News

Category: Events

ശ്രീലക്ഷ്മി ഗോവര്‍ദ്ധനന്‍ ഏപ്രില്‍ 24 മുതല്‍ 29 വരെ നൃത്തകല ക്യാമ്പ് സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : പ്രശസ്ത നര്‍ത്തകി ശ്രീലക്ഷ്മി ഗോവര്‍ദ്ധനന്‍ ഇരിങ്ങാലക്കുടയില്‍ ഏപ്രില്‍ 24 മുതല്‍ 29 വരെ നൃത്തകല ക്യാമ്പ് സംഘടിപ്പിക്കുന്നു. ബാഹ്യമായി നൃത്തകലയെ പഠിക്കുന്നതിന്നപ്പുറം നൃത്തകലയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളെയും സമഗ്രമായി സമീപിച്ച് ആ വിഷയങ്ങളുമായുള്ള അവബോധം നൃത്തം പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത് . രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെ നീണ്ടു നില്‍ക്കുന്ന രീതിയിലാണ് 6 ദിവസത്തെ നൃത്തകല ക്യാമ്പ് വിഭാവനം ചെയ്തിരിക്കുന്നത് . ദിവസേന രാവിലെ കുച്ചിപ്പുടിയുടെ സമ്പ്രദായികമായ ശൈലികളെയും അതിലെ ഭേദശുദ്ധികളെയും കുറിച്ചുമുള്ള ആധികാരികമായ ക്ലാസ്സുകള്‍ക്ക് ശേഷം പ്രശസ്ത ഗായകന്‍ സുരേഷ് നീലംപേരൂര്‍ നയിക്കുന്ന നൃത്തത്തിലെ താളത്തെ കേന്ദ്രികരിച്ച ക്ലാസുകള്‍ ഒരുക്കിയിട്ടുണ്ട് . എല്ലാ ദിവസവും ഉച്ചക്ക് ശേഷം പ്രത്യേകം ക്ഷണിക്കപ്പെട്ട പ്രമുഖ കലാകാരന്മാരും കലാ വിചക്ഷണരും പങ്കെടുക്കുന്ന പഠന ക്ലാസ്സുകളും ഈ ക്യാമ്പിന്റെ മുഖ്യ ആകര്‍ഷണമാണ്. 24ന് പ്രശസ്ത ഗായിക മീര രാം മോഹന്‍ അഭിനയ സംഗീതത്തിലെ വഴികള്‍ എന്ന വിഷയത്തെ കേന്ദ്രീകരിച്ചു ക്ലാസ് എടുക്കുന്നു . 25ന്പ്രശസ്ത കൂടിയാട്ട കലാകാരന്‍ സൂരജ് നമ്പ്യാര്‍ രസാഭിനയത്തെ കേന്ദ്രീകരിച്ചു ക്ലാസ് എടുക്കുന്നു. 26ന് സാഹിത്യ ആസ്വാദകന്‍ സുരേഷ് മാധവന്‍ കാവ്യബിംബങ്ങളെ കുറിച്ച് ക്ലാസ് എടുക്കുന്നു. 27ന് ശ്രീലക്ഷ്മി ഗോവര്‍ധന്‍ നൃത്തകലകളിലെ ബിംബങ്ങളെ കേന്ദ്രീകരിച്ചു ക്ലാസ് എടുക്കുന്നു. 28ന് ആയോധനകല വിദഗ്ധനും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ എന്‍ എ നസിര്‍ ഒരുക്കുന്ന പ്രകൃതിയിലെ ചലനങ്ങള്‍ ശരീരത്തില്‍ എങ്ങനെ നൃത്തമാകുന്നു എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ക്ലാസ് എടുക്കുന്നു . 29ന് ക്യാമ്പില്‍ പങ്കെടുത്തവരുടെ അവതരണങ്ങളും ഒപ്പം ശ്രീലക്ഷ്മി ഗോവര്‍ദ്ധനന്‍ അവതരിപ്പിക്കുന്ന സോളോ പെര്‍ഫോമന്‍സും ഉണ്ടായിരിക്കും. നൃത്തകല ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9895222413.

ഇന്ത്യന്‍ ഫാഷന്‍ ലീഗ് IFL കൊച്ചിയില്‍

എസ്പാനിയോ ഇവെന്റ്സ് അവതരിപ്പിക്കുന്ന കേരളത്തിലെ ബിഗ് ബഡ്ജറ്റ് ഡിസൈനര്‍ ഷോ യാണ് ” IFL – ഇന്ത്യന്‍ ഫാഷന്‍ ലീഗ് ” 2017 ഓഗസ്റ്റ് ആദ്യ പകുതിയില്‍ കൊച്ചിയിലെ പ്രധാനപ്പെട്ട വേദിയിലായിരിക്കും 2 ദിവസങ്ങളിലായി IFL നടക്കുക. ഇന്ത്യയിലെ പ്രഗത്ഭരായ ഡിസൈനര്‍മാരുടെ ഫാഷന്‍ ഷോയോടോപ്പോം പ്രധാനപ്പെട്ട എല്ലാ ഡിസൈനേഴ്സ് കളക്ഷനുകളുടെ ഷോകേസ്സ്‌സിങ്ങും ഉണ്ടാകും. IFL ലോഗോ ലോഞ്ച് ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രശസ്ത മോഡലും ചലച്ചിത്ര നടിയുമായ നേഹ സക്‌സേന പ്രകാശനം ചെയ്തു. ഡാലു കൃഷ്ണനും ഷായി ഷോബോയും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന IFL ഷോ സംവിധാനം ചെയുന്നത് ഇടവേള ബാബു ആണ്.

ക്യാമ്പസ് ഓര്‍മകളുണര്‍ത്തി ക്രൈസ്റ്റ് കോളേജില്‍ 1998-2001 പൂര്‍വവിദ്യാര്‍ഥി സംഗമം : തത്സമയം ഇപ്പോള്‍ ഇരിങ്ങാലക്കുടലൈവ് ഡോട്ട് കോമില്‍

ഇരിങ്ങാലക്കുട : ക്യാമ്പസ്സിന്റെ ഗൃഹാതുരത്വ ഓര്‍മകളുണര്‍ത്തികൊണ്ട് 1998 – 2001 ലെ വിദ്യാര്‍ഥികള്‍ ക്രൈസ്റ്റ് കോളേജില്‍ ഒത്തു കൂടി. ക്യാമ്പസ് റിഡക്‌സ്‌ ’16 എന്ന് പേരിട്ടിരിക്കുന്ന ഈ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വിവിധ ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചു കൂടിയിട്ടുണ്ട്. രാവിലെ 10.30 മുതല്‍ 4.30 വരെയാണ് പരിപാടികള്‍ നടന്നു വരുന്നത്. ഇപ്പോള്‍ തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

നവരസസാധന ദേശീയ നാട്യവിദ്യാലയത്തില്‍

16103106ഇരിങ്ങാലക്കുട : ദേശീയ നാട്യവിദ്യാലയമായ ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ കേരളീയ അഭിനയപാരമ്പര്യത്തിന്റെ ശില്‍പശാല ഇന്ത്യയിലെ സര്‍വ്വ സംസ്ഥാനങ്ങളേയും പ്രതിനിധീകരിക്കുന്ന യുവനടീനടന്മാര്‍ക്ക് അവിസ്മരണീയമായ അനുഭവമായി. മൂന്നു കൊല്ലം നീണ്ടുനില്‍ക്കുന്ന അവരുടെ നാടക പരിശീലന പഠന സമ്പ്രദായത്തില്‍ കേരളത്തിന്റെ കൂടിയാട്ടവും നവരസസാധനയും കൂട്ടിച്ചേര്‍ത്ത് മൂന്നു മാസക്കാലം നീണ്ടു നില്‍ക്കുന്ന പരിശീലക്കളരി സംഘടിപ്പിച്ചത് പ്രശസ്ത കൂടിയാട്ടം ആചാര്യന്‍ വേണുജിയുടെ നേതൃത്വത്തിലാണ്. കൂടിയാട്ടത്തിലെ പാര്‍വ്വതീവിരഹം, പടപ്പുറപ്പാട് എന്നീ സങ്കേതങ്ങളോടൊപ്പം കൊടുങ്ങല്ലൂര്‍ കളരിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വേണുജി ആവിഷ്‌കരിച്ച നവരസസാധനയും പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സൂരജ് നമ്പ്യാര്‍, പൊതിയില്‍ രഞ്ജിത് ചാക്യാര്‍, അമ്മൂര്‍ രജനീഷ് ചാക്യാര്‍ എന്നീ നടന്മാരും കലാമണ്ഡലം രാജീവ്, കലാമണ്ഡലം നാരായണന്‍ നമ്പ്യാര്‍, കലാമണ്ഡലം രവികുമാര്‍, കലാമണ്ഡലം വിനീഷ്, കലാനിലയം ഉണ്ണികൃഷ്ണന്‍ എന്നീ പശ്ചാത്തല മേളക്കാരും ചമയവിദഗ്ധന്‍ കലാനിലയം ഹരിദാസും ശില്‍പശാലയില്‍ പങ്കെടുത്തു. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഡയറക്ടര്‍ പ്രൊഫ. വാമന്‍ കേന്ദ്രെ ശില്‍പശാലയുടെ സമാപനത്തോടനുബന്ധിച്ചുള്ള അരങ്ങേറ്റം ഉദ്ഘാടനം ചെയ്തു. പ്രൊഫ. ശാന്തനു ബോസ് (ഡീന്‍ അക്കാഡമിക്‌സ്) ആശംസ നേര്‍ന്നു. ശില്‍പശാലയില്‍ പങ്കെടുത്ത ഇരുപത്തിനാല് വിദ്യാര്‍ത്ഥികള്‍ അവര്‍ പരിശീലിച്ച ഭാഗങ്ങള്‍ അരങ്ങേറി. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ വിദ്യാര്‍ത്ഥികള്‍ കൂടിയാട്ടത്തിലെ അഭിനയ സങ്കേതങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

അശ്വതിതിരുന്നാല്‍ രാമവര്‍മ്മയുടെ സോദാഹരണ ക്ലാസ് നടന്നു

16102601ഇരിങ്ങാലക്കുട : ചേമ്പര്‍ ഓഫ് മ്യൂസിക്കിന്റെ നാലാമതു പരിപാടിയായി ഹിസ് ഹൈനെസ് പ്രിന്‍സ് അശ്വതിതിരുന്നാല്‍ രാമവര്‍മ്മയുടെ “ദ ജീനിയസ്സ് ഓഫ് ബാലമുരളീകൃഷ്ണ” കൂടാതെ സ്വാതിതിരുനാള്‍ മഹാരാജാവിന്റെ അപൂര്‍വ കൃതികള്‍ എന്നിവയെ ആസ്പദമാക്കി നടത്തുന്ന സോദാഹരണ ക്ലാസ് നടന്നു. കര്‍ണാടക സംഗീത ചക്രവര്‍ത്തി ഡോ എം ബാലമുരളീകൃഷ്ണയിലെ വാഗ്ഗേയകാരനെ കുറിച്ച് ആണ് അശ്വതിതിരുന്നാല്‍ രാമവര്‍മ്മ സംസാരിച്ചത്. ബാലമുരളീകൃഷ്ണ ത്യാഗരാജ പരമ്പരയിലെ 5- ാം തലമുറയാണ്, അദ്ദേഹത്തിന്റെ പെര്‍ഫോര്‍മര്‍ എന്ന സ്ഥാനത്തെ മാത്രമാണ് കൂടുതല്‍ സംഗീത പ്രേമികള്‍ അറിഞ്ഞിരുന്നത്. 16 വയസ്സില്‍ തന്നെ 76 മേളകര്‍ത്ത രാഗങ്ങളിലും കൃതികള്‍ അദ്ദേഹം രചിച്ചിരുന്നു. അദ്ദേഹത്തിന്റെ വിവിധ രാഗത്തില്‍ ചിട്ടപ്പെടുത്തിയ വര്‍ണ്ണനകള്‍, കൃതികള്‍, തില്ലാനകള്‍, എന്നിവ പാടുകയും അതിന്റെ അര്‍ത്ഥതലങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ബാലമുരളി കൃതികള്‍ മനസ്സിലാക്കിയ ഒരാള്‍ക്ക് മറ്റു മഹാനുഭാവന്മാരുടെ കൃതികളിലെ അര്‍ത്ഥവും ഭാവവും അറിഞ്ഞു പാടുവാന്‍ സാധിക്കും എന്ന അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ ജയറാം മാഷ് സ്വാഗതവും, നാദോപാസന ഡയറക്ടര്‍ കൃഷ്ണന്‍കുട്ടി മാഷ് പൊന്നാടയും, ഈ പരിപാടി സംഘടിപ്പിച്ച ഇരിഞ്ഞാലക്കുട ചേംബര്‍ ഓഫ് മ്യൂസിക്കിന്റെ ഡയറക്ടര്‍ ശ്രീവിദ്യ വര്‍മ്മ നന്ദിയും പ്രകാശിപ്പിച്ചു.

ലോക ആനിമേഷന്‍ ദിനത്തോടനുബന്ധിച്ച് എയ്‌സ്‌ വിഷ്വല്‍ മീഡിയ വരപൂരം

16102604ഇരിങ്ങാലക്കുട : ലോക ആനിമേഷന്‍ ദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 28- ാം തിയ്യതി എയ്‌സ്‌ വിഷ്വല്‍ മീഡിയ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. 200ഓളം മീറ്റര്‍ നീളമുള്ള ഒറ്റ ക്യാന്‍വാസിലാണ് മത്സരം നടത്തുന്നത്. തൃശ്ശൂരിന്റെ പൂരപ്പെരുമായും ആനപ്രേമവും ഉള്‍പെടുത്തിയിട്ടുള്ളതാണ് മത്സരവിഷയം. വടക്കുംനാഥന്‍ ക്ഷേത്ര മൈതാനമാണ് മത്സരവേദി. സൗജന്യ രജിസ്ട്രേഷന് വിളിക്കുക. 9747707007.

നൂറ്റൊന്നംഗസഭ നവരാത്രി സംഗീതസദസില്‍ നൂറിലധികം സംഗീത പ്രതിഭകള്‍ മാറ്റുരച്ചു

16101304ഇരിങ്ങാലക്കുട : നൂറ്റൊന്നംഗസഭയുടെ നവരാത്രി സംഗീതസദസില്‍ നൂറിലധികം സംഗീത പ്രതിഭകള്‍ മാറ്റുരച്ചു. കാരുകുളങ്ങര നൈവേദ്യത്തില്‍ നടന്ന മത്സരത്തില്‍ താഴെ പറയുന്നവര്‍ വിജയികളായി .

ശാസ്ത്രീയ സംഗീതം ജൂനിയര്‍ : ഒന്നാം സമ്മാനം നിരഞ്ജന്‍ രാജീവ് . രണ്ടാംസമ്മാനം ആരഭി പി ബിജു , മൂന്നാം സമ്മാനം ഗൗരി നന്ദകുമാര്‍.

ലളിതസംഗീതം ജൂനിയര്‍ : ഒന്നാം സമ്മാനം ആരഭിപി ബിജു, രണ്ടാം സമ്മാനം നിരഞ്ജന്‍ രാജീവ് ടി, മൂന്നാം സമ്മാനം ഗൗരി വിപിന്‍. പ്രത്യേക സമ്മാനം ശ്രീപാര്‍വ്വതി കൃഷ്ണ,
അഭി , നിരഞ്ജ’ന കെ ആര്‍.

ശാസ്ത്രീയ സംഗീതം സീനിയര്‍: ഒന്നാം സമ്മാനം ജഗന്നിധി നമശിവായം, രണ്ടാം സമ്മാനം
ശ്രീലക്ഷ്മി എം നായര്‍. മൂന്നാം സമ്മാനം അമൃത കെ മേനോന്‍.

ലളിതസംഗീതം സീനിയര്‍ : ഒന്നാം സമ്മാനം ശ്രീലക്ഷ്മി എം നായര്‍, രണ്ടാം സമ്മാനം കൃഷ്ണ വി പി. .മൂന്നാം സമ്മാനം ഐശ്വര്യ ഷാജന്‍. പ്രത്യേക സമ്മാനം അമൃത വി മേനോന്‍ എന്നിവര്‍ ഒന്നാം സമ്മാനാര്‍ഹരായി.

വിജയികള്‍ക്ക് സിനിമാ സംവിധായകന്‍ ഷൈജു അന്തിക്കാട് സമ്മാന സമര്‍പ്പണം നടത്തി. ചടങ്ങില്‍ നൂറ്റൊന്നംഗസഭ ചെയര്‍മാന്‍ ഡോ.ഇ പി ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ചു ജനറല്‍ കണ്‍വീനര്‍ എം.സനല്‍കുമാര്‍ ആമുഖ പ്രസംഗം നടത്തി. പി. രവിശങ്കര്‍, എം നാരായണന്‍കുട്ടി, എന്‍ വി ശിവന്‍കുട്ടി, പ്രസന്ന ശശി, അനൂപ് കൂളപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. രാവിലെ അമൃത ടിവി സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ & സൂര്യ സിംഗര്‍ ജൂനിയര്‍ ഫെയിം ശ്രീലക്ഷ്മി കെ അനില്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.

ഗമഗങ്ങള്‍ക്കു ത്രിമാനസ്വഭാവങ്ങള്‍ കൂടുതല്‍ പ്രകടമാകുന്നത് വീണയില്‍ – മുടികൊണ്ടാന്‍ എസ് എന്‍ രമേശന്‍

16100508ഇരിങ്ങാലക്കുട : കര്‍ണാടക സംഗീതത്തെ മറ്റു സംഗീതങ്ങളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത് ഗമഗ പ്രയോഗങ്ങളാന്നെന്നും സാധാരണ സംഗീത ഉപകരണങ്ങളെ അപേക്ഷിച്ചു വീണയിലാണ് ഗമഗങ്ങള്‍ക്കു ത്രിമാനസ്വഭാവങ്ങള്‍ കൂടുതല്‍ പ്രകടമാകുന്നതെന്നും പ്രശസ്ത വീണാവാദകന്‍ ചെന്നൈ മുടികൊണ്ടാന്‍ എസ് എന്‍ രമേശന്‍. ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ വടക്ക് വലിയ തമ്പുരാന്‍ കോവിലകത്തില്‍ വരവീണ സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് ‘വീണാവാദന ശൈലികളും ഗമകപ്രയോഗങ്ങളും’ എന്ന വിഷയത്തില്‍ സോദാഹരണ പ്രഭാക്ഷണം നടത്തി സംസാരിക്കുകയായായിരുന്നു അദ്ദേഹം .

മുടികൊണ്ടാന്‍ എസ് എന്‍ രമേശിന്റെ വീണകച്ചേരിയും സോദാഹരണ പ്രഭാഷണവും

16100407ഇരിങ്ങാലക്കുട : പ്രശസ്ത വീണാവാദകന്‍ ചെന്നൈ മുടികൊണ്ടാന്‍ എസ് എന്‍ രമേശിന്റെ സംഗീത കച്ചേരിയും സോദാഹരണ പ്രഭാഷണവും ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കുന്നു . ഒക്ടോബര്‍ 5 ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ വടക്ക് വലിയ തമ്പുരാന്‍ കോവിലകത്തിലാണ് വരവീണ സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് എസ് എന്‍ രമേശ് വീണാവാദനശൈലികളും ഗമകപ്രയോഗങ്ങളും എന്ന വിഷയത്തില്‍ സോദാഹരണ പ്രഭാക്ഷണം നടത്തുക. വൈകിട്ട് 5:30 ന്നാദോപാസന സംഗീത സഭയുടെ ആഭിമുഖ്യത്തില്‍ അമ്മന്നൂര്‍ ഗുരുകുലത്തില്‍ നടക്കുന്ന രമേശിന്റെ വീണകച്ചേരിക്ക് പാലക്കാട് എ എന്‍ ഹരിനാരായണന്‍, ദീപു ഏലംകുളം എന്നിവര്‍ മൃദംഗവും വായിക്കും.

വിനോദ് വാരിയര്‍ രചിച്ച ദുന്ദുഭി മായാവിവധം ആട്ടക്കഥ ഞായറാഴ്ച അരങ്ങേത്തക്ക്

16091708ഇരിങ്ങാലക്കുട : കഥകളി നടനും സ്‌കൂള്‍ അദ്ധ്യാപകനുമായ വിനോദ് വാരിയര്‍ രചിച്ച രണ്ടാമത്തെ ആട്ടക്കഥ ദുന്ദുഭി മായാവിവധം ഞായറാഴ്ച വൈകീട്ട് 4 മണിക്ക്, ഡോ കെ എന്‍ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ പ്രതിമാസ പരിപാടിയായി ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം ഹാളില്‍ അരങ്ങേറുന്നു. കഥകളിക്ക് മുന്നോടിയായി ‘ആട്ടക്കഥാസാഹിത്യവും രംഗാവതരണവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ അവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. പ്രഗത്ഭ കലാനിരൂപകരായ ഡോ ടി എസ ് മാധവന്‍ കുട്ടി, ഡോ എം വി നാരായണന്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. ടി വേണുഗോപാല്‍ ആമുഖപ്രഭാഷണം നടത്തുന്ന സെമിനാറിന്റെ സംയോജകന്‍ ചാലക്കുടി മുരളീധരന്‍ ആണ്. തുടര്‍ന്ന് അരങ്ങേറുന്ന കഥകളിയില്‍ കലാനിലയം ഗോപി, കോട്ടയ്ക്കല്‍ ദേവദാസ്, കലാമണ്ഡലം വിജയകുമാര്‍, വിനോദ് വാരിയര്‍, കലാനിലയം മനോജ്, ആര്‍എല്‍വി പ്രമോദ് തുടങ്ങിയവര്‍ വേഷത്തിലും, കലാനിലയം രാജീവ്, കലാമണ്ഡലം സുധീഷ് സംഗീതത്തിലും, സദനംരാമകൃഷ്ണന്‍, കലാനിലയം രതീഷ്, കലാനിലയം പ്രകാശന്‍, കലാനിലയം ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ മേളത്തിലും, കലാമണ്ഡലം രവികുമാര്‍ ചുട്ടിയിലും പങ്കെടുക്കുന്നു.

മയപുത്രനായ ദുന്ദുഭിയെന്ന രാക്ഷസന്‍ ശിവനില്‍ നിന്ന് വരങ്ങള്‍ വാങ്ങി അതി ബലവാനായിത്തീര്‍ന്നു. തന്നേക്കാള്‍ ശക്തിയുള്ള ആരെങ്കിലും ഈ ഭൂമിയിലുണ്ടോയെന്നന്വേഷിച്ചിറങ്ങിയ ദുന്ദുഭി, വരുണനേയും ഹിമവാനേയും പോരിനു വിളിക്കുന്നു. കിഷ്‌കിന്ധയിലെ രാജാവായ ബാലിയല്ലാതെയാരും ഒരു എതിരാളിയില്ലെന്ന് അറിഞ്ഞ് ദുന്ദുഭി കിഷ്‌കിന്ധയിലെത്തുന്നു. ഒരു മഹിഷത്തിന്റെ രൂപത്തില്‍ ചെന്ന് താരയും സഖിമാരും ക്രീഡിക്കുന്ന കുളം കലക്കി എല്ലാവരേയും ഭയപ്പെടുത്തുന്നു. താരയില്‍ നിന്നും ഇതറിയുന്ന ബാലി, ദുന്ദുഭിയെ യുദ്ധം ചെയ ്ത് വധിക്കുന്നു. സഹോദരന്റെ മരണ വാര്‍ത്തയറിയുന്ന മായാവി ബാലിയെ യുദ്ധത്തിനു വിളിക്കുന്നു. സുഗ്രീവനോടൊപ്പം യുദ്ധത്തിനിറങ്ങുന്ന ബാലിയില്‍ നിന്ന് രക്ഷപ്പെട്ട്, മായാവി ഒരു ഗുഹയില്‍ ഒളിക്കുന്നു. സുഗ്രീവനെ ഗുഹയ്ക്കു കാവല്‍ നിര്‍ത്തി, ബാലി മായാവിയുമായി യുദ്ധം ചെയ്യുന്നു. ബാലി മായാവിയെ വധിക്കുന്നു.

രാമായണത്തിലെ കിഷ്‌കിന്ധാകാണ്ഡത്തില്‍ നിന്നും വിനോദ് വാരിയര്‍ രചിച്ച ഈ ആട്ടക്കഥയുടെ അരങ്ങ് ചിട്ടപ്പെടുത്തിയിരിക്കുന്നത് ഗുരുവായ കലാനിലയം ഗോപിയാണ്. അവിട്ടത്തൂര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകനായ വിനോദ് വാര്യരുടെ ആദ്യ ആട്ടകഥ ജയദ്രഥചരിതം ആട്ടകഥ വളരെയേറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍ യുവജനോത്സവം ആഘോഷിച്ചു

16081804ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍ കലയുടെ അരങ്ങു ഉണര്‍ന്നു. സ്കൂള്‍ കലോത്സവം
അന്തര്‍ദേശിയ ബധിരമൂക ഷോര്‍ട് ഫിലിം ബെസ്ററ് എഡിറ്റര്‍ മിജോ ജോസ് ആലപ്പാട്ട് ഉദ്‌ഘാടനം ചെയ്തു.പൂര്‍വ വിദ്യാര്‍ത്ഥിനീ അതുല്യ ഇ.പി മോഹിനിയാട്ടം, ഭരതനാട്യം, ഇവയുടെ മുദ്രകള്‍, അടവുകള്‍, നവരസങ്ങള്‍ എന്നിവ വിവരണം നല്‍കി അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് റോസ് ലെറ്റ് മിജോ ജോസിനെ പുരസ്കാരം നല്‍കി ആദരിച്ചു. നസീഹ ഇ.എസ് സ്വാഗതവും, ജ്യോത്സന ടോണി നന്ദിയും പറഞ്ഞു.

ഹൈന്ദവാചാരങ്ങള്‍ ശാസ്‌ത്രോചിതം പരിഷ്‌കരിയ്ക്കണം : സ്വാമി ഭൂമാനന്ദതീര്‍ഥ

16052301ഇരിങ്ങാലക്കുട : ശബരിമല സ്ത്രീപ്രവേശനത്തേയും ഉത്സവങ്ങള്‍ക്ക് ആന, കരിമരുന്ന് എന്നിവ ഉള്‍പ്പെടുത്തുന്നതിനേയും സംബന്ധിച്ച് ശാസ്ത്രാധിഷ്ഠിതവും യുക്തി സഹവുമായ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന് സ്വാമി ഭൂമാനന്ദതീര്‍ഥ അഭിപ്രായപ്പെട്ടു. ആറാട്ടുപുഴ മന്ദാരക്കടവില്‍ സ്വാമി മൃഡാനന്ദ ജനശതാബ്ദിയോടനുബന്ധിച്ചു നടക്കുന്ന ഹിന്ദുമത സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിയ്ക്കയായിരുന്നു സ്വാമിജി. സ്ത്രീകള്‍ക്ക് ആരാധന നിഷേധിയ്ക്കുന്നതു ധര്‍മവിരുദ്ധമാണ് .  വേദകാലത്ത് സ്ത്രീകളെ ആരാധനയില്‍ നിന്ന് അകറ്റി നിര്‍ത്തിയിട്ടുണ്ടോ എന്ന ചോദ്യം മുന്‍നിര്‍ത്തി ധര്‍മവീക്ഷണം നല്കാനാണ് സ്വാമി ഭൂമാനന്ദതീര്‍ഥ മഠാധിപതിയായ നാരായണാശ്രമതപോവനവും ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാനും ശബരിമല വിഷയത്തില്‍ കക്ഷിചേര്‍ന്നത്.  അഹിംസാധര്‍മത്തിനു വിരുദ്ധമാണ് വന്യജീവിയായ ആനയെ പീഡിപ്പിച്ചു ക്ഷേത്രോത്സവങ്ങളില്‍ പങ്കെടുപ്പിയ്ക്കുന്നതെന്നും സ്വാമിജി കൂട്ടിച്ചേര്‍ത്തു. ധര്‍മചിന്തകരുടെ അഭിപ്രായാനുസൃതം കാര്യങ്ങള്‍ നിര്‍ണ്ണയിക്കപ്പെടാതെ വരുമ്പോള്‍ നീതിന്യായപീഠവും നിയമപരമായേ പരിഹാരം നല്കൂ. സതി, ശൈശവവിവാഹം തുടങ്ങിയവ നിര്‍ത്തലാക്കാനും, വിധവാവിവാഹം അനുവദിയ്ക്കാനും നിയമംമൂലമേ സാധിച്ചുള്ളു. ക്ഷേത്ര പ്രവേശന വിളംബരത്തില്‍ ജനന- ജാതി- സമുദായ- അടിസ്ഥാനത്തില്‍ ഹിന്ദുവായ ആര്‍ക്കും പ്രവേശനാനുമതി നിഷേധിക്കില്ലെന്നു പ്രഖ്യാപിച്ചത് ഹൈന്ദവധര്‍മത്തിലെ സനാതനമൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചതിനാലും, കാലോചിതമായ പരിവര്‍ത്തനങ്ങള്‍ സാധുവാണെന്ന തിരിച്ചറിവിനാലുമാണെന്ന് സ്വാമിജി പ്രസ്താവിച്ചു. read more …

സംഗീത പഠനത്തിന്റെ തുടര്‍ച്ച സാധ്യമാക്കണം : അജിത്‌ നമ്പൂതിരി

16052004ഇരിങ്ങാലക്കുട : സംഗീതം പഠിച്ച് തുടങ്ങുന്നവര്‍ ആദ്യം പഠിക്കുന്ന രാഗം മായാമാളവഗൗളയാണ് , തുടര്‍ന്ന് പഠിക്കാത്തവര്‍ വളരെക്കാലങ്ങള്‍ക്ക് ശേഷം മായാമാളവഗൗള കേള്‍ക്കുമ്പോള്‍ ഇതാണ് രാഗമെന്ന് പോലും സംശയിച്ച് പോകുന്ന അവസ്ഥയാണ് ഉള്ളത്. മൈക്ക് വന്നതിന് ശേഷമാണ് സംഗീതത്തില്‍ ഗമഗ പ്രയോഗത്തിന് കൂടുതല്‍ പ്രാധാന്യം കൈവന്നതെന്ന് പ്രശസ്ത സംഗീതജ്ഞന്‍ അജിത്‌ നമ്പൂതിരി പറഞ്ഞു.  സംഗീത വിദ്യാര്‍ത്ഥികള്‍ക്കും ആസ്വദകര്‍ക്കുമായി ഇരിങ്ങാലക്കുട ചേംബര്‍ കോണ്‍സേര്‍ട്ടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏകദിന സൗജന്യ സംഗീത ശില്‍പശാലയില്‍ സംഗീത ആസ്വാദനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിനടുത്തുള്ള വലിയ തമ്പുരാന്‍ കോവിലത്ത് നടന്ന ശില്പശാലയില്‍ വായ്‌പ്പാട്ടിനെ കുറിച്ച് ഡോ പ്രഭാവതിയും ,വീണ അടിസ്ഥാനമാക്കി ശ്രീവിദ്യവര്‍മ്മയും സംഗീതവും താളവും എന്ന വിഷയത്തെ ആസ്പദമാക്കി ചാലക്കുടി വിജയും ക്ലാസുകള്‍ നയിച്ചു. ശില്പശാലയില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു.

പറപ്പൂക്കര പള്ളിയില്‍ തിരുനാള്‍ : തത്സമയ സംപ്രേക്ഷണം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍

16051505പറപ്പൂക്കര: സെന്റ് ജോണ്‍ ഫൊറോന പള്ളിയില്‍ തിരുനാള്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ആഘോഷിക്കും. ഞായറാഴ്ച നടന്ന ആഘോഷമായ ദിവ്യബലി സന്ദേശം എന്നിവയ്ക്ക് ഫാ. ലിജോ കാര്‍മ്മികനായി . വൈകുന്നേരം 5ന് അമ്പ് പ്രദക്ഷിണങ്ങള്‍ പള്ളിയില്‍ സമാപിച്ചു . 5.30ന് വിശുദ്ധ ലോന മുത്തപ്പന്റെ തിരുസ്വരൂപം ഇറക്കും. തുടര്‍ന്ന് പരസ്യവണക്കത്തിനായി അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും. തുടര്‍ന്ന് പൊന്ന് നേര്‍ച്ച. ശേഷം പ്രദക്ഷിണമായി തിരുസ്വരൂപം നേര്‍ച്ചപ്പന്തലിലേയ്ക്ക് എഴുന്നള്ളിയ്ക്കും. രാത്രി 8ന് തിരുമുടി എഴുന്നള്ളിപ്പ്, എഴുന്നള്ളിപ്പ്, തുടര്‍ന്ന് ആകാശത്ത് വര്‍ണ്ണമഴ. തിരുനാള്‍ ദിനമായ തിങ്കളാഴ്ച രാവിലെ 5ന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിയ്ക്കും. 10ന് ആഘോഷമായ പാട്ടുകുര്‍ബ്ബാനയും സന്ദേശവും ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. ഉച്ചകഴിഞ്ഞ് 3ന് ദിവ്യബലി, തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, വൈകുന്നേരം വാഴ്വ്, തിരുശേഷിപ്പ് ചുംബിയ്ക്കല്‍, തുടര്‍ന്ന് ആകാശ വിസ്മയം എന്നിവയുണ്ടാകും. മെയ്‌ 15 16 തിയ്യതികളിലായി നടക്കുന്ന തിരുനാളിന്റെ തത്സമയ സംപ്രേക്ഷണം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ ഉണ്ടായിക്കും click here to WATCH THIRUNAL LIVE

ഇരിങ്ങാലക്കുടയില്‍ ആദ്യമായി ഏകദിന കര്‍ണ്ണാടക സംഗീത ശില്‍പശാല

16050902ഇരിങ്ങാലക്കുട : സംഗീത വിദ്യാര്‍ത്ഥികള്‍ക്കും ആസ്വദകര്‍ക്കുമായി ഇരിങ്ങാലക്കുട ചേംബര്‍ കോണ്‍സേര്‍ട്ട് ന്റെ നേതൃത്വത്തില്‍ ഏകദിന സൗജന്യ സംഗീത ശില്‍പശാല സംഘടിപ്പിക്കുന്നു. സംഗീത ശില്പശാല മെയ്‌ 20 വെള്ളിയാഴ്ച ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിനടുത്തുള്ള വലിയ തമ്പുരാന്‍ കോവിലത്ത് വച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണി വരെ നടക്കുന്ന ക്യാമ്പില്‍ സംഗീതത്തിന്റെ വിവിധ തലങ്ങളെ കുറിച്ചുള്ള ക്ലാസുകള്‍ ഉണ്ടായിരിക്കും . കൂടാതെ  4 മുതല്‍ 6 വരെ പ്രശസ്ത സംഗീതജ്ഞന്‍ അജിത്‌ നമ്പൂതിരി സംഗീത ആസ്വാദനത്തെ കുറിച്ചുള്ള പ്രഭാഷണവും , കൂടാതെ സംഗീതവും യോഗയും , സംസ്കൃതം എന്നീ വിഷയങ്ങളെ സംബന്ധിച്ചുള്ള ക്ലാസുകളും ഉണ്ടായിരിക്കും . സംഗീത ശില്പശാലയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9995834829, 9895756246 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Top
Menu Title