News

Archive for: August 17th, 2017

അരിപ്പാലം ഭൂവനേശ്വരി വിദ്യാനികേതന്‍ സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം

അരിപ്പാലം: ഭൂവനേശ്വരി വിദ്യാനികേതന്‍ സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. സ്‌കൂളിലെ കുട്ടികള്‍ കൈകഴുകുന്ന ടാപ്പുകള്‍ പൂര്‍ണ്ണമായും തല്ലിതകര്‍ത്തു. ശുചിമുറിയിലേയ്ക്കുള്ള പൈപ്പുകണക്ഷന്‍ തകര്‍ക്കുകയും ബക്കറ്റുകളും നശിപ്പിക്കുകയും ചെയ്തു. ചെറിയ കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന കളിക്കോപ്പുകളും വലിച്ചെറിഞ്ഞ് നശിപ്പിച്ച നിലയിലാണ്. ക്രിസ്തുമസ്സ് അവധി കഴിഞ്ഞ് ചൊവ്വാഴ്ച സ്‌കൂള്‍ തുറന്നപ്പോഴാണ് സംഭവം അധ്യാപകരും വിദ്യാര്‍ത്ഥികളും കണ്ടത്. കുട്ടികള്‍ ഉപയോഗിക്കുന്ന ശുചിമുറിയുടെ അകത്ത് കുപ്പിയുടെ ചില്ലുകള്‍ വാരിയിട്ട് ഉപയോഗശൂന്യമാക്കിയ നിലയിലായിരുന്നു. ആദ്യമായിട്ടാണ് സ്‌കൂളിന് നേരെ ഇത്തരത്തില്‍ ഒരു സംഭവം. സമാധാനാന്തരിക്ഷത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന വിദ്യാലയത്തില്‍ അക്രമം അഴിച്ചുവിട്ട് കുട്ടികളില്‍ ഭീതി ജനിപ്പിക്കാനാണ് സാമൂഹ്യവിരുദ്ധരുടെ ശ്രമമെന്ന് സ്‌കൂള്‍ സെക്രട്ടറി പി.എസ് ശ്രീജിത്ത് പറഞ്ഞു. സംഭവത്തില്‍ അദ്ധ്യാപകരും രക്ഷിതാക്കളും പ്രതിഷേധിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ സെക്രട്ടറി കാട്ടൂര്‍ എസ്.ഐയ്ക്ക് പരാതി നല്‍കി.

വലിയങ്ങാടി സ്പെക്ടക്കുലര്‍ ലൈറ്റ് ആന്റ് സ്ട്രീറ്റ് ഫെസ്റ്റിവെല്‍ തത്സമയ സംപ്രേക്ഷണം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ വൈകീട്ട് 7:15 മുതല്‍ ഉണ്ടായിരിക്കുന്നതാണ്.

പിണ്ടിപ്പെരുന്നാളിനോട്  അനുബന്ധിച്ചുള്ള വലിയങ്ങാടി സ്പെക്ടക്കുലര്‍ ലൈറ്റ് ആന്റ് സ്ട്രീറ്റ് ഫെസ്റ്റിവെല്‍ തത്സമയ സംപ്രേക്ഷണം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ വൈകീട്ട് 7 :15 മുതല്‍ ഉണ്ടായിരിക്കുന്നതാണ്.  click here to WATCH LIVE

അമ്മന്നൂര്‍ കൂടിയാട്ട മഹോത്സവത്തില്‍ പര്‍ണ്ണശാലാങ്കം കൂടിയാട്ടം അരങ്ങേറി


ഇരിങ്ങാലക്കുട : അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കൂടിയാട്ട മഹോത്സവത്തില്‍ ഗുരു അമ്മന്നൂര്‍ മാധവചാക്യാര്‍ സംവിധാനം ചെയ്ത പര്‍ണ്ണശാലങ്കം കൂടിയാട്ടം അരങ്ങേറി. കൂടിയാട്ടത്തില്‍ പൊതിയില്‍ രഞ്ജിത്ത് ചാക്യാര്‍ ലക്ഷ്മണനെയും ഡോ അപര്‍ണ്ണ നങ്യാര്‍ ലളിതയേയും അവതരിപ്പിച്ചു. മാധവനാട്യഭൂമിയില്‍ കാലടി ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാലയിലെ സാഹിത്യവിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ കെ എം സംഗമേശ്വരന്‍ മാധവചാക്യാര്‍ ജന്മശതാബ്‌ദി പ്രഭാഷണ പരമ്പരയില്‍ അഭിനവ ഭാരതിയെ അടിസ്ഥാനമാക്കി ശാന്തരസം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

മോഷണക്കേസില്‍ അസം സ്വദേശി അറസ്റ്റില്‍

ഇരിങ്ങാലക്കുട : മുരിയാട് കശുവണ്ടി കമ്പനിയില്‍ നിന്നും യന്ത്ര സാമഗ്രികള്‍ മോഷ്ടിച്ച അസം സ്വദേശി ജോഹര്‍ അലി(26)യെ ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ് കുമാറും സംഘവും കരുവന്നൂരില്‍ നിന്നും പിടികൂടി. പുതുവത്സരദിനത്തില്‍ രാത്രി 12 മണിയോടെയാണ് മുരിയാട് കശുവണ്ടി കമ്പനിക്ക് അകത്ത് അതിക്രമിച്ച് കയറി യന്ത്ര സാമഗ്രികള്‍ അഴിച്ചെടുത്ത് മോഷ്ടാവ് താമസിക്കുന്ന കരുവന്നൂരിലെ താമസസ്ഥലത്ത് ഒളിച്ച് വെക്കുകയായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സ്വദേശമായ അസമിലും അനവധി മോഷണ കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസിനോട് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുടയിലും പരിസരങ്ങളിലും അടുത്തിടെ നടന്ന മോഷണ കേസുകളിലും ഇയാളുടെ പങ്കിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കരുവന്നൂരിലെ ഇരുമ്പ് കച്ചവട സ്ഥാപനത്തില്‍ ഒരു വര്‍ഷമായി ജോലി ചെയ്തുവരുന്ന മോഷ്ടാവ് രാത്രികാലങ്ങളില്‍ മോഷണത്തിന് ഇറങ്ങുന്നതാണ് പതിവ്. മോഷ്ടിച്ച് കിട്ടുന്ന പണം മദ്യപാനത്തിനും ആര്‍ഭാട ജീവിതത്തിനുമാണ് ഇയാള്‍ ഉപയോഗിക്കുന്നത്. കേടായ മോട്ടറുകളും മറ്റ് യന്ത്രങ്ങളും റിപ്പയര്‍ ചെയ്യുന്നതില്‍ ഇയാള്‍ വിദഗ്ദ്ധനാണ്. ഇരിങ്ങാലക്കുട എസ് ഐ വി പി സിബീഷ്, സീനിയര്‍ സി പി ഒ മാരായ മുരുകേഷ് കടവത്ത്, അനീഷ് കുമാര്‍, എ വി വിനോഷ്, വി എന്‍ പ്രശാന്ത് കുമാര്‍ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

സെന്റ് ജോസഫ്‌സ് കോളേജില്‍ ടെക്ട്രിക്സ് 2k17

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ജനുവരി 4 ന് രാവിലെ 9:30 ന് സ്കൂള്‍/കോളേജ് തല വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് 5000, 3000, 2000, രൂപയുടെ ക്യാഷ് പ്രൈസും ട്രോഫികളും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 9746035005

ശബ്‌ദമില്ലാത്തവരുടെ ഹ്രസ്വ ചിത്രങ്ങള്‍ക്ക് വീണ്ടും അംഗീകാരം

ഇരിങ്ങാലക്കുട : ശബ്‌ദമില്ലാത്തവരുടെ സൗഹൃദവും അവരുടെ സന്തോഷവും സങ്കടവുമെല്ലാം ചേര്‍ന്നൊരുക്കിയ ഹ്രസ്വ ചിത്രങ്ങള്‍ക്ക് വീണ്ടും അംഗീകാരം ലഭിച്ചു. ബാംഗ്ലൂരില്‍ നടന്ന നാലാമത് ഇന്റര്‍നാഷണല്‍ ഡെഫ് ഫിലിം ഫെസ്റ്റിവലിലാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. അഭിനയിച്ചവരും പിന്നണി പ്രവര്‍ത്തകരുമെല്ലാം കേള്‍വി കുറവുള്ളവരും സംസാരശേഷി ഇല്ലാത്തവരുമാണെന്നതാണ് ഈ ചിത്രങ്ങളെ ശ്രദ്ധേയമാക്കുന്നത്. ഇരിങ്ങാലക്കുട സ്വദേശി ആലപ്പാട്ട് മിജോ ജോസും സുഹൃത്തുക്കളും ഒരുക്കിയ നാല് ചിത്രങ്ങള്‍ 2016 ഡിസംബര്‍ 28, 29, 30, എന്നീ ദിവസങ്ങളില്‍ നടത്തിയ ഡെഫ്  ഫെസ്റ്റിവലില്‍ അംഗീകാരം നേടിയത്. ഒരു മിനിറ്റ് കാറ്റഗറിയില്‍ ” പി എസ് സി ” എന്ന ചിത്രവും 5 മിനിറ്റ് കാറ്റഗറിയില്‍ “ജോലികിട്ടി” എന്നചിത്രവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 15 മിനിറ്റ് കാറ്റഗറിയില്‍ “ഐ എസ് എല്‍ കേരള ” എന്ന ചിത്രവും മുപ്പത് മിനിറ്റ് കാറ്റഗറിയില്‍ വിരിഞ്ഞ കുട എന്ന ചിത്രവും രണ്ടാം സ്ഥാനം നേടി.

സംസാരിക്കാത്തവരുടെ ഈ കൂട്ടായ്മയില്‍ ഇരിങ്ങാലക്കുടയില്‍ സ്റ്റുഡിയോ നടത്തുന്ന മിജോക്ക് മാത്രമാണ് അല്‍പ്പമെങ്കിലും സംസാരിക്കാന്‍ കഴിയുന്നത്. എല്ലാവര്‍ക്കും ഇയര്‍ ഫോണിന്റെ സഹായത്തോടെ മാത്രമാണ് കേള്‍ക്കാന്‍ സാധിക്കുന്നത്. നാല് ചിത്രങ്ങളുടെയും കഥയും തിരക്കഥയും സംവിധാനവും ചെയ്ത മിജോ സുഹൃത്തുക്കളോടൊപ്പം അവയില്‍ അഭിനയിക്കുകയും എഡിറ്റിംഗ് നിര്‍വഹിക്കുകയും ചെയ്തു. വിഷ്ണു കിഷന്‍, വിപിന്‍, ബിബിന്‍, ഷാലത്ത്, അമൃത, ഹെന്‍ട്രി എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

ദനഹാത്തിരുനാള്‍ ജനുവരി 8 ന് : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഇരിങ്ങാലക്കുട : ദനഹാത്തിരുനാളിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കത്തീഡ്രല്‍ വികാരി ഫാ.ജോയ് കടമ്പാട്ട് പത്രസമ്മേളനത്തില്‍ അറിയിച്ചു. വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ ആരംഭിച്ചു. ജനുവരി 7,8,9 തിയ്യതികളിലാണ് ഈ വര്‍ഷത്തെ ദനഹാതിരുനാള്‍. വിശ്വാസികള്‍ക്കായി പതിനായിരക്കണക്കിന് നേര്‍ച്ചപൊരിയുടെ പായ്ക്കറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്. തിരുനാളിനൊരുക്കമായുള്ള നൊവേന ഡിസംബര്‍ 30 മുതല്‍ ആരംഭിച്ചു. എല്ലാ ദിവസവും വൈകീട്ട് അഞ്ച് മണിക്ക് വി.കുര്‍ബ്ബാന, ലദീഞ്ഞ്, നൊവേന എന്നിവ നടന്നു കൊണ്ടിരിക്കുന്നു. ജനുവരി 4 ബുധനാഴ്ച്ച രാവിലെ 6.40 ന് തിരുനാള്‍ കൊടികയറ്റം വികാരി റവ.ഫാ. ജോയ് കടമ്പാട്ട് നിര്‍വഹിക്കും. ജനുവരി 6 വെള്ളിയാഴ്ച്ച വൈകീട്ട് 7.00 മണിക്ക് തിരുനാള്‍ എലിമിനേഷന്‍ ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. കെ. സുരേഷ് കുമാര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കും. ജനുവരി 7 ന് വൈകിട്ട് 4.30 നുള്ള വി. കുര്‍ബ്ബാന, പ്രസുദേന്തിവാഴ്ച്ച, നൊവേന എന്നിവക്ക് തൃശ്ശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മ്മികനാകും. തുടര്‍ന്ന് പള്ളി ചുറ്റി പ്രദക്ഷിണം, രൂപം എഴുന്നള്ളിക്കല്‍, നേര്‍ച്ച വെഞ്ചിരിപ്പ് എന്നിവയുണ്ടായിരിക്കും. അഭിവന്ദ്യ മാര്‍ പോളി കണ്ണുക്കാടന്‍ പിതാവിനൊപ്പം , സാമൂഹിക സാംസ്‌ക്കാരിക സാമുദായിക നേതാക്കന്‍മാര്‍ ജനുവരി 7 ശനിയാഴ്ച്ച വൈകീട്ട് 8.00 ന് അത്താഴമേശയില്‍ ഒത്തുചേര്‍ന്ന് മതസൗഹാര്‍ദ്ദവും, സാഹോദര്യവും പങ്ക് വെയ്ക്കും. ജനുവരി 7 , 9 തിയതികളില്‍ സമുദായങ്ങളടെ നേതൃത്വത്തിലുള്ള അമ്പ് എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. ഈശോയുടെ മാമ്മോദീസായുടെ അനുസ്മരണമായ ദനഹാതിരുനാളും, വിശ്വാസത്തിനായി രക്തസാക്ഷിത്വം വരിച്ച വി. സെബാസ്റ്റ്യാനോസിന്റെ അമ്പുതിരുനാളുമാണ് പിണ്ടിപ്പെരുനാളായി ആഘോഷിക്കുന്നത്.

തിരുനാള്‍ ദിനമായ ജനുവരി 7 ഞായറാഴ്ച്ച രാവിലെ 10 മണിയോടെ  തിരുനാള്‍ കുര്‍ബ്ബാനയ്ക്കു രൂപതാ മെത്രാന്‍ അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ച് വൈകീട്ട് 7.00 മണിക്ക് പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. ജനുവരി 9 തിങ്കളാഴ്ച്ച മരിച്ചവരുടെ ഓര്‍മ്മദിനമായി ആചരിക്കുന്നു. എല്ലാവരുടേയും നേതൃത്വത്തില്‍ മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ ഭംഗിയായി ഈ വര്‍ഷവും തിരുനാളാഘോഷിക്കുവാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് കത്തീഡ്രല്‍ വികാരി ഫാ. ജോയ് കടമ്പാട്ട് അറിയിച്ചു. അസി. വികാരിമാരായ ഫാ ജോബി പോത്തന്‍, ഫാ ജില്‍സന്‍ പയ്യപ്പിള്ളി, ഫാ ജോയ്‌സണ്‍ ഇടശ്ശേരി, ട്രസ്റ്റിമാരായ ജോണി പൊഴോലിപറമ്പില്‍, പി എല്‍ ജോസ്, ഒ എസ് ടോമി, ടെല്‍സണ്‍ കോട്ടോളി, ജനറല്‍ കണ്‍വീനര്‍ പി. ടി. ജോര്‍ജ്ജ്, ജോ. കണ്‍വീനമാര്‍ അന്‍വിന്‍ വിന്‍സന്‍, ജോസഫ് ആന്റണി, പബ്‌ളിസിറ്റി കണ്‍വീനര്‍ മിനി കാളിയങ്കര, പബ്‌ളിസിറ്റി ജോയിന്റ് കണ്‍വീനര്‍ വിന്‍സന്റ് മാളിയേക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ദനഹാ തിരുനാള്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.

തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്ര കാവടി അഭിഷേക മഹോത്സവം ജനുവരി 6 മുതല്‍ 12 വരെ

ഇരിങ്ങാലക്കുട : തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കാവടി അഭിഷേക മഹോത്സവം  ജനുവരി 6 മുതല്‍ 12 വരെ ആഘോഷിക്കുമെന്ന് തുമ്പൂര്‍ അയ്യപ്പന്‍കാവ് മുകുന്ദപുരം പാര്‍വതി പരമേശ്വര ഭക്തപരിപാലന സമാജം പ്രസിഡന്റ് സി വി രഘു ചാത്തന്‍കാട്ടില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്ര ചടങ്ങുകള്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തന്ത്രരത്നം അഴകത്ത് ശാസ്തൃശര്‍മ്മന്‍ തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ ജനുവരി 6 വെള്ളിയാഴ്ച കൊടിയേറും. കാവടി അഭിഷേക മഹോത്സവത്തിന്റെ ഭാഗമായി അഖില കേരള പ്രൊഫഷണല്‍ നാടകോത്സവവും (ജനുവരി 7 മുതല്‍ 12 വരെ ), ഓട്ടന്‍തുള്ളല്‍, വിവിധ കരകളിലെയും ഹരിശ്രീ വിദ്യാനികേതന്‍ കുട്ടികളുടെയും കലാപരിപാടികള്‍, നാടന്‍പാട്ട് ദൃശ്യാവിഷ്കാരങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും. ജനുവരി 11 ന് വൈകിട്ട് 5:30 ന് ആനച്ചമയ പ്രദര്‍ശനം ഉണ്ടാകും. കാവടി മഹോത്സവ ദിനമായ ജനുവരി 12 വ്യാഴാഴ്ച രാവിലെ 8 മുതല്‍ 10.30 വരെ 5 ഗജവീരന്മാര്‍ അണിനിരന്ന് പെരുവനം കുട്ടന്‍മാരാര്‍ നയിക്കുന്ന പഞ്ചാരിമേളം , ഉച്ചതിരിഞ്ഞ് 4 മുതല്‍ 7 വരെ പകല്‍പ്പൂരം, പകല്‍പ്പൂരത്തിന് 5 ഗജവീരന്മാര്‍ അണിനിരക്കുന്നു. ഗുരുവായൂര്‍ പത്മനാഭന്‍ തിടമ്പേറ്റും, പെരുവനം കുട്ടന്‍ മാരാരും, കലാമണ്ഡലം ശിവദാസും നയിക്കുന്ന പാണ്ടിമേളം. 3 മുതല്‍ 4.30 വരെ പഞ്ചവാദ്യം, തുടര്‍ന്ന് പഞ്ചാരിമേളം വൈകീട്ട് 5 മണിക്ക് കുടമാറ്റം, വൈകീട്ട് 7 മണിക്ക് ദീപാരാധന, വൈകീട്ട് 7. 45 ന് തായമ്പക. 8 മണിക്ക് ഉദിമാനം നാടന്‍ കലാസംഘം ആനന്ദപുരം നയിക്കുന്ന ഉദിമാനക്കളം നാടന്‍പാട്ട് ദൃശ്യാവിഷ്കാരങ്ങളും തുടര്‍ന്ന് കാവടി വരവും ആട്ടവും തുടര്‍ന്ന് പുലര്‍ച്ചെ 2:30 ന് ആറാട്ട് പുറപ്പാട്, 3:30 മുതല്‍ ആറാട്ട് എഴുന്നള്ളിപ്പ് തുടര്‍ന്ന് കൊടിയിറക്കല്‍ എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സെക്രട്ടറി എം ആര്‍ അശോകന്‍ മണപ്പറമ്പില്‍, ട്രഷറര്‍ വിശ്വംഭരന്‍ മച്ചാട്ട്, കമ്മിറ്റി അംഗം സി പി സന്തോഷ് കാട്ടുപറമ്പില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ചന്തക്കുന്ന്-ഠാണ റോഡ് വികസനനടപടി ഉടന്‍ പൂര്‍ത്തിയാക്കണം : മുസ്‌ലിം ലീഗ്

ഇരിങ്ങാലക്കുട : ചന്തക്കുന്ന് ഠാണാ റോഡിന്റെ വികസനവും, റേഷന്‍കടകളിലെ അരിവിതരണവും മുടക്കം കൂടാതെ നിലനിര്‍ത്തണമെന്നും, കൃഷിക്കാവശ്യമായ സഹായങ്ങള്‍ ഗവണ്‍മെന്റ് ലഭ്യമാക്കണമെന്നും, കാട്ടൂര്‍ ബൈപാസ് റോഡ് എത്രയും വേഗം പൂര്‍ത്തീകരിച്ച് തുറന്ന് കൊടുക്കണമെന്നും മുസ്‌ലിം ലീഗ് നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ സി.പി. അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.എ. റഷീദ് റിട്ടേണിംഗ് ഓഫീസറായിരുന്നു. നിയോജക മണ്ഡലം ഭാരവാഹികളായി കെ.എ. റിയാസുദ്ദീന്‍ പ്രസിഡന്റ് , വൈസ് പ്രസിഡന്റുമാരായി സി.പി. അബ്ദുല്‍ കരീം, കെ.എ. അബ്ദുല്‍ മുത്തലീഫ്, പി.ബി. അലിയാര്‍. ജനറല്‍ സെക്രട്ടറി വി.എം. അബ്ദുള്ള, ജോയിന്റ് സെക്രട്ടറിമാരായി വി.എസ്. റഷീദ്, എ.കെ. അബ്ദുല്‍ കരീം, സി.എം. മുജീബ്, ട്രഷറര്‍ ഇ.എ. സിദ്ധീഖ് എന്നിവരെ തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റിക്ക് ആശംസ അര്‍പ്പിച്ച് എ.എം. ജമീഷ, കെ.എ. ബാഷിക്, സി. സുല്‍ത്താന്‍ ബാബു, കെ.എ. അബ്ദുല്‍ കലാം തുടങ്ങിയവര്‍ സംസാരിച്ചു.

Top
Close
Menu Title