News

Archive for: August 17th, 2017

വലിയങ്ങാടി അമ്പ് ഫെസ്റിവല്‍ ശനിയാഴ്ച : ദീപാലകൃത പന്തല്‍ തെളിഞ്ഞു

ഇരിങ്ങാലക്കുട : പിണ്ടിപ്പെരുന്നാളിനോട്  അനുബന്ധിച്ചുള്ള വലിയങ്ങാടി അമ്പു ഫെസ്റ്റിവലിന് ജനുവരി 7 ശനിയാഴ്ച തുടക്കം കുറിക്കും. ബഹുനില ദീപാലംകൃത പന്തല്‍ ഇല്യൂമിനേഷന്‍ സ്വിച്ച്ഓണ്‍ കര്‍മം എം എല്‍ എ പ്രൊഫ്. കെ യു അരുണന്‍ വെള്ളിയാഴ്ച നിര്‍വഹിച്ചു . ശനിയാഴ്ച വൈകിട് 6 .30 നു ചാലക്കുടി ടി വി ഇന്നസെന്റ് ഉദ്‌ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ പ്രൊഫ കെ യു അരുണന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിക്കും. വിവിധ സമുദായ രാഷ്ട്രീയ പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ സ്ട്രീറ്റ് ഫെസ്റ്റിവല്‍, പത്തു സ്റ്റേജുകളിലായുള്ള കലാപ്രകടനങ്ങള്‍, ബഹുനില ദീപാലംകൃത പന്തല്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

ഠാണാ മുതല്‍ ബസ്സ്റ്റാന്‍ഡ് വരെയുള്ള റോഡില്‍ വൈദ്യുത ദീപങ്ങളാല്‍ അലങ്കരിച്ചിട്ടുണ്ട്. മാജിക് ഷോ, മ്യൂസിക് ഷോ, കിഡ്സ് കോര്‍ണര്‍, ജഗ്ഗിങ്‌, ബാന്‍ഡ് മ്യൂസിക്, സ്കൈ ഡാന്‍സ് തുടങ്ങി നിരവധി കലാപ്രകടനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കലാപരിപാടികള്‍ക്ക് ശേഷം നൂറിലധികം പ്രഗത്ഭരായ വാദ്യകലാകാരന്മാരുടെ വാദ്യമേളം അമ്പെഴുന്നള്ളിപ്പിനു മാറ്റുകൂട്ടാനായുണ്ടാകും. ഫെസ്റ്റിവലിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഫെസ്റ്റിവല്‍ ചെയര്‍മാന്‍ മാസ്സ് ആലേങ്ങാടന്‍ അറിയിച്ചു. രക്ഷാധികാരികളായ മാര്‍ട്ടിന്‍ ആലേങ്ങാടന്‍, തോമസ് വെള്ളാനിക്കാരന്‍, ജോണി വി ആലേങ്ങാടന്‍, സെക്രട്ടറി ജോണി ടി വെള്ളാനിക്കാരന്‍, ട്രെഷറര്‍ മനീഷ് അരിക്കാട്ട്, കണ്‍വീനര്‍ ജോസഫ് വെള്ളാനിക്കാരന്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അമ്പു ഫെസ്റ്റിവലിന് നേതൃത്വം നല്‍കുന്നത്.

ദനഹാ തിരുനാളിനോടനുബന്ധിച്ച് സെന്റ്‌ തോമസ്‌ കത്തിഡ്രല്‍ ദീപാലംകൃതമായപ്പോള്‍

ഇരിങ്ങാലക്കുട : സെന്റ്‌ തോമസ്‌ കത്തിഡ്രല്‍ ദനഹാ തിരുനാളിനോടനുബന്ധിച്ച് ദേവാലയത്തിന്റെ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. കെ. സുരേഷ് കുമാര്‍ നിര്‍വഹിച്ചു. ഈശോയുടെ മാമ്മോദീസായുടെ അനുസ്മരണമായ ദനഹാതിരുനാളും, വിശ്വാസത്തിനായി രക്തസാക്ഷിത്വം വരിച്ച വി. സെബാസ്റ്റ്യാനോസിന്റെ അമ്പുതിരുനാളുമാണ് പിണ്ടിപ്പെരുനാളായി ആഘോഷിക്കുന്നത്. ജനുവരി 7 ന് വൈകിട്ട് 4.30 നുള്ള വി. കുര്‍ബ്ബാന, പ്രസുദേന്തിവാഴ്ച്ച, നൊവേന എന്നിവക്ക് തൃശ്ശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മ്മികനാകും. തുടര്‍ന്ന് പള്ളി ചുറ്റി പ്രദക്ഷിണം, രൂപം എഴുന്നള്ളിക്കല്‍, നേര്‍ച്ച വെഞ്ചിരിപ്പ് എന്നിവയുണ്ടായിരിക്കും. അഭിവന്ദ്യ മാര്‍ പോളി കണ്ണുക്കാടന്‍ പിതാവിനൊപ്പം , സാമൂഹിക സാംസ്‌ക്കാരിക സാമുദായിക നേതാക്കന്‍മാര്‍ ജനുവരി 7 ശനിയാഴ്ച്ച വൈകീട്ട് 8.00 ന് അത്താഴമേശയില്‍ ഒത്തുചേര്‍ന്ന് മതസൗഹാര്‍ദ്ദവും, സാഹോദര്യവും പങ്ക് വെയ്ക്കും. ജനുവരി 7 , 9 തിയതികളില്‍ സമുദായങ്ങളടെ നേതൃത്വത്തിലുള്ള അമ്പ് എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും.

തിരുനാള്‍ ദിനമായ ജനുവരി 8 ഞായറാഴ്ച്ച രാവിലെ 10 മണിയോടെ തിരുനാള്‍ കുര്‍ബ്ബാനയ്ക്കു രൂപതാ മെത്രാന്‍ അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ച് വൈകീട്ട് 7.00 മണിക്ക് പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. ജനുവരി 9 തിങ്കളാഴ്ച്ച മരിച്ചവരുടെ ഓര്‍മ്മദിനമായി ആചരിക്കുന്നു. ദനഹാത്തിരുനാളിന്റെ തത്സമയ സംപ്രേക്ഷണം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ ഞായറാഴ്ച രാവിലെ 10 മണി മുതലും വൈകീട്ട് 3 മണി മുതലും ഉണ്ടായിരിക്കുന്നതാണ്.

കിഡ്നി – ഹൃദയരോഗ സാധ്യത നിര്‍ണയ ക്യാമ്പ് നടത്തി

വെള്ളാങ്ങല്ലൂര്‍ : കടലായി മഹല്ല് & പ്രവാസി അസോസിയേഷന്റെ ( KM & PA ) ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ സഹകരണത്തോടെ കിഡ്നി – ഹൃദയരോഗ സാധ്യത നിര്‍ണയ ക്യാമ്പ്  നടത്തി. രാവിലെ 6 മണി ക്ക് ആരംഭിച്ച ക്യാമ്പില്‍ 150 പേര്‍ പങ്കെടുത്തു.  ‘ബോധവല്‍കരണ ക്ലാസിന് ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ കോ-ഡിനേറ്റര്‍ കൃഷ്ണകുമാര്‍ നേതൃത്വം നല്‍കി. Km & PA ഭാരവാഹികളായ ടി എ എം ബഷീര്‍ , ഹുസൈന്‍ എ ബി , യൂനസ് ,ഷറഫുദ്ദീന്‍ ടി കെ, ഹുസൈന്‍ എം എ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ചെണ്ടമേളത്തില്‍ ഒന്നാം സ്ഥാനം നേടിയ അവിട്ടത്തൂര്‍ എല്‍ ബി എസ് എം എച് എസ് എസ് ടീം

ഇരിങ്ങാലക്കുട : റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം ചെണ്ടമേളത്തില്‍ ഒന്നാം സ്ഥാനം നേടിയ അവിട്ടത്തൂര്‍ എല്‍ ബി എസ് എം എച് എസ് എസ് ടീം.

ദനഹാ തിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുടയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദനഹാ തിരുനാളിനോടനുബന്ധിച്ച് നഗരസഭ പരിധിയില്‍ ജനുവരി 7 നു ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. വൈകുന്നേരം 7 മണി മുതല്‍ 10 മണി വരെ ഠാണാ മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയുള്ള റോഡില്‍ വാഹനഗതാഗതത്തിനു പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തും. കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ഠാണാ വഴി ബസ് സ്റ്റാന്‍ഡില്‍ പോകുന്നതിനു ചെറാക്കുളം ബസ്സ്റ്റോപ്പില്‍ നിന്നും ഇടത്തോട് തിരിഞ്ഞു ചെറാക്കുളം-കാട്ടൂര്‍ ബൈപാസ് വഴി പോകേണ്ടതാണ്. ബസ്സ്റ്റാന്‍ഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കാട്ടൂര്‍ ബൈപാസ് റോഡ് ഉപയോഗപ്പെടുത്തേണ്ടതാണ്. ബസ്സ്റ്റാന്‍ഡില്‍ നിന്നും കൊടുങ്ങല്ലൂര്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ അയ്യങ്കാവ് മൈതാനം വഴി പോകേണ്ടതാണ്. ജനുവരി 8 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ 7 മണി വരെ ട്രാഫിക് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ഇരിങ്ങാലക്കുട എസ് ഐ വി പി സുബീഷും ട്രാഫിക് എസ് ഐ തോമസ് വടക്കനും പത്രക്കുറിപ്പില്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവും മയക്കു ഗുളികയും വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികള്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട : സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചു വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവും മയക്കു ഗുളികയും വില്‍പ്പന നടത്തിയിരുന്ന രണ്ടു യുവാക്കളെ ഇരിങ്ങാലക്കുട സി ഐ എം കെ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കാട്ടൂര്‍ സ്വദേശികളായ അട്ട എന്ന് വിളിക്കുന്ന അമല്‍(21), അക്ഷയ്(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാക്കറ്റ് ഒന്നിന് അറുനൂറ് രൂപ നിരക്കില്‍ വില്‍പ്പന നടത്തിയിരുന്ന 24 ഓളം കഞ്ചാവ് പാക്കറ്റുകള്‍ ഇവരില്‍ നിന്ന് ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങള്‍ പിടിച്ചെടുത്തു. ഇരിങ്ങാലക്കുട എസ് എന്‍ സ്‌കൂള്‍ പരിസരങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നതായി സി ഐ ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ബാംഗ്ലൂര്‍, സേലം എന്നിവിടങ്ങളില്‍ നിന്നും കഞ്ചാവ് മൊത്തമായി കൊണ്ട് വന്നു 600 രൂപയുടെ ചെറുപൊതികളിലാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്. “ജോയിന്റ്”, “മരുന്ന്”, “സ്വാമി” എന്നീ ഓമനപ്പേരുകളിലാണ് കഞ്ചാവ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എത്തിച്ചിരുന്നത്. ഒന്നാം പ്രതിയായ അമല്‍ കാട്ടൂര്‍, റെയില്‍വേ പോലീസ് സ്റ്റേഷനുകളില്‍ കഞ്ചാവ് വില്‍പ്പനയ്ക്ക് നിരവധി തവണ പിടിയിലായിട്ടുള്ള ആളാണ്.

ലഹരിക്ക് വീര്യം കൂടുന്നതിനായി മാനസിക രോഗികള്‍ക്കും അര്‍ബുദ രോഗികള്‍ക്കും വേദന സംഹാരികളായി നല്‍കുന്ന പ്രത്യേക ഇനം ഗുളികകള്‍ ബാംഗ്ലൂരില്‍ നിന്നും രഹസ്യമായി കൊണ്ടുവന്ന് വട്ട് ഗുളിക, ബട്ടണ്‍, ടി എന്നീ രഹസ്യ കോഡുകള്‍ ഉപയോഗിച്ചു ഇവര്‍ വിതരണം നടത്തി വന്നിരുന്നതായി പോലീസ് പറഞ്ഞു. അമിത ലഹരി ആവശ്യപ്പെടുന്ന പ്രത്യേക ഉപഭോക്താക്കള്‍ക്ക് വട്ട് ഗുളികകള്‍ പൊടി രൂപത്തിലാക്കി പ്രത്യേകം പോളിത്തീന്‍ കവറുകളിലാക്കി കൊക്കെയ്‌നിന്റെ കോഡ് ഭാഷയായ “കോക്ക്” എന്ന പേരില്‍ ഒരു പാക്കറ്റിനു 1250 രൂപ നിരക്കില്‍ വിതരണം നടത്തിയിരുന്നതായി പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. കോക്ക് മദ്യത്തില്‍ കലര്‍ത്തി ഉപയോഗിക്കാനാണ് ഇവര്‍ വിദ്യാര്‍ത്ഥികളോട് ഉപദേശിച്ചിരുന്നത്. ഇരിങ്ങാലക്കുട പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി പി സിബീഷ്, ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ മുരുകേഷ് കടവത്ത്, വിനോഷ് എ വി, അനീഷ് കുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

കഞ്ചാവ് ഉപഭോക്താക്കളായ കുട്ടികള്‍ക്ക് വില്‍പ്പനക്കാര്‍ തിരിച്ചറിയുന്നതിനായി ഒരു ചെവിയില്‍ “പീസ് ” ചിഹ്നം കമ്മലായി ഉപയോഗിക്കുന്നു – രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് പോലീസ്

ഇരിങ്ങാലക്കുട : കഞ്ചാവ് ഉപഭോക്താക്കളായ കുട്ടികള്‍ക്ക് വില്‍പ്പനക്കാര്‍ തിരിച്ചറിയുന്നതിനായി ഒരു ചെവിയില്‍ “പീസ് ” ചിഹ്നം കമ്മലായി ഉപയോഗിക്കുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ ഇത്തരം ചിഹ്നങ്ങള്‍ മാലയുടെ ലോക്കേറ്റായോ കമ്മലായോ വാഹങ്ങളുടെ കീ ചെയിനുകളായോ ഉപയോഗിക്കുകയോ ശരീരത്തില്‍ പച്ച കുത്തുകയോ ചെയ്യുക പതിവാണെന്നും ഇക്കാര്യം മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസ് പറഞ്ഞു. കൂടാതെ തലമുടി വിചിത്രമായ രീതിയില്‍ വളര്‍ത്തുന്നതും മുടി ജട പിടിപ്പിക്കുന്നതും പച്ച, മഞ്ഞ,ചുവപ്പ് നിറങ്ങളോട് കൂടിയ റബ്ബര്‍ ബ്രേസ്‌ലെറ്റ്സ് ധരിക്കുന്നതും ആണ്‍കുട്ടികള്‍ കണ്ണെഴുതുന്നതും ലഹരിക്ക് അടിമകളായ കുട്ടികളുടെ ലക്ഷണങ്ങളാണ്. ഇത്തരം കുട്ടികള്‍ സ്വയം സൈക്കോ (മാനസിക വിഭ്രാന്തിയുള്ള ആള്‍) എന്നറിയപ്പെടാന്‍ ഇഷ്ടപ്പെടുന്നതായും പോലീസ് പറഞ്ഞു.

കഞ്ചാവ് പുകയ്ക്കുന്നതിനായി പ്ലാസ്റ്റിക് കുപ്പിയില്‍ പകുതി വെള്ളം നിറച്ചു മധ്യഭാഗത്ത്  ദ്വാരമുണ്ടാക്കി അതില്‍ കഞ്ചാവ് തിരുകി വച്ചു വലിക്കുന്ന രീതിയും ഇവര്‍ക്കിടയില്‍ വ്യാപകമാണ്. ഇത്തരം ഉപകരണത്തെ ഭാംഗ് എന്നാണ് വിളിക്കുന്നത്. ഇത്തരം കുപ്പികള്‍ വീടുപരിസരത്തു കാണുകയാണെങ്കില്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ കഞ്ചാവ് സിഗരറ്റ് രൂപത്തില്‍ ഉപയോഗിക്കുന്നതിനായി “ഓ സി ബി ” എന്ന പ്രത്യേക തരം പേപ്പര്‍ പേഴ്സിലും പോക്കറ്റിലും കൊണ്ട് നടക്കുന്നതും പതിവാണ്. കുട്ടികളുടെ മൊബൈല്‍ ഫോണുകളില്‍ ലഹരിക്കടിമയായി അകാലത്തില്‍ മരിച്ച പാശ്ചാത്യ വിവാദ ഗായകന്റെയോ കഞ്ചാവ് ചെടിയുടെ ഇലയുടെയോ ചിത്രമോ വിചിത്ര രീതിയില്‍ വിവിധ നിറങ്ങളിലുള്ള പെയിന്റിങ്ങുകളോ  കൊണ്ടുനടക്കുന്നതും പതിവാണ്. മയക്കു മരുന്നിനു അടിമപ്പെട്ടവര്‍ മാത്രം അംഗങ്ങളായുള്ള പ്രത്യേക വാട്സ് ആപ്പ് ഗ്രുപ്പ് നിര്‍മിച്ച ന്യൂജന്‍ ഭാഷയില്‍ സന്ദേശങ്ങള്‍ കൈമാറുന്നതിനാല്‍ ഇത്തരം സന്ദേശങ്ങള്‍ മനസിലാക്കാന്‍ രക്ഷിതാക്കള്‍ക്കു ബുദ്ധിമുട്ടാണെങ്കിലും ഇടയ്ക്കിടെ കുട്ടികളുടെ മൊബൈല്‍ ഫോണ്‍ മിന്നല്‍ പരിശോധന നടത്തുന്നത് നല്ലതായിരിക്കുമെന്നും പോലീസ് പറഞ്ഞു.

അമ്മന്നൂര്‍ കൂടിയാട്ട മഹോത്സവത്തില്‍ ശകടാസുരതൃണാവര്‍ത്തവധം അരങ്ങേറി

ഇരിങ്ങാലക്കുട : അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ മാധവനാട്യഭൂമിയില്‍ നടക്കുന്ന കൂടിയാട്ട മഹോത്സവത്തില്‍ കപില ശകടാസുരതൃണാവര്‍ത്തവധം, നാമകരണം നങ്യാര്‍കൂത്ത് അവതരിപ്പിച്ചു. കംസന്റെ ആജ്ഞ പ്രകാരം ശകടാസുരനും തൃണാവര്‍ത്തനും ശ്രീകൃഷ്ണനെ വധിക്കാനായി അമ്പാടിയിലെത്തുന്നതും, രണ്ടുപേരും കൃഷ്ണനാല്‍ കൊല്ലപ്പെടുന്നതുമാണ് കഥ. ചുഴലിക്കാറ്റിന്റെ രൂപത്തില്‍ വരുന്ന തൃണാവര്‍ത്തന കൊല്ലപ്പെടുന്നത് മനസിലാക്കാന്‍ തന്നെ സാധിക്കുന്നില്ലായെന്ന ഭാഗം വിസ്തരിച്ച് അഭിനയിച്ചു. തുടര്‍ന്ന് ഗര്‍ഗ്ഗ മഹര്‍ഷി വന്ന് ഗോപന്മാര്‍ക്ക് രാമനെന്നും കൃഷ്ണനെന്നും നാമകരണം ചെയ്യുന്ന ഭാഗവും അഭിനയിച്ചു.

Top
Close
Menu Title