News

Category: Sanchari

അഭിനയ തൊഴിലാളിയും ജാഥ തൊഴിലാളികളും …

നടിയെ ആക്രമിച്ച വിഷയത്തില്‍ കഴിഞ്ഞ ആഴ്ചകളില്‍ ഇരിങ്ങാലക്കുടയിലെ തന്റെ വീട്ടിലേക്കു ജാഥ നടത്തിയത് വെറും ജാഥ തൊഴിലാളികളാണെന്ന ഇന്നസെന്റ് എം പിയുടെ പരിഹാസത്തില്‍ കഴമ്പുണ്ടെന്ന് ത്രിവര്‍ണ പാര്‍ട്ടിയുടെ മേലാവിമാരും ഇപ്പോള്‍ സമ്മതിക്കുന്നുണ്ട്. വിവിധ സംഘടനകള്‍ ജാഥ നടത്തിയപ്പോള്‍ ഇവരില്‍ നേതാക്കള്‍ ഉണ്ടായിരുന്നില്ലെന്നും, ഇനി ജാഥ നടത്തുമ്പോള്‍ നേതാക്കളെ ആരെയെങ്കിലും വിടണമെന്ന് ജാഥ സംഘടിപ്പിച്ച പാര്‍ട്ടിക്കാരോട് ഇന്നസെന്റ് അഭ്യര്‍ത്ഥിക്കുക കൂടി ചെയ്തു. ഈ സംശയം സഞ്ചാരിയുള്‍പ്പടെ അന്ന് അവിടെ ഈ കാഴ്ചകള്‍ നേരില്‍ കാണാന്‍ സൗഭാഗ്യമുണ്ടായവര്‍ക്കെല്ലാം തോന്നിയതാണ്. ജാഥ നയിച്ചിരുന്ന ആശ്രിതന്മാരോട് ഈ സംശയം ചോദിച്ചപ്പോള്‍, മുദ്രാവാക്യം ഉച്ചത്തില്‍ മുഴക്കിയതല്ലാതെ മറ്റു പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ആഴ്ചകളില്‍ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി, മഹിളാ കോണ്‍ഗ്രസ്, യുവ മോര്‍ച്ച എന്നിവരാണ് ഇന്നസെന്റ് എം പി യുടെ വീട്ടിലേക്ക് ജാഥ നടത്തിയിരുന്നത്. കെ പി സി സി ജനറല്‍ സെക്രട്ടറിയും ഡി സി സി സെക്രെട്ടറിമാരും ഇരിങ്ങാലക്കുടയില്‍ ഉണ്ടായിരുന്നിട്ടും അവരില്‍ ഒരാളൊഴിച്ചു ആരും തന്നെ പ്രതിഷേധ ജാഥകളില്‍ പങ്കെടുത്തിരുന്നില്ല എന്നത് യാഥ്യാര്‍ത്ഥമാണുതാനും. അത് മാത്രമല്ല, കെ പി സി സി ജനറല്‍ സെക്രട്ടറി ഇന്നസെന്റിനെതിരെ ഒരു പ്രസ്താവനയും ഇറക്കിയതുമില്ല. മുതിര്‍ന്ന നേതാക്കള്‍ ജാഥയില്‍ പങ്കെടുക്കാത്തത്, ഇന്നസെന്റിനു മുന്നില്‍ തങ്ങളുടെ ‘പ്രതിച്ഛായ’ കളയാന്‍ തയാറല്ല എന്ന കാരണമാണെന്ന് മഹിളാ കോണ്‍ഗ്രസിന്റെ ജാഥയില്‍ നിന്ന് വിട്ടുനിന്ന ചിലരെ ഉദ്ദേശിച്ചു അന്ന് പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മഹിളകളുടെ സംസ്ഥാന നേതാവ് വന്നിട്ട് പോലും ഇവിടുത്തെ ‘പ്രധാന മഹിള’ യുടെ അഭാവം ഏവരും ശ്രദ്ധിച്ചിരുന്നു. മുന്നണി വിട്ട ഒരു വനിതാ കൗണ്‍സിലര്‍ പോലും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പങ്കെടുത്ത ജാഥയില്‍ ‘ന്യൂജന്‍ നേതാവ്’ ഒരു തിരഞ്ഞെടുപ്പിന്റെ വോട്ടുപിടുത്തത്തിലായിരുന്നു എന്ന് പോലും വിശദീകരണം. ഇന്നസെന്റിന്റെ മുഖം കേരളത്തിലെ എല്ലാ സ്ഥാപനങ്ങളുടെ പരസ്യങ്ങളില്‍ നിന്നും നീക്കണം എന്ന് സംസ്ഥാന വനിതാ നേതാവ് തുറന്നു പറഞ്ഞപ്പോള്‍ ഏവരും കൈയടിച്ചു പ്രോല്‍സാഹിപ്പിച്ചു. എന്നാല്‍ ആവേശത്തോടെ കൈയടിച്ചവരെ പിന്നീട്‌ ‘മേലാവി’ ശാസന അറിയിച്ചപ്പോളാണ് അതിനുപുറകിലെ ഗുട്ടന്‍സ് ആശ്രിതന്മാര്‍ക്ക് പിടികിട്ടിയത്. ഇപ്പോള്‍ നിവൃത്തികേടുകൊണ്ട് പേര് മാറ്റിയ ബാങ്കിന്റെ പരസ്യങ്ങളിലും ഈ ‘ആരോപിതന്റെ ‘ മുഖം ഉണ്ട്. ആവേശത്തോടെ കൈ അടിക്കുന്ന പരിപാടി ഇതോടെ ‘ജാഥ തൊഴിലാളികള്‍’ നിറുത്തിയതായി ഇവരുടെ വക്താവ് അറിയിച്ചിട്ടുണ്ട്. അതുമാത്രമല്ല ഇതുവരെ നേതാക്കള്‍ ചമഞ്ഞവര്‍ എല്ലാം നേതാക്കളല്ലെന്ന് പൊതുജനം അറിഞ്ഞതോടെ ഇവരും ചെറിയ ജാള്യത്തിലാണ്. എന്ത് തന്നെയായാലും ‘അഭിനയ തൊഴിലാളി’യുടെ ഈ പ്രസ്താവനയോടെ അദ്ദേഹത്തിന് നാട്ടിലുണ്ടായ ചെറിയ ക്ഷീണം ഇതിലൂടെ മാറികിട്ടിയെന്നു ആശ്വസിക്കാം.   SANCHARI  – A Political Travelogue

‘മേലാവിമാരുടെ’ പരസ്യ ശാസനയില്‍ സന്തോഷിക്കുന്നവര്‍

അങ്ങിനെ ഗുരുവിനെ ഉപദേശിക്കാന്‍ ഒരു അവസരം കിട്ടി, പലര്‍ക്കും… . ജനകിയ എംഎല്‍എയുടെ വിശദീകരണം ബീഫ് ഫെസ്റ്റ് നടത്തിയ പാര്‍ട്ടിക്ക് പക്ഷെ രുചിച്ചില്ല . എവിടെയോ എന്തോ ഒരു സ്വരച്ചേര്‍ച്ച . അറിയാതെയാണ് ആര്‍എസ്എസ് പരിപാടിക്കു പോയതെന്ന കെ.യു അരുണന്‍ എംഎല്‍എയുടെ കൈമലര്‍ത്തല്‍ സിപിഎം അംഗീകരിക്കുന്നില്ല. പാര്‍ട്ടി ഘടകങ്ങളോട് ആലോചിക്കാതെ ജനകീയനാകാന്‍ ശ്രമിച്ചതിന് പരസ്യ ശാസനയെന്ന തിരിച്ചടി. ഇതില്‍ സന്തോഷിക്കുന്നവര്‍ പക്ഷെ രാഷ്ട്രീയ ശത്രുക്കളല്ല പകരം പാര്‍ട്ടിക്കുള്ളിലെ ചില മുതിര്‍ന്ന മേലാവിമാരും, അടുത്ത തവണ നറുക്ക് വീഴണമെന്നു മോഹിക്കുന്ന ചില ‘യുവ’ തുര്‍ക്കികളും. ഒരു എം.എല്‍.എ എന്നാല്‍ ഏവരുടെയും ആണെന്നും, വെറും സങ്കുചിതമായ രാഷ്ട്രീയ കണ്ണോടെ മാത്രം ഇപ്പോള്‍ സംഭവിച്ചതിനെ കാണരുതെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ ഭൂരിപക്ഷവും ഈ വിഷയത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുമ്പോളും മാഷിന് അങ്ങിനെ തന്നെ വേണമെന്ന് പറയുന്നതില്‍ മേലെ പറഞ്ഞവരുടെ ആശ്രിതരാണ് കൂടുതല്‍. സഞ്ചാരി അവരെ ഒരിക്കലും കുറ്റം പറയില്ല , കാരണം ഭരണം കിട്ടിയപ്പോള്‍ ആദ്യം ഭരിക്കാന്‍ കിട്ടുന്നത് എം എല്‍ എ ഓഫീസില്‍ ആണെന്ന സത്യം മുന്‍കൂട്ടി കണ്ട ഇവര്‍ക്ക് പക്ഷെ ആ ആഗ്രഹം മുളയിലേ നുള്ളേണ്ടതായിവന്നു. പാര്‍ട്ടി ഓഫിസിലെ പോലെ ഒരു അധികാര കസേര ചിലര്‍ അവിടെ സ്വപ്നം കണ്ടിരുന്നു. പക്ഷെ രാഷ്ട്രീയ തിമിരം ബാധിച്ചു തുടങ്ങിയിട്ടില്ലാത്ത ഇപ്പോള്‍ ജയിച്ചുകയറിവന്ന എം എല്‍ എ ആദ്യം ചെയ്ത ‘പണി’ ഇത്തരം അധികാരമോഹികളെ എം എല്‍ എ ഓഫീസില്‍നിന്നും അകറ്റിനിര്‍ത്തുകയെന്ന കാര്യമാണ് . കഴിഞ്ഞ 15 വര്‍ഷം കേരളാ കോണ്‍ഗ്രസിന് കാര്യമായി അംഗബലമില്ലാത്ത ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ഉണ്ണിയാടന്‍ തുടര്‍ച്ചയായി മൂന്നുതവണ ജയിച്ചുകയറിയത് അദ്ദേഹത്തിന്റെ ജനകീയ ഇടപെടലുകള്‍ കൊണ്ടുമാത്രമായിരുന്നു. ഇത് മനസിലാക്കി അതു തുടരാനാണ് തുടക്കം മുതലേ മാഷും ശ്രമിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആര്‍ക്കും എപ്പോഴും കയറിച്ചെല്ലാവുന്ന വിധം എം എല്‍ എ ഓഫീസിന്റെ പ്രവര്‍ത്തനം മാറ്റി. നേതാക്കളെ ഒഴിവാക്കി അനുഭാവികളെ മാത്രമാണ് ഓഫീസില്‍ ഒപ്പം കൂട്ടിയത്. മാത്രമല്ല പാര്‍ട്ടി നേതാക്കളുടെ നിയന്ത്രണം ഓഫീസിലുണ്ടാകരുതെന്ന് അദ്ദേഹം പ്രത്യേകം നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എംഎല്‍എയുടെ ജനകീയ മുഖം കാത്തുസൂക്ഷിക്കാന്‍ ചില എതിര്‍പ്പുകളെ അവഗണിച്ചും എല്ലാ പിന്തുണയും പാര്‍ട്ടി ഒരു പരിധിവരെ അദ്ദേഹത്തിന് നല്‍കുകയും ചെയ്തുവന്നിരുന്നു. പാര്‍ട്ടി നല്‍കിയ ഈ സ്വാതന്ത്ര്യം തന്നെയാണ് പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ ഇത്തരം അവസങ്ങള്‍ വീണുകിട്ടാന്‍ പരസ്യമായും രഹസ്യമായും ആഗ്രഹിച്ചിരുന്നത്. അരുണനെതിരെ കിട്ടിയ വടികള്‍ പാര്‍ട്ടിക്കുള്ളിലെ എതിരാളികള്‍ ശക്തമായി ഉപയോഗിച്ചു. ഗ്രൂപ്പിസം കൂടിയപ്പോള്‍ കോണ്‍ഗ്രെസ്സുകാര്‍ ഇരിങ്ങാലക്കുടയിലെ അവരുടെ ആസ്ഥാന മന്ദിരത്തില്‍ ചെയ്തതുപോലെ എം എല്‍ എ ഓഫീസില്‍ ഒരു നീരിക്ഷണ ക്യാമറ വച്ചാലെന്തെന്നു ആലോചിക്കാന്‍ വരെ ഇവര്‍ തയാറായി. പക്ഷെ വാസ്തവത്തില്‍ ജനപക്ഷനിലപാട് എം എല്‍ എക്ക് അനുകൂലമായി ഇപ്പോള്‍ മാറികൊണ്ടിരിക്കുന്നതില്‍ ഈകൂട്ടര്‍ ആവലാതിയിലാണ്. ഭരണം തങ്ങളുടേതാണല്ലോ , എല്ലാം ശരിയാക്കും എന്ന വിശ്വാസത്തിലാണിവര്‍ …
SANCHARI  – A Political Travelogue

വരദാനങ്ങളുടെ നാട്ടിലെ ഡി വൈ എസ് പി ഓഫീസില്‍ സംഭവിച്ചതും തലസ്ഥാനത്തെ പോലീസ് ആസ്ഥാനത്തു സംഭവിച്ചതും

പാമ്പാടി നെഹ്‌റു കോളജില്‍ മരിച്ച വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത അമ്മയ്ക്ക് തിരുവനന്തപുരം പോലീസ് ആസ്ഥാനത്തു ഒരു സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ നേരിടേണ്ടി വന്നത് പോലീസിന്റെ ക്രൂരമര്‍ദ്ദനം. എന്നാല്‍  ജിഷ്ണു ആത്മഹത്യ ചെയ്യാന്‍ കാരണകാരനെന്നു പോലീസ് തന്നെ പറയുന്ന കേസിലെ ഒന്നാം പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ ചോദ്യം ചെയ്യാന്‍ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഓഫീസിലേക്ക് വിളിച്ചു വരുത്തിയപ്പോള്‍ ലഭിച്ചതാകട്ടെ രാജകീയ സൗകര്യങ്ങള്‍ . പൈസയുടെയും ആള്‍ബലത്തിന്റെയും ജ്യാമ്യത്തില്‍ ഉന്നതങ്ങളിലെ പിടിപാട് മൂലം കൂടുതല്‍ ഉന്മേഷവാനായി അറസ്റ്റിനു ശേഷം വിട്ടയിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഇരിങ്ങാലക്കുട ഡി വൈ എസ് പി ഓഫീസില്‍ നടന്നത് നാടകവും സ്വാധീനത്തിന്റെ പ്രതിഫലനവുമാണെന്നുള്ളത് ഒരു പോറല്‍ പോലും ഏല്‍ക്കാതെ പ്രതിയെന്നു ആരോപിക്കുന്ന കോളേജ് ചെയര്‍മാന്‍ അറസ്റ്റിനു ശേഷം അനുചരന്മാരോടൊപ്പം ഡി വൈ എസ് പി ഓഫീസില്‍ നിന്നും ജ്യാമ്യത്തില്‍ പുറത്തിറങ്ങിയപ്പോള്‍ പൊതുജനത്തിന് മനസിലായത്. ഇതിന്റെ കൂടെ കൂട്ടി വായിക്കേണ്ടതാണ്, ജിഷ്ണു മരിച്ച് 80 ദിവസമായിട്ടും കേസില്‍ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തില്‍ നീതി തേടി മകന്‍ നഷ്ടപെട്ട അമ്മ തലസ്ഥാനത്തെ പോലീസ് ആസ്ഥാനത്തു എത്തിയപ്പോള്‍ ലഭിച്ച ‘സ്വീകരണം’ . രാജ്യത്തെ പ്രഥമ ജനമൈത്രി തലപ്പാവണിഞ്ഞ വരദാനങ്ങളുടെ നാട്ടിലെ ഏമാന്മാര്‍ക്കു നീതിയുടെ കൂടെ നില്‍ക്കാന്‍ സാധിക്കുമോ എന്ന ചോദ്യമാണ് സഞ്ചാരിക്കുള്ളത്. ഈ തുറന്നെഴുത്തിനു ചില വാറോലകള്‍ പ്രതീക്ഷിച്ചുകൊണ്ട് ...  SANCHARI  – A Political Travelogue

ഓണ കച്ചവടത്തിന് ഒന്നാം സ്ഥാനം നേടിയ വരദാനങ്ങളുടെ നാട്ടിലെ വാമനനും മഹാബലിയും

16091510ഒന്നാം ഭാഗം : മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന് സര്‍ക്കാര്‍ നിയമപ്രകാരമുള്ള അന്ത്യശാസനം നിലനില്‍ക്കുമ്പോഴും, കേരളം അഭിമാനപൂര്‍വ്വം കുടിച്ചു തീര്‍ത്ത 410 കോടി രൂപയുടെ വാര്‍ത്ത സചിത്രം പ്രസിദ്ധീകരിക്കുമ്പോഴും സര്‍ക്കാര്‍ അന്ത്യശാസനം പാലിക്കേണ്ടതല്ലേ? അതില്‍ത്തന്നെ ഒന്നാം സ്ഥാനം അല്ലെങ്കില്‍ നേട്ടം ഇരിങ്ങാലക്കുടക്ക് എന്ന് പറയുന്നതിലും ഒരു ശരികേട് ഇല്ലേ? ഒരു പ്രദേശത്തെ മാത്രം കുടിയന്മാരുടെ ദേശം എന്ന് മുദ്രകുത്തുന്നതും ശരിയാണോ? ചുരുങ്ങിയ പക്ഷം ഇരിങ്ങാലക്കുടയിലെ ഭരണാധികാരികളോ പ്രദേശവാസികളോ ഇതിനോട് പ്രതികരിക്കേണ്ടതല്ലേ?  നമ്മള്‍ക്ക്  ഇതൊരു പ്രാദേശിക നേട്ടമോ അഹങ്കാരമോ അല്ലെങ്കില്‍ !

അതെങ്ങിനെ ശരിയാക്കും, നമ്മക്ക് ഫ്ളക്സ് വയ്‌ക്കേണ്ട ഈ നേട്ടത്തിന് , കഴിഞ്ഞ 15 വര്‍ഷം അതല്ലായിരുന്നോ ഒരു പതിവ് , എന്തിനും നടുറോഡില്‍ ഫ്ളക്സ്, എല്ലാം എട്ടുകാലി മമ്മൂഞ്ഞിന്റെ പോലെ ഞമ്മന്റെ നേട്ടം. ഒന്നാം സ്ഥാനം അവസാന റൗണ്ടില്‍ ഓടിപിടിച്ചതാട്ടോ , കാവിക്കാര്‍ കൊടിപിടിച്ചു സമരത്തിന് വന്നു അടപ്പിക്കാന്‍ നോക്കിട്ടോ , അതെങ്ങാനും സംഭവിച്ചിരുന്നെങ്കില്‍ ഒന്ന് ആലോചിച്ചുനോക്കൂ , നമ്മുക്ക് ഉണ്ടാകുമായിരുന്നു മാനക്കേട് , ഒന്നാം സ്ഥാനം പോയിട്ട് ആദ്യ 10 ല്‍ പോലും വരില്ലായിരുന്നു, അത്ര ഉണ്ടായിരുന്നു മത്സരം എന്ന് കേള്‍ക്കുന്നു.

16091507രണ്ടാം  ഭാഗം : വരദാനങ്ങളുടെ നാട്ടില്‍ ഈ ഓണക്കാലത്തിനു വളരെ മുമ്പേ വാമനനും മഹാബലിയും ചര്‍ച്ചയായതാണ് . വേറൊന്നുമല്ല, ഒന്നര ദശകം നാട് ഭരിച്ച പ്രജകളുടെ കണ്ണിലുണ്ണിയെ ഏതു വാമനാണ് ചവിട്ടിത്താഴ്ത്തിയത് എന്ന സംശയം ഇപ്പോളും തീര്‍ന്നിട്ടില്ല , ലഡ്ഡു കൊടുത്തതെല്ലാം വെറുതെയായെന്നു മാത്രമല്ലേ പാളയത്തില്‍നിന്നും ഇറങ്ങി പോകേണ്ടിവരികയും ചെയ്തു. ചിലര്‍ വാമന ജയന്തി ആഘോഷിക്കുന്നതിന്റെ പൊരുള്‍ ഇപ്പോളാണ് ഇരിങ്ങാലക്കുടക്കാര്‍ക്ക് മനസിലായി തുടങ്ങിയത്.

വാമനന്‍ ചവിട്ടി താഴ്ത്തിയത് മണ്ണിലേക്കല്ലേ , അതാ ഒരാശ്വാസം , മണ്ണ് നമ്മുടെ അക്ഷയഖനിയായിരുന്നല്ലോ . അധികാരത്തിന്റെ ഉച്ചകോടിയില്‍ ആസ്ഥാനസ്ഥനായി ഇരുനിരുന്ന തമ്പുരാന്‍ പക്ഷെ ഇപ്പോള്‍ പണിയില്ലാതെ വാര്‍ത്തയില്‍ ഇടം നേടാന്‍ തെരുവു നായ്ക്കള്‍ക്കെതിരെ പോലും തിരിഞ്ഞിരിക്കുന്നു, നായ്ക്കളെ കാണുമ്പോള്‍ ആട്ടിന്‍ തോലിട്ട ചിലരുടെ മുഖം ഓര്‍മ്മവരുന്നു എന്നതാണുപോലും ഇതുനു കാരണം . രണ്ടില നുള്ളിയത് ഏതു കയ്യാണെന്നു അറിയാമെന്നു പറഞ്ഞതിനുപുറകേ സമ്മതിദാനം നിര്‍വഹിച്ചെന്നു പറയുന്ന അതെ കൈ തന്നെ കോലം കത്തിക്കുകയും ചെയ്തപ്പോള്‍ ചിത്രം വ്യക്തമായി. ഇനി ആ കോഴി നികുതിയുടെ പുറകിലെ അദൃശ്യകൈ ആരുടെയെന്നുകൂടെ വ്യക്തമായാല്‍ നാട്ടില്‍നിന്നു പോകാം.

ഇത് ഒരിക്കല്‍ അനേഷിച്ചതിനു ഒരു കൊട്ടേഷന്‍ കിട്ടിയതാ സഞ്ചാരിക്ക്, ആരുമറിഞ്ഞില്ലെന്നേയുള്ളു. ഇപ്പോള്‍ ‘നാലാം ലിഗക്കാര്‍ക്കു’ അത് പതിവാണല്ലോ. അത് മറന്നു വീണ്ടും ഇറങ്ങിയാല്‍ തെരുവുനായ്ക്കള്‍ക്ക് ഇരയാകേണ്ടി വരുമോ എന്തോ…

SANCHARI  – A Political Travelogue

കുറിപ്പ്   * മദ്യപാനം ആരോഗ്യത്തിന് ഹാനികരം

പിന്‍സീറ്റ് ഭരണവും അസാധു വോട്ടുകളുടെ പിന്നാമ്പുറങ്ങളും

15112009പൊതുജനം വോട്ട് നല്‍കി വിജയിപ്പിക്കുന്ന ജനപ്രതിനിധികള്‍ക്ക് വോട്ട് ചെയ്യാന്‍ അറിയില്ലെന്നുള്ളത് ഈ ഹൈടെക് യുഗത്തില്‍ അത്ഭുതമായി നിലനില്‍ക്കുന്നത്  സഞ്ചാരിക്ക് ഇരിങ്ങാലക്കുടയില്‍ ദര്‍ശിക്കാനായി. അസാധു വോട്ടുകൊണ്ട് ഭരണ കസേര ലഭിച്ചതിനേക്കാള്‍ സന്തോഷം മറ്റ് ചിലര്‍ക്കാണ് . പൂര്‍വ്വാദ്ധ്യക്ഷയെക്കൊണ്ട് പിന്‍സീറ്റ് ഭരണം ആരംഭിച്ചതിന്റെ ആദ്യ ലക്ഷണം സത്യപ്രതിജ്ഞയ്ക്ക്‌ ശേഷം ചേമ്പറില്‍ എത്തിയപ്പോള്‍ തന്നെ ദൃശ്യമായി. പ്രതിപക്ഷത്തേക്കാള്‍ അംഗബലം കുറഞ്ഞതുകൊണ്ട് 5 വര്‍ഷത്തെ ഭരണത്തിനു നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നുള്ളത്തിന്റെ നിമിത്തമാണ് ചെയര്‍പേഴ്സണ്‍ ചേമ്പറിലെ പങ്ക നിശ്ചലമായത്. വിദ്യുച്ഛക്തിഗമനാഗമന നിയന്ത്രണയന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍, മുന്‍പരിചയമുള്ള പൂര്‍വ്വാദ്ധ്യക്ഷയ്ക്ക് മാത്രമേ കഴിഞ്ഞുളളൂ എന്നത് നിയന്ത്രണം ആരുടെ കൈയ്യിലായിരിക്കുമെന്നതിന്റെ സൂചനയാണെന്നുള്ള എതിര്‍ ചേരിയുടെ ആരോപണത്തില്‍ കഴമ്പില്ലാതില്ല.

നഗരസഭാ ഭരണം കൈയ്യാളാമെന്ന വലിയേട്ടന്റെ മോഹം വളരെ സരളമായി അസാധു തട്ടിയെറിഞ്ഞപ്പോള്‍ സമീപ പഞ്ചായത്തില്‍ കുഞ്ഞേട്ടനും ഒരു വോട്ട് കുറഞ്ഞു. ആദര്‍ശങ്ങള്‍ അലിഞ്ഞുപോയ കുട്ടിസഖാക്കളുടെ മുഖപുസ്തകത്തിലെ ചില തുറന്നെഴുത്തുകള്‍ , പൊതുജനങ്ങള്‍ക്ക് എന്താണ് സംഭവിച്ചതെന്നുള്ളതിന്റെ ഒരു നേര്‍രേഖയായി. വിധിയെഴുത്തിന്റെ തലേന്നാള്‍ , സീനിയര്‍ ആയ തനിക്ക് അര്‍ഹതപ്പെട്ടത് സ്വതന്ത്രയ്ക്ക് നല്‍കിയതിന്റെ എതിര്‍പ്പ് പ്രകടിപ്പിച്ച വനിതാ നേതാവാണ്‌ ഒഴിഞ്ഞ കോളത്തില്‍ കുരിശ് വരച്ചത് എന്നുള്ളതില്‍ നിന്ന് ചിലത് വായിച്ചെടുക്കാമെന്ന്‌ വലിയേട്ടന്‍ പറയുന്നതിലും കാര്യമുണ്ട്. മനോവിഷമം മൂലം തല്‍സ്ഥാനം രാജിവക്കാന്‍ സന്നദ്ധത കാണിച്ച ജനപ്രതിനിധിയുടെ നാട്ടില്‍ , വരും നാളുകളില്‍ പ്രതീക്ഷ പുലര്‍ത്തിയിരിക്കുന്ന സഖാക്കള്‍ക്ക് അസാധു വോട്ടിന്റെ പിന്നാമ്പുറങ്ങള്‍ മനസിലായി വരുന്നതേയുള്ളൂ . സീസറിനുള്ളത് സീസറിനും സഞ്ചാരിക്കുള്ളത് സഞ്ചാരിക്കും കിട്ടുമെന്ന തിരിച്ചറിവോടെ അടുത്ത അസാധുവോട്ടിനായി കാത്തിരിക്കാം.

SANCHARI  – A Political Travelogue

തെരുവ് നായ്ക്കളും തിരഞ്ഞെടുപ്പ് കാലവും

15102804തെരുവ് നായ്ക്കളും തിരഞ്ഞെടുപ്പ് കാലവും തമ്മില്‍ എന്തോ ഒരു ബന്ധമുള്ളതായി പല നേതാക്കളുടെയും പ്രസ്താവനകള്‍ കേട്ടപ്പോള്‍ പൊതുജനത്തിനുണ്ടായ അതേ സംശയം സഞ്ചാരിക്കും ഉണ്ടായി. ഉപദ്രവകാരികളെ ഉന്മൂലനം ചെയ്യുക എന്നത് രാഷ്ട്രിയക്കാരുടെ മാനിഫെസ്റ്റൊയിലെ ആദ്യ പാഠങ്ങളിലൊന്നാണ്. ഇതുകൊണ്ടാകാം തെരുവ് നായ്ക്കളെ ഉന്മൂലനം ചെയ്യുന്ന അതേ ആര്‍ജ്ജവത്തോടെ അവയ്ക്ക് വേണ്ടി വാദിക്കുന്നവരെ ഇല്ലാതാക്കുക എന്ന അജണ്ട നടപ്പാക്കുന്നത്. തെരുവ് നായ്ക്കളെ ഇല്ലാതാക്കാന്‍ ഏതറ്റം വരെ പോകും എന്ന വരദാനങ്ങളുടെ നാട്ടിലെ ചീഫ് വിപ്പിന്റെ പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ചുകൊണ്ടാകാം സാംസ്കാരിക സ്ഥാപനത്തിന്റെ മേധാവിയുടെയും മേള കലാകാരന്റേയും ഒപ്പം പത്രസമ്മേളനത്തിന് എത്തിയ അദ്ദേഹത്തെ തെരുവ് നായ്ക്കളുടെ പ്രതിനിധി വഴിമുടക്കിയത്. തെരുവ് നായയില്‍ നിന്ന് സാംസ്കാരിക നായകരെ സാഹസികമായി രക്ഷപ്പെടുത്തിയ കഥ പത്രക്കാരോട് വിളമ്പുമ്പോള്‍ അതിലെ രാഷ്ട്രിയം മനസിലാക്കിയ കലാകാരന്മാര്‍ മൌനം പൂണ്ടത് ശ്രദ്ധേയമായി.

വോട്ട് നേടാന്‍ ഇപ്പോള്‍ കാര്‍ഷിക – ജീവകാരുണ്യ പ്രേമവും മാത്രം പോരെന്ന തിരിച്ചറിവ് ഉണ്ടായ ത്രിതല പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികള്‍ തെരുവ് നായയേയും കൂട്ട് പിടിക്കുന്നു. നഗരസഭയിലെ തെരുവുനായ ശല്യമുള്ള ഒരു വാര്‍ഡില്‍ താന്‍ വിജയ കിരീടം ചൂടുകയാണെങ്കില്‍ തെരുവ് നായ്ക്കളെ പൂര്‍ണ്ണമായും നാട് കടത്തുമെന്ന പ്രചരണവുമായി മുന്നോട്ട് നീങ്ങുന്നവരുണ്ട്. വോട്ട് തേടി ചെന്നപ്പോള്‍ വീട്ടുകാരെ തെരുവ് നായ്ക്കളില്‍ നിന്ന് രക്ഷിക്കാന്‍ എന്ന ഭാവേന വഴിയില്‍ കണ്ട നായ്ക്കളെ എറിഞ്ഞോടിച്ചത് , “കിട്ടാവുന്ന വോട്ട് നഷ്ടപ്പെടുത്തിയ കഥയും” നാട്ടിലിപ്പോള്‍ പാട്ടാണ്. വീട്ടിലെ നായയെ എറിഞ്ഞോടിച്ച സ്ഥാനാര്‍ത്ഥിക്ക് വോട്ടില്ലെന്നു വീട്ടുകാര്‍ പറഞ്ഞതോടെയാണിത്.എന്നാല്‍ ഇതേ സ്ഥാനാര്‍ത്ഥി മുതലാളിയുടെ വീട്ടിലെത്തിയപ്പോള്‍ പരസ്യത്തില്‍ കണ്ടു പരിചയമുള്ള ചെറുനായയെ വോട്ടര്‍രുടെ മുമ്പില്‍ വച്ച് ഓമനിക്കുന്നത് കാണാനും സഞ്ചാരിക്ക് ഭാഗ്യം ലഭിച്ചു. പാര്‍ട്ടിയിലെ വിമതരെ നായയായി ഉപമിക്കുന്ന രാഷ്ട്രിയക്കാരേയും , പാര്‍ട്ടിയിലെ ഉന്നതനെ നായയെപ്പോലെ വാലാട്ടി നിന്ന് സ്ഥാനം നേടിയവരെയും പതിവുപോലെ ഈ തിരഞ്ഞെടുപ്പിലും കാണാനായി. എന്തായാലും തങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരും ഇല്ലല്ലോ എന്ന വ്യസനതയില്‍ തന്നെയാണ് തെരുവ് നായ്ക്കള്‍ ഇപ്പോഴും!!!

ജൈവ സെല്‍ഫിയും രാഷ്ട്രിയ സെല്‍ഫിയും !!!

15080803സ്വയംപര്യാപ്ത ജൈവ പച്ചക്കറി ഗ്രാമം എന്ന ഖ്യാതി നേടാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഊരിലെ കര്‍ഷകരിപ്പോള്‍ ഭീതിയിലാണ് , തങ്ങള്‍ കഷ്ടപ്പെട്ട് അധ്വാനിച്ച് നേടിയ കാര്‍ഷിക വിളകള്‍ക്ക് കാവലിരിക്കുകയാണിപ്പോള്‍ . അല്ലെങ്കില്‍ ചിലര്‍ സെല്‍ഫിയെടുത്ത് ഇത് തങ്ങളുടെ വിളയാണെന്നമട്ടില്‍ അക്ഷരതെറ്റുകളില്‍ വട്ടമിട്ട് രസിക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരെയും കൂട്ടുപിടിച്ച് പത്രക്കുറിപ്പുകള്‍ ഇറക്കികളയും !!! പലതരം കൃഷികളും കണ്ടു പരിചയമുള്ള ഇവിടുത്തെ കര്‍ഷകര്‍ ഇത്തരത്തില്‍ കഷ്ട്ടപെട്ടവരെ ഫ്രെയ്മില്‍ നിന്നും പുറത്താക്കുന്ന ” സെല്‍ഫി കൃഷിക്ക് ” ആതിഥ്യം അരുളുന്നതാദ്യം. ‘സെല്‍ഫ്പ്രമോഷന്‍’ എന്നും സെല്‍ഫിക്ക് അര്‍ത്ഥമുണ്ടെന്നും മനസിലാക്കിക്കൊടുത്തത് ഈ ജൈവ കൃഷിയിലൂടെയണെന്നുള്ളതാണ് ഈ ഓണക്കാലത്തെ പ്രധാന വിശേഷം…

ഇതിനിടെ ചില രാഷ്ട്രീയ സെല്‍ഫികളെയും കഴിഞ്ഞവാരം സഞ്ചാരി കാണാനിടയായി. ആസസന്നമായ തദ്ദേശ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ കൌണ്‍സിലര്‍ / പഞ്ചായത്ത്‌ മെമ്പര്‍ സ്ഥാനങ്ങള്‍ ഊട്ടിയുറപ്പിക്കാനായി സംസ്ഥാന ക്ഷണിതാവിനോടൊപ്പം സെല്‍ഫിയെടുക്കനായി അടുത്തുകൂടിയപ്പോള്‍ പഞ്ചായത്തില്‍ താനെത്ര വോട്ടു ചേര്‍ത്തെന്ന ചോദ്യം ഉയര്‍ന്നതോടെ സെല്‍ഫി ഫ്രെയ്മില്‍ നിന്നും സ്ഥാനാര്‍ഥി മോഹിയായ ബ്ലോക്ക്‌ പ്രസിഡന്റ്‌ അപ്രത്യക്ഷനായി. ഐക്യമുണ്ടെന്ന് അവകാശപെടുന്ന മതേതര പാര്‍ട്ടി ഇത്തവണയും പതിവുപോലെ മതമേലാളന്മാരുടെ ആശ്രിതവത്സലരെ, കഴിഞ്ഞ തവണത്തേതെന്ന പോലെ ഇത്തവണയും സീറ്റ്‌ നല്‍കാനുള്ള പുറപ്പാടിലാണ്. ഇതിനെതിരെ ചോദ്യം ചെയ്തവരുടെ കുടുംബ പാരമ്പര്യം പോലും ‘ഏമാന്‍’ പരസ്യമായി ചോദിച്ചുകളഞ്ഞു. എന്നാല്‍ മലയോര ജില്ലയില്‍ ജോലി ഏല്‍പ്പിച്ച വ്യക്തി താഴ്വാരത്ത് എന്ത് ചെയ്യുന്നുവെന്ന ചോദ്യം വന്നതോടെ ഏമാന്റെ റേറ്റിംഗ് കുറഞ്ഞെന്നുമാണ് ഒടുവിലത്തെ കിംവദന്തികള്‍. പുറംപോക്കുകള്‍ മറിച്ചുനല്കി പങ്കുപറ്റുന്ന തിരക്കിനിടയില്‍ പല സീനിയര്‍മാരും ഈ വികാരം അറിഞ്ഞില്ലെന്ന് നടിക്കുകയുമാണ്‌. ബൈപാസ്‌ റോഡിലെ ഒടിഞ്ഞ സ്ലാബ് പോലെയാണ് പ്രധാന പ്രതിപക്ഷത്തിന്റെ നട്ടെല്ല് എന്നുള്ളതുകൊണ്ടും ഇനിയും അഴിമതിക്ക് വകയുണ്ടെന്ന ആശ്വാസത്തിലാണ് അവരും.

സംഗമഭൂമിയിലെ അഭിനവ വാമനന്മാര്‍ക്ക് മൂന്നടി മണ്ണ് പോരെന്നാണ് ഭാഷ്യം, അടുത്ത കാല്‍വെപ്പ് സഞ്ചാരിയുടെ തലയ് ക്കാണെന്നുള്ള ഭീഷണി അറിയാമെങ്കിലും വരും വാരം കാണാമെന്ന പ്രതീക്ഷയോടെ…

ആശ്രിതരുടെ മഹാത്ഭുതങ്ങള്‍

15051804ഇരിങ്ങാലക്കുട: മഹാത്ഭുതങ്ങളുടെ പട്ടികയില്‍ ഇരിങ്ങാലക്കുടയും സ്ഥാനം പിടിച്ചതായുള്ള വാര്‍ത്ത അറിഞ്ഞ് ആനന്ദലബ്ധിയിലായത് നാട്ടിലെ ചില കൌണ്‍സിലര്‍മാരാണ്. ഉറക്കം എണീറ്റപ്പോള്‍ കഴിഞ്ഞ തവണ നഗരസഭയിലേയ്ക്ക് മത്സരിക്കാന്‍ സീറ്റ് ഉണ്ടെന്ന് അറിഞ്ഞ പലരും മാസങ്ങള്‍ക്ക് അപ്പുറം നിൽക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആശ്രിതവല്‍സരരാകുന്ന കാഴ്ചയാണ് കഴിഞ്ഞവാരം കൌണ്‍സില്‍ യോഗത്തില്‍ കണ്ടത്.പലരുടെയും സഹകരണത്താല്‍ കടക്കെണിയിലും ജപ്തിയിലും ആണെന്ന് പറയപ്പെടുന്ന ആതുരാലയത്തെ കുറിച്ച് പ്രതിപക്ഷം കൊണ്ടുവന്ന ചര്‍ച്ചയില്‍ ആശ്രിത വാത്സല്യം മൂത്ത് ആളാകാന്‍ നോക്കിയ ചിലര്‍ക്ക് എമാന്റെ വക താക്കീത് കിട്ടിയതായി അറിയുന്നു. ചര്‍ച്ച ചെയ്ത് വിഷയം പുറംലോകത്തെ അറിയിപ്പിച്ചതിന് പുറകില്‍ ഗുരുത്വം ഇല്ലായ്മയാണെന്നാണ് ആരോപണം,ഇതിന് ശിക്ഷയായി ഈ കൌണ്‍സിലിലെ പലരും അടുത്ത തവണ വീട്ടിലിരുന്നാല്‍ മതിയെന്ന വാറോലയും ഇറങ്ങി കഴിഞ്ഞു. ബന്ധുക്കള്‍ക്കും കുടുംബക്കാര്‍ക്കും ജോലി നല്കിയതിനുള്ള ആശ്രിത സ്നേഹം കാണിച്ചതിനാണോ ഈ ശിക്ഷയെന്ന് ഇവര്‍ കുണ്ഠിതപ്പെടുന്നു. ഏതെടുത്താലും 199 എന്ന മഹാത്ഭുത കച്ചവടം പോലെയാണ് നഗരസഭയില്‍ ഭരണപക്ഷത്തിന്റെ അവസ്ഥയിപ്പോള്‍ . തൊടുന്നതെല്ലാം വിവാദമാകുകയും , സ്വന്തം പാളയത്തിലെ പ്രതിപക്ഷ സ്വരങ്ങള്‍ക്കെതിരെ നിസ്സഹായതയോടെ നോക്കിനില്‍ക്കുന്ന അവസ്ഥയ്ക്ക് നേരെയാണ് യജമാനന്റെ തൃക്കണ്ണ് തുറന്നത്. ജോലി ലഭിക്കാന്‍ “ദീര്‍ഘവീക്ഷണത്തോടെ “ഫണ്ട് എറിഞ്ഞ പലരും നിരാശരായില്ല എന്ന ഒറ്റ കാരണത്താല്‍ ആശ്രിതരുടെ എണ്ണം കൂടുമ്പോള്‍ അതില്‍ മുന്‍ പന്തിയിലെത്താനാണ് ഇപ്പോഴത്തെ മത്സരം. സഞ്ചാരിക്ക് ഈ തുറന്നെഴുത്തിന് ഒരു വാറോല പ്രതീക്ഷിച്ചുകൊണ്ട് വീണ്ടും അടുത്ത വാരം കാണാം.

മീന്‍ മാര്‍ക്കറ്റ് നാടകങ്ങള്‍ – സീസണ്‍ 2

15040713“മീന്‍ അവിയല്‍ എന്തായോ എന്തോ ……..” വലിയനോമ്പിന് ശേഷം ഇരിങ്ങാലക്കുട നഗരസഭയിലെ പല കൌണ്‍സിലര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും വീടുകളില്‍ നിന്ന് കേള്‍ക്കുന്ന ഒരു ഡയലോഗ് ആണിത്. മൂന്നര കോടിയുടെ ആധുനിക മത്സ്യച്ചന്ത തുറന്നതില്‍ പിന്നെ മീന്‍ ഇല്ലാത്ത വിഭവങ്ങള്‍ ഒന്നുമില്ലാത്ത അവസ്ഥയായി. എന്നാല്‍ മീനിന്റെ വിലനിലവാരത്തെക്കുറിച്ച് ഇവരോട് ചോദിച്ചാല്‍ കൈ മലര്‍ത്തും ,കാരണം കണ്ണുരുട്ടി ഓസിന് വാങ്ങിയതായതുകൊണ്ട് . മത്സ്യ മാര്‍ക്കറ്റിന്റെ പിത്രുത്വത്തെച്ചൊല്ലി നഗരസഭ അദ്ധ്യക്ഷകളുടെ പോര് ഇനിയും തീര്‍ന്നിട്ടില്ല. ” അനുമതി വാങ്ങിയെടുത്തത് ഞാന്‍ “, “കുറ്റിയടിച്ചത് ഞാന്‍ “, “തുറന്ന് കൊടുത്തത് ഞാന്‍ ” മൂവരും അവകാശത്തിന്മേല്‍ മുറുകി പിടിക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൌകര്യങ്ങള്‍ പലതും ഇല്ലാതെയാണ് ലേലക്കാര്‍ക്ക്‌ കച്ചവടത്തിന് തുറന്ന് കൊടുത്തതെന്നും ഉദ്ഘാടന മാമാങ്കത്തിന് ഇവരെ അറിയിച്ചിട്ടില്ലെന്നുമുള്ള ആരോപണത്തിനു മറുപടിയില്ലാതെ മലിഞ്ഞീനെപ്പൊലെ വഴുതി മാറുകയാണ് ഇവര്‍ പലരുമിപ്പോള്‍.

കടല്‍മത്സ്യങ്ങളുടെ വലിയ ശേഖരം തന്നെ ഇവിടെ ഉണ്ടാകുമെന്നും ആധുനിക കോള്‍ഡ് സ്റ്റൊറെജ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നുള്ള വാഗ്ദാനങ്ങള്‍ ഇപ്പോള്‍ മീന്‍ കോട്ടയിലെ ഐസ് പോലെയായി ” ആധുനിക മീന്‍ മാര്‍ക്കറ്റിലെ നാറ്റം” മൂലം നഗരസഭയുടെ ജനവാതിലുകള്‍ തുറക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് . അടിസ്ഥാനമില്ലാത്ത വാര്‍ത്ത എഴുതിയാല്‍ വില്‍ക്കാന്‍ കൊണ്ടുവന്ന തിരണ്ടിയുടെ വാല്‍ സഞ്ചാരിയുടെമേല്‍ പ്രയോഗിക്കുമെന്ന് പോലും ഒരു കൌണ്‍സിലര്‍ കയര്‍ത്തു. സഞ്ചാരിയാണെങ്കില്‍ തലയിലെ മുള്‍കിരീടം അഴിക്കുവാനുള്ള തിരക്കിലുമാണ്. ആരോപണങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വരുമ്പോഴും കോടികളുടെ പ്രൊജക്റ്റിന്റെ കണ്‍സള്‍ട്ടെഷന്‍ ഫീയുടെ ‘കമ്മിഷന്‍ വീതം വയ്പ്പിനെക്കുറിച്ചുള്ള’ തിരക്കിട്ട ചര്‍ച്ചയിലാണ് ഉദ്യോഗസ്ഥവൃന്ദത്തോടൊപ്പം രാഷ്ട്രിയഭേദമെന്യേ ചില കൌണ്‍സിലര്‍മാരിപ്പോള്‍….

ആധുനിക മത്സ്യ മാര്‍ക്കറ്റിനെക്കുറിച്ചുള്ള സഞ്ചാരിയുടെ ആദ്യ അനുഭവം ഒന്നുകൂടെ താഴെ പുന:പ്രസിദ്ധികരിക്കുന്നു .

മീന്‍ മാര്‍ക്കറ്റിലെ ഫോട്ടോ നാടകങ്ങള്‍ !!!
ഒരു ചടങ്ങിന് എത്രതവണ കുറ്റിയടിക്കാം?.. മാധ്യമക്യാമറകളുടെ എണ്ണം എത്രയ്ണ്ടോ അത്രയും ആവാം. നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ നാട്ടാരെ അറിയിക്കാന്‍ കുറ്റിയടിച്ചിടത്തു തന്നെ അതൂരി വീണ്ടും അടിക്കുന്നതില്‍ തെറ്റില്ല. രണ്ടാംതവണ ചിലരെ ഒഴിവാക്കി അടിക്കുമ്പോള്‍ അതിനൊരു മധുരവും ഉണ്ടാകും അല്ലെ? സഞ്ചാരിയുടെ പതിവ് സഞ്ചാരത്തിനിടെ നേരിട്ട് കണ്ട കാര്യങ്ങളാണ് മേല്‍പറഞ്ഞത്. അനുവാദം കൂടാതെ ഈ ദൃശ്യങ്ങള്‍ സഞ്ചാരിയുടെ ഒളിക്യാമറ പകര്‍ത്തുകയും ചെയ്തു.

sanchari-fish-marketകഴിഞ്ഞവാരം ഇരിങ്ങാലക്കുട ചന്തയിലെ മീന്‍ മാര്‍ക്കറ്റില്‍ അരങ്ങേറിയ നാടകമാണ് മേല്‍പറഞ്ഞത്. ആധുനിക ഫിഷ്‌ മാര്‍ക്കറ്റിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി നഗരസഭാധ്യക്ഷയും പൂര്‍വ്വാധ്യക്ഷയും സംഘവും എത്തുന്ന വിവരം അറിഞ്ഞെത്തിയ മാധ്യമപടയോടൊപ്പം സഞ്ചാരിയും അവിടെയെത്തി. പൂര്‍വ്വാധ്യക്ഷയുടെ കാലത്താണ് എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ സമ്മാനപ്പൊതിയായി ഈ പ്രൊജക്റ്റ് നഗരസഭയ്ക്ക് ലഭിച്ചത്. പൂര്‍വ്വാധ്യക്ഷ പടിയിറക്കത്തിന് മുമ്പ് മന്ത്രിയെക്കൊണ്ട്‌ ഉദ്ഘാടനമാമാങ്കം നടത്തി. പടിയേറ്റ് കഴിഞ്ഞ പുതിയ നഗരസഭാധ്യക്ഷക്കാണ് കുറ്റിയടി ഭാഗ്യം ഉണ്ടായത്. പ്രോജക്റ്റിന്റെ വിശദാംശങ്ങള്‍ മാധ്യമപട പൂര്‍വ്വാധ്യക്ഷയോട് ചോദിച്ച് മനസിലാക്കുന്നത് അവിടെ കൂടിയ ചിലര്‍ക്ക് രസിക്കുന്നില്ലെന്നും തുടക്കത്തില്‍ തന്നെ സഞ്ചാരി മനസിലാക്കി. ഇതിനിടെ കുറ്റിയടി സംഭവം ഒരുക്കല്‍ കഴിഞ്ഞിരുന്നു. എല്ലാം കഴിഞ്ഞ് സംഘാംഗങ്ങള്‍ വണ്ടിയില്‍ കയറി പുറപ്പെട്ടു. പൂര്‍വ്വാധ്യക്ഷയുടെ വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ അതാ…. സഡന്‍ബ്രേക്കിട്ട പോലെ നഗരസഭാധ്യക്ഷയുടെ വണ്ടി നില്‍ക്കുന്നു. അവശേഷിച്ച മാധ്യമപടയോട് ഒന്നുകൂടി കുറ്റിയടി പകര്‍ത്താന്‍ തയ്യാറാവാന്‍ പറയുന്നു.

അടുത്തദിവസം പത്രത്തിലെ ചിത്രം കണ്ടപ്പോഴാണ് കുറ്റിയടി മാമാങ്കത്തില്‍ പങ്കെടുത്തവരെ ചിലരെ ഈ ചിത്രത്തില്‍ കാണാതായത്തിന്റെ കാരണവും, അതിന്റെ പുറകിലെ അണിയറ നീക്കങ്ങളും മാലോകര്‍ അറിഞ്ഞത്. പണിയുന്ന മീന്‍ മാര്‍ക്കറ്റിലെ കോള്‍ഡ് സ്റ്റോറേജില്‍ ഈ സംഭവക്കഥയെ പൂഴ്ത്താന്‍ ശ്രമം ആരംഭിച്ചു എന്നാണു സഞ്ചാരിക്ക് അറിയാന്‍ കഴിഞ്ഞത്. ഇക്കഥയുടെ രാഷ്ട്രീയനാടകങ്ങള്‍ വരുംദിനത്തില്‍ കോള്‍ഡ് സ്റ്റോറേജില്‍ പുറത്ത് വരുമെന്നും, തന്റെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കപ്പെട്ടില്ലെങ്കില്‍ ചന്തയില്‍നിന്നുള്ള തുടര്‍ക്കഥകളുമായി സഞ്ചാരിയെ വരുംവാരത്തില്‍ കാണാം….

നിറം മങ്ങുന്ന ജനമൈത്രി ”സുരക്ഷ പദ്ധതി”

15031703കൊട്ടിഘോഷിച്ച ISO – 9001 തിളക്കം ക്ലാവ് വന്ന് മങ്ങുന്ന അവസ്ഥയിലാണ് രാജ്യത്തെ ആദ്യ ജനമൈത്രി പോലീസ് സ്റ്റേഷനെന്ന ഖ്യാതി നേടിയ നമ്മുടെ സ്റ്റേഷന്‍. കമ്മ്യൂണിറ്റി പോലീസിങ്ങ് എന്നാലെന്തെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ചില സമിതിയംഗങ്ങള്‍  . അന്യ സംസ്ഥാന തൊഴിലാളികളെ സ്വകാര്യ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുകയും അതിന് ശേഷം താമസ സ്ഥലത്ത് കയറി നിഷാമിനെ അനുകരിക്കും വിധത്തില്‍ മര്‍ദ്ദിച്ച് അവശരാക്കുകയും ചെയ്ത് നടപടിയില്‍ നിന്ന് രക്ഷപെട്ട രീതി തന്നെയാണ് ഇതിന് ഉദാഹരണം. ജനമൈത്രി എന്നാല്‍ എന്തും ചെയ്യാവുന്ന “സൂപ്പര്‍ പോലീസ്” ആണെന്ന്ഭാവമുള്ള ചിലര്‍ക്ക് വേണ്ടിയാണ് ഇത്തരം നാടകങ്ങള്‍ നടന്നത്. ആവശ്യമായ രേഖകള്‍ കൈയ്യിലില്ലെന്ന് പോലീസില്‍ നിന്ന് മനസിലാക്കിയപ്പോള്‍ തന്നെ അന്യ സംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി കേസ് തേച്ച് മായ്ച്ച് കളയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. തങ്ങളുടെ കൂട്ടുകാരനെ ആരും മര്‍ദ്ദിച്ചിട്ടില്ലെന്നും കമ്പി വേലിയില്‍ കുടുങ്ങിയാണ് പരിക്ക് പറ്റിയതെന്നും നല്ല വൃത്തിയുള്ള ബംഗാളിയിലും മലയാളത്തിലും പോരാത്തതിനു ഇംഗ്ലീഷിലും പേരെഴുതി ഒപ്പിട്ടു ഇവര്‍ നല്‍കിയിരിക്കുന്നു പോലും. ഇത്രയും ‘വിദ്യാഭ്യാസമുള്ള’ ഇവരാണ് സാക്ഷര കേരളത്തില്‍ ജോലിക്കായി തെണ്ടുന്നത് എന്നോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു.

15031702ജനമൈത്രി എന്ന “ചക്കരക്കുടം” 8 വര്‍ഷമായി ഇരിങ്ങാലക്കുടയില്‍ എത്തിയിട്ട്, ജനമൈത്രി സമിതിയില്‍ ഭരണഘടന പ്രകാരം വിവിധ ക്ലബ്ബുകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാരി വ്യവസായി, മറ്റ് സ്ഥാപനങ്ങള്‍, പഞ്ചായത്ത്, മുനിസിപ്പാലിറ്റി മേധാവികള്‍ എന്നിവരടങ്ങിയ സമിതിയായിരുന്നു. ചക്കരക്കുടത്തിന്റെ സ്വാദ് അറിഞ്ഞതോടെ പിന്നീട് വന്ന സമിതികള്‍ വ്യക്തി പ്രാധാന്യമുള്ളവയായി മാറി. ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് മാറിയിട്ട് പോലും ജനമൈത്രി സമിതിയില്‍ അള്ളി പിടിച്ചിരിക്കുന്ന ഇവരുടെ തൊലിക്കട്ടി പോലീസുമായുള്ള സഹവാസത്തില്‍ നിന്ന് ലഭിച്ചതാണോ എന്ന് സംശയം. വാര്‍ത്താ ചിത്രങ്ങളില്‍ ഇടം നേടാന്‍ ജനമൈത്രിയെ കൂട്ടുപിടിക്കുന്ന ഒരു സംസ്കാരവും വരദാനങ്ങളുടെ നാട്ടില്‍ ഇപ്പോള്‍ ഏറി വരുന്നു. നിരോധനമുള്ളിടങ്ങളില്‍ ഫ്ലക്സ് വെക്കാനും നടുറോഡില്‍ താത്ക്കാലിക സ്റ്റേജിട്ട് പരിപാടി നടത്താനും ജനമൈത്രിയെ കൂട്ടുപിടിക്കുമ്പോള്‍ ഇവ എങ്ങനെ കുറ്റകൃത്യങ്ങളല്ലാതാവും? ഇത്തരം പദ്ധതികളെയാണോ ജനമൈത്രി സുരക്ഷ പദ്ധതിയെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?
ജനമൈത്രി സമിതിയുടെ ആസ്ഥാന മന്ദിരത്തിലെ ബോര്‍ഡ് പോലെ ഇത്തരം “പ്രചരണ മോഹികളെ” ഉള്‍പ്പെടുത്തിയുള്ള സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നിറം മങ്ങി പോകുകയാണോ എന്ന സന്ദേഹം സഞ്ചാരിക്ക് മാത്രമല്ല. എഴുതിയെഴുതി സഞ്ചാരി എവിടം വരെ എത്തുമെന്ന് ഒന്ന് കാണണമെന്ന് “വാര്‍ത്താ ചിത്രങ്ങളുടെ ലാലിസത്തിലൂടെ” മുഖം നഷ്ടപെട്ട ചിലര്‍ ഭീഷണിയുമായി എത്തിയിരുന്നു. ഇതിന്റെ പരാതിയുമായി സഞ്ചാരിക്ക് സമീപിക്കേണ്ടത് ജനമൈത്രിയെ തന്നെയാണ് എന്നുള്ളതാണ് ഇപ്പോഴത്തെ മനോവിഷമം.

കുറിപ്പ്: സഞ്ചാരിയുടെ എഴുത്ത് നിര്‍ത്തണമെന്ന ഭീഷണി നിലനില്‍ക്കുമ്പോള്‍ അടുത്ത വാരം സഞ്ചാരിയെ കണ്ടില്ലെങ്കില്‍ ഒന്നുറപ്പിക്കാം ” ചത്തത് കീച്ചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ “

വാര്‍ത്താ ചിത്രങ്ങളിലെ ലാലിസങ്ങള്‍

15022806ലാലിസം വിവാദമായത് ലിപ് ട്രിക് മൂലമെങ്കില്‍ ലാലേട്ടനെ വാര്‍ത്ത ചിത്രത്തിനായി മൊഴി മാറ്റിയതാണ് ഇരിങ്ങാലക്കുടയില്‍ വിവാദമാകാന്‍ പോകുന്നത്. “ഇങ്ങനെയും” ബ്രോഷര്‍ പ്രകാശിപ്പിക്കാമെന്ന് കൂടല്‍മാണിക്യം ഭരണസമിതി ഒരു ലാലിസത്തിലൂടെ തെളിയിച്ചിരിക്കുന്നു. ഏഴ് അംഗ ഭരണസമിതിയില്‍ ലാലേട്ടനെ കാണാന്‍ പലരേയും കൂട്ടിയില്ലെന്ന ആക്ഷേപവും ഉണ്ട്. എന്നാല്‍ ഇത് ‘യു ഡി എഫ് നയമെന്നാണ്’ ചിലരുടെ ഭാഷ്യം ,ഈ നയപ്രകാരം ഇനി നട തുറക്കുമ്പോള്‍ കൂടല്‍മാണിക്യ സ്വാമിയ്ക്ക് പകരം ദേവസ്വം ബോര്‍ഡ്‌ അംഗങ്ങളുടെ പ്രതിഷ്ഠ കാണേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഭക്തര്‍ . തന്ത്രി പ്രതിനിധിയെ ഉത്സവത്തിന്റെ ആന ചുമതലയില്‍ നിന്ന്‌ മാറ്റിയതും യു ഡി എഫ് നയമാണത്രേ സര്‍വ്വം ഒരു  “ഭരതമയം” . ഒരു കാര്യം സഞ്ചാരിയ്ക്ക് ഉറപ്പായി ഇത്തവണയും അയ്ത്തം കല്‍പ്പിച്ച് സഞ്ചാരി പുറത്ത് തന്നെ .

നഗരസഭ സംഘടിപ്പിച്ച അന്താരാഷ്‌ട്ര ചലച്ചിത്രോത്സവംകൊണ്ട് ഗുണം കിട്ടിയ ഒരു വര്‍ഗ്ഗം ഉണ്ട് ഇരിങ്ങാലക്കുടയില്‍, ഇടത് ബുദ്ധിജീവികള്‍ക്ക് പോക്കറ്റ് കാലിയാകാതെ കുറച്ച് നല്ല ചിത്രങ്ങള്‍ കാണാറായി. നഗരസഭയാണ് ‘സംഘടിപ്പിച്ചതെങ്കില്‍’ പോലും 41 അംഗ കൗന്‍സിലര്‍മാര്‍ പലരും ചലച്ചിത്ര വിരോധികളാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ചലച്ചിത്രോത്സവത്തിന്റെ  ബുദ്ധികേന്ദ്രവും സംഘാടനവും മറ്റു ചിലരാണെങ്കിലും എല്ലാം തങ്ങളാണെന്ന് വരുത്തി തീര്‍ക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞു എന്നുള്ളതാണ് ചലച്ചിത്രോത്സവത്തിന്റെ വിജയ മാനദണ്ഡം . മറ്റ് പലയിടങ്ങളിലെപ്പോലെ ചലച്ചിത്ര മോഷണ പരാതികളൊന്നും ഉയര്‍ന്നില്ലെങ്കിലും പതിവ് പോലെ ”വിരല്‍തുമ്പിലെ സത്യാന്വേഷികള്‍” വാര്‍ത്തകള്‍ മോഷ്ടിക്കുന്ന രീതി തെറ്റിച്ചില്ല. പരാതി ചെന്നപ്പോള്‍ പതിവ് പല്ലവി തന്നെ…

മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ പഞ്ചായത്ത് പ്രസിഡണ്ട് ട്രോഫി വാങ്ങുന്ന
വാര്‍ത്ത ചിത്രം മാധ്യമങ്ങളില്‍ വന്നപ്പോള്‍ സെക്രട്ടറിക്കും ഒരു മോഹം , ഉടന്‍ എത്തിച്ചു വകുപ്പ് മന്ത്രിയോടൊപ്പം പുരസ്കാരമേന്തി നില്‍ക്കുന്ന ചിത്രം ‘ മഹാരാജാവിന്റെ പേരില്‍ അവാര്‍ഡ് ‘വാങ്ങിയ’ ഫോട്ടോഗ്രാഫറാണ് ഈ ചിത്രം ഒപ്പിച്ച് കൊടുത്തതെന്ന് തോന്നുന്നു, അത്രമേല്‍ നന്നായി എഡിറ്റ്‌ ചെയ്തിട്ടുണ്ട് അത്. യാഥാര്‍ത്ഥ്യത്തില്‍ അവാര്‍ഡ് നല്‍കേണ്ടത് ഇവര്‍ക്കാണ്‌. 

ലാലിസ വെളിപ്പെടുത്തലുകള്‍ക്ക് സഞ്ചാരിക്ക് എന്തായാലും ഒരു വാറോല ഉറപ്പായി.

വരദാനങ്ങളുടെ നാട്ടിലെ ചില ‘തനിനാടന്‍’ അഡ്ജസ്റ്റ്മെന്റുകള്‍ !!!

sanchariപോയ വാരം ഇരിങ്ങാലക്കുടയിലും പരിസരങ്ങളിലും അഡ്ജസ്റ്റ്മെന്റുകളുടെ കാലമായിരുന്നു. ഇതില്‍ ചിലത് സഞ്ചാരിയ്ക്ക് കേള്ക്കാനും കാണാനും സാധിച്ചു. വരദാനങ്ങളുടെ നാട്ടില്‍ തനിമ കഴിഞ്ഞതിന്റെ ആലസ്യത്തില്‍ നിന്ന് ഉണര്‍ന്ന ഇരിങ്ങാലക്കുടക്കാര്‍ക്ക് കാണാനായത് ഒരു മാസത്തോളം വാഹനഗതാഗതത്തെ വീര്‍പ്പുമുട്ടിക്കുന്ന തരത്തില്‍ ഠാണാ മുതല്‍ ബസ്‌ സ്റ്റാൻഡ് വരെ നിന്നിരുന്ന അലങ്കാര പന്തലുകളും അടയ്ക്കാര തൂണുകളും അപ്രത്യക്ഷമായതാണ്. കോടതി വിധി ഉണ്ടായിട്ടും തനിമ വരെ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സമയമുണ്ടായത് ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്നപോലെയായി , ” പിഴയടച്ചാലെന്താ കാര്യം നടന്നില്ലേ” എന്ന ഒരു നഗരസഭ കൌണ്‍സിലറുടെ ചോദ്യത്തില്‍ എല്ലാം അടങ്ങിയിരുന്നു. ഇതും ഒരു അഡ്ജസ്റ്റ്മെന്റ് പിഴ …

15021408നമ്മുടെ സമീപ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം തീരദേശത്തെ ഒരു ഹോട്ടല്‍ രാത്രിയുടെ മറവില്‍ മാലിന്യം തള്ളി . അതും, തനി നാടന്‍ സ്റ്റൈലില്‍ .  ഉന്നതരുടെ പേരുകള്‍ മറയ്ക്കാന്‍ മാലിന്യത്തേക്കാള്‍ മലീമസമായ രീതിയാണ് അവര്‍ പ്രയോഗിച്ചത്. ഇതിന് കൂട്ടുനിന്ന് പലരും പോക്കറ്റ് നിറയ്ക്കാനുള്ള അവസരവും മുതലാക്കി….

കുടിവെള്ള പൈപ്പിടാന്‍ റോഡ്‌ പൊളിച്ചതിന് എതിരെയുള്ള അഡ്ജസ്റ്റ്മെന്റ് സമരങ്ങൾക്കും കഴിഞ്ഞവാരം സാക്ഷിയായി . ശുചീകരണ യജ്ഞം നടത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തു ബാക്കി കൂലി കൊടുത്ത് തനിമ മൈതാനം ശുചീകരിച്ച് മാധ്യമങ്ങളില്‍ ഇടം നേടാന്‍ പോലും കഴിഞ്ഞ വാരത്തില്‍ ശ്രമമുണ്ടായി . വരദാനങ്ങളുടെ നാട്ടില്‍ ഇപ്പോള്‍ എല്ലാത്തിനും ഒരു അഡ്ജസ്റ്റ്മെന്റ് മയം !!!

രാജീവ്ഗാന്ധിയും സി പി എം ജില്ലാ സമ്മേളനവും പിന്നെ ഞാനും !!!

15012101പൈതൃക നഗരിയില്‍ ചെങ്കോട്ട ഉയര്‍ത്താനുള്ള വിപ്ലവ പാര്‍ട്ടിയുടെ അശ്രാന്ത ശ്രമത്തിന്റെ ഭാഗമായി ചരിത്രത്തില്‍ ആദ്യമായി “സംഗമേശന്റെ” നാട്ടില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ കണ്ട് അന്തംവിട്ടിരിക്കുകയാണ് വര്‍ഗ്ഗ ശത്രുക്കള്‍ . ചായക്കടയുടെ ബുദ്ധി പറഞ്ഞ് കൊടുത്തത് തങ്ങളാണെന്ന് വീമ്പ് പറയുന്നുണ്ടെങ്കിലും .മാപ്രാണത്തെ സഖാവിന്റെ ചായക്കടയില്‍ 10 രൂപയ്ക്ക് കട്ടന്‍കാപ്പിയും വടയും കഴിക്കാനെത്തുന്നവരുടെ തിരക്കില്‍ കാലിടറിയത് കാവിക്കാര്‍ക്കാണ്. പതിവ് ഗ്രൂപ്പിസ വാര്‍ത്തകള്‍ക്കായി പാപ്പരാസികള്‍ ചമഞ്ഞു കോണ്‍ഗ്രസുകാര്‍ നെട്ടോട്ടമോടിയെങ്കിലും കാര്യമായൊന്നും തടഞ്ഞില്ല. സമ്മേളന തലേന്ന് വരെ പത്രങ്ങളിലെല്ലാം പോസിറ്റിവ് വാര്‍ത്ത മാത്രം വരുന്നതില്‍ അരിശം പൂണ്ടിരിക്കുന്ന അവര്‍ക്ക് അപ്പോഴാണ്‌ ലോട്ടറി അടിച്ചത്. പഴയ നഗരസഭാ ടൌണ്‍ഹാള്‍ , കോണ്‍ഗ്രസുകാരുടെ സ്വന്തം രാജീവ്ഗാന്ധി ഹാളിലാണ് സി പി ഐ (എം) ന്റെ പ്രതിനിധി സമ്മേളനം . ഇതിനായി സഖാക്കള്‍ ടൌണ്‍ ഹാള്‍ അലങ്കരിച്ച് ചുമപ്പിച്ചിട്ടുമുണ്ട് . അതിനിടെ അപശകുനമായി മുറ്റത്ത് കൈയ്യുയര്‍ത്തി നില്‍ക്കുന്ന രാജീവ് ഗാന്ധിയുടെ പ്രതിമ അവര്‍ കര്‍ട്ടനിട്ട് മറയ്ക്കുകയും ചെയ്തു. ഇത് ഇരിങ്ങാലക്കുടയുടെ പ്രധാന പ്രശ്നമായി ഉയര്‍ത്താന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറെടുക്കുകയാണ്. സഞ്ചാരി ഇതൊന്നും അറിയുന്നില്ലേ ….. ഞങ്ങളുടെ ഗാന്ധിയെ സഖാക്കള്‍ തുണിയിട്ട് മൂടിയ വിവരം ., കെ പി സി സി ജനറല്‍ സെക്രട്ടറിയടക്കം ബൂത്ത് തലം വരെയുള്ളവര്‍ വിളിയോട് വിളി. വിവരം പാര്‍ട്ടി സഖാക്കള്‍ക്കും കിട്ടി. സംഭവം വിപ്ലവം ആകുമെന്ന് ഏകദേശം ഉറപ്പായപ്പോള്‍ അതാ വരുന്നു രക്ഷകന്‍ !!! മാധ്യമങ്ങളില്‍ ഈ വാര്‍ത്ത വരാതെ ഞാന്‍ നോക്കിക്കോളാം എല്ലാവരും എന്റെ കൈയ്യിലാണ്. ഇത് കേട്ടപ്പോള്‍ സഖാക്കളുടെ നെറ്റിയിലെ ചുളിവുകള്‍ നിവര്‍ന്നു . മഹാകുടുംബസമ്മേളനം നടത്തി വോട്ട് ബാങ്ക് കാണിച്ച് പാര്‍ട്ടിയെ ഞെട്ടിപ്പിച്ച വ്യക്തിയല്ലേ ,പോരാത്തതിന് ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയില്‍ നടത്തുന്നത് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടിയാണെന്ന് പോലും അണികളെക്കൊണ്ട് പറയിപ്പിക്കുന്ന ആളാണെന്ന് കൂടി സഖാക്കള്‍ക്ക് അറിയാം.sanchari പക്ഷെ ഈ കാര്യത്തില്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഇതിനിടെ കോണ്‍ഗ്രസില്‍ തന്നെ പ്രതിമ മൂടിയതിനെ കുറിച്ച് ചില പ്രസ്താവനകള്‍ വന്നു. ഐശ്വര്യമില്ലാത്ത പ്രതിമയാണിതെന്ന് ഒരാള്‍ , വെറുതെയല്ല പ്രതിമയുടെ മുന്നില്‍ തന്നെ കാലിടറി വീണ് പരിക്ക് പറ്റിയതെന്ന് മറ്റൊരാള്‍…… ഇങ്ങനെ പോകുന്നു നഗരസഭാ അദ്ധ്യക്ഷകള്‍ തമ്മിലുള്ള തര്‍ക്കം. എന്തായാലും പ്രതിമ മൂടിയതിന് സഖാക്കള്‍ക്കൊരു ന്യായീകരണം കിട്ടി. സ്വന്തക്കാരെപ്പോലും വിശ്വസിക്കാനാകാത്ത ഈ കാലത്ത് അതീവ രഹസ്യമായി നടക്കുന്ന പ്രതിനിധി സമ്മേളന സ്ഥലത്ത് ,ഹാളിലേയ്ക്ക് എത്തിനോക്കി രാജീവ് ഗാന്ധി നില്‍ക്കുന്നത് ശരിയല്ലല്ലോ….. എന്തായാലും സഞ്ചാരിക്കൊരു ‘പരനാറി ബിരുദം’ ഉറപ്പായി , ഇനി സമ്മേളനാനന്തരം കാണാമെന്ന വ്യാമോഹത്തോടെ ….

മദ്യനയവും സര്‍ക്കാര്‍ കലണ്ടറും !!!

14123007മദ്യനയത്തില്‍ അഴിമതിക്കും പ്രായോഗികതക്കും ഇടയില്‍പെട്ട് വിഷമിക്കുന്ന കേരള സര്‍ക്കാരിന്റെ , 2015 ലെ കലണ്ടറിലെ പ്രധാന ” ആപ്ത വാക്യമായി ” ഈ വര്‍ഷം കൊടുത്തിരിക്കുന്നത് ” മദ്യം ബുദ്ധിയെയും ആരോഗ്യത്തെയും നശിപ്പിക്കും” തിര്‍ച്ചയായും ഈ കലണ്ടര്‍ തയ്യാറാക്കിയത് മാസങ്ങള്‍ക്ക് മുമ്പായിരിക്കാം . പുതുവത്സരത്തില്‍ ഈ കലണ്ടര്‍ ഉപയോഗത്തിലാവുമ്പോഴേയ്ക്കും ഇതില്‍ പറഞ്ഞ “മദ്യം” മൂലം സര്‍ക്കാര്‍ ബുദ്ധിമുട്ടിലാവുമെന്ന് മുന്നില്‍ കണ്ടാണോ ഇത്തരത്തിലൊരു വാക്യം സര്‍ക്കാര്‍ കലണ്ടറില്‍ മുന്‍കൂട്ടി തയ്യാറാക്കിയതെന്ന് സംശയം. കഴിഞ്ഞ വര്‍ഷത്തെ ആപ്തവാക്യം കരുതലും വികസനവും എന്നതായിരുന്നു. എന്തായാലും ഈ ബുദ്ധിയ്ക്ക് നല്ല നമസ്കാരം.

മെഴുകുതിരികള്‍ തെളിച്ച് വാര്‍ത്തയില്‍ ഇടം നേടാന്‍ ഇനിയും ‘പേഷാവാറുകള്‍’ ഉണ്ടാവട്ടെ എന്ന ആത്മഗതം …

14122803സാംസ്കാരിക മഹിമ ഉണ്ടെന്ന് പ്രകീര്‍ത്തിക്കുകയും സ്വയം കേമത്തം കാണിക്കുന്ന ചില വ്യക്തികളുടെയും സംഘടനകളുടെയും ആത്മഗതം കേള്‍ക്കാന്‍ വഴിപോക്കനായ സഞ്ചാരിക്ക് ഇടവന്നു.  വിയര്‍ക്കാതെ എങ്ങനെ വാര്‍ത്തകളില്‍ ഇടം നേടാമെന്ന് ഡോക്ടറേറ്റ്  എടുത്ത ചിലരാണ് ഈ ബുദ്ധിക്കു പിറകില്‍. ഒരു കലണ്ടറും ബാനറും പത്രക്കുറിപ്പും ആണിവരുടെ ആയുധം. ദിനാചരണങ്ങള്‍ ഫ്ലക്സിലാക്കി ബാനറിനു ചുറ്റും സംഘാടകര്‍ നിന്ന് ചിത്രം പകര്‍ത്തി മാധ്യമങ്ങളില്‍ എത്തിക്കുകയാണ് പതിവ് രീതി. ആശ്രിതരുടെ മാധ്യമങ്ങളില്‍ ഇവ വലിയ വാര്‍ത്തയായി വരുമ്പോള്‍ പൊതുജനം ചോദിക്കും ഇതെപ്പോള്‍ എവിടെ നടന്നു !!! . ഈ കുറിപ്പിന് ആസ്പദമായത് ലോകത്തെ ഞെട്ടിച്ച പെഷാവാര്‍ സൈനിക സ്ക്കൂള്‍ ആക്രമണത്തില്‍ ലോകമനസ്സാക്ഷി നടുങ്ങിയപ്പോള്‍ ഇതില്‍ അനുശോചന വാര്‍ത്ത കുറിപ്പുകളിലൂടെ മുഖങ്ങള്‍ മാധ്യമങ്ങളില്‍ വരുത്തുവാന്‍ പറ്റിയ ഒരവസരമെന്ന് ജനറല്‍ ബോഡി കൂടി തീരുമാനിച്ച ചില സംഘടനകളുണ്ട് നമ്മുടെ നാട്ടില്‍. തിരക്കഥ തയാറാക്കിയത്  പോലെ ഇത്തിള്‍ക്കണ്ണികളായി സ്കൂള്‍ കുട്ടികളോടൊപ്പം പോസ് ചെയ്യുകയും ചെയ്തു ഇവര്‍. ഇക്കഥ സഞ്ചാരി അറിഞ്ഞെന്നായപ്പോള്‍ ‘നെഗറ്റീവ് ജേര്‍ണലിസം’ എന്ന് പറഞ്ഞ്‌ പരിഹസിക്കാനും അവര്‍ മറന്നില്ല. നിക്ഷ്പക്ഷ വായനാക്കാര്‍ വിധി കല്‍പ്പിക്കുമെന്നു സഞ്ചാരിക്കറിയാം. ഈ പ്രതികരണത്തില്‍ വാറോലകളും മണി മുഴക്കങ്ങളും പ്രതീക്ഷിച്ച് കൊണ്ട് അടുത്തവാരം പരിക്കുകളില്ലാതെ കാണാമെന്ന പ്രതീക്ഷയോടെ…

SANCHARI  – A Political Travelogue

Top
Close
Menu Title