News

Category: Flash

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ജലദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാമിഷന്‍ സംഘടിപ്പിച്ച ജലദിനം മാര്‍ച്ച് 22 ന് രാവിലെ 10 .30 ന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്സണ്‍ വനജ വിജയന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.  ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു .  ചടങ്ങില്‍ ബി ഡി ഓ  പി ഓ ജോസഫ് സ്വാഗതം പറഞ്ഞു. സാക്ഷരതാ സമിതി അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. നോഡല്‍ പ്രേരക് ചന്ദ്രിക സുധാകരന്‍ നന്ദി പറഞ്ഞു.

 

തിരാത്ത് കുളത്തില്‍ സാമൂഹ്യ വിരുദ്ധര്‍ വിഷം കലക്കി : മീനുകള്‍ ചത്തുപൊങ്ങി

എടതിരിഞ്ഞി : എച്ച് ഡി പി സമാജം സ്കൂളിന് സമീപത്തെ തിരാത്ത് കുളത്തില്‍ ലോക ജലദിനം ആചരിച്ച ദിനത്തില്‍ സാമൂഹ്യ വിരുദ്ധര്‍ വിഷം കലക്കിയത് മൂലം ഇവിടെ വളര്‍ത്തിയിരുന്ന നിരവധി മീനുകള്‍ ചത്തു പൊങ്ങി .  മൂവായിരത്തിലധികം മീനുകള്‍ ഈ കുളത്തില്‍ വളര്‍ത്തിയിരുന്നതായി സെക്രട്ടറി കെ ബി ദിനചന്ദ്രന്‍ പറഞ്ഞു. പഞ്ചായത്തിന്റെ മീന്‍ വളര്‍ത്തല്‍ പദ്ധതി പ്രകാരം ഗ്രസ്സ്കാര്‍പ് , കട്ടള ,  മൃഗാള്‍ എന്നി മീനുകള്‍ പൂര്‍ണ്ണ വളര്‍ച്ച എത്തിയ നിലയിലായിരുന്നു .  ഇതിനു മുന്‍പും അനധികൃതമായി മീന്‍ പിടിക്കാന്‍ ശ്രമിച്ചിരുന്നവരെ സമാജം വിലക്കിയിരുന്നതായി സമാജം പ്രസിഡന്റ് കണ്ടേക്കാട്ടില്‍ ഭരതന്‍ പറഞ്ഞു .  ഈ നീചമായ പ്രവര്‍ത്തി ചെയ്തവരെ കണ്ടുപിടിച്ചു സമൂഹത്തിനു മുന്‍പില്‍ തുറന്നു
കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.  സമാജം വക ഇവിടെ നീരിക്ഷണ ക്യാമറകള്‍ ഉണ്ടെങ്കിലും കുളിക്കടവ് ആയതിനാല്‍ ഈ ഭാഗത്തു ക്യാമറ പ്രവര്‍ത്തിപ്പിച്ചിരുന്നില്ല. വേനലവധികാലത്തു വിദ്യാര്‍ത്ഥികളെ ഇവിടെ നീന്തല്‍ പഠിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയായിരുന്നു സ്കൂള്‍ അധികൃതര്‍ . എത്രയും പെട്ടെന്നു ഈ ഹീനകൃത്യം ചെയ്തവരെ സമൂഹത്തിനു മുന്‍പില്‍ കൊണ്ടുവരണമെന്നും പടിയൂര്‍ പഞ്ചായത്തു പ്രസിഡന്റ് കെ സി ബിജു പറഞ്ഞു.

സൗജന്യ നേത്ര ചികിത്സ ക്യാമ്പും തിമിര ശസ്ത്രക്രിയയും

വെള്ളാങ്ങല്ലുര്‍ : ജോണ്‍സണ്‍ കോലങ്കണ്ണിയും വെള്ളാങ്ങല്ലുര്‍ ലയണ്‍സ്‌ ക്ലബും പാലക്കാട് അഹല്യ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര ചികിത്സ ക്യാമ്പും , തിമിര ശസ്ത്രക്രിയയും , പ്രമേഹ രോഗനിര്‍ണയവും മാര്‍ച്ച് 25 ശനിയാഴ്ച രാവിലെ 9 മുതല്‍ 1 മണി വരെ കല്‍പറമ്പ് ഗവ. എല്‍ പി സ്കൂളില്‍ നടക്കും . വിശദ വിവരങ്ങള്‍ക്കും , രജിസ്ട്രേഷനും ബന്ധപ്പെടുക : 9446540890 , 9446080486

മൊബെലില്‍ യുവതിയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പോലിസ് കസ്റ്റഡിയില്‍

ഇരിങ്ങാലക്കുട : മൊബെലില്‍ യുവതിയുടെ വിഡിയോ പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ കടക്കാര്‍ തടഞ്ഞുവെച്ച് പോലിസിന് കൈമാറി. ഊരകം വെറ്റില മൂല സ്വദേശി കണ്ണനെയാണ് ഇരിങ്ങാലക്കുട പോലിസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച വൈകീട്ട് ഇരിങ്ങാലക്കുട ഈവനിംഗ് മാര്‍ക്കറ്റില്‍ വെച്ചായിരുന്നു സംഭവം. മിന്‍ വാങ്ങാനെത്തിയതായിരുന്നു യുവതി. മൊബെലില്‍ തന്റെ വിഡിയോ എടുക്കുന്നത് കണ്ട് യുവതി കടക്കാരോട് കാര്യം പറഞ്ഞു. തുടര്‍ന്ന് മിന്‍ വാങ്ങാനെത്തിയവരും വില്‍പ്പനക്കാരും ചേര്‍ന്ന് ഇയാളെ തടഞ്ഞ് വെച്ച് പോലിസിന് കൈമാറുകയായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് എസ്.ഐ സിബിഷ് പറഞ്ഞു. സ്‌റ്റേഷനിലെത്തിയ ശേഷം യുവതിയുടെ സാന്നിദ്ധൃത്തില്‍ പോലിസ് ഇയാളുടെ ഫോണ്‍ പരിശോധിച്ചു. കുറെ കടകളുടെ ചിത്രങ്ങളാണ് കണ്ടതെന്ന് പോലിസ് പറഞ്ഞു. യുവതിയുടെ ചിത്രം ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് യുവതി പരാതി നല്‍കാതെ തിരിച്ചു പോയി.

തളിയക്കോണം ഗ്രാമീണവായനശാലയുടെ ആഭിമുഖ്യത്തില്‍ ലോകജലദിനം ആചരിച്ചു

തളിയക്കോണം : ഗ്രാമീണവായനശാലയുടെ ആഭിമുഖ്യത്തില്‍ ലോകജലദിനം ആചരിച്ചു. ജലദിനറാലിയും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. കരുവന്നൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി ടി.ആര്‍. സുനില്‍കുമാര്‍ ജലദിനസന്ദേശം നല്‍കി. പി.എസ്. വിശ്വംഭരന്‍, കൗണ്‍സിലര്‍മാരായ ബിന്ദു ശുദ്ധോധനന്‍, സിന്ധു ബൈജന്‍, ടി.എസ്. ബൈജു, ടി.കെ. ജയാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഷണ്‍മുഖം കനാല്‍ മലിനമാക്കുന്നതിന് സോള്‍വെന്റ് കമ്പനി കാരണമാകുന്നുവെന്ന് കൗണ്‍സിലില്‍ പ്രതിപക്ഷം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ നിന്നും ആരംഭിക്കുന്ന ഷണ്‍മുഖം കനാല്‍ മലിനമാക്കുന്നതിന് കെ.എസ്.ഇ കമ്പനി കാരണമാകുന്നുവെന്ന് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം. മൂന്ന് മാസത്തിനുള്ളില്‍ ഷണ്‍മുഖം കനാലിലെ മാലിന്യം നീക്കം ചെയ്ത് വ്യത്തിയാക്കി സംരക്ഷിക്കണമെന്ന ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടിരുന്നു. ബുധനാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ചയ്ക്ക് വന്നപ്പോഴാണ് പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം കെ.എസ്.ഇക്കെതിരെ രംഗത്തെത്തിയത്. കെ.എസ്.ഇയുടെ രണ്ട് ഡ്രൈനേജ് ഷണ്‍മുഖം കനാലിലേയ്ക്ക് തുറന്നു വെച്ചിരിക്കുകയാണെന്ന് വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ എം.സി രമണന്‍ ആരോപിച്ചു. കമ്പനിയില്‍ നിരവധി അനധികൃത നിര്‍മ്മാണപ്രവര്‍ത്തികള്‍ നടക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി നാല് മാസം മുമ്പ് ആരോഗ്യവിഭാഗത്തിന് അവിടത്തെ റസിഡന്റ്‌സ് അസോസിയേഷനും താനും പരാതി നല്‍കിയിരുന്നു. എന്നാല്‍ എന്ത് നടപടിയാണ് നഗരസഭ എടുത്തതെന്ന് രമണന്‍ ചോദിച്ചു. ലോറി താവളമടക്കം കമ്പനിയില്‍ നടന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എഞ്ചിനിയറിംഗ് വിഭാഗം അന്വേഷിക്കണമെന്ന് ബി.ജെ.പി അംഗം സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. മാലിന്യം മൂലം ഷണ്‍മുഖം കനാലിലെ മത്സ്യ സമ്പത്തെല്ലാം നശിച്ചുപോകുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് സി.പി.എം അംഗം ശിവകുമാര്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ അന്വേഷിച്ച് അടുത്ത കൗണ്‍സില്‍ യോഗത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോള്‍വെന്റ് കമ്പനി ഗോഡൗണിനും കെട്ടിടത്തിനുമുള്ള പെര്‍മിറ്റിന് അപേക്ഷകള്‍ നല്‍കിയിട്ടുണ്ടെന്ന് ഉദ്ദ്യോഗസ്ഥര്‍ വ്യക്തമാക്കി. കമ്പനിയിലെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നും അവര്‍ കൗണ്‍സിലില്‍ പറഞ്ഞു. ലൈസന്‍സില്ലാത്തതിനാല്‍ ഏപ്രില്‍ ഒന്നുമുതല്‍ എം.സി.പി കണ്‍വെന്‍ഷന്‍ സെന്റര്‍ അടച്ചിടാന്‍ ചെയര്‍പേഴ്‌സന്‍ നടപടിയെടുക്കണമെന്ന് എല്‍.ഡി.എഫ് ആവശ്യപ്പെട്ടു. മൊബൈല്‍ ടവര്‍ പൊളിച്ചുനീക്കാന്‍ ചെയര്‍പേഴ്‌സന്‍ കാണിച്ച ശുഷ്‌കാന്തി ഇക്കാര്യത്തിലും കാണിക്കണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു.

വടക്കുംകര ഗവ. യു.പി സ്‌കൂള്‍ കെട്ടിടം നിര്‍മ്മാണോദ്ഘാടനം നടത്തി

കല്‍പ്പറമ്പ് : പൂമംഗലം ഗ്രാമപഞ്ചായത്തില്‍പ്പെട്ട കല്‍പ്പറമ്പ് വടക്കുംകര ഗവ. യു.പി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടന്നു. പഞ്ചായത്തിന് ലഭിച്ച ലോക ബാങ്കിന്റെ പ്രത്യേക ഫണ്ടുപയോഗിച്ച് 57 ലക്ഷം ചിലവിലാണ് സ്‌കൂളില്‍ അഞ്ച് ക്ലാസ് മുറികള്‍ നിര്‍മ്മിക്കുന്നത്. കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം പ്രൊഫ. കെ.യു അരുണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് ഇ.ആര്‍ വിനോദ്, ജില്ലാ പഞ്ചായത്തംഗം എന്‍.കെ ഉദയപ്രകാശ്, ബ്ലോക്കംഗം സിമി കണ്ണന്‍, എ.ഇ.ഒ എന്‍. ഗോപിനാഥന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മിനി ശിവദാസന്‍, ഈനാശു പല്ലിശ്ശേരി, കവിത സുരേഷ്, പൂമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.വി ഗോകുല്‍ദാസ്, പഞ്ചായത്തംഗം പി.കെ സതീശന്‍, എസ്.എസ്.ജി കണ്‍വിനര്‍ എന്‍. മുകുന്ദന്‍, ഹെഡ്മിസ്ട്രസ്സ് സി.ഐ ആസ്മാബി, ടി.എസ് സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

താഷ്ക്കന്റ് ഫിലിം ക്ലബ് ചലച്ചിത്ര പ്രദര്‍ശനം

പട്ടേപ്പാടം : താഷ്ക്കന്റ് ലൈബ്രറി ഫിലിം ക്ലബ്ബിന്റെ ആദ്യ ചലച്ചിത്ര പ്രദര്‍ശനം കലാഭവന്‍ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഫിലിം ക്ലബ് പ്രസിഡന്റ് ബിജു അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ചന്ദ്രശേഖരന്‍, ഗീത മനോജ്, ആമിന അബ്ദുള്‍ഖാദര്‍, ടി.എസ്.സുരേഷ്, പി.എസ്. ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. വി.വി. തിലകന്‍ സ്വാഗതവും എം.എം. അജീസ് നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ഇനി സമ്പൂര്‍ണ്ണ വൈദ്യുതീകൃത അസംബ്ലി നിയോജക മണ്ഡലം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ എം എല്‍ എ പ്രൊഫ് കെ യു അരുണന്‍ നിര്‍വഹിച്ചു. നിയോജക മണ്ഡലത്തിലെ 267 പട്ടികജാതി കുടുംബങ്ങളും, 539 ബി.പി.എല്‍.കുടുംബങ്ങളും ഉള്‍പ്പെടെ 614 പാവപ്പെട്ട കുടുംബങ്ങളില്‍ വെളിച്ചമെത്തി. 56.4 ലക്ഷം രൂപ ഇതിനായി ചിലവഴിച്ചു. 25 ലക്ഷം രൂപ എം എല്‍ എ ഫണ്ടില്‍ നിന്നും, 31.4 ലക്ഷം രൂപ കെ എസ് ഈ ബിയുടെ തനതു ഫണ്ടില്‍ നിന്നുമാണ് ചിലവഴിച്ചത്. വയറിങ്ങ് പൂര്‍ത്തിയാക്കിയ 4 അങ്കണവാടികളിലും വൈദ്യുതിയെത്തിച്ചു. സാമ്പത്തിക ക്ലേശത്താല്‍ വയറിങ്ങ് നടത്താന്‍ കഴിയാതിരുന്ന 20 നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് കെ എസ് ഈ ബി ജീവനക്കാരും, സംഘടനകളും ചേര്‍ന്ന് വയറിങ്ങ് നടത്തിക്കൊടുത്തു. 2017 മാര്‍ച്ച് 31ന് കേരളം എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചു കൊടുത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറുന്നതിന്റെ ഭാഗമായാണ് ഇരിങ്ങാലക്കുട സമ്പൂര്‍ണ്ണ വൈദ്യുതീകൃത നിയോജക മണ്ഡലമായത്.

ആനന്ദപുരത്ത് ബിവറേജ് വില്‍പ്പനശാല നീക്കത്തില്‍ നിന്നും പിന്‍മാറണം: മഹിള കോണ്‍ഗ്രസ്

ആനന്ദപുരം : മുരിയാട്- നെല്ലായി റോഡില്‍ അമേത്യിക്കുഴി പാലത്തിനു സമീപം ബിവറേജ് മദ്യ വില്‍പ്പനശാല സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറണമെന്ന് മഹിള കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി സ്ക്കുള്‍ വിദ്യാര്‍ത്ഥികളും സ്ത്രീകളടക്കമുള്ള യാത്രക്കാരും ദിനംപ്രതി യാത്ര ചെയ്യുന്ന റോഡില്‍ മദ്യവില്‍പ്പനശാല പ്രവര്‍ത്തനമാരംഭിച്ചാല്‍ അത് സുരക്ഷക്ക് ഭീഷണിയാകുമെന്ന് കമ്മിറ്റി യോഗം പറഞ്ഞു. പ്രസിഡന്റ് അംബിക മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മോളി ജേക്കബ്‌, അംഗങ്ങളായ ഗംഗാദേവി സുനില്‍, കെ. വൃന്ദകുമാരി, ടെസി ജോഷി, ഭാരവാഹികളായ ഓമന ഡേവിസ്, ശാരിക രാമകൃഷ്ണന്‍, വിജയലക്ഷ്മി വേണുഗോപാല്‍, രാധിക മുരുകന്‍, നിത അര്‍ജുനന്‍, ജിഷ ജോബി, ജിനിത പ്രശാന്ത്, സുവര്‍ണ്ണ ഷിബു എന്നിവര്‍ പ്രസംഗിച്ചു.

രണ്ടു മണിക്കൂര്‍ വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട : മാടക്കത്തറ-വലപ്പാട്,മാടക്കത്തറ-ചേര്‍പ്പ് 110 കെ.വി. ലൈനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇരിങ്ങാലക്കുട, കാട്ടൂര്‍ ഭാഗങ്ങളില്‍ വെള്ളിയാഴ്ച പത്തു മുതല്‍ പന്ത്രണ്ടുവരെ വൈദ്യുതി മുടങ്ങും.

ഇന്ന് ലോകജലദിനം: അനാസ്ഥ മൂലം ഇരിങ്ങാലക്കുടയിലെ ജലസംഭരണികള്‍ നാശത്തില്‍

ഇരിങ്ങാലക്കുട : ജലം എന്ന അമൂല്യ സമ്പത്തിനെ സംരക്ഷിക്കാനുള്ള ബാധ്യത എല്ലാവരിലും നിക്ഷിപ്തമായിരിക്കെ അധികൃതരുടെ അനാസ്ഥ മൂലം ഇരിങ്ങാലക്കുടയിലെ ജലസംഭരണികള്‍ നാശത്തില്‍ . ലോക ജലദിനം ആചരിക്കുന്ന ഈ വേളയില്‍ ഇരിങ്ങാലക്കുടയിലെ കാലങ്ങളായുള്ള ജലസ്രോതസുകളായ മുപ്പതോളം കുളങ്ങള്‍ക്കു അടിയന്തര ശ്രദ്ധ ലഭിച്ചില്ലെങ്കില്‍ വിസ്‌മൃതിയിലാകുന്ന അവസ്ഥയിലാണ് . കുടിവെള്ളം കിട്ടാക്കനിയാകാന്‍ പോകുന്ന വരും കാലങ്ങളില്‍ കുളങ്ങളുടെ സംരക്ഷണത്തിന്റെ ആവശ്യകത ഇതുവരെ പൊതുജനങ്ങളില്‍ എത്തിയിട്ടില്ല . അജ്ഞതയും സ്വാര്‍ത്ഥതയും മൂലം നഗര ഹൃദയത്തില്‍ തന്നെ പല കുളങ്ങളും അധികൃതര്‍ തന്നെ മൂടി കളഞ്ഞിട്ടുണ്ട് . ഒരുകാലത്തു ജലസമൃതിയിലായിരുന്ന ഠാണാവിലെ പൂതംകുളം ഇപ്പോള്‍ അറിയപ്പെടുന്നത് അത് നികത്തി പണിത നഗരസഭയുടെ പൂതംകുളം ഷോപ്പിംഗ് കോംപ്ലെക്സിന്റെ പേരിലാണ് . കൂടല്‍മാണിക്യം കൊട്ടിലക്കല്‍ പറമ്പ് എട്ടോളം കുളങ്ങളെ കൊണ്ട് സമൃദ്ധിയിലായിരുന്നു . എന്നാല്‍ ഇപ്പോള്‍ ഒരു കുളം മാത്രമേ ഉള്ളു അതും പകുതി നികത്തിയ നിലയില്‍ .

ഇതിനു പുറമെ ചേലൂര്‍ കാട്ടിക്കുളം , കോതക്കുളം , ശാസ്താന്‍ക്കുളം , തുറുകയിക്കുളം , ഹനുമാന്‍ക്കുളം, കാഞ്ഞാണിക്കുളം , കോലുക്കുളം, കണക്കന്‍ക്കുളം , ചിറത്തിക്കുളം , പള്ളികാട്ക്കുളം , ചാത്തന്‍ക്കുളം , ചെമ്പുഞ്ചിറക്കുളം , വല്ലാഞ്ചിറക്കുളം, മണിക്കുളം , പൂച്ചക്കുളം , ഉമ്മന്‍കുളം , എന്നി കുളങ്ങളടക്കം മുനിസിപ്പാലിറ്റി പരിധിയിലെ മുപ്പതോളം കുളങ്ങളും കിണറുകളും നശിച്ചുകൊണ്ടിരിക്കുകയാണ്. സമീപ പഞ്ചായത്തുകളിലെ കുളങ്ങളുടെ സ്ഥിതിയിലും മാറ്റമില്ല .

കര്‍ഷകരുടെ വഴി തടഞ്ഞ് പഞ്ചായത്ത് വക മതില്‍

ചേലൂര്‍ : കാലാകാലങ്ങളായി ചേലൂര്‍ പുഞ്ചപ്പാടത്തേക്കുള്ള കൃഷി ആവശ്യത്തിനുള്ള സാധന സമഗ്രഹികള്‍ കൊണ്ട് പോയിരുന്ന വഴി പൂമംഗലം പഞ്ചായത്ത് മതില്‍ കെട്ടി അടച്ചു. ചേലൂര്‍ പൂച്ചംകുളത്തിനു സമീപം പഞ്ചായത്തിന്റെ അധിനതിയിലുള്ള സ്ഥലത്തിലൂടെയായിരുന്നു കര്‍ഷകര്‍ നെല്ലും വളങ്ങളും ട്രാക്ടറിലൂടെ കൊണ്ടുപോയിരുന്നത് . എന്നാല്‍ കഴിഞ്ഞ ദിവസം ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ ആരംഭിക്കുകയും പഞ്ചായത്ത് വക സ്ഥലത്ത് അതിക്രമിച്ചു കടക്കരുത് എന്ന് ബോര്‍ഡ് വക്കുകയും ചെയ്തു . എന്നാല്‍ കുറെ വര്‍ഷങ്ങളായി ഇവിടെ കൃഷി ഇല്ലെന്നും ഇത് പഞ്ചായത്ത് സ്ഥലമായതിനാല്‍ വായനശാലയും അംഗന്‍വാടിയും , വിപണന കേന്ദ്രവും നിര്‍മിക്കാനാണ് ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുന്നത് എന്ന് പഞ്ചായത്ത് അധികൃതര്‍ വിശദികരിക്കുന്നു.

പച്ചക്കൊടിയും കാത്ത് ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്‍: എം പി യുടെ അവഗണന വീണ്ടും

കല്ലേറ്റുംകര :  ജില്ലയിലെ രണ്ടാമത്തെ വലിയ സ്റ്റേഷനായ ഇരിങ്ങാലക്കുട സ്റ്റേഷന്‍ വികസനം തീരെ ചെറിയ സ്റ്റേഷനുകള്‍ക്കും പുറകിലാക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഈ സ്റ്റേഷന്‍ നിലനില്‍ക്കുന്ന പ്രദേശത്തെ പ്രതിനിധീകരിച്ചിരുന്ന എം പിമാരുടെ വഴിയേ തന്നെയാണ് ഇപ്പോത്തെ എം.പിയും. തൃശ്ശൂരിനും പൂങ്കുന്നത്തിനും വാരിക്കോരി ഫണ്ട് ചിലവഴിക്കുന്ന എം.പി ഇരിങ്ങാലക്കുടയെ തഴയുന്നു. 115 വര്‍ഷത്തെ പാരമ്പര്യമുള്ള കല്ലേറ്റുംകരയില്‍ സ്ഥിതി ചെയുന്ന ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്‍ തൊട്ടടുത്ത പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രം നിര്‍ത്തുന്ന ചെറിയ സ്റ്റേഷനുകള്‍ പോലും നവീകരിച്ചപ്പോള്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ അടക്കം ഇരുഭാഗങ്ങളിലേക്കുമായി നില്‍പ്പത്തിനാലോളം ട്രെയിനുകള്‍ക്ക് സ്റ്റോപ്പുള്ള ആദര്‍ശ് സ്റ്റേഷനായ ഇരിങ്ങാലക്കുടയുടെ പരിതാപകരമായ അവസ്ഥക്ക് പരിഹാരം കാണാന്‍ സാധിക്കുന്നില്ല

ഇപ്പോഴും മുന്‍പും ഇരിങ്ങാലക്കടയുടെ ആവശ്യങ്ങള്‍ക്ക് റെയില്‍വേ തടസ്സം നില്‍ക്കുന്നു എന്നു പറയുന്നവര്‍ എം.പി ഫണ്ടുപോലും ഇവിടേക്ക് നല്‍കാതെ അവഗണിച്ചതില്‍ വലിയ രീതിയിലുള്ള ജന രോഷമാണ് ഉയരുന്നത്. തൃശൂര്‍ എം പി സി എന്‍ ജയദേവന്റെ ഈ നടപടിക്കെതിരെ രൂക്ഷമായ രീതിയിലാണ് യാത്രക്കാരും, പൊതുജനങ്ങളും പ്രതികരിക്കുന്നത് .

രണ്ടു പ്ലാറ്റ്ഫോമുകളിലും വളരെ കുറച്ച് ഭാഗത്തു മാത്രമേ മേല്‍ക്കൂരയുള്ളൂ.  ഇതിന്റെ പല ഭാഗങ്ങളും, സ്റ്റേഷന്‍ കെട്ടിടവും മഴ പെയ്യുമ്പോള്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിനെ അപേക്ഷിച്ച് രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോം വളരെ ഉയരം കുറഞ്ഞതാണ്.  ഇതു മൂലം സത്രീകളും കുട്ടികളും വയസായവരും ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവരും ട്രെയിനില്‍ കയറുവാനും ഇറങ്ങുവാനും വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. മാത്രമല്ല ഇവിടെ സ്ലാബുകള്‍ നിരതെറ്റി കിടക്കുന്നതും പലതട്ടുകളായി കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നതും കാരണം അനുഭവിക്കുന്ന കഷ്ടതകള്‍ ഏറെയാണ്. രാത്രിയില്‍ പലയിടത്തും വെളിച്ചം തീരെയില്ലാത്തതിനാല്‍ വൃത്തിഹീനമായ പ്ലാറ്റ്ഫോമുകളിലൂടേയും, സ്റ്റേഷന്‍ പരിസരങ്ങളിലൂടേയുമുള്ള സഞ്ചാരം ദുഷ്കരമായ ഒന്നാണ്. ഇരുട്ടിന്റെ മറവില്‍ സാമൂഹു വിരുദ്ധരുടേയും മയക്കുമരുന്ന് മാഫിയകളുടേയും അഴിഞ്ഞാട്ടത്തിന് മൗനാനുവാദം നല്‍കുകയാണ് അധികാരികള്‍.

തന്ത്രി മുഖ്യന്‍ നകരമണ്ണ് കൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

കല്ലേറ്റുംകര: കേരളത്തിലെ താന്ത്രികാചാര്യന്മാരില്‍ പ്രമുഖനായ മുരിയാട് നകരമണ്ണ് കൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം ഉള്‍പ്പെടെ ഏകദേശം അഞ്ഞൂറോളം ക്ഷേത്രങ്ങളില്‍ നവീകരണ കലശത്തിന് മുഖ്യ കാര്‍മികത്വം വഹിച്ചിട്ടുള്ള അദ്ദേഹം ആറ് പതിറ്റാണ്ടു കാലത്തോളം ഈ മേഖലയില്‍ സജീവമായിരുന്നു .സംസ്കാരം ഇന്ന് വീടുവളപ്പില്‍ നടന്നു

Top
Menu Title