News

Archive for: August 20th, 2017

എം.സി.പി കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളുകള്‍ പ്രവര്‍ത്തിക്കുന്നതിന് ഹൈക്കോടതി തടഞ്ഞു – ബുക്കിംഗ് നിര്‍ത്തിവച്ചു

ഇരിങ്ങാലക്കുട : എം.സി.പി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളുകള്‍ പ്രവര്‍ത്തിക്കുന്നത് ഹൈക്കോടതി തടഞ്ഞു. എം.സി.പി കണ്‍വെന്‍ഷന്‍ സെന്ററിന്റെ ലൈസന്‍സ് പുതുക്കി കിട്ടുവാന്‍ കെ പി സി സി ജനറല്‍ സെക്രട്ടറി കൂടിയായ  കണ്‍വെന്‍ഷന്‍ സെന്റര്  ചെയര്‍മാന്‍ എം.പി ജാക്‌സന്‍ ബോധിപ്പിച്ച റിട്ട് ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ താല്‍ക്കാലിക ഉത്തരവ്. ഇത് പ്രകാരം നഗരസഭയില്‍ നിന്നും നേരത്തെ താല്‍ക്കാലിക അനുമതി ലഭിച്ച 5071 മീറ്റര്‍ സ്‌ക്വയര്‍ മാത്രമാണ് 31-05-2017 വരെ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. കണ്‍വെന്‍ഷന്‍ സെന്ററിലെ മറ്റു 8 ഹാളുകളും, സ്യുട് റൂമുകളും പ്രവര്‍ത്തിക്കുന്നതും കോടതി തടഞ്ഞു . വിവാഹത്തിനും മറ്റുമായി മുന്‍കൂട്ടി ഹാളുകള്‍ ബുക്കുചെയ്തവരുടെ സൗകര്യാര്‍ത്ഥമാണ് മേല്‍പറഞ്ഞ സൗജന്യം അനുവദിച്ചിട്ടുള്ളത്. ഇതിനായി ഒരാഴ്ചയ്ക്കുള്ളില്‍ 25 ലക്ഷം രൂപ മുനിസിപ്പാലിറ്റിയില്‍ കെട്ടിവയ്ക്കാനും കോടതി ഉത്തരവില്‍ പറയുന്നു. മാത്രമല്ല, മാര്‍ച്ച് 30 മുതല്‍ ആറുമാസത്തേക്ക് എടുത്തിട്ടുള്ള മറ്റെല്ലാ ബുക്കിംഗുകളും റദ്ദ് ചെയ്യേണ്ടതാണെന്നും കോടതി ഹര്‍ജിക്കാരനായ ചെയര്‍മാനോട് നിര്‍ദ്ദേശിച്ചു. എം.സി.പി കണ്‍വെന്‍ഷന്‍ സെന്ററിന്റെ 2017-18 കാലയളവിലെ ലൈസന്‍സ് പുതുക്കി നല്‍കുവാനുള്ള അപേക്ഷ ഇരിങ്ങാലക്കുട നഗരസഭ നിരസിച്ചതിനെ ചോദ്യം ചെയ്താണ് ചെയര്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ അനുവദിച്ചതിനേക്കാളും അനധികൃതമായി 5227.02 മീറ്റര്‍ സ്‌ക്വയര്‍ നിര്‍മ്മാണം നടത്തിയിട്ടുണ്ടെന്നും ആയത് എട്ടോളം ഹാളുകളായി തിരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും നഗരസഭ കോടതിയില്‍ വ്യക്തമാക്കി. കണ്‍വെന്‍ഷന്‍ സെന്ററിന്റെ ടാക്‌സ് കുടിശ്ശിക സംബന്ധിച്ചും മറ്റൊരു റിട്ട് ഹര്‍ജി നിലനില്‍ക്കുന്നതുമൂലവും മൊത്തം നിര്‍മ്മാണം അനധികൃതമാണെന്ന് മുനിസിപ്പാലിറ്റിക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് ലൈസന്‍സ് പുതുക്കി നല്‍കാതിരിക്കാന്‍ കാരണമായി നഗരസഭ വാദിച്ചത്. വിശദമായി വാദം കേള്‍ക്കുന്നതിനും അന്തിമ ഉത്തരവിനുമായി വേനലവധിക്ക് ശേഷം കേസ് പരിഗണിക്കും. അതിനിടെ കേസില്‍ കക്ഷി ചേരുവാന്‍ ഇരിങ്ങാലക്കുട സ്വദേശികളായ ജോസഫ് മാര്‍ട്ടിന്‍ ആലേങ്ങാടനും ഷൈജു കുറ്റിക്കാട്ടുപറമ്പിലും അപേക്ഷ ബോധിപ്പിച്ചിട്ടുണ്ട്.

ഉത്സവത്തിന് എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന ഇടഞ്ഞോടി പരിഭ്രാന്തി പരത്തി

മാപ്രാണം : വാതില്‍ മാടം ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന ഇടഞ്ഞോടി നാട്ടില്‍ പരിഭ്രാന്തി പരത്തി. ഉത്സവത്തിനെത്തിച്ച ‘തോട്ടാന്‍ കേശവന്‍’ എന്ന ആനയാണ് വൈകുന്നേരത്തെ എഴുന്നള്ളിപ്പ് കഴിഞ്ഞ് ഇടഞ്ഞത് .ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിര്‍ത്തിയിരുന്ന ആനയെ തളച്ചിരുന്നില്ല. 7 മണിയോടെ പെട്ടെന്ന് ആന ക്ഷേത്രവളപ്പിലൂടെ കിഴക്കോട്ടോടി റോഡിലെത്തി. ഏറെ നേരം റോഡിലൂടെ ഇടഞ്ഞ് നടന്നിരുന്ന ആനയെ പിന്നീട് പാപ്പാന്‍മാര്‍ മെരുക്കി തളച്ചതോടെ ജനങ്ങളുടെ പരിഭ്രാന്തിക്ക് സമാധാനമായി. ഇരിങ്ങാലക്കുട പോലീസ് ഉടന്‍ സ്ഥലത്തെത്തി ജനത്തിന് സുരക്ഷ ഉറപ്പാക്കി.നേരത്തെ തന്നെ ഈ ആനയെ പാപ്പാന്‍മാര്‍ അകാരണമായി ഉപദ്രവിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

കുട്ടികളെ മുറിയിലടച്ചിട്ട സംഭവം: പീസ് സ്‌കൂളിനെതിരെ പോലിസ് കേസെടുത്തു

പടിയൂര്‍ : ഫീസ് നല്‍കാത്തതിന് ആറുകുട്ടികളെ സ്‌കൂള്‍ മുറിയില്‍ അടച്ചിട്ട സംഭവത്തില്‍ കാട്ടൂര്‍ പോലീസ് കേസെടുത്തു. ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിലെ ആറുകുട്ടികളെ ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ രാവിലെ പത്ത് മുതല്‍ ഉച്ചതിരിഞ്ഞ് 3.15 വരെ മുറിയില്‍ അടച്ചിട്ട് മാനസികമായും ശാരിരികമായും പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ കുട്ടികളുടെ രക്ഷിതാക്കള്‍ പോലീസിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ മതിലകത്തെത്തി കുട്ടികളില്‍ നിന്നും തെളിവെടുത്തു. ഇതിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ അധികാരികള്‍ക്കെതിരെ പോലിസ് കേസെടുത്തിരിക്കുന്നത്.

related news : ഫീസടച്ചില്ലെന്ന കാരണത്താല്‍ പീസ് സ്കൂളില്‍ കുട്ടികളെ പൂട്ടിയിട്ടത് തങ്ങളോടുള്ള പ്രതികാര നടപടി എന്ന് രക്ഷിതാക്കള്‍

ശാന്തിനികേതനില്‍ യാത്രയപ്പ് നല്‍കി

ഇരിങ്ങാലക്കുട : ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ പ്രിന്‍സിപ്പല്‍ ടി കെ ഉണ്ണികൃഷ്ണന്‍ , മാനേജര്‍ ഇ എ ഗോപി, കെ ജി ഹെഡ്മിസ്ട്രസ് സജി തങ്കപ്പന്‍ , സുഗന്ധി , റെമിഷ , ആതിര എന്നി അധ്യാപികമാര്‍ക്കും  യാത്രയപ്പ് നല്‍കി . എസ് എന്‍ ഇ എസ് ചെയര്‍മാന്‍ കെ ആര്‍ നാരായണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും തിരക്കഥാകൃത്തുമായ പി കെ ഭരതന്‍ മാസ്റ്റര്‍ ചടങ്ങില്‍ മുഖ്യാഥിതിയായിരുന്നു . മാനേജ്മെന്റ് ,പി ടി എ, സ്റ്റാഫ് ആന്‍ഡ് നോണ്‍ ടീച്ചിങ്ങ് സ്റ്റാഫ് ,  സി സി എ സ്റ്റാഫ് , വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ മാനേജര്‍ക്കും പ്രിന്‍സിപ്പലിനും ഉപഹാരങ്ങള്‍ നല്‍കി. അഡ്വ .കെ ആര്‍അച്യുതന്‍ , എ എ ബാലന്‍ , എ കെ ബിജോയ് , കെ കെ കൃഷ്ണാനന്ദബാബു,  എം വി ഗംഗാധരന്‍ , പി ജി മോഹനന്‍ , സജിത അനില്‍കുമാര്‍ , ഗീത നായര്‍ , പി കെ പ്രസന്നൻ, ട്രഷറര്‍ സുബ്രമണ്യന്‍ , ഡോ രവി എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു .

എസ് എന്‍ ഡി പി മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്സ്

ഇരിങ്ങാലക്കുട : എസ് എന്‍ ഡി പി യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്സിന്റെ ഉദ്ഘാടനം യൂണിയന്‍ സെക്രട്ടറി
പി കെ പ്രസന്നന്‍ നിര്‍വഹിച്ചു. യൂണിന്‍ വൈസ് പ്രസിഡന്റ് എം കെ സുബ്രമണ്യന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.  ചടങ്ങില്‍ യൂണിയന്‍ കൗണ്‍സിലര്‍ വി ആര്‍ പ്രഭാകരന്‍ , വനിത സംഘം യൂണിയന്‍ ചെയര്‍പേഴ്സണ്‍ മാലിനി പ്രേംകുമാര്‍ , കണ്‍വീനര്‍ സുലദ മനോജ് എന്നിവര്‍ സംസാരിച്ചു. പായിപ്ര ധമനന്‍റെ നേതൃത്വത്തില്‍ നടന്ന ക്ലാസ്സില്‍ ഡോ.സുരേഷ് , അബ്‌ദുള്‍ സമദ് എന്നിവര്‍ ക്ലാസ്സെടുത്തു .

ഇരിങ്ങാലക്കുട ചേമ്പര്‍ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തില്‍ സംഗീത ശില്പശാല

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ചേംബര്‍ ഓഫ് മ്യൂസിക്ന്റെ  ആഭിമുഖ്യത്തില്‍ വലിയതമ്പുരാന്‍ കോവിലകത്തു , അജിത് നമ്പൂതിരിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസമായി നടക്കുന്ന സംഗീത ശില്പശാല ആരംഭിച്ചു . സംഗീത വിദ്യാര്‍ത്ഥികള്‍ക്കായി സ്വര സാധകം  ,  മനോധര്‍മ സ്വരാലാപനം എന്നിവ പാടി ആണ് ക്ലാസ് എടുക്കുന്നത് . കൂടാതെ അപൂര്‍വ കൃതികളും പഠിപ്പിക്കും . ശില്പശാലയില്‍ ആദ്യ ദിവസം താളത്തിനെ പറ്റി ശ്രീനാഥ് രാപ്പാലിന്റെ ക്ലാസും , രണ്ടാം ദിവസം അജിത് നമ്പൂതിരി, റിജു നാരായണന്‍ തുടങ്ങിയവരുടെ ക്ലാസും ഉണ്ടാകും . 10  മുതല്‍  4 വരെ ആണ് ക്ലാസ് . ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ട്രിവാന്‍ഡ്രം മഹാദേവന്റെ സംഗീത കച്ചേരിയും ,   ഞായാറാഴ്ച 5 മണിക്ക് അജിത് നമ്പൂതിരി , റിജു നാരായണന്‍ എന്നിവരും പാടുന്നു .

ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്‍ വികസനം അട്ടിമറിക്കുന്നതിനെതിരെ വന്‍ പ്രതിഷേധം

കല്ലേറ്റുംകര : തൃശൂര്‍ ജില്ലയിലെ രണ്ടാമത്തെ പ്രധാന റെയില്‍വേ  സ്റ്റേഷനായ ഇരിങ്ങാലക്കുടയുടെ വികസനം അട്ടിമറിക്കുന്ന ഉദ്യോഗസ്ഥ / രാഷ്ട്രീയ ഗൂഡാലോചനക്കെതിരെ കല്ലേറ്റുംകര -മാനാട്ടുകുന്ന് മാധവാചാര്യ പുരുഷ സ്വയം സഹായ സംഘം, റെയില്‍വെ പാസ്സഞ്ചേഴ്സ് അസോസിയേഷന്‍ , മറ്റു രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് വന്‍ പ്രതിഷേധ സമരങ്ങള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു. ജില്ലയിലെ എന്നല്ല , സംസ്ഥാനത്തെ തന്നെ മറ്റെല്ലാ ചെറിയ സ്റ്റേഷനുകളില്‍ പോലും ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ കാലാകാലങ്ങളില്‍ നടത്തിയപ്പോള്‍ ഇരു ഭാഗങ്ങളിലേക്കുമായി സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ അടക്കം നാല്‍പ്പത്തിനാലോളം ട്രെയിനുകള്‍ നിര്‍ത്തുന്ന 115 വര്‍ഷത്തെ പാരമ്പര്യമുള്ള ഈ സ്റ്റേഷനില്‍ കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ക്കുള്ളില്‍ കാര്യമായ ഒരു വികസന പ്രവര്‍ത്തനങ്ങളും നടത്താതെ നിരന്തരമായി അവഗണിക്കുന്നത് ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നാണ് യാത്രക്കാരും മറ്റു പൊതു ജനങ്ങളും അഭിപ്രായപ്പെടുന്നത് . പണം മുടക്കി യാത്ര ചെയ്യുന്നവര്‍ക്ക് ഈ സ്റ്റേഷനിലേക്ക് വന്നു പോകുവാന്‍ ഒരു നല്ല വഴി പോലുമില്ല എന്നുള്ളത് മാത്രം മതി യാത്രക്കാരെ അധികാരികള്‍ എത്ര മാത്രം ദ്രോഹിക്കുന്നൂ എന്ന് മനസ്സിലാക്കാന്‍.

സ്റ്റേഷനിലേക്കുള്ള പ്രധാന പാതയുടെ ഇരു ഭാഗങ്ങളിലുമായി സ്ഥിതി ചെയ്യുന്ന മരങ്ങളില്‍ നിന്നും പക്ഷികളുടെ വിസ്സര്‍ജ്ജ്യവും, മല്‍സ്യമടക്കമുള്ള ഭക്ഷണാവശിഷ്ടങ്ങളും ചത്ത പക്ഷി കുഞ്ഞുങ്ങളും യാത്രക്കാരുടെ ശരീരത്തില്‍ വീഴുന്നത് മൂലം പലര്‍ക്കും അഴുക്കും രൂക്ഷമായ ദുര്‍ഗന്ധവും കാരണം യാത്ര തുടരാനാവാതെ തിരിച്ചു പോകേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. മഴക്കാലമായാല്‍ വഴിയില്‍ മാലിന്യവും വെള്ളവും കൂടി കുഴഞ്ഞു കിടക്കുന്നതു മൂലം സ്റ്റേഷനിലേക്ക് എത്തിപ്പെടാനുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് ദയനീയമായ ഒരു കാഴ്ച്ചയാണ്. .മഴ പെയ്താല്‍ പ്ലാറ്റഫോമും സ്റ്റേഷന്‍ കെട്ടിടവും ചോര്‍ന്നൊലിക്കുന്നതും കാണാം. സ്റ്റേഷന്‍ കെട്ടിടത്തിന്റെ മുകളില്‍ ആല്‍ ചെടിയടക്കമുള്ളവ വളര്‍ന്ന് വേരിറങ്ങുന്നത് കെട്ടിടത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന ഒരു കാര്യമാണ് .

ആളൂര്‍ പഞ്ചായത്തിന്റെ ഭരണ സിരാ കേന്ദ്രമായ ഈ സ്റ്റേഷന്റെ കിഴക്കു ഭാഗത്തേക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നുള്ളവര്‍ക്ക് എത്തിപ്പെടുവാനുള്ള ബുദ്ധിമുട്ടുകാരണം ആദ്യ കാലത്ത് റെയില്‍വെ ഗേറ്റ് നിന്നിരുന്ന, സ്റ്റേഷന്റെ വടക്കു ഭാഗത്ത് ഒരു അടിപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിലേക്കായി ഫണ്ട് ലഭിക്കുന്നതിന് എം പി അടക്കമുള്ളവരെ സമീപിക്കും .
ബി ഗ്രേഡ് പദവിയില്‍ എത്തേണ്ട ഈ സ്റ്റേഷനെ ഇപ്പോഴും ഡി ഗ്രേഡില്‍ നിര്‍ത്തി വികസനം മുരടിപ്പിക്കുന്ന നടപടികള്‍ക്കെതിരെ എം പി , ഡി ആര്‍ എം , റെയില്‍വെ മന്ത്രി , പ്രധാന മന്ത്രി എന്നിവര്‍ക്ക് പ്രാരംഭ ഘട്ടമായി ഒരു ഭീമ ഹര്‍ജി നല്‍കുവാന്‍ സംഘത്തിന്റെ ഞായറാഴ്ച കൂടിയ യോഗത്തില്‍ തീരുമാനിച്ചു.

ഹാഷ്മി നാടകോത്സവം

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ഹാഷ്മി കലാവേദിയുടെയും വായനശാലയുടെയും ആഭിമുഖ്യത്തില്‍ ഹാഷ്മി നാടകോത്സവം  ഏപ്രില്‍ 3 , 4,  5 , 6 തീയ്യതികളില്‍ ഗവ. യു പി സ്കൂളില്‍ പ്രത്യേകം സജ്ജമാക്കിയ കലാഭവന്‍ മണി നഗറില്‍ നടക്കുന്നു. വ്യത്യസ്തങ്ങളായ 9 നാടകങ്ങള്‍ , ഫിലിം ഫെസ്റ്റിവല്‍ , സ്ത്രീകള്‍ക്കായുള്ള നാടകകളരി, കുട്ടികളുടെ നാടകം , മുഖാമുഖം , സംവാദങ്ങള്‍ , പ്രഭാഷണങ്ങള്‍ , പ്രദര്‍ശനങ്ങള്‍ എന്നിവ ഹാഷ്മി നാടകോത്സവത്തിന്റെ ഭാഗമാണ് എന്ന് ഹാഷ്മി കലാവേദി ആന്‍ഡ് വായനശാല സെക്രട്ടറി എ ആര്‍ ഹരി, പ്രസിഡന്റ് കെ യു രാജു , ട്രഷറര്‍ അഭിനീഷ് പി എ എന്നിവര്‍  പത്രസമ്മേളനത്തില്‍ അറിയിച്ചു. .

പുതിയ രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത് ഡ്രൈവിംഗ് സ്കൂള്‍ ഓണേഴ്‌സ് അസോസിയേഷന്‍ ബഹിഷ്‌ക്കരിച്ചു

ഇരിങ്ങാലക്കുട : ഏപ്രില്‍ 1 മുതല്‍ പുതിയ രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത് ഇരിങ്ങാലക്കുടയില്‍ ഡ്രൈവിംഗ് സ്കൂള്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ വാഹനം നല്‍കാതെ ബഹിഷ്‌ക്കരിച്ചു . മെയ് 5 – ാം തീയ്യതി വരെ പഴയ രീതിയില്‍ തന്നെ ഡ്രൈവിംഗ് ടെസ്റ്റ് നടത്താമെന്നാണ് കോടതി ഉത്തരവ് എന്ന് ഇവര്‍ പറയുന്നു . എല്ലാ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളും സര്‍ക്കാര്‍ അധീനതയില്‍ ശരിയാക്കി തരണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു . ഏതു വിധത്തിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് ആണ് നടത്തേണ്ടത് എന്ന് കോടതിയില്‍ നിന്നോ, മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നോ വിവരങ്ങള്‍ ഡ്രൈവിംഗ് സ്കൂള്‍ ഓണേഴ്‌സ് അസോസിയേഷന് ലഭ്യമായിട്ടില്ല . ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയുടെ ഗ്രൗണ്ട് ഡ്രൈവിംഗ് സ്കൂള്‍ ഓണേഴ്‌സ് അസോസിയേഷന്‍ 94 ,990 രൂപയ്ക്കാണ് ലേലം ചെയ്തിരിക്കുന്നത് . പുതിയ രീതിയിലുള്ള ടെസ്റ്റ് നടത്തുന്നതിന് അസോസിയേഷന് എതിര്‍പ്പില്ല എന്നാല്‍ സര്‍ക്കാര്‍ അധീനതയില്‍ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ഇല്ലാത്തതുകൊണ്ടും പുതിയ സംവിധാനങ്ങള്‍ സജീകരിക്കാന്‍ കഴിയാത്തതുമാണ് ഡ്രൈവിംഗ് സ്കൂള്‍ ഓണേഴ്‌സ് അസോസിയേഷന്റെ ബുദ്ധിമുട്ടുകള്‍ എന്നും സെക്രട്ടറി വത്സരാജ് പറഞ്ഞു .

എന്നാല്‍ പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഡ്രൈവിംഗ് ടെസ്റ്റിന് ഡ്രൈവിംഗ് സ്കൂള്‍ ഓണേഴ്‌സ് അസോസിയേഷന്‍ മുഖേന എത്തിയവര്‍ക്ക് അസോസിയേഷന്‍ വാഹനം നല്‍കാത്തത് മൂലം ശനിയാഴ്ച ടെസ്റ്റുകള്‍ ഒന്നും നടന്നില്ലെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ദിലീപ് കുമാര്‍ പറഞ്ഞു . ഭൂരിപക്ഷം പേരും ഡ്രൈവിംഗ് സ്കൂളിന്റെ വാഹങ്ങളാണ് ടെസ്റ്റിന്
ഉപയോഗിക്കാറുള്ളത് . സ്വാകാര്യ വാഹനങ്ങളില്‍  ആരും എത്തിയില്ല അതുകൊണ്ടു ടെസ്റ്റ് മാറ്റിവച്ചു .പുതിയ തീയ്യതി പിന്നീട് അറിയിക്കും എന്നും അവര്‍ പറഞ്ഞു .  അസിസ്റ്റന്റ് മോട്ടോര്‍ ഇന്‍സ്‌പെക്ടര്‍ വി എസ് വിനീഷ് കുമാര്‍ സന്നിദ്ധനായിരുന്നു.

Top
Close
Menu Title