News

Archive for: August 2017

കപിലാ വേണുവിന്‌ മധ്യപ്രദേശ്‌ സാംസ്‌കാരിക വകുപ്പിന്റെ കുമാര്‍ ഗന്ധര്‍വ്വ ദേശിയ പുരസ്‌കാരം

ഇരിങ്ങാലക്കുട : മധ്യപ്രദേശ്‌ സാംസ്‌കാരിക വകുപ്പിന്റെ ദേശീയ കുമാര്‍ ഗന്ധര്‍വ്വ പുരസ്‌കാരത്തിനായി കൂടിയാട്ടം കലാകാരി കപിലാ വേണുവിനെ തിരഞ്ഞെടുത്തു. ഒന്നേകാല്‍ ലക്ഷം രൂപയും പ്രശസ്‌തി പത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരം ഏപ്രില്‍ 8- ാം തിയ്യതി വിഖ്യാത ഗായകന്‍ കുമാര്‍ ഗന്ധര്‍വ്വന്റെ വസതിയായിരുന്ന മധ്യപ്രദേശിലെ ദേവാസ്‌ ഗ്രാമത്തിലെ മല്‍ഹാര്‍ സ്‌മൃതി മന്ദിരത്തില്‍ വച്ചാണ്‌ സമ്മാനിക്കുക. സംഗീതത്തില്‍ മാത്രം കേന്ദ്രീകരിച്ച്‌ നല്‍കി വന്നിരുന്ന ഈ പുരസ്‌കാരം ഇദംപ്രഥമമായിട്ടാണ്‌ ഒരു നാട്യകലാകാരിക്ക്‌ നല്‍കുന്നത്‌. ഗുരു അമ്മന്നൂര്‍ മാധവചാക്യാരുടെ ശിഷ്യത്വം സ്വീകരിച്ച്‌ ഇരിങ്ങാലക്കുട അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ സ്‌മാരക ഗുരുകുലത്തിലും നടനകൈരളിയിലും കൂടിയാട്ടവും നങ്ങ്യാര്‍കൂത്തും അഭ്യസിച്ച കപില കൂടിയാട്ടം ആചാര്യന്‍ വേണുജിയുടെയും മോഹിനിയാട്ടം ഗുരു നിര്‍മ്മലാ പണിക്കരുടെയും പുത്രിയാണ്‌. നിര്‍മ്മലാ പണിക്കരുടെ കീഴില്‍ മോഹിനിയാട്ടം പരിശീലിച്ച കപില അമ്മന്നൂര്‍ കുട്ടന്‍ചാക്യാര്‍, ഉഷാ നങ്ങ്യാര്‍, കിടങ്ങൂര്‍ രാമചാക്യാര്‍ എന്നിവരുടെ കീഴിലും കൂടിയാട്ട പരിശീലനം നേടിയിട്ടു്‌. ജപ്പാനിലെ നാട്യാചാര്യന്‍ മിന്‍ തനാകയുടെ അവാന്ത്‌-ഗാര്‍ഡ്‌ അഭിനയപരിശീലനത്തിന്റെ ശില്‍പ്പശാലകളില്‍ അഞ്ച്‌ കൊല്ലം പങ്കെടുത്ത കപില സ്വീഡന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന വേള്‍ഡ്‌ തിയേറ്റര്‍ പ്രൊജക്‌ടിലെയും സജീവ അംഗമായിരുന്നു.

പാരമ്പര്യ കൂടിയാട്ടങ്ങള്‍ക്കു പുറമെ വേണുജി സംവിധാനം ചെയ്‌ത അഭിജ്ഞാനശാകുന്തളത്തില്‍ ശകുന്തളയായും വിക്രമോര്‍വ്വശീയത്തില്‍ ഉര്‍വ്വശിയായും അഭിനയിക്കുകയും ശ്രീ ശങ്കരാചാര്യരുടെ സൗന്ദര്യലഹരി, ഗീതഗോവിന്ദത്തിലെ ദശാവതാരങ്ങള്‍, രഘുവംശത്തിലെ സീത തുടങ്ങി നിരവധി നൂതന ഇതിവൃത്തങ്ങള്‍ നങ്ങ്യാര്‍കൂത്തിലൂടെ അവതരിപ്പിച്ച്‌ ശ്രദ്ധനേടി. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉസ്‌താദ്‌ ബിസ്‌മില്ലാ ഖാന്‍ പുരസ്‌കാരം, ഡല്‍ഹിയിലെ സാന്‍സ്‌കൃതി പ്രതിഷ്‌ഠാന്റെ സാന്‍സ്‌കൃതി അവാര്‍ഡ്‌ എന്നീ ബഹുമതികള്‍ കപിലയെ തേടിയെത്തിയിട്ടു്‌. ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമയിലും സിങ്കപ്പൂരിലെ ഇന്റര്‍കള്‍ച്വറല്‍ തിയേറ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും വിസിറ്റിങ്‌ അധ്യാപിക കൂടിയാണ്‌ കപില. അനവധി ദേശീയ, അന്തര്‍ദേശിയ കലോത്സവങ്ങളിലും കപിലയുടെ അഭിനയം പ്രശംസ നേടിയിട്ടു്‌. കപിലയുടെ കലാജീവിതത്തെ കേന്ദ്രീകരിച്ച്‌ സഞ്‌ജു സുരേന്ദ്രന്‍ സംവിധാനം ചെയ്‌ത ‘കപില’ എന്ന ഡോക്കുമെന്ററി 2014-ല്‍ ഏറ്റവും മികച്ച കലാമൂല്യമുള്ള സിനിമയ്‌ക്കുള്ള ദേശീയ അവാര്‍ഡും പല അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങളും നേടുകയുായി. പ്രശസ്‌ത ധ്രുപദ്‌ ഗായകര്‍ ഗുച്ചേ സഹോദരന്മാര്‍, ചിത്രവീണ കലാകാരന്‍ രവികിരണ്‍, പുല്ലാങ്കുഴല്‍ വാദകന്‍ പണ്‌ഡിറ്റ്‌ റോണുമജുംദാര്‍ തുടങ്ങിയവരാണ്‌ ഇതിനു മുമ്പ്‌ ഈ പുരസ്‌കാരം നേടിയിട്ടുള്ള പ്രമുഖര്‍. കേരളത്തില്‍ നിന്നും മറ്റാര്‍ക്കും ഈ പുരസ്‌കാരം ലഭ്യമായിട്ടില്ല

മാപ്രാണം കുഴിക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹം ആരംഭിച്ചു

മാപ്രാണം :  കുഴിക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തിലെ രണ്ടാമത് ഭാഗവതസപ്താഹം ആരംഭിച്ചു. മുന്‍ ശബരിമല മേല്‍ശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി ഭദ്രദീപം കൊളുത്തി. മുന്‍ ശബരിമല മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ രമേഷ് വാര്യര്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി അണിമംഗലത്ത് നാരായണന്‍ന്‍ നമ്പൂതിരി, ഇടിഎം ഔഷധരാജ് എംഡി കെ.മോഹനന്‍, കെ. ഉണ്ണികൃഷ്ണന്‍, സുരേഷ് കാഞ്ഞാണി എന്നിവര്‍ സംസാരിച്ചു. പ്രസിഡണ്ട് പി.സി. രാജേഷ്, സെക്രട്ടറി അനൂപ് കൊല്ലാറ എന്നിവര്‍ ചികിത്സ, വിദ്യാഭ്യാസ സഹായങ്ങള്‍ വിതരണം ചെയ്തു. അവണൂര്‍ ദേവന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. ചടങ്ങിനു മുമ്പ് മാപ്രാണം മനകുളങ്ങര ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹഘോഷയാത്ര നടന്നു.

ഇരിങ്ങാലക്കുടയില്‍ ആര്‍.ഡി.ഓ ഓഫീസ് വേണം : ഓള്‍ ഇന്ത്യ ലോയേര്‍സ് യൂണിയന്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍

ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലയില്‍ പുതിയതായി അനുവദിച്ച ആര്‍.ഡി.ഓ ഓഫീസ് ഇരിങ്ങാലക്കടയില്‍ സ്ഥാപിക്കണമെന്ന് ഓള്‍ ഇന്ത്യ ലോയേര്‍സ് യൂണിയന്‍ ഇരിങ്ങാലക്കുട യൂണിറ്റ് കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . ജില്ലാ കോടതി / കുടുംബ കോടതി എന്നിവ അനുവദിച്ച ഇരിങ്ങാലക്കുടയില്‍ സിവില്‍ സ്റ്റേഷനില്‍ അതിനുള്ള ഭൗതിക സാഹചര്യവും നിലവിലുണ്ട്. കണ്‍വെന്‍ഷന്‍ എ.ഐ.എല്‍.യു ജില്ലാ സെക്ര. അഡ്വ. കെ ഡി ബാബു ഉദ്ഘാടനം ചെയ്തു. അഡ്വ. സന്തോഷ് കുമാര്‍, അഡ്വ. അഷറഫ് സാബാന്‍, അഡ്വ. പി കെ അശോകന്‍ എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റായി അഡ്വ. എ എ ബിജുവിനേയും സെക്രട്ടറിയായി അഡ്വ. മനോഹരനേയും തിരഞ്ഞെടുത്തു.

അപകടവളവുകളിലെ ബ്ലാക്ക്സ്പോട്ട് ട്രീറ്റ്മെന്റ് സംവിധാനം പ്രവര്‍ത്തന രഹിതം

വല്ലക്കുന്ന് : തുടര്‍ച്ചയായി അപകടമുണ്ടാകുന്ന വല്ലക്കുന്നിലെ അപകടവളവുകളിലെ ബ്ലാക്ക്സ്പോട്ട് ട്രീറ്റ്മെന്റ് സംവിധാനം പ്രവര്‍ത്തന രഹിതമായിട്ട് രണ്ടു വര്‍ഷമാകുന്നു.  പകലും രാത്രിയിലും വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെടുന്ന രീതിയില്‍ ഉയരമുള്ള ബോര്‍ഡില്‍ അപകടസാധ്യത മേഖല എന്ന് രേഖപ്പെടുത്തുകയും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സോളാര്‍ പാനല്‍ സംവിധാനമുള്ള മഞ്ഞ ബ്ലിങ്കിംഗ് ലൈറ്റ് സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സമയബന്ധിതമായ അറ്റകുറ്റ പണികള്‍ നടത്താത്തതുമൂലമാണ് ബ്ലിങ്കിംഗ് ലൈറ്റ് സംവിധാനം പ്രവര്‍ത്തന രഹിതമായത് . സോളാര്‍ ബാറ്ററികളില്‍ വന്ന കേടുപാടുകളാകാം ഇതിന് കാരണമെന്ന് കരുതുന്നു. 2012 ല്‍ കെല്‍ട്രോണ്‍ ആണ് സിഗ്നല്‍ സംവിധാനം സ്ഥാപിച്ചത്.  കേരളത്തിലെ ഏറ്റവും കൂടുതല്‍ അപകടം നടക്കുന്ന 100 മേഖലയില്‍ ഒന്നാണ് ഇവിടം എന്നുള്ളതുകൊണ്ട് 7 വര്‍ഷം മുമ്പ് ബ്ലാക്ക്‌ സ്പോട്ട് ട്രീറ്റ്‌മെന്റ് അപായ സൂചനകളും ഇവിടെ സ്ഥാപിച്ചത്. എന്നിട്ടും അപകട നിരക്ക് കുറയുന്നില്ല എന്നത് ജനങ്ങളില്‍ ആശങ്ക ഉണര്‍ത്തുന്നു. ഒട്ടേറെ വിലപ്പെട്ട ജീവനുകള്‍ ഈ അപകട വളവില്‍ പൊലിഞ്ഞിട്ടുണ്ട്.

അപകടത്തില്‍ മരണപ്പെട്ട ഗോപികക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നാട്ടുകാര്‍

വല്ലക്കുന്ന്  : റോഡ് തകര്‍ന്നിട്ടും അറ്റകുറ്റപണികള്‍ നടത്താന്‍ വൈകിക്കുന്ന അധികൃതരുടെ അനാസ്ഥയുടെ അവസാനത്തെ ഇരയായ അപകടത്തില്‍ മരണപ്പെട്ട ഗോപികക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കല്ലേറ്റുംകര വല്ലക്കുന്നു നിവാസികള്‍.  അപകടം നടന്നിടത് രാത്രി മെഴുകുതിരി കത്തിച്ചു നാട്ടുകാര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചതോടൊപ്പം അപകടത്തിന് കാരണമായ റോഡിന്‍റെ അവസ്ഥയുടെ പ്രതിഷേധവും അണപൊട്ടി.   പോട്ട- ഇരിങ്ങാലക്കുട സംസ്ഥാന പാതയില്‍ അപകട മേഖലയായ വല്ലക്കുന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിന് മുന്നില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു ബൈക്ക് അപകടത്തില്‍ ഗോപിക മരണപ്പെട്ടത്. കഴിഞ്ഞതവണ നടന്ന റോഡ് ടാറിങ്ങിന്റെ നിലവാര തകര്‍ച്ചമൂലം ഇപ്പോള്‍ അപകടമുണ്ടായ ഭാഗത്തു റോഡ് മാസങ്ങളായി തകര്‍ന്നു കിടക്കുകയാണ്, വലിയ കുഴികളും ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. കുഴികള്‍ ഒഴിവാക്കാനായി വാഹനങ്ങള്‍ പെട്ടന്ന് വെട്ടിക്കുമ്പോള്‍ ഇവിടെ അപകടങ്ങള്‍ സ്ഥിരമാണ് .

related news : ബൈക്കിനു പുറകില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥിനി കോളേജ് ബസ് കയറി മരിച്ചു

ഭക്ഷ്യവിഷ ബാധയേറ്റ് പത്തോളം സ്കൂള്‍ കുട്ടികള്‍ ആശുപത്രിയില്‍

ഇരിങ്ങാലക്കുട : ഭക്ഷ്യവിഷബാധയേറ്റ് പത്തോളം കുട്ടികള്‍ ആശുപത്രിയില്‍. കണ്ണിക്കര സെന്റ് പോള്‍സ് എല്‍.പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സ്കൂളില്‍ നിന്നും ഉച്ചക്ക് കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് കരുതുന്നു. ഉച്ചഭക്ഷണത്തിന് കറിയായി നല്‍കിയത് മത്തങ്ങയും പയറുമാണ് . കടുപ്പശ്ശേരി, കണ്ണിക്കര പ്രദേശത്ത് താമസിക്കുന്നവരാണ് വിദ്യാര്‍ത്ഥികളില്‍ പലരും. വൈകുന്നേരത്തോടെ കുട്ടികള്‍ക്ക് ഛര്‍ദ്ദി തുടങ്ങിയതായി പറയുന്നു. ഇതേ തുടര്‍ന്നാണ് കുട്ടികളെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കരൂപ്പടന്ന ഫുട്ബോള്‍ ലഹരിയിലേക്ക്

കരൂപ്പടന്ന: വേനല്‍ ചൂടില്‍ കരൂപ്പടന്ന ഫുട്ബോള്‍ ലഹരിയിലേക്ക്. കരൂപ്പടന്ന ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ നടത്തുന്ന അഖില കേരള ഫുട്ബോള്‍ മേള കരൂപ്പടന്ന ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൈതാനിയിലെ ഷറഫുദ്ധീന്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. കരൂപ്പടന്നയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടില്‍ ഫുട്ബോള്‍ മല്‍സരം നടത്തുന്നതെന്ന് സംഘാടകര്‍ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വായനശാല പ്രസിഡണ്ട് എ.കെ.മജീദ്, ഫുട്ബോള്‍ മേള കോ-ഓര്‍ഡിനേറ്റര്‍ ടി.എസ്.മുസ്തഫ, കെ.കെ.ഷാഹുല്‍ ഹമീദ്, മധു മേനോന്‍, വി.എം. റഊഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഫുട്ബോള്‍ മേളയുടെ ഭാഗമായി വൈകീട്ട് കരൂപ്പടന്നയില്‍ വിളംബര ജാഥ നടത്തി. തായ്‌ലന്‍ഡില്‍ നടന്ന മൊയ് തായ് മാര്‍ഷല്‍ ആര്‍ട്ട്സ് ഗെയിംസ് മല്‍സരത്തില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ നേടിത്തന്ന കരൂപ്പടന്നയുടെ അഭിമാനമായ ഷുഹൈബിനേയും പരിശീലകന്‍ അഷ്കറിനേയും ജാഥയില്‍ വാദ്യമേളങ്ങളോടെ ആനയിച്ചു. കരൂപ്പടന്നയിലെ പഴയ കാല ഫുട്ബോള്‍ താരങ്ങളും വിദ്യാര്‍ത്ഥികളും നാട്ടുകാരും ഉള്‍പ്പെടെ നൂറു കണക്കിന് ആളുകള്‍ വിളംബര ജാഥയില്‍ അണിനിരന്നു. ഫുട്ബോളിനെ എന്നും നെഞ്ചേറ്റി ലാളിക്കുന്ന കരൂപ്പടന്നയില്‍ നടക്കുന്ന ഫുട്ബോള്‍ മേള ഫുട്ബോള്‍ പ്രേമികള്‍ക്ക് വേനലിലെ മഴ പോലെ ഹൃദയഹാരിയായ അനുഭവമായിരിക്കും.

അംഗനവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു

കാറളം : ഗ്രാമപഞ്ചായത്ത് കിഴുത്താനി ഏഴാം വാര്‍ഡിലെ അംഗനവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു. ബുധനാഴ്ച രാത്രിയാണ് മേല്‍ക്കൂര തകര്‍ന്നുവീണത്. ശോച്യാവസ്ഥയില്‍ നില്‍ക്കുന്നതിനാല്‍ രണ്ട് ദിവസം മുമ്പെ അംഗനവാടിയുടെ പ്രവര്‍ത്തനങ്ങള്‍ തൊട്ടടുത്തുള്ള വ്യദ്ധന്മാരുടെ ഉല്ലാസകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇതുമൂലം വന്‍ ദുരന്തം ഒഴിവായി. അംഗനവാടി കെട്ടിടം പുതുക്കി പണിയുന്നതിനായി മുന്‍ എം.എല്‍.എ 26 ലക്ഷം അനുവദിച്ചിരുന്നു. എന്നാല്‍ അംഗനവാടിയുടെ ആരംഭം മഹിളാ സമാജത്തിന്റെ കീഴിലായിരുന്നു. അതുകൊണ്ട് ഭൂമിയുടേയും കെട്ടിടത്തിന്റേയും രേഖകള്‍ മഹിളാ സമാജത്തിന്റെ അന്നത്തെ ഭാരവാഹികളുടെ പേരിലായിരുന്നു. നെടുമ്പുള്ളി തരണനെല്ലൂര്‍ മന സംഭാവന ചെയ്തതായിരുന്നു ഭൂമി. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുമ്പോള്‍ ഭൂമിയുടെ രേഖകള്‍ പഞ്ചായത്തിന് കൈമാറണമെന്നാണ് വ്യവസ്ഥ. എന്നാല്‍ അത് പാലിക്കാന്‍ മഹിളാ സമാജം ഭാരവാഹികള്‍ തയ്യാറായില്ല. മുന്‍ എം.എല്‍.എയും പഞ്ചായത്ത് അംഗവും പലതവണ ചര്‍ച്ച നടത്തിയെങ്കിലും ഭാരവാഹികളുടെ തെറ്റായ സമീപനം മൂലം അനുവദിച്ച ഫണ്ട് ലാപ്‌സാവുകയായിരുന്നെന്ന് കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് തങ്കപ്പന്‍ പാറയില്‍ ആരോപിച്ചു. അംഗനവാടി കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തങ്കപ്പന്‍ പാറയില്‍ കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

പുല്ലൂര്‍ ചേര്‍പ്പുംകുന്നില്‍ ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

പുല്ലൂര്‍ : രൂക്ഷമായ ശുദ്ധജല ക്ഷാമം നേരിടുന്ന പുല്ലൂര്‍ ചേര്‍പ്പുംകുന്നില്‍ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ആഴ്ച്ചകളായി വെള്ളം പാഴാകുന്നു. മുരിയാട് പഞ്ചായത്തിലെ ചേര്‍പ്പുംകുന്ന് കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള ഈ വിതരണ പൈപ്പ് പൊട്ടിയിട്ട് ആഴ്ച്ചകളായിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നും നാട്ടുക്കാര്‍ പരാതിപ്പെട്ടു. പൈപ്പുപൊട്ടി വെള്ളം പാഴായി പോകുന്നു എന്നു മാത്രമല്ല ആനുരുളി റോഡ് തകരാറാവുകയും ചെയ്തു

പരീക്ഷാനടത്തിപ്പിലെ ക്രമക്കേട് : വിദ്യാഭ്യാസമന്ത്രി രാജി വയ്ക്കണം – കെ.പി.എസ്.ടി.എ

ഇരിങ്ങാലക്കുട : എസ് എസ് എല്‍ സി, +2 പരീക്ഷാ നടത്തിപ്പില്‍ ഗുരുതരമായ വീഴ്ച്ച സംഭവിച്ച സാഹചര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തു വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാജി വയ്ക്കണമെന്ന് കെ പി എസ് ടി എ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ജില്ലാ യാത്രയയപ്പ് സമ്മേളനം കെ പി എസ് ടി എ തൃശൂര്‍ റവന്യു ജില്ലാ പ്രസിഡണ്ട് സി എസ് അബ്ദുള്‍ഹഖ് ഉദ്‌ഘാടനം ചെയ്തു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള ഉപഹാരങ്ങള്‍ സംസ്ഥാന കമ്മിറ്റിയംഗം ഇ കെ സോമന്‍ വിതരണം ചെയ്തു. സംസ്ഥാന നിര്‍വാഹക സമിതി അംഗം പി യു വില്‍സണ്‍ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് കെ എ നാസര്‍ അധ്യക്ഷത വഹിച്ചു. എ എന്‍ വാസുദേവന്‍, കെ വി സാബു, പ്രവീണ്‍ എം കുമാര്‍, ലൂവിസ് മേലേപ്പുറം, സാജു ജോര്‍ജ് എം ജെ ഷാജി, പി കെ ജോര്‍ജ്, കെ കമലം, നിക്സണ്‍ പോള്‍ കെ, ജിനേഷ് എ, അനില്‍കുമാര്‍ എ ജി എന്നിവര്‍ സംസാരിച്ചു.

അംഗനവാടി ശിലാസ്ഥാപനം നിര്‍വഹിച്ചു

പടിയൂര്‍ : പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 13 – ാം വാര്‍ഡില്‍ 110- ാം നമ്പര്‍ അംഗനവാടിയുടെ ശിലാസ്ഥാപന കര്‍മം വെള്ളാങ്ങല്ലുര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി നക്കര നിര്‍വഹിച്ചു. തൊഴിലുറപ്പ് ഫണ്ടും ത്രിതല പഞ്ചായത്തു ഫണ്ടും ഉള്‍പ്പെടെ 11,70 ,000 രൂപ ചെലവഴിച്ചാണ് അംഗനവാടി നിര്‍മിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ നിര്‍മാണമേഖലയിലേക്കുള്ള ആദ്യത്തെ സംരംഭമാണ് ഈ അംഗനവാടി നിര്‍മാണം. പഞ്ചായത്ത് പ്രസിഡണ്ട് കെ സി ബിജു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് അംഗം എന്‍ കെ ഉദയപ്രകാശ്, പഞ്ചായത്ത് അംഗം ടി സി ദശോബ് തുടങ്ങിയവര്‍ പങ്കെടുത്തു.

തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മ്മിച്ച കുളം കൈമാറി

ആനന്ദപുരം : മുരിയാട് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മ്മിച്ച ആനന്ദപുരം രണ്ടാം വാര്‍ഡിലെ ഇല്ലിക്കല്‍ ജെയിംസിന്റ കുളം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ആനന്ദപുരത്ത് നടന്ന ചടങ്ങില്‍ കൈമാറി. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മോളി ജേക്കബ് വാര്‍ഡ് മെമ്പര്‍ ടി.വി. വത്സന്‍ സി ഡി എസ് അംഗം ശ്രീദേവി എന്നിവര്‍ സംസാരിച്ചു.

ഡോ കെ ഗോവിന്ദന്‍ നായര്‍ മെമ്മോറിയല്‍ അവാര്‍ഡ് ഡോ ഗോകുല്‍ എം എസ് ന്

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഫിസിഷ്യന്‍സ് കോണ്‍ഫറന്‍സില്‍ (എ പി ഐ ) അവതരിപ്പിച്ച ഗവേഷണ പ്രബന്ധത്തിനു ഡോ കെ ഗോവിന്ദന്‍ നായര്‍ മെമ്മോറിയല്‍ അവാര്‍ഡായി ഒന്നാം സ്ഥാനവും ക്യാഷ് അവാര്‍ഡും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജിലെ എം ഡി ജനറല്‍ മെഡിസിന്‍ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ ഡോ ഗോകുല്‍ എം എസ് നേടി. പൂനയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡയബറ്റിസ് കോണ്‍ഫറന്‍സില്‍ നൂതന ആശയങ്ങള്‍ അടങ്ങിയ പ്രബന്ധഅവതരണത്തിനു മൂന്നാം സ്ഥാനത്തിനും ഡോ ഗോകുല്‍ എം എസ് അര്‍ഹനായി. ഇരിങ്ങാലക്കുട മഞ്ഞപ്പിള്ളില്‍ സാബു – ശോഭ ദമ്പതികളുടെ മകനാണ് ഗോകുല്‍.

വെട്ടിക്കര നനദുര്‍ഗ നവഗ്രഹ ക്ഷേത്രത്തിലെ രഥോത്സവം ഏപ്രില്‍ 2 ,3 ,4 തീയതികളില്‍

ഇരിങ്ങാലക്കുട : വെട്ടിക്കര നനദുര്‍ഗ നവഗ്രഹ ക്ഷേത്രത്തിലെ രഥോത്സവം-2017 ഏപ്രില്‍ 2 ,3 ,4 തീയതികളില്‍ ആഘോഷിക്കുമെന്നു ക്ഷേത്രം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 2 ഞായറാഴ്ച വൈകീട്ട് 4 .30 നു ശ്രീ കൂടല്‍മാണിക്യം ക്ഷേത്രസന്നിധിയില്‍ നിന്നും വാദ്യാഘോഷങ്ങളോടെ ആരംഭിക്കുന്ന രഥം എഴുന്നള്ളിപ്പോടെ ആഘോഷപരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പ് സ്വീകരിച്ചതിനു ശേഷം ചുറ്റുവിളക്ക്, നിറമാല, തിരുവാതിരകളി, പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കും. ഏപ്രില്‍ 3 തിങ്കളാഴ്ച്ച ഉച്ച തിരിഞ്ഞു ശുദ്ധികലശം, പ്രാസാദശുദ്ധി, രക്ഷോഘ്ന ഹോമം, വാസ്തുബലി എന്നിവ ഉണ്ടായിരിക്കും. വൈകീട്ട് 5 നു നടത്തുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കേരള ക്ഷേത്ര സംരക്ഷണസമിതി വൈസ് പ്രസിഡണ്ട് ഡോ കെ അരവിന്ദാക്ഷന്‍ “ദുര്‍ഗ്ഗാസഹസ്രനാമസ്തോത്രം ഭാഷാഭാഷ്യം ” പുസ്തകപ്രകാശനം ചെയ്യും. തുടര്‍ന്ന് ദീപാരാധന, ചുറ്റുവിളക്ക്,നിറമാല, നൃത്തനൃത്ത്യങ്ങള്‍, അത്താഴപൂജ, പ്രസാദവിതരണം എന്നിവയുണ്ടായിരിക്കും. ഏപ്രില്‍ 4 ചൊവ്വാഴ്ച രാവിലെ 5 മണിക്ക് അഷ്ടദ്രവ്യ ഗണപതി ഹോമം, ചതുശുദ്ധി, ധാര, പഞ്ചഗവ്യാഭിഷേകം, പഞ്ചകം, 25 കലശം എന്നീ പൂജകളും ടി. കലശാഭിഷേകങ്ങളും, അയ്യപ്പന്‍, ഗണപതി, ഭദ്രകാളി, നവഗ്രഹങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക കലശാഭിഷേകങ്ങള്‍, ശ്രീഭൂതബലി തുടര്‍ന്ന് പുറത്തേക്ക് എഴുന്നള്ളിപ്പ്, മേളം, ഉച്ചയ്ക്ക് അന്നദാനം, വൈകീട്ട് 5 മണിക്ക് രഥം എഴുന്നള്ളിപ്പ്, പെരുവനം ശങ്കരനാരായണ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, വൈകീട്ട് ദീപാരാധന, ചുറ്റുവിളക്ക്, നിറമാല, കരിമരുന്നു പ്രയോഗം, ‘ദുര്‍ഗാദേവിക്ക് പൂമൂടല്‍ ‘, പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കും. പ്രസിഡണ്ട് കെ ആര്‍ സുബ്രമണ്യന്‍, സെക്രട്ടറി കെ എന്‍ മേനോന്‍, കമ്മിറ്റി മെമ്പര്‍മാരായ പി കെ ഉണ്ണികൃഷ്‌ണന്‍, പീതാംബരന്‍, പി ഹരിദാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ബൈക്കിനു പുറകില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥിനി കോളേജ് ബസ് കയറി മരിച്ചു

വല്ലക്കുന്ന് : യുവാവിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അപകടത്തില്‍ പെട്ട് റോഡില്‍ വീണ വിദ്യാര്‍ത്ഥിനി പുറകില്‍ എത്തിയ കോളേജ് ബസ് കയറി തല്‍ക്ഷണം മരിച്ചു . വലപ്പാട് കോളേജ് വിദ്യാര്‍ത്ഥിനിയായ കാട്ടൂര്‍ കരാഞ്ചിറ  സ്വദേശിനി വടക്കുംമുറി വീട്ടില്‍ ഗോപിയുടെ മകള്‍ ഗോപിക (19) ആണ്  മരിച്ചത് . വല്ലക്കുന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിന് മുന്നില്‍ വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം . KL 46 P 1044 ബജാജ്-വി ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഇവര്‍ പെട്ടന്ന് റോഡില്‍ വീഴുകയും പുറകിലെത്തിയ ചാലക്കുടി നിര്‍മല കോളേജ് ബസ് ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവതിയുടെ തലയിലൂടെ കയറി ഇറങ്ങുകയാണ്ഉണ്ടായത്. ഒപ്പം സഞ്ചരിച്ച ഏങ്ങണ്ടിയൂര്‍ സ്വദേശി ഹരികൃഷ്ണനും പരിക്കുണ്ട്. ഇരിങ്ങാലക്കുട സബ് ഇന്‍സ്‌പെക്ടര്‍ സുബീഷ് വി പിയുടെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടികല്‍ സ്വീകരിച്ചു . പോട്ട- ഇരിങ്ങാലക്കുട സംസ്ഥാന പാതയില്‍ അപകട മേഖലയായ കല്ലേറ്റുംകര വല്ലക്കുന്ന് തൊമ്മാന ഭാഗം സ്ഥിരം അപകട മേഖലയാണ് . ഒട്ടേറെ വിലപ്പെട്ട ജീവനുകള്‍ ഈ അപകട വളവില്‍ പൊലിഞ്ഞിട്ടുണ്ട്. കഴിഞ്ഞതവണ നടന്ന റോഡ് ടാറിങ്ങിന്റെ നിലവാര തകര്‍ച്ചമൂലം ഇപ്പോള്‍ അപകടമുണ്ടായ ഭാഗത്തു റോഡ് മാസങ്ങളായി തകര്‍ന്നു കിടക്കുകയാണ്, വലിയ കുഴികളും ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. കുഴികള്‍ ഒഴിവാക്കാനായി വാഹനങ്ങള്‍ പെട്ടന്ന് വെട്ടിക്കുമ്പോള്‍ ഇവിടെ അപകടങ്ങള്‍ സ്ഥിരമാണ് .

related news : അപകടത്തില്‍ മരണപ്പെട്ട ഗോപികക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നാട്ടുകാര്‍

Top
Close
Menu Title