News

Archive for: August 20th, 2017

ഇരിങ്ങാലക്കുട രൂപത കെ സി വൈ എം ലീഡേഴ്‌സ് മീറ്റ് നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത കെ സി വൈ എംന്റെ ആഭിമുഖ്യത്തില്‍ യൂണിറ്റ് ഭാരവാഹികള്‍ക്കായി ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട വിദ്യ ജ്യോതിയില്‍ നടന്ന മീറ്റ് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ലാജോ ഓസ്റ്റിന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഡയറക്ടര്‍ ഫാ .സിജോ ഇരിംബനു യാത്രയപ്പ് നല്‍കി . രൂപത കെ സി വൈ എം മുഖപത്രം ‘ചലനം’ ചടങ്ങില്‍ പ്രകാശനം ചെയ്തു . കെ സി വൈ എം സ്റ്റേറ്റ് ഡയറക്ടര്‍ ഫാ .മാത്യു ജേക്കബ് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി .

ഷോര്‍ട് ഫിലിം ചിത്രീകരണം ആരംഭിച്ചു

ഇരിങ്ങാലക്കുട : സി എം സി ഉദയപ്രോവിന്‍സ് നിര്‍മ്മിക്കുന്ന ഷോര്‍ട് ഫിലിമിന്റെ ചിത്രീകരണത്തിന് ആരംഭം കുറിച്ചു. കുടുംബ ജീവിതം നയിക്കുന്നവര്‍ക്കും യുവജനങ്ങള്‍ക്കും നന്മയുടെ ജീവിതത്തിനു പ്രേരിപ്പിക്കുന്നതാണ് ഇതിന്റെ ഇതിവൃത്തം . ഉദയ പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡോ.റോസ് മേരി ചിത്രീകരണത്തിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.  ഡയറക്ടര്‍ വില്‍സണ്‍ ആന്റണി ഷോര്‍ട് ഫിലിമിന്റെ അവലോകനം നടത്തി.  തിരക്കഥ രചയിതാവ് വിയോ വര്‍ഗീസ് തിരക്കഥ നിര്‍മാതാവായ പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡോ.റോസ് മേരിക്ക് നല്‍കി . മാള കാര്‍മ്മല്‍ കോളേജിലും മറ്റു സ്ഥലങ്ങളിലുമായി ഇതിന്റെ ചിത്രീകരണം നടക്കുന്നു . നടന്‍ ഫൈസല്‍ കോറോത്ത് ആണ് പ്രധാന കഥാപാത്രത്തിന്റെ വേഷമിടുന്നത് . ഷോര്‍ട് ഫിലിം ചിത്രീകരണ സ്വിച്ച് ഓണ്‍ കര്‍മ്മത്തിന്റെ യോഗത്തിനു സിസ്റ്റര്‍ ലിന്‍സ സ്വാഗതവും മാധ്യമ കൗണ്‍സിലര്‍ സിസ്റ്റര്‍ ഫ്‌ളവററ്റ് നന്ദിയും പറഞ്ഞു .

പ്രകൃതിയോട് മാപ്പപേക്ഷിച്ച് പ്രകൃതിയിലൂടെ ഒരു പദയാത്ര

ഇരിങ്ങാലക്കുട: മുന്‍ തലമുറ കാത്തുസൂക്ഷിച്ച പ്രകൃതിയോട് പുതിയ തലമുറ ചെയ്ത കൊടുംക്രൂരതകള്‍ക്ക് പരിഹാരമായി പ്രകൃതിയിലൂടെ യുവക്കൂട്ടായ്മയുടെ പാപപരിഹാര പദയാത്ര. കൈയ്യില്‍ മരക്കുരിശും ജപമാലയും ചുണ്ടില്‍ പ്രാര്‍ത്ഥനാമന്ത്രങ്ങളുമായി പുല്ലൂര്‍, തുറവന്‍ക്കുന്ന്, കുഴിക്കാട്ടുകോണം,  മാടായിക്കോണം എന്നിവിടങ്ങളിലെ ഉള്‍നാടന്‍ പാതകളിലൂടെയും കല്ലേരിക്കടവിലെ പാടവരമ്പുകളിലൂടെയും ഊരകം സി എല്‍ സി യുടെ നേതൃത്വത്തിലാണ് ശ്രദ്ധേയമായ പദയാത്ര നടത്തിയത്.
ദൈവം കനിഞ്ഞ്‌ നല്‍കിയ ഭൂമിയെയും പ്രകൃതിയെയും നിലനിര്‍ത്തുക, മരങ്ങളെയും മലകളെയും ജലാശയങ്ങളെയും സംരക്ഷിക്കുക, ആവശ്യമായ മഴയും വിഷമില്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങളും ശുദ്ധമായ വെള്ളവും മലിനമാകാത്ത വായുവും നഷ്ടപ്പെട്ട സംസ്കൃതിയും സംസ്ക്കാരവും വീണ്ടെടുക്കുക എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തിയായിരുന്നു പദയാത്ര.
ഊരകം സെന്റ് ജോസഫ്സ് പള്ളിയുടെ ശതോത്തര സുവര്‍ണ ജൂബിലിയാഘോഷത്തിന്റെ ഭാഗമായി നടത്തിയ പദയാത്ര ഊരകം പള്ളിയങ്കണത്തില്‍ വികാരി റവ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് ഉദ്ഘാടനം ചെയ്തു.മാപ്രാണം വിശുദ്ധ കുരിശിന്റെ തീര്‍ത്ഥാടന കേന്ദ്രത്തിലെത്തിയ പദയാത്രയെ റെക്ടര്‍ റവ.ഡോ.ജോജോ ആന്റണി തൊടുപറമ്പില്‍, സഹവികാരി ഫാ.റീസ് വടാശ്ശേരി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുറവന്‍കുന്ന് പള്ളിയില്‍ വികാരി റവ.ഡോ.ആന്റോ കരിപ്പായി സന്ദേശം നല്‍കി.
ജനറല്‍ കണ്‍വീനര്‍ തോമസ് തത്തംപിള്ളി, കൈക്കാരന്‍ പി.എല്‍.ജോസ്, കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി, സി എല്‍ സി ഭാരവാഹികളായ ക്രിസ്റ്റീന്‍ സ്റ്റീഫന്‍, അലക്സ് ജോസ്, സോന ജോയ്, സിബി ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.

കരൂപ്പടന്ന പള്ളിനടയില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റോപ്പ് പുനസ്ഥാപിക്കണം

കരൂപ്പടന്ന:  തൃശൂര്‍ – കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലെ കരൂപ്പടന്ന പള്ളി നടയില്‍ കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ബസിന്റെ സ്റ്റോപ്പ് പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
പഴയ മാള നിയോജക മണ്ഡലത്തിന്റെ ഭാഗമായിരുന്ന കരൂപ്പടന്ന പള്ളി നടയില്‍  മുന്‍പ് സ്റ്റോപ്പ്  ഉണ്ടായിരുന്നു . സംസ്ഥാനത്തെ ആദ്യത്തെ എം.എല്‍.എ.സ്റ്റോപ്പ് ആയിരുന്നു ഇത്. 2008 ല്‍ കെ.എസ്.ആര്‍.ടി.സി.പുതിയ വെള്ള നിറത്തിലുള്ള ബസുകള്‍ ഇറക്കിയപ്പോഴാണ് കരൂപ്പടന്ന പള്ളി നടയിലെ സ്റ്റോപ്പ് അകാരണമായി നിര്‍ത്തലാക്കിയത്. വള്ളി വട്ടം, കടലായി, കാരുമാത്ര, കരൂപ്പടന്ന തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ദിനം പ്രതി നൂറ് കണക്കിന് യാത്രക്കാര്‍ എത്തുന്ന സ്ഥലമാണ് കരൂപ്പടന്ന പളളിനട യിലെ ബസ് സ്റ്റോപ്പ്. കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന് കരൂപ്പടന്ന പള്ളി നടയില്‍ നിര്‍ത്തലാക്കിയ സ്റ്റോപ്പ് പുനസ്ഥാപിക്കണമെന്ന് എക്സ് ഹോം ഗാര്‍ഡ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് വി.ആര്‍. ഗോവിന്ദന്‍ അധികൃതരോട് ആവശ്യപ്പെട്ടു.

നവീകരിച്ച ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ഉദ്‌ഘാടനം ഏപ്രില്‍ 5 ന്

ഇരിങ്ങാലക്കുട : നവീകരിച്ച ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ഉദ്‌ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഏപ്രില്‍ 5 ന് നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടന മഹാ സമ്മേളനത്തോടനുബന്ധിച്ചു ഏപ്രില്‍ 3 തിങ്കളാഴ്ച ശൈഖുന ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തുന്നു . ഏപ്രില്‍ 4 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ചീഫ് ഇമാം അല്‍ : ഹാഫിസ് .വലിയുള്ള അല്‍ : ഖാസിമി നയിക്കുന്ന മത പ്രഭാഷണം, ഏപ്രില്‍ 5 ഉദ്ഘാടന ദിവസം രാവിലെ 9 മണിക്ക് ബേബി .ജസാ നൗറിന്‍ താക്കോല്‍ദാന കര്‍മ്മം നിര്‍വഹിക്കുന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം നിര്‍വഹിക്കും.  ഇരിങ്ങാലക്കുട മുസ്‌ലിം ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് .കെ എ സൈറാജുദ്ദീന്‍ അദ്ധ്യക്ഷത വഹിക്കുന്നു.  ശൈഖുന ചേലക്കുളം അബുല്‍ ബുഷ്‌റ മൗലവി , ശൈഖുന ആലിക്കുട്ടി ഉസ്താദ് , മാടവന ഇബ്രാഹിം കുട്ടി മുസ്ലിയാര്‍ എന്നിവര്‍ വിശിഷ്ടടതിഥികള്‍ ആയിരിക്കും .

മുന്‍ പാളയം ഇമാം തിരുവനന്തപുരം ഹാഫിസ്.പി എച്ച് അബ്‌ദുള്‍ ഗഫാര്‍ മൗലവി മുഖ്യ പ്രഭാഷണം നടത്തുന്നു. ഏപ്രില്‍ 6 വ്യാഴ്ച വൈകിട്ട് 6 മണിക്ക് മാനവ സൗഹാര്‍ദ്ദ സമ്മേളനം കേരള നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു . ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ് കെ യു അരുണന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും . ഇരിങ്ങാലക്കുട എ എസ് പി കിരണ്‍ നാരായണന്‍ , മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു , എന്നിവര്‍ വിശിഷ്ടടതിഥികള്‍ ആയിരിക്കും .

ഇരിങ്ങാലക്കുട രൂപത ബിഷപ്പ് പോളി കണ്ണൂക്കാടന്‍ , സ്വാമി ബ്രമ്ഹ സ്വരൂപാനന്ദ, അല്‍ : ഹാഫിസ് വലിയുള്ള അല്‍: ഖാസിമി എന്നിവരുടെ അനുഗ്രഹ പ്രഭാഷണങ്ങള്‍ ഉണ്ടായിരിക്കും . ഏപ്രില്‍ 7 വെള്ളിയാഴ്ച്ച ജീവകാരുണ്യ സംഗമം  ജസ്റ്റിസ് ബി കമല്‍ പാഷ
ഉദ്‌ഘാടനം ചെയ്യുന്നു .  കൈപ്പമംഗലം എം എല്‍ എ  ഇ ടി ടെന്നിസണ്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും.  കരുവന്നൂര്‍ ജുമാ മസ്ജിദ് ചീഫ് ഇമാം ഫൈസല്‍ നദ്‌വി അനുഗ്രഹ പ്രഭാഷണം നടത്തുന്നു . ഏപ്രില്‍ 8 ശനിയാഴ്ച സമാപന പൊതുസമ്മേളനം തൃശൂര്‍ എം പി സി എന്‍ ജയദേവന്‍ ഉദ്‌ഘാടനം ചെയ്യുന്നു .കൊടുങ്ങല്ലുര്‍ എം എല്‍ എ  വി കെ സുനില്‍ അദ്ധ്യക്ഷത വഹിക്കും.  തോമസ് ഉണ്ണിയാടന്‍ , എം പി ജാക്സണ്‍ എന്നിവര്‍ വിശിഷ്ടടതിഥികള്‍ ആയിരിക്കും. മഹല്‍ സെക്രട്ടറി അല്‍ സാബിന്‍, പ്രസിഡന്റ് കെ എ സൈറാജുദ്ദീന്‍ , പി ടി അബ്‌ദുള്‍ കരീം , പി എന്‍ എം കബീര്‍മൗലവി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

നെഹ്‌റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസനെ ഇരിങ്ങാലക്കുട ഡി വൈ എസ പി ഓഫീസില്‍ ചോദ്യം ചെയ്യുന്നു

ഇരിങ്ങാലക്കുട : ജിഷ്ണു  പ്രണോയ്  കൊല്ലപ്പെട്ടതുമായി   ബന്ധപ്പെട്ട  പാമ്പാടി  നെഹ്‌റു  കോളേജ്  ചെയര്‍മാനെ  ഇരിങ്ങാലക്കുട ഡി വൈ എസ് പി  ഓഫീസില്‍  ചോദ്യം  ചെയ്യുന്നു . ചൊവ്വാഴ്ച്ച  വൈകീട്  6  മണിക്ക്  ഇവിടെ  എത്തിച്ച  കൃഷ്ണദാസിനെ  അന്വേഷണ  സംഘത്തിലെ  ഉദ്യോഗസ്ഥര്‍  എ എസ്  പി  കിരണ്‍ നാരായണയുടെ  നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. രാത്രി  8.30 ആയിട്ടും  ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ല.

related news : നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഓഫീസില്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു

തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതന്‍ കിഡ്‌സ് ഡേ ആഘോഷിച്ചു.

ഇരിങ്ങാലക്കുട : തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതന്‍ കിഡ്‌സ് ഡേ ‘സര്‍ഗം 2017 ‘ ആഘോഷിച്ചു. തായമ്പക കലാകാരന്‍ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി പ്രണവ്.പി.മാരാര്‍ ഉദ്ഘാടനം ചെയ്തു. ഹരിശ്രീ അക്കാദമിക് കൗണ്‍സില്‍ കോഡിനേറ്റര്‍ പി നാരായണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡീനും കൊടകര വിവേകാനന്ദ ട്രസ്റ്റ് വൈസ് ചെയര്‍മാനുമായ ഡി.പി.നായര്‍ മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട സ്വാമിസ് കാറ്ററിംഗ് ഉടമ അപ്പുകുട്ടന്‍ എമ്പ്രാന്തിരി, വിവേകാനന്ദ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.ജി.ബാബു, ജില്ല യോഗ പ്രമുഖ് കെ.വി.രാമകൃഷ്ണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ലത.ടി.പി, വിവേകാനന്ദ ട്രസ്റ്റ് ചെയര്‍മാനും ജനം ടിവി ഡയറക്ടറുമായ എന്‍.പി.മുരളി എന്നിവര്‍ പ്രസംഗിച്ചു. ഹരിശ്രീ കിഡ്‌സ് സ്വാഗതവും അപര്‍ണ്ണ ലാല്‍ നന്ദിയും പറഞ്ഞു.

ആളൂര്‍ ഉറുമ്പുംകുന്ന് ഭദ്രകാളി ക്ഷേത്രം- എം.പി.ഫണ്ട് റോഡ്‌ യാഥാര്‍ഥ്യമായി

ആളൂര്‍ : ആളൂര്‍ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ്‌ ഉറുമ്പും കുന്ന് ഭദ്രകാളി ക്ഷേത്രം റോഡ് സി.പി.നാരായണന്‍ എം.പി ശനിയാഴ്ച ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗ്രാമീണരുടെ ചിരകാലാഭിലാഷം ശനിയാഴ്ച പൂവണിഞ്ഞു.സി.പി.നാരായണന്‍ എം.പി.യുടെ ഫണ്ട് ആണ് ഇതിന് അനുവദിച്ചത്.എ.ആര്‍.ഡേവിസ് സ്വാഗതം പറഞ്ഞു.സന്ധ്യനൈസന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വര്‍ഗീസ് കാച്ചപ്പിള്ളി, കാതറിന്‍ പോള്‍, പി.ഡി.ഉണ്ണികൃഷ്ണന്‍ , അംബിക ശിവദാസന്‍, അജിത സുബ്രമണ്യന്‍ എന്നിവര്‍ സംസാരിച്ചു.

കാരുകുളങ്ങര ക്ഷേത്രകുളം പുനരുദ്ധരിക്കണം- നൂറ്റൊന്നംഗസഭ

ഇരിങ്ങാലക്കുട: ഒന്നേ മുക്കാല്‍ ഏക്കര്‍ വിസ്തൃതിയുള്ള കാരുകുളങ്ങര ക്ഷേത്രക്കുളം അടുത്തുണ്ടായിട്ടും വേനല്‍ കടുത്തതോടെ പ്രദേശത്തുള്ളവര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. സംസ്ഥാന ഇറിഗേഷന്‍ വകുപ്പ് 2016 ജനുവരിയില്‍ കുളത്തിന്റെ പുനരുദ്ധാരണത്തിന്റെ എസ്റ്റിമേറ്റ് എടുക്കുകയും കുളങ്ങളും കാവുകളും സംരക്ഷിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 58 മീറ്റര്‍ വീതിയും 96 മീറ്റര്‍ നീളവും 4 മീറ്റര്‍ ആഴവുമുള്ള ഈ കുളത്തിന്റെ പുനരുദ്ധാരണത്തിന് ഒരു കോടി ഇരുപത് ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുള്ളത്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ഈ പ്രദേശത്ത് ഈ കുളം ഏറ്റവും വേഗം ഉപയോഗപ്രദമാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും കുളത്തിന്റെ പുനരുദ്ധാരണത്തിന് സത്വര നടപടി സ്വീകരിക്കണമെന്ന് നൂറ്റൊന്നംഗ സഭ യോഗം അധികൃതരോടാവശ്യപ്പെട്ടു. യോഗത്തില്‍ ഡോ.എ.എം. ഹരിന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു . ചടങ്ങില്‍ ബാബുരാജ് പൊറത്തിശേരി രചിച്ച പ്രതിഭകള്‍ വാഴും സംഗമ പുരി എന്ന ഗ്രന്ഥത്തിന്റെ പുസ്തക പരിചയം നടത്തി. ജനറല്‍ കണ്‍വീനര്‍ എം.സനല്‍ കുമാര്‍, സെക്രട്ടറി പി.രവിശങ്കര്‍ , ട്രഷറര്‍ എം.നാരായണന്‍കുട്ടി , പ്രസന്ന ശശി , വി.എസ്.കെ.മേനോന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

വടക്കേ പാലാഴി വിലാസിനി അമ്മ (89 )നിര്യാതയായി

ഇരിങ്ങാലക്കുട : പുത്തന്‍കുളം ഗണപതി അമ്പലത്തിനു സമീപം താമസിക്കുന്ന പരേതനായ ചക്കാലക്കല്‍ ദാമോദരന്‍ നായരുടെ പത്നി വടക്കേ പാലാഴി വിലാസിനി അമ്മ (89 ) ഞായറാഴ്ച രാത്രി നിര്യാതയായി .  മക്കള്‍ : ഗോപിനാഥന്‍ (റിട്ടയേര്‍ഡ് എ ജി എം നബാര്‍ഡ് ) , വസന്തകുമാരി , ഹരിദാസ് (ബി എ ആര്‍ സി മുംബൈ ), ദേവദാസ് (ഓട്ടോമോട്ടീവ് മാനുഫാക്റ്റര്‍സ് മുംബൈ) , ശ്യാമള (റിട്ടയേര്‍ഡ് ടീച്ചര്‍ ഡി എ വി പബ്ലിക് സ്കൂള്‍ രാജസ്ഥാന്‍ ) ,  മരുമക്കള്‍ : സത്യവതി ,  ടി സി കൈമള്‍ (റിട്ടയേര്‍ഡ് മൊറാര്‍ജി മില്‍സ് മുംബൈ ), രാജലക്ഷ്മി (ടീച്ചര്‍ മുംബൈ ) , സുമ (യോഗ ടീച്ചര്‍ മുംബൈ ) ,  ശശികുമാര്‍ (റിട്ടയേര്‍ഡ് വൈസ് പ്രസിഡന്റ് എ സി സി ലേഖേരി വര്‍ക്സ് ) , ശവസംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്കു ശേഷം ഭാരതപ്പുഴയില്‍ നടക്കും .

ലേസ് അക്കാദമി റെഗുലര്‍ സ്കീമില്‍ കോഴ്സുകള്‍ ആരംഭിക്കുന്നു

ഇരിങ്ങാലക്കുട : ഭാരതീയര്‍ യൂണിവേഴ്സിറ്റിയുടെ പാര്‍ട്ടിസിപ്പന്റ് പ്രോഗ്രാം സെന്ററായ ലേസ് ഫിനിഷിങ്ങ് സ്കൂള്‍ പുതിയ അധ്യയന വര്‍ഷത്തില്‍ ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും ബി .കോം , ബി ബി എ ,ബി സി എ,  ബി എ ഇംഗ്ലീഷ്, ബി എസ് സി മാത്‍സ് , ബി എസ് സി ഒപ്‌റ്റോമെറ്ററി എം ബി എ കോഴ്സുകള്‍ റെഗുലര്‍ സ്കീമില്‍ (സെമസ്റ്റര്‍ ) ആരംഭിക്കുന്നു . വിദൂര വിദ്യാഭാസ സമ്പ്രദായത്തില്‍ എല്ലാ വിഷയങ്ങളിലും ഡിഗ്രി. പി ജി കോഴ്സുകളുമുണ്ട് .അഡ്മിഷന് ബന്ധപ്പെടുക: 0480 -2822551 , 8943782499 , 9388612688 ഏപ്രില്‍ 10 മുതല്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകളിലേക്കു അഡ്മിഷന്‍ തുടരുന്നു.

Top
Close
Menu Title