News

Category: Latest

വിദ്യാര്‍ഥിനികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : മുനിസിപ്പാലിറ്റി എസ് സി/ എസ് ടി വിഭാഗത്തില്‍പ്പെട്ട വിദ്യാത്ഥികളുടെ ഉന്നമനത്തിന് വേണ്ടി നല്‍കുന്ന സൈക്കിളുകളുടെ വിതരണോത്ഘാടനം ഇരിങ്ങാലക്കുട ഗവ: ഗേള്‍സ് ഹൈസ്ക്കൂളില്‍ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജൂ നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ആര്‍ ഷാജു അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സി വര്‍ഗ്ഗിസ് ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ടി.വി. രമണി, ഷര്‍മ്മിള ചിദംബരം സ്റ്റാഫ് സെക്രട്ടറി സി.എസ്.അബ്ദുള്‍ ഹക്ക് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

അടിയന്തിരാവസ്ഥ ഓര്‍മ്മയും താക്കീതും – സെമിനാര്‍ 24ന്

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം മേഖല കമ്മിറ്റി, ഡിവൈഎഫ്‌ഐ യുടെയും എസ്എഫ്‌ഐ യുടെയും സഹകരണത്തോടെ 24ന് അടിയന്തിരാവസ്ഥ ഓര്‍മ്മയും താക്കീതും എന്ന സെമിനാര്‍ നടത്തും. എസ്എന്‍ ക്ലബ്ബ്ഹാളില്‍ 2:30ന് പ്രൊഫ കെഇഎന്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും പ്രൊഫ കെ.യു. അരുണന്‍ എംഎല്‍എ, പ്രൊഫ എം.വി. നാരായണന്‍, പോള്‍ കോക്കാട്ട് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ദ ഫൈനല്‍ സൊല്യൂഷന്‍ എന്ന സിനിമ പ്രദര്‍ശിപ്പിക്കും.

കരനെല്‍കൃഷിക്ക് സബ്‌സിഡി

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി കൃഷിഭവന്‍ പരിധിയിലെ കരനെല്‍കൃഷിക്ക് കൃഷിഭവനില്‍ നിന്നും സബ്‌സിഡി നല്‍കുന്നതാണെന്നും കരനെല്‍കൃഷിക്ക് അനുയോജ്യമായ പ്രത്യാശഇനം നെല്‍വിത്ത് സ് റ്റോക്ക് എത്തിയിട്ടുണ്ടെന്നും കൃഷി ഓഫീസര്‍ അറിയിച്ചു. താല്‍പ്പര്യമുള്ള കര്‍ഷകര്‍ ജൂണ്‍ 26 നകം ഭൂനികുതി രശീതി പകര്‍പ്പ് സഹിതം കൃഷി ഭവനിലെത്തണം. ഫോണ്‍ – 0480 2885090.

ഗതാഗതകുരുക്കില്‍ പെടാതിരിക്കാനായി അന്യവാഹനങ്ങള്‍ ബസ്സ് സ്റാന്‍ഡിലൂടെ ‘ഷോര്‍ട്ട് കട്ട്’ എടുക്കുന്നത് പതിവ് കാഴ്ചയാകുന്നു

ഇരിങ്ങാലക്കുട : അനധികൃതമായി നഗരസഭ ബസ്സ് സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്ന അന്യ വാഹനങ്ങള്‍ യാത്രക്കാര്‍ക്കും ബസ്സുകള്‍ക്കും അപകട സാധ്യത ഉണ്ടാക്കുന്നു. പോസ്റ്റ് ഓഫീസ് റോഡില്‍ ഗതാഗത തടസ്സം ഉണ്ടാകുമ്പോള്‍  ഇരുചക്ര വാഹനങ്ങളും സ്വകാര്യ കാറുകളും ഗതാഗതകുരുക്കില്‍ പെടാതിരിക്കാന്‍ എളുപ്പമാര്‍ഗമെന്ന നിലയിലാണ് ബസ്സ് സ്റ്റാന്‍ഡിനു ഉള്ളിലൂടെ ‘ഷോര്‍ട്ട് കട്ട്’ എടുക്കുന്നത് . ബസ്സുകള്‍ അകത്തേക്ക് വരുന്ന വഴിയിലൂടെ അപ്രതീക്ഷിതമായി കടന്നുവരുന്ന മറ്റു വാഹനങ്ങള്‍ ഇവിടെ ഇപ്പോള്‍ പതിവ് കാഴ്ചയായിരിക്കുകയാണ് . ബസ്സ് സ്റ്റാന്‍ഡില്‍ പലപ്പോഴും പോലീസുകാര്‍ ഉണ്ടാകാറില്ല . ബസ്സ് സ്റ്റാന്‍ഡിനു അകത്തു കടക്കുന്ന അന്യവാഹങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ അമിത വേഗതയിലാണ് പോകുന്നത് . ഇത് ബസ്സ് സ്റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാര്‍ക്ക് അപകട സാധ്യതകള്‍ ഉണ്ടാക്കുന്നു. അന്യദേശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ സൂചന ബോര്‍ഡ് ഇല്ലാത്തതുമൂലം പലപ്പോഴും സ്റ്റാന്‍ഡില്‍ അകപ്പെടാറുണ്ട് . സ്കൂളുകളും കോളേജുകളും വിട്ടിട്ടു പോകുന്ന  സമയങ്ങളില്‍ നിരവധി ബൈക്കുകളും ബസ്സ് സ്റാന്‍ഡിലൂടെ ദിനംപ്രതി കടന്നു പോകുന്നുണ്ട് .

പരിസര ശുചീകരണ പരിപാടി സംഘടിപ്പിച്ചു

മാപ്രാണം : ‘ ജീവനുള്ള ഭൂമിക്കായ് ‘ എന്ന സന്ദേശവുമായി വിന്നേഴ്സ് ആര്‍ട്ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് നേതൃത്വത്തില്‍ പരിസര ശുചീകരണ പരിപാടി സംഘടിപ്പിച്ചു. നഗരസഭ കൗണ്‍സിലര്‍ അബ്ദുള്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ആര്‍.എല്‍.ശ്രീലാല്‍, എക്സിക്യുട്ടിവ് അംഗങ്ങളായ വി.ബി.കണ്ണന്‍, റിനു റാഫി, ക്ലബ്ബ് മെമ്പര്‍മാരായ സനീഷ്.എം.എസ്, ജിതിന്‍.പി.സി, ഷാഹിര്‍.കെ.എന്‍, അതുല്‍.പി.എസ്, സുധീഷ്.വി.എസ് എന്നിവര്‍ നേതൃത്വം നല്‍കി.

എസ് എന്‍ ടി ടി ഐ യില്‍ യോഗാദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : അന്താരാഷ്‌ട്ര യോഗദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട എസ് എന്‍ ടി ടി ഐ യിലെ ഡി എഡ് വിദ്യാര്‍ത്ഥികള്‍ക്കായി യോഗ ക്ലാസ്സ് സംഘടിപ്പിച്ചു. യോഗാചാര്യനായ അജയകുമാര്‍ ക്ലാസ്സ് നയിച്ചു. എ.ബി.മൃദുല, ഹണിമോള്‍.എ.എം എന്നിവര്‍ സംസാരിച്ചു.

കേരള ഫീഡ്സിനു മുന്നില്‍ ഉപരോധ സമരം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

ഇരിങ്ങാലക്കുട : പത്ത് മാസത്തിലധികമായി നഷ്ടപെട്ട തൊഴില്‍ ഉടന്‍ പുനഃസ്ഥാപിക്കുക എന്നാവശ്യപ്പെട്ട് കേരള ഫീഡ്സിലെ ’24 വിഭാഗം’ കയറ്റിറക്കു തൊഴിലാളി യൂണിയന്‍ സി ഐ ടി യു യൂണിയന്റെ ആഭിമുഖ്യത്തില്‍ കല്ലേറ്റുംകര കേരളഫീഡ്സ് കമ്പനിക്ക് മുന്നില്‍ ബുധനാഴ്ച രാവിലെ മുതല്‍ ഉപരോധ സമരം നടത്തിയവരെ കൊടകര എസ് ഐ കെ ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂണിയന്‍ പ്രസിഡണ്ട് കെ ആര്‍ ജോജോ, സെക്രട്ടറി ബിജു കെ എ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. അറസ്റ്റിനെ തുടര്‍ന്ന് വ്യാഴാഴ്ച്ച മുതല്‍ തൊഴിലാളികള്‍ മരണം വരെ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് അന്താരാഷ്ട്ര യോഗാദിനാചരണവും ഏകദിന യോഗ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ രണ്ട്‌ സ്കൗട്ടുകളെയും ഗൈഡുകളെയും യൂണിറ്റ് ലീഡര്‍മാരെയും ഉള്‍പ്പെടുത്തി വിപുലമായ രീതിയില്‍ യോഗാചാര്യന്മാരായ രതീപ്, അഞ്ജലി . സിജു എന്നിവരുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട കെ എസ് പാര്‍ക്കില്‍ യോഗ ബോധവത്കരണ ക്ലാസും പരിശീലനവും നല്‍കി. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു യോഗാദിനം ഉദ്ഘാടനം ചെയ്തു.  ജില്ലാ ജോ.സെക്രട്ടറി റെനി , ജില്ലാ ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ കെ ഡി ജയപ്രകാശ് , ജില്ലാ കമ്മീഷണര്‍ എന്‍ സി വാസു , ജില്ലാ ട്രഷറര്‍ കെ വി സുശീല്‍ , എന്നിവര്‍ പങ്കെടുത്തു. ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 150 -ഓളം സ്കൗട്ടുകളും , ഗൈഡുകളും അധ്യാപകരും പരീശീലനത്തില്‍ പങ്കെടുത്തു . ജില്ലാ സെക്രട്ടറി പി ജി കൃഷ്ണനുണ്ണി സ്വാഗതവും ജില്ലാ ഹെഡ് ഹെഡ്‍കോര്‍ട്ടേഴ്‌സ് കമ്മീഷ്ണര്‍ വി ബി പ്രസാദ് നന്ദിയും പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തില്‍ ഭരണവര്‍ഗങ്ങള്‍ക്ക് ഇരട്ടത്താപ്പ് – പ്രൊഫ. കുസുമം ജോസഫ്

പടിയൂര്‍: പരിസ്ഥിതി സംരക്ഷണത്തില്‍ ഭരണവര്‍ഗ്ഗത്തിന് ഇരട്ടത്താപ്പാണെന്ന് പ്രൊഫ. കുസുമം ജോസഫ് അഭിപ്രായപ്പെട്ടു.  അതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്ന സി.പി.ഐ ഭരിക്കുന്ന പഞ്ചായത്താണ് പടിയൂര്‍. എന്നാല്‍ ഇവിടത്തെ ഉള്‍നാടന്‍ ജലാശയങ്ങള്‍ സംരക്ഷിക്കാനോ, മത്സ്യതൊഴിലാളികളുടെ തൊഴിലിടം സംരക്ഷിക്കാനോ അവര്‍ തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മത്സ്യകാപ്പ് ലേലം അനുവദിക്കരുത്, മലിനീകരണം തടയുക തുടങ്ങിയ വിവിധ ആവശ്യങ്ങളുമായി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പടിയൂര്‍ പഞ്ചായത്തിലേക്ക് നടന്ന ബഹുജനമാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പടിയൂര്‍ പഞ്ചായത്തിലെ മത്സ്യകാപ്പുകള്‍ സ്വകാര്യലോബികള്‍ക്ക് ലേലം ചെയ്യുന്നതും അവിടേക്കുള്ള ജനങ്ങളുടെ പ്രവേശനം തടയുന്നതും അങ്ങേയറ്റം ക്രൂരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കെ.എം.ടി.യു ജില്ലാ പ്രസിഡണ്ട് ഇ.ജെ സ്റ്റീഫന്‍ അദ്ധ്യക്ഷനായിരുന്നു. ബള്‍ക്കീസ് ഭാനു, പി.എന്‍. സുരന്‍, കെ.വി. സനല്‍, ഡി.ഐ.എസ്.എ ജില്ലാപ്രസിഡണ്ട് പ്രകാശന്‍ അറയ്ക്കല്‍, എം.ഐ. ഷമീര്‍, കെ.കെ. ശിവദാസന്‍, ഇ.എസ്. സുധര്‍മ്മന്‍, രജു അരിപ്പാലം എന്നിവര്‍ സംസാരിച്ചു. രാഗി ഷാജി, സി.കെ. സതീഷ്, പ്രിയേഷ്, ടി.ടി. ലാലു, പി.കെ. ഗിരീഷ്, ടി.എ. സുമേഷ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

റോഡിലെ കുഴിയില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ റീത്ത് വച്ച് പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : നഗരസഭ ബസ്സ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നിടത്ത് റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ട് മാസങ്ങള്‍ ഏറെയായിട്ടും നഗരസഭ അധികൃതര്‍ തിരിഞ്ഞു നോക്കാത്തതില്‍ പ്രതിഷേധിച്ച് പോസ്റ്റ്ഓഫീസിനു സമീപത്തെ നമ്പര്‍ 10 ഓട്ടോറിക്ഷ പേട്ടയിലെ തൊഴിലാളികള്‍ റോഡിലെ കുഴിയില്‍ റീത്ത് വച്ച് പ്രതിഷേധിച്ചു . ഈ കുഴിയില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ വീണ് ഇവിടെ അപകടങ്ങള്‍ പതിവാകുന്നു. വി സി രമേശ് ,ഉല്ലാസ് പൊയ്യാറ , ശശി കെ ആര്‍ , മുരളി ,ഫ്രാങ്ക്‌ളിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

നവീകരണം പൂര്‍ത്തിയാക്കിയ കൂടല്‍മാണിക്യം കൂത്തമ്പലത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തുടക്കമായി

ഇരിങ്ങാലക്കുട : നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച നിര്‍മ്മാണ തൊഴിലാളികളേയും ആര്‍ക്കോളജി ഉദ്യോഗസ്ഥരേയും ആദരിച്ചു. ക്ഷേത്രം കിഴക്കെ നടപ്പുരയില്‍ നടന്ന സമാദരണ ചടങ്ങില്‍ ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍ ദേവസ്വത്തിന്റെ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ദേവസ്വം അംഗങ്ങളായ വിനോദ് തറയില്‍, രാമചന്ദ്രന്‍, അശോകന്‍ ഐത്താടന്‍, ദേവസ്വം ജീവനക്കാര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ വിവിധ പൂജകള്‍, അധിവാസ ഹോമം, ദ്രവ്യകലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, പരികലശാഭിഷേകം, ഉച്ചപൂജ, വൈകീട്ട് കൂത്തമ്പലത്തില്‍ പരിഗ്രഹണം, തുടര്‍ന്ന് മുളയിടല്‍, മുളപൂജ എന്നിവ നടന്നു. ബുധനാഴ്ച വൈകീട്ട് നൂലുമാല ചുറ്റി സംരക്ഷിക്കല്‍ നടക്കും.

വെള്ളക്കെട്ട് : കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്തതില്‍ ബിജെപി പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : പൊതുമരാമത്ത് തോടിന് കുറുകെ സ്വകാര്യവ്യക്തി നിയമവിരുദ്ധമായി നിര്‍മ്മിച്ച കരിങ്കല്‍കെട്ടും സ്ലാബും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തതിന്റെ പേരില്‍ കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത പോലീസ് നടപടി നിയമവിരുദ്ധമാണെന്ന് ബിജെപി മുനിസിപ്പല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. കനത്തമഴയില്‍ കൂടല്‍മാണിക്യംക്ഷേത്രത്തിന്റെ തെക്കേനടയിലെ പാടശേഖരവും പരിസരത്തെ വീടുകളും വെള്ളത്തില്‍ മുങ്ങി. പരിസരപ്രദേശത്തെ വെള്ളം മുഴുവന്‍ പോയിരുന്ന പിഡബ്ല്യുഡി തോട് സ്വകാര്യവ്യക്തികള്‍ അടച്ചുകെട്ടി തങ്ങളുടെ നിലയിലേക്ക് വഴിയുണ്ടാക്കിയത് മൂലമാണ് വെള്ളക്കെട്ടുണ്ടായത്. പൊതുമരാമത്ത് തോടിന് മുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുവാന്‍ പൊതുമരാമത്ത് വകുപ്പോ നഗരസഭയോ ഇവര്‍ക്ക് അനുവാദം നല്‍കിയിട്ടില്ല. വെള്ളക്കെട്ട് ഒഴിവാക്കുവാന്‍ വേണ്ടി കൗണ്‍സിലര്‍മാര്‍ തോട്ടിലെ തടസ്സങ്ങള്‍ നീക്കം ചെയ്യുകയാണ് ചെയ്തതെന്ന് ബിജെപി പറഞ്ഞു. തോട്ടില്‍ കരിങ്കല്‍കെട്ടുമൂലം വെള്ളക്കെട്ട് ഉള്ളതായി നഗരസഭ എഞ്ചിനിയറിംഗ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ ജനകീയ വിഷയത്തില്‍ ബിജെപി കൗണ്‍സിലര്‍മാരെ കേസില്‍ കേസില്‍ കുടുക്കുവാന്‍ വേണ്ടി ഇരിങ്ങാലക്കുട സി.ഐ. അമിതമായ ആവേശമാണ് കാണിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. കഴിഞ്ഞ മൂന്നു ദിവസങ്ങളായി സി.ഐ. പി ഡബ്ല്യു ഡി ഓഫിസിലേക്ക് നിരന്തരമായി വിളിച്ച് പൊതുമരാമത്ത് വകുപ്പ്തല പരാതി കൗണ്‍സിലര്‍മാര്‍ക്കെതിരെ തരാന്‍വേണ്ടി നിര്‍ബന്ധിക്കുകയാണ്. കൗണ്‍സിലര്‍മാരെ ജാമ്യമില്ലാ കേസില്‍ കുടുക്കുവാന്‍ വേണ്ടി പോലീസ് നടത്തുന്ന അധികാര ദുര്‍വിനിയോഗത്തിനെതിരെ ബിജെപി ശക്തമായി രംഗത്തുവരുമെന്ന് ബിജെപി പറഞ്ഞു. മുനിസിപ്പല്‍ പ്രസിഡണ്ട് വി.സി.രമേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ ഷൈജു കുറ്റിക്കാട്ട്, സൂരജ് നമ്പ്യങ്കാവ്, ജനറല്‍ സെക്രട്ടറി സന്തോഷ് ബോബന്‍, സെക്രട്ടറി വിജയന്‍ പാറേക്കാട്ട് എന്നിവര്‍ സംസാരിച്ചു.

related news : 
വെള്ളക്കെട്ടിനെത്തുടര്‍ന്ന് സ്വകാര്യ വ്യക്തിയുടെ സ്ളാബ് പൊളിച്ച രണ്ടു നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കെതിരെ പോലീസ് കേസ് എടുത്തു

സ്പെഷ്യല്‍ സബ്ബ് ജയില്‍ സമുച്ചയ നിര്‍മ്മാണം പുനരാരംഭിക്കുന്നു – മധ്യമേഖലാ ഡി ഐ ജി സ്ഥലം സന്ദര്‍ശിച്ചു

ഇരിങ്ങാലക്കുട : ആധുനിക സൗകര്യങ്ങളോടെ ഇരിങ്ങാലക്കുടയ്ക്ക് അനുവദിച്ച സ്പെഷ്യല്‍ സബ്ജയില്‍ സമുച്ചയനിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ വേണ്ടി മധ്യമേഖലാ ഡി ഐ ജി സാം തങ്കയ്യന്‍ സ്ഥലം സന്ദര്‍ശിച്ചു. സിവില്‍ സ്റ്റേഷന്‍ കൊമ്പോണ്ടിനോട് ചേര്‍ന്നുള്ള 2 ഏക്കര്‍ 14 സെന്റ്‌ സ്ഥലത്ത് 15000 സ്‌ക്വയര്‍ഫീറ്റ്, 3 നിലകളോട് കൂടി 200 പ്രതികള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ്‌ പ്രഖ്യാപിച്ചിരുന്നത്. ഇതിനായി 10 കോടി 60 ലക്ഷം രൂപ എസ്റ്റിമേറ്റ് എടുക്കുകയും അനുവദിക്കുകയും ചെയ്തിരുന്നു. നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി വരുന്നതിനിടയ്ക്കാണ് അനുവദിച്ച തുകയില്‍ നിന്ന് പഴയ സര്‍ക്കാര്‍ 8 കോടി വകമാറ്റി തിരിച്ചെടുത്തത്. ഈ 8 കോടി മറ്റൊരു ജയിലിന് വേണ്ടി നല്‍കുകയും ചെയതായി വാര്‍ത്ത വന്നിരുന്നു. ഇതോടെ ലഭിച്ച 2 കോടിയില്‍ 1.8 കോടിയുടെ നിമ്മാണം ഇപ്പോള്‍ പൂര്‍ത്തിയായി. ബാക്കി 20 ലക്ഷം ഇലട്രീഫിക്കേഷന്‍ ജോലിക്കായി വകയിരിത്തിയിട്ടുണ്ട് . പക്ഷെ ഇപ്പോള്‍ 2 വര്‍ഷത്തിലധികമായി പണം ലഭിക്കാത്തതു കൊണ്ട് ജയില്‍ സമുച്ചയ നിര്‍മ്മാണം സ്തംഭനാവസ്ഥയിലായിരുന്നു . ഇതിനെ തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു
അരുണന്‍ മാസ്റ്റര്‍ക്ക് നിവേദനം നല്‍കുകയും , അതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നിര്‍മ്മാണം സ്തംഭനാവസ്ഥയിലായ ഇരിങ്ങാലക്കുട സ്പെഷ്യല്‍ സബ്‌ ജയിലിനു 8 കോടി രൂപ അനുവദിച്ചിട്ടുണ്ട് . ഇതിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് മധ്യമേഖലാ ഡി ഐ ജി ചൊവ്വാഴ്ച ഉച്ചക്ക് നിര്‍മാണത്തിലിരിക്കുന്ന സ്പെഷ്യല്‍ സബ്ബ് ജയിലില്‍ എത്തിയത് .നിര്‍മ്മാണ ചുമതലയുള്ള പി ഡബ്ള്യൂ ഡി ക്കു പണം നല്‍കിയതായും എത്രയും പെട്ടന്നു നിര്‍മ്മാണം പുനരാരംഭിക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ അനുവദിച്ച തുക കൊണ്ട് ഒന്നാം നിലയിലെ പ്ലാസ്റ്ററിങ് , ഫ്ളോറിങ് , ഇലക്ട്രിഫിക്കേഷന്‍ , സാനിറ്ററിങ് എന്നിവ പൂര്‍ത്തീകരിക്കുകയും രണ്ടാം നില പൂര്‍ണമായും പണിയുകയും ചുറ്റുമതില്‍ കെട്ടുകയും ചെയ്യും . സ്പെഷ്യല്‍ ഓഫീസര്‍ സുധീര്‍ ടി റീജിണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ സുനില്‍കുമാര്‍ ,സ്പെഷ്യല്‍ സബ്ബ് ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരായ കെ ജെ ജോണ്‍സണ്‍ , എല്‍ ശിവദാസ് , അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ പി വി ബൈജു പി ഡബ്ള്യൂ ഡി ഉദ്യോഗസ്ഥരും സന്നിതരായിരുന്നു .

സബ്ബ് ജയിലില്‍ യോഗ പരീശീലന ക്ലാസ് നടത്തി

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര യോഗദിനാചരണത്തോടു അനുബന്ധിച്ചു ഇരിങ്ങാലക്കുട സ്പെഷ്യല്‍ സബ് ജയിലില്‍ യോഗ പരിശീലന ക്ലാസ് നടത്തി . സ്പെഷ്യല്‍ സബ്ബ് ജയിലിലെ അന്തേവാസികള്‍ക്കുവേണ്ടി സംഘടിപ്പിച്ച യോഗ പരിശീലന ക്ലാസ് മാള ജ്യോതിര്‍മഠം ഡയറക്ടര്‍ സിനീഷ് നാരായണന്‍ നേതൃത്വം നല്‍കി. സ്പെഷ്യല്‍ സബ്ബ് ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം യോഗ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരായ കെ ജി ജോണ്‍സണ്‍ സ്വാഗതവും സജി എം ജേക്കബ്ബ് നന്ദിയും രേഖപ്പെടുത്തി .യോഗ പരീശീലനം മൂലം ആയുസ് ,ആരോഗ്യം ,ആനന്ദം എന്നിവ ലഭിക്കുമെന്നും , മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിയുമെന്നും ഡയറക്ടര്‍ സിനീഷ് നാരായണ്‍ അഭിപ്രായപ്പെട്ടു . ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരായ എല്‍ ശിവദാസന്‍ , കെ ആര്‍ ആല്‍ബി , അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ എ ശശിധരന്‍ , പി ജി ബിനോയ് , പി വി ബൈജു എ ബി രതീഷ് , എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു . സ്പെഷ്യല്‍ സബ്ബ് ജയിലിലെ മുഴുവന്‍ അന്തേവാസികള്‍ക്കും വേണ്ടി ഒരാഴ്ചക്കാലം സൗജന്യമായി ക്ലാസ് സംഘടിപ്പിക്കുമെന്ന് ഡയറക്ടര്‍ ഉറപ്പ് നല്‍കി .

ചാതുര്‍വര്‍ണ്ണ്യം പുനസ്ഥാപിക്കുകയാണ് മോദി സര്‍ക്കാറിന്റെ ലക്ഷ്യം; ബിനോയ് വിശ്വം

ഇരിങ്ങാലക്കുട : രാജ്യത്ത് ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥ പുനസ്ഥാപിക്കാനുള്ള ആസൂത്രിത നീക്കമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്ന് സി.പി.ഐ ദേശീയ എക്‌സി. അംഗം ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കുട്ടംകുളം സമരത്തിന്റെ എഴുപതാം വാര്‍ഷികം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീതിയുടേയും ഭീഷണിയുടേയും അന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളെ വരുതിയിലാക്കാനാണ് അധികാരികളുടെ ശ്രമം. രാഷ്ട്രപതി സ്ഥാനത്ത് ഒരു ദളിതനെ അവരോധിച്ചുകൊണ്ട് തങ്ങളുടെ പാപങ്ങള്‍ മറച്ചുവെക്കാമെന്നാണ് ബി.ജെ.പി മോഹിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. നവകേരളം കെട്ടിപ്പെടുക്കുന്നതിന് നവോത്ഥാന സമരങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ടി.കെ സുധീഷ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, കെ. ശ്രീകുമാര്‍, എം.ബി ലത്തീഫ്, മണ്ഡലം സെക്രട്ടറി പി. മണി, അസി. സെക്രട്ടറി എന്‍.കെ ഉദയപ്രകാശ് എന്നിവര്‍ സംസാരിച്ചു.

Top
Menu Title