News

Archive for: August 17th, 2017

മുരിയാട് വെള്ളിലംകുന്ന് കോളനിയില്‍ സി. പി. എം-ബി. ജെ. പി. സംഘര്‍ഷം, നിരവധി പേര്‍ക്ക് പരിക്ക്

മുരിയാട് : വെള്ളിലംകുന്ന് കോളനിയില്‍ സി. പി. എം – ബി. ജെ. പി. സംഘര്‍ഷം. സംഘര്‍ഷത്തില്‍ എഴ് സി. പി. എം പ്രവര്‍ത്തകര്‍ക്കും, ആറ് ബി. ജെ. പി പ്രവര്‍ത്തകര്‍ക്കും പരിക്ക്. ഞാറാഴ്ച ഉച്ചതിരിഞ്ഞ് മുന്നു മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ സി. പി. എം. പ്രവര്‍ത്തകരായ വെള്ളിലംകുന്ന് കോളനി കൊട്ടാമ്പിള്‌ലി വീട്ടില്‍ പുഷ്പാകരന്‍, ഭാര്യ ഗിരിജ, അമ്മ അമ്മിണി, മകന്‍ മിഥുന്‍, സഹോദരന്റെ മക്കളായ അജിത്ത്, ആദിത്ത എന്നിവരെ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫുട്‌ബോളിനെ കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബി. ജെ. പി. പ്രവര്‍ത്തകര്‍ വീടു കയറി ആക്രമിക്കുകയായിരുന്നുവെന്ന് സി. പി. എം. പ്രവര്‍ത്തകര്‍ ആരോപിച്ചു.

സംഘട്ടനത്തില്‍ പരിക്കേറ്റ ബി. ജെ. പി. പ്രവര്‍ത്തകനായ വെള്ളിലംകുന്ന് ചാത്തറാട്ടില്‍ ശ്രീലാലിനെ വിദഗ്ദ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിക്കേറ്റ ബി. ജെ. പി പ്രവര്‍ത്തകരായ ആനന്ദപുരം ചക്കുങ്ങല്‍ അഭിലാഷ്, വെള്ളിലംകുന്ന് തോട്ടപുറത്ത് വീട്ടില്‍ സനീഷ്, ചാത്തറാട്ടില്‍ സുര്‍ജിത്ത്, ജിത്തു, നെടുമ്പുള്ളി നിജില്‍ എന്നിവരെ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ സ്ലാബ് ഇളക്കിയതുമായി ബന്ധപ്പെട്ട് യുവാക്കളുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സി. പി. എം. പ്രവര്‍ത്തകര്‍ സംഘടിതമായി ആക്രമിക്കുകയായിരുന്നുവെന്ന് ബി. ജെ. പി. പ്രവര്‍ത്തകര്‍ ആരോപിച്ചു.

മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദേവാലയ തിരുനാള്‍ ആഘോഷിച്ചു

മാപ്രാണം : ചരിത്ര പ്രസിദ്ധമായ മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദേവാലയത്തിലെ വി.സെബസ്ത്യാനോസിന്റെ തിരുനാള്‍ സമുചിതമായി ആഘോഷിച്ചു.14 സമുദായങ്ങളുടെ അമ്പ് പ്രദക്ഷിണങ്ങളും വാദ്യമേളങ്ങളോടെ ശനിയാഴ്ച രാത്രി 10.30-ന് പളളിയില്‍ സമാപിച്ചു .ഞായറാഴ്ച രാവിലെ ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് റവ. ഫാ. ജോബ് വടക്കന്‍ പ്രധാന കാര്‍മ്മികത്വം വഹിച്ചു. റവ. ഫാ. ജൂലിയസ് അറയ്ക്കല്‍ തിരുനാള്‍ സന്ദേശം നല്‍കി. അനേകം പൊന്‍കുരിശുകളുടെ അകമ്പടികളോടെ ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തിന് വികാരിയും റെക്ടറുമായ റവ. ഫാ. ജോജോ ആന്റണി തൊടുപറമ്പില്‍, അസി. വികാരി ഫാ. അനൂപ് കോലംങ്കണി, ട്രസ്റ്റിമാരായ ഫ്രാസീസി പളളിത്തറ, ജോസഫ് തെങ്ങോലപറമ്പില്‍, ജോസന്‍ നായങ്കര എന്നിവര്‍ നേതൃത്വം നല്‍കി.

കൂടിയാട്ട മഹോത്സവത്തിന് മാധവനാട്യഭൂമിയില്‍ തുടക്കമായി

ഇരിങ്ങാലക്കുട : അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍ സ്മാരക ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 30- ാം കൂടിയാട്ട മഹോത്സവത്തിന് ഞായറാഴ്ച മാധവനാട്യഭൂമിയില്‍ തുടക്കമായി. ഗുരു അമ്മന്നൂര്‍ മാധവചാക്യാരുടെ ജന്മശതാബ്ദി വര്‍ഷമാണ് ഇത്. അതിനാല്‍ മാധവചാക്യാര്‍ ആട്ടപ്രകാരമെഴുതി സംവിധാനം ചെയ്ത കൂടിയാട്ടങ്ങള്‍ക്ക് പ്രാധാന്യവും നാട്യശാസ്ത്രത്തിന്റെ വ്യാഖ്യാനം അഭിനവഭാരതിയെ അടിസ്ഥാനമാക്കി നടത്തിവരുന്ന പ്രഭാഷണ പരമ്പരയില്‍ നങ്ങ്യാര്‍കൂത്ത് സമ്പൂര്‍ണ്ണാവതരണങ്ങളുടെ തുടര്‍ച്ചയും മഹോത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗുരുകുലം കുലപതി വേണുജി കൂടിയാട്ട മഹോത്സവം ഉദ്ഘാടനം ചെയ്തു. ഗുരുകുലം പ്രസിഡണ്ട് അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍ അദ്ധ്യക്ഷനായിരുന്നു. മുനിസിപ്പൽ കൗൺസിലര്‍ സന്തോഷ് ബോബന്‍ ആശംസ നേര്‍ന്നു . എടനാട് രാമചന്ദ്രന്‍ നമ്പ്യാര്‍ പരമേശ്വരചാക്യാര്‍ അനുസ്മരണം നടത്തി . അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍ സ്മാരക ഗുരുകുലം വൈസ് പ്രസിഡന്റ് കലാമണ്ഡലം രാജീവ് സ്വാഗതവും സെക്രട്ടറി കലാമണ്ഡലം നാരായണന്‍ നാമ്പിയാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പരശുരാമവിജയം കൂടിയാട്ടം അരങ്ങേറും. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ പരശുരാമനായും സൂരജ്‌നമ്പ്യാര്‍ ശ്രീരാമനായും മാധവ്ചാക്യാര്‍ ലക്ഷ്മണനായും രംഗത്തെത്തും.

ദനഹാ ഫെസ്റ്റില്‍ വിചിത്ര ഇനം മല്‍സ്യങ്ങളുടെ പ്രദര്‍ശനം ശ്രദ്ധയാകര്‍ഷിക്കുന്നു

ഇരിങ്ങാലക്കുട : ദനഹാ ഫെസ്റ്റിലെ അപൂര്‍വ്വ വിദേശ ഇനം മല്‍സ്യങ്ങളുടെ പ്രദര്‍ശനം പ്രത്യേകം ശ്രദ്ധയാകര്‍ശിക്കുന്നു. തായ്‌ലറ്റ് ബീറ്റ ഫിഷ്, മൊറയ് ഈല്‍, ഗ്ലാന്റ് ഗൗരാമി, അരോവ, ഗര്‍വിഷ്, ട്രിഗര്‍ഫിഷ് തുടങ്ങി പല അപൂര്‍വ ഇനം മല്‍സ്യങ്ങളുടെ ശേഖരമാണ് ദനഹാ ഫെസ്റ്റിലുള്ളത്. തായ്‌ലന്റില്‍ നിന്നും നേരിട്ട് ഇറക്കുമതി ചെയ്ത മല്‍സ്യങ്ങളാണ് തായ്‌ലന്റ് ഫിഷ്, 6.5 സെന്റീ മീൂറ്റര്‍ വരെ ഈ മല്‍സ്യം വളരും. കടലില്‍ ജീവിക്കുന്ന മൊറായ് ഈല്‍ മല്‍സ്യങ്ങള്‍ മനുഷ്യരെ പോലും ഭയപ്പെടുത്തുന്നവയാണ്. ഗ്ലാന്റ് ഗൗരാമി ഇനത്തില്‍പ്പെട്ട മല്‍സ്യങ്ങള്‍ തെക്കു കിഴക്കേ ഏഷ്യന്‍ രാജ്യങ്ങളശിലാണ് കാണപ്പെടുന്നത്. ഗര്‍ഫിഷ് ഇനം മല്‍സ്യങ്ങള്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലും കരീബിയന്‍ ദ്വീപുകളുലുമാണ് കാണുക. ഇവക്ക് വളരെ വലിയ ശരീരവും കൂര്‍ത്ത പല്ലുകളുമാണുള്ളത്. വിവിധ വലിപ്പത്തിലുള്ള നിരവധി അപൂര്‍ ഇനം മീനുകളുടെ ശേഖരമാണ് ദനഹാ ഫെസ്റ്റിലുള്ളത്. രാവിലെ ദിവസവും 11.30 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശന സമയം.

ഭിന്നശേഷിയുളള കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പ്

വെള്ളാങ്ങല്ലൂര്‍ : സര്‍വ്വശിക്ഷാ അഭിയാന്‍ വെള്ളാങ്കല്ലൂര്‍ ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുളള കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പ് ” നിറച്ചാര്‍ത്ത്” നടത്തി. കുട്ടികളുടെ സര്‍ഗാത്മക കഴിവുകളെയും പരീക്ഷണതല്പരതയും വളര്‍ത്തുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. രക്ഷിതാക്കള്‍ക്കും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയായിരുന്നു നിറചാര്‍ത്ത്. ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സമാപന സമ്മേളനം അഡ്വ. വി.ആര്‍. സുനില്‍ കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡസ്റ്റ് ഷാജി നക്കര, വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍, പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, വെള്ളാങ്കല്ലര്‍ ഗ്രാമ പഞ്ചാ്യത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വത്സല ബാബു, വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സന്‍ ലത വാസു, ബ്ലോക്ക് മെമ്പര്‍ വിജയലക്ഷമി, പടിയൂര്‍ പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് അംഗം സുധന്‍, K V രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ബി.ആര്‍ സി കോര്‍ഡിനേറ്റര്‍ വിക്രമന്‍ സ്വാഗതവും ട്രയ്നര്‍ ഫേബ നന്ദിയും പറഞ്ഞു.

ചേലൂര്‍ ഇടവക ദേവാലയ തിരുനാള്‍ ഭക്തിസാന്ദ്രം

ചേലൂര്‍ : ചേലൂര്‍ ഇടവക ദേവാലയത്തിലെ പരിശുദ്ധ അമലോത്ഭ മാതാവിന്റെ മദ്ധ്യസ്ഥ തിരുനാളിനും വി സെബസ്ത്യാനോസിന്റെ അമ്പ് തിരുനാളും ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു. ആഘോഷപരമായ തിരുനാള്‍ പാട്ട് കുര്‍ബാന ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍ ലാസര്‍ കുറ്റിക്കാടന്റെ നേതൃത്വത്തില്‍ നടന്നു . തുടര്‍ന്ന് ആലുവ സെമിനാരി റവ ഡോ സെബാസ്റ്റിയന്‍ പഞ്ഞിക്കാടന്‍ തിരുനാള്‍ സന്ദേശം നൽകി . 2:30 ന് പ്രദക്ഷിണം ആരംഭിച്ച് 7:30 ന് പള്ളിയില്‍ സമാപിക്കും . തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം വര്‍ണ്ണമഴ എന്നിവ ഉണ്ടായിരിക്കും.

നൂറുകണക്കിന് ഭക്തജനങ്ങളാണ് ആഘോഷപരമായ തിരുനാളില്‍ പങ്കെടുക്കാനും അനുഗ്രഹം നേടാനും പള്ളിയങ്കണത്തില്‍ എത്തിയത്. ചേലൂര്‍  തിരുനാള്‍  പ്രദക്ഷിണം  വൈകീട്ട് 6 മുതല്‍ 8:30 മണി വരെ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ തത്സമയം ഉണ്ടായിരിക്കും .

ശ്രീ കൂടല്‍മാണിക്യം സുപ്രഭാതം സി ഡി പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യ സുപ്രഭാതം സി ഡിയുടെ  പ്രകാശനം മുന്‍ ശബരിമല മേല്‍ശാന്തി ബ്രഹ്മശ്രീ ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി ക്ഷേത്രം തന്ത്രി ചെമ്മാപ്പിള്ളി നാരായണന്‍ നമ്പൂതിരിപ്പാടിന്  സി ഡി നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട വടക്കേ വാരിയത്ത് കൃഷ്ണദാസ് വാര്യര്‍ രചന നിര്‍വഹിച്ച  സുപ്രഭാതത്തിന്‍റെ പ്രകാശന ചടങ്ങ് പുതുവത്സര ദിനമായ ഞായറാഴ്ച രാവിലെ  ക്ഷേത്രം കിഴക്കേ നടപ്പുരയില്‍  രാജീവ് വാര്യരുടെ പ്രാത്ഥനയോടെ ആരംഭിച്ചു . കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ജഡ്ജ് വിജയ കുമാര്‍ , ഗായിക  ബേബി  ശ്രീറാം, കൂടല്‍മാണിക്യം ദേവസ്വം മെമ്പര്‍ വിനോദ് തറയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കെ ഉണ്ണികൃഷ്ണന്‍ സ്വാഗതവും കൃഷ്ണദാസ് വാര്യര്‍ നന്ദിയും അര്‍പ്പിച്ചു .

ആവേശമായി മുന്‍സിപ്പല്‍ ക്രിക്കറ്റ് ലീഗ് ജില്ലാതല ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലയിലെ മുഴുവന്‍ നഗരസഭകളിലെയും, കോര്‍പ്പറേഷനിലെയും, ജനപ്രതിനിധികളും ജീവനക്കാരും ഉള്‍പ്പെടുന്ന മുന്‍സിപ്പല്‍ ക്രിക്കറ്റ് ലീഗ്(MCL) 2017 ജില്ലാതല ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു.  അയ്യങ്കാവ് മൈതാനിയില്‍ ഞായറാഴ്ച രാവിലെ  ആരംഭിച്ച T20 ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍  ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനിലെ ടീമും പങ്കെടുക്കുന്നുണ്ട് . മല്‍സരങ്ങള്‍ക്ക്  മുന്‍സിപ്പല്‍ എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡന്റ് ഒ എന്‍ അജിത്കുമാര്‍, ട്രഷറര്‍ സി കെ നൗഷാദ്, സെക്രട്ടറി ഇ ബി വത്സകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു . സമാപനസമ്മേളനം ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന് ഇരിങ്ങാലക്കുട നഗരസഭാ മുന്‍സിപ്പല്‍ സെക്രട്ടറി ബീന എസ് കുമാര്‍ ജില്ലാടീമിനെ പ്രഖ്യാപിക്കും.

Top
Close
Menu Title