News

Category: Latest

ഭാരതീയ വിദ്യാനികേതന്‍ ജില്ല പ്രതിനിധി സമ്മേളനം ജൂണ്‍ 27 ന്

14062501വെള്ളാങ്കലുര്‍ : വിദ്യാഭ്യാസ രംഗത്ത് ദേശിയോത്മുഖമായ പരിവര്‍ത്തനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഭാരതത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ഇതര വിദ്യാഭ്യാസ സ്ഥാപനമായ വിദ്യാഭാരതി അഖില ഭാരതീയ ശിക്ഷാ സംസ്ഥാന്റെ കേരള ഘടകമായ ഭാരതീയ വിദ്യാനികേതന്റെ ജില്ല പ്രതിനിധി സമ്മേളനം ജൂണ്‍ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ശ്രീ ഭുവനേശ്വരി വിദ്യാനികേതന്‍ ,പൂമംഗലം വിദ്യാലയത്തിന്റെ ആതിഥെയത്തിൽ പി സി കെ ഓഡിറ്റോറിയം വെള്ളാങ്കല്ലുരില്‍ വച്ച് നടക്കും.കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ പി രാജേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ടി എന്‍ രാമന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ബിജോയ്‌ മാസ്റ്റര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ഭാരതീയ വിദ്യാനികേതന്‍ ജില്ല പ്രസിഡണ്ട് ടി എന്‍ രാമൻ , ശ്രീ ഭുവനേശ്വരി വിദ്യാനികേതന്‍ പ്രസിഡണ്ട് കാര്‍ത്തികേയന്‍ ,രക്ഷാധികാരി സുരീന്ദ്രനാഥ്, പ്രിന്‍സിപ്പാള്‍ ബിനി ജോഷി ,വി ബി കര്‍ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പ് ഇരിങ്ങാലക്കുടയില്‍

14062406ഇരിങ്ങാലക്കുട: തൃശ്ശൂര്‍ ജില്ലാ സൈക്കിള്‍ പോളോ അസോസിയേഷന്റെ നേതൃത്വത്തില്‍ 21 മുതല്‍ ഇരിങ്ങാലക്കുട ക്രൈസ്റ് കോളേജ് ഗ്രൌണ്ടില്‍ നടന്നുവരുന്ന സംസ്ഥാന സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പ് ബുധാഴ്ച സമാപിക്കും. സബ്ബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, പുരുഷ, വനിത ടീമുകളടക്കം 14 ജില്ലകളില്‍ നിന്നായി 600ഓളം പേരാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ബുധാഴ്ച നടക്കുന്ന ഫൈനലുകളില്‍ എല്ലാ വിഭാഗത്തിലും തിരുവനന്തപുരം ആലപ്പുഴയെ നേരിടും. ഉച്ചതിരിഞ്ഞ് 4ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വെച്ച് ക്രൈസ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഫാ. ജോസ് തെക്കന്‍ സമ്മാദാനം നടത്തും. സൈക്കിള്‍ പോളോ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഇ.എസ് ജോസ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി എ.എം.കെ നിസാര്‍, അന്തര്‍ദേശിയ സൈക്കിള്‍ പോളോ താരം പി. ശിവകുമാര്‍, ദേശീയ താരങ്ങളായ ഇ.കെ റിയാസ്, ജിതിന്‍ രാജ്, ജേക്കബ്ബ് ജെ. ആലപ്പാട്ട് തുടങ്ങിയവര്‍ പത്രസമ്മേളത്തില്‍ പങ്കെടുത്തു.14062410

കരുവന്നൂര്‍ ബാങ്കിന്റെ ഞാറ്റുവേലചന്ത ശ്രദ്ധേയമാകുന്നു

14062409കരുവന്നൂര്‍: കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഞാറ്റുവേലചന്തയ്ക്ക് തിരക്കേറുന്നു. ദിനംപ്രതി നൂറുകണക്ക്നു ആളുകളാണ് ചന്തയില്‍ സന്ദര്‍ശനം നടത്തി ഫലവൃക്ഷങ്ങള്‍ ഉള്‍പ്പടെയുള്ള നടീല്‍ വസ്തുക്കള്‍ വാങ്ങുന്നത്. വിവിധ ഇനം മാവിന്‍തൈകള്‍, റംബൂട്ടന്‍, മാംഗോസ്റ്റിന്‍, ഫിലോസാന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, മലേഷ്യന്‍ ചാമ്പ, മുള്ളാത്ത, ലാല്‍സെറ്റ്, സ്ട്രോബറി, ഇസ്രയേല്‍ അത്തി, സ്റ്റാര്‍ ഫ്രൂട്ട്, പിസ്ത എന്നിവയും, വിവിധ ഇനം തെങ്ങിന്‍ തൈകള്‍, ജാതി, കുരുമുളക്, ടിഷ്യുവാഴ, നക്ഷത്രവനം, കാര്‍ഷികോപകരണങ്ങള്‍, കുടുംബശ്രി സ്റാള്‍, മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യയുടെ വിവിധ ഉല്‍പ്പന്നങ്ങള്‍, ഹെര്‍ബല്‍ അടക്കമുള്ള ഔഷധസസ്യങ്ങളുടെ പ്രത്യേക പവലിയന്‍, പച്ചക്കറി വിത്തുകള്‍ എന്നിവയും ഞാറ്റുവേല ചന്തയെ സമ്പന്നമാക്കുന്നു. ഇതിന്റെ ഭാഗമായി നഗരസഭ പ്രദേശത്തെ വിവിധ സ്കൂളുകളിലെ ഹരിതക്ളബ്ബുകളിലെ 500ഓളം കുട്ടികള്‍ക്ക് ടിഷ്യു വാഴതൈകളും, പച്ചക്കറി തൈകളും വിതരണം ചെയ്തു. സിനിമാതാരം ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. ടി.എസ് ബൈജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ആര്‍ സുനില്‍കുമാര്‍, ടി.ആര്‍ ഭരതന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും ചക്കക്കുരു പായസം വിതരണം ചെയ്തു. വെള്ളിയാഴ്ച മുതല്‍ ചക്കകൊണ്ടുണ്ടാക്കിയ വിവിധ തരം ഉല്‍പ്പന്നങ്ങളുടേയും, മുയല്‍ ഇറച്ചി ഉപയോഗിച്ചുള്ള വിവിധ തരം ഉല്‍പ്പന്നങ്ങളുടേയും പ്രദര്‍ശനവും വില്‍പ്പനയും ഞാറ്റുവേലചന്തയില്‍ ഒരുക്കുന്നുണ്ട്. ഞാറ്റുവേല ചന്ത ഞായറാഴ്ച സമാപിക്കും.

സമൂഹത്തിന്റെ വ്യത്യസ്ത ചുമതലകള്‍ ഏറ്റെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാവണം : സി എന്‍ ജയദേവന്‍ എം പി

14062408ആനന്ദപുരം: സമൂഹത്തിന്റെ വ്യത്യസ്ത ചുമതലകള്‍ ഏറ്റെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാവണമെന്ന് സി എന്‍ ജയദേവന്‍ എം പി.പറഞ്ഞു. ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളില്‍ നടന്ന അനുമോദനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. പി ടി എ പ്രസിഡണ്ട് കെ ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് ടി ജി ശങ്കരനാരായണന്‍ എസ് എസ് എല്‍ സി വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു. സൗജന്യ യൂണിഫോം വിതരാണോദ്ഘാടനം മാനേജ്മെന്റ് പ്രതിനിധി എ എന്‍ നീലകണ്ഠന്‍ നമ്പൂതിരി നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത് അംഗം നളിനി ബാലകൃഷ്ണന്‍ പഠനോപകരണം വിതരണം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം കെ കെ സന്തോഷ്‌ ,പ്രിന്‍സിപ്പാള്‍ ബി സജീവ്‌,മാതൃസംഘം പ്രസിഡണ്ട് തുഷം സൈമണ്‍ ,ഡെപ്യുട്ടി ഹെഡ്മിസ്ട്രെസ്സ് ആര്‍ വത്സല ,എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടിയ അഖില സുരേഷ്, ആകാശ് എ മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഹെഡ്മിസ്ട്രെസ്സ് എം സുനന്ദ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബി ബിജു നന്ദിയും പറഞ്ഞു.

കാര്‍ഷിക, വിദ്യാഭ്യാസ മേഖലയ്ക്ക് മുന്‍ഗണന : സി എന്‍ ജയദേവന്‍

14062402ഇരിങ്ങാലക്കുട: കാര്‍ഷിക വിദ്യാഭ്യാസ മേഖലയ്ക്കാണ് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ താന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് സി എന്‍ ജയദേവന്‍ എം പി.ഇരിങ്ങാലക്കുട പ്രസ്‌ ക്ലബില്‍ നടന്ന മീറ്റ്‌ ദ പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ഇരിങ്ങാലക്കുട റയില്‍വേ സ്റ്റേഷന്‍ ആദര്‍ശ് പദവിക്കനുസരിച്ചുള്ള വികസനങ്ങള്‍ നടപ്പിലാക്കാന്‍ ബന്ധപ്പെട്ട പാസഞ്ചേഴ്സ് അസോസിയേഷനുമായും റയില്‍വേ അധികൃതരുമായും ആലോചിച്ച് നടപടികളെടുക്കാന്‍ ശ്രമിക്കുമെന്ന് എം പി പറഞ്ഞു. പാലിയേക്കര ടോള്‍ വര്‍ദ്ധനവ്‌ ജനദ്രോഹം തന്നെയാണെന്നും, ടോള്‍ വര്‍ദ്ധനവിനെതിരെ മുന്‍കാലത്ത് ഏറ്റവും അക്രമാസക്തമായ സമരം ചെയ്തത് ബി ജെ പി ആണെന്നും അവര്‍ ഭരിക്കുമ്പോള്‍ ടോള്‍ വര്‍ദ്ധന നടപ്പില്‍ വരുത്തുന്നതിനെ കുറിച്ച് ബി ജെ പി യുടെ നേതാക്കള്‍ അഭിപ്രായം പറയണമെന്നും സി എന്‍ ജയദേവൻ പറഞ്ഞു. പൊന്നാനി കോള്‍ വികസന പദ്ധതിയില്‍ഇരിങ്ങാലക്കുടയിലെ പ്രത്യേകിച്ച് മുരിയാട് കര്‍ഷക മേഖലയുടെ പ്രാധിനിത്യം ഉറപ്പാക്കുമെന്നും എം പി പറഞ്ഞു. പ്രസ്‌ ക്ലബിന്റെ ഉപഹാരം ട്രഷറര്‍ വി ആര്‍ സുകുമാരന്‍ സമ്മാനിച്ചു. പ്രസ്‌ ക്ലബ് പ്രസിഡണ്ട് നവീന്‍ ഭഗീരഥന്‍,പ്രസ് ക്ലബ് സെക്രട്ടറി ഷോബി കെ പോള്‍ മറ്റ് പ്രസ്‌ ക്ലബ് അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.

ഇരിങ്ങാലക്കുടയില്‍ വാഹനങ്ങള്‍ ഉച്ചവരെ പണി മുടക്കി

14062401ഇരിങ്ങാലക്കുട : മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍  ജൂലൈ 1,2 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന 48 മണിക്കൂര്‍  ചക്രസ്തംഭന സമരത്തിന്റെ മുന്നോടിയായി ചൊവ്വാഴ്ച രാവിലെ ആര്‍ ടി ഓ ഓഫീസ് മാര്‍ച്ച് നടത്തി.എല്ലാ മോട്ടോര്‍ വാഹന തൊഴിലാളികളും ഉച്ചവരെ സര്‍വ്വീസ് നിര്‍ത്തിവച്ച് പണിമുടക്കില്‍ പങ്കെടുക്കും.അന്യായമായ മോട്ടോര്‍ വാഹന നികുതി പിന്‍വലിക്കുക, ക്ഷേമനിധിയിലെ അപാകതകള്‍ പരിഹരിക്കുക , പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്‌ .

മാപ്രാണം കള്ള് ഷാപ്പ്‌ വീണ്ടും തുറന്നത് വിവാദമായി

14062306മാപ്രാണം: ഒരു വര്‍ഷം മുമ്പ് മാപ്രാണം സെന്ററില്‍ നിന്ന് ഒഴിവാക്കിയ കള്ള് ഷാപ്പ്‌ വീണ്ടും തുറന്ന് പ്രവര്‍ത്തിച്ച് തുടങ്ങിയത് വിവാദമായി. ഞായറാഴ്ച ഉച്ചയോടെ  മാപ്രാണം സെന്ററിനു സമീപം  സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് ഷാപ്പ്‌ ആരംഭിച്ചിരിക്കുന്നത്. നെടുമ്പാളുള്ള കള്ളുഷാപ്പിന്റെ ബോര്‍ഡില്‍ കടലാസുകൊണ്ട് തിരുത്തല്‍ വരുത്തിയാണ് മാപ്രാണത്തെ ഷാപ്പിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചത്. നഗരസഭയിൽ നിന്നും കെട്ടിട നമ്പറും എക്സൈസ് വകുപ്പിന്റെ ലൈസന്‍സും കള്ള് ഷാപ്പിന് നല്കിയിട്ടുണ്ട്. എന്നാല്‍ ഈ കാര്യം കൌണ്‍സിലില്‍ ആലോചിക്കുകയോ .  ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ഈ സാഹചര്യത്തിൽ എത്രയും പെട്ടന്ന് വേണ്ട  നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.ഷാപ്പ് പ്രവര്‍ത്തിക്കുന്നത് തന്റെ അറിവോടെയല്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ വാഹിത ഇസ്മയില്‍ പറഞ്ഞു. ഷാപ്പിന് നഗരസഭ അനുമതി നല്‍കിയിട്ടില്ലെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് അറിയിച്ചു. എന്നാല്‍  രാഷ്ട്രിയഭേതമെന്യേ നഗരസഭയിലെ മറ്റു പല കൌണ്‍സിലര്‍മാരും ഷാപ്പ്‌ നടത്തിപ്പിനായി വഴിവിട്ട പല സഹായങ്ങളും ചെയ്യുന്നതായി നാട്ടുകാര്‍  ആരോപിച്ചു.ഒരു നഗരസഭാ കൌണ്‍സിലറുടെ ബന്ധുവാണ് ഷാപ്പ്‌ നടത്തിപ്പുകാരനെന്ന് നാട്ടില്‍ സംസാരമുണ്ട്.  നേരത്തെ  മാപ്രാണത്ത് ഉണ്ടായിരുന്ന കള്ളുഷാപ്പ് പൊളിച്ചുമാറ്റിയശേഷം മാപ്രാണത്തെ വിവിധ സ്ഥലങ്ങളില്‍ ഷാപ്പ് തുടങ്ങാന്‍ നീക്കം നടത്തിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

ഇരിങ്ങാലക്കുട പ്രസ്‌ ക്ലബ് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

14062301ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ്‌ ക്ലബിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള നഗരസഭാ പരിധിക്കുള്ളിലെ ഗവണ്‍മെന്‍റ് സ്കൂളിലെ എസ് എസ് എല്‍ സി ,പ്ലസ്‌ ടു പരീക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങ് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.ഗവണ്‍മെന്‍റ് ഗേള്‍സ്‌ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രസ്‌ ക്ലബ് പ്രസിഡണ്ട് നവീന്‍ ഭഗീരഥന്‍ അദ്ധ്യക്ഷത വഹിച്ചു. എസ് എസ് എല്‍ സിക്ക് ഉന്നത വിജയം നേടിയ രാഗി എം ഡി ,പ്ലസ്‌ ടു വിന് ഉന്നത വിജയം കരസ്ഥമാക്കിയ വീണ കെ എസ് ,ആന്‍ മരിയ ബാബു,ആതിര പി മോഹന്‍ദാസ്‌ ,അശ്വതി കെ പി ,അലീഷ കെ എ എന്നിവരെയാണ് ആദരിച്ചത് . ഹെഡ്മിസ്ട്രെസ്സ് മോളി കെ വി ,പി ടി എ പ്രസിഡണ്ട് എം ബി രാജു മാസ്റ്റര്‍ ,സ്റ്റാഫ്‌ സെക്രട്ടറി അബ്ദുള്‍ ഹക്ക് , ദേവരാജന്‍ മാസ്റ്റര്‍ ,ഗിരി .ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ഷോബി കെ പോള്‍ സ്വാഗതവും പ്രസ്‌ ക്ലബ് ട്രഷറര്‍ വി ആര്‍ സുകുമാരന്‍ നന്ദിയും പറഞ്ഞു.14062302

മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു

14062204കാറളം: സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യ സമൃദ്ധി പദ്ധതിയുടെ ഭാഗമായി പാടശേഖരങ്ങളിലെ മത്സ്യ കൃഷി പദ്ധതിക്ക് കാറളം ചെമ്മണ്ട കായല്‍ പറും പാടത്ത് സി.എന്‍ ജയദേവന്‍ എം.പി പാടത്ത് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. കാറളം പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഓമന അദ്ധ്യക്ഷത വഹിച്ചു. പാടശേഖര സമിതി പ്രസിഡന്റ് വി.എന്‍ ഉണ്ണികൃഷ്ണന്‍, ബ്ളോക്ക് കണ്‍വിനര്‍ പി.ഡി ലിസി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ വിജയഘോഷ്, ബ്ളോക്കംഗം ഐ.ഡി ഫ്രാന്‍സീസ്, വാര്‍ഡ് മെമ്പര്‍ കെ.എസ് ബൈജു, ബോര്‍ഡ് മെമ്പര്‍മാരായ രാജേഷ്, പി.കെ തങ്കപ്പന്‍, അക്കോകള്‍ച്ചര്‍ കോ-ഓഡിറ്റേര്‍ അനില്‍ മംഗലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

കേരള സ്റ്റേറ്റ് വസ്തു വ്യാപാര തൊഴിലാളി യൂണിയന്റെ പ്രഥമ സംസ്ഥാന സമ്മേളനം സമാപിച്ചു

14062202ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് വസ്തു വ്യാപാര തൊഴിലാളി യൂണിയന്റെ പ്രഥമ സംസ്ഥാന സമ്മേളനം ഞായറാഴ്ച ഇരിങ്ങാലക്കുടയിൽ നടന്നു . സമ്മേളനം സംസ്ഥാന സെക്രട്ടറി എ എന്‍ രാജന്‍ ഉദ്ഘാടനം ചെയ്തു . സംസ്ഥാന പ്രസിഡണ്ട് എ ടി വര്‍ഗ്ഗീസ് ചടങ്ങിന് അദ്ധ്യക്ഷത വഹി ച്ചു . സി പി ഐ തൃശൂര്‍ ജില്ല ആക്ടിങ്ങ് സെക്രട്ടറി കെ കെ വത്സരാജ് സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു . വസ്തു വ്യാപാര മേഖലയെ തൊഴില്‍ മേഖലയായി സര്‍ക്കാര്‍ അംഗീകരിക്കുക,മാന്യമായ സേവന-വേതന വ്യവസ്ഥ നടപ്പാക്കുക, കമ്മിഷന്‍ ശതമാനം വ്യക്തമാക്കുക തനതായ ക്ഷേമ പദ്ധതിയും പെന്‍ഷനും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സംഘടന മുന്നോട്ടു വച്ചു. തുടര്‍ന്ന് നടന്ന ആദരസമ്മേളത്തില്‍ വെച്ച് നാടക നടന്‍ എം.എസ് വേണുജിയെ സിപിഐ മണ്ഡലം സെക്രട്ടറി ടി.കെ സുധീഷ് പൊന്നാട അണിയിച്ച് ആദരിച്ചു. പുതിയ സംസ്ഥാന ഭാരവാഹികളായി എ.ടി വര്‍ഗ്ഗീസ്(പ്രസി), കെ. രാധാകൃഷ്ണന്‍ (സെക്ര) എന്നിവരെ തിരഞ്ഞെടുത്തു. 14062203

കാറളം സര്‍വ്വീസ് സഹകരണ ബാങ്ക് നവീകരിച്ച ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു

14062201കാറളം: നവീകരിച്ച കാറളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് കെട്ടിടം സി.എന്‍. ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.എന്‍. ജയദേവന്‍ എം.പി. മുഖ്യാതിഥിയായിരുന്നു . സഹകരണ ഹാള്‍, ലോക്കര്‍ റൂം എന്നിവയുടെ ഉദ്ഘാടനവും വിദ്യാഭ്യാസ അവാര്‍ഡ് സമര്‍പ്പണവും ചടങ്ങില്‍ നടന്നു.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് വൈദ്യുതി കണക്ഷന്‍ ഉടന്‍ നല്കാന്‍ അവലോകനയോഗത്തില്‍ തിരുമാനം

14062104ഇരിങ്ങാലക്കുട: സമ്പൂര്‍ണ്ണ വൈദ്യുതിവത്കരണ മണ്ഡലമായ ഇരിങ്ങാലക്കുടയില്‍ പുതിയതായി അപേക്ഷിച്ച പാവപ്പെട്ടവര്‍ക്കും ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്കും വൈദ്യുതി അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും  കണക്ഷന്‍ ഉടന്‍ നല്കാനും നിയോജക മണ്ഡല വൈദ്യുതി വകുപ്പ് അവലോകന യോഗത്തില്‍ തിരുമാനമായി. അഡ്വ തോമസ്‌ ഉണ്ണിയാടന്‍ എം എല്‍ എ റസ്റ്റ്‌ ഹൌസില്‍ വിളിച്ച് ചേര്‍ത്ത   വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എക്സിക്യുട്ടിവ് എഞ്ചിനീയര്‍ സി വി രവി,നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ,ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്  ടി ജി ശങ്കരനാരായണന്‍ ,ആന്റോ പെരുമ്പിള്ളി ,പഞ്ചായത്ത് പ്രസിഡണ്ട്മാരായ അയ്യപ്പന്‍ അങ്കാരത്ത്,എം ബി രാഘവന്‍ മാസ്റ്റര്‍, ഷീജ പവിത്രന്‍ ,സി എം ഉണ്ണികൃഷ്ണന്‍തുടങ്ങിയവര്‍ പങ്കെടുത്തു. നിയോജകമണ്ഡലത്തിലെ  റോഡ്‌ വികസനം നടക്കാനിരിക്കെ റോഡിലെ പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാനും യോഗത്തില്‍ തിരുമാനമായി.

ഷാജിന്‍ നടുമുറിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

14062003ഇരിങ്ങാലക്കുട: എസ് എന്‍ ഡി പി യോഗത്തിന്റെ അസി. സെക്രട്ടറി ഷാജിന്‍ നടുമുറിയുടെ ആകസ്മിക നിര്യാണത്തില്‍ മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ അനുശോചന സമ്മേളനം നടത്തി. ഇരിങ്ങാലക്കുട എസ് എന്‍ ക്ലബ് ഹാളില്‍ നടന്ന യോഗത്തിന് യൂണിയന്‍ പ്രസിഡണ്ട് സന്തോഷ്‌ ചെറാകുളം അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി പി കെ പ്രസന്നന്‍ സ്വാഗതം പറഞ്ഞു. യോഗം കൌണ്‍സിലര്‍ കെ കെ ബിനു ,എച്ച് ഡി പി സമാജം പ്രസിഡണ്ട്കെ കെ ഭരതന്‍ ,എസ് എന്‍ ക്ലബ് സെക്രട്ടറി എം വി ഗംഗാതരന്‍ ,യൂണിയന്‍ വൈസ് പ്രസിഡണ്ട് എം കെ സുബ്രഹ്മണ്യന്‍ ,യൂത്ത് മൂവ്മെന്റ് പ്രസിഡണ്ട് എന്‍ ബി ബിജോയ്‌ ,കെ കെ ചന്ദ്രന്‍ ,വി ആര്‍ സുകുമാരന്‍ ,യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി ചെയര്‍മാന്‍ സജി കുമാര്‍ കല്ലട , എസ് എന്‍ ബി എസ് സമാജം പ്രസിഡണ്ട് പ്രവി കുമാര്‍ സി ഡി , മേഖലാ നേതാക്കളായ എം കെ വിശ്വംഭരന്‍ ,സി വി സുരേന്ദ്രന്‍ ,ലോഹ്യ പനിക്കംപറമ്പി ല്‍ ,യൂണിയന്‍ കൌണ്‍സിലര്‍ രവി ആലുക്കത്തറ , ഷിജില്‍ തവരംകാട്ടില്‍ ,നന്ദ സുഗതന്‍ ,ഡോ ജനാര്‍ദ്ദനന്‍ ,കെ കെ കൃഷ്ണാനന്ദ ബാബു, എം കെ അശോകൻ ,സുലഭ മനോജ്‌ ,മാലിനി പ്രേംകുമാര്‍, കെ ആര്‍ നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.അദ്ദേഹത്തിന്റെ നിര്യാണം ശ്രീനാരായണ സമൂഹത്തിനു തീരാനഷ്ടമാണെന്ന് സമ്മേളനം വിലയിരുത്തുകയുണ്ടായി .

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തുമ്പൂര്‍ ബാങ്ക് ഭരണസമിതി

14062002ഇരിങ്ങാലക്കുട: കര്‍ഷകര്‍ക്ക്  ഉപകാരപ്രദമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന  തുമ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെ കുബേര കേസ് എടുക്കണമെന്ന ഇടതുപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന്  തുമ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോണി കാച്ചപ്പിള്ളി പത്ര സമ്മേളനത്തില്‍ പറഞ്ഞു.ഇടതുപക്ഷ ഭരണത്തിനു കീഴില്‍ നഷ്ടത്തിലായിരുന്ന ബാങ്കിനെ ലാഭാത്തിലാക്കിയത് ഈ ഭരണ സമിതിയാണെന്നും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആരോപനങ്ങളായി വരുന്നത് രാഷ്ട്രിയ ഉദ്ദേശങ്ങളോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  തുമ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ജൂണ്‍ 22 ഞായറാഴ്ച രാവിലെ 9 മണി മുതല്‍  ഉച്ചതിരിഞ്ഞ് 3 മണി വരെ വേളൂക്കര  പഞ്ചായത്ത് ഓഫിസിന് സമീപമുള്ള തോംസണ്‍ ഓയില്‍ കമ്പനി പരിസരത്ത് വച്ച് നടക്കും.

ഇരിങ്ങാലക്കുടയില്‍ യു.ഡി.എഫ്. തിരിച്ചടിക്ക് കാരണം എം.പി. ജാക്‌സന്റെ നേതൃത്വത്തില്‍ ഹൈജാക്കെന്ന് പരാതി

14041102ഇരിങ്ങാലക്കുട: കെ.പി.സി.സി. ജന. സെക്രട്ടറി എം.പി. ജാക്‌സന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ഹൈജാക്ക് ചെയ്തതുകൊണ്ടാണ് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസ്സിന്റെ തിരിച്ചടിക്ക് കാരണം എന്ന് സി.വി. പത്മരാജന്‍ കമ്മീഷനുമുമ്പാകെ പരാതി. ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജന. സെക്രട്ടറി അഡ്വ. ആന്റണി തെക്കേക്കരയാണ് ജാക്‌സനെതിരെ കമ്മീഷനു മുമ്പാകെ പരാതി നല്കിയിരിക്കുന്നത്. അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. ചെയര്‍മാനും ഡി.സി.സി. ജന. സെക്രട്ടറി എം.എസ്. അനില്‍കുമാര്‍ വര്‍ക്കിങ് ചെയര്‍മാനുമായിട്ടുള്ള തിരഞ്ഞെടുപ്പു കമ്മിറ്റിയാണ് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ യു.ഡി.എഫി.ന്റെ വിജയത്തിനുവേണ്ടി തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ വയനാട് ചാര്‍ജ്ജുള്ള കെ.പി.സി.സി. ജന. സെക്രട്ടറി എം.പി. ജാക്‌സന്‍ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ ചാര്‍ജ്ജ് ചോദിച്ചുവാങ്ങിയശേഷം മുഴുവന്‍സമയം ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്തത്. ഇത് ചട്ടവിരുദ്ധമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 12,960 വോട്ടില്‍ വിജയിച്ച നിയോജകമണ്ഡലത്തില്‍ ഇക്കുറി യു.ഡി.എഫ്. 5001 വോട്ടിന് പിറകിലായി. മണ്ഡലം, ബൂത്ത് കമ്മിറ്റികളെ നിഷ്‌ക്രിയമാക്കി തന്റെ ഗ്രൂപ്പുകാരെ മാത്രം ഉള്‍ക്കൊള്ളിച്ചായിരുന്നു നേതാവ് പ്രവര്‍ത്തിച്ചിരുന്നത്. ഇരിങ്ങാലക്കുടയില്‍ എ.കെ. ആന്റണിയടക്കമുള്ള നേതാക്കള്‍ വന്നപ്പോള്‍ ആവേശകരമായ സ്വീകരണമൊരുക്കിയ ഇദ്ദേഹം ആഭ്യന്തരമന്ത്രി അടക്കമുള്ള മറ്റ് നേതാക്കള്‍ വന്നപ്പോള്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ തയ്യാറായില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു. ജാക്‌സന്റെ പ്രവര്‍ത്തനം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയായതായും അതിനാല്‍ അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം.

Top
Close
Menu Title