News

Archive for: August 17th, 2017

പൈങ്ങോട് എല്‍.പി സ്‌കൂളില്‍ നടന്ന ‘മിളനത്തില്‍’ പാരമ്പര്യ അനുഷ്ഠാന കലകളുടെ അവതരണം

പൈങ്ങോട് : രണ്ടു ദിവസമായി പൈങ്ങോട് എല്‍.പി സ്‌കൂളില്‍ നടന്ന മിളനത്തില്‍ പാരമ്പര്യ അനുഷ്ഠാന കലകളുടെ അവതരണം നടന്നു. കാവേറ്റവും, കളമെഴുത്തും വേറിട്ട അനുഭവമായി. മിളനത്തിന്റെ ഭാഗമായി ഒരുക്കിയ സ്റ്റാളുകളില്‍ സ്റ്റാമ്പുകള്‍, കറന്‍സികള്‍, പുരാവസ്തുക്കള്‍, നാട്ടുകലാകാരന്മാരുടെ ചിത്രപ്രദര്‍ശനം, കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം, നാട്ടിലെ കരകൗശല വിദഗ്ധരുടെ ശില്പങ്ങള്‍ എന്നിവ കൗതുകമായി. കൂടാതെ ചിത്രരചനാമത്സരങ്ങള്‍, സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള സെമിനാര്‍, കുരുത്തോല അലങ്കാരം പഠനവും പ്രദര്‍ശനവും, മിളനം ടാക്കീസിന്റെ ‘എന്റെ നാട് പൈങ്ങോട്’ ഡോക്യൂമെന്ററി അവതരണം എന്നിവ ഉണ്ടായിരുന്നു. ഫിലിപ്പ് കൊറ്റനെല്ലൂര്‍ പാമ്പുകളെ പരിചയപ്പെടുത്തി. കൂടാതെ കുട്ടികളുടെ നാടകവും ‘മധുരിക്കും ഓര്‍മ്മകള്‍’ ഗാനമേളയും ഉണ്ടായിരുന്നു.

കൃഷിയെ വിസ്മരിച്ചു വികസനം സാധ്യമല്ല: മന്ത്രി സുനില്‍ കുമാര്‍

മനയ്ക്കലപ്പടി : കൃഷിയെ വിസ്മരിച്ച് വികസനം സാധ്യമല്ലെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കോണത്തുകുന്ന് മനയ്ക്കലപ്പടി ആനയ്ക്കല്‍ ചിറ പാടശേഖരത്തില്‍ കൊയ്ത്തുല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കണം. ഈ ഉത്തരവാദിത്വം ജനങ്ങള്‍ ഏറ്റെടുക്കണം. ജൈവകൃഷിയുടെ അനിവാര്യത ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൂര്‍ണ്ണ ജൈവവളം ഉപയോഗിച്ച് താണിയത്തു കുന്ന് സൃഷ്ടി ഞങ്ങള്‍ കല്‍പ്പണിക്കാര്‍ എന്ന സംഘടനയും മനയ്ക്കലപ്പടി ഗ്രാമീണ വായനശാലയും ചേര്‍ന്നാണ് നെല്‍കൃഷി ചെയ്തത്. വി.ആര്‍. സുനില്‍കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ റോസ് ആന്റോ , സലീം കാട്ടകത്ത്, സി.ബി. ഷക്കീല ടീച്ചര്‍ എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എന്‍ . കെ. ഉദയ പ്രകാശ്, എം.സി. ശിവദാസ്, എ.സി.രവി ചന്ദ്രന്‍ , ഷെഫീര്‍ കാരുമാത്ര, കൃഷി ഓഫീസര്‍ പി.റിങ്കു, സുരേഷ് പണിക്കശ്ശേരി, രാജേഷ് അപ്പാട്ട് എന്നിവര്‍ സംസാരിച്ചു.

പതിനൊന്നാംചാല്‍ പാടശേഖരത്തില്‍ ഞാറുനട്ടു

പായമ്മല്‍ : പൂമംഗലം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാംചാല്‍ പാടശേഖരത്തില്‍ ഞാറുനട്ടു. തരിശുകിടക്കുന്ന മുപ്പത് ഏക്കര്‍ സ്ഥലത്താണ് പാടശേഖരസമിതി കൃഷിയിറക്കുന്നത്. ഞാറുനടീല്‍ ഉത്സവം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് ഇ.ആര്‍ വിനോദ്, ബി.ഡി.ഒ എം.ആര്‍ തമ്പി, ബ്ലോക്കംഗം വത്സല ബാബു, പൂമംഗലം സഹകരണ ബാങ്ക് പ്രസിഡന്റ് എ.വി ഗോകുല്‍ദാസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കവിത സുരേഷ്, അംഗങ്ങളായ എ.എന്‍ നടരാജന്‍, കത്രീന ജോര്‍ജ്ജ്, കൃഷി ഓഫീസര്‍ റെയ്ഹാന, ടി.വി നാരായണന്‍, സി.പി മാത്യൂമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

സേവനം അര്‍ഹിക്കുന്ന ആളുകളെ ശാക്തീകരിക്കുന്ന പ്രവര്‍ത്തനമാണ് സേവാഭാരതി നടത്തുന്നത് – ഡോ: വി.നാരായണന്‍

ഇരിങ്ങാലക്കുട : വൈവിദ്ധ്യങ്ങളായ കഴിവുകളുള്ള ആളുകളെ ഉള്‍പ്പെടുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ദുര്‍ബലരെ കൊണ്ടുവരുന്ന പ്രവര്‍ത്തനമാണ് സേവാഭാരതി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അട്ടപ്പാടി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ സൂപ്രണ്ടും സേവാഭാരതി സംസ്ഥാന വൈസ്പ്രസിഡണ്ടുമായ ഡോ: വി.നാരായണന്‍ പറഞ്ഞു. ഇരിങ്ങാലക്കുട ഗവണ്‍മെന്റ് ആശുപത്രിയിലെ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ഇരിങ്ങാലക്കുട സേവാഭാരതി നടത്തുന്ന അന്നദാനം പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സേവാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവനം അര്‍ഹിക്കുന്ന ആളുകളെ ശാക്തീകരിക്കുന്ന പ്രവര്‍ത്തനം കൂടിയാണ് സേവാഭാരതി നടത്തികൊണ്ടിരിക്കുന്നത്. ഏറ്റവും പിന്നോക്കപ്രദേശങ്ങള്‍ കണ്ടെത്തി അവിടെ സേവാപ്രവര്‍ത്തനം നടത്തി പുതിയ മനുഷ്യരെ സൃഷ്ടിക്കുകയും അവരെ പോസറ്റീവ് ആയ കാര്യക്രമങ്ങളില്‍ ഏര്‍പ്പെടുത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സേവാഭാരതി പ്രസിഡണ്ട് പികെ.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ എസ് ഇ ലിമിറ്റഡ് അസിസ്റ്റന്റ് മാനേജര്‍ അനില്‍ മൂര്‍ക്കത്ത്, രാഷ്ട്രീയ സ്വയംസേവക സംഘം ഇരിങ്ങാലക്കുട ജില്ല സംഘചാലക് ഇ.ബാലഗോപാല്‍, സേവാഭാരതി സംസ്ഥാന സംഘടന സെക്രട്ടറി യു എന്‍ ഹരിദാസ്, ഇരിങ്ങാലക്കുട സേവാഭാരതി മെഡി സെല്‍ അംഗം ഡോ: ടി.പി. പ്രദീപ് കുമാര്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സേവാഭാരതി ഈ വര്‍ഷത്തില്‍ ആരംഭിക്കുന്ന പുതിയ പദ്ധതികളുടെ പ്രഖ്യാപനം കെ.ആര്‍. സുബ്രഹ്മണ്യന്‍ നിര്‍വ്വഹിച്ചു. അന്നദാന നിധിയിലേക്കും സാകേതം സേവാനിലയ നിര്‍മ്മാണത്തിലേക്കുമുള്ള സംഭാവനകള്‍ സേവാഭാരതി വൈസ് പ്രസിഡണ്ട് പി.കെ.ഭാസ്‌ക്കരന്‍ ഏറ്റുവാങ്ങി. സാകേതം സേവാനിലയത്തിന്റെ നിര്‍മ്മാണ പുരോഗതിയെക്കുറിച്ച് സുധാകരന്‍ സമീരയും മെഡിസെല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വി. മോഹന്‍ദാസും വിശദീകരിച്ചു. പത്തുവര്‍ഷമായി സേവാഭാരതി നടത്തുന്ന അന്നദാന പ്രവര്‍ത്തനത്തില്‍ സജീവമായ ടി.രാമന്‍ അവിട്ടത്തൂര്‍, ദാസന്‍ വെട്ടത്ത്, സുരേഷ് എം.എ. എന്നിവരെ ആദരിച്ചു. രോഗ ബാധിതര്‍ക്കുള്ള മെഡിസെല്ലെിന്റെ സഹായധനം ചടങ്ങില്‍ വിതരണം ചെയ്തു.അട്ടപ്പാടി വിവേകാന്ദ മെഡിക്കല്‍ മിഷനിലേക്ക് സേവാഭാരതി സംഭരിച്ച് നല്‍കുന്ന മരുന്ന് ചടങ്ങില്‍ വച്ച് പ്രസിഡണ്ട് പി.കെ.ഉണ്ണികൃഷ്ണന്‍ കൈമാറി. സേവാഭാരതി സെക്രട്ടറി മനോജ് കല്ലിക്കാട്ട് സ്വാഗതവും സേവാഭാരതി ജില്ല സംയോജകന്‍ പി.ഹരിദാസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കോര്‍ണിയ മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് സേവാഭാരതി നടത്തുന്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി പാലക്കാട് സക്ഷമയുടെ കീഴിലുള്ള ഭക്തസൂര്‍ദാസ് ഭജനമണ്ഡലിയുടെ ഭക്തിഗാനസുധയും നടന്നു.

കയ്യില്‍ ഐസ്‌ക്രീം പുരട്ടി കുട്ടിയുടെ മാല കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍

ഇരിങ്ങാലക്കുട : വിവാഹ സല്‍ക്കാരം നടക്കുന്നതിനിടയില്‍ അഞ്ചുവയസ്സുള്ള പെണ്‍കുട്ടിയുടെ കയ്യില്‍ ഐസ്‌ക്രീം പുരട്ടി സ്വര്‍ണ്ണവളകളും മാലയുമായി അഞ്ചുപവന്‍ അപഹരിച്ചസംഭവത്തില്‍ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. കരുവന്നൂര്‍ കുഞ്ഞാലി പറമ്പില്‍ വീട്ടില്‍ ഷമീര്‍ (36)നെയാണ് ചാലക്കുടി ഡി.വൈ.എസ്.പി വാഹിദിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട സി.ഐ എന്‍.കെ സുരേഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. പ്രതി മോഷ്ടിച്ച നാല് വളകളും ഒരു മാലയും അന്വേഷണ സംഘം കണ്ടെടുത്തു. വിവാഹ സല്‍ക്കാരം നടക്കുന്ന സ്ഥലങ്ങളില്‍ ചെന്ന് ഐസ്‌ക്രീം നല്‍കി കുട്ടികളെ പാട്ടിലാക്കിയാണ് ഇയാള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അപഹരിക്കാറെന്ന് പോലിസ് പറഞ്ഞു. ഗള്‍ഫിലായിരുന്ന ഷമീര്‍ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് നാട്ടിലെത്തിയത് . കഴിഞ്ഞ തിങ്കളാഴ്ച കത്തിഡ്രല്‍ പാരിഷ് ഹാളില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനിടയിലായിരുന്നു സംഭവം. വിവാഹ സല്‍ക്കാരം നടക്കുന്നതിനിടയില്‍ ഇരിങ്ങാലക്കുട ആലേങ്ങാടന്‍ മാര്‍ട്ടിന്റെ മകളുടെ അഞ്ചുപവന്റെ ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ഐസ്‌ക്രീം കുട്ടിയുടെ കൈയ്യില്‍ തേച്ചശേഷം കഴുകിതരാമെന്ന വ്യാജേനെ കൊണ്ടുപോയിയാണ് മാലയും വളകളും ഊരിയെടുത്തത്. ഹാളില്‍ സെക്യൂരിറ്റി കാമറ ഉണ്ടായിരുന്നില്ല. മോഷണം നടത്തിയ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം വിവാഹത്തിന് വന്നവരുടെ ക്യാമറയില്‍ നിന്നും പോലിസ് കണ്ടെത്തിയിരുന്നു. മാധ്യമങ്ങളില്‍ ഇയാളുടെ ചിത്രങ്ങള്‍ വന്നത് പ്രകാരം കിട്ടിയ വിവരങ്ങള്‍ അന്വേഷണത്തിന് സഹായമായി. ഇരിങ്ങാലക്കുട സി.ഐക്ക് പുറമെ എസ്.ഐമാരായ വി.പി സിബിഷ്, കെ.സി ചാക്കോ, സീനിയര്‍ സി.പി.ഒമാരായ ലിന്റോ ദേവസ്സി, സൂരജ്,സതീശന്‍, സിപി.ഒ അജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

എ ഐ വൈ എഫ് സാംസ്കാരിക സദസ്സ് ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : സ്വാമി വിവേകാനന്ദന്‍റെ ജന്മദിനമായ ജനുവരി 12 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് വിവേകാനന്ദ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി എ ഐ വൈ എഫ് സാംസ്‌കാരിക സദസ്സ് സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട സബ് ട്രഷറി പരിസരത്ത് നടക്കുന്ന പരിപാടി സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ് ഉദ്‌ഘാടനം ചെയ്യും.

കള്ളപ്പണ മുന്നണിക്കെതിരെ ബി ജെ പി പ്രചാരണയാത്രക്ക് 12ന് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്‍കും

ഇരിങ്ങാലക്കുട : സഹകരണപ്രതിസന്ധി, റേഷനരി നിഷേധം, മാര്‍ക്‌സിസ്റ്റ് കൊലപാതക രാഷ്ട്രീയം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ബിജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ നയിക്കുന്ന മേഖല യാത്രക്ക് ഇരിങ്ങാലക്കുടയില്‍  സ്വീകരണം നല്‍കും. 12ന് ഉച്ചക്ക് രണ്ടുമണിക്ക് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടക്കുന്ന സ്വീകരണപരിപാടിയില്‍ 10000 പേരെ പങ്കെടുപ്പിക്കാന്‍ സ്വാഗതസംഘം യോഗം തിരുമാനിച്ചു. സ്വാഗതസംഘം രൂപീകരണയോഗം ജില്ല പ്രസിഡണ്ട് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡണ്ട് ടി.എസ്സ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, ജില്ല വൈസ്പ്രസിഡണ്ട് ഇ. മുരളീധരന്‍, ജില്ല സെക്രട്ടറി സതീഷ്, ഇ.കൃഷ്ണന്‍ നമ്പൂതിരി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണന്‍ പാറയില്‍, കെ.സി.വേണുമാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സുനിലന്‍ പീണിക്കല്‍ കണ്‍വീനറായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

റേഷന്‍ ഇല്ലാതാക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ 12ന് എല്‍ഡിഎഫ് ധര്‍ണ

ഇരിങ്ങാലക്കുട : കേരളത്തിലെ റേഷന്‍ സമ്പദ്രായം തകര്‍ത്ത കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പഞ്ചായത്ത് മുനിസിപ്പല്‍ കോര്‍പറേഷന്‍ കേന്ദ്രങ്ങളില്‍ 12ന് വൈകിട്ട് നാലിന് സായാഹ്ന ധര്‍ണ നടത്താന്‍ എല്‍ഡിഎഫ് ജില്ലാകമ്മിറ്റി തീരുമാനിച്ചു. മുന്‍ യുപിഎ സര്‍ക്കാരിന്റെ നയമാണ് കേന്ദ്രത്തില്‍ ബിജെപി നടപ്പാക്കുന്നത്. കേരളത്തിന്റെ റേഷന്‍ ക്വാട്ട വെട്ടിച്ചുരുക്കി. മുഖ്യമന്ത്രിയും ‘ഭക്ഷ്യമന്ത്രിയും കേന്ദ്രമന്ത്രിമാരെ കണ്ട് നിവേദനം നടത്തിയിട്ട് ചെറിയ പുരോഗതിയേ ഉണ്ടായിട്ടുള്ളൂ. 16.2 മെട്രിക് ടണ്‍ ‘ഭക്ഷ്യം ലഭിക്കേണ്ടിടത്ത് 14.2 മെട്രിക് ടണ്ണേ ലഭിക്കുന്നുള്ളൂ. കേരളത്തിലെ ജനങ്ങള്‍ക്കാവശ്യമായ അരി നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ കടമയാണെന്ന് 1965ല്‍ അംഗീകരിച്ചതാണ്.

മുകുന്ദപുരം താലൂക്ക് ഓഫീസില്‍ ഫെബ്രുവരി 9 നു കളക്ടറുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടി

ഇരിങ്ങാലക്കുട :  മുകുന്ദപുരം താലൂക്ക് ഓഫീസില്‍ ഫെബ്രുവരി 9 നു കളക്ടറുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നു. അപേക്ഷകള്‍ ജനുവരി 9 മുതല്‍ 13 വരെ അക്ഷയ കേന്ദ്രങ്ങളിലും താലൂക്ക് ഓഫീസുകളിലും സ്വീകരിക്കുന്നതാണ്. ഓരോ വിഷയത്തിനും പ്രത്യേകം അപേക്ഷകള്‍ നല്‍കേണ്ടതാണ്. എ പി എല്‍ കാര്‍ഡ് ബി പി എല്‍ ആക്കി മാറ്റുന്നതിനുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

സംസ്‌കാരത്തെ നശിപ്പിക്കാന്‍ വിതക്കുന്ന വിഷവിത്താണ് ശബരിമലസ്ത്രീ പ്രവേശനം; പ്രൊഫ. വി.ടി. രമ

ഇരിങ്ങാലക്കുട : ഭാരതീയ സംസ്‌കാരം നിലനില്‍ക്കുന്നതും തലമുറകള്‍ക്ക് പകര്‍ന്നുനല്‍കുന്നതും ആചാര്യന്മാരും സന്ന്യാസിപരമ്പരയും ക്ഷേത്രസംസ്‌കാരവും ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെയാണെന്ന് മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ.വി.ടി.രമ പറഞ്ഞു. ആറാട്ടുപുഴ ഹിന്ദു മഹാസമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ഭാരതീയ സംസ്‌കാരത്തെ നശിപ്പിക്കുവാന്‍ ഈ കണ്ണികളെ നശിപ്പിക്കുകയെന്ന വിദേശീയ ഇസങ്ങളുടെ ഗൂഢതന്ത്രങ്ങളാണ് അടുത്ത കാലത്തായി നടന്നുവരുന്നതെന്നും അവര്‍ പറഞ്ഞു. നമ്മുടെ ക്ഷേത്രസംസ്‌കാരത്തെ നശിപ്പിക്കുവാന്‍ വിതക്കുന്ന വിഷവിത്താണ് ശബരിമല സ്ത്രീപ്രവേശന വിവാദം. കോടികണക്കിന് അയ്യപ്പ ഭക്തന്മാരും ഭക്തകളും ഭക്തജനസംഘടനകളും ഇതുവരെ ഇങ്ങനെ ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ല. എന്നാല്‍ ഏതോ ഒരാള്‍ ഈ ആവശ്യമുന്നയിച്ചപ്പോള്‍ അത് ഏറ്റുപിടിക്കുന്ന വിപ്ലവസംഘടനങ്ങളെയും ലക്ഷ്യം മറ്റൊന്നല്ല.

സ്ത്രീയും പുരുഷനും ഒറ്റകണ്ണിലൂടെ അര്‍ദ്ധനാരീശ്വര സങ്കല്‍പത്തിലൂടെ സമൂഹത്തെ ഒന്നായി കണ്ടിരുന്ന ഭാരതത്തില്‍ ഇപ്പോള്‍ സ്ത്രീയേയും പുരുഷനെയും വേര്‍ത്തിരിക്കുകയാണ് ഇക്കൂട്ടര്‍. വളര്‍ന്നുവരുന്ന തലമുറയെ ഭാരതീയ സംസ്‌കാരത്തില്‍ നിന്ന് വഴിതെറ്റിക്കുകയാണ് ഇവര്‍. ഈ സംസ്‌കാരത്തെ നിലനിര്‍ത്തുന്ന ആചാര്യന്മാരെയും സന്ന്യാസപരമ്പരയേയുമെല്ലാം അപമാനിക്കുന്നു. ഈ അപമാനമെല്ലാം ഹിന്ദുക്കെള്‍ക്കെതിരെമാത്രമേയുള്ളു. സംസ്‌കാരത്തെ വക്രീകരിച്ച് രചിക്കുന്ന സാഹിത്യകാരന്മാര്‍ക്കും രചനകള്‍ക്കും ആദരവ് ലഭിക്കുന്നു. സംസ്‌കാരത്തെ ഉയര്‍ത്തിപിടിക്കുന്നവര്‍ക്കെതിരെ ഫാസിസ്റ്റുകളായി ആക്രോശിക്കുന്നുവെന്നും വി.ടി.രമ പറഞ്ഞു. നൂറ്റാണ്ടുകളായി ഭാരതീയസംസകാരത്തെ തകര്‍ക്കാന്‍ ശ്രമിച്ചിച്ചിട്ടും തകരാതെ നിലനില്‍ക്കുന്ന സനാതനധര്‍മ്മം ഇനിയും ലോകഗുരുവായി വിരാജിക്കുമെന്നും പ്രൊഫ.വി.ടി.രമ പറഞ്ഞു. ഏപ്രില്‍ 29, 30, മെയ് 1 തിയതികളായി ആറാട്ടുപുഴയില്‍ നടക്കുന്ന രണ്ടാമത് ഹിന്ദു മഹാസമ്മേളനത്തിന്റെ സ്വാഗതസംഘ സമ്മേളനത്തില്‍ ചേറുശ്ശേരി വിവേകാനന്ദകേന്ദ്രത്തിലെ സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠം സ്വാമി സുകൃതാനന്ദ ഭദ്രദീപം കൊളുത്തി. സ്വാമി യോഗേശ്വാനന്ദ സരസ്വതി, രവികുമാര്‍ ഉപ്പത്ത്, മുകുന്ദപുരം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം, വേട്ടുവ മഹാസഭ സമുദായ സംസ്ഥാനസമിതി അംഗം എന്‍ എസ് വേലായുധന്‍, സികെ.സുനില്‍മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Top
Close
Menu Title