News

Archive for: August 17th, 2017

അഞ്ചുവയസ്സുകാരിയുടെ കയ്യില്‍ സല്‍ക്കാരത്തിനിടയില്‍ ഐസ്ക്രീം പുരട്ടി വളകളും മാലയുമായി അഞ്ച് പവന്‍ മോഷ്ടിച്ചു

ഇരിങ്ങാലക്കുട : വിവാഹ സല്‍ക്കാരം നടക്കുന്നതിനിടയില്‍ അഞ്ചുവയസ്സുള്ള പെണ്‍കുട്ടിയുടെ സ്വര്‍ണ്ണവളകളും മാലയുമായി അഞ്ചുപവന്‍ മോഷണം പോയി. ഇരിങ്ങാലക്കുട ആലേങ്ങാടന്‍ മാര്‍ട്ടിന്റെ മകളുടെ വളകളും മാലയുമാണ് മോഷ്ടിക്കപ്പെട്ടത്. ചൊവ്വാഴ്ച കത്തിഡ്രല്‍ പാരിഷ് ഹാളില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനിടയിലായിരുന്നു സംഭവം. കുട്ടിയും അമ്മയും ഐസ്‌ക്രീം കഴിച്ചുകൊണ്ടുനില്‍ക്കെ കുട്ടിയുടെ കൈയ്യില്‍ മറ്റൊരാളിന്റെ ഐസ്‌ക്രീം കൊണ്ട് വ്യത്തികേടായി. ഇതിനെ തുടര്‍ന്ന് വ്യത്തിയാക്കി നല്‍കാമെന്ന് അയാള്‍ അറിയിച്ചെങ്കിലും അവര്‍ അത് നിരാകരിച്ച് ബാത്ത് റൂമില്‍ ചെന്ന് കുട്ടിയെ വ്യത്തിയാക്കി. എന്നാല്‍ പിന്നിട് വീണ്ടും അയാള്‍ ഐസ്‌ക്രീം കൈയ്യിലാക്കി കഴുകിതരാമെന്ന വ്യാജേനെ കൊണ്ടുപോയിയാണ് മാലയും വളകളും ഊരിയെടുത്തതെന്ന് കുട്ടി പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട സി.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. എന്നാല്‍ ഹാളില്‍ സെക്യൂരിറ്റി കാമറ ഉണ്ടായിരുന്നില്ല. മോഷണം നടത്തിയ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം വിവാഹത്തിന് വന്നവരുടെ ക്യാമറയില്‍ നിന്നും പോലിസ് കണ്ടെത്തി. അന്തിക്കാട് അടക്കം ജില്ലയുടെ പലയിടത്തും ഇത്തരത്തില്‍ മോഷണം നടക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ അടുത്തുള്ള പോലിസ് സ്‌റ്റേഷനിലോ ഇരിങ്ങാലക്കുട സി.ഐയുടെയോ 9497987139 , എസ് ഐയുടെയോ 9497980533 നമ്പറിലോ അറിയിക്കേണ്ടതാണെന്ന് പോലിസ് പറഞ്ഞു.

ഇരിങ്ങാലക്കുടയില്‍ ബി എസ് എന്‍ എല്‍ പ്രീപെയ്ഡ് സിം സ്പോട്ട് ആക്ടിവേഷന്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട : പുതുവര്‍ഷം പ്രമാണിച്ച് ആധാര്‍ നമ്പറുമായി വന്നാല്‍ ബി എസ് എന്‍ എല്‍ പ്രീപെയ്ഡ് സിം ഉടനടി ആക്ടിവേഷന്‍ ചെയ്യുന്ന സംവിധാനം ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു. തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ,  ഫോറം പൂരിപ്പിക്കല്‍ തുടങ്ങിയവയെല്ലാം ഇനി ആവശ്യമില്ല. തമ്പ് ഇമ്പ്രെഷന്‍ മാത്രം നല്‍കിയാല്‍ ഉടന്‍ പുതിയ സിം ആക്ടിവേഷന്‍ ചെയ്യുന്ന സംവിധാനമാണ് നിലവില്‍ വന്നത്. റിയലന്‍സ് ജിയോ ഈ സംവിധാനം കൊണ്ടുവന്നതിന് പുറകേയാണ് ബി എസ് എന്‍ എല്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഈ രീതി നടപ്പിലാക്കിയത്.

ഇപ്പോള്‍ ഇരിങ്ങാലക്കുടയില്‍ നടക്കുന്ന ബി എസ് എന്‍ എല്‍ മേളയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ നിരക്കില്‍ കോളുകളും ഡാറ്റാ ഉപയോഗവും നല്‍കുന്ന സ്റ്റുഡന്‍റ് സ്‌പെഷ്യല്‍ ഓഫറുകള്‍ ലഭ്യമാണ്.

എഴുത്തച്ഛന്‍ ഭാഷയുടെയും കേരള സംസ്‌കാരത്തിന്റെയും പിതാവ് : എസ്.എസ്.ജയകുമാര്‍

ഇരിങ്ങാലക്കുട : തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള ഭാഷയുടെ മാത്രമല്ല കേരളീയ സംസ്‌കൃതിയുടെയും പിതാവെന്ന് അദ്ധ്യാപകനും സാഹിത്യനിരൂപകനുമായ എസ്.എസ്. ജയകുമാര്‍ പറഞ്ഞു. തപസ്യ കലാസാഹിത്യവേദി ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിയത്തില്‍ സംഘടിപ്പിച്ച തുഞ്ചന്‍ സ്മൃതി ദിനാചരണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എഴുത്തച്ഛനുമുമ്പ് മലയാള ഭാഷ ഉണ്ടെങ്കിലും സംസ്‌കൃത്തിനും തമിഴിനും പ്രധാന്യമുളള രണ്ടു ഭാഷാരീതികളില്‍ പോയിരുന്ന മലയാള സാഹിത്യത്തെ ഒരിടത്ത് സമ്മേളിപ്പിച്ച് രണ്ടുഭാഷയുടെയും സംസ്‌കാരത്തെ ഏകത്ര സമ്മേളിപ്പിച്ച് ഇന്നുകാണുന്ന മലയാളഭാഷയായി മനോഹരമാക്കി തീര്‍ത്തത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയാണ്. നവരസങ്ങളെ മനോഹരമായി ഭാഷയിലേക്ക് ആവാഹിച്ച ആചാര്യനായിരുന്നു എഴുത്തച്ഛന്‍. ഭാഷാപിതാവ് എന്നതിലുപരി കേരളീയ സംസ്‌കൃതിയുടെ ഉപജ്ഞാതാവുകൂടിയാണ് എഴുത്തച്ഛന്‍. 1498ല്‍ കേരള രാജനൈതീക രംഗത്ത് സുപ്രധാനമായ വര്‍ഷമാണ്. വാസ്‌ഗോഡ ഗാമ കാപ്പാട് കടപ്പുറത്ത് ഒരു കൈയില്‍ കുരിശും മറുകൈയില്‍ വാളുമായി ഇറങ്ങിയതും ഇക്കാലത്തായിരുന്നു. കേരളത്തില്‍ നാട്ടുരാജ്യങ്ങള്‍ തമ്മില്‍ കലഹിച്ചിരുന്ന കാലത്തായിരുന്നു സഗുന്ധദ്രവ്യങ്ങളില്‍ കണ്ണുനട്ട് അവരുടെ വരവ്. വാണിജ്യത്തിനായി വന്ന ഇവര്‍ ഇവിടെത്തെ അന്തച്ഛിദ്രം മുതലെടുത്ത് നമ്മുടെ മണ്ണിന്റെ അധികാരികളായി മാറി.

ഈ കാലഘട്ടത്തിലാണ് എഴുത്തച്ഛന്‍ ജീവിച്ചിരുന്നത്. രാഷ്ട്രീയമായും സാംസ്‌കാരികമായും പല ചേരികളായി അധഃപതിച്ചുകൊണ്ടിരുന്ന തെക്ക് മുതല്‍ വടക്കുവരെയുള്ള നാട്ടുരാജ്യങ്ങളെയും ജനങ്ങളെയും മധുരമായ ഭക്തിയിലൂടെ രാമകഥ അവതരിപ്പിച്ച് ഒന്നിപ്പിച്ച സാംസ്‌കാരികദൗത്യം ഏറ്റെടുത്ത ആചാര്യനായിരുന്നു എഴുത്തച്ഛന്‍. അതുകൊണ്ടു തന്നെ മലയാളഭാഷയുടെ മാത്രമല്ല കേരളത്തിന്റെ സാംസ്‌കാരത്തിന്റെ പിതാവുകൂടിയാണ് ആചാര്യനായ എഴുത്തച്ഛനെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ തപസ്യ സംസ്ഥാന സഹസംഘടന സെക്രട്ടറി സി.സി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ അമ്പിളി ജയന്‍, ജില്ല സംഘടന സെക്രട്ടറി കെ.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ വിനോദ് വാര്യര്‍ എന്നിവര്‍ സംസാരിച്ചു.

കൂടിയാട്ട മഹോത്സവത്തില്‍ പരശുരാമവിജയം കൂടിയാട്ടം അരങ്ങേറി

ഇരിങ്ങാലക്കുട : മാധവ നാട്ടിലെ ഭൂമിയില്‍ അമ്മന്നൂര്‍ ഗുരുകുലത്തിലെ ആഭിമുഖ്യത്തില്‍ നടക്കുന്ന 30- ാമത് കൂടിയാട്ട മഹോത്സവത്തില്‍ പരശുരാമ വിജയം കൂടിയാട്ടം അരങ്ങേറി. പ്രഗല്‍ഭ നടന്‍ അമ്മന്നൂര്‍ രജനീഷ് ചാക്യാരാണ് പരശുരാമവിജയം കൂടിയാട്ടത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പത്മഭൂഷണ്‍ ഗുരു അമ്മന്നൂര്‍ മാധവ ചാക്യാരുടെ അഭിനയ സാങ്കേതിക വശങ്ങള്‍ പരശുരാമ വിജയത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് രജനീഷ് സംവിധാനം നടത്തിയിരിക്കുന്നത്. രാമായണം കഥ കൂടിയാട്ടമായി ഉണ്ടെങ്കിലും പരശുരാമ വിജയം ഭാഗം ഇദം പ്രഥമമായിട്ടാണ് കൂടിയാട്ടത്തില്‍ അഭിനയിക്കുന്നത്. രജനീഷ് പരശുരാമനായും സൂരജ് നമ്പ്യാര്‍ ശ്രീരാമനായും മാധവ് ചാക്യാര്‍ ലക്ഷ്മണനായും പരശുരാമ വിജയത്തില്‍ അഭിനയിച്ചു.

അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ നടപ്പുര നവീകരിക്കുന്നു

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വം കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ കാലപ്പഴക്കം ചെന്ന നടപ്പുര നവീകരിക്കുന്നു. ജനുവരി 5 വ്യാഴാഴ്ച്ച രാവിലെ 6 മണിക്ക് ഗണപതി ഹോമം തുടര്‍ന്ന് തന്ത്രി ബ്രഹ്മശ്രീ നഗരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പ്രത്യേക പൂജയും കലശവും ഉണ്ടാകും. തുടര്‍ന്ന് 11:30 നും 12 നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതാണെന്ന് അയ്യങ്കാവ് നടപ്പുര നവീകരണ കമ്മിറ്റി അറിയിച്ചു.

സേവാഭാരതിയുടെ 10- ാം അന്നദാന വാര്‍ഷികം ജനുവരി 7ന്

ഇരിങ്ങാലക്കുട : സേവാഭാരതിയുടെ 10- ാം അന്നദാന വാര്‍ഷികം ജനുവരി 7 ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് ഇരിങ്ങാലക്കുട ഗായത്രി ഹാളില്‍ നടത്തുന്നു. അട്ടപ്പാടി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ സൂപ്രണ്ടും സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ വി നാരായണന്‍ ഉദ്‌ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ സേവാഭാരതി പ്രസിഡണ്ട് പി കെ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട കെ എസ് ഇ ലിമിറ്റഡ് ജനറല്‍ മാനേജര്‍ ആനന്ദ് മേനോന്‍, രാഷ്ട്രീയ സ്വയം സേവക സംഘം ഇരിങ്ങാലക്കുട ജില്ലാ സംഘചാലക് ഇ ബാലഗോപാല്‍, ഇരിങ്ങാലക്കുട സേവാഭാരതി മെഡി സെല്ലിലെ ഡോ ടി പി പ്രദീപ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും. 11 – ാം വര്‍ഷം ആരംഭിക്കുന്ന പുതിയ പദ്ധതി പ്രഖ്യാപനം ട്രെഷറര്‍ കെ ആര്‍ സുബ്രഹ്മണ്യനും അന്നദാന നിധിയിലേക്കുള്ള സംഭാവന സ്വീകരണം വൈസ് പ്രസിഡണ്ട് പി കെ ഭാസ്കരനും നിര്‍വഹിക്കും. തുടര്‍ന്ന് 6 മണി മുതല്‍ ഭക്തസൂര്‍ദാസ് ഭജനമണ്ഡലിയുടെ ഭജന്‍ സന്ധ്യയും ഉണ്ടായിരിക്കും.

സൗജന്യ രോഗ നിര്‍ണയ ക്യാമ്പ്

കോണത്ത്കുന്ന് : കടലായി മഹല്ല് & പ്രവാസി അസോസിയേഷന്റെ ( KM & PA ) ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ സഹകരണത്തോടെ കിഡ്നി – ഹൃദയ -രോഗ സാധ്യത നിര്‍ണയ ക്യാമ്പ് ജനുവരി 5 വ്യാഴാഴ്ച രാവിലെ 6 മണി മുതല്‍ ഓഫീസിലും ,രക്ത പരിശോധന ഫലവും, ‘ബോധവല്‍കരണ ക്ലാസ്സും ഉച്ചക്ക് 2 മണിക്ക് കടലായി അന്‍വാറുല്‍ ഇസ്ല്ലാം മദ്രസാ ഹാളിലും നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9745904485, 9496696443 എന്നീ നമ്പറുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യുക.

അത്താണി പുരുഷ സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ കൊയ്ത്തുത്സവം നടത്തി

വേളൂക്കര : വര്‍ഷങ്ങളോളം തരിശുകിടന്നിരുന്ന ഭൂമിയിലെ ജൈവകൃഷി വിളവെടുപ്പ് നടത്തി. വേളൂക്കര ഗ്രാമപഞ്ചായത്തിലെ കണ്ണ്‌കെട്ടിച്ചിറ വഴക്കിലിചിറ ഇരുപ്പൂപാടശേഖരത്തില്‍ തരിശുകിടന്നിരുന്ന അഞ്ചേക്കറോളം പാടശേഖരത്തിലാണ് അത്താണി പുരുഷ സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ ജൈവനെല്‍കൃഷിയിറക്കിയത്. പുതുവത്സരത്തില്‍ നടന്ന വിളവെടുപ്പിന് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര തിലകന്‍, വാര്‍ഡ് മെമ്പര്‍മാരായ ഷാറ്റോ കുരിയന്‍, ഷീജ ഉണ്ണികൃഷ്ണന്‍, മനോജ്, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് അംഗം തോമസ് കോലങ്കണ്ണി, ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ എം.ആര്‍ തമ്പി എന്നിവര്‍ നേതൃത്വം നല്‍കി. വാര്‍ഡ് മെമ്പര്‍ ഷാറ്റോ കുര്യന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ജൈവ നെല്‍കൃഷി വ്യാപനത്തിന്റെ ഭാഗമായിട്ടാണ് ഇത് നടപ്പിലാക്കിയത്. സുഭാഷ് പലേക്കര്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള ചിലവില്ലാത്ത കൃഷിരീതിയാണ് അവലംബിച്ചിരിക്കുന്നത്. ജനങ്ങളുടെ ഭക്ഷ്യസുരക്ഷയുടെ ഭാഗമായി വിഷവിമുക്ത നെല്‍കൃഷിയെന്ന സന്ദേശമുയര്‍ത്തിയാണ് ജൈവകൃഷി ഒരുക്കിയത്.

പുതുവത്സരത്തിനോടനുബന്ധിച്ചു കൊരമ്പ്‌ മൃദംഗകളരിയില്‍ മൃദംഗമേളയും സംഗീതക്കച്ചേരിയും നടത്തി

ഇരിങ്ങാലക്കുട : പുതുവത്സരത്തിനോടനുബന്ധിച്ചു കൊരമ്പ്‌ മൃദംഗകളരിയില്‍ മൃദംഗമേളയും സംഗീതക്കച്ചേരിയും നടത്തി. 30 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത ചടങ്ങില്‍ ശ്രുതി ശങ്കര്‍ അവതരിപ്പിച്ച സംഗീതക്കച്ചേരിയില്‍ അമേരിക്കയില്‍ നിന്നും ഓണ്‍ലൈന്‍ വഴി വിദ്യാര്‍ഥികള്‍ മൃദംഗത്തില്‍ പക്കമേളം വായിച്ചു. കൂടാതെ ബഹറിനില്‍ നിന്നും ഓണ്‍ലൈനില്‍ അവതരിപ്പിച്ച സംഗീതക്കച്ചേരിക്ക് കളരിയിലെ വിദ്യാര്‍ഥികള്‍ മൃദംഗം വായിച്ചതും പരിപാടിക്ക് മാറ്റുകൂട്ടി. സംഗീതകച്ചേരിക്ക് വിക്രമന്‍ നമ്പൂതിരി നേതൃത്വം നല്‍കി.

കുടുംബശ്രീ സി ഡി എസ് 1 ന്റെ 18- ാം വാര്‍ഷികാഘോഷം

ഇരിങ്ങാലക്കുട : നഗരസഭാ കുടുംബശ്രീ സി ഡി എസ് 1 ന്റെ 18- ാം വാര്‍ഷികാഘോഷം നഗരസഭാ ടൗണ്‍ ഹാളില്‍ ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ ഉദ്‌ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്സണ്‍ ലത സുധാകരന്റെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്മ്യ ഷിജു മുഖ്യാതിഥി ആയിരുന്നു. എസ് എസ് എല്‍ സി, പ്ലസ് ടു വിഭാഗത്തില്‍ ഫുള്‍ A+ ലഭിച്ച കുട്ടികള്‍ക്കും, പൊലിവ് കാര്‍ഷിക പുനരാവിഷ്കരണ പദ്ധതി വിജയികള്‍ക്കും ചെയര്‍പേഴ്സണ്‍ നിമ്മ്യ ഷിജു സമ്മാനങ്ങള്‍ നല്‍കി. യോഗത്തില്‍ സി വി എസ് വൈസ് ചെയര്‍പേഴ്സണ്‍ പുഷ്‌പാവതി സ്വാഗതവും, സി ഡി എസ് മെമ്പര്‍ സെക്രട്ടറി ദീപ്തി എ കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ മിഷന്‍ അസി-കോ-ഓര്‍ഡിനേറ്റര്‍ വിനീത മുഖ്യപ്രഭാഷണം നടത്തി. കണ്‍വീനര്‍ ശ്രീമതി ലതസുരേഷ് നന്ദി പറഞ്ഞു. പിന്നീട് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികള്‍ നടന്നു.

തപസ്യ പാരമ്പര്യരീതിയില്‍ സംഘടിപ്പിക്കുന്ന തിരുവാതിര മഹോത്സവം ജനുവരി 10, 11 തിയതികളില്‍

ഇരിങ്ങാലക്കുട : തപസ്യ കലാസഹിത്യവേദി  പാരമ്പര്യരീതിയില്‍ സംഘടിപ്പിക്കുന്ന തിരുവാതിര മഹോത്സവം ജനുവരി 10, 11 തിയതികളിലായി ശ്രീ കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ പറമ്പില്‍ നടക്കും. ജനുവരി 10 ന് ശക്തി നിവാസില്‍ പാരമ്പര്യ രീതിയില്‍ നടത്തുന്ന എട്ടങ്ങാടി ചടങ്ങ് നടക്കും. 11 ന് വൈകീട്ട് 6 മണി മുതല്‍ തിരുവാതിര ആഘോഷം ആരംഭിക്കും. വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തിരുവാതിര സംഘങ്ങള്‍ നടത്തുന്ന തിരുവാതിരകളി  നടക്കും. രാത്രി 12 മണിയോടുകൂടി പാരമ്പര്യതിരുവാതിര ചടങ്ങുകള്‍ ആരംഭിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും തിരുവാതിര ഭക്ഷണവും ഉണ്ടായിരിക്കും.

Top
Close
Menu Title