News

Category: Accident

ബൈക്കുകള്‍ കൂട്ടിയിടിച്ച് യാത്രക്കാരന്‍ മരിച്ചു

കരൂപ്പടന്ന : മുച്ചക്ര വാഹനവും ബൈക്കും കൂട്ടിയിടിച്ചു മുച്ചക്ര വാഹന യാത്രക്കാരന്‍ മരിച്ചു. കോണത്തുകുന്ന് മാവിന്‍ ചുവടിന് കിഴക്കുവശം താമസിക്കുന്ന വല്ലത്തുപടി പരേതനായ മുഹമ്മദിന്റെ മകന്‍ കാസിം (67) ആണ് മരിച്ചത്‌. വ്യാഴാഴ്ച രാവിലെ 11 നാണ് കോണത്തുകുന്ന് മനയ്ക്കലപ്പടിയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കാസിമിനെ ഇരിങ്ങാലകുട സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു. കാസിമിനോടൊപ്പം യാത്ര ചെയ്തിരുന്ന ഭാര്യ കുഞ്ഞുമോള്‍ക്ക് നിസാര പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ കോണത്തുകുന്ന് പുത്തൻവീട്ടില്‍ വേലായുധന്റെ മകന്‍ മിനീഷ് (39), കോണത്തുകുന്ന് കോണത്തു വീട്ടില്‍ മുരളിയുടെ മകന്‍ അബിന്‍ (20) എന്നിവരെ പരിക്കുകളോടെ യഥാക്രമം ഇരിങ്ങാലക്കുട സഹകരണാശുപത്രി, തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. സുബൈര്‍, സുധീര്‍, സുനിതാബി എന്നിവരാണ് കാസിമിന്റ മക്കള്‍. ഫാത്തിമ, ഹാരിസ് എന്നിവര്‍ മരുമക്കളും. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയോടെ വെള്ളാങ്ങല്ലൂര്‍ മഹല്ല് ഖബര്‍സ്ഥാനില്‍ നടത്തും.

അപകടമേഖലയില്‍ രാത്രി വീണ്ടും അപകടം : തൊമ്മാനയില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു

തൊമ്മാന : റോഡ്‌ അപകടങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ സംസ്ഥാന പാത 61 ലെ അപകട മേഖലയായ തൊമ്മാനയില്‍ ബുധനാഴ്ച രാത്രി കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു . പോസ്റ്റ് ഒടിഞ്ഞു വൈദ്യുതി കമ്പികള്‍ അപകടകരമായ രീതിയില്‍ റോഡില്‍ താണുകിടന്നതുമൂലം രാത്രി 9 മണിമുതല്‍ അരമണിക്കൂര്‍ ഗതാഗത തടസ്സമുണ്ടായി. സന്ദര്‍ഭോചിതമായി നാട്ടുകാര്‍ ഇടപെട്ടതുകാരണം വലിയ അപകടം ഒഴിവായി. വൈദ്യുതി കമ്പികള്‍ വലിച്ചുകെട്ടിയും, ബസ്സ് അടക്കമുള്ള വലിയ വാഹനങ്ങള്‍ക്കു കടന്നു പോകാനായി റോഡില്‍ താന്നു കിടന്നിരുന്ന വൈദ്യുതി കമ്പികള്‍ തോട്ടി ഉപയോഗിച്ച് ഉയര്‍ത്തിയും നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു . എസ് ഐ തോമസ്സിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പോലീസും , അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കുര്യക്കോസിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേന അംഗങ്ങളും വൈദ്യുതി വകുപ്പ് ജീവനക്കാരും ഉടന്‍ സംഭവസ്ഥലത്തു എത്തി. മറ്റത്തൂര്‍കുന്ന് സ്വദേശി അഭിലാഷ് ഓടിച്ചിരുന്ന മാരുതി സെന്‍ കാറാണ് അപകടത്തില്‍ പെട്ടത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. എതിര്‍ദിശയില്‍നിന്നും വന്ന വാഹനത്തിന്റെ ലൈറ്റ് ഡിം ചെയ്യാത്തതിനാല്‍ ദിശതെറ്റി റോഡിനരികിലെ പോസ്റ്റില്‍ കാര്‍ ഇടിക്കുകയായിരുന്നു. പോസ്റ്റിലിടിച്ച കാര്‍ അഗ്നിശമന സേന അംഗങ്ങള്‍ ഉയര്‍ത്തി മാറ്റി ഗതാഗത തടസം നിക്കി. ലീഡിങ് ഫയര്‍മാന്‍ ജോജി വര്ഗീസ് , കെ സി സജീവ്, സുമന്‍, സതീഷ്, അബിന്‍, ഷിബു, ബൈജു എന്നിവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു .

ബൈക്കിനു പുറകില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥിനി കോളേജ് ബസ് കയറി മരിച്ചു

വല്ലക്കുന്ന് : യുവാവിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അപകടത്തില്‍ പെട്ട് റോഡില്‍ വീണ വിദ്യാര്‍ത്ഥിനി പുറകില്‍ എത്തിയ കോളേജ് ബസ് കയറി തല്‍ക്ഷണം മരിച്ചു . വലപ്പാട് കോളേജ് വിദ്യാര്‍ത്ഥിനിയായ കാട്ടൂര്‍ കരാഞ്ചിറ  സ്വദേശിനി വടക്കുംമുറി വീട്ടില്‍ ഗോപിയുടെ മകള്‍ ഗോപിക (19) ആണ്  മരിച്ചത് . വല്ലക്കുന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിന് മുന്നില്‍ വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം . KL 46 P 1044 ബജാജ്-വി ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഇവര്‍ പെട്ടന്ന് റോഡില്‍ വീഴുകയും പുറകിലെത്തിയ ചാലക്കുടി നിര്‍മല കോളേജ് ബസ് ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവതിയുടെ തലയിലൂടെ കയറി ഇറങ്ങുകയാണ്ഉണ്ടായത്. ഒപ്പം സഞ്ചരിച്ച ഏങ്ങണ്ടിയൂര്‍ സ്വദേശി ഹരികൃഷ്ണനും പരിക്കുണ്ട്. ഇരിങ്ങാലക്കുട സബ് ഇന്‍സ്‌പെക്ടര്‍ സുബീഷ് വി പിയുടെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടികല്‍ സ്വീകരിച്ചു . പോട്ട- ഇരിങ്ങാലക്കുട സംസ്ഥാന പാതയില്‍ അപകട മേഖലയായ കല്ലേറ്റുംകര വല്ലക്കുന്ന് തൊമ്മാന ഭാഗം സ്ഥിരം അപകട മേഖലയാണ് . ഒട്ടേറെ വിലപ്പെട്ട ജീവനുകള്‍ ഈ അപകട വളവില്‍ പൊലിഞ്ഞിട്ടുണ്ട്. കഴിഞ്ഞതവണ നടന്ന റോഡ് ടാറിങ്ങിന്റെ നിലവാര തകര്‍ച്ചമൂലം ഇപ്പോള്‍ അപകടമുണ്ടായ ഭാഗത്തു റോഡ് മാസങ്ങളായി തകര്‍ന്നു കിടക്കുകയാണ്, വലിയ കുഴികളും ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. കുഴികള്‍ ഒഴിവാക്കാനായി വാഹനങ്ങള്‍ പെട്ടന്ന് വെട്ടിക്കുമ്പോള്‍ ഇവിടെ അപകടങ്ങള്‍ സ്ഥിരമാണ് .

related news : അപകടത്തില്‍ മരണപ്പെട്ട ഗോപികക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നാട്ടുകാര്‍

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ അമിതവേഗത ചോദ്യം ചെയ്‌താല്‍ മറുപടി ധാര്‍ഷ്ട്യം

ഇരിങ്ങാലക്കുട : സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ അമിത വേഗത അപകടകാരണമാകുന്നു. എന്നാല്‍ ഇത് ചോദ്യം ചെയ്യുമ്പോള്‍ ധാര്‍ഷ്ട്ട്യത്തോടെയുള്ള പെരുമാറ്റം പതിവാണ്. കഴിഞ്ഞ ദിവസം മെയിന്‍ റോഡില്‍ കോടതിക്ക് സമീപം ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം സെക്രട്ടറി സതീഷ് വിമലന്റെ കാറില്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ചതിനെ ചോദ്യം ചെയ്തപ്പോള്‍ ധാര്‍ഷ്ട്ട്യത്തോടെ കോടതിയില്‍ കാണാമെന്നുള്ള മറുപടിയോടെ ബസ് നിര്‍ത്താതെ പോകുകയാണുണ്ടായത്. ഇതിനു പുറമെ ഇന്നലെ ടൗണ്‍ ഹാളിനു മുന്‍വശം ബിനോയ് എം ഡി യുടെ വാഹനത്തില്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയും നിര്‍ത്താതെ പോകുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പരാതിയെ തുടര്‍ന്ന് ജോയിന്റ് ആര്‍ ടി ഒ ചാക്കോ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഒറ്റപ്പാലം-കൊടുങ്ങല്ലൂര്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആയ വൈഷ്ണോദേവി ബസിനെ അടുത്ത ട്രിപ്പില്‍ ബസ്സ്റ്റാന്‍ഡില്‍ വച്ച് ജോയിന്റ് ആര്‍ ടി ഒ തടയുകയും നടപടികളെടുക്കുകയും ചെയ്തിട്ടുണ്ട്. ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ അപകടമുണ്ടാക്കിയ ശേഷം പലപ്പോഴും നിര്‍ത്താതെപോകുകയാണ് പതിവ്. ചോദ്യം ചെയ്താല്‍ തങ്ങള്‍ക്കു രണ്ടായിരം രൂപയുടെ ഫൈനിന്റെ ചിലവേയുള്ളു എന്ന ധാര്‍ഷ്ട്ട്യത്തോടെയുള്ള മറുപടി ലഭിക്കുന്നു. സ്വകാര്യ ബസ്സുകാരുടെ അമിതവേഗതയ്ക്കും ജീവനക്കാരുടെ മോശമായ പെരുമാറ്റങ്ങള്‍ക്കുമെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് ജോയിന്റ് ആര്‍ ടി ഒ ചാക്കോ വര്‍ഗീസ് ഇരിങ്ങാലക്കുടലൈവ് ഡോട്ട് കോമിനോട് പറഞ്ഞു.

കാറിന്റെ കണ്ണാടി തകര്‍ത്ത് നിറുത്താതെ പോയ ബസ്സിനെ സ്റ്റാന്റിനുള്ളില്‍ തടഞ്ഞു

ഇരിങ്ങാലക്കുട : അമിതവേഗതയില്‍ വന്നിരുന്ന ലിമിറ്റഡ് ബസ്സ് സ്വകാര്യ കാറിന്റെ കണ്ണാടി തകര്‍ത്ത് നിറുത്താതെ പോയി. പിന്‍തുടര്‍ന്ന് എത്തിയ കാര്‍ യാത്രക്കാര്‍ സ്റ്റാന്റില്‍ വെച്ച് ബസ്സ് തടഞ്ഞു. ഇരിങ്ങാലക്കുട- കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ശ്രീഹരി ലിമിറ്റഡ് ബസ്സാണ് ഇടിച്ചിട്ടും നിറുത്താതെ പോയതെന്ന് കാര്‍ യാത്രക്കാര്‍ ആരോപിച്ചു. മാപ്രാണതായിരുന്നു സംഭവം. മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന കാറിലാണ് ബസ്സ് തട്ടിയത്. തട്ടലില്‍ കാറിന്റെ ഡ്രൈവറുടെ ഭാഗത്തെ കണ്ണാടി തകര്‍ന്നുപോയി. സംഭവം കണ്ടിട്ടും ബസ്സിലെ കണ്ടക്ടറും ഡ്രൈവറും നിറുത്താതെ പോകുകയായിരുന്നെന്ന് അവര്‍ ആരോപിച്ചു. അമിത വേഗതയിലായിരുന്നു ബസ്സ് വന്നിരുന്നതെന്നും അവര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പിന്തുടര്‍ന്നെത്തിയ അവര്‍ സ്റ്റാന്റില്‍ ആളുകളെ ഇറക്കുമ്പോള്‍ ബസ്സിന് മുന്നിലായി കാര്‍ നിറുത്തി ഡ്രൈവറോട് ബഹളം വെച്ചു. സംഭവം കണ്ട് നിരവധി യാത്രക്കാര്‍ തടിച്ചുകൂടി. ഇതിനിടെ സ്റ്റാന്റില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന പോലിസ് സ്ഥലത്തെത്തി. കാര്‍ യാത്രക്കാരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷം ഇരുകൂട്ടരേയും സ്‌റ്റേഷനിലേക്ക് വിട്ടു. സംഭവത്തില്‍ ബസ്സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തതായി പോലിസ് അറിയിച്ചു.

ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

ഇരിങ്ങാലക്കുട : കൂട്ടുകാരനെ രാത്രി ബൈക്കില്‍ കൊണ്ടുവന്നാക്കി തിരിച്ചുവരുമ്പോള്‍ ബൈക്ക് പോസ്റ്റില്‍ ഇടിച്ചു യുവാവ് മരിച്ചു . പൊറത്തിശ്ശേരി കലാസമിതിക്കു സമീപം മീന്‍പുഴയ്ക്കല്‍ ബെന്നിയുടെ മകന്‍ സലോമോന്‍ (22 ) ബൈക്കപകടത്തില്‍ മരിച്ചത് . വെള്ളാങ്ങല്ലുര്‍ എസ് ആര്‍ പെട്രോള്‍ പമ്പിന് സമീപം വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .സഹോദരന്‍  :സെഞ്ചറിന്‍, അമ്മ ഓമന .

വീടിന് മുന്നില്‍വെച്ച് ബൈക്കപടകടത്തില്‍ പരിക്കേറ്റ വയോധികന്‍ മരിച്ചു

ഇരിങ്ങാലക്കുട : വീടിന് മുന്നില്‍ വെച്ച് ബൈക്കപകടത്തില്‍ പരിക്കേറ്റ വയോധികന്‍ മരിച്ചു. പേഷ്‌ക്കാര്‍ റോഡില്‍ ആനത്താഴത്തുവീട്ടില്‍ ജോസ് (72) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. വീട്ടിലേക്ക് റോഡ് മുറിഞ്ഞുകടക്കുന്നതിനിടയിലാണ് ജോസിനെ ബൈക്കിടിച്ച് വീഴ്ത്തിയത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തിയെങ്കിലും ബൈക്ക് യാത്രക്കാര്‍ നിറുത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ ജോസിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: സിബി (ഇറ്റലി), സിനി (പെയിന്‍ ആന്റ് പാലിയേറ്റിവ് ചാലക്കുടി), സിജു (പൂമംഗലം വില്ലേജ് ഓഫീസ്). മരുമക്കള്‍: വര്‍ഗ്ഗീസ് (ഇറ്റലി), പോള്‍സന്‍, നിമ്മി (സെന്റ് ജോസഫ്‌സ് സ്‌കൂള്‍. മതിലകം). ശവസംസ്‌ക്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ ദേവലായത്തില്‍.

ബസ് അപകടത്തില്‍ മരിച്ച ഫസീലയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

വെള്ളാങ്ങല്ലൂര്‍ : നടവരമ്പ് സ്കൂളിന് സമീപം വെള്ളിയാഴ്ച ഉണ്ടായ ബസ് അപകടത്തില്‍ മരിച്ച വെള്ളാങ്ങല്ലൂര്‍ പാടത്തു പറമ്പില്‍ മുഹമ്മദ് അഷറഫിന്റെ മകള്‍ ഫസീലയുടെ  മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച ഉച്ചക്ക് 3 മണിയോടെ വെള്ളാങ്ങല്ലൂര്‍ വടക്കുംകര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. വള്ളിവട്ടം യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളേജ് അധ്യാപികയായ ഫസീലയുടെ മൃതദേഹം തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് വീട്ടിലെത്തിച്ചത്. തുടര്‍ന്ന് സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥി കളും നാട്ടുകാരും ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ കണ്ണീരോടെ യാത്രാമൊഴി നല്‍കി. അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നക്കര ഷാജി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനില്‍ കുമാര്‍, കൊടുങ്ങല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.ഐ.നജീബ്, സി.പി.എം.മാള ഏരിയ സെക്രട്ടറി എം.രാജേഷ് എന്നിവരടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേരാണ് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. അപകടത്തില്‍ പരിക്കേറ്റ ഫസീലയുടെ  മാതാവ് തെക്കുംകര വില്ലേജ് ഓഫീസര്‍ ജമീല ഇപ്പോളും ചികില്‍സയിലാണ്.   ( റിപ്പോര്‍ട്ട് – റഊഫ് കരൂപ്പടന്ന )

related news : നടവരമ്പില്‍ ബസ് കാറിലിടിച്ചു മറിഞ്ഞു നിരവധി പേര്‍ക്ക് പരിക്ക് : അപകടത്തില്‍ കോളേജ് അധ്യാപിക മരിച്ചു

നടവരമ്പ് ബസ് അപകടത്തില്‍ പരിക്കേറ്റ കോളേജ് അദ്ധ്യാപിക മരിച്ചു

ഇരിങ്ങാലക്കുട : നടവരമ്പ് അണ്ടാണിക്കുളം റോഡിനു സമീപം ബസ് കാറിലിടിച്ചു മറഞ്ഞ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ജൂബിലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വെള്ളാങ്ങല്ലൂര്‍  കറപംവീട്ടില്‍ മുഹമ്മദ് അഷറഫിന്റെ മകള്‍ ഫസീല  (24) വെള്ളിയാഴ്ച 7 മണിയോടെ മരിച്ചു . യൂണിവേഴ്‌സല്‍ എഞ്ചിനിയറിംഗ് കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്യുകയായിരുന്നു. ഫസീലയുടെ അമ്മയായ തെക്കുംകര വില്ലേജ് ഓഫീസര്‍ വെള്ളാങ്ങല്ലൂര്‍ പാടത്തു പറമ്പില്‍ ജമീലക്കും  ബസ് അപകടത്തില്‍ പരിക്കേറ്റ്  ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ് .

RELATED NEWS : ഫസീലയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

നടവരമ്പില്‍ ബസ് കാറിലിടിച്ചു മറിഞ്ഞു നിരവധി പേര്‍ക്ക് പരിക്ക് : അപകടത്തില്‍ കോളേജ് അധ്യാപിക മരിച്ചു

ഇരുചക്രവാഹനങ്ങള്‍ ഇടിച്ച തെറിപ്പിച്ച് ഇന്നോവ നിര്‍ത്താതെ പോയി

കരൂപ്പടന്ന : അമിത വേഗതയില്‍ എത്തിയ ഇന്നോവ കാര്‍ ആക്ടിവ സ്കൂട്ടറും ബൈക്കും ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയി. കരൂപ്പടന്ന പുതിയ റോഡ് ബസ് സ്റ്റോപ്പിന് സമീപം ഉച്ചക്ക് 2:30 ഓടെയായിരുന്നു അപകടം. ബൈക്ക് യാത്രികനായ അബ്‌ദുള്‍ ഖാദറിന് നിസാര പരിക്കേറ്റു. കൊടുങ്ങല്ലൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് പോകുകയായിരുന്നു 3 വാഹനങ്ങളും. അപകടമുണ്ടാക്കി നിര്‍ത്താതെ പോയ ഇന്നോവയ്ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.

നടവരമ്പില്‍ ബസ് കാറിലിടിച്ചു മറിഞ്ഞു നിരവധി പേര്‍ക്ക് പരിക്ക് : അപകടത്തില്‍ കോളേജ് അധ്യാപിക മരിച്ചു

നടവരമ്പ് : നടവരമ്പ്  അണ്ടാണിക്കുളം റോഡിനു സമീപം ബസ് കാറിലിടിച്ചു മറഞ്ഞ അപകടത്തില്‍  കോളേജ് അധ്യാപിക മരിച്ചു നിരവധി യാത്രക്കാര്‍ക്ക് പരിക്ക്.
അപകടത്തില്‍ പരിക്കേറ്റ തെക്കുംകര വില്ലേജ് ഓഫീസര്‍ വെള്ളാങ്ങല്ലൂര്‍ പാടത്തു പറമ്പില്‍ ജമീലയുടെ മകളും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ജൂബിലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വെള്ളാങ്ങല്ലൂര്‍  കറപംവീട്ടില്‍ മുഹമ്മദ് അഷറഫിന്റെ മകള്‍ ഫസീല  (24) വെള്ളിയാഴ്ച 7 മണിയോടെ മരിച്ചു   .

ഫസീല (24)

തിരുവില്വാമലയില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന ശ്രീ കാളീശ്വരി ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 12 മണിയോടുകൂടിയായിരുന്നു അപകടം. അപകടത്തില്‍ കാറും 2 ബൈക്കുകളും തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കി. അപകടത്തില്‍ പരിക്കേറ്റവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. റോഡില്‍ നിന്നും അശ്രദ്ധമായി തിരിഞ്ഞ ആള്‍ട്ടോ കാറില്‍ ബസിടിച്ചു മറിഞ്ഞാണ് അപകടമുണ്ടായത്. മറിയുന്നതിനിടെ 2 ബൈക്കില്‍ ബസ്ഇടിക്കുകയുണ്ടായി. അപകടത്തില്‍ പരിക്കേറ്റ വെള്ളാങ്ങല്ലുര്‍ കെ എസ് ഇ ബി ജീവനക്കാരന്‍ രമേശന്റെ നില ഗുരുതരമാണ്. ബസില്‍ ഉണ്ടായിരുന്ന 30 ഓളം പേര്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട്  ഗവ എന്‍ജിനീയറിങ് കോളേജിലെ 7 വിദ്യാര്‍ഥികളാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ മാളയിലുള്ള സുഹൃത്തിന്റെ ബന്ധു മരിച്ച ചടങ്ങില്‍ പങ്കെടുത്തു മടങ്ങവെയാണ് അപകടത്തില്‍ പെട്ടത്.

വെള്ളാങ്ങല്ലുര്‍ കെ എസ് ഇ ബി ജീവനക്കാരന്‍ രമേശ്(33), തെക്കുംകര വില്ലേജ് ഓഫീസര്‍ വെള്ളാങ്ങല്ലൂര്‍ പാടത്തു പറമ്പില്‍ ജമീല (52),  ജമീലയുടെ മകളും വള്ളിവട്ടം യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളേജ് അധ്യാപികയുമായ ഫസീല ( 22 ), ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് അധ്യാപിക ചാലക്കുടി വലിയ പറമ്പില്‍ ഡാഫ്നിന്‍ മെന്റസ് (30), കോണത്തുകുന്ന് പൈങ്ങോട് മാളിയേക്കല്‍ ഗിന്നി ജോമോന്‍ (32), ബസ് ഡ്രൈവര്‍ ബ്രിക്സണ്‍ (29), കടലായി തോപ്പില്‍ മുഹമ്മദ് ഷെരീഫ് (32) കാര്‍ യാത്രികരായ കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജിലെ 7 വിദ്യാര്‍ഥികളായ അരുണ്‍(21), ആകാശ് (23), ശരത് (21), അനന്ത കൃഷ്ണന്‍ (22) എന്നിവര്‍ സാരമായി പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.

related news : ബസ് അപകടത്തില്‍ മരിച്ച ഫസീലയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
നടവരമ്പ് ബസ് അപകടത്തില്‍ പരിക്കേറ്റ കോളേജ് അദ്ധ്യാപിക മരിച്ചു

ട്രക്ക് തട്ടി സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

എടത്തിരിഞ്ഞി : ട്രക്ക് വരുന്നത് കണ്ട് റോഡ് അരികില്‍ നിറുത്തിയ സൈക്കിള്‍ യാത്രികന്‍ റോഡിലേക്ക് മറിഞ്ഞുവീണു അതെ ട്രക്ക് കയറി മരിച്ചു. പോത്താനി തെയ്യകത്ത് സുന്ദരന്‍ (60) ആണ് എടത്തിരിഞ്ഞി പോസ്റ്റ് ഓഫീസില്‍ ജംങ്ഷനില്‍ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ അപകടത്തില്‍ പെട്ടത്. റോഡിലെ ഉയര്‍ന്നു നില്‍ക്കുന്ന സ്ലാബില്‍ കയറാതിരിക്കാന്‍ ലോറി വെട്ടിച്ചപ്പോളാണ് അപകടം സംഭവിച്ചത് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു . ചെത്ത് തൊഴിലാളിയായിരുന്നു. എടത്തിരിഞ്ഞി കള്ള് ഷാപ്പില്‍ കറി കച്ചവടം നടത്തി വരികയായിരുന്നു സുന്ദരന്‍. ഭാര്യ : രമ, മക്കള്‍ : ജിബീഷ്, ജിനീഷ്, മരുമക്കള്‍ : ജിസ്ന, നിമ.

related news : റോഡിലെ വാല്‍വ് സ്ലാബ് എടതിരിഞ്ഞിയില്‍ അപകടകാരണമാകുന്നു

മാപ്രാണം നന്തിക്കര റോഡില്‍ അമിത വേഗതമൂലം വാഹനാപകടങ്ങള്‍ കൂടുന്നു

മാപ്രാണം : അമിത വേഗതമൂലം മാപ്രാണം നന്തിക്കര റോഡില്‍ വാഹനാപകടങ്ങള്‍ കൂടുന്നു. മെക്കാര്‍ഡാം ടാറിങ്ങിനു ശേഷം റോഡിൻറെ നിലവാരം ഉയര്‍ന്നതിനെ തുടര്‍ന്ന് വാഹനാപകടങ്ങള്‍ക്ക് ഓവര്‍ സ്പീഡ് മൂലമാണ് അധികവും അപകടങ്ങള്‍ ഉണ്ടാക്കുന്നത് . കഴിഞ്ഞ ദിവസം മാടായിക്കോണത്ത് റെനോ ക്വിഡ് കാറും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ചു അപകടമുണ്ടായി. ഈ സമയം അതുവഴിവന്ന ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ് അരുണന്‍ മാസ്റ്റര്‍ സംഭവസ്ഥലത്തു നിറുത്തി അപകടവിവരങ്ങള്‍ തിരക്കി .

റോഡിലെ മൂടാത്ത കേബിള്‍ കുഴികളില്‍ അപകടം തുടര്‍കഥ

ഇരിങ്ങാലക്കുട : സ്വകാര്യ ടെലികോം കമ്പനികള്‍ കുഴിച്ചിട്ട റോഡിലെ കേബിള്‍ കുഴികളില്‍ വാഹനങ്ങളും യാത്രക്കാരും വീണുള്ള അപകടങ്ങള്‍ പതിവാകുന്നു. ഏറെ തിരക്കുള്ള കൂടല്‍മാണിക്യം ബസ് സ്റ്റാന്‍ഡ് റോഡില്‍ വുഡ്‌ലാന്‍ഡ്സ് ഹോട്ടലിന് മുന്‍വശത്ത് കുഴച്ചിട്ട കേബിള്‍ കുഴി ഒരാഴ്ച്ചയായിട്ടും മൂടിയിട്ടില്ല. വ്യാഴാഴ്ച്ച ഓട്ടോറിക്ഷ കുഴിയില്‍ പെട്ടു. യാത്രക്കാര്‍ ഇല്ലാതിരുന്നതില്‍ അപകടം ഒഴിവായി ഫുട്പാത്തില്‍ കുഴിയുടെ കല്ലും മണ്ണും നിക്ഷേപിച്ചതിനാല്‍ വഴിയാത്രക്കാര്‍ക്ക് റോഡിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥയാണിപ്പോള്‍.

ജുമാമസ്‌ജിദ് പറമ്പില്‍ കളിക്കുമ്പോള്‍ കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു

പടിയൂര്‍ : മുഞ്ഞന്നാട് ജുമാമസ്‌ജിദ് പറമ്പില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍  വിദ്യാര്‍ത്ഥി കിണറ്റില്‍ വീണ് മരിച്ചു . പടിയൂര്‍ കുഞ്ഞലംക്കാട് അബ്‌ദുള്‍ഖാദര്‍ മകന്‍ മുഹമ്മദ് റംഷാദ്(14) ആണ് മരിച്ചത്. മതിലകം സെന്റ് ജോസഫ് സ്കൂളിലെ 9- ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് റംഷാദ്. സംസ്കാരം പടിയൂര്‍ ജുമാമസ്ജിദില്‍. അമ്മ : റംലത്ത്, സഹോദരങ്ങള്‍ : റഹമത്ത്, റംഷി.

Top
Menu Title