News

Archive for: August 17th, 2017

ചെക്കര്‍ മാവ് പൂത്ത സന്തോഷത്തില്‍ ചെക്കര്‍ സാഹിബ്

ഇരിങ്ങാലക്കുട : അമ്പതുവര്‍ഷത്തിലധികം ബസ് ജീവനക്കാരനായി ജോലിനിര്‍വഹിക്കുന്ന ചെക്കര്‍ സാഹിബ് എന്ന അഹമ്മദ്‌കുട്ടിയുടെ ജോലിക്കിടയില്‍ വിശ്രമവേളയില്‍ മാപ്രാണത്തും കാട്ടുങ്ങച്ചിറയിലും നട്ടുവളര്‍ത്തിയ മാവിന്‍ തൈകള്‍ പതിവുതെറ്റാതെ ഈ വര്‍ഷവും പൂത്തു. കെ കെ മേനോന്‍ ബസില്‍ ചെക്കിങ് ഇന്‍സ്പെക്റ്ററായി ജോലി ചെയ്യുമ്പോള്‍ ചെക്കിങ്ങിനായി താന്‍ ഇറങ്ങുന്ന സ്ഥലങ്ങളിലെല്ലാം മാവിന്‍ തൈകള്‍ നട്ടുപിടിപ്പിക്കല്‍ ഇദ്ദേഹത്തിന്‍റെ ഒരു ഹോബിയാണ്. അദ്ദേഹം നട്ടുപിടിപ്പിച്ച മാവിന്‍ തൈകള്‍ പലയിടങ്ങളിലും തണലും കായ്കനികളും നല്‍കിക്കൊണ്ടിരിക്കുന്നു. കൊടുങ്ങലൂര്‍ ചേരമാന്‍ ജുമാമസ്ജിദില്‍ മ്യൂസിയത്തിന് സമീപം ചെക്കന്‍ സാഹിബ് വച്ച മാവിന്‍ തൈ ഇന്ന് തണലും കായ്കനികളും തന്നുകൊണ്ടിരിക്കുന്നു. മാവിലൂടെ വീശിവരുന്ന ഇളം തെന്നല്‍ അവിടെ വന്നുപോയ്‌കൊണ്ടിരിക്കുന്ന തീര്‍ത്ഥാടകരെ തലോടിയിട്ടാണ് പോയിക്കൊണ്ടിരിക്കുന്നത്. അതുപോലെ കുഴല്‍മന്ദം മുസ്‌ലീം പള്ളിക്ക് മുന്നില്‍ അഹമ്മദ്ക്കുട്ടി വച്ചിരിക്കുന്ന മാവിനെ ആളുകള്‍ ചെക്കര്‍മാവ് എന്നും അതില്‍ ഉണ്ടാകുന്ന മാങ്ങയെ ചെക്കര്‍ മാങ്ങാ എന്നുമാണ് വിളിച്ചുകൊണ്ടിരിക്കുന്നത്.

ചേര്‍പ്പ് സെന്‍റ് ആന്‍റണീസ് ചര്‍ച്ചിന്‍റെ ഫാത്തിമ മാതാവിന്‍റെ പ്രതിമയുടെ സമീപം വച്ച മാവ് ഇന്ന് മാതാവിന്‍റെ പ്രതിഷ്ഠയെ അലങ്കരിച്ച് മതസൗഹാര്‍ദം വിളിച്ചറിയിക്കുന്ന വിധത്തില്‍ നിലനില്‍ക്കുന്നു. ഇതുപോലെ ചേര്‍പ്പ് പബ്ലിക് ലൈബ്രറിയുടെ മുന്നിലും, ചേര്‍പ്പ് പഞ്ചായത്തിന്‍റെ മുന്നിലും, ചേര്‍പ്പ്, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനുകളിലും, ചേര്‍പ്പ് എസ് എസ് മദ്രസയ്ക്ക് മുന്നിലും, ചേര്‍പ്പ് മുത്തുള്ളിയാല്‍ ഗ്ലോബല്‍ പബ്ലിക്ക് സ്കൂളിലും, ചെറുചേനം മുസ്ളീം പള്ളിയിലും, വാണിയംപാറ ജുമാമസ്ജിദിലും, തൃശൂര്‍ എം ഐ സി ജുമാമസ്ജിദിനു മുന്നിലും, മാപ്രാണം സെന്ററിലും, തൃശൂര്‍ ഡോ കാസിന്‍റെ റൗദ്ദഹൗസിലും, തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ നഗറിന് സമീപവും അതുപോലെ മറ്റുപലയിടങ്ങളിലും അഹമ്മദ്ക്കുട്ടി വെച്ച മാവിന്‍ തൈകളും മറ്റു വൃക്ഷത്തൈകളും വച്ച കഥകളുണ്ട്.

കുടിവെള്ള പദ്ധതിക്കുള്ള ജംഗ്ഷന്‍ ബോക്‌സ് നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു

കാറളം : കുടിവെള്ള പദ്ധതിക്കുള്ള ജംഗ്ഷന്‍ ബോക്‌സ് നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു. കാറളം- പടിയൂര്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് ലൈന്റെ വാല്‍വ് സ്ഥാപിച്ച ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് വൈകുന്നത്. ഇതുമൂലം സമീപത്തെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി അവതാളത്തിലായതാണ് കര്‍ഷകരടക്കമുള്ള നാട്ടുകാരെ ചൊടിപ്പിച്ചത്. ജംഗ്ഷന്‍ ബോക്‌സ് സ്ഥാപിക്കുന്നതിനായി കാറളം സെന്ററില്‍ റോഡിനോട് ചേര്‍ന്ന് വലിയ കുഴിയെടുത്തിട്ട് ഇരുപത് ദിവസമായി. വാല്‍വിന് ചുറ്റും ഒരുമീറ്റര്‍ വീതിയില്‍ രണ്ട് മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് ബോക്‌സാണ് നിര്‍മ്മിക്കേണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഒരു ദിവസം കൊണ്ട് പൂര്‍ത്തികരിക്കവുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതുവരേയായിട്ടും പൂര്‍ത്തിയാക്കാന്‍ വാട്ടര്‍ അതോററ്റി അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളാണ് പണിയെടുക്കാനെത്തുന്നത്. കോണ്‍ക്രീറ്റിംഗ് വൈകുന്നതുമൂലം മേച്ചേരികുന്ന് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി അവതാളത്തിലായതായി കര്‍ഷകര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ മുന്‍ പഞ്ചായത്തംഗം എ.ആര്‍ ശേഖരന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞത്. എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ വരാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. പ്രതിഷേധം ശക്തമായതോടെ അസി.എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ സ്ഥലത്തെത്തി കര്‍ഷകരുമായി ചര്‍ച്ച നടത്തി. വ്യാഴാഴ്ച തന്നെ പണി പൂര്‍ത്തിയാക്കാമെന്ന ഉറപ്പിനെ തുടര്‍ന്ന് നാട്ടുകാര്‍ സമരം നിറുത്തി.

ഫേസ്ബുക്ക് കൂട്ടായ്മയുടെ പുതുവത്സരാഘോഷം വൃദ്ധസദനത്തിലെ അമ്മമാര്‍ക്കൊപ്പം

ഇരിങ്ങാലക്കുട : പുതുവത്സര ദിനത്തില്‍ ശാന്തിസദനിലെ അന്തേവാസികളായ 60 അമ്മമാര്‍ക്ക് പുതുവത്സര സമ്മാനമായി ഭക്ഷണം വിതരണം നടത്തി നമ്മുടെ സ്വന്തം ഇരിങ്ങാലക്കുട ഫേസ്ബുക്ക് കൂട്ടായ്മ പുതുവത്സരം ആഘോഷിച്ചു . ആശ്രമം ഡയറക്ടര്‍ സിസ്റ്റര്‍ അനീസ്യ കേക്ക് മുറിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ഫേസ്ബുക്ക് കൂട്ടായ്മ ഗ്രൂപ്പ് അഡ്മിന്‍ ജിബിന്‍ ജേക്കബ് പുതുവത്സര സന്ദേശം നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍മാരായ ബേബി ജോസ് കാട്ടള , സംഗീത ഫ്രാന്‍സിസ്, ഗ്രൂപ്പ് ഭാരവാഹികളായ ഷോബി, സീന എന്നിവര്‍ പങ്കെടുത്തു.

സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണം

ഇരിങ്ങാലക്കുട : സംസ്ഥാന സര്‍ക്കാരിന്‍റെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണം ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി 31- ാം വാര്‍ഡില്‍ മാടവളപ്പില്‍ മുത്തുലക്ഷ്മിക്ക് നല്‍കികൊണ്ട് ഇരിങ്ങാലക്കുട സഹകരണ ബാങ്ക് പ്രസിഡന്‍റ് എം എസ് കൃഷ്ണകുമാര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സുജ സജീവ്കുമാര്‍, ബാങ്ക് സെക്രട്ടറി റൂബി പി ജെ എന്നിവര്‍ സന്നിഹിതരായിരുന്നു.

അമ്മന്നൂര്‍ കൂടിയാട്ട മഹോത്സവത്തില്‍ അമ്പാടി ഗമനം അരങ്ങേറി

ഇരിങ്ങാലക്കുട : അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കൂടിയാട്ട മഹോത്സവത്തില്‍ ഗായത്രി ഉണ്ണികൃഷ്ണന്‍ അമ്പാടി ഗമനം അഭിനയിച്ച് കാണിച്ചു. ശ്രീകൃഷ്ണ ചരിതം നങ്യാര്‍ കൂത്തിന്റെ ഭാഗമാണ് അമ്പാടി ഗമനം. കൈക്കുഞ്ഞായ കൃഷ്ണനെ എടുത്ത് വാസുദേവര്‍ യമുന നദി മുറിച്ച് കടന്ന് അമ്പാടിയിലെത്തി യശോദയുടെ അടുത്ത് കിടത്തി അവിടെയുള്ള കൈക്കുഞ്ഞിനെ തിരികെ കൊണ്ടുവരുന്ന കഥാഭാഗമാണ് അവതരിപ്പിച്ചത്. കാറ്റും ശക്തിയായ മഴയും വരുമ്പോള്‍ അനന്തസര്‍പ്പം വാസുദേവരുടെ തലക്ക് മീതെ പത്തിവിരിച്ച് കുടപോലെ നില്‍ക്കുന്നതും അനുഗമിക്കുന്നതും, സര്‍പ്പത്തിന്റെ പത്തിയില്‍ നിന്നും പ്രകാശരശ്മി വഴിയിലുടനീളം ഇരുട്ടിനെ അകറ്റുന്നതും, യമുന നദി രണ്ടായി പിരിഞ്ഞു മധ്യത്തിലൂടെ വഴിയുണ്ടാകുന്നതും ആയ വിചിത്ര സംഭവങ്ങളാണ് ഗായത്രി ഉണ്ണികൃഷ്ണന്‍ വിസ്തരിച്ചഭിനയിച്ചത്.

ദനഹാ ഫെസ്റ്റ് എക്‌സിബിഷനില്‍ ചക്ക മഹോല്‍സവം

ഇരിങ്ങാലക്കുട : അവിയലും പുഴുക്കും തോരനും അച്ചാറും പ്രഥമനുമടക്കം 18 കൂട്ടം ചക്ക വിഭവങ്ങളും അതില്‍ ഒഴിച്ചുകൂട്ടാന്‍ സാമ്പാറുമെല്ലാം ഉള്‍പ്പെടും. അച്ചാര്‍ ഉള്‍പ്പടെ എല്ലാത്തിലും ചക്കയുണ്ട് അഥവാ ചക്കയാണ് എല്ലാം. 18 വിഭവവും കൂട്ടി ഉച്ചയ്‌ക്കൊരു സമൃദ്ധമായ ഊണ് കഴിക്കാം. ഇരിങ്ങാലക്കുട കത്തീഡ്രല്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദനഹാ ഫെസ്റ്റ് എക്‌സിബിഷനിലാണ് ഇനിയുള്ള അഞ്ചുദിവസം ചക്ക വിഭവങ്ങള്‍ തയ്യാറായിരിക്കുന്നത്. ആവി പറക്കുന്ന ചോറിന് മുകളില്‍ സാമ്പാര്‍ ഒഴിക്കുമ്പോള്‍ അതൊരു പ്രത്യേക അനുഭവമാണ് കാരണം സാമ്പാറില്‍ ഉള്ളത് ചക്കയും ചക്കകുരുവുമാണ്. തക്കാളി തുടങ്ങിയവയും ചേര്‍ത്തിയിട്ടുണ്ട്. സാമ്പാര്‍ ഇഷ്ടമല്ലാത്തവര്‍ക്ക് പോലും ചക്കസാമ്പാര്‍ ഇഷ്ടമാവും. ഒഴിച്ചുകൂട്ടാന്‍ ചക്ക പുളിശേരിയും ചക്ക-പരിപ്പ് കറിയും കിട്ടും. കൂട്ടാന്‍ വിഭാഗത്തില്‍ ചക്ക പുഴുക്കാണ് മുഖ്യ വിഭവം. എരിശ്ശേരി, കിച്ചടി, തോരന്‍, കൂട്ടുകറി, അവിയല്‍ എന്നിവയിലും ചക്കമയം. ഇറച്ചിക്കറി ഇഷ്ടപ്പെടുന്നവര്‍ക്ക് അത്തരത്തില്‍ രുചിക്കുന്ന ചക്ക ഉലത്തും കിട്ടും. എല്ലാ വിഭവങ്ങളും വരിക്കച്ചക്ക കൊണ്ടുള്ളവയാണ്. വിഭവസമൃദ്ധമായ ഊണിന് ശേഷം നാവില്‍ മധുരം നിറക്കാന്‍ രണ്ടുത്തരം ചക്കപായസ്സവും ഉണ്ട്. ഒന്ന് പഞ്ചസാര ചേര്‍ത്ത് ഉണ്ടാക്കിയതും മറ്റേത് ശര്‍ക്കരയിലുണ്ടാക്കിയതുമാണ്. സദ്യയും കഴിഞ്ഞ് ഒന്നു നടന്നുവരുമ്പോഴേക്കും ചക്കച്ചില്ലിയും ചക്കവടയും ചക്ക ഉള്ളിവടയും ചക്കയടയും ചക്ക ഐസ്‌ക്രീമും ചക്കപ്പഴം പൊരിയുമടക്കം തയ്യാര്‍. വീട്ടിലേക്കു കൊണ്ടുപോകാന്‍ ചക്ക അലുവയും ചക്കചിപ്‌സും ചക്കപ്പേഡയുമടക്കം ചക്കപ്പുട്ടുപൊടിയും അവലോസുപൊടിയും ജാമുമടക്കം നിരവധി ഇനങ്ങള്‍ വേറെയും. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള ചക്കയും ചക്കവിഭവങ്ങളും ഇവിടെ തയ്യാറാണ്. ചക്കയുടെ മുള്ള് ഉണക്കി കിഴികെട്ടി തിളപ്പിക്കുന്ന വെള്ളമാണ് സദ്യയ്‌ക്കൊപ്പം കുടിക്കാന്‍ നല്‍കുന്നത്. ഓരോ ദിവസവും കറികള്‍ക്കു മാറ്റമുണ്ട്. ചക്കയുടെ വിഭവങ്ങള്‍ നല്‍കുന്നതോടൊപ്പം അതെങ്ങനെ നമ്മുടെ വീട്ടില്‍ ഉപയോഗപ്പെടുത്താം എന്നുകൂടി റഫീക്ക് എന്ന ചക്ക പ്രചാരകന്‍ നമുക്കു പറഞ്ഞു തരുന്നു. ഇനി വൈകീട്ടാണു ചെല്ലുന്നതെങ്കില്‍ ചായക്കൊപ്പം ചക്ക ബജി, ചക്ക പഴംപൊരി, ചക്ക പരിപ്പുവട തുടങ്ങിയവയാണു നമ്മളെ കാത്തിരിക്കുന്നത്. ചക്ക മസാലദോശ, ചക്ക പഴംപൊരി, ചക്ക ബജി, ചക്ക മിക്‌സ്ചര്‍, ചക്ക അട, ചക്ക കോട്ടപ്പം, ചക്ക ചിപ്‌സ്, ചക്ക ഉള്ളിവട, ചക്ക മഞ്ചൂരി, ചക്ക മോതകം, ചക്ക മധുരച്ചില്ലി, ചക്ക കട്‌ലറ്റ്, ചക്ക ചമ്മന്തി തുടങ്ങിയ വിഭവങ്ങളും കഴിക്കാം. ചക്ക ഉണ്ണിയപ്പം എന്തിന് നല്ല നാടന്‍ ചക്കപ്പുഴുക്കുവരെ ഇവിടെയുണ്ട്. ചക്ക സ്‌ക്വാഷുകള്‍, ചക്ക ജാമുകള്‍, ചക്ക ഹല്‍വ, ചക്ക അച്ചാര്‍, ചക്ക ബിസ്‌കറ്റ് എന്നിവയുടെ വിവിധ സ്റ്റാളുകളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഏറ്റവും അധികം ആളുകള്‍ എത്തുന്നത് ചക്ക ഫുഡ്‌ കോര്‍ട്ടിലായിരുന്നുവെന്നു മാത്രം. ചക്കകൊണ്ടുള്ള ബിരിയാണിയും ഉണ്ടാക്കുന്നുണ്ട്.

ചക്ക പാചകത്തിന്റെ മുഖ്യശില്പി പാറശാല ഇടിച്ചക്കപ്ലാമ്മൂട് സ്വദേശി റഫീക്കാണ്. റഫീഖ് തന്നെയാണ് അതിഥികള്‍ക്ക് വിളമ്പി കൊടുക്കുന്നത്. അതിഥികളെ ഒരു ദിവസം ഊട്ടാന്‍ 100 ചക്കയെങ്കിലും വേണം. അത് പാകപ്പെടുത്തുന്നത് റഫീക്ക് തന്നെയാണെങ്കിലും കൂടെ സഹായികളും ഉണ്ട്. ചക്കയുടെ ഔഷധഗുണം മനസ്സിലാക്കിയതോടെയാണ് റഫീക്ക് ചക്കകൊണ്ടുള്ള വിഭവങ്ങള്‍ തയ്യാറാക്കി തുടങ്ങിയത്. ഊണിന്റെ ഭാഗമല്ലാത്ത ചില വിഭവങ്ങളുമുണ്ടു ചക്കമേളയില്‍. ജീവിതശൈലീ രോഗങ്ങളെ അകറ്റാന്‍ ചക്ക ഫലപ്രദമാണ്. ചക്ക കാന്‍സറിനെ തടയും. പ്രമേഹരോഗികള്‍ക്ക് ചക്കപ്പുഴുക്ക് ഗുണം ചെയ്യുമെന്ന പഠനങ്ങളുണ്ട്. ഏഴുവര്‍ഷം മുമ്പാണ് റഫീക്ക് ചക്ക വിഭവങ്ങള്‍ ഉണ്ടാക്കി തുടങ്ങിയത്. നമ്മുടെ നാട്ടില്‍ ചക്കയുടെ സീസണ്‍ തുടങ്ങിയിട്ടേയുള്ളൂ. ചക്ക കിട്ടുന്ന സ്ഥലങ്ങളില്‍ നിന്ന് സംഘടിപ്പിച്ചാണ് ദനഹാ എക്‌സിബിഷനിലെ ചക്ക സ്റ്റാളിലേക്കു ചക്ക എത്തിച്ചത്. വിവാഹത്തിന് ചക്ക സദ്യയൊരുക്കാന്‍ റഫീക്കിനെ സമീപിച്ചിട്ടുണ്ട്.

ചാലക്കുടി എംപി ഇന്നസെന്റ് മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എംപി ജാക്‌സനു പായസം നല്‍കിയാണ് ചക്ക മഹോല്‍സവം ഉദ്ഘാടനം ചെയ്തത്. കത്തീഡ്രല്‍ വികാരി ഫാ. ജോയ് കടമ്പാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജില്‍സന്‍ പയ്യപ്പിള്ളി, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ രാജേശ്വരി ശിവരാമന്‍ നായര്‍, സെന്റ് ജോസഫ്‌സ് കോളെജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ക്രിസ്റ്റി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എ അബ്ദുള്‍ ബഷീര്‍, ഫാ. ജോയ് പീണിക്ക പറമ്പില്‍, സന്തോഷ് ചെറാക്കുളം, സിസ്റ്റര്‍ റോസ് ആന്റോ തുടങ്ങി നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ദിവസവും രാവിലെ 11.30 മുതല്‍ രാത്രി 10 വരെയാണു എക്‌സിബിഷന്‍.

സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും സിവില്‍സ്റ്റേഷനില്‍ പ്രതിഷേധപ്രകടനവും ധര്‍ണ്ണയും നടത്തി

ഇരിങ്ങാലക്കുട : കറന്‍സി ക്ഷാമം മൂലം ശമ്പളം ബാങ്കില്‍ നിന്നും പൂര്‍ണ്ണമായി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സംയുക്തസമരസമിതി നേതൃത്വത്തില്‍ അദ്ധ്യാപകരും ജീവനക്കാരും സിവില്‍സ്റ്റേഷനില്‍ പ്രതിഷേധപ്രകടനവും ധര്‍ണ്ണയും നടത്തി. ഭൂരിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടേയും ശമ്പളം ബാങ്ക് അക്കൗണ്ടിലൂടെയാണ് നല്‍കപ്പെടുന്നത്. അതുകൊണ്ടുത്തന്നെ നിലവിലുളള ബാങ്ക് നിബന്ധനകള്‍ക്കനുസരിച്ചുമാത്രമാണ് ശമ്പളതുക ജീവനക്കാര്‍ക്ക് ലഭിക്കുന്നത്‌. എ.ടി.എമ്മുകളിലും ബാങ്കുകളിലും ദിവസേനയെന്നോണം ശമ്പളത്തിനുവേണ്ടി കയറിയിറങ്ങേണ്ടിവരുന്നതിനാല്‍ ഓഫീസില്‍ അവധിയെടുക്കേണ്ടി വരുന്നതായി ജീവനക്കാര്‍ പരാതിപ്പെപ്പെട്ടു. ട്രഷറിയില്‍ നിന്നും ശമ്പളവും പെന്‍ഷനും ലഭിക്കുന്നവര്‍ക്കും കറന്‍സിക്ഷാമം മൂലം മുഴുവന്‍തുകയും ലഭിക്കാത്തസാഹചര്യം ഇപ്പോഴുംതുടരുകയാണ്. ധര്‍ണ്ണ എന്‍ ജി ഒ യൂണിയന്‍ ജില്ലാ ജോയിന്‍റ് സെക്രട്ടറി രഹന പി ആനന്ദ്‌ ഉദ്ഘാടനം ചെയ്തു. ജോയിന്‍റ് കൗണ്‍സില്‍ ഇരിങ്ങാലക്കുട മഖലാ സെക്രട്ടറി എ എം നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ബി ഹരിലാല്‍, ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ ജി മോഹനന്‍മാസ്റ്റര്‍, മുന്‍സിപ്പാലിറ്റി എംപ്ലായിസ് യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗം ഒ എന്‍ അജിത്കുമാര്‍, അഗ്രിക്കള്‍ച്ചര്‍ എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം കെ ഉണ്ണി, റവന്യൂ സ്റ്റാഫ് അസോസിയേഷന്‍ താലൂക്ക് പ്രസിഡണ്ട് ടി ജെ സാജു എന്നിവര്‍ സംസാരിച്ചു.

ക്രൈസ്റ്റ് വിദ്യാനികേതന്‍ കുടുംബസംഗമം 2017 ന് തിരിതെളിഞ്ഞു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് വിദ്യാനികേതന്‍ കുടുംബസംഗമത്തിന് ക്രൈസ്റ്റ് വിദ്യാനികേതന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തിരിതെളിഞ്ഞു. പൊതുസമ്മേളനത്തില്‍ ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ ഫാ ജേക്കബ് ഞെരിഞ്ഞാംപ്പിളളി സി എം ഐ സ്വാഗതം ആശംസിച്ചു. തൃശ്ശൂര്‍ ദേവമാത പ്രൊവിന്‍ഷ്യാള്‍ ഫാ വാള്‍ട്ടര്‍ തേലപ്പിളളി സി എം ഐ അദ്ധ്യക്ഷത വഹിച്ചു. ഫാ ഡേവിസ് ചിറമ്മേല്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജ് പ്രൊഫസറും ദേവമാതാ പ്രൊവിന്‍സ് എഡ്യുക്കേഷന്‍ കൗണ്‍സിലറുമായ ഫാ ഡോ അനില്‍ കോങ്കോത്ത് സി എം ഐ സന്നിഹിതനായിരുന്നു. ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ ഇരിങ്ങാലക്കുടയിലെ നാടന്‍ കലാകാരന്‍മാരെ ആദരിച്ചു. സ്ത്യുത്യര്‍ഹമായ സേവനത്തിന് ശേഷം ഈ വര്‍ഷം വിരമിക്കുന്ന അദ്ധ്യാപക- അനദ്ധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. ക്രൈസ്റ്റ് വിദ്യാനികേതന്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ സണ്ണി പുന്നേലിപ്പറമ്പില്‍ സി എം ഐ നന്ദി പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും, മാതാപിതാക്കളുടേയും നയനമനോഹരമായ കലാവിരുന്നും ഉണ്ടായിരിന്നു.

ദനഹാത്തിരുനാള്‍ കൊടിയേറി

ഇരിങ്ങാലക്കുട :  ജനുവരി 7,8,9 തിയ്യതികളില്‍  ആഘോഷിക്കുന്ന  ദനഹാതിരുനാളിന്റെ കൊടികയറ്റം വികാരി ഫാ. ജോയ് കടമ്പാട്ട് നിര്‍വഹിച്ചു. ബുധനാഴ്ച്ച രാവിലെ 6.40 ന് നടന്ന തിരുനാള്‍ കൊടികയറ്റ കര്‍മത്തില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു . ജനുവരി 6 വെള്ളിയാഴ്ച്ച വൈകീട്ട് 7.00 മണിക്ക് തിരുനാള്‍ എലിമിനേഷന്‍ ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. കെ. സുരേഷ് കുമാര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കും. ഈശോയുടെ മാമ്മോദീസായുടെ അനുസ്മരണമായ ദനഹാതിരുനാളും, വിശ്വാസത്തിനായി രക്തസാക്ഷിത്വം വരിച്ച വി. സെബാസ്റ്റ്യാനോസിന്റെ അമ്പുതിരുനാളുമാണ് പിണ്ടിപ്പെരുനാളായി ആഘോഷിക്കുന്നത്. തിരുനാള്‍ ദിനമായ ജനുവരി 8 ഞായറാഴ്ച്ച രാവിലെ 10 മണിയോടെ  തിരുനാള്‍ കുര്‍ബ്ബാനയ്ക്കു രൂപതാ മെത്രാന്‍ അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ച് വൈകീട്ട് 7.00 മണിക്ക് പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. ജനുവരി 9 തിങ്കളാഴ്ച്ച മരിച്ചവരുടെ ഓര്‍മ്മദിനമായി ആചരിക്കുന്നു. ദനഹാ തിരുനാള്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.

സഹോദരി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരനടക്കം മുന്നു പേരെ കുറ്റക്കാരെന്ന് കണ്ടെത്തി, ശിക്ഷ ശനിയാഴ്ച

ഇരിങ്ങാലക്കുട : സഹോദരി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരനടക്കം മുന്നു പേരെ കുറ്റക്കാരെന്ന് കണ്ടെത്തി, ശിക്ഷ ശനിയാഴ്ച വിധിക്കും. പൊറത്തിശ്ശേരി സ്വദേശികളായ കൊട്ടപ്പുറത്ത് വീട്ടില്‍ 42 വയസ്സുള്ള ബാബു, കൊട്ടപ്പുറത്ത് വീട്ടില്‍ 25 വയസ്സുള്ള അനീഷ്, കോനേക്കാട്ടില്‍ വീട്ടില്‍ 35 വയസ്സുള്ള പ്രദീപ് എന്നിവരെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് ജി. ഗോപകുമാര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും. ഒന്നാം പ്രതി ബാബുവിന്റെ സഹോദരി ഭര്‍ത്താവ് അളിയന്‍ രാജേഷ് എന്ന് വിളിക്കുന്ന അയ്യന്തോള്‍ വെള്ളേടത്ത് വീട്ടില്‍ ജയരാജാണ് കൊല്ലപ്പെട്ടത്. 2011 നവംബര്‍ 27 നായിരുന്നു കേസ്സിനാസ്പദമായ സംഭവം. ഒന്നാം പ്രതി ബാബുവിന്റെ സഹോദരി ശീതക്ക് ഭര്‍ത്താവ് അളിയന്‍ രാജേഷ് എന്ന് വിളിക്കുന്ന ജയരാജ് ചിലവിന് നല്‍കാത്ത വൈരാഗ്യത്തില്‍ 2011 നവംബര്‍ 27 ന് രാത്രിയില്‍ പൊറത്തിശ്ശേരി നിര്‍മ്മിതി കോളനിയിലെ പണിതീരാത്ത വീട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം ഇരിക്കുകയായിരുന്ന ജയരാജിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രൊസിക്യുഷന്‍ കേസ്സ്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ജയരാജ് ചികിത്സയിലിരിക്കെ 2012 മെയ് അഞ്ചിനു മരണമടയുകയായിരുന്നു. അന്നത്തെ ഇരിങ്ങാലക്കുട സി. ഐ. ആയിരുന്ന ടി. എസ്. സിനോജാണ് കേസ്സ് അന്വേഷണം പൂര്‍ത്തിയാക്കി  കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രൊസിക്യഷന്റെ ഭാഗത്തു നിന്നും ഇരുപത്തിയൊന്നു സാക്ഷികളെ വിസ്തരിച്ച് മുപ്പുതു രേഖകളും പതിനെട്ടു തൊണ്ടി മുതലുകളും ഹാജരാക്കി. പ്രൊസിക്യുഷനു വേണ്ടി അഡീഷണല്‍ ഗവ പ്ലീഡര്‍ അഡ്വ പി. ജെ. ജോബി, അഭിഭാഷകരായ സജി ടി റാഫേല്‍, എബിന്‍ ഗോപുരാന്‍, സി. ജി. ഷിഷിര്‍, അല്‍ജോ പി ആന്റണി എന്നിവര്‍ ഹാജരായി

Top
Close
Menu Title