News

Category: Flash

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തുമ്പൂര്‍ ബാങ്ക് ഭരണസമിതി

14062002ഇരിങ്ങാലക്കുട: കര്‍ഷകര്‍ക്ക്  ഉപകാരപ്രദമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന  തുമ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെ കുബേര കേസ് എടുക്കണമെന്ന ഇടതുപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന്  തുമ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോണി കാച്ചപ്പിള്ളി പത്ര സമ്മേളനത്തില്‍ പറഞ്ഞു.ഇടതുപക്ഷ ഭരണത്തിനു കീഴില്‍ നഷ്ടത്തിലായിരുന്ന ബാങ്കിനെ ലാഭാത്തിലാക്കിയത് ഈ ഭരണ സമിതിയാണെന്നും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആരോപനങ്ങളായി വരുന്നത് രാഷ്ട്രിയ ഉദ്ദേശങ്ങളോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  തുമ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ജൂണ്‍ 22 ഞായറാഴ്ച രാവിലെ 9 മണി മുതല്‍  ഉച്ചതിരിഞ്ഞ് 3 മണി വരെ വേളൂക്കര  പഞ്ചായത്ത് ഓഫിസിന് സമീപമുള്ള തോംസണ്‍ ഓയില്‍ കമ്പനി പരിസരത്ത് വച്ച് നടക്കും.

ഇരിങ്ങാലക്കുട നഗരസഭയുടെ 19 കോടിയുടെ പദ്ധതിക്ക് ഡി പി സി അംഗീകാരം

IJK-MUNICIPALITYഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയുടെ 2014-15 വര്‍ഷത്തെ പദ്ധതിക്ക് ജനകീയാസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. ഉത്പാദന, സേവനപശ്ചാത്തല മേഖലകളില്‍ 19.12 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ഉത്പാദനമേഖലയ്ക്ക് 2 കോടി 52 ലക്ഷത്തിന്റെയും സേവന മേഖലയ്ക്ക് 7 കോടി 47 ലക്ഷത്തിന്റെയും പശ്ചാത്തല മേഖലയ്ക്ക് 9 കോടി 12 ലക്ഷത്തിന്റെയും വികസന പ്രവര്‍ത്തനങ്ങളാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഡോ. അംബേദ്ക്കര്‍ സാംസ്‌കാരിക നിലയം, തലയിണക്കുന്ന് വായനശാല നിര്‍മ്മാണം, ചാത്തന്‍മാസ്റ്റര്‍ ഹാള്‍ നവീകരണം, അറവുശാല നവീകരണം, മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് യാര്‍ഡ് ടൈല്‍ വിരിക്കല്‍, എം.എന്‍ ലക്ഷം വീട് ഒറ്റവീടാക്കല്‍ തുടങ്ങിയവയാണ് ഈ സാമ്പത്തിക വര്‍ഷത്തെ പ്രധാനപ്പെട്ട പദ്ധതികളില്‍ ചിലതെന്ന് ചെയര്‍പേഴ്‌സന്‍ മേരിക്കുട്ടി ജോയ് അറിയിച്ചു.

കാറളം സര്‍വ്വീസ് സഹകരണ ബാങ്ക് നവീകരിച്ച ഹെഡ് ഓഫീസ് ഉദ്ഘാടനം ജൂണ്‍ 22 ന്

14062001കാറളം:  നവീകരിച്ച കാറളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് കെട്ടിടം ഞായറാഴ്ച രാവിലെ 10.30ന് കേരള സഹകരണ ഖാദി വ്യവസായ വകുപ്പ്  മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. സി.എന്‍. ജയദേവന്‍ എം.പി. മുഖ്യാതിഥിയായിരിക്കും. സഹകരണ ഹാള്‍, ലോക്കര്‍ റൂം എന്നിവയുടെ ഉദ്ഘാടനവും വിദ്യാഭ്യാസ അവാര്‍ഡ് സമര്‍പ്പണവും ചടങ്ങില്‍ നടക്കും.

ഇരിങ്ങാലക്കുടയില്‍ യു.ഡി.എഫ്. തിരിച്ചടിക്ക് കാരണം എം.പി. ജാക്‌സന്റെ നേതൃത്വത്തില്‍ ഹൈജാക്കെന്ന് പരാതി

14041102ഇരിങ്ങാലക്കുട: കെ.പി.സി.സി. ജന. സെക്രട്ടറി എം.പി. ജാക്‌സന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ഹൈജാക്ക് ചെയ്തതുകൊണ്ടാണ് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസ്സിന്റെ തിരിച്ചടിക്ക് കാരണം എന്ന് സി.വി. പത്മരാജന്‍ കമ്മീഷനുമുമ്പാകെ പരാതി. ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജന. സെക്രട്ടറി അഡ്വ. ആന്റണി തെക്കേക്കരയാണ് ജാക്‌സനെതിരെ കമ്മീഷനു മുമ്പാകെ പരാതി നല്കിയിരിക്കുന്നത്. അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. ചെയര്‍മാനും ഡി.സി.സി. ജന. സെക്രട്ടറി എം.എസ്. അനില്‍കുമാര്‍ വര്‍ക്കിങ് ചെയര്‍മാനുമായിട്ടുള്ള തിരഞ്ഞെടുപ്പു കമ്മിറ്റിയാണ് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ യു.ഡി.എഫി.ന്റെ വിജയത്തിനുവേണ്ടി തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ വയനാട് ചാര്‍ജ്ജുള്ള കെ.പി.സി.സി. ജന. സെക്രട്ടറി എം.പി. ജാക്‌സന്‍ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ ചാര്‍ജ്ജ് ചോദിച്ചുവാങ്ങിയശേഷം മുഴുവന്‍സമയം ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്തത്. ഇത് ചട്ടവിരുദ്ധമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 12,960 വോട്ടില്‍ വിജയിച്ച നിയോജകമണ്ഡലത്തില്‍ ഇക്കുറി യു.ഡി.എഫ്. 5001 വോട്ടിന് പിറകിലായി. മണ്ഡലം, ബൂത്ത് കമ്മിറ്റികളെ നിഷ്‌ക്രിയമാക്കി തന്റെ ഗ്രൂപ്പുകാരെ മാത്രം ഉള്‍ക്കൊള്ളിച്ചായിരുന്നു നേതാവ് പ്രവര്‍ത്തിച്ചിരുന്നത്. ഇരിങ്ങാലക്കുടയില്‍ എ.കെ. ആന്റണിയടക്കമുള്ള നേതാക്കള്‍ വന്നപ്പോള്‍ ആവേശകരമായ സ്വീകരണമൊരുക്കിയ ഇദ്ദേഹം ആഭ്യന്തരമന്ത്രി അടക്കമുള്ള മറ്റ് നേതാക്കള്‍ വന്നപ്പോള്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ തയ്യാറായില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു. ജാക്‌സന്റെ പ്രവര്‍ത്തനം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയായതായും അതിനാല്‍ അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം.

ക്ഷേത്രത്തിലെ നാഗ പ്രതിഷ്ഠ ഇളക്കിമാറ്റി കായലിലേക്ക് എറിഞ്ഞതായി പരാതി

14062009വെള്ളാങ്കല്ലുര്‍ :വള്ളിവട്ടം ശ്രീ ഭുവനേശ്വരി സമാജം ക്ഷേത്രത്തിലെ ഒന്നര സെന്റ്‌ സ്ഥലത്ത് മാറ്റി പ്രതിഷ്ടിച്ചിരുന്ന  നാഗ പ്രതിഷ്ഠകള്‍ സ്വകാര്യ വ്യക്തി ഇളക്കിമാറ്റി പൂവ്വത്തുംകടവ് കനോലി കായലില്‍ കളഞ്ഞതായി പരാതി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാവിലെ വിഗ്രഹങ്ങളാണ് പൊളിച്ച് നീക്കിയത്. നാഗക്കാവ് ഇരിക്കുന്ന സ്ഥലം തന്റെ സ്വന്തം സ്ഥലമാണെന്ന് അവകാശപെട്ടാണ് സ്വകാര്യ വ്യക്തി ഇത് പൊളിച്ച് മാറ്റിയത്. സര്‍പ്പക്കാവും പ്രതിഷ്ടയും തകര്‍ത്തതില്‍ ഭക്തജനം പ്രതിക്ഷേധം രേഖപ്പെടുത്തി.

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

14062006വെള്ളാങ്കല്ലുര്‍ : ഇരിങ്ങാലക്കുട ഉപജില്ലയില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്ലസ്‌ ടു പരീക്ഷയി ല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കൽപ്പറമ്പ് ബി വി എം  ഹൈസ്കൂളിനെ ഇരിങ്ങാലക്കുട എം, എല്‍ എ  അഡ്വ തോമസ്‌ ഉണ്ണിയാടന്‍ അനുമോദിച്ചു. പ്ലസ്‌ ടു വിനും എസ് എസ് എൽ സി ക്കും എല്ലാ വിഷയത്തിലും എ പ്ലസ്‌ കരസ്ഥമാക്കിയ വിദ്യാര്‍ഥികളായ ഡയാന,ഐശ്വര്യ,ജിയ ,ബര്‍ക്കത്ത് ,ഹരിത എന്നീ വിദ്യാര്‍ത്ഥികളെ എം, എല്‍ എ ട്രോഫി നല്കി ആദരിച്ചു. സ്കൂള്‍ മാനേജര്‍ റവ ഫാ തോമസ്‌ കൂട്ടാല അദ്ധ്യക്ഷത വഹിച്ചു. ഹയര്‍സെക്കണ്ടറി  സ്കൂള്‍  പ്രിൻസിപ്പാള്‍  പി കെ ആന്റു, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രെസ്സ് ടി ജെ റോസി ഉണ്ണികൃഷ്ണന്‍ ,റോസ് തോമസ്‌,സ്മിത തോമസ്‌,ജിഫിന്‍ എന്നിവര്‍ സംസാരിച്ചു.

മീന്‍ പിടിക്കാന്‍ പോയ മദ്ധ്യവയസ്കന്‍ വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍

14061909പടിയൂര്‍ : മീന്‍ പിടിക്കാന്‍ പോയ മദ്ധ്യവയസ്കന്‍ പാടത്തെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. പടിയൂര്‍ ചെറുപറമ്പില്‍ വാസുവിനെയാണ് അവ്ണ്ടര്‍ ചാല്‍ രാമന്‍ കോളില്‍ വ്യാഴാഴ്ച വൈകീട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ വാസുവിനെ കാണാതായപ്പോള്‍ അന്വേഷിച്ചെത്തിയ മകനാണ് മൃദദേഹം കണ്ടെത്തിയത്. ഭാര്യ: രാധ,  മക്കള്‍; ഉണ്ണികൃഷ്ണന്‍, വിപിന്‍.

പുസ്തകങ്ങളിലൂടെ സാമൂഹ്യ പാരിസ്ഥിതിക വിപത്തുകള്‍ തടയാന്‍ സാധിക്കും :തുമ്പൂര്‍ ലോഹിതാക്ഷന്‍

14061907ഇരിങ്ങാലക്കുട: പുസ്തകങ്ങളിലൂടെ സാമൂഹ്യ പാരിസ്ഥിതിക വിപത്തുകള്‍ തടയാൻ സാധിക്കുമെന്ന് ലോക ചരിത്രം തെളിയിചിട്ടുണ്ടെന്നും ,മോചനം വായനയിലൂടെയാണ് സാദ്ധ്യമാവുക എന്നും കഥാകാരനും കഥാകൃത്തുമായ  തുമ്പൂര്‍ ലോഹിതാക്ഷന്‍  പറഞ്ഞു. മാപ്രാണം നിവേദിത വിദ്യാനികേതന്‍ സ്കൂളിൽ വായനാവാരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരിക ള്‍ക്കിടയിലൂടെ കുട്ടികൾ അനുവര്‍ത്തിക്കേണ്ടതെന്നും  അദ്ദേഹം പറഞ്ഞു. മലയാളം അദ്ധ്യാപിക മിഷ ശ്രീജിത്ത് ,നിവേദിത സാംസ്കാരിക സമിതി അദ്ധ്യക്ഷന്‍ കെ കെ സുകുമാരന്‍ , പി ടി എ വൈസ് പ്രസിഡണ്ട് നിജി നിബിന്‍ ,ഹെഡ് മിസ്ട്രെസ്സ് വി ശ്രീദേവി ടീച്ചര്‍ , എം എസ് സരിത ,നീതു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ പ്രസംഗം,ചാര്‍ട്ട് അവതരണം ,കവിതാലാപനം ,കഥാവതരണം തുടങ്ങിയ നടന്നു.

തുമ്പൂര്‍ ബാങ്ക് ഭരണസമിതിക്കെതിരെ”കുബേര കേസ് ” എടുക്കണമെന്ന് ഇടതുപക്ഷം

14061904ഇരിങ്ങാലക്കുട: ജനങ്ങളെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ കുബേര നടപടികള്‍  തുമ്പൂര്‍ സര്‍വ്വീസ്  സഹകരണ ബാങ്കിനെതിരെ സ്വീകരിക്കണമെന്ന്  സഹകരണ സംരക്ഷണ മുന്നണി സ്ഥാനാര്‍ഥികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് കാര്‍ഷിക ബാങ്ക് വഴി ലഭിക്കുന്ന വായ്പ ഒരു സെന്റ്‌ ഭൂമിയ്ക്ക് 1500 എന്ന  സ്കെയില്‍ ഓഫ് പേയില്‍, നികുതി അടച്ച രസീത് മാത്രം ഈടാക്കി ഒരു ലക്ഷം രൂപ വരെ നല്കാവുന്നതാണ് .ഭൂമി ഈട് വച്ചാല്‍ 3 ലക്ഷം രൂപ വരെ ലഭിക്കും ഇതിന് കര്‍ഷകര്‍ പലിശ കൊടുക്കേണ്ടതില്ല.എന്നാല്‍  തുമ്പൂര്‍ ബാങ്കില്‍ 25000 രൂപ മാത്രമേ നല്കി വരുന്നുള്ളൂ. അതിനാല്‍  കാര്‍ഷിക വായ്പയ്ക്ക് പകരം മിഡ്ടേം വായ്പ എടുക്കുകയാണ് .പലിശരഹിത വായ്പയ്ക്ക് പകരം കര്‍ഷകര്‍ ഒരു ലക്ഷം രൂപയ്ക്ക് 16000 രൂപ പലിശ കൊടുക്കേണ്ട അവസ്ഥയിലാണിപ്പോള്‍ .ജനങ്ങളെ ചൂഷണം ചെയ്യുകയും നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിന്റെ പേരില്‍ ക്രിമിനല്‍ കേസ്നേരിടുകയും ചെയ്യുന്ന നിലവിലുള്ള ഭരണ സമിതിയെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തണമെന്നും സഹകരണ സംരക്ഷണ മുന്നണിയുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നും വാര്‍ത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കേരള സ്റ്റേറ്റ് വസ്തു വ്യാപാര തൊഴിലാളി യൂണിയന്‍ പ്രഥമ സംസ്ഥാന സമ്മേളനം ജൂണ്‍ 22 ന്

14062102ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് വസ്തു വ്യാപാര തൊഴിലാളി യൂണിയന്റെ പ്രഥമ സംസ്ഥാന സമ്മേളനം ജൂണ്‍ 22 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ നടക്കുമെന്ന് എ ഐ ടി യു സി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനം സംസ്ഥാന സെക്രട്ടറി എ എന്‍ രാജന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് എ ടി വര്‍ഗ്ഗീസ് ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും. സി പി ഐ തൃശൂര്‍ ജില്ല ആക്ടിങ്ങ് സെക്രട്ടറി കെ കെ വത്സരാജ് സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിക്കും. വസ്തു വ്യാപാര മേഖലയെ തൊഴില്‍ മേഖലയായി സര്‍ക്കാര്‍ അംഗീകരിക്കുക,മാന്യമായ സേവന-വേതന വ്യവസ്ഥ നടപ്പാക്കുക, കമ്മിഷന്‍ ശതമാനം വ്യക്തമാക്കുക തനതായ ക്ഷേമ പദ്ധതിയും പെന്‍ഷനും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സംഘടന മുന്നോട്ടു വച്ചു. പത്ര സമ്മേളനത്തില്‍ ഭാരവാഹികളായ സംസ്ഥാന പ്രസിഡണ്ട് എ ടി വര്‍ഗ്ഗീസ്,ജില്ല കമ്മിറ്റി അംഗം കെ എ സന്തോഷ്‌ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കനത്തമഴയിലും കാറ്റിലും ഇരിങ്ങാലക്കുട മേഖലയില്‍ വ്യാപകനാശം. മണിക്കൂറുകളോളം മേഖലയില്‍ വൈദ്യുതി വിതരണം തടസ്സപ്പെടും

14061809ഇരിങ്ങാലക്കുട: ബുധനാഴ്ച ഉച്ചതിരിഞ്ഞ് പെയ്ത കനത്തമഴയിലും കാറ്റിലും ഇരിങ്ങാലക്കുട മേഖലയില്‍ കനത്ത നാശനഷ്ടം. ഇരിങ്ങാലക്കുട നടവരമ്പ് കോലോത്തുംപടി സബ്ബ് സ്റ്റേഷനു സമീപം രണ്ടിടങ്ങളിലായി രണ്ട് തെങ്ങുകളും ഒരുമരവും കടപുഴകി വീണു. ഇതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍-തൃശ്ശൂര്‍ റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇരിങ്ങാലക്കുടയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തെങ്ങുകളും മരവും വെട്ടിമാറ്റി ഗതാഗതം പുസ്ഥാപിച്ചത്. ഠാണവില്‍ മറിന ആശുപത്രിക്ക് സമീപം തെങ്ങ് വൈദ്യുതി കമ്പിയിലേയ്ക്ക് മറിഞ്ഞുവീണു. മാപ്രാണം കുഴിക്കാട്ടുകോണത്ത് വീടിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന ട്രെസ്സ് കാറ്റില്‍ പറന്നുപോയി. എടക്കുളം പഴയ ഷാപ്പ്ന് സമീപം റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വ്യാപകമായി മരങ്ങളും തെങ്ങുകളും വീണതിനെ തുടര്‍ന്ന് മണിക്കൂറുകളോളം മേഖലയില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

കനത്ത കാറ്റില്‍ തെങ്ങ് വീണു

14061807ഇരിങ്ങാലക്കുട: ബുധനാഴ്ച നാലരയോടുകൂടി ഇരിങ്ങാലക്കുടയില്‍ മഴയുടെ അകമ്പടിയോടുകൂടി വീശിയടിച്ച കനത്ത കാറ്റില്‍  ഠാണാവ് മറീന ആശുപത്രിക്ക് സമീപം റയില്‍വേ സ്റ്റേഷൻ റോഡിനു   എതിർവശത്തുള്ള മതിലിലേക്ക് തെങ്ങ് ഒടിഞ്ഞു വീണു. നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

വല്ലക്കുന്നില്‍ വീണ്ടും അപകടം

14061806വല്ലക്കുന്ന് : വല്ലക്കുന്നില്‍ പാരടിച്ചിറ ഇറക്കത്തില്‍ നിയന്ത്രണം വിട്ട  ടിപ്പര്‍ ലോറി  മതിലും  പോസ്റ്റും തകര്‍ത്തു.ബുധനാഴ്ച രാവിലെ ആറരക്കായിരുന്നു അപകടം .വല്ലക്കുന്ന് ഇറക്കത്തുള്ള സര്‍വ്വീസ് സ്റ്റേഷന് മുമ്പില്‍ അമിത വേഗതയില്‍ വന്ന ലോറി നിയന്ത്രണം വിടുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല . അപകട മേഖലയായ വല്ലക്കുന്നില്‍ കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്.

കരുപ്പടന്ന ഗവ .ഹൈസ്കൂളില്‍ സമ്പൂര്‍ണ്ണ അദാലത്ത് നടന്നു

14061803കരുപ്പടന്ന : ജില്ലയിലെ പ്രശ്നപരിഹാര നിര്‍വ്വഹണം കരുപ്പടന്ന ഗവ .ഹൈസ്കൂളില്‍ നടന്നു. കൊടുങ്ങല്ലൂര്‍ വിദ്യാഭ്യാസ ഉപജില്ല ഒഫീസര്‍  ഗീതാലക്ഷ്മി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എച്ച് എം ഇന്‍ചാര്‍ജ് ദിവാകരന്‍ എം വി അദ്ധ്യക്ഷത വഹിച്ചു.എഴുപതോളം സ്കൂളുകളില്‍ നിന്ന് എത്തിയ അദ്ധ്യാപകരുടെ സഹായത്താല്‍ അവരവരുടെ സ്കൂളിലെ കുട്ടികളുടെ വിവരങ്ങള്‍ സമ്പൂര്‍ണ്ണ സോഫ്റ്റ്‌വെയര്‍ വഴി  ഓണ്‍ലൈന്‍ ചെയ്ത വിവരങ്ങളിലെ  പ്രശ്നങ്ങളും പരിഹാരങ്ങളും ഐ ടി സ്കൂള്‍ മാസ്റ്റര്‍  ട്രെയിനര്‍മാരുടെ  സഹായത്താൽ പരിഹരിച്ചു. അനില്‍ കുമാര്‍ ,ശശിധരന്‍ ,രാധാകൃഷ്ണന്‍, വാസുദേവന്‍ , രാജീവ്,രവി കുമാര്‍ ,ജോബ്സണ്‍,അബ്രഹാം ,അഷറഫ് എന്നിവര്‍ നേതൃത്വം നല്കി.

വായനാദിനം ആചരിക്കുന്നു

13061802എടക്കുളം : എസ് എന്‍  ജി എസ് എസ് എടക്കുളം സ്കൂളില്‍  വായനാദിനം ആചരിക്കുന്നു.ജൂണ്‍ 19 മുതല്‍ 25 വരെ ആചരിക്കുന്ന വായനാവാരത്തിന്റെ ഉദ്ഘാടനം സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ് കെ മായ ടീച്ചര്‍ നിര്‍വഹിക്കും  .സ്കൂളില്‍ നടക്കുന്ന ചടങ്ങിന്  പി കെ സുജിത്ത് അദ്ധ്യക്ഷത വഹിക്കും.പി ടി എ കമ്മിറ്റി ഭാരവാഹികളും പൂര്‍വ്വ
വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

Top
Menu Title