News

Archive for: August 17th, 2017

മതമൈത്രി സന്ദേശമുണര്‍ത്തി എടയ്ക്കാട്ട് ശിവക്ഷേത്ര ഉത്സവം

പുല്ലൂര്‍ : മതമൈത്രി സന്ദേശമുണര്‍ത്തി ഊരകം എടയ്ക്കാട്ട് ശിവക്ഷേത്രം ഉത്സവം. ഉച്ചത്തിരിഞ്ഞ് നടന്ന കാവടിയാഘോഷം ഊരകം സെന്റ് ജോസഫ്സ് പള്ളി പരിസരത്ത് എത്തി ചേര്‍ന്നപ്പോള്‍ വികാരി ഫാ.ബെഞ്ചമിന്‍ ചിറയത്തിന്റെ നേതൃത്വത്തില്‍ ഇടവകക്കാര്‍ ഒത്തുചേര്‍ന്ന് സ്വീകരണം നല്‍കി.ദാഹജലം നല്‍കുകയും ചെയ്തു

പാരമ്പര്യരീതിയില്‍ തപസ്യ സംഘടിപ്പിച്ച തിരുവാതിര മഹോത്സവം ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : തപസ്യ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ശ്രീ കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ പറമ്പില്‍ പാരമ്പര്യ രീതിയില്‍ നടന്ന തിരുവാതിരയാഘോഷം ജനങ്ങള്‍ക്ക്‌ ഹരം പകര്‍ന്നു. ചൊവാഴ്ച ശക്തി നിവാസില്‍ പാരമ്പര്യ രീതിയില്‍ എട്ടങ്ങാടി ചടങ്ങ് നടന്നു. ബുധനാഴ്ച വൈകീട്ട് 6 മണി മുതല്‍ തിരുവാതിര ആഘോഷം ആരംഭിച്ചു . വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തിരുവാതിര സംഘങ്ങള്‍ നടത്തുന്ന തിരുവാതിരകളി നടന്നു. രാത്രി 12 മണിയോടുകൂടി പാരമ്പര്യതിരുവാതിര ചടങ്ങുകള്‍ ആരംഭിക്കും. തിരുവാതിര പുഴുക്കും കൂവ പായസവും അടങ്ങിയ തിരുവാതിര സദ്യ ഉണ്ടായിരുന്നു

 സര്‍ക്കാര്‍ തെങ്ങിന്‍തൈ വളര്‍ത്ത് കേന്ദ്രത്തില്‍ മോട്ടര്‍ കേടായതു മൂലം നനയ്ക്കാന്‍ സാധിക്കുന്നില്ല

ഇരിങ്ങാലക്കുട : കൃഷി വകുപ്പിന്റെ കീഴിലുള്ള ജില്ലയിലെ ഏക തെങ്ങിന്‍തൈ വളര്‍ത്ത് കേന്ദ്രത്തില്‍ മോട്ടര്‍ കേടായതു മൂലം നനയ്ക്കാന്‍ സാധിക്കുന്നില്ല. സ്പ്രിംഗ്ളര്‍ ഇറിഗേഷന്‍ വഴിയാണ് 2 ഹെക്റ്റര്‍ ഉള്ള ഇരിങ്ങാലക്കുടയിലെ തെങ്ങിന്‍തൈ കേന്ദ്രത്തിലെ 75000ത്തോളം തൈകള്‍ നനക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തിയിരിക്കുന്നത്. കുഴല്‍ കിണറില്‍ മോട്ടര്‍ ഉപയോഗിച്ചായിരുന്നു ഇവിടെ നനച്ചിരുന്നത്. എന്നാല്‍ മുപ്പതിലധികം വര്‍ഷം പഴക്കമുള്ള മോട്ടര്‍ മാസങ്ങള്‍ക്ക് മുന്‍പ് കേടായിരുന്നു. പുതിയത് വാങ്ങാന്‍ ക്വട്ടേഷന്‍ നല്‍കുകയും മോട്ടര്‍ വരികയും ചെയ്തു. എന്നാല്‍ പുതിയ മോട്ടര്‍ കുഴല്‍ കിണറില്‍ ഇറക്കുവാന്‍ പറ്റാതായി. അളവിലെ ചെറിയ മാറ്റമാണ് കാരണം. മോട്ടര്‍ പ്രവര്‍ത്തിക്കാത്ത സമയത്ത് ഫാമിലെ ചെറിയ കുളങ്ങളില്‍ ചെറിയ മോട്ടര്‍ പ്രവര്‍ത്തിച്ചാണ് മാസങ്ങളായി ഇപ്പോള്‍ നന നടക്കുന്നത്. എന്നാല്‍ 2 കുളങ്ങള്‍ പൂര്‍ണമായും ഒരു കുളം ഭാഗികമായും വറ്റി. ഇതോടെ തെങ്ങിന്‍ തൈകളും വിത്തുകളും നനയ്ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. പുതിയ മോട്ടര്‍ സ്ഥാപിക്കാന്‍ ചുമതലയുള്ള റെഡ്‌കോയിലെ സാങ്കേതിക വിദഗ്ദ്ധര്‍ പലതവണ ശ്രമിച്ചിട്ടും കുഴല്‍ കിണറിലേക്ക് മോട്ടര്‍ ഇറക്കാന്‍ സാധിക്കുന്നില്ല. പാകത്തിനുള്ള പുതിയ മോട്ടര്‍ കൊണ്ടുവരികയോ പുതിയ കുഴല്‍ കിണര്‍ കുത്തുകയോ ആണ് പുതിയ മാര്‍ഗം.

കേരളത്തിലെ തന്നെ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന തെങ്ങിന്‍ തൈ വളര്‍ത്ത് കേന്ദ്രമാണ് ഇരിങ്ങാലക്കുടയിലേത്. സങ്കരയിനം തൈകളും ഉല്പാദന ശേഷി കൂടിയ ഇനം തൈകളും ഇവിടെ നിന്നും കേരളത്തിലെ എല്ലാ കൃഷിഭവനിലേക്കും വിതരണം ചെയ്യുന്നുണ്ട്. ഏപ്രിലില്‍ നടത്തുന്ന സമ്മര്‍ സെയിലിലും ജൂണില്‍ നടക്കുന്ന വില്‍പ്പനക്കും തൈകള്‍ തയ്യാറാക്കുന്ന തിരക്കിനിടയിലാണ് കുഴല്‍ കിണര്‍ മോട്ടര്‍ സ്ഥാപിക്കാന്‍ സാധിക്കാത്തതും ഒപ്പം തന്നെ മറ്റ് ജലസ്രോതസുകള്‍ വറ്റിയതിന്റെയും ആശങ്കയിലാണ് അധികൃതര്‍.

വിദ്യാസാഗരത്തില്‍ ഹരികിഷോര്‍ ഐ എ എസ് പങ്കെടുക്കുന്നു

ഇരിങ്ങാലക്കുട : നിങ്ങള്‍ക്കും ഐ എ എസ് നേടാം എന്ന വിഷയത്തില്‍ ആധികാരിക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ ഐ എ എസ് വിവേകാനന്ദ ഐ എ എസ് അക്കാദമി സംഘടിപ്പിക്കുന്ന വിദ്യാസാഗരം പഠനവേദിയുടെ 33- ാം എഡിഷനില്‍ ജനുവരി 14 ശനിയാഴ്ച്ച രാവിലെ 10 മുതല്‍ 11 : 30 വരെ പങ്കെടുക്കുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഹൈസ്കൂള്‍, പ്ലസ് ടു, ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍ : 8086851740.

സാന്ത്വന ചികിത്സ സഹായങ്ങള്‍ നല്‍കി

പടിയൂര്‍ : പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് പരിചരണവിഭാഗത്തിന് ആവശ്യമായ ഉപകരണങ്ങള്‍ സ്നേഹം കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജുവിന് കൈമാറി ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത മനോജ് അധ്യക്ഷത വഹിച്ചു. സ്നേഹം ചാരിറ്റില്‍ സൊസൈറ്റി പ്രസിഡന്റ് ടി വി സുതന്‍ ഉപകരണങ്ങള്‍ നല്‍കി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുതന്‍, ആശാ സുരേഷ്, മെമ്പര്‍മാരായ സി എം ഉണ്ണികൃഷ്ണന്‍ സി എ ശിവദാസന്‍, സംഗീത സുരേഷ്, ഉഷ രാമചന്ദ്രൻ, പി കെ രാജന്‍, സുനന്ദ ഉണ്ണികൃഷ്ണന്‍, സജി ഷൈജുകുമാര്‍, സദാ വിഷ്വമ്പരം, എന്നിവര്‍ സംസാരിച്ചു. എയര്‍ ബെഡ്, യൂറോ ബാഗ്, വാക്കിങ് സ്റ്റിക്ക്, ഡയപ്പര്‍ തുടങ്ങിയ കിടപ്പുരോഗികള്‍ക്കാവശ്യമായ ഉപകരണങ്ങളാണ് നല്‍കിയത്.

എസ് എന്‍ സ്‌കൂളുകളുടെ വാര്‍ഷികസമ്മേളനം, എസ് എന്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനം 12,13 തിയ്യതികളില്‍

ഇരിങ്ങാലക്കുട : എസ് എന്‍ സ്‌കൂളുകളുടെ വാര്‍ഷികസമ്മേളനം, എസ് എന്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനം ജനുവരി 12,13 തിയ്യതികളില്‍ നടക്കും. ജനുവരി 12 വ്യഴാഴ്ച 2 മണിയ്ക്ക് എം എല്‍ എ പ്രൊഫ കെ യുഅരുണന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച സ്‌മാര്‍ട്ട് ക്ലാസ്സ് റൂം എം പി സി എന്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്യും. സുധാകരന്‍ പോളശ്ശേരി രജതജൂബിലി സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. വിദ്യാര്‍ത്ഥികളുടെ സാഹിത്യ ആസ്വാദനക്കുറിപ്പുകളുടെ പ്രദര്‍ശനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വഹിക്കും. ജനുവരി 13 വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് നടക്കുന്ന വാര്‍ഷികാഘോഷം കേരളസാഹിത്യ അക്കാദമി സെക്രട്ടറി ഡോ കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്യും. എസ് എന്‍ ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ സി കെ രവി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രശസ്ത കുച്ചുപ്പുടി നര്‍ത്തകി ശ്രീലക്ഷ്‌മി ഗോവര്‍ദ്ധന്‍ മുഖ്യതിഥി ആയിരിക്കും. ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഒാഫീസര്‍ എ കെ അരവിന്ദാക്ഷന്‍ എസ് എന്‍ ടി ടി ഐ പ്രിന്‍സിപ്പലായി വിരമിച്ച കെ അനിത ടീച്ചറുടെ ഫോട്ടോ അനാച്ഛാദനം ചെയ്യും. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും.

സഖാവ് എം കെ ഗോപാലന്‍ ദിനം സമുചിതമായി ആചരിച്ചു

കാറളം : സിപിഐഎം ന്റെ കാറളത്തെ നേതാവായിരുന്ന എം കെ ഗോപാലന്റെ ചരമവാര്‍ഷികദിനം പാര്‍ട്ടി ലോക്കല്‍കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു.  ലോക്കല്‍ സെക്രട്ടറി എ വി അജയന്‍ പതാക ഉയര്‍ത്തി. വൈകീട്ട് നടന്ന പ്രകടനത്തിന് ശേഷം അനുസ്മരണ സമ്മേളനം നടന്നു. സമ്മേളനം ഇരിങ്ങാലക്കുട എംഎല്‍എ പ്രൊഫ കെ യു അരുണന്‍ ഉല്‍ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി എ മനോജ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ലോക്കല്‍ കമ്മറ്റി സെക്രട്ടറി എ വി അജയന്‍, ഏരിയ കമ്മറ്റി അംഗം കെ കെ സുരേഷ്ബാബു, ലോക്കല്‍കമ്മറ്റി അംഗം പി വി ഹരിദാസ്, വി എന്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ക്ഷത്രീയസഭയുടെ ആഭിമുഖ്യത്തില്‍ തിരുവാതിര ആഘോഷം

ഇരിങ്ങാലക്കുട : ക്ഷത്രീയ സഭയുടെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസത്തെ തിരുവാതിര ആഘോഷം കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപമുള്ള വലിയതമ്പുരാന്‍ കോവിലകത്ത് വച്ച് ആഘോഷിച്ചു. കല വര്‍മ്മ, ശ്രീവിദ്യ വര്‍മ്മ, അംബിക വര്‍മ്മ, സ്മിത വര്‍മ്മ, പ്രിയ വര്‍മ്മ, ജയശ്രീ വര്‍മ്മ എന്നിവര്‍ തിരുവാതിരക്ക് നേതൃത്വം നല്‍കി. ക്ഷത്രീയ സഭ ഇരിങ്ങാലക്കുട പ്രസിഡന്റ് യദുനാഥ്‌, സെക്രട്ടറി രാജേന്ദ്ര വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.

കാറളം പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ : 10- ാമത് പ്രവാസി സംഗമം ജനുവരി 13 ന്

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍( കെ പി പി എ ) 10- ാം വാര്‍ഷിക സമ്മേളനം  ജനുവരി 13 വെള്ളിയാഴ്ച്ച വൈകിട്ട് 6 ന് കാറളം സാജ് ഇന്‍റര്‍നാഷനലില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരള ഗവ. കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്യുന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ അധ്യക്ഷത വഹിക്കും. അഡ്വ തോമസ് ഉണ്ണിയാടന്‍ സോവനീര്‍ പ്രകാശനം ചെയ്യും. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബാബു മുഖ്യാതിഥി ആയിരിക്കും. കെ പി പി എ സെക്രട്ടറി ടി എസ് സജീവ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. കെ പി പി എ പ്രസിഡന്‍റ് പി ഐ നൗഷാദ്, കെ പി പി എ സെക്രട്ടറി ടി എസ് സജീവ്, ട്രഷറര്‍ നിലേഷ് എം വി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

മുരിയാട് പഞ്ചായത്തില്‍ ആടുകളെ വിതരണം ചെയ്തു

മുരിയാട് : പഞ്ചായത്ത് മൃഗാശുപത്രിയില്‍ നിന്നും മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതിയില്‍ നിന്നും 14 പട്ടികജാതി കുടുംബങ്ങള്‍ക് 2 ആടുകളെ വിതം നലകുന്ന പദ്ധതിയുടെ ഉല്‍ഘാടനം പഞ്ചായത്ത് പ്രിസിഡന്‍റ് സരള വിക്രമന്‍ നിര്‍വഹിച്ചു. സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ പി പ്രശാന്ത്, മോളി ജേക്കബ്, അജിത രാജന്‍, പ്രതിപക്ഷ പാര്‍ലിമെന്‍ററി ലീഡര്‍ തോമാസ് തൊകലത്ത്. പഞ്ചായത്ത് അംഗങ്ങളായ സരിത സുരേഷ്, സിന്ധു നാരായണന്‍കുട്ടി, ടെസ്സി ജോഷി, ശാന്ത മോഹന്‍ദാസ് ,വെറ്റിനറി ഡോക്ടര്‍ ഷൈമ ഷിബു എന്നിവര്‍ പ്രസംഗിച്ചു.

ജിഷ്ണുവിന്റെ ആത്മഹത്യക്ക് കാരണക്കാരായ കോളേജ് അധികൃതര്‍ക്കെതിരെ നരഹത്യക്ക് കേസ് എടുക്കണം : എ ഐ എസ് എഫ് – എ ഐ വൈ എഫ്

ഇരിങ്ങാലക്കുട : പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ദുരൂഹമരണത്തില്‍ പ്രതിഷേധിച്ച്എ ഐ എസ് എഫ് – എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുട നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി. ജിഷ്ണുവിന്റെ ആത്മഹത്യക്ക് കാരണക്കാരായവര്‍ക്കെതിരെ നരഹത്യക്ക് കേസ് എടുക്കണം എന്ന് എ ഐ എസ് എഫ് – എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി വി ആര്‍ രമേഷ്, മണ്ഡലം പ്രസിഡന്റ് എ എസ് ബിനോയ് , എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി വിഷ്‌ണു ശങ്കര്‍, ജോ. സെക്രട്ടറി ശ്യാം കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Top
Close
Menu Title