News

Category: Press

ഒന്നും ശരിയാകാത്ത ഒരു വര്‍ഷം – യു ഡി എഫ് പ്രതിഷേധ പൊതുയോഗം ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും

ഇരിങ്ങാലക്കുട : അധികാരത്തിലേറിയാല്‍ ഒരു വര്‍ഷം കൊണ്ട് എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ കേരളത്തെയാകെ തകര്‍ച്ചയിലേക്ക് നയിച്ചതില്‍ പ്രതിഷേധിച്ച് ഐക്യജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലയിലെ യു ഡി എഫ് പ്രതിഷേധ പൊതുയോഗം ഇരിങ്ങാലക്കുട ടൌണ്‍ ഹാള്‍ പരിസരത്ത് മെയ് 25 വ്യാഴാഴ്ച്ച വൈകീട്ട് 5 മണിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യുമെന്ന് യു ഡി എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം പി ജാക്സണ്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ വികസന മുരടിപ്പിനൊപ്പം ഇരിങ്ങാലക്കുടയിലും ഒരു വര്‍ഷം കൊണ്ട് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികളല്ലാതെ പുതുതായി ഒന്നും തന്നെ ചെയ്യാന്‍ ഇടതുപക്ഷത്തിന് സാധിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടില്‍ നിന്ന് ഒരു ചെറുസഹായം പോലും ഇരിങ്ങാലക്കുട മണ്ഡലത്തില്‍ വിതരണം ചെയ്തതായി അറിവില്ലെന്ന് എം പി ജാക്സണ്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ യു ഡി എഫ് നേതാക്കളായ ടി വി ചാര്‍ളി (കോണ്‍ഗ്രസ്ബ്ലോക്ക് പ്രസിഡന്റ്), റിയാസുദ്ദീന്‍ കെ എ(മുസ്ലിം ലീഗ് ), കെ കെ ബാബു(ജനതാദള്‍ യു ), മനോജ്‌കുമാര്‍ പി ബി(സി എം പി ), എ പി ആന്റണി(കേരള കോണ്‍ഗ്രസ് ജേക്കബ് ) എന്നിവര്‍ പങ്കെടുത്തു.

ലിംകാ ബുക് വേള്‍ഡ് റെക്കോര്‍ഡിനായി ഇരിങ്ങാലക്കുടയില്‍ കരാട്ടെ പ്രദര്‍ശനം

ഇരിങ്ങാലക്കുട : ലിംകാ ബുക് വേള്‍ഡ് റെക്കോര്‍ഡിനായി ഇരിങ്ങാലക്കുട ടൌണ്‍ ഹാളില്‍ ഹാന്‍ഷി കെ വി ബാബു മാസ്റ്റര്‍, സെന്‍സി ഓ കെ ശ്രീധരന്‍ മാസ്റ്റര്‍ എന്നിവര്‍ മെയ് 12 വെള്ളിയാഴ്ച്ച വൈകീട്ട് 6 മണിക്ക് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ റെക്കോര്‍ഡ് സ്ഥാപിക്കാനായി പരിശ്രമം നടത്തുമെന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് ഷോറായ് ഷോട്ടോ കാന്‍ കരാട്ടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. ചടങ്ങ് ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ ഉദ്‌ഘാടനം ചെയ്യും. കേരള കരാട്ടെ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ക്വൊഷി കെ എ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ വിശിഷ്ടാതിഥിയായിരിക്കും.

വെട്ടിക്കര നനദുര്‍ഗ നവഗ്രഹ ക്ഷേത്രത്തിലെ രഥോത്സവം ഏപ്രില്‍ 2 ,3 ,4 തീയതികളില്‍

ഇരിങ്ങാലക്കുട : വെട്ടിക്കര നനദുര്‍ഗ നവഗ്രഹ ക്ഷേത്രത്തിലെ രഥോത്സവം-2017 ഏപ്രില്‍ 2 ,3 ,4 തീയതികളില്‍ ആഘോഷിക്കുമെന്നു ക്ഷേത്രം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 2 ഞായറാഴ്ച വൈകീട്ട് 4 .30 നു ശ്രീ കൂടല്‍മാണിക്യം ക്ഷേത്രസന്നിധിയില്‍ നിന്നും വാദ്യാഘോഷങ്ങളോടെ ആരംഭിക്കുന്ന രഥം എഴുന്നള്ളിപ്പോടെ ആഘോഷപരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പ് സ്വീകരിച്ചതിനു ശേഷം ചുറ്റുവിളക്ക്, നിറമാല, തിരുവാതിരകളി, പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കും. ഏപ്രില്‍ 3 തിങ്കളാഴ്ച്ച ഉച്ച തിരിഞ്ഞു ശുദ്ധികലശം, പ്രാസാദശുദ്ധി, രക്ഷോഘ്ന ഹോമം, വാസ്തുബലി എന്നിവ ഉണ്ടായിരിക്കും. വൈകീട്ട് 5 നു നടത്തുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കേരള ക്ഷേത്ര സംരക്ഷണസമിതി വൈസ് പ്രസിഡണ്ട് ഡോ കെ അരവിന്ദാക്ഷന്‍ “ദുര്‍ഗ്ഗാസഹസ്രനാമസ്തോത്രം ഭാഷാഭാഷ്യം ” പുസ്തകപ്രകാശനം ചെയ്യും. തുടര്‍ന്ന് ദീപാരാധന, ചുറ്റുവിളക്ക്,നിറമാല, നൃത്തനൃത്ത്യങ്ങള്‍, അത്താഴപൂജ, പ്രസാദവിതരണം എന്നിവയുണ്ടായിരിക്കും. ഏപ്രില്‍ 4 ചൊവ്വാഴ്ച രാവിലെ 5 മണിക്ക് അഷ്ടദ്രവ്യ ഗണപതി ഹോമം, ചതുശുദ്ധി, ധാര, പഞ്ചഗവ്യാഭിഷേകം, പഞ്ചകം, 25 കലശം എന്നീ പൂജകളും ടി. കലശാഭിഷേകങ്ങളും, അയ്യപ്പന്‍, ഗണപതി, ഭദ്രകാളി, നവഗ്രഹങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക കലശാഭിഷേകങ്ങള്‍, ശ്രീഭൂതബലി തുടര്‍ന്ന് പുറത്തേക്ക് എഴുന്നള്ളിപ്പ്, മേളം, ഉച്ചയ്ക്ക് അന്നദാനം, വൈകീട്ട് 5 മണിക്ക് രഥം എഴുന്നള്ളിപ്പ്, പെരുവനം ശങ്കരനാരായണ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, വൈകീട്ട് ദീപാരാധന, ചുറ്റുവിളക്ക്, നിറമാല, കരിമരുന്നു പ്രയോഗം, ‘ദുര്‍ഗാദേവിക്ക് പൂമൂടല്‍ ‘, പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കും. പ്രസിഡണ്ട് കെ ആര്‍ സുബ്രമണ്യന്‍, സെക്രട്ടറി കെ എന്‍ മേനോന്‍, കമ്മിറ്റി മെമ്പര്‍മാരായ പി കെ ഉണ്ണികൃഷ്‌ണന്‍, പീതാംബരന്‍, പി ഹരിദാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

വള്ളിവട്ടം സഹകരണ ബാങ്ക് പൈങ്ങോട് ബ്രാഞ്ചിന്റെ ഉദ്ഘാടനം

ഇരിങ്ങാലക്കുട : വള്ളിവട്ടം സര്‍വീസ് സഹകരണ ബാങ്കിന്റെ വള്ളിവട്ടം നോര്‍ത്ത് ബ്രാഞ്ചിന്റെ (പൈങ്ങോട്) പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 17 വെള്ളിയാഴ്ച രാവിലെ 11 .30 നു ബ്രാഞ്ച് കെട്ടിടപരിസരത്തു സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കുന്നു . കൊടുങ്ങല്ലൂര്‍ എം.എല്‍.എ വി.ആര്‍ സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കുമെന്നു ബാങ്ക് പ്രസിഡന്റ് കെ.പി മോഹനന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു . എല്‍.ഇ.ഡി. ബള്‍ബ് വിതരണോദ്‌ഘടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര, . സ്‌ട്രോംങ് റൂം ഉദ്ഘാടനം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍, ആദ്യ വായ്പ വിതരണം തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ അബ്‌ദുള്‍ സലാം , ആദ്യ നിക്ഷേപ സ്വീകരണം സഹകരണ ജോ .രജിസ്ട്രാര്‍ ജനറല്‍ ടി.കെ സതീഷ് കുമാര്‍ എന്നിവര്‍ നിര്‍വഹിക്കും .

അവിട്ടത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കടുപ്പശേരി ബ്രാഞ്ച് ഉദ്ഘാടനം

ഇരിങ്ങാലക്കുട :  അവിട്ടത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കടുപ്പശേരി ബ്രാഞ്ചിന്റെ ഉദ്ഘാടനം മാര്‍ച്ച് 17 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കടുപ്പശേരി കമ്പിവേലി ബസ് സ്റ്റോപ്പിന് സമീപം കേരള സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കുന്നുവെന്നു ബാങ്ക് പ്രസിഡന്റ് കെ.എല്‍ ജോസ് മാസ്റ്റര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.  ഇരിങ്ങാലക്കുട എം.എല്‍. എ പ്രൊഫ്. കെ.യു. അരുണന്‍ അദ്ധ്യക്ഷത വഹിക്കും . വെള്ളാങ്ങല്ലുര്‍ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ഷാജി നക്കര കൗണ്ടര്‍ ഉദ്ഘാടനം ചെയ്യും , വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്‍ ആദ്യ നിക്ഷേപ സ്വീകരണം നടത്തും , ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ടി. കെ സതീഷ് കുമാര്‍ ആദ്യ വായ്പ വിതരണം നിര്‍വഹിക്കും.

ജില്ലാതല സിവില്‍ സര്‍വീസ് ക്രിക്കറ്റ് ലീഗ് അയ്യങ്കാവ് മൈതാനിയില്‍

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക് ഓഫീസ് എംപ്ലോയിസ് റിക്രിയേഷന്‍ ക്ലബ് സംഘടിപ്പിക്കുന്ന ജില്ലാതല സിവില്‍ സര്‍വീസ് ക്രിക്കറ്റ് ലീഗ് 2017 മാര്‍ച്ച് 11 ,12 തീയതികളില്‍ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയില്‍ നടക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു . തൃശൂര്‍ ജില്ലയിലെ വിവിധ ഡിപ്പാര്‍ട്മെന്റുകളിലെയും നഗരസഭകളിലെയും ജീവനക്കാരുടെ ടീമുകള്‍ ആണ് ഈ ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്നത് . ഉദ്ഘാടനം ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു നിര്‍വഹിക്കുന്നു മുകുന്ദപുരം തഹസില്‍ദാര്‍ ഐ.ജെ മധുസൂദനന്‍ അദ്ധ്യക്ഷത വഹിക്കും . തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഡോ. എ കൗശികന്‍ ഐ.എ.എസ്, തൃശൂര്‍ ആര്‍.ഡി.ഓ പി.വി മോന്‍സി എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും . എന്ന് പത്രസമ്മേളനത്തില്‍ അന്‍സാര്‍, താരിക്ക് ബാബു, പ്രവീണ്‍ പി.കെ എന്നിവര്‍ അറിയിച്ചു.

തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്ര കാവടി അഭിഷേക മഹോത്സവം ജനുവരി 6 മുതല്‍ 12 വരെ

ഇരിങ്ങാലക്കുട : തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കാവടി അഭിഷേക മഹോത്സവം  ജനുവരി 6 മുതല്‍ 12 വരെ ആഘോഷിക്കുമെന്ന് തുമ്പൂര്‍ അയ്യപ്പന്‍കാവ് മുകുന്ദപുരം പാര്‍വതി പരമേശ്വര ഭക്തപരിപാലന സമാജം പ്രസിഡന്റ് സി വി രഘു ചാത്തന്‍കാട്ടില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്ര ചടങ്ങുകള്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തന്ത്രരത്നം അഴകത്ത് ശാസ്തൃശര്‍മ്മന്‍ തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ ജനുവരി 6 വെള്ളിയാഴ്ച കൊടിയേറും. കാവടി അഭിഷേക മഹോത്സവത്തിന്റെ ഭാഗമായി അഖില കേരള പ്രൊഫഷണല്‍ നാടകോത്സവവും (ജനുവരി 7 മുതല്‍ 12 വരെ ), ഓട്ടന്‍തുള്ളല്‍, വിവിധ കരകളിലെയും ഹരിശ്രീ വിദ്യാനികേതന്‍ കുട്ടികളുടെയും കലാപരിപാടികള്‍, നാടന്‍പാട്ട് ദൃശ്യാവിഷ്കാരങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും. ജനുവരി 11 ന് വൈകിട്ട് 5:30 ന് ആനച്ചമയ പ്രദര്‍ശനം ഉണ്ടാകും. കാവടി മഹോത്സവ ദിനമായ ജനുവരി 12 വ്യാഴാഴ്ച രാവിലെ 8 മുതല്‍ 10.30 വരെ 5 ഗജവീരന്മാര്‍ അണിനിരന്ന് പെരുവനം കുട്ടന്‍മാരാര്‍ നയിക്കുന്ന പഞ്ചാരിമേളം , ഉച്ചതിരിഞ്ഞ് 4 മുതല്‍ 7 വരെ പകല്‍പ്പൂരം, പകല്‍പ്പൂരത്തിന് 5 ഗജവീരന്മാര്‍ അണിനിരക്കുന്നു. ഗുരുവായൂര്‍ പത്മനാഭന്‍ തിടമ്പേറ്റും, പെരുവനം കുട്ടന്‍ മാരാരും, കലാമണ്ഡലം ശിവദാസും നയിക്കുന്ന പാണ്ടിമേളം. 3 മുതല്‍ 4.30 വരെ പഞ്ചവാദ്യം, തുടര്‍ന്ന് പഞ്ചാരിമേളം വൈകീട്ട് 5 മണിക്ക് കുടമാറ്റം, വൈകീട്ട് 7 മണിക്ക് ദീപാരാധന, വൈകീട്ട് 7. 45 ന് തായമ്പക. 8 മണിക്ക് ഉദിമാനം നാടന്‍ കലാസംഘം ആനന്ദപുരം നയിക്കുന്ന ഉദിമാനക്കളം നാടന്‍പാട്ട് ദൃശ്യാവിഷ്കാരങ്ങളും തുടര്‍ന്ന് കാവടി വരവും ആട്ടവും തുടര്‍ന്ന് പുലര്‍ച്ചെ 2:30 ന് ആറാട്ട് പുറപ്പാട്, 3:30 മുതല്‍ ആറാട്ട് എഴുന്നള്ളിപ്പ് തുടര്‍ന്ന് കൊടിയിറക്കല്‍ എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സെക്രട്ടറി എം ആര്‍ അശോകന്‍ മണപ്പറമ്പില്‍, ട്രഷറര്‍ വിശ്വംഭരന്‍ മച്ചാട്ട്, കമ്മിറ്റി അംഗം സി പി സന്തോഷ് കാട്ടുപറമ്പില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ദേശീയ ഗണിത ദിനാഘോഷവും വേദഗണിത മഹാസമ്മേളനവും

ഇരിങ്ങാലക്കുട : ഈ വര്‍ഷത്തെ ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് വിശാലമായ വേദഗണിത സമ്മേളനം താണിശ്ശേരി തരണനെല്ലൂര്‍ ആര്‍ട്ട്‌സ് & സയന്‍സ് കോളേജില്‍ വച്ച് ഡിസംബര്‍ 22, 23, 24 തിയതികളിലായി നടക്കുകയാണ്. സംഗമഗ്രാമ മാധവഗണിത കേന്ദ്രവും ദില്ലി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് വേദഗണിത സമ്മേളനം നടക്കുന്നത്. സമ്മേളനത്തില്‍ ഭാരതത്തിന്റെ ഗണിതചരിത്രം, ഗണിത സംഭാവന, കേരളീയ ഗണിത പദ്ധതി, വേദഗണിതത്തിന്റെ കാലിക പ്രസക്തി തുടങ്ങീ വിവിധ സെമിനാറുകളില്‍ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 24 ന് 3 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ വച്ച് അഞ്ചാമത് മാധവഗണിത പുരസ്‌കാരം കെ. വിജയരാഘവന്‍ മാസ്റ്റര്‍ക്ക് സമര്‍പ്പിക്കും. യുജിസി ചെയര്‍മാന്‍ ഡോ വേദപ്രകാശ്, രാജ്യസഭാംഗവും സീ ടിവി ചെയര്‍മാനുമായ സുഭാഷ് ചന്ദ്ര, ശിക്ഷാ ഉത്ഥാന്‍ ന്യാസ് സെക്രട്ടറി അതുല്‍ കോഠാരി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സമ്മേളനത്തിന്റെ മുന്നോടിയായി 22 ന് 3 മണിക്ക് സംഗമഗ്രാമമാധവന്റെ ജന്മസ്ഥലത്ത് നിന്ന് ശ്രീ സംഗമേശ്വര സന്നിതിയിലേക്ക് മാധവ ജ്യോതി പ്രയാണം നടക്കും. ജ്യോതി മാധവന്റെ ജന്മഗൃഹമായ ഇരിങ്ങാടപ്പിള്ളി മനയില്‍ നിന്നും പകര്‍ന്നെടുക്കും. തുടര്‍ന്ന് ഇരിങ്ങാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന മാധവാചാര്യന്‍ വാനനിരീക്ഷണത്തിനായി ഉപയോഗിച്ചിരുന്നു എന്നു കരുതുന്ന ശിലാപാളികളില്‍ പുഷ്പാര്‍ച്ചന നടത്തും. മാധവ ജ്യോതിക്കും മാധവന്റെ ഛാത്രചിത്രത്തിനും വൈകുന്നേരം 5 മണിക്ക് ശ്രീ കൂടല്‍മാണിക്യം ക്ഷേത്രപരിസരത്ത് വച്ച് സ്വീകരണം നല്‍കും. സംഗമഗ്രാമ മാധവഗണിത കേന്ദ്രം കാര്യദര്‍ശി എ.വിനോദ്മാസ്റ്റര്‍, സ്വാഗതസംഘം ജനറല്‍ സെക്രട്ടറി കെ.പി.ജാതവേദന്‍ നമ്പൂതിരിപ്പാട്, ഇ.കെ.കേശവന്‍, എ.എസ്.സതീശന്‍, കെ.എസ്.സനൂപ്മാസ്റ്റര്‍, ശ്യാം അവിട്ടത്തൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

മാധവഗണിത പുരസ്കാരം കെ വിജയരാഘവന്‍ മാസ്റ്റര്‍ക്ക്

ഇരിങ്ങാലക്കുട : സംഗമഗ്രാമമാധവ ഗണിത കേന്ദ്രം ഏര്‍പ്പെടുത്തിയ മാധവഗണിത പുരസ്കാരം ഈ വര്‍ഷം വേദഗണിത പ്രചാരകനായ കെ വിജയരാഘവന്‍ മാസ്റ്റര്‍ക്ക് നല്‍കുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡോ ശ്രീരാം ചൗതേവാല അദ്ധ്യക്ഷനായി മാധവഗണിത കേന്ദ്രം തീരുമാനിച്ച മൂന്നംഗ സമിതിയാണ് 2016 ലെ മാധവഗണിത പുരസ്‌കാരം വിജയരാഘവന്‍ മാസ്റ്റര്‍ക്ക് നല്‍കുവാന്‍ തീരുമാനിച്ചത്. മാധവന്റെ സുവര്‍ണ്ണ ചിത്രം ആലേഖനം ചെയ്ത ആറന്മുള കണ്ണാടിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എല്ലാവര്‍ഷവും ദേശീയ ഗണിത ദിനത്തോടനുബന്ധിച്ചാണ് ഇരിങ്ങാലക്കുടയില്‍ പുരസ്‌കാരദാന ചടങ്ങ് നടത്തുന്നത്. പാലക്കാട് ജില്ലയില്‍ വിവിധ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഗണിത അദ്ധ്യാപകനായും അദ്ധ്യാപക പരിശീലകനായും പ്രധാനാദ്ധ്യാപകനായും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറായും പ്രവര്‍ത്തിച്ച വിജയരാഘവന്‍ സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ സ്ഥാപകാംഗവുമാണ്.
ശ്രീ രാമാനുജ സരണിയുടെ സംസ്ഥാന സംയോജകന്‍ എന്ന നിലക്കും അദ്ധ്യക്ഷന്‍ എന്ന നിലക്കും കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി കേരളത്തില്‍ വേദഗണിതം പ്രചരിപ്പിക്കുന്നതിലും കേരളീയ ഗണിത നാട്ടറിവുകള്‍ സമാഹരിക്കുന്നതിലും വിജയരാഘവന്‍ മാസ്റ്റര്‍ നല്‍കിയ നിസ്തുല സേവനത്തെ പരിഗണിച്ചാണ് ഈ വര്‍ഷത്തെ പുരസ്‌കാരം വിജയരാഘവന്‍മാസ്റ്റര്‍ക്ക് നൽകുന്നത്. സംഗമഗ്രാമ മാധവഗണിത കേന്ദ്രം കാര്യദര്‍ശി എ.വിനോദ്മാസ്റ്റര്‍, സ്വാഗതസംഘം ജനറല്‍ സെക്രട്ടറി കെ.പി.ജാതവേദന്‍ നമ്പൂതിരിപ്പാട്, ഇ.കെ.കേശവന്‍, എ.എസ്.സതീശന്‍, കെ.എസ്.സനൂപ്മാസ്റ്റര്‍, ശ്യാം അവിട്ടത്തൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഐ ടി സി ബാങ്കിന്റെ പേര് മാറ്റം : ബാങ്ക് ചെയര്‍മാന്റെ ധിക്കാരപരമായ മുഖം മിനുക്കലിന്റെ ബാക്കി പത്രം – ആന്റണി തെക്കേക്കര

ഇരിങ്ങാലക്കുട : ഐ ടി സി എന്ന നാമധേയം യാതൊരുവിധത്തിലും ഇരിങ്ങാലക്കുട ടൗണ്‍ കോപ്പറേറ്റീവ്‌ ബാങ്ക്‌ ഉപയോഗിക്കരുത്‌ എന്ന്‌ കല്‍ക്കട്ട ഹൈക്കോടതി വിലക്കിയിട്ടുള്ളത്‌ മൂലം ഐ ടി സി ബാങ്കിന്റെ പരസ്യബോര്‍ഡുകളും മറ്റും ഇപ്പോള്‍ പേര് മറയ്‌ക്കുവാനും അത് മൂലമുണ്ടാകുന്ന നഷ്ടത്തിനും കാരണം നിയമാനുസൃതമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതെ ബാങ്ക് ചെയര്‍മാനായ എം പി ജാക്സണ്‍ നടത്തിയ ധിക്കാരപരമായ മുഖം മിനുക്കലിന്റെ ബാക്കി പത്രമാണ്‌ ഈ കൗപീനം ധരിപ്പിക്കല്‍ എന്ന് ലോയേര്‍സ് കോണ്‍ഗ്രസ് ഭാരവാഹിയും മുന്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ആന്റണി തെക്കേക്കര . ഇന്ത്യയിലെ പുരാതനവും, പ്രശസ്‌തമായതും, ആയിരക്കണക്കിന്‌ കോടി രൂപ വിറ്റുവരവുള്ളതുമായ ഇന്ത്യന്‍ ടുബാക്കോ കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനം ഇന്ത്യയില്‍ ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌ I.T.C. എന്ന നാമധേയത്തിലാണ്‌. ഈ കാര്യം ഏതു കൊച്ചുകുട്ടിക്കു പോലും അറിയാവുന്നതാണ്‌. അവരുടെ ബിസിനസ്സ്‌ സാമ്രാജ്യത്തിന്റെ ആകെ വിറ്റുവരവ്‌ ഉദ്ദേശം അമ്പതിനായിരം കോടി രൂപയോളം വരും. ആ കാര്യം ഗൗരവത്തിലെടുക്കാതെ, പഠിക്കാതെ തന്നിഷ്‌ട പ്രകാരം ടൗണ്‍ കോപ്പറേറ്റീവ്‌ ബാങ്കിന്റെ പ്രസിഡണ്ട്‌ ചെയ്‌ത പരിഷ്‌കാര പ്രവൃത്തി മൂലം ബാങ്കിനുണ്ടാകാന്‍ പോകുന്ന നഷ്‌ടം എത്രയാണെന്ന്‌ ഇനിയും തിട്ടപ്പെടുത്തേണ്ടിയിരിക്കുന്നു.

തങ്ങളുടെ രജിസ്റ്റേര്‍ഡ് ട്രേഡ് മാര്‍ക്ക് ദുരുപയോഗപ്പെടുത്തി കോടി കണക്കിന്‌ രൂപയോളം ലാഭമുണ്ടാക്കിയെന്നും, മറ്റും ആരോപിച്ചിട്ടാണ്‌ ഇന്ത്യന്‍ ടുബാക്കോ കമ്പനി കല്‍ക്കട്ട ഹൈക്കോടതിയില്‍ ട്രേഡ് മാര്‍ക്ക് ഫാള്സിഫയിങ്ന്‌ സെക് . 102, ട്രേഡ് ആന്‍ഡ് മെര്‍ച്ചന്റിസ് ആക്ട് അനുസരിച്ച്‌ കേസ്‌ ഫയല്‍ ചെയ്‌തിട്ടുള്ളത്‌ എന്നാണ്‌ അറിയുവാന്‍ കഴിഞ്ഞത്‌ എന്നും അഡ്വക്കേറ്റ് ആന്റണി തെക്കേക്കര ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു . ഈ കേസിലുണ്ടായ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ്‌ ഐ ടി സി എന്ന നാമധേയം യാതൊരുവിധത്തിലും ഇരിങ്ങാലക്കുട ടൗണ്‍ കോപ്പറേറ്റീവ്‌ ബാങ്ക്‌ ഉപയോഗിക്കരുത്‌ എന്ന്‌ വിലക്കിയിട്ടുള്ളത്‌. ആയതിന്റെ പശ്ചാത്തലത്തിലാണ്‌ ബാങ്കിന്റെ ബോര്‍ഡുകളില്‍ കൗപീനം ധരിപ്പിച്ചിട്ടുള്ളതും, ബാങ്കിംഗ്‌ സാമഗ്രികളിലും, രേഖകളിലും ഐ ടി സി എന്നുള്ളത്‌ മായ്‌ച്ചു കളയുന്നതും. ബാങ്കിന്റെ ചെക്കുകളില്‍ ഐ ടി സി എന്നുള്ളത്‌ കറുത്ത സീല്‍ വെച്ച്‌ മായ്‌ച്ചുകളയുകയുണ്ടായെന്നും, എന്നാല്‍ അത്തരത്തിലുള്ള ചെക്കുകള്‍ ക്ലിയറിങ്ങിനു ചെന്നപ്പോള്‍ തിരസ്‌ക്കരിക്കപ്പെട്ടുവെന്നും, വീണ്ടും കോടതി ഉത്തരവ്‌ ലംഘിച്ച്‌ പഴയപടി തന്നെ അനുവര്‍ത്തിക്കുന്നതായിട്ടാണ്‌ ഇപ്പോള്‍ അറിയുവാാന്‍ കഴിഞ്ഞിട്ടുള്ളത്‌ എന്നും ആദ്ദേഹം ആരോപിച്ചു . ബാങ്കിന്റെ ജനറല്‍ ബോഡിയുടെ അനുവാദമോ, അംഗീകാരമോ ഇല്ലാതെ തന്നിഷ്‌ട പ്രകാരമായി നടത്തിയ പ്രവൃത്തി മൂലം ബാങ്കിനുണ്ടായ നഷ്‌ടം പത്തുകോടിയില്‍ മാത്രം അവസാനിക്കുന്നതല്ല. എത്രയാണെന്ന്‌ ഇനിയും തിട്ടപ്പെടുത്തേണ്ടതാണ്‌.

1918 ല്‍ ഇരിങ്ങാലക്കുടയിലെ സഹകാരികള്‍ ചേര്‍ന്ന്‌ ആരംഭിച്ച നമ്പര്‍ 55 ഇരിങ്ങാലക്കുട ടൗണ്‍ കോപ്പറേറ്റീവ്‌ ബാങ്കിന്റെ പൂര്‍ണ്ണമായ നിയന്ത്രണം കൈക്കലാക്കി പാര്‍ശ്വവര്‍ത്തികളെ ഡയറക്‌ടര്‍മാരാക്കി ഭരണം തുടര്‍ന്നു. 14 ബ്രാഞ്ചുകളാണ്‌ പുതിയതായി ആരംഭിച്ചത്‌. സ്വന്തം കുടുംബ്ബക്കാരെയും ബാക്കിയുള്ളവ തന്റെ ഗ്രൂപ്പുക്കാര്‍ക്കും, തന്റെ കുടുംബ വ്യാപാര വ്യവസായങ്ങളില്‍ അഴിമതിക്ക്‌ കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍, രാഷ്‌ട്രീയ എതിരാളികള്‍ എന്നിവര്‍ക്കുമായി വീതം വെച്ചു. ശരിയായ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നാളിതുവരെയായി യാതൊരു നിയമനവും നടത്തിയിട്ടില്ല എന്നും അദ്ദേഹം ആരോപിച്ചു .

ബാങ്കിന്റെ പേരില്‍ പരിഷ്‌കാരം പോരെന്നും തുടര്‍ന്ന്‌ ഏതാണ്ട്‌ 2013-ഓടു കൂടി ബാങ്കിന്റെ പേര്‌ I.T.C. Bank എന്ന്‌ പുനര്‍നാമകരണം ചെയ്യുകയും ചെയ്‌തു. ബാങ്കിലെ ലെഡ്ജര്‍ മുതല്‍ സ്ലിപ് വരെയും, ചെക്ക്‌ മുതല്‍ ഡ്രാഫ്‌റ്റ്‌ വരെയും ഉള്ള എല്ലാ അച്ചടി രേഖകളിലും ഐ ടി സി ബാങ്ക് എന്ന്‌ മുദ്രണം ചെയ്‌തു. ബാങ്കിന്റേതായ പുതിയ സോഫ്‌റ്റ്‌ വെയര്‍ ഉണ്ടാക്കി ആയതിനായിമാത്രം ഒരു കോടി രൂപ ചെലവഴിച്ചു. അങ്ങിനെ പ്രസിഡണ്ടിന്റെ പത്രാസിനുവേണ്ടി മുഖം മിനുക്കല്‍ നടത്തിയ വകയില്‍ ബാങ്കിന്‌ ചെലവായത്‌ അഞ്ചു കോടി രൂപയാണെന്നും അദ്ദേഹം പറയുന്നു.

ഇപ്പോള്‍ ബാങ്ക്‌ ചെയര്‍മാന്റെ ശ്രമം ബാങ്കിന്റെ പേര്‌ ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോപ്പറേറ്റീവ്‌ ബാങ്ക്‌ എന്നാക്കി മാറ്റുന്നതിനുവേണ്ടിയാണ്‌. ആയതിനുവേണ്ടി ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കുവാന്‍ ശ്രമം ചെയ്‌തു വരുന്നതായും ഇതിനിടെ 25 കോടി രൂപ കൊടുത്ത്‌ കേസ്‌ ഒതുക്കി തീര്‍ക്കുവാന്‍ പരിശ്രമങ്ങള്‍ ചെയ്യുന്നുണ്ടെന്ന്‌ പുറമെ കേള്‍ക്കുന്നുമുണ്ട്‌. കാരണം മൂന്നു വര്‍ഷം വരെ തടവും, പിഴയും ലഭിക്കാവുന്നതാണ്‌ കുറ്റം. കുറ്റകൃത്യം ചെയ്യുന്നത്‌ സ്ഥാപനങ്ങളാണെങ്കില്‍ ആ കാലയളവിലെ ഡയറക്‌ടര്‍മാരും, തത്സമയം ഉത്തരവാദികളായ ഉദ്യോഗസ്ഥരും കുറ്റക്കാരാണ്‌. 25 കോടി രൂപ കൊടുക്കുവാന്‍ ശ്രമിക്കുന്നത്‌ സഹകാരികളുടെ കണ്ണീരുവീണ പണമാണെന്ന്‌ ഓര്‍ക്കേണ്ടതാണ്‌ എന്നും ആന്റണി തെക്കേക്കര ഓര്‍മിപ്പിച്ചു .
ഒരു പട്ടണത്തെ മുഴുവന്‍ നോക്കുകുത്തികളാക്കി നടത്തികൊണ്ടിരിക്കുന്ന ഈ അഴിമതിയും , പുറമ്പോക്കു കയ്യേറ്റം, റേഷന്‍ അരി മോഷണം, സഹകരണ ആശുപത്രി ലേലം, കണ്‍വെന്‍ഷന്‍ സെന്ററിലെ തട്ടിപ്പും, നികുതി വെട്ടിപ്പും, അനധികൃത നിര്‍മ്മാണവും, പത്രസമ്മേളനങ്ങളിലെ വെല്ലുവിളികളും, തട്ടിക്കയറലും, ഭീഷണിയും, ഇപ്പോഴിതാ ടൗണ്‍ ബാങ്കിന്റെ കോടിക്കണക്കിന്‌ രൂപയുടെ നഷ്‌ടമുണ്ടാക്കലും. ഇതിനെല്ലാം മുന്‍പില്‍ മിണ്ടാതെയും, കണ്ണടച്ചും പരസ്യത്തിനും, ജോലിക്കും, സംഭാവനയ്‌ക്കും വേണ്ടി വായമൂടി കെട്ടി നില്‍ക്കുന്ന നിസ്സഹായരായ പട്ടണവാസികള്‍. തന്റെ ജീവിതത്തില്‍ എല്ലായിടത്തും ഒന്നാമനാണെന്ന്‌ ധാര്‍ഷ്‌ട്യത്തോടെ പറയുകയും , സ്വയമായി സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുകയും ചെയ്യുന്ന ബാങ്ക്‌ പ്രസിഡണ്ടിനോട്‌ ചോദിക്കുവാനുള്ളത്‌ കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട പ്രസ്സ്‌ ക്ലബ്ബില്‍ താങ്കള്‍ പത്രസമ്മേളനം നടത്തിയപ്പോള്‍ പറയുകയുണ്ടായി ഒന്നാമനായി നില്‍ക്കുന്നതിനുവേണ്ടി ഞാന്‍ കുറി കമ്പനികളില്‍ ചേരാറില്ല എന്ന്‌. ഇരിങ്ങാലക്കുട ബ്ലേയ്‌സ്‌ കുറീസ്‌ എന്ന സ്ഥാപനത്തില്‍ താങ്കള്‍ക്ക്‌ ഷെയറുളള സാഹചര്യത്തിലാണ്‌ താങ്കള്‍ കളവു പറഞ്ഞിട്ടുള്ളത്‌. ഇതെല്ലാം ലോകം മുഴുവന്‍ കാണുകയും, കേള്‍ക്കുകയും ചെയ്‌തിട്ടുള്ളതാണ്‌. താങ്കള്‍ പറഞ്ഞത്‌ കളവല്ലെന്ന്‌ തെളിയിക്കുകയാണെങ്കില്‍ ഞാനെന്റെ പൊതുപ്രവര്‍ത്തനം നിര്‍ത്തുവാന്‍ തയ്യാറാണ്‌. മറിച്ചാണെങ്കില്‍ താങ്കള്‍ നിര്‍ത്തുമോ പൊതുചൂഷണം എന്ന് ആന്റണി തെക്കേക്കര എം പി ജാക്‌സനെ വെല്ലുവിളിച്ചു . സഹകരണ ബാങ്കില്‍ എം പി ജാക്‌സനെ അവരോധിച്ചത്‌ ഈ നാട്ടിലെ കോണ്‍ഗ്രസ്സുകാരും, സഹകാരികളും ചേര്‍ന്നാണ്‌ എന്നും അതിനാല്‍ സഹകാരികളോടും, പൊതുജനങ്ങളോടും മറുപടി പറയുവാന്‍ താങ്കള്‍ക്ക്‌ ചുമതലയുണ്ട്‌ എന്നും ആന്റണി തെക്കേക്കര പറയുന്നു.

കണ്‍വെന്‍ഷന്‍ സെന്റര്‍ വിവാദം : ന്യായീകരണവുമായി എം പി ജാക്സണ്‍ – നഗരസഭ ഡിമാന്‍ഡ് നോട്ടീസ് നല്‍കിയാല്‍ നികുതി കൊടുക്കാന്‍ തയ്യാര്‍

ഇരിങ്ങാലക്കുട : നികുതി നല്‍കാതെ അനധികൃതമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എം സി പി കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളുകള്‍ അടച്ചു പൂട്ടാനുള്ള നഗരസഭാ തീരുമാനത്തിനെതിരെ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും കെ പി സി സി ജനറല്‍ സെക്രെട്ടറിയുമായ എം പി ജാക്സണ്‍ രംഗത്ത്. നഗരസഭ ഡിമാന്‍ഡ് നോട്ടീസ് നല്‍കിയാല്‍ നികുതി കൊടുക്കാന്‍ തയ്യാറാണെന്ന് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. മറ്റാരോപണങ്ങളെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു . എല്ലാ വിധ നിയമങ്ങളും പാലിച്ചു വേണ്ട രേഖകളെല്ലാം കിട്ടിയതിനു ശേഷമാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. തങ്ങള്‍ക്കെതിരെ നടപടി ഉണ്ടെന്ന നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും എം പി ജാക്സണ്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഒരു ഹാളിനു ലൈസന്‍സ് എടുത്ത് കൂടുതല്‍ ഹാളുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം ശരിയല്ലന്നും എക്സ്റ്റന്‍ഷന്‍ വര്‍ക്കിന്‌ ഇനിയും സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അനധികൃത ഹാളുകള്‍ വാടകയ്ക്ക് നല്‍കിയിരുന്നതായി അദ്ദേഹം സമ്മതിച്ചു.

അനുവദനീയമായ ഇളവുകള്‍ മാത്രമേ നഗരസഭ തങ്ങള്‍ക്കു നല്‍കിയിട്ടുള്ളൂ എന്നും ഇത് തന്റെ സ്വാധീനം മൂലമല്ലെന്നും നഗരസഭാ ഭരണത്തില്‍ തനിക്ക് ഒട്ടും സ്വാധീനമില്ലെന്നും ചോദ്യത്തിന് മറുപടിയായി എം പി ജാക്സണ്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തനിക്കുള്ള പിന്തുണ കണ്‍വെന്‍ഷന്‍ സെന്റര്‍ വിഷയത്തെത്തുടര്‍ന്നു കുറയുന്നില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റിദ്ധാരണ ജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ അഴിമതി നടത്താന്‍ സാധ്യതയുള്ള നേതാവായിരുന്നിട്ടുകൂടി പൊതു സമൂഹത്തില്‍ തന്റെ കൈകള്‍ ശുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കോഴ വാങ്ങാതെ ബാങ്കില്‍ നിയമനങ്ങള്‍ നടത്തിയത് അതിനു തെളിവാണെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. ആരോപണങ്ങള്‍ എഴുതുന്നതിനു മുന്‍പ് തന്റെ ജീവിതം മാധ്യമപ്രവര്‍ത്തകര്‍ നല്ല വണ്ണം പഠിക്കണം എന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. താന്‍ എല്ലാ കാര്യത്തിലും ഒന്നാമനാകാനാണ് ആഗ്രഹിക്കുന്നത്. അത് എല്ലാ കാലത്തും അങ്ങനെ തന്നെ ആയിരുന്നു. ഇനിയും അങ്ങനെ ആയിരിക്കും.

സേവനമേഖലയില്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്താലാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ ആരംഭിച്ചതെന്നും അല്ലാതെ ലാഭേച്ഛ മൂലമല്ലെന്നും എം പി ജാക്സണ്‍ പറഞ്ഞു. ഇരിങ്ങാലക്കുട സ്വന്തം നാട്ടുകാരെ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും വരവുകാര്‍ക്ക് ദാനം നല്‍കുന്ന ശീലമാണ് നമ്മുടേതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും കാര്യമറിയാതെയാണ് എം സി പി യ്ക്കെതിരെ തിരിയുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

related news : അനധികൃതമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എം സി പി കണ്‍വെന്‍ഷന്‍ സെന്റര്‍ ഹാളുകള്‍ പൂട്ടാന്‍ കൗണ്‍സില്‍ തീരുമാനം

ആളൂര്‍ ബി എല്‍ എം ധ്യാനകേന്ദ്രത്തില്‍ കരിസ്മാറ്റിക് ബൈബിള്‍ കണ്‍വെന്‍ഷന്‍

ഇരിങ്ങാലക്കുട : രൂപത കരിസ്മാറ്റിക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ആളൂര്‍ ബി എല്‍ എം ധ്യാനകേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്ന 13 – ാമത് കരിസ്മാറ്റിക് ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘ബത്‌ലഹേം 2016’ രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്‌ഘാടനം ചെയ്യുന്നു. 9- ാം തിയ്യതി മുതല്‍ 11- ാം തിയ്യതി ഞായറാഴ്ച 4 വരെ 3 ദിവസത്തെ ബൈബിള്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത് റവ ഫാ ഷാര്‍ലോ ഏഴാനിക്കോട്ട് സി എസ് ടി(ഡിവൈന്‍ മേഴ്‌സി സെന്റര്‍ ബാംഗ്ളൂര്‍) ആണ്. 9- ാം തിയതി വെള്ളിയാഴ്ച്ച വൈകിട്ട് 6 മുതല്‍ 9 വരെ ‘മാലാഖമാരൊത്ത്’ രൂപതയിലെ ബാലഭവനിലെ കുരുന്നുകള്‍ ഒത്തു ചേരുന്നു. ഞായറാഴ്ച്ച രൂപത വികാരി ജനറാള്‍ മോണ്‍ ആന്റോ തച്ചില്‍ സന്ദേശം നല്‍കും. 5000ത്തോളം പേര്‍ പങ്കെടുക്കുന്ന ഈ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇരിങ്ങാലക്കുട രൂപത വിശ്വാസ കൂട്ടായ്മയുടെ ഒരടയാളമാണ്. രൂപത കരിസ്മാറ്റിക് ഡയറക്ടര്‍ റവ ഫാ നിക്സണ്‍ ചാക്കോര്യാ, കോ ഓര്‍ഡിനേറ്റര്‍ ജോര്‍ജ് പേങ്ങിപ്പറമ്പില്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഷാജു ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഡിസംബര്‍ 8ന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്ലാസ്റ്റിക് ക്യാരി ബാഗ് ഹോളിഡേയായി ആചരിക്കുന്നു

16120511ഇരിങ്ങാലക്കുട : ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഡിസംബര്‍ 8ന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്ലാസ്റ്റിക് ക്യാരി ബാഗ് ഹോളിഡേയായി ആചരിക്കുന്നു അന്നേദിവസം പൊതുജനങ്ങള്‍ ക്യാരിബാഗ് ഒഴിവാക്കണമെന്നും വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളടക്കമുള്ള എല്ലാ സ്ഥാപനങ്ങളും പ്ലാസ്റ്റിക് ബാഗില്‍ സാധനങ്ങള്‍ നല്കുന്നത് ഒഴിവാക്കണമെ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ് വി. എ. മനോജ്കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 380 ദിവസത്തിനുള്ളില്‍ ബ്ലോക്ക് പഞ്ചായത്തിലെ പതിമൂന്നു ഡിവിഷനുകളിലായി പതിനഞ്ചു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനായതായി വി. എ. മനോജ്കുമാര്‍ അവകാശപ്പെട്ടു. കാര്‍ഷിക മേഖലക്ക് ഉണര്‍വ്വു നല്‍കുകയെ ലക്ഷ്യവുമായി ആരംഭിച്ച ആഗ്രോ സര്‍വീസ് സെന്ററിന്റെ പ്രവര്‍ത്തനത്തിനു നഴ്‌സറിയും, വിപണന കേന്ദ്രവും, വിപണനത്തനായി പെട്ടി ഓട്ടോ റിക്ഷയും , ബൊലറോ ട്രക്കും അനുവദിച്ചു. സംസ്ഥാനത്ത് ആദ്യമായി മണ്ണ് പരിശോധന ലാബ് ആരംഭിക്കാന്‍ കഴിഞ്ഞത് അഭിമാനര്‍ഹമായ നേട്ടമായി
തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് മേസനറി ട്രെയിനിങ്ങ് നല്‍കി ജില്ലക്കു തന്നെ ബ്ലോക്ക് പഞ്ചായത്ത് മാതൃകയായി. ഭവനരഹിതര്‍ക്കായി 198 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ കഴിഞ്ഞു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തരിശിട്ടിരുന്ന നൂറ്റിയെഴുപത്തിനാലു ഏക്കര്‍ വിസ്ത്യതിയുള്ള വെള്ളാനി പുളിയംപാടം ക്യഷിയോഗ്യമാക്കുതിന്ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷത്തി അറുപതിനായിരം രൂപയും കാറളം പാഞ്ചായത്ത് രണ്ടു ലക്ഷം രൂപയും നീക്കി വച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുതായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ് വി. എ മനോജ്കുമാര്‍ പറഞ്ഞു. ഇതിന്റെ വിത്തിടല്‍ ഡിസംബര്‍ 11 ന് ക്യഷിമന്ത്രി വി. എസ്. സുനല്‍കുമാര്‍ നിര്‍വ്വഹിക്കും.

ശുചിത്വ ഹര്‍ത്താല്‍ പ്രഖ്യാപനവുമായി പറപ്പുക്കര പഞ്ചായത്തും, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് മുരിയാട് ഗ്രാമ പഞ്ചായത്തും, ആധുനിക സൗകര്യങ്ങള്‍ നിത്യ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമെന്നു കാട്ടൂര്‍ ഗ്രാമ പഞ്ചായത്തും, തരിശു രഹിത-പ്ലാസ്റ്റിക് രഹിത പഞ്ചായത്തെ ലക്ഷ്യവുമായി മുന്നേറുന്ന കാറളം ഗ്രാമ പഞ്ചായത്തും ശ്രദ്ധ്യേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത് . പരിസ്തിതിയെ സംരക്ഷിക്കുകയെ ലക്ഷ്യവുമായി ബ്ലോക്ക് പഞ്ചായത്ത് വിഭാവനം ചെയ്തിട്ടുള്ള പച്ചമരക്കുട പദ്ധതിയില്‍ ഫലവ്യക്ഷത്തൈകള്‍ വച്ചു പിടിപ്പുക്കുമെന്ന് വി. എ. മനോജ്കുമാര്‍ പറഞ്ഞു. മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി കാറളം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്ലാസ്റ്റിക് ഷ്രെഡിങ്ങ് മെഷിനും, ബ്‌ലിങ്ങ് മെഷിനും സ്ഥാപിക്കും. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലക്യഷ്ണന്‍, കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ബാബു, പറപ്പുക്കുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയന്‍, മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡ് സരള വിക്രമന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. ഒ ജോസഫ് എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു.

കറന്‍സിരഹിത പണവിനിമയ സാങ്കേതിക പരിശീലനവുമായി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ്

ഇരിങ്ങാലക്കുട : ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് സംജാതമായ പണവിനിമയ വിഷമതകളെ ലഘുകരിക്കുന്നതിനുവേണ്ടി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് കറന്‍സി രഹിത പണവിനിമയ സാങ്കേതിക പരിശീലനം നല്‍കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര CMI പത്രസമ്മേളനത്തില്‍ അറിയിച്ചു. ആധുനിക കാലഘട്ടത്തിന്റെ ഓണ്‍ലൈന്‍ കറന്‍സി രഹിത പണവിനിമയ സാങ്കേതിക വിദ്യയുടെ അജ്ഞത വലിയൊരു ശതമാനം പൊതുജനങ്ങള്‍ക്കും അനുഭവപ്പെടുന്നു. ഇത് പരിഹരിക്കുന്നതിന് സഹായകമായ കര്‍മ്മപദ്ധതിയുമായി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും മുന്നോട്ട് വരുന്നു. മൊബൈല്‍ ഉപയോഗിച്ചുള്ള പണവിനിമയ സാങ്കേതിക വിദ്യയുടെ പരിശീലന പരിപാടി സൗജന്യമായി വ്യാപാരി വ്യവസായികളെയും, റസിഡന്‍സ് അസ്സോസിയേഷനുകളെയും മറ്റു സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ച് ഡിസംബര്‍ 5- ാം തിയ്യതി തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നു. റിസര്‍വ് ബാങ്ക് അനുശാസിക്കുന്ന ഓണ്‍ലൈന്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യു പി ഐ) കര്‍മപദ്ധതിയിലാണ് പരിശീലനം നല്‍കുന്നത്. ഡോ സജീവ് ജോണ്‍,ഡോ ജോണ്‍ യു ഡി, ശ്രീജിത്ത് ടി വി, ആന്റണി ടി ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കത്തീഡ്രല്‍ പള്ളിയില്‍നിന്നും പുതിയ കണ്‍വെന്‍ഷന്‍ സെന്ററിലേക്കുള്ള മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച

16112522ഇരിങ്ങാലക്കുട : കേരളത്തില്‍ സംസ്ഥാന പാതക്ക് കുറുകെ പണിയുന്ന ആദ്യത്തെ സ്വകാര്യ മേല്‍പ്പാലമായ ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളിയില്‍നിന്നും പുതിയ കണ്‍വെന്‍ഷന്‍ സെന്ററിലേക്കുള്ള ഫുട് ഓവര്‍ ബ്രിഡ്ജ് നവംബര്‍ 27 ഞായറാഴ്ച ഉദ്ഘാടനം ചെയ്യപെടുമെന്നു കത്തീഡ്രല്‍ വികാരി ഫാ ജോയ് കടമ്പാട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു .

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് പാലം പണിക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചത്. പള്ളി നിലകൊള്ളുന്ന ചന്തക്കുന്ന് പ്രദേശത്തിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനും ചന്തയിലും പള്ളിയിലേയ്ക്കുമുള്ള ആളുകള്‍ക്ക് ഗതാഗതക്കുരുക്ക് ഒഴിവാക്കി യാത്ര ചെയ്യുന്നതിനും പള്ളി വക കണ്‍വെന്‍ഷന്‍ സെന്ററിലേയ്ക്കും ഉള്ള ഒരു മാര്‍ഗ്ഗം എന്ന നിലയിലാണ് പള്ളി വികാരി സര്‍ക്കാരില്‍ നിന്ന് മേല്‍പ്പാലത്തിന് അനുവാദം വാങ്ങിയത്. മേല്‍പ്പാലത്തിന്റെ മുഴുവന്‍ ചിലവും പള്ളിയാണ് മുടക്കുന്നത്. എന്നാല്‍ ഈ പാലം തുടങ്ങുന്നതും അവസാനിക്കുന്നതും പൂര്‍ണ്ണമായും പള്ളിയുടെ സ്വകാര്യ സ്ഥലത്താണെന്നും അതുകൊണ്ടു പൊതുജനങ്ങള്‍ക്കല്ല  ഉപകാരമെന്നും അതിനാല്‍ മേല്‍പ്പാലം നിര്‍മ്മിക്കുന്നെങ്കില്‍ അപേക്ഷയില്‍ പറഞ്ഞ പ്രകാരം പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയിലെ നിര്‍മ്മിക്കാവൂ എന്ന വാദം പിന്നീട് ഉയര്‍ന്നിരുന്നു. അനര്‍ഹമായ വഴിലിലൂടെ നേടിയ അനുവാദം പുതിയ കിഴ്വഴക്കങ്ങള്‍ക്ക് വഴിതുറക്കുമെന്നും , ഇത് പലരും ദുരുപയോഗം ചെയ്യുമെന്നുമെന്നുള്ളത് കൊണ്ട് വലിയ വിവാദങ്ങള്ക്ക് ഇടനല്‍കിയിരുന്നു.

ചന്തകുന്നിലെ ട്രാഫിക് ബ്ലോക്കിലും വാഹന പെരുപ്പത്തിലും റോഡ് മുറിച്ചു കടക്കാന്‍ ബുദ്ധിമുട്ടുന്ന പൊതുജനങ്ങള്‍ക്ക് , അമ്പതു മീറ്റര്‍ ഇപ്പുറം ഉള്ള പള്ളിയില്‍നിന്നും പുതിയ കണ്‍വെന്‍ഷന്‍ സെന്ററിലേക്കുള്ള ഫുട് ഓവര്‍ ബ്രിഡ്ജ് എങ്ങിനെ ആശ്വാസമേകും എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പത്രസമ്മളനത്തില്‍ അദ്ദേഹത്തിന് കൃത്യമായ മറുപടി ഉണ്ടായില്ല. ചന്തകുന്നിലെ ട്രാഫിക് ബ്ലോക്കില്‍ പെടുന്നവര്‍ക്ക് സഹായമെന്ന അര്‍ത്ഥത്തിലാണ് സംസ്ഥാന പാതക്ക് കുറുകെ പണിയുന്ന മേല്‍പ്പാലത്തിന് അനുമതി നേടിയെടുത്തത്. എന്തുകൊണ്ട് കത്തീഡ്രല്‍ പള്ളിയില്‍നിന്നും പുതിയ കണ്‍വെന്‍ഷന്‍ സെന്ററിലേക്കുള്ള ഫുട് ഓവര്‍ ബ്രിഡ്ജ് എന്ന നേരായ രീതിയില്‍ അനുമതി നേടികൂടേയെന്ന ചോദ്യത്തിനും വ്യക്തമായ വിശദികരണം ഉണ്ടായില്ല. എന്നാല്‍ ചന്തക്കുന്ന് ഠാണാവ് മേഖലയുടെ റോഡ്  വികസനത്തിനു മേല്‍പ്പാലം ഒരുതരത്തിലും തടസ്സമാകില്ലെന്നു വികാരി പറയുന്നു.

എത്രവലിയ കണ്ടെയ്നറുകള്‍ വന്നാലും തടസ്സം വരാത്ത രീതിയില്‍ ഉയരത്തിലാണ് മേല്‍പ്പാലം ഇപ്പോള്‍ സജ്ജീകരിച്ചിട്ടുള്ളത്. രണ്ട് വശങ്ങളിലും 4 അടി ഉയരത്തില്‍ കൈവരികള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ ഈ പാലം ഉപകാരപ്പെടും എന്നാണ് പള്ളി അധികൃതര്‍ അവകാശപ്പെടുന്നത്. ഏകദെശം 25 ലക്ഷം രൂപ ഇതിന്റെ നിര്‍മാണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ചിലവായതായി പത്രസമ്മേളനത്തില്‍  വ്യക്തമാക്കി.മേല്‍പ്പാലത്തിന്റെ ഔപചാരിക ഉദ്‌ഘാടനം 27- ാം തിയ്യതി ഞായറാഴ്ച്ച വൈകിട്ട് 5 : 30 വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പൊളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. പാര്‍ലമെന്റ് അംഗങ്ങളായ സി എന്‍ ജയദേവന്‍, ടി വി ഇന്നസെന്റ് എന്നിവര്‍ മുഖ്യാതിഥികളാകും. കെ യു അരുണന്‍ എം എല്‍ എ, രൂപത വികാരി ജനറല്‍ മോണ്‍ ജോബി പൊഴോലിപറമ്പില്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു, തോമസ് ഉണ്ണിയാടന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ റോക്കി ആളൂക്കാരന്‍, പി സി ശിവകുമാര്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. കത്തീഡ്രല്‍ വികാരി ഫാ ജോയ് കടമ്പാട്ട് സ്വാഗതവും കണ്‍വീനര്‍ ജിജി മാമ്പിള്ളി നന്ദിയും അറിയിക്കും. പത്രസമ്മേളനത്തില്‍ വികാരി ജോയ് കടമ്പാറ്റിനു പുറമേ പ്രൊഫ്. എം എ ജോണ്‍, തോമസ് കാളിയങ്കര , ടെല്‍സണ്‍ കോട്ടോളി, റോക്കി അള്ളുക്കാരന്‍ എന്നിവര്‍ പങ്കെടുത്തു.

Top
Close
Menu Title