News

Category: Flash

രാജേഷിനെയും കുടുംബത്തെയും രക്ഷിക്കാന്‍ സഹായം തേടി നാട്ടുകാര്‍

ഇരിങ്ങാലക്കുട : ഓട്ടോറിക്ഷ തൊഴിലാളിയും നിര്‍ധന കുടുംബാംഗവുമായ ചെട്ടിപ്പറമ്പ് കനാല്‍ബേസ് കണിമംഗലത്ത് രാജപ്പന്‍ മകന്‍ രാജേഷ് (40) ഹൃദയ, കിഡ്‌നി ചികിത്സക്കായി ഉദാരമനസ്‌കരുടെ സഹായം തേടുന്നു. രാജേഷിന് ഹൃദയശസ്ത്രക്രിയക്ക് അടിയന്തിരമായി വിധേയനാകേണ്ടതുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയമായ രാജേഷിന് കഴിഞ്ഞ ഒരുവര്‍ഷമായി കിഡ്‌നിക്കും ഹൃദയത്തിനും അസുഖമുള്ളതിനാല്‍ ജോലിക്കു പോകുവാന്‍ സാധ്യക്കുന്നില്ല. ഈ യുവാവിന് അസുഖം ബാധിച്ചതുമൂലം കുടുംബത്തിന്റെ ദാരിദ്യത്തിലും ബുദ്ധിമുട്ടിലുമാണ്. വയസായ അച്ഛനും അമ്മയും ജോലിയില്ലാത്ത ഭാര്യയും കുഞ്ഞുമാണ് രാജേഷിനൊപ്പം ജീവിക്കുന്നത്. എറണാകുളം അമൃത ഹോസ്പിറ്റലില്‍ ചികിത്സയിലാണ് രാജേഷ്. രാജേഷിനെ സഹായിക്കുന്നതിനുവേണ്ടി നാട്ടുകാര്‍ രാജേഷ് ചികിത്സ സഹായസമിതിക്ക് രൂപം കൊടുത്തിട്ടുണ്ട്. എംഎല്‍എ കെ.യു അരുണന്‍, ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു, അഡ്വ.തോമസ് ഉണ്ണിയാടന്‍, ടി.എസ്.സുനില്‍കുമാര്‍ എന്നിവര്‍ രക്ഷാധികാരികളും കൗണ്‍സിലര്‍മാരായ അഡ്വ.വി.സി. വര്‍ഗീസ് അദ്ധ്യക്ഷനായും വി.ഐ. ശിവകുമാര്‍ ഉപാദ്ധ്യക്ഷനായും സത്യസായി സേവാ സമിതി ഇന്‍ ചാര്‍ജ് പി.ജി.മോഹന്‍ സെക്രട്ടറിയും എ.സി.രാജന്‍ ഖജാന്‍ജിയായും കമ്മിറ്റിക്ക് രൂപം കൊടുത്തിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇരിങ്ങാലക്കുട ബ്രാഞ്ചില്‍ ചികിത്സാസഹായനിധിക്കായി എക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ രാജേഷ് കെ.ആര്‍ ആന്റ് മിസിസ് രാജി, A/C No 0028053000029853, IFSC SBIL0000028 സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇരിങ്ങാലക്കുട എന്ന അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതാണ്.

ബീഫ് നിരോധനം : കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട ടൗണില്‍ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : കന്നുകാലി ചന്തകള്‍ വഴി കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച മോഡി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട ടൗണില്‍ പ്രകടനം നടത്തി. രാജീവ് ഗാന്ധി മന്ദിരത്തില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ടി.വി ചാര്‍ളി, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.സി. വര്‍ഗ്ഗീസ്, എം.ആര്‍ ഷാജു മഹിളാ കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് സുജ സജീവ് കുമാര്‍, കെ ധര്‍മ്മരാജന്‍, ബേബി ജോസ് കാട്ട്ല എന്നിവര്‍ നേതൃത്വം നല്‍കി.

ആഹാര സ്വാതന്ത്ര്യത്തിനായി പ്രതിഷേധം : എ ഐ വൈ എഫ് ബസ്സ്റ്റാന്‍ഡില്‍ ബീഫ് വിളമ്പി പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുടയില്‍ ബീഫ് വിളമ്പി പ്രതിഷേധിച്ചു. പ്രകടനവുമായെത്തിയ പ്രവര്‍ത്തകര്‍ ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് പ്ലേറ്റുകളില്‍ കൊള്ളിയും ബീഫും വിളമ്പി പ്രതിഷേധിച്ചത്. സി പി ഐ മണ്ഡലം സെക്രട്ടറി പി മണി ബീഫ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഒരിക്കലും അംഗീകരിക്കിലെന്നും ഈ തീരുമാനം ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് എ എസ് ബിനോയ് അദ്ധ്യക്ഷനായിരുന്നു. വി ആര്‍ രമേശ് ,സുധീര്‍ ദാസ് , വിഷ്ണു ശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഗെയില്‍ : കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കണം – കിസാന്‍സഭ

ഇരിങ്ങാലക്കുട : ഗെയില്‍ പാചകവാതക പൈപ്പ് ലൈന്‍ കൃഷിക്കാരുടെ അനുമതിയോടെ അളന്ന് തിട്ടപ്പെടുത്തിയ സ്ഥലത്തേക്കാളും കൂടുതല്‍ സ്ഥലം ഉപയോഗപ്രദമല്ലാതാക്കും വിധത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി പരാതി. നിരവധിയായ ആശങ്കകള്‍ നിലനില്‍ക്കെയാണ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഹിറ്റാച്ചി , ടോറസ് ലോറികള്‍ . ജെ സി ബി എന്നിവ ഉപയോഗിച്ച് നടത്തുന്ന പ്രവര്‍ത്തികള്‍ മൂലം അടുത്ത വര്‍ഷം കൃഷി ഇറക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് കര്‍ഷകര്‍ . കൃഷിക്കാര്‍ക്ക് പ്രാരംഭ ഘട്ടത്തില്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായം പോലും ഇതുവരെ ലഭ്യമായിട്ടില്ല .10 മീറ്റര്‍ വീതിയിലാണ് സ്ഥലം ആവശ്യപ്പെട്ടതെങ്കിലും 30 മീറ്ററിലധികം സ്ഥലം കൈയേറിയതായി കര്‍ഷകര്‍ പറയുന്നു. കര്‍ഷകരുടെ ആശങ്കകള്‍ക്ക് ശ്വാശ്വത പരിഹാരം കാണണമെന്നും പ്രഖ്യാപിച്ച സാമ്പത്തിക സഹായം നല്‍കണമെന്നും അഖിലേന്ത്യാ കിസാന്‍ സഭ ആവശ്യപ്പെട്ടു . ജില്ലാപഞ്ചായത്ത് അംഗം എന്‍ കെ ഉദയപ്രകാശ് , കെ എസ് ബൈജു,അനില്‍ മംഗലത്ത് , ടി എ ദിവാകരന്‍ എ ആര്‍ രാജീവ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

മുരിയാടിന്റെ മുത്തച്ഛന്‍ 106- ാം വയസ്സില്‍ അന്തരിച്ചു

മുരിയാട് : മുരിയാടിന്റെ മുത്തച്ഛന്‍ പാറെക്കാട്ടുകര അരീക്കല്‍ കൊച്ചുണ്ണി മകന്‍ കോപ്പുകൂട്ടി (106) നിര്യാതനായി. മക്കള്‍ കാര്‍ത്യായനി, മീനാക്ഷി, അപ്പു. മരുമക്കള്‍ പരേതരായ വേലായുധന്‍, അപ്പുക്കുട്ടന്‍. സംസ്കാരം ഞായറാഴ്ച രാവിലെ 9 ന് വീട്ടുവളപ്പില്‍.

കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ മെറിറ്റ് ഡേ ആഘോഷിച്ചു

കരുവന്നൂര്‍ : സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മെറിറ്റ് ഡേ – 2017 പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗം ലോകത്തിനു തന്നെ മാതൃകയാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എം.എസ്.സി.ഫിസിക്സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആതിര മുരളി, എം.എസ്സി ജിയോളജി ഒന്നാം റാങ്ക് നേടിയ ഷസ്ന.എം.ആര്‍, എം.ഫാം രണ്ടാം റാങ്ക് ജേതാവ് റിങ്കു ജയപ്രകാശ് എന്നിവരെയും, ഇക്കഴിഞ്ഞ എസ്.എസ്.എല്‍, സി- പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും എം.എല്‍.എ  ക്യാഷ് അവാര്‍ഡും, പുരസ്കാരവും നല്‍കി ആദരിച്ചു. ചടങ്ങില്‍ 450 നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ സി.കെ.ചന്ദ്രന്‍ വിതരണം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ പി.വി.പ്രജീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുകുന്ദപുരം സഹകരണ അസി. റജിസ്ട്രാര്‍ എം.കെ.അനില്‍ ,എം.ബി.രാജു, അഡ്വ.പി.സി.മുരളീധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ബാങ്ക് പ്രസിഡണ്ട് കെ.കെ.ദിവാകരന്‍ മാസ്റ്റര്‍ സ്വാഗതവും, സെക്രട്ടറി ടി.ആര്‍.സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

പുത്തന്‍തോട് പുഴ സംരക്ഷിക്കുക – സംരക്ഷണ സമിതി ജന ജാഗ്രത ജ്വാല നടത്തി

കരുവന്നൂര്‍ : പുത്തന്‍തോട് പുഴ സംരക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ച് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജന ജാഗ്രത ജ്വാല നടത്തി.പുഴയുടെ പരിസരത്ത് നടന്ന പരിപാടി പ്രശസ്ത സാഹിത്യകാരന്‍ അശോകന്‍ ചെരുവില്‍ ഉദ്ഘാടനം ചെയ്തു. ജ്വാല തെളിയിച്ചു പുഴ സംരക്ഷണ പ്രതിജ്ഞ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ ചൊല്ലി കൊടുത്തു . കൗണ്‍സിലര്‍മാരായ സിന്ധു ബൈജന്‍ , വത്സല ശശി , എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സമിതി ചെയര്‍മാന്‍ പി വി സദാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ നന്ദനന്‍ സ്വാഗതവും വാര്‍ഡ് കൗണ്‍സിലര്‍ അല്‍ഫോന്‍സ തോമസ് നന്ദിയും പറഞ്ഞു . കാടുകയറി സര്‍വ നാശത്തിലേക്കു പോകുന്ന പുഴയെ സംരക്ഷിക്കാന്‍ വര്‍ഷക്കാലത്ത് ലഭ്യമാകുന്ന വെള്ളത്തെ സംഭരിച്ചു തടഞ്ഞു നിര്‍ത്താന്‍ സ്ലുയിസ്‌ നിര്‍മ്മിക്കണമെന്നും അധികൃതരോട് ജനകിയ കൂട്ടായ്മ ആവശ്യപ്പെട്ടു.

ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ പ്ലാസ്റ്റിക് റീസൈക്ലിങ്‌ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : നഗരസഭ 2017 -18 വര്‍ഷത്തെ ജനകിയാസുത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണികഴിപ്പിച്ച ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ പതിനൊന്നരലക്ഷം രൂപ ചിലവഴിച്ചു നിര്‍മ്മിച്ച കോണ്‍ക്രീറ്റ് റോഡിന്റെയും പ്ലാസ്റ്റിക് റീസൈക്ലിങ്‌ യൂണിറ്റിന്റെയും ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു നിര്‍വഹിച്ചു . വാര്‍ഡ് കൗണ്‍സിലര്‍ എം ആര്‍ ഷാജു അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ . വി സി വര്‍ഗീസ് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. യോഗത്തില്‍ നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി മന്മഥന്‍ സ്വാഗതവും കുടുംബശ്രീ പ്രവര്‍ത്തക ഡെയ്സി വിന്‍സെന്റ് നന്ദിയും പറഞ്ഞു.

അവധിക്കാലം അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ സ്കൂള്‍ വിപണി സജീവം

ഇരിങ്ങാലക്കുട: സ്കൂള്‍ വര്‍ഷാരംഭത്തിന് ദിവസങ്ങള്‍ മാത്രം അവശേഷികുമ്പോള്‍ വിപണിയില്‍ തിരക്കിന്റെ മണിമുഴക്കം. കുരുന്നുകള്‍ മുതല്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വരെയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രം പതിപ്പിച്ച ബാഗുകള്‍ ആണ് കൂടുതലും ശ്രദ്ധ ആകര്‍ഷിക്കുന്നത് . വ്യത്യസ്തമായ ബാഗുകള്‍ ആവശ്യപ്പെടുന്ന ഗൗരവക്കാരും കുറവല്ല. അവധിക്കാലം അവസാനിക്കാനിരിക്കെ വിപണി സജീവമായിരിക്കുകയാണ് . ബാഗ്, കുട, ലഞ്ച്ബോക്സ്, ചെരുപ്പ്, ഷൂ, റെയിന്‍കോട്ട്, നോട്ടുബുക്ക് തുടങ്ങിയവയെല്ലാം ആകര്‍ഷകമായ വൈവിധ്യങ്ങളൊരുക്കിയാണ് ഉല്‍പ്പന്നം വിപണിയിലെത്തിച്ചത്. കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ക്ക് പുറമെ സിനിമ ചിത്രങ്ങള്‍ അടങ്ങിയ ബാഗുകളും കുടകളും ഇന്ന് വിപണിയെ സജീവമാക്കിയിരിക്കുന്നു. പെന്‍സില്‍ ബോക്സുകളും ലഞ്ച്ബോക്സുകളും ഏറെ വ്യത്യസ്തമായാണ് വിപണിയെ കീഴടക്കിയിരിക്കുന്നത് . കാല്‍ക്കുലേറ്റര്‍ അടങ്ങിയ പെന്‍സില്‍ ബോക്സാണ് സ്കൂള്‍ വിപണിയിലെ മിന്നുംതാരം. 50 രൂപ മുതല്‍ ബോക്സുകള്‍ ലഭിക്കും. ചൂടാറാതെ ഇരിക്കാന്‍ കാസറോള്‍ മാതൃകയിലുള്ള ലഞ്ച്ബോക്സുകളും കൂടുതല്‍ തട്ടുള്ള സ്നാക്സ് ബോക്സുകളും വിപണിയെ സമ്പന്നമാക്കി. 100 രൂപ മുതല്‍ 500 രൂപ വരെയാണ് ലഞ്ച്ബോക്സിന്റെ വില. വളരെ വ്യത്യസ്തമായാണ് കുപ്പികളും വിപണിയില്‍ എത്തിയത് . 70 രൂപ മുതലാണ് കുപ്പികളുടെ വില. 200 രൂപ മുതല്‍ 2000 രൂപ വരെയുള്ള സ്കൂള്‍ ബാഗുകള്‍ വില്‍പ്പനക്കെത്തിയിട്ടുണ്ട്. ബ്രാന്‍ഡുകള്‍ മാറുന്നതനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഇളം– കടും നിറങ്ങളോടുള്ള താല്‍പര്യം അവസാനിച്ചിട്ടില്ല. മഴക്കാലമായതോടെ  വ്യത്യസ്ത നിറത്തിലും ചിത്രങ്ങള്‍ അടങ്ങിയ കുടകള്‍ക്കും ആവശ്യക്കാരേറെയാണ്.200 രൂപയാണ് കുടയുടെ കുറഞ്ഞവില. വിവിധ നിറങ്ങളിലുള്ള കാലന്‍കുടകളും കാര്‍ട്ടൂണ്‍ ചിത്രം പതിച്ച കുടകളും ആണ്‍കുട്ടികളേയും പെണ്‍കുട്ടികളെയും ആകര്‍ഷിക്കുന്നു. കാര്‍ട്ടൂണ്‍ ചിത്രം പതിച്ച റെയിന്‍കോട്ടുകളും വിപണി കീഴടക്കി. ഷൂ, ചെരുപ്പ് എന്നിവയുടെ വില്‍പ്പനയും ഊര്‍ജിതമായി. ലേസ് ലെസ് ഷൂവിനാണ് വില്‍പ്പന കൂടുതല്‍. 300 രൂപ മുതലാണ് ഷൂവിന്റെ വില. 18 രൂപ മുതല്‍ ആരംഭിക്കുന്ന നോട്ടുബുക്കിന്റെ വില ഗുണമേന്മ കൂടുന്നതനുസരിച്ച് ഉയരും. പുസ്തകങ്ങള്‍ പൊതിയുന്ന ബ്രൌണ്‍പേപ്പറിന് 30 രൂപ മുതലാണ് വില . എല്ലാ പഠനോപകരണങ്ങളുമൊരുക്കി വിപണി വിപുലമാകുന്നതിന്റെ ആഘോഷത്തിലാണ്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഇത്തവണ വിപണിയില്‍ പൊതുവെ താല്‍പ്പര്യം കുറഞ്ഞുവരികയാണ് . യൂണിഫോം തുണികള്‍ക്ക് മീറ്ററിന് കുറഞ്ഞത് 160 – 300 വരെ ഈടാക്കുന്നുണ്ട്. യൂണിഫോം തുണിയും മറ്റും എങ്ങനെയും വാങ്ങാമെങ്കിലും തയ്യല്‍ക്കാരെ തേടി നെട്ടോട്ടത്തിലാണ് രക്ഷിതാക്കള്‍.

ജവഹര്‍ലാല്‍ നെഹ്രു അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി മന്ദിരത്തില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ചരമദിനത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ്
പ്രസിഡന്റ് ടി വി ചാര്‍ളി ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു, വി സി വര്‍ഗീസ്, ജോണ്‍ നിതിന്‍ തോമസ്, വിജയന്‍ എളേടത്ത്, സതീഷ് വിമലന്‍, എം എസ് കൃഷ്ണകുമാര്‍, അജോ ജോണ്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ശബരിമല ഇടത്താവളത്തിനു കൂടല്‍മാണിക്യം കച്ചേരിവളപ്പ് – സാധ്യത പഠനത്തിന് വിദഗ്ധ സംഘം എത്തി

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ തിരഞ്ഞെടുത്ത ക്ഷേത്രങ്ങളില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പണിയുന്ന ശബരിമല ഇടത്താവളകേന്ദ്രം കൂടല്‍മാണിക്യം കച്ചേരിവളപ്പില്‍ വരാന്‍ സാധ്യതയേറി ഇതിന്റെ സാധ്യത പഠനത്തിനായി ശബരിമല ഇടത്താവള നിര്‍മ്മാണ ഹൈ ലെവല്‍ കമ്മിറ്റി മെമ്പര്‍  ജി മഹേഷിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണവുമായി സഹകരിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ടെക്നിക്കല്‍ ടീം സാങ്കേതിക പഠനത്തിനായി ഇരിങ്ങാലക്കുടയില്‍ എത്തിയിരുന്നു . കേരളത്തിലെ തിരഞ്ഞെടുത്ത 18 ക്ഷേത്രങ്ങളില്‍ നടപ്പാക്കുന്ന ഈ പദ്ധതി ഉദ്ദേശിക്കുന്നത്  . ഇതിന്റെ സാധ്യത പഠനത്തിനായി പ്രൊജക്റ്റ് കണ്‍സള്‍റ്റന്‍റ് അടക്കമുള്ള ഉന്നത തല സംഘം മാര്‍ച്ച് 29 ന് കൂടല്‍മാണിക്യം കൊട്ടിലയ്ക്കല്‍ പറമ്പ് സന്ദര്‍ശിച്ചിരുന്നു . 450 തീര്‍ത്ഥാടകര്‍ക്ക് വിരി വിരിക്കാനുള്ള ഡോര്‍മെറ്ററി, 24 മുറികള്‍ ,12 വി ഐ പി മുറികള്‍ ,റെസ്റ്റോറന്റ് , കിച്ചന്‍ , പാര്‍ക്കിംഗ് ഏരിയ എന്നിവയടക്കം ഇരുനില കെട്ടിടം ആണ് ഉദ്ദേശിച്ചിരിക്കുന്നത് . ബാക്കിയുള്ള മാസങ്ങളില്‍ ഡോര്‍മെറ്ററിയും മറ്റു സൗകര്യങ്ങളും കല്യാണങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കുമായി നല്‍കുവാനുള്ള സൗകര്യത്തിലാണ് നിര്‍മാണം ഉദ്ദേശിക്കുന്നത് . ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ എല്ലാ ദേവസ്വം ബോര്‍ഡുകളുടെയും യോഗം ഫെബ്രുവരി മാസം തലസ്ഥാനത്തു കുടിയിരുന്നു, അതില്‍ കൂടല്‍മാണിക്യം ദേവസത്തിനാണ് ഇത്തരം പ്രോജെറ്റുകള്‍ ഉള്‍ക്കൊള്ളുവാന്‍ ഏറ്റവും കൂടുതല്‍ സ്ഥലം ഉള്ളത് എന്നും വിലയിരുത്തുകയുണ്ടായി . ഇടത്താവളം പദ്ധതിയില്‍ പങ്കാളിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വക ഒരു പെട്രോള്‍ പമ്പും ഈ പദ്ധതിയില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടനക്കാലത്ത് തീര്‍ത്ഥാടകരുടെ വാഹനവും അല്ലാത്ത സമയത്ത് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ രീതിയിലും അതിനു സാധ്യതയുള്ള ഗതാഗത യോഗ്യമായ പ്രധാന റോഡിനരികിലുള്ള സ്ഥലം ആണ് ഇവര്‍ക്ക് താല്‍പ്പര്യം.അതിനാല്‍ കൊട്ടിലയ്ക്കല്‍ പറമ്പില്‍ പദ്ധതി നടപ്പിലാക്കാന്‍ ഐ ഒ സി ഉദ്യോഗസ്ഥര്‍ക്ക് താല്‍പ്പര്യം ഇല്ല. പ്രധാന റോഡിനോട് ചേര്‍ന്ന് ദേവസ്വത്തിന് മറ്റു ഒഴിഞ്ഞ സ്ഥലങ്ങള്‍ ഉണ്ടോ എന്ന് അവര്‍ അന്വേഷിക്കുകയും അത് പ്രകാരം കൊട്ടിലയ്ക്കല്‍ പറമ്പില്‍ കിഴക്കേ അറ്റത്തു കുട്ടന്‍ കുളത്തിനു എതിര്‍വശത്തുള്ള മണിമാളിക കെട്ടിടംസ്ഥിതി ചെയുന്ന സ്ഥലത്തും ഇവര്‍ സാധ്യത പഠനം നടത്തി . അതോടൊപ്പം തന്നെ നീണ്ട കാലത്തെ നിയമയുദ്ധത്തിന് ശേഷം ദേവസ്വത്തിന് തിരിച്ചു ലഭിച്ച നഗരഹൃദയത്തിലെ കണ്ണായ കച്ചേരി വളപ്പിലും ഇവര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ സുമ , ദേവസ്വം മാനേജിങ് കമ്മിറ്റി മെമ്പര്‍മാരായ വിനോദ് തറയില്‍ , വി പി രാമചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം സന്ദര്‍ശിച്ച് സാധ്യത പഠനം നടത്തി. ഒരു ഏക്കറില്‍ അധികം വരുന്ന ഈ സ്ഥലത്തെ ദേവസ്വം കെട്ടിടത്തില്‍ ഇപ്പോള്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രവര്‍ത്തിക്കുന്നുണ്ട് . ഈ കോടതി താമസിയാതെ സിവില്‍ സ്റ്റേഷന് സമീപത്തെ കോര്‍ട്ട് കോംപ്ലെക്സിലേക്ക് മാറുമെന്ന് ദേവസ്വത്തിന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. കച്ചേരി വളപ്പിന്റെ റോഡിനോട് ചേര്‍ന്ന പടിഞ്ഞാറേ അറ്റത്തിന് 26 മീറ്റര്‍ വീതിയിലും 35 മീറ്റര്‍ നീളത്തിലും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്പും അതിനോട് ചേര്‍ന്ന് തീര്‍ത്ഥാടകര്‍ക്കുള്ള വിശ്രമകേന്ദ്രം , ഡോര്‍മെറ്ററി, പാര്‍ക്കിംഗ് ഏരിയ, റെസ്റ്റോറന്റ് എന്നിവ ഉള്‍പ്പെടുന്ന ഇരുനില കെട്ടിടം പണിയാമെന്ന ധാരണയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. നഗരഹൃദയത്തിലുള്ള കച്ചേരിവളപ്പിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇവിടെ ഭാവിയില്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം വരാത്ത രീതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശബരിമല ഇടത്താവളം കേന്ദ്രം നിര്‍മ്മിക്കാന്‍ ആണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത് . ആവശ്യമായ അനുമതികള്‍ എല്ലാം ലഭിച്ചതിനു ശേഷം ജൂണ്‍ മാസത്തില്‍ തന്നെ പണി ആരംഭിക്കാനുള്ള ശ്രമങ്ങളാണ് ഉള്ളത് എന്നും ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍ പറഞ്ഞു .ഇതിനായി ചില എഗ്രിമെന്റ്കള്‍ കൂടി പൂര്‍ത്തിയാക്കാന്‍ ഉണ്ട് .

ശ്രീരാമ മഹായജ്ഞം ആരംഭിച്ചു

ഇരിങ്ങാലക്കുട : വിശ്വഹിന്ദു പരിഷത്ത് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ കൊട്ടിലയ്ക്കല്‍ പറമ്പില്‍ ആചാര്യന്മാരായ കൈമുക്ക് വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാട് , സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട്, ഏഴിക്കോട് ശശി നമ്പൂതിരി , എടതിരിഞ്ഞി കൃഷ്ണന്‍ നമ്പൂതിരി , ഭക്തപ്രിയ രമാദേവി തൃപ്പുണിത്തറ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് ദിവസം നീണ്ട  ശ്രീരാമ മഹായജ്ഞം ആരംഭിച്ചു . ഇതുമായി ബന്ധപ്പെട്ട  ചടങ്ങില്‍ വി എച്ച് പി വര്‍ക്കിംഗ് പ്രസിഡന്റ് ബി ആര്‍ ബാലരാമന്‍ , ജില്ലാ പ്രസിഡന്റ് എം പി ഗംഗാധരന്‍ ചെയര്‍മാന്‍ മുരളീധരന്‍ പടിഞ്ഞാറ്റേടത്, അദ്ധ്യക്ഷന്‍ എം പി ഗംഗാധരന്‍ , ജനറല്‍ കണ്‍വീനര്‍ എം സി ബിജു എന്നിവര്‍ പങ്കെടുത്തു. ശ്രീരാമ മഹായജ്ഞം പരിപാടിയില്‍ രാമായണ പാരായണം, സീതാസ്വയംവരം, സ്വയംവരപൂജ , വിദ്യാഗോപാലാര്‍ച്ചന , വാസ്തുപൂജ , സാമൂഹിക അഭിഷേകം , അഭിഷ്ട ഫലസിദ്ധിയജ്ഞനം , ഹനുമത് സേവാ, ശ്രീരാമ യജ്ഞം , സാംസ്‌കാരിക സമ്മേളനം , വിശിഷ്ട വ്യക്തികളെ ആദരിക്കല്‍ എന്നിവ നടക്കും. യജ്ഞത്തിന് വന്‍ ഭക്തജന പ്രവാഹം ഉണ്ടായിരുന്നു .

നഗരസഭയില്‍ മഴക്കാല പൂര്‍വരോഗ പ്രതിരോധ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : ഗവ. ആയുര്‍വേദ ആശുപത്രിയുടെയും ഇരിങ്ങാലക്കുട നഗരസഭയുടെയും ആഭിമുഖ്യത്തില്‍ മഴക്കാല പൂര്‍വരോഗ പ്രതിരോധ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചതിന്റെ ഭാഗമായി 39 – ാം വാര്‍ഡില്‍ ബോധവത്കരണ ക്ലാസും പ്രതിരോധ മരുന്ന് വിതരണവും നടന്നു. നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്‌ദുള്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ശുദ്ധോധനന്‍ അദ്ധ്യക്ഷത വഹിച്ചു ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രീതി ജോസ് ബോധവത്കരണ ക്ലാസ് നടത്തി. മെഡിക്കല്‍ സംഘം വീടുകള്‍ സന്ദര്‍ശിച്ചു രോഗപ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു.

ആദില്‍ ഹുസൈനും സന്ധ്യ മൃദുലും നടനകൈരളിയില്‍

ഇരിങ്ങാലക്കുട : പ്രശസ്ത ബോളിവുഡ് താരങ്ങളായ ആദില്‍ ഹുസൈനും സന്ധ്യാ മൃദുലും ഇരിങ്ങാലക്കുട നടനകൈരളിയുടെ അഭിനയക്കളരിയില്‍ രണ്ടാഴ്ചക്കാലം ചെലവഴിച്ചു. കൂടിയാട്ടം കുലപതി വേണു ജി ആവിഷ്‌ക്കരിച്ച നവരസസാധനയുടെ പരിശീലനത്തിനാണ് അവര്‍ നടനകൈരളിയിലെത്തിയത്. ‘നവരസങ്ങള്‍ അവയുടെ സമ്പൂര്‍ണ്ണതയില്‍ വ്യഭിചാരി ഭാവങ്ങളോടെ പരിശീലിക്കുവാനുള്ള അത്യപൂര്‍വ്വ അവസരമാണ്
നടന കൈരളിയില്‍ ലഭ്യമായത്. ഓരോ വികാരങ്ങളുടേയും ഉള്ളിലേക്ക് കടക്കുവാന്‍ ഈ പരിശീലനം വളരെയേറെ സഹായകമായി’ ആദില്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും ലണ്ടനിലെ ഡ്രാമാ സ്റ്റുഡിയോയിലും പരിശീലനം നേടിയിട്ടുള്ള ആദില്‍ അമ്പതോളം ഹിന്ദി, അസമീസ്, ചിത്രങ്ങളില്‍
ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹം അഭിനയിച്ച ഹോളിവുഡ് ചിത്രം ‘ലൈഫ് ഓഫ് പൈ’ ഏറെ പ്രശസ്തമാണ്. 2017 ലെ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നല്ല അഭിനേതാവിനുള്ള സ്‌പെഷല്‍ ജൂറി അവാര്‍ഡ് ആദില്‍ നേടിയിട്ടുണ്ട്. പ്രശസ്ത ടെലിവിഷന്‍ സിനിമാ താരം സന്ധ്യ മൃദുല്‍ സ്വാഭിമാന്‍ എന്ന ടെലിവിഷന്‍
സീരിയലിലൂടെയാണ് ശ്രദ്ധേയയായത്. തുടര്‍ന്ന് മുപ്പതോളം ഹിന്ദി ചലചിത്രങ്ങളില്‍  വ്യത്യസ്ത വേഷങ്ങളില്‍ അഭിനയിക്കുകയുണ്ടായി. ഇവരെ കൂടാതെ കൂച്ചിപ്പുടി നൃത്തത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള കാത്യായനി ഗാന്ധി, ഭരതനാട്യം നര്‍ത്തകരായ ഷഫീക്കുദീന്‍, മീര ശ്രീനാരായണന്‍, ഹൈദരാബാദില്‍ നിന്നുള്ള നാടക നടികള്‍ സുപ്രിയ അയ്‌സോല, ദീക്ഷ അറോറ, മോഹിനിയാട്ടം നര്‍ത്തകി മായ പ്രസാദ് എന്നിവരും ശില്‍പ്പശാലയില്‍ പരിശീലനം നേടുവാന്‍ എത്തിയിരുന്നു. ശില്‍പ്പശാലയുടെ ഭാഗമായി കപില വേണു മഹാകവി രവീന്ദ്രനാഥാ ടാഗോറിന്റെ ചിത്രാംഗഥ നങ്ങ്യാര്‍ കൂത്തിലൂടെ  അവതരിപ്പിച്ചു. നിര്‍മ്മല പണിക്കരുടെ നേതൃത്വത്തില്‍ മോഹിനിയാട്ടത്തിന്റെ സങ്കേതങ്ങള്‍ സോദാഹരണ പ്രഭാഷണമായി അവതരിപ്പിച്ചു.

ശനിയാഴ്ച വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട : നമ്പര്‍ വണ്‍ സെക്‌ഷന്‍റെ പരിധിയില്‍ വരുന്ന വെസ്റ്റ് കോമ്പാറ, ചന്തക്കുന്ന്, ചെട്ടിപ്പറമ്പ്, ഠാണാ കോളനി, അയ്യന്‍കാവ്, ടൗണ്‍ഹാള്‍ റോഡ്, കിഴക്കേനട പരിസരം എന്നിവിടങ്ങളില്‍ 11 കെ വി ലൈനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മെയ് 27 ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.

Top
Menu Title