News

Category: Awards

ഇരിങ്ങാലക്കുടയിലെ ജോസ്ലിന് റ്റാക്ക്വോണ്ടോയില്‍ ഗിന്നസ്‌ റെക്കോഡ്

ഇരിങ്ങാലക്കുട : മാര്‍ഷ്യല്‍ ആര്‍ട്‌സ് വിഭാഗത്തില്‍ ഇരിങ്ങാലക്കുടയിലേയ്ക്ക് ഗിന്നസ് റെക്കോഡ്. ക്രൈസ്റ്റ് കോളേജിനടുത്ത് താമസിക്കുന്ന കുട്ടിക്കാട്ട് നെയ്യന്‍ ജോയ് വര്‍ഗീസിന്റെയും സെലിന്റെയും മകള്‍ ജോസ്ലിനാണ് മാര്‍ഷ്യല്‍ ആര്‍ട്‌സ് വിഭാഗത്തിലുള്ള റ്റാക്ക്വോണ്ടോയില്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് കിട്ടിയിരിക്കുന്നത്. ജെ.ആര്‍. ഇന്റര്‍നാഷണല്‍ റ്റാക്ക്വോണ്ടോ അക്കാദമിയുടെ നേതൃത്വത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോഡിനുവേണ്ടി ഇന്ത്യയിലെ ആറു പ്രധാന വേദികളിലായി നടത്തിയ മത്സരത്തില്‍ 1016 പേര്‍ പങ്കെടുത്തിരുന്നു. ഇതില്‍ മധുരയില്‍നിന്ന് മത്സരിച്ച ജോസ്ലിന്‍ നെയ്യന്‍ ലോകചാമ്പ്യനായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബി.ടെക് ബിരുദത്തിന് ശേഷം ചെന്നൈയില്‍ ഒരു അമേരിക്കന്‍ കമ്പനിയില്‍ ഉണ്ടായിരുന്ന ജോലി രാജിവെച്ചിട്ടാണ് ഗിന്നസ് പുരസ്‌കാരത്തിന് വേണ്ടിയുള്ള പരിശ്രമം ജോസ്ലിന്‍ പൂര്‍ത്തീകരിച്ചത്. മുന്‍പ് രണ്ട് തവണ തമിഴ്‌നാടിനെ പ്രതിനിധാനംചെയ്ത് മത്സരിച്ച് ജോസ്ലിന്‍ ഗോള്‍ഡ് മെഡല്‍ നേടിയിട്ടുണ്ട്.

മയില്‍പ്പീലി 2017 – ലളിതഗാന മത്സരത്തില്‍ അനുഭവ് ബാബു നായര്‍, നിരഞ്ജന സി.യു. എന്നിവര്‍ വിജയികള്‍

ഇരിങ്ങാലക്കുട : യുവജനങ്ങളില്‍ ലളിത സംഗീത ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുന്നതിനായി നമ്പൂതിരിസ്‌ ഫൈന്‍ ആര്‍ട്ട്‌സ്‌ ക്ലബ്‌ സംഘടിപ്പിച്ച മയില്‍പ്പീലി 2017 – ലളിതഗാന മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ അനുഭവ് ബാബു നായര്‍ സീനിയര്‍ വിഭാഗത്തില്‍ നിരഞ്ജന സി യു  എന്നിവര്‍ വിജയികളായി. വി പി കൃഷ്ണ, അശ്വിന്‍ വര്‍ഗീസ് എന്നിവര്‍ രണ്ടാം സ്ഥാനവും ശ്രുതി എം പിഷാരടി , ഐറിന്‍ പോള്‍, ഐശ്വര്യ കെ ജി എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. നമ്പൂതിരിസ്‌ ഇന്‍സ്റ്റിറ്റ്യുട്ടില്‍ നടന്ന മത്സരത്തില്‍ വിജയികള്‍ക്കുള്ള ക്യാഷ്‌ പ്രൈസ്‌, മൊമന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ ഗായകന്‍ അസീസ് , പ്രിയ ധീരജ് എന്നിവര്‍ വിതരണം ചെയ്തു. ഡയറക്ടര്‍ കെ പി ജാതവേദന്‍ , സ്റ്റാഫ് പ്രതിനിധി രേഖ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

കെ എസ് കെ തളിക്കുളം സ്മാരക യുവപ്രതിഭ കാവ്യപുരസ്‌കാരം രാധിക സനോജിന്‌

ഇരിങ്ങാലക്കുട : കെ എസ് കെ തളിക്കുളം സ്മാരക യുവപ്രതിഭ സ്പെഷ്യല്‍ ജൂറി കാവ്യപുരസ്‌കാരത്തിനു ചേര്‍പ്പ് ഗവ. സ്കൂള്‍ പ്ലസ് ടു ഇംഗ്ലീഷ് അധ്യാപികയും ചാലക്കുടി ഗവ. ടി ടി ഐ അധ്യാപകന്‍ സനോജ് എം ആര്‍ ഇന്‍റെ ഭാര്യയുമായ രാധിക സനോജ് അര്‍ഹയായി . ‘മായ്ച്ചും വരച്ചും ‘ എന്ന കവിത സമാഹാരം രാധിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വി.വി.തിലകന്‍ മികച്ച ലൈബ്രറി പ്രവര്‍ത്തകന്‍

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്കിലെ 2016 – 17 വര്‍ഷത്തെ മികച്ച ലൈബ്രറി പ്രവര്‍ത്തകനായി പട്ടേപ്പാടം താഷ്ക്കന്റ് ലൈബ്രറി പ്രസിഡന്റ് വി.വി.തിലകന്‍ തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് പതിറ്റാണ്ടോളമായി തിലകന്‍ തുടര്‍ച്ചയായി ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഇതിനിടയില്‍ വനിത പുസ്തക വിതരണ പദ്ധതിക്കുള്ള സംസ്ഥന അവാര്‍ഡും മികച്ച ഗ്രാമീണ ലൈബ്രറിക്കുള്ള തലൂക്ക്തല അവാര്‍ഡും താഷ്ക്കന്റ് ലൈബ്രറിക്ക് ലഭിച്ചതില്‍ തിലകന്റെ പങ്ക് എടുത്ത് പറയേണ്ടതാണു്. ജൂണ്‍ 19നു തൃശ്ശൂര്‍ മോഡല്‍ ഗേള്‍സ് ഹൈസ്കൂളില്‍ വെച്ച് നടക്കുന്ന വായനാപക്ഷാചരണ ഉദ്ഘാടന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അവാര്‍ഡ് വിതരണം ചെയ്യും.

അഡ്വ. കെ.ആര്‍ തമ്പാന്‍ അനുസ്മരണം : സ്വതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റത്തിനെതിരെ യുവാക്കള്‍ മുന്നോട്ടു വരണമെന്ന് മന്ത്രി ചന്ദ്രശേഖരന്‍

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യം കിട്ടി എഴുപത് വര്‍ഷം കഴിഞ്ഞിട്ടും അതനുഭവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. സി.പി.ഐ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയും കെ.ആര്‍ തമ്പാന്‍ സ്മാരക ട്രസ്റ്റും ചേര്‍ന്ന് സംഘടിപ്പിച്ച അഡ്വ. കെ. ആര്‍ തമ്പാന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന ഇപ്പോഴത്തെ കടന്നുകയറ്റങ്ങള്‍ക്കെതിരെ യുവജനങ്ങള്‍ മുന്നോട്ടുവരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ട്രസ്റ്റ് ചെയര്‍പേഴ്‌സന്‍ പ്രൊഫ. മീനാക്ഷി തമ്പാന്‍ അദ്ധ്യക്ഷയായിരുന്നു. കെ.ആര്‍ തമ്പാന്‍ പുരസ്‌ക്കാരം പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍.എ നസീറിന് മീനാക്ഷി തമ്പാന്‍ സമ്മാനിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനായ ഹരീഷ് വാസുദേവന്‍ സ്മാരക പ്രഭാഷണം നടത്തി. ആനാപ്പുഴ പണ്ഡിറ്റ് കറപ്പന്‍ സ്മാരക വായനശാലക്ക് ഇ.ടി. ടൈസന്‍ മാസ്റ്റര്‍ എം.എല്‍.എ പുസ്തകങ്ങള്‍ കൈമാറി. സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി, ടി.കെ സുധീഷ്, എം.പി ജയരാജ്, രോഹിത് തമ്പാന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എന്‍.എ നസീറിന്റെ ചിത്രങ്ങളുടെ സ്ലയ്ഡ് ഷോ നടന്നു

ജൂണ്‍ അഞ്ചിന്‌ ലോനപ്പന്‍ നമ്പാടന്‍ അനുസ്‌മരണവും അവാര്‍ഡ്‌ ദാനവും

ഇരിങ്ങാലക്കുട : ലോനപ്പന്‍ നമ്പാടന്‍ അനുസ്‌മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ അഞ്ചിന്‌ ലോനപ്പന്‍ നമ്പാടന്‍ അനുസ്‌മരണവും അവാര്‍ഡ്‌ ദാനവും നടത്തും. പകല്‍ മൂന്നിന്‌ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മന്ത്രി എസി മൊയ്‌തീന്‍ ഉദ്‌ഘാടനം ചെയ്യും. ഏരിയയിലെ പൊതു വിദ്യാലയങ്ങളില്‍ നിന്ന്‌ എസ്‌എസ്‌എല്‍സി, പ്ലസ്‌ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എപ്ലസ്‌ നേടിയ വിദ്യാര്‍ഥികളെ ഉപഹാരം നല്‍കി അനുമോദിക്കും. വൃക്ഷതൈകള്‍ വിതരണം ചെയ്യും. പകല്‍ 1:30ന്‌ കരിയര്‍ ഗൈഡന്‍സ്‌ ക്ലാസ്‌ തുടങ്ങും. ഫോണ്‍ 9446995610

അഡ്വ. കെ ആര്‍ തമ്പാന്‍ പുരസ്‌കാരം എന്‍ എ നസീറിന്

ഇരിങ്ങാലക്കുട : പ്രമുഖ അഭിഭാഷകനും സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന അഡ്വ. കെ ആര്‍ തമ്പാന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്‌കാരം പ്രസിദ്ധ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവര്‍ത്തകനും പുസ്തകകാരനുമായ എന്‍ എ നസീറിന് ലഭിച്ചു . പുരസ്‌കാരം ജൂണ്‍ 11 ന് ഗായത്രി ഹാളില്‍ അഡ്വ . കെ ആര്‍ തമ്പാന്‍ സ്മാരകട്രസ്റ് ചെയര്‍പേഴ്സണ്‍ മീനാക്ഷി തമ്പാന്‍ സമര്‍പ്പിക്കും . സംസ്ഥാന റവന്യുവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ പ്രമുഖ പരിസ്ഥിതി പ്രവത്തകനും വാഗ്മിയുമായ അഡ്വ. ഹരീഷ് വാസുദേവന്‍ മുഖ്യപ്രഭാഷണം നടത്തും. പ്രഭാത് ബുക്ക്സ് എന്‍ഡോവ്മെന്റ് പ്രകാരമുള്ള പതിനായിരം രൂപയുടെ പുസ്തകം ആനാപ്പുഴ പണ്ഡിറ്റ് കറപ്പന്‍ സ്മാരകവായനശാലക്കു ഇ ടി ടൈസന്‍മാസ്റ്റര്‍ എം എല്‍ എ കൈമാറും .

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിന് മറ്റൊരു സുവര്‍ണ്ണ നേട്ടംകൂടി. ക്രൈസ്റ്റ് കോളേജിന്റെ
വജ്രജൂബിലി ആഘോഷിയ്ക്കുന്ന അവസരത്തില്‍ കേന്ദ്രമാനവശേഷി വികസനമന്ത്രാലയവും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ്ങ് ഫ്രെയിംവര്‍ക്കും ചേര്‍ന്ന് തയ്യാറാക്കിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരത്തില്‍ ദേശീയതലത്തില്‍ 17-ാം സ്ഥാനവും കേരളത്തില്‍ ഒന്നാംസ്ഥാനവും കരസ്ഥമാക്കിയതോടൊപ്പം ഈ വര്‍ഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ 15 റാങ്കുകള്‍ നേടി അക്കാദമിക തലത്തിലും കായിക രംഗത്ത് യൂണിവേഴ്‌സിറ്റിയിലെ മറ്റ് കോളേജുകളെ ബഹുദൂരം പിന്നിലാക്കികൊണ്ട് 311 എന്ന റെക്കോര്‍ഡ് പോയിന്റുകള്‍ നേടിക്കൊണ്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സ്‌പോര്‍ട്‌സ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും പുരുഷവിഭാഗത്തില്‍ 278 പോയിന്റുകള്‍ നേടി ഒന്നാം സ്ഥാനവും ക്രൈസ്റ്റ് കോളേജ് കരസ്ഥമാക്കി. ഈ വര്‍ഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കായികമത്സരങ്ങളില്‍ ഈ കോളേജില്‍നിന്ന് 37 ടീമുകളെ അണിനിരത്തുകയും അതില്‍ 7 എണ്ണത്തില്‍ ഒന്നാംസ്ഥാനവും 8 എണ്ണത്തില്‍ രാംസ്ഥാനവും 5 എണ്ണത്തില്‍ മൂന്നാം സ്ഥാനവും നേടിയാണ് ഈ ചരിത്രവിജയം ക്രൈസ്റ്റ് സ്വന്തമാക്കിയത്. പത്മഭൂഷന്‍ റവ. ഫാ. ഗബ്രിയേല്‍ സി.എം.ഐ. തുടക്കംകുറിച്ച കായികമേഖലയിലെ ഈ വളര്‍ച്ച അദ്ദേഹം വിടപറഞ്ഞ വര്‍ഷം തന്നെ നേടുവാന്‍ കഴിഞ്ഞത് വലിയൊരുനേട്ടം തന്നെയാണ്. 1970-71ല്‍ ഫാ. ഗബ്രിയേലിന്റെ കാലത്താണ് ക്രൈസ്റ്റ് കോളേജ് ആദ്യമായി ഇത്തരത്തിലുളള നേട്ടം കൈവരിച്ചത്. ക്രൈസ്റ്റിന്റെ ചുണകുട്ടികള്‍ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയതലത്തില്‍ 53 പേരും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് 67 പേരും പങ്കെടുക്കുകയുായി. ദേശീയതലത്തില്‍ 12 മെഡലുകളും ഇന്റര്‍യൂണിവേഴ്‌സിറ്റി തലത്തില്‍ 16 മെഡലുകളും ക്രൈസ്റ്റിന്റെ മിടുമിടുക്കന്‍മാര്‍ നേടുകയുണ്ടായി. ജില്ലാതലം തുടങ്ങി പല ടൂര്‍ണ്ണമെന്റുകളിലായി 46 ട്രോഫികള്‍ നേടിയത്.

വാരിയര്‍ സമാജം എന്‍ വി കൃഷ്ണവാര്യര്‍ സ്മാരകപുരസ്കാരം പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക്

ഇരിങ്ങാലക്കുട : സമസ്തകേരള വാരിയര്‍ സമാജം ഏര്‍പ്പെടുത്തിയിട്ടുള്ള  എന്‍ വി കൃഷ്ണവാര്യര്‍ സ്മാരകപുരസ്കാരം ഇത്തവണ കഥകളി ആചാര്യന്‍ പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മെയ് 27 ന് പയ്യന്നൂരില്‍ നടക്കുന്ന (കണ്ണൂര്‍ ജില്ല) സമാജം സംസ്ഥാന സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും. 10001/- രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. ഈ വര്‍ഷം കഥകളി കലയില്‍ നല്‍കിയ സംഭാവനകളാണ് ഇദ്ദേഹത്തെ പുരസ്കാരത്തിനര്‍ഹനാക്കിയത് എന്ന് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അംഗങ്ങളായ കെ വി രാമകൃഷ്ണന്‍, ഡോ പി മുരളി, സമാജം സംസ്ഥാന പ്രസിഡണ്ട് ടി വി ബാലചന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി വി മുരളീധരന്‍ എന്നിവര്‍ അറിയിച്ചു. 2016ല്‍ ഈ പുരസ്കാരം സാഹിത്യത്തിലെ സംഭാവനകളെ മാനിച്ച് മഹാകവി അക്കിത്തത്തിനായിരുന്നു സമ്മാനിച്ചിരുന്നത്.

നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെല്‍ : രാജേഷ് നാണു മികച്ച നടന്‍

ഇരിങ്ങാലക്കുട : വിസ്ഫിലിംസ് നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെലില്‍ മികച്ച നടനായി ഇരിങ്ങാലക്കുട സ്വദേശി രാജേഷ് നാണു തെരഞ്ഞെടുക്കപ്പെട്ടു. വിവിധ ഭാഷകളില്‍ ദേശീയ അവാര്‍ഡ് ജേതാക്കളായ സിനിമാസംവിധായകരായ സംഗീത് ശിവന്‍, പി.ശേഷാദ്രി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിഷ്വല്‍ മീഡിയ പാനലാണ് അഞ്ചു വിഭാഗങ്ങളില്‍ നിന്നുള്ള വിജയികളെ തെരഞ്ഞെടുത്തത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത യശ്പാല്‍ എന്ന ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിനാണ് പുരസ്‌കാരം. ഫിലിമില്‍ രാജേഷ് നാണുവിന്റെ പ്രകടനത്തെ അസാമാന്യം എന്ന് ജൂറി നീരീക്ഷിച്ചു. പുസ്തകരചയിതാവ്, കവി, നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍ എന്നീനിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന കലാകാരനാണ് രാജേഷ് നാണു. സുഭാഷിതങ്ങളും ശുഭകഥകളും, ഉപനിഷത്തുകളെയും വേദാന്തങ്ങളെയും അടിസ്ഥാനമാക്കി രചിച്ച ദി കേവ് ഓഫ് വിസ്ഡം എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കഥയും സംവിധാനവും നിര്‍വഹിച്ച് രണ്ട് ഷോര്‍ട്ട് ഫിലിമുകള്‍ (ഓമിഘോഷ്, ട്രാന്‍സിഷന്‍) നിര്‍മ്മിച്ചിട്ടുണ്ട്. രമണമഹര്‍ഷിയെകുറിച്ചുള്ള ഇംഗ്ലണ്ടിലെ ജീം റാഫേല്‍ സംവിധാനം ചെയ്ത ജ്ഞാനി എന്ന ഡോക്യുമെന്ററിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി ഷോര്‍ട്ട് ഫിലിമുകളില്‍ രാജേഷ് നാണു അഭിനയിച്ചിട്ടുണ്ട്. കൂടാതെ വിവിധ മാഗസിനുകളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. മികച്ച ചിത്രം മലയാളിയായ വിവേക് കൃഷ്ണന്‍ സംവിധാനം ചെയ്ത വിത്തൗട്ട് ചീസ്, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ കൃഷ്‌ണേന്ദു കലേഷ് ചിത്രം കരിഞ്ചാത്തന്‍, അഗ്നിശേഖര്‍ ചക്രവര്‍ത്തി സംവിധാനം ചെയ്ത ബ്ലൂപ്പ് ട്രൂപ്പ് സ്‌പെഷല്‍ ജൂറി പുരസ്‌കാരം നേടി. ഫെസ്റ്റിവെലില്‍ മൂന്ന് മലയാളികള്‍ക്കാണ് ആദ്യമായി പുരസ്‌കാരം ലഭിച്ചത്. ഇന്ത്യയിലെ സാംസ്‌കാരികമായും സാമ്പത്തികമായും ഷോര്‍ട്ട് ഫിലിമുകള്‍ക്ക് കൊടുക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഈ അവാര്‍ഡ്.

എ കെ പത്മിനി ബ്രാഹ്മണിയമ്മക്ക് പുഷ്പകശ്രീ അവാര്‍ഡ്

ഇരിങ്ങാലക്കുട : ബ്രാഹ്മണിപ്പാട്ട്  എന്ന് അനുഷ്ടന കലയ്ക്കു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചുകൊണ്ട് നമ്പീശ സമുദായത്തിന്റെ 2017 ലെ സംസ്ഥാനതല പുഷ്പകശ്രീ അവാര്‍ഡിന് ഇരിങ്ങാലക്കുട തെക്കേ പുഷ്പകത്തെ എ കെ പത്മിനി ബ്രാഹ്മണിയമ്മ അര്‍ഹയായി. കൈരളിയുടെ മണ്‍മറഞ്ഞുകിടന്നിരുന്ന കാവ്യഭംഗിയാര്‍ന്നതും ഭക്തിരസ പ്രധാനവുമാര്‍ന്ന ഒരു ഗാനശാഖയായ ‘ബ്രാഹ്മണിപ്പാട്ട് ‘ എന്ന അനുഷ്ഠാനപാരമ്പര്യകലാരൂപത്തെ കേരളത്തിലെ അനുഷ്ഠാന കലാഭൂമികയില്‍ ഇന്ന് കാണുന്ന രീതിയില്‍ ഒരു സ്ഥാനമുറപ്പിച്ചതില്‍ ഇവരുടെ പങ്ക് വളരെ വലുതാണ്.  ചരിത്രത്തില്‍ ആദ്യമായി സംഗീത നാടക അക്കാദമിയുടെ 2010 ലെ ‘ഗുരുപൂജ’ അവാര്‍ഡും എ കെ പത്മിനി ബ്രാഹ്മണിയമ്മക്ക് ലഭിച്ചിരുന്നു. ഇതോടൊപ്പം മറ്റു പല അവാര്‍ഡുകളും സ്വന്തമാക്കിയതിനൊപ്പം ഇവര്‍ പല പ്രമുഖ സാംസ്കാരിക വേദികളിലും കലോത്സവങ്ങളിലും ബ്രാഹ്മണിപ്പാട്ട് അവതരിപ്പിക്കാറുണ്ട്. ഇതിനെല്ലാം പുറമേ ബ്രാഹ്മണിപ്പാട്ട് അവതരിപ്പിക്കാന്‍ ഒരു യുവതലമുറയെ വാര്‍ത്തെടുക്കുവാനും ബ്രാഹ്മണിയമ്മക്ക് സാധിച്ചു. ആധികാരികമായി ബ്രാഹമണിപ്പാട്ട്, ഭഗവതിപ്പാട്ട്, പോങ്ങൂരടി എന്നിവ ഏറ്റെടുത്ത് നടത്തിവരുന്നതു കൊണ്ടും ഈ അനുഷ്ഠാനകലയില്‍ നടത്തിയ സംഭവാനകളെ പരിഗണിച്ചു കൊണ്ടുമാണ് ഈ സംസ്ഥാന അവാര്‍ഡ് ലഭിച്ചത് .  മലപ്പുറം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ സി രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ പുഷ്പക സേവാ സംഘം അഖിലേന്ത്യാ പ്രസിഡന്റ് പ്രദീപ് ജ്യോതിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങിയത് .

ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മികച്ച വിജയവുമായി നാഷണല്‍ സ്കൂള്‍

ഇരിങ്ങാലക്കുട : ഹയര്‍ സെക്കണ്ടറി പരീക്ഷാഫലത്തില്‍ മികച്ച വിജയവുമായി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ മാതൃകയായി . 279 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 272 പേര്‍ വിജയിച്ച് 98% വിജയം നേടി ഇതില്‍  21 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി . ബയോളജി സയന്‍സ് വിദ്യാര്‍ത്ഥിയായ അലോക് പല്ലിശേരി 1200/1200 മാര്‍ക്ക് നേടി എന്നുള്ളതും വിജയത്തിന്റെ തിളക്കത്തിന് മാറ്റ് കൂടുന്ന ഒന്നാണ് .

സ്പെല്‍ എന്‍ റൈറ്റ് മത്സരത്തില്‍ ഒന്നാം സ്ഥാനം ലക്ഷ്മി മുരളീധരന്

ഇരിങ്ങാലക്കുട : ആലുവയില്‍ നടന്ന സംസ്ഥാനതല സ്പെല്‍ എന്‍ റൈറ്റ് മത്സരത്തില്‍ കാറ്റഗറി അഞ്ചില്‍ ഒന്നാം സ്ഥാനത്തിന് ഭാരതീയ വിദ്യാഭവന്‍ വിദ്യാമന്ദിറിലെ ലക്ഷ്മി മുരളീധരന്‍ അര്‍ഹയായി. ഇരിങ്ങാലക്കുട തെക്കേ നടയില്‍ മുരളീധരന്റെയും ശ്രീവിദ്യയുടെയും മകളാണ് ലക്ഷ്മി.

അഖില കേരള കര്‍ണാടകസംഗീത മത്സര വിജയികളെ സ്വാതിതിരുനാള്‍ സംഗീത വേദിയില്‍ ആദരിക്കും

ഇരിങ്ങാലക്കുട : നാദോപാസന സംഗീത സദസും സുന്ദരനാരായണ ഗീതാഞ്ജലി ട്രസ്റിന്റെയും ആഭിമുഖ്യത്തില്‍ നടന്ന അഖില കേരള കര്‍ണാടക സംഗീത മത്സരത്തില്‍ സീനിയര്‍ വിഭാഗം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കു ആര്‍ കൃഷ്ണമൂര്‍ത്തി കൊല്ലം , പെട്രീസാ സാബു, മൂവാറ്റുപുഴ പൂജ നാരായണന്‍ എന്നിവര്‍ അര്‍ഹരായി. ജൂനിയര്‍ വിഭാഗത്തില്‍ കൃതിക എസ് , ആദിത്യ ദേവ് പൂത്തൂര്‍ കുളം , ആതിര പൊന്നാനി എന്നിവരും അര്‍ഹരായി . സീനിയര്‍ വിഭാഗത്തിന് ഗുരുവായൂരപ്പന്‍ ഗാനാഞ്ജലി പുരസ്കാരവും, 10 ,000 രൂപയും , സര്‍ട്ടിഫിക്കറ്റും നല്‍കും.  രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കു 7000 രൂപയും 5000 രൂപയുമാണ് സമ്മാനതുക. സമ്മാനദാനം ഏപ്രില്‍ 20 നു വൈകിട്ട് 6 മണിക്ക് കൂടല്‍മാണിക്യം കിഴക്കേ ഗോപുരത്തിന് മുമ്പില്‍ പ്രത്യേകം സജ്ജമാക്കിയ സ്വാതിതിരുനാള്‍ സംഗീത വേദിയില്‍ നടക്കും .

കൂടിയാട്ടം കലാകാരി കപില വേണുവിന്‌ രാഷ്‌ട്രീയ കുമാര്‍ ഗന്ധര്‍വ്വ്‌ പുരസ്‌കാരം സമ്മാനിച്ചു

ഇന്‍ഡോര്‍ :  മദ്ധ്യപ്രദേശ്‌ സര്‍ക്കാര്‍ നല്‍കുന്ന രാഷ്‌ട്രീയ കുമാര്‍ ഗന്ധര്‍വ്വ്‌ പുരസ്‌കാരം കൂടിയാട്ടം കലാകാരി കപില വേണുവിന്‌ ദേവാസിലെ മല്‍ഹാര്‍ സ്‌മൃതി മണ്‌ഡപത്തില്‍ വച്ച്‌ നല്‍കി ആദരിച്ചു. വിഖ്യാത ഗായകന്‍ കുമാര്‍ ഗന്ധര്‍വ്വിന്റെ പുത്രി കലാപിനി കോംകരി അംഗവസ്‌ത്രവും കീര്‍ത്തി മുദ്രയും നല്‍കി. മദ്ധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിങ്‌ ചൗഹാന്റെ പ്രശസ്‌തി പത്രം അദ്ദേഹത്തിനായി ദേവാസ്‌ ജില്ലാ കളക്‌ടര്‍ അശുതോഷ്‌ അവസ്‌തിയും നല്‍കി. 1.25 ലക്ഷം രൂപയാണ്‌ ബഹുമതിയോടൊപ്പം നല്‍കിയത്‌. ഇന്‍ഡോറിലെ മലയാളി സമാജം ദേവാസിലെ അയ്യപ്പക്ഷേത്രം എന്നിവിടങ്ങളില്‍ കപില വേണുവിന്‌ സ്വീകരണം നല്‍കി.  ഉസ്‌താദ്‌ ബഹാവുദ്ദീന്‍ ഡാഗര്‍ (രുദ്രവീണ), മഞ്‌ജരി അസ്‌നാരെ കേല്‍ക്കര്‍, മഞ്‌ജുഷ കുല്‍ക്കര്‍ണി പട്ടീല്‍ (ഹിന്ദുസ്ഥാനി ശാസ്‌ത്രീയ സംഗീതം) എന്നിവരാണ് പുരസ്‌കാരം പങ്കിട്ട മറ്റു കലാകാരന്‍മാര്‍ .

സംഗീതത്തില്‍ മാത്രം കേന്ദ്രീകരിച്ച്‌ നല്‍കി വന്നിരുന്ന ഈ പുരസ്‌കാരം ഇദംപ്രഥമമായിട്ടാണ്‌ ഒരു നാട്യകലാകാരിക്ക്‌ നല്‍കുന്നത്‌. ഗുരു അമ്മന്നൂര്‍ മാധവചാക്യാരുടെ ശിഷ്യത്വം സ്വീകരിച്ച്‌ ഇരിങ്ങാലക്കുട അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ സ്‌മാരക ഗുരുകുലത്തിലും നടനകൈരളിയിലും കൂടിയാട്ടവും നങ്ങ്യാര്‍കൂത്തും അഭ്യസിച്ച കപില കൂടിയാട്ടം ആചാര്യന്‍ വേണുജിയുടെയും മോഹിനിയാട്ടം ഗുരു നിര്‍മ്മലാ പണിക്കരുടെയും പുത്രിയാണ്‌. നിര്‍മ്മലാ പണിക്കരുടെ കീഴില്‍ മോഹിനിയാട്ടം പരിശീലിച്ച കപില അമ്മന്നൂര്‍ കുട്ടന്‍ചാക്യാര്‍, ഉഷാ നങ്ങ്യാര്‍, കിടങ്ങൂര്‍ രാമചാക്യാര്‍ എന്നിവരുടെ കീഴിലും കൂടിയാട്ട പരിശീലനം നേടിയിട്ടു്‌. ജപ്പാനിലെ നാട്യാചാര്യന്‍ മിന്‍ തനാകയുടെ അവാന്ത്‌-ഗാര്‍ഡ്‌ അഭിനയ പരിശീലനത്തിന്റെ ശില്‍പ്പശാലകളില്‍ അഞ്ച്‌ കൊല്ലം പങ്കെടുത്ത കപില സ്വീഡന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന വേള്‍ഡ്‌ തിയേറ്റര്‍ പ്രൊജക്‌ടിലെയും സജീവ അംഗമായിരുന്നു.  read more …

Top
Close
Menu Title