചേരി നടത്തി. കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. പി ടി എ പ്രസിഡന്‍റ് പി ടി ജോര്‍ജ് നന്ദി പറഞ്ഞു.

പടിയൂര്‍ പീസ് ഇന്‍റര്‍ നാഷണല്‍ സ്‌ക്കൂള്‍ അടച്ചുപൂട്ടണമെന്നും സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും ബി ജെ പി

16101106പടിയൂര്‍ : പിഞ്ചുകുട്ടികളില്‍ തീവ്രമതവിദ്വേഷം പഠിപ്പിക്കുന്ന പടിയൂര്‍ പീസ് ഇന്‍റര്‍ നാഷണല്‍ സ്‌ക്കൂള്‍ അടച്ചുപൂട്ടണമെന്നും സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും ബി ജെ പി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഐ എസ്മായി ബന്ധമുള്ളവര്‍ ഇവിടെ വന്ന് ക്ലാസ്സെടുക്കാറുണ്ടെന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും സ്‌ക്കൂള്‍ അധികൃതര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്സെടുത്തിട്ടും അവരെ അറസ്റ്റുചെയ്യാന്‍ പോലീസ് തയ്യാറാകാത്തത് സി പി എമ്മിന്‍റെ സമ്മര്‍ദ്ദം മൂലമാണെന്നും സ്‌ക്കൂള്‍ അധികൃതര്‍ക്ക് വേണ്ട് സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നത് സി പിഎം നേതാക്കളാണെന്നും നിയോജകമണ്ഡലം കമ്മിറ്റി പറഞ്ഞു. സ്‌ക്കൂള്‍ അധികൃതരെ ഉടന്‍ അറസ്റ്റുചെയ്തില്ലെങ്കില്‍ പ്രക്ഷോഭരംഗത്തേക്കിറങ്ങുമെന്ന് ബി ജെ പി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ടി.എസ്സ്. സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി പാറയില്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസ്താവിച്ചു.

ഊര്‍ജ്ജകിരണ്‍ : സെമിനാര്‍, ചിത്രരചന മത്സരം, പ്രസംഗമത്സരം

ഇരിങ്ങാലക്കുട : ഊര്‍ജ്ജസംരക്ഷത്തിന്റെ ആവശ്യകതയെകുറിച്ചും പ്രാധാന്യത്തെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ശാസ്ത്രവേദി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള സര്‍ക്കാരിന്റെ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ കേരള, സെന്റര്‍ ഫോര്‍ എന്‍വയര്‍മെന്‍റ് എന്നീ ഏജന്‍സികളുടെ സാങ്കേതിക സഹായത്തോടെ സെമിനാര്‍ സംഘടിപ്പിക്കുന്നു. “ഊര്‍ജ്ജകിരണ്‍” എന്ന പേരില്‍ ഫെബ്രുവരി 11 ന് രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് നടത്തുന്ന സെമിനാറിന്റെ ഭാഗമായി രാവിലെ 9 മണിക്ക് ഊര്‍ജ്ജസംരക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലേ എല്‍ പി, യു പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന മത്സരവും, ഹൈസ്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗമത്സരവും നടത്തുന്നു. ഓരോ വിഭാഗത്തിലും വിജയിക്കുന്ന മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജനുവരി 31 ന് മുന്‍പായി 85471 29257, 94467 21970 എന്നീ നമ്പറുകളിലോ sasthravedhiijk@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ കണ്‍വീനര്‍ എന്‍ നാരായണന്‍കുട്ടി മാസ്റ്റര്‍, പ്രോഗ്രാം കണ്‍വീനര്‍ കെ കെ കൃഷ്ണന്‍ നമ്പൂതിരി മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു.

കാട്ടൂര്‍ കലാസദനം അഴിക്കോട്-ഹൈദരാലി അനുസ്മരണവും ചിന്താസംഗമവും 22 ന്

കാട്ടൂര്‍ : കലാസദനം നടത്തിവരുന്ന ചിന്താസംഗമം പരിപാടിയുടെ ഭാഗമായി ജനുവരി 22 ഞായറാഴ്ച്ച 3 ന് പൊഞ്ഞനം മൈതാനിയില്‍ സൗഹൃദ കൂട്ടായ്മയും അഴിക്കോട്-ഹൈദരാലി അനുസ്മരണവും സംഘടിപ്പിക്കുന്നു. മലയാള സാഹിത്യ- സാമൂഹ്യ മേഖലയ്ക്ക് വിലപ്പെട്ട സംഭാവന നല്‍കിയ ഡോ സുകുമാര്‍ അഴിക്കോടിന്‍റെ 5- ാം വാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് സാഹിത്യകാരനായ തുമ്പൂര്‍ ലോഹിതാക്ഷന്‍ സംസാരിക്കും. തുടര്‍ന്ന് ലോകപ്രശസ്തമായ കേരളീയ കലാലയ കഥകളിയെ തന്റെ വിസ്മയകരമായ ഗാനവൈഭവത്താല്‍ സമ്പന്നമാക്കിയ പ്രശസ്ത കഥകളി ഗായകന്‍ കലാമണ്ഡലം ഹൈദരാലിയെക്കുറിച്ച് അദ്ദേഹത്തിന്റെ 11- ാം ചരമ വാര്‍ഷികത്തില്‍ പ്രശസ്ത കഥകളി നടന്‍ കലാനിലയം രാഘവന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു. തുടര്‍ന്ന് “പുത്തന്‍ കറന്‍സി നയവും പൊതുജനങ്ങളും” എന്ന വിഷയത്തെക്കുറിച്ച് സാംസ്കാരിക പ്രവര്‍ത്തകനായ പി എന്‍ ലക്ഷ്മണന്‍ സംസാരിക്കും എന്ന ചിന്ത സംഗമം കണ്‍വീനര്‍ അനില്‍ ചരുവില്‍, ചെയര്‍മാന്‍ എ സി രവീന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

പൂമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സാന്ത്വന സംഗമം

അരിപ്പാലം: പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സാന്ത്വന സംഗമം നടത്തി. പാലിയേറ്റിവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.ആര്‍ വിനോദ് അദ്ധ്യക്ഷനായിരുന്നു. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ടോമി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വത്സല ബാബു, സിമി കണ്ണദാസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മിനി ശിവദാസന്‍, കവിത സുരേഷ്, ഈനാശു പല്ലിശ്ശേരി, വാര്‍ഡ് മെമ്പര്‍മാരായ കത്രിന ജോര്‍ജ്ജ്, ജോയ്‌സന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പാലിയേറ്റിവ് ദിനാചരണം എന്ന വിഷയത്തില്‍ ജെ.എച്ച്.ഐ അനില്‍ ക്ലാസെടുത്തു. പഞ്ചായത്തംഗങ്ങള്‍, പാലിയേറ്റിവ് രോഗികള്‍,ആരോഗ്യ പ്രവര്‍ത്തകര്‍, ആഷ, അംഗനവാടി പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പഞ്ചായത്തിലെ നിര്‍ദ്ധനരായ പാലിയേറ്റിവ് രോഗികള്‍ക്ക് പ്രസിഡന്റ് വര്‍ഷ രാജേഷ് സൗജന്യ ഫുഡ് കിറ്റ് വിതരണം നടത്തി.

ഇരിങ്ങാലക്കുട ചേംബര്‍ ഓഫ് മ്യൂസിക്കിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഹരി അഗ്നിശര്‍മന്‍ കപ്പിയൂരിന്റെ സംഗീത കച്ചേരി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ചേംബര്‍ ഓഫ് മ്യൂസിക്കിന്റെ ഒന്നാമത്തെ വാര്‍ഷികത്തോടനുബന്ധിച്ച് കൂടല്‍മാണിക്യം ക്ഷേത്രത്തിന് വടക്ക് വശത്തുള്ള വലിയതമ്പുരാന്‍ കോവിലകത്ത് ഹരി അഗ്നിശര്‍മന്‍ കപ്പിയൂരിന്റെ സംഗീത കച്ചേരി നടന്നു . വയല രാജേന്ദ്രന്‍ വയലിന്‍, സനോജ് പൂങ്ങാട് മൃദംഗം, കടനാട് ജി അനന്തകൃഷ്ണന്‍ ഗജിറ എന്നിവര്‍ പക്കമേളം ഒരുക്കി.  കച്ചേരി  ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ തത്സമയം സംപ്രേക്ഷണം .

ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ ജനുവരി 26ന് ടൗണ്‍ഹാളില്‍ യൂത്ത് ഫെസ്റ്റ്

ഇരിങ്ങാലക്കുട : ഡി വൈ എഫ് ഐ അഖിലേന്ത്യ സമ്മേളനം ഫെബ്രുവരി 1 മുതല്‍ 5 വരെ കൊച്ചിയില്‍ നടക്കുന്നതിന്‍റെ പ്രചരണാര്‍ത്ഥം ഇരിങ്ങാലക്കുടയില്‍ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ ജനുവരി 26 ന് ടൗണ്‍ ഹാള്‍ അങ്കണത്തില്‍ യൂത്ത് ഫെസ്റ്റ് സംഘടിപ്പിക്കും. കലാ-സാംസ്കാരിക പരിപാടികള്‍, കായിക-സാഹിത്യ മല്‍സരങ്ങള്‍, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒട്ടേറെ പരിപാടികള്‍ യൂണിറ്റ് മേഖലാ തലങ്ങളില്‍ യൂത്ത് ഫെസ്റ്റിന്‍റെ ഭാഗമായി നടന്ന് കഴിഞ്ഞു. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് നടത്തുന്ന യൂത്ത് ഫെസ്റ്റ് സുനില്‍ പി ഇളയിടം ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ യൂത്ത് ഫെസ്റ്റില്‍ പങ്കെടുക്കും. ഇരിങ്ങാലക്കുടയിലെ യുവ കലാപ്രതിഭകളുടെ വിവിധ പരിപാടികള്‍ അരങ്ങേറും. യൂത്ത് ഫെസ്റ്റ് സംഘാടക സമതി രക്ഷാധികാരികളായി സി കെ ചന്ദ്രന്‍ , പ്രൊഫ കെ യു അരുണന്‍ മാസ്റ്റര്‍ എം എല്‍ എ, വി എ മനോജ് കുമാര്‍, ടി ജി ശങ്കരനാരായണന്‍, കെ ആര്‍ വിജയ എന്നിവരെ നിശ്ചയിച്ചു. ഉല്ലാസ് കക്കാട്ട് ചെയര്‍മാന്‍, വി എ അനീഷ് കണ്‍വീനര്‍, പി സി നിമിത ട്രഷറര്‍ എന്നിവര്‍ ഭാരവാഹികളായി 101 അംഗ സംഘാടക സമതിയെയും രൂപീകരിച്ചു. അന്വേഷണങ്ങള്‍ക്ക് 9946266262, 9539707054, 9946166368 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

സേവാഭാരതിയുടെ സേവനത്തിന് അംഗീകാരമായി കെ എസ് ഇ യുടെ ആംബുലന്‍സ്

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുടക്ക് സേവനത്തിന്‍റെ അംഗീകാരമായി കെ എസ് ഇ സാമൂഹ്യ സേവന പദ്ധതിയുടെ ഭാഗമായി നല്‍കുന്ന ആംബുലന്‍സ് കെ എസ് ഇ ചെയര്‍മാന്‍ എം സി പോള്‍ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. കെ എസ് ഇ കമ്പിനി പരിസരത്ത് നടന്ന ചടങ്ങില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ പി ജോര്‍ജ് പ്രൊജക്റ്റ് അവതരണം നടത്തി. സേവാഭാരതി പ്രസിഡണ്ട് പി കെ ഉണ്ണികൃഷ്ണന് എം സി പോള്‍ വാഹനത്തിന്റെ താക്കോല്‍ കൈമാറി കെ എസ് ഇ ചീഫ് ജനറല്‍ മാനേജര്‍ ആനന്ദ്‌മേനോന്‍ സ്വാഗതവും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറും കമ്പനി സെക്രട്ടറിയുമായ ആര്‍ ശങ്കരനാരായണന്‍ നന്ദി പറഞ്ഞു.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 26 ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ജനുവരി 26 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു. മികച്ച പൂര്‍വ്വ വിദ്യാര്‍ത്ഥിനിക്കുള്ള അവാര്‍ഡ് ദാനവും കോളേജില്‍ നിന്നും വിരമിക്കുന്ന സ്റ്റാഫുകള്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടക്കും. കോളേജിലെ എല്ലാ പൂര്‍വ്വവിദ്യാര്‍ത്ഥികളും ഇതില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നതായി കോളേജ് അധികൃതര്‍ അറിയിച്ചു.

തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കുന്നത്തിനുള്ള ഓട്ടോമാറ്റിക് സംവിധാനം തകരാറില്‍

മുരിയാട് : തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയ ഓട്ടോമാറ്റിക് സംവിധാനം പരാജയപ്പെട്ടതോടെ പട്ടാപകലും ദിവസങ്ങളോളം തെരുവുവിളക്കുകള്‍ കത്തിക്കിടക്കുന്നു . ഇതു സംബന്ധിച്ച് ജനപ്രതിനിധികളും പൊതുജനങ്ങളും കെഎസ്ഇബി ഓഫിസില്‍ പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടാക്കുന്നില്ല എന്ന പരാതിയും വരുന്നു. കെഎസ്ഇബി ഓട്ടോമാറ്റിക് സംവിധാനം ഏര്‍പ്പെടുത്തിയതോടെയാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. നേരത്തെ ഓരോ പ്രദേശത്തിനും പ്രത്യേക ഫ്യൂസ് സംവിധാനമാണ് ഉണ്ടായിരുന്നത്. ജനങ്ങള്‍ തന്നെ അത് നല്ല രീതില്‍ പരിപാലിച്ചു പോന്നിരുന്നു. പഞ്ചായത്തിന്റെ പണം ഉപയോഗിച്ച് കെഎസ്ഇബി ഓട്ടോമാറ്റിക് സംവിധാനം സ്ഥാപിച്ചെങ്കിലും അവ പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. നിലവാരം കുറഞ്ഞ യന്ത്രങ്ങള്‍ സ്ഥാപിച്ചതാണ് ഇതിനു കാരണമെന്ന് ആക്ഷേപമുണ്ട്. പുതിയ ഓട്ടോമാറ്റിക് സംവിധാനം ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് താഴെ വേലി കെട്ടിനുള്ളിലാണ് സ്ഥാപിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ആര്‍ക്കെങ്കിലും പോയി അവ പ്രവര്‍ത്തിപ്പിക്കുന്നതിനും സാധിക്കുന്നില്ല. ഒരിക്കല്‍ പ്രകാശിച്ചാല്‍ അത് ദിവസങ്ങളോളം രാവും പകലും പ്രകാശിച്ചു കൊണ്ടിരിക്കും. ഇല്ലാതായാലും അങ്ങനെ തന്നെ. ഒന്നുകില്‍ ഇവ നല്ല രീതിയില്‍ പ്രവര്‍ത്തനക്ഷമമാക്കുക. അല്ലെങ്കില്‍ പഴയ പോലെ ഫ്യൂസ് സ്ഥാപിക്കുക എന്നതാണ് നാട്ടുക്കാരുടെ ആവശ്യം.

ഓട്ടോമാറ്റിക് സംവിധാനത്തിലെ റിലേ സിസ്റ്റം കേടായതുമൂലമാണ് ഇപ്പോളത്തെ പ്രതിസന്ധി ഉടലെടുത്തതെന്നു കെഎസ്ഇബി അധികൃതര്‍ പറയുന്നു. ഗ്യരന്‍ഡി ഉള്ളതിനാല്‍ വിതരണം ചെയ്ത കമ്പനി പ്രധിനിധി ഡല്‍ഹിയില്‍ നിന്നും വന്നു ശരിയാക്കുമെന്നും ഇതിനായി ഒരാഴ്ചകൂടി എടുക്കുമെന്ന് അവര്‍ പറഞ്ഞു. മുരിയാട് പഞ്ചായത്തിലും ഇരിങ്ങാലക്കുട നഗരസഭയിലും തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയ ഓട്ടോമാറ്റിക് സംവിധാനം നടപ്പിലാക്കി വരുന്നുണ്ട് .

Top
Menu Title