News

Category: Crime

വിവാഹവീട്ടില്‍ ആക്രമണം നടത്തിയ പ്രതികള്‍ പിടിയില്‍

ഇരിങ്ങാലക്കുട :  ഗാന്ധിഗ്രാം മാളിയേക്കല്‍ മിലന്‍റെ വിവാഹത്തലേന്ന് വീട്ടില്‍ അതിക്രമിച്ചു കയറി സഹോദരന്മാരെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന് മൂന്ന് പേര്‍ പിടിയിലായി . പൊലിയത്ത് വീട്ടില്‍ ഫ്രെഡി(25 ) , ഇരിങ്ങാലക്കുട കെ എസ്‌ പാര്‍ക്കില്‍, കല്ലേറ്റിണ്ടല്‍ പ്രിജോ (26 ), മാപ്രാണം ഓട്ടാറാട്ട് വീട്ടില്‍ ബിബിന്‍ (30 ) എന്നിവരെയാണ് ഇരിങ്ങാലക്കുട എസ്‌ ഐ കെ എസ്‌ സുശാന്ത് , സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ് കുമാര്‍ എന്നിവര്‍ അറസ്റ്റ് ചെയ്തത്.വിവാഹവീട്ടില്‍ മദ്യപിച്ചു വന്നു സ്ത്രീകളോട് മോശമായി പെരുമാറിയത് അയല്‍വാസിയും ബന്ധുക്കളുമായ മാളിയേക്കല്‍ വീട്ടില്‍ ഡിക്സണും സഹോദരന്‍ വിത്സനും ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന പ്രതികള്‍ ഭക്ഷണം പാചകം ചെയ്യാന്‍ കൊണ്ടുവന്ന ചട്ടുകവും മറ്റു ആയുധങ്ങളുമായി സഹോദരങ്ങളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ തലക്ക് ഗുരുതര പരിക്കുപറ്റിയ ഇരുവരും ഇരിങ്ങാലക്കുട ഗവ. താലൂക് ആശുപത്രയില്‍ ചികിത്സയിലാണ് .ഈ മൂന്ന് പ്രതികളും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ പരിധിയിലെ റൗഡികളും തൃശൂര്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലുമായി നിരവധി ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരുമാണ്. അന്വേഷണസംഘത്തില്‍ എ എസ്‌ ഐ സി പി വിജു , സീനിയര്‍ സി പി ഒമാരായ മുരുകേഷ് കടവത്ത്, രഘു വി എസ്‌ , മനോജ് പി കെ , മനോജ് എ കെ എന്നിവരും ഉണ്ടായിരുന്നു.

ബസ്സില്‍ മോഷണം – തമിഴ് സ്ത്രീ അറസ്റ്റില്‍

പണം മോഷ്ടിച്ച് അറസ്റ്റിലായ നാഗര്‍കോവില്‍ സ്വദേശിനി മഹാലക്ഷ്മി

ഇരിങ്ങാലക്കുട : ബസ്സ് യാത്രക്കാരിയുടെ പേഴ്സില്‍ നിന്നും പണം മോഷ്ടിച്ച തമിഴ്നാട് നാഗര്‍കോവില്‍ വടശ്ശേരി സ്വദേശിനി കണ്ണന്‍ മകള്‍ മഹാലക്ഷ്മി( 28 ) എന്ന സ്ത്രീയെ ഇരിങ്ങാലക്കുട എസ് ഐ സുശാന്തും സംഘവും ബസ്സില്‍ നിന്നും പിടികൂടി. വെള്ളിയാഴ്ച രാവിലെ പുല്ലൂര്‍ മഞ്ഞളി വീട്ടില്‍ ജോര്‍ജിന്റെ ഭാര്യ സജിയുടെ ബാഗില്‍ നിന്നും 25000 രൂപ അടങ്ങിയ പേഴ്‌സ് ആണ് തമിഴ് സ്ത്രീ മോഷ്ടിച്ചത്. ഠാണാ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ തന്റെ പണം നഷ്ടപെട്ടതറിഞ്ഞ യാത്രക്കാരി ഉടന്‍ തന്നെ ഇരിങ്ങാലക്കുട പോലീസില്‍ വിവരം അറിയിക്കുകയും ഉടനെ സ്ഥലത്തു എത്തിയ പോലീസ് യാത്രക്കാരെ പരിശോധിക്കുകയും ഒടുവില്‍ പണം മോഷ്ടിച്ച മഹാലക്ഷ്മിയെ പിടികൂടുകയുമയിരുന്നു. അറസ്റ്റിലായ പ്രതിക്ക് തമിഴ്‌നാട്ടിലെ കന്യാകുമാരി പോലീസ് സ്റ്റേഷന്‍ , നാഗര്‍കോവില്‍ പോലീസ് സ്റ്റേഷന്‍ തുടങ്ങി നിരവധി സ്റ്റേഷനുകളില്‍ 13 ഓളം കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ,നിരവധി തവണ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ടെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. പ്രത്യേകം അന്വേഷണസംഘത്തില്‍ സീനിയര്‍ സി പി ഒ മുരുകേഷ് കടവത്ത്, മുഹമ്മദ് അഷറഫ് , എം കെ ഗോപി, സി പി ഒ മാരായ പി കെ മനോജ്, എ കെ മനോജ്, എന്നിവരും, വനിതാ പോലീസുകാരി അപര്‍ണ ലവകുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. പണവും ആഭരണവും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെടാതിരിക്കാന്‍ യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും പോലീസ് നിര്‍ദേശിച്ചു.

പോക്‌സോ കേസില്‍ ഒരാള്‍ അറസ്റ്റില്‍ : സുഹൃത്ത് അറസ്റ്റ് ഭയന്ന് തുങ്ങി മരിച്ചു

പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്ത വള്ളിവട്ടം ഇയ്യാട്ടി പറമ്പില്‍ നാരായണന്‍ (40 )

വള്ളിവട്ടം : പ്രായപൂര്‍ത്തിയാവാത്ത ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്ന പരാതിയെത്തുടര്‍ന്ന് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കേസില്‍ 3 പേരാണുള്ളത് . ഇതില്‍ ഒരാള്‍ പോലീസിന്റെ ചോദ്യം ചെയ്യലും അറസ്റ്റും ഭയന്ന് ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. ഇയ്യാട്ടി പറമ്പില്‍ നാരായണനെയാണ് (40 ) ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. ആക്ലിപ്പറമ്പില്‍ ശങ്കരനെ (70) താണിയത്തുപറമ്പില്‍ ബന്ധുവിന്റെ പറമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കേസില്‍ ഇയാളെയും ചോദ്യം ചെയ്യാനിരിക്കുകയായിരുനെന്നു ഇരിങ്ങാലക്കുട എസ് ഐ സുശാന്ത് പറഞ്ഞു.

ചേലൂരില്‍ റോഡരികില്‍ കക്കൂസ് മാലിന്യം തള്ളി രക്ഷപ്പെട്ടവരെ അറസ്റ് ചെയ്തു

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം രാത്രി ചേലൂരില്‍ റോഡരികില്‍ കക്കൂസ് മാലിന്യം തള്ളുന്നതിനിടയില്‍ വണ്ടി കേടായതിനെ തുടര്‍ന്ന് ലോറി ഉപേക്ഷിച്ചു രക്ഷപ്പെട്ട 3 പേരെ പോലീസ് അറസറ്റ് ചെയ്തു. ചേര്‍ത്തല സ്വദേശി വാരനാട് കരിയില്‍ വീട്ടില്‍ അജിത് നായര്‍, മലപ്പുറം താഴേക്കാട് സ്വദേശി ആലടി പീട് വീട്ടില്‍ മുഹമ്മദ് സാദിഖ് , കൊടുങ്ങലൂര്‍ കോതപറമ്പ് സ്വദേശി രാജീവ് പരിത്തേഴത്ത് എന്നിവരെയാണ് ഇരിങ്ങാലക്കുട എസ് ഐ സുശാന്ത് കെ എസിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ചായക്കടയുടെ മറവില്‍ ലഹരി വില്‍പന നടത്തിയ ആളെ അറസ്റ്റ് ചെയ്തു

മാപ്രാണം : കുഴിക്കാട്ടുകോണത്ത് ചായക്കടയുടെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് വിറ്റിരുന്ന മണികണ്ഠന്‍ (35) എന്നയാളെ ഇരിങ്ങാലക്കുട എസ് ഐ സുശാന്ത് കെ എസ് അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുരേഷ് കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഹാന്‍സ് പായ്ക്കറ്റുകള്‍ പിടിച്ചെടുത്തത്. മൂന്ന് രൂപക്ക് ലഭിക്കുന്ന പായ്ക്കറ്റുകള്‍ 50 രൂപക്കാണ് വിറ്റിരുന്നത് ഒന്നിലധികം പായ്ക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് വിലയില്‍ ഇളവു നല്‍കിയിരുന്നു. ദൂരദിക്കുകളില്‍ നിന്നുമുള്ള സ്ക്കൂള്‍ വിദ്യാര്‍ത്ഥികളും ഡ്രൈവര്‍മാരും ഇവിടുത്തെ സ്ഥിരം ഉപഭോക്താക്കളാണ്. “മരുന്ന് ” എന്ന കോഡുഭാഷയില്‍ ആവശ്യപ്പെടുന്നവര്‍ക്കു മാത്രമാണ് സാധനം നല്‍കിയിരുന്നത്. ചാവക്കാട്ടുനിന്നുമാണ് ഹോള്‍സെയിലായി ഹാന്‍സ് എത്തിച്ചിരുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു അന്വേഷണ സംഘത്തില്‍ എ എസ് ഐ സുനില്‍ കുമാര്‍ കണ്ണങ്കാട്ടില്‍ സി പി ഓമാരായ രാകേഷ് പറപ്പറമ്പില്‍, രാഗേഷ് പൊറ്റേക്കാട്ട് എന്നിവര്‍ ഉണ്ടായിരുന്നു.

അമ്പതോളം മോഷണ കേസുകളിലെ പ്രതിയായ മദ്ധ്യവയസ്‌ക്കനെ അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : അമ്പതോളം മോഷണ കേസുകളില്‍ പ്രതിയായ മദ്ധ്യവയസ്‌ക്കനെ ഇരിങ്ങാലക്കുട പോലിസ് അറസ്റ്റ് ചെയ്തു. കോടാലി മുരിക്കിങ്ങല്‍ ആളൂപറമ്പില്‍ ഉടുമ്പ് സുരേഷ് എന്ന സുരേഷ് (48)നെയാണ് കഴിഞ്ഞ ദിവസം രാത്രി ഇരിങ്ങാലക്കുട സി.ഐ എം.കെ സുരേഷ് കുമാറും സംഘവും അവിട്ടത്തൂരില്‍ നിന്നും പിടികൂടിയത്. കടുപ്പശ്ശേരി കോക്കാട്ടി വീട്ടില്‍ ജോണ്‍സന്‍ എന്നയാളുടെ ഫാം ഹൗസില്‍ നിന്നും അമ്പത് കിലോയോളം ജാതിക്കയും മറ്റും മോഷണം പോയിരുന്നു. ഇതിനെതിരെ ലഭിച്ച പരാതിയെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ കാലം മുതലെ മോഷണം ആരംഭിച്ചയാളാണ് സുരേഷെന്ന് പോലിസ് പറഞ്ഞു. ഉയരം കൂടിയ മതിലുകളില്‍ പോലും വലിഞ്ഞുകയറുന്നതില്‍ പ്രാഗത്ഭ്യം നേടിയതിനാലാണ് ഇയാളെ ഉടുമ്പ് സുരേഷ് എന്ന് വിളിക്കുന്നത്. വെള്ളിക്കുളങ്ങര പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ മോഷണ കേസില്‍ പെട്ട് ജയിലിലായിരുന്ന പ്രതി ഏതാനും ദിവസം മുമ്പാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. പെയിന്റിംഗ് തൊഴിലാളിയായ ഇയാള്‍ ജോലിക്ക് പോകുന്ന വീടുകള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ മോഷണം നടത്തിയിരിക്കുന്നത്. ഇരിങ്ങാലക്കുട, ചാലക്കുടി, കൊടകര, വരന്തരപ്പിള്ളി, പുതുക്കാട് തുടങ്ങി ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ അമ്പതോളം മോഷണകേസുകള്‍ നിലവിലുണ്ട്. 12ഓളം മോഷണ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ജാതിക്ക, റബ്ബര്‍ ഷീറ്റ്, കുരുമുളക് തുടങ്ങിയ കാര്‍ഷിക വിളകള്‍ മാത്രം മോഷ്ടിക്കുന്ന പ്രത്യേകതരം ശീലവും പ്രതിക്കുണ്ട്. എസ്.ഐ മാരായ കെ.എസ് സുശാന്ത്, ജോഷി പി.എ, സീനിയര്‍ സി.പി.ഒ മുരുകേഷ് കടവത്ത്, സി.പി.ഒ മാരായ മനോജ് പി.കെ, മനോജ് എ.കെ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

മദ്യലഹരിയില്‍ കുടുംബവഴക്ക് : അച്ഛന്‍ മകനെ വെട്ടിക്കൊലപ്പെടുത്തി

മുരിയാട് : മദ്യലഹരിയില്‍ വീട്ടുവഴക്കിനെത്തുടര്‍ന്ന് മുരിയാട് വെള്ളിലംകുന്നില്‍ അച്ഛന്‍ മകനെ വെട്ടിക്കൊലപ്പെടുത്തി. വെള്ളിലംകുന്ന് തോണിയില്‍ വീട്ടില്‍ രാഘവന്‍നായര്‍ (70) മകനായ ഗിരീഷിനെയാണ് വീട്ടില്‍ വച്ച് ചൊവാഴ്ച രാത്രി ഏഴരക്ക് കൊലപ്പെടുത്തിയത്. ഇരുവരും മദ്യപിച്ചെത്തി വീട്ടില്‍ ഉണ്ടായ വഴക്കിനെത്തുടര്‍ന്നാണ് നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായതെന്ന് പോലീസ് പറയുന്നു. തര്‍ക്കം മൂത്തപ്പോള്‍ പിതാവായ രാഘവന്‍ നായര്‍ കത്രികയും അരിവാളും എടുത്ത് മകനെ വെട്ടുകയായിരുന്നു. കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണമായി പറയുന്നത്. വെട്ടേറ്റ ഗിരീഷ് വീട്ടില്‍ തന്നെ വച്ച് മരിച്ചു. സംഭവമറിഞ്ഞ് നാട്ടുക്കാരും പോലീസും ചേര്‍ന്നാണ് ഗിരീഷിനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവം നടക്കുമ്പോള്‍ ഇവര്‍ക്കു പുറമേ മാതാവായ സരസ്വതിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഗിരീഷ് അവിവാഹിതനാണ്. മൃതദേഹം താലൂക്ക് ആശുപത്രിയിലെ മേര്‍ച്ചറിയില്‍. രാഘവന്‍ നായരെ വീട്ടല്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരിങ്ങാലക്കുട സിഐ എം.കെ സുരേഷ് കുമാര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.എസ് സുശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.

കഞ്ചാവുകേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഇരിങ്ങാലക്കുട : കഞ്ചാവുകേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍. എസ്.എന്‍ പുരം പള്ളിനട സ്വദേശി മനവളപ്പില്‍ വീട്ടില്‍ രതീഷി(26)നെയാണ് ഇരിങ്ങാലക്കുട എസ്.ഐ കെ.എസ് സുശാന്തും സംഘവും മതിലകം പോലിസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. പ്രതി രതീഷ് പാലക്കാട് ജില്ലയില്‍ മൊബൈല്‍ ഫോണും പണവും തട്ടിയെടുത്ത കേസിലും ചാവക്കാട് പോലിസ് സ്‌റ്റേഷനില്‍ വാഹന മോഷണകേസിലും ഉള്‍പ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂടാതെ ഇയാള്‍ കൊടുങ്ങല്ലൂര്‍, മതിലകം, ചാവക്കാട് തുടങ്ങിയ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2013ല്‍ കഞ്ചാവുവില്‍പ്പന നടത്തിയ കേസില്‍ പിടികൂടിയ പ്രതി കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയശേഷം മുങ്ങി നടക്കുകയായിരുന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുട കോടതി പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പ്രതിയെ പിടികൂടിയ സംഘത്തില്‍ സീനിയര്‍ സി.പി.ഒ മുരുകേഷ് കടവത്ത്, ബിജു കെ.എ, വഹാബ് ടി.എം, രാഹുല്‍, ബിന്നല്‍ എന്നിവരും ഉണ്ടായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയ യുവാവ് അറസ്റ്റില്‍

ഇരിങ്ങാലക്കുട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ഓട്ടോയില്‍ തട്ടികൊണ്ടു പോയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. മുരിയാട് കടവില്‍ വീട്ടില്‍ സുനില്‍ (34) നെയാണ്‌ ഇരിങ്ങാലക്കുട സി.ഐ എം.കെ സുരേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ടിപ്പര്‍ ഡ്രൈവറാണ് പ്രതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരില്‍ നിന്നും പ്രതിയെ പിടികൂടിയത്. എ സ്.ഐ കെ.എസ് സൂശാന്ത്, പോലിസുകാരായ അനീഷ്, ബിന്നന്‍, രാഗേഷ്, രാജേഷ്, വനിത പോലിസുകാരായ സുജമോള്‍, ഡാജി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

മോഷണത്തിന് ഇറങ്ങിയ നാടോടി സ്ത്രികളെ പോലീസ് പിടികൂടി

ഇരിങ്ങാലക്കുട : വീട്ടുകാരുടെ ശ്രദ്ധ തിരിച്ചു അകത്തുകയറി മോക്ഷണം നടത്തുന്ന നാടോടി സ്ത്രീകളുടെ സംഘത്തെ പോലീസ് പിടികൂടി . ചൊവാഴ്ച കൊരുമ്പിശ്ശേരി മാരിയമ്മന്‍ കോവിലിനടുത്ത് ഒരു വീട്ടില്‍ കയറി മുറ്റത്തിരുന്ന സൈക്കിള്‍ മോഷ്ടികയുകയും, വീട്ടുകാര്‍ അതിനുപുറകേ പോകുമ്പോള്‍ സംഘത്തിലെ മറ്റുള്ളവര്‍ വീടിനുള്ളില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ കാണുകയും, ഇവര്‍ ഓടി രക്ഷപെടുകയും ചെയ്തു. പരാതിയെത്തുടര്‍ന്ന് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ പാടത്തിനടുത്ത് നിന്നും ഈ സംഘത്തിലെ നാല് നാടോടി സ്ത്രികളെ ഇരിങ്ങലക്കുട എസ്.ഐ കെ.എസ് സുശാന്തും സംഘവും പിടികൂടി. ചെന്നൈ കുപ്പ സ്വദേശിനികളായ മുത്തുമാരി (25), മരിയ(31), അഞ്ജലി (24), കാവ്യ (28) എന്നിവരാണ് അറസ്റ്റിലായത്. സമാന മോഷണശ്രമങ്ങള്‍ ചാലക്കുടിയിലും നടന്നതായി പരാതി പോലീസിന് ലഭിച്ചിരുന്നു. അന്വേഷണ സംഘത്തില്‍ എ എസ് ഐ സുനില്‍, സീനിയര്‍ സി.പി.ഒ സത്യന്‍, സി.പി.ഒ അരുണ്‍ സൈമണ്‍, ജോസഫ് , വുമണ്‍ സി.പി.ഒ അപര്‍ണ എന്നിവരും ഉണ്ടായിരുന്നു.

വിദ്യാര്‍ത്ഥിനിയെ പിഡിപ്പിക്കാന്‍ ശ്രമം: മദ്ധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട: സ്‌കൂള്‍ വിട്ടുപോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ അപമാനിക്കാനും പിഡിപ്പിക്കാനും ശ്രമിച്ച സംഭവത്തില്‍ മദ്ധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. കരൂപ്പടന്ന കടലായി അറയ്ക്കല്‍ കരിം (57)നെയാണ് എസ്.ഐ കെ.എസ് സുശാന്തും സംഘവും അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഓട്ടോ ഡ്രൈവറായ ഇയാള്‍ പിഡിപ്പിക്കാന്‍ ശ്രമിച്ചത്. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാള്‍ നേരത്തേയും പെണ്‍കുട്ടികളെ ശല്യം ചെയ്തിരുന്നുവെന്ന് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. അന്വേഷണ സംഘത്തില്‍ സീനിയര്‍ സി.പി.ഒ മുരുകേഷ് കടവത്ത്, സി.പി.ഒ അരുണ്‍ സൈമണ്‍, ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

മദ്യവില്‍പ്പന നടത്തിയ സ്ത്രി പിടിയിലായി

ഇരിങ്ങാലക്കുട : എക്‌സൈസ് ഉദ്യോഗസ്‌ഥര്‍ ഞായറാഴ്ച നടത്തിയ റെയ്‌ഡില്‍ മദ്യ വില്‍പ്പന നടത്തുകയായിരുന്ന മുപ്ലിയം  വെള്ളാരംപാടത്തു വെള്ളാന്തറ വീട്ടില്‍ സിദ്ധാര്‍ത്ഥന്‍ ഭാര്യ സുലോചനയെ പിടികൂടി.  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഒ വിനോദിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്‌ഡില്‍ വീടിനോടു ചേര്‍ന്ന് മദ്യവില്‍പ്പന നടത്തുമ്പോഴാണ് പ്രതി പിടിയിലായത്.  പ്രതിയില്‍ നിന്നും 1 .8 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണ് പിടിച്ചെടുത്തത്. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ കൂടാതെ പി ഒ ഷഫീക് ,  സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സന്തോഷ് ബാബു , രാമചന്ദ്രന്‍ റാഫേല്‍ ,വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍  ജയശ്രീ  എന്നിവരും    ഉണ്ടായിരുന്നു . പ്രതിയെ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു .

വധശ്രമകേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍

ഇരിങ്ങാലക്കുട : വധശ്രമകേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഇരിങ്ങാലക്കുട പോലിസ് അറസ്റ്റ് ചെയ്തു. കരുവന്നൂര്‍ സ്വദേശി നെടുംപുരയ്ക്കല്‍ വീട്ടില്‍ ഷെമീര്‍ (32)നെയാണ് ഇരിങ്ങാലക്കുട സി.ഐ എം.കെ സുരേഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം അഞ്ചിന് രാത്രി കരുവന്നൂരില്‍ വെച്ച് മൂര്‍ക്കനാട് സ്വദേശി ഉമ്മുവളപ്പില്‍ വീട്ടില്‍ ഷാഫിയെയാണ് ഇയാള്‍ ആക്രമിച്ചത്. തനിക്കെതിരെ പരാതി നല്‍കിയതിലുള്ള വിരോധമാണ് ഇതിന് കാരണം. ഷാഫിയെ തടഞ്ഞ് നിറുത്തി അസഭ്യം പറയുകയും കയ്യില്‍ കരുതിയിരുന്ന കമ്പി വടികൊണ്ട് തലയ്ക്കടിക്കുകയും വലതുകൈ തല്ലിയൊടിക്കുകയും ചെയ്തു. സംഭവത്തില്‍ ഇരിങ്ങാലക്കുട പോലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നറിഞ്ഞ പ്രതി ഒളിവില്‍ പോകുകയായിരുന്നു. ജില്ലയിലെ കഞ്ചാവ് മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഷെമീറെന്ന് പോലിസ് പറഞ്ഞു. നിരവധി കഞ്ചാവുകേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2011ല്‍ ചേര്‍പ്പ് പോലിസും 2016ല്‍ ഇരിങ്ങാലക്കുട പോലിസും രണ്ട് കിലോയിലധികം കഞ്ചാവുമായി ഇയാളെ പിടികൂടിയിരുന്നു. ഈ കേസുകളില്‍ ഷെമീര്‍ ജയില്‍വാസം അനുഭവിച്ചിരുന്നു . നിരവധി കഞ്ചാവുകേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ കഞ്ചാവ് ഷെമീറെന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. കൊടുങ്ങല്ലൂര്‍, ചേര്‍പ്പ്, ഇരിങ്ങാലക്കുട, തൃശ്ശൂര്‍ സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ എസ്.ഐ സുശാന്ത് കെ.എസ്, സി.പി വിജു, മുരുകേഷ് കടവത്ത്, കെ.എ കൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു.

കല്ലേറ്റുംങ്കരയിലെ വീട്ടിലെ ചാരായ വാറ്റ് കേന്ദ്രം എക്‌സൈസ് സംഘം പിടികൂടി

കല്ലേറ്റുംക്കര : കല്ലേറ്റുംങ്കര പള്ളിയ്ക്ക് സമീപത്തുനിന്നും  വിടിനകത്ത് വാഷ് കെട്ടി ചാരായം വാറ്റി കൊണ്ടിരിക്കുമ്പോള്‍ എക്‌സൈസ് സംഘം ഒരാളെ പിടികൂടി. കല്ലേറ്റുംകര സ്വദേശി തണ്ടിയേക്കല്‍ ബിജോയ് (40) നെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ഷാനവാസും സംഘവും കൂടി അറസ്‌ററ് ചെയ്തത്. ചാരായം വാറ്റി ദൂരെ സ്ഥലങ്ങളിലേയ്ക്ക് കയറ്റി വിടുകയായിരുന്നു ഇവരുടെ പതിവ്. ബിജോയുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു പ്രതി എക്‌സ്സെസ് ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപെട്ടു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിനുകുമാര്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഹാറുന്‍ റഷീദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.കെ.അശോകന്‍, എം.ഒ നെബി, എന്‍.യു. ശിവന്‍, പി.കെ.സജികുമാര്‍ എക്‌സൈസ് ഡ്രൈവര്‍ പ്രദീപ്കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. 30 ലിറ്റര്‍ ചാരായവും 250 ലിറ്റര്‍ വാഷും ഗ്യസ് കുറ്റിയടക്കം വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.

യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഇരിങ്ങാലക്കുട : യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാകുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍. തൊട്ടിപ്പാള്‍ പുതുപ്പുള്ളി വീട്ടില്‍ രഞ്ജിത്ത് (30)നെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട കോമ്പാറ സ്വദേശിനിയായ യുവതിയാണ് ഒരുമാസം മുമ്പ് ആത്മഹത്യ ചെയ്തത്. മാവേലിക്കരയില്‍ ജോലി ചെയ്തിരുന്ന യുവാവിന് അവിടെയുള്ള മറ്റൊരു യുവതിയുമായി ഉണ്ടായിരുന്ന ബന്ധം അറിഞ്ഞ യുവതി അത് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മിലുണ്ടായ വഴക്കാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലിസ് പറഞ്ഞു. നാടുവിടാനുള്ള തയ്യാറെടുപ്പില്‍ രാത്രി വീട്ടിലെത്തിയ യുവാവിനെ പോലിസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐ പ്രദീപ്, സീനിയര്‍ സിവില്‍ പോലിസുകാരായ മുഹമ്മദ് അഷറഫ്, ഗോപി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Top
Menu Title