News

Archive for: August 20th, 2017

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഓഫീസില്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു

ഇരിങ്ങാലക്കുട : ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പാമ്പാടി നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഓഫീസില്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. സുപ്രീം കോടതി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യരുതെന്ന അപേക്ഷ തള്ളിയതിനെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് പോലീസ് നല്‍കിയ നോട്ടീസിനെ തുടര്‍ന്ന് ചൊവാഴ്ച വൈകിട്ട് കൃഷ്ണദാസ് ഇരിങ്ങാലക്കുട ഡി വൈ എസ് പി ഓഫീസില്‍ നേരിട്ട് ഹാജരാകുകയായിരുന്നു. നാല് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു ലക്ഷം രൂപയും രണ്ടാള്‍ ജാമ്യത്തിലുമാണ് വിട്ടയച്ചത്. അറസ്റ്റ് നാടകമാണെന്ന ആരോപണം അന്വേഷണ ഉദ്യോഗസ്ഥ എ എസ് പി കിരണ്‍ നാരായണ തള്ളി. ചോദ്യം ചെയ്യലില്‍ എ,എസ്.പി സി എസ് ഷാഹുല്‍ ഹമീദും സന്നിഹിതനായിരുന്നു. കേസിനെ ബാധിക്കുമെന്നുള്ളതുകൊണ്ട് ചോദ്യം ചെയ്യലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു നല്‍കാനാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥ എ.എസ്.പി കിരണ്‍ നാരായണ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു . അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് പോകുന്നതെന്നും, മറ്റുള്ളവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അവര്‍ പറഞ്ഞു. ജിഷ്ണു പ്രണോയ് കേസുമായി ആദ്യമായാണ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുന്നതെന്നും പോലീസ് സ്ഥിതികരിച്ചു .

പുതിയ സിവില്‍ സ്റ്റേഷന്‍ അനെക്സ് കെട്ടിടത്തിന്റെ വയറിംഗ് സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ചലെന്ന് കെ എസ് ഇ ബി

ഇരിങ്ങാലക്കുട : കോടിക്കണക്കിനു രൂപ ചിലവഴിച്ചു സിവില്‍ സ്റ്റേഷന് സമീപം പണി പൂര്‍ത്തിയായ അനെക്സ് കെട്ടിടത്തിന്റെ ഇലെക്ട്രിക്കല്‍ വയറിംഗ് സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ചലെന്ന് കെ എസ് ഇ ബി . ഏപ്രില്‍ 7 നു ഈ കെട്ടിടത്തില്‍ ഉദ്ഘാടനം ചെയ്യപ്പെടേണ്ട സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇരിങ്ങാലക്കുട സബ് സെന്റററിലേക്കു വൈദ്യുതി നല്കാന്‍ എത്തിയപ്പോള്‍ ആണ് വയറിംഗിലെ വന്‍ പാളിച്ചകള്‍ വൈദ്യുതി വകുപ്പ് കണ്ടുപിടിച്ചത് .രണ്ടു നിലകളിലായി മുപ്പതോളം ഓഫീസ് മുറികള്‍ ഉള്ള ഈ കെട്ടിടത്തിന് കോമണ്‍ വയറിംഗ് ആണ് നടത്തിയിട്ടുള്ളത് . ഓഫീസുകള്‍ക്ക് പ്രത്യേകം മീറ്റര്‍ സൗകര്യം നല്‍കിയിട്ടില്ല . ഇതിനു പുറമെ സുരക്ഷാമാനദണ്ഡ പ്രകാരം നിര്‍ബന്ധമായ ഇ എല്‍ സി ബി സ്ഥാപിച്ചിട്ടുമില്ല .പി ഡബ്ലിയു ഡി ഇലെക്ട്രിക്കല്‍ വിങ്ങിനു ആണ് വയറിംഗ് ചുമതല ഉണ്ടായിരുന്നത് .  ഈ കെട്ടിടത്തിന് പ്രത്യേകം ട്രാന്‍സ്‌ഫോര്‍മര്‍ വേണമെന്നു കെ എസ് ഇ ബി ആവശ്യപ്പെട്ടിരുന്നു.  എന്നാല്‍ ഇത് വരെ അതിനുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്നും കെ എസ് ഇ ബി പറയുന്നു . ലോട്ടറി സബ് സെന്ററിന് പുറമെ റജിസ്ട്രാര്‍ ഓഫീസ്, ജില്ലാ ട്രഷറി ,സബ് ട്രഷറി , എന്നിവയും താമസിയാതെ ഈ കെട്ടിടത്തിലേക്ക് മാറുകയാണ് . നിലവിലെ അവസ്ഥയില്‍ ഒറ്റ കണക്ഷന്‍ എന്ന നിലയില്‍ മാത്രമേ ഇവിടെ നല്‍കാനാവൂ എന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യേണ്ട ലോട്ടറി സബ് സെന്ററിന് മാത്രം കണക്ഷന്‍ നല്കാന്‍ കെ എസ് ഇ ബി തയ്യാറാണെങ്കിലും കെട്ടിടത്തിലെ വയറിംഗ് സാങ്കേതിക പിഴവ് മൂലം സാധികാത്ത അവസ്ഥയിലാണ് . എന്നാല്‍ വൈദ്യുതി ഇല്ലാതെ തങ്ങളുടെ ഓഫീസ് എങ്ങനെ പ്രവര്‍ത്തിക്കും എന്ന ആശങ്കയിലാണ് ഭാഗ്യക്കുറി സബ് സെന്റര്‍ ജീവനക്കാര്‍ .

വാദി അറിയാതെ കേസ് പിന്‍വലിച്ചത് ചോദ്യം ചെയ്ത് നല്‍കിയ കേസിലെ പ്രതികളെ മൂന്ന് വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു

ഇരിങ്ങാലക്കുട: വാദി അറിയാതെ കേസ് പിന്‍വലിച്ചത് ചോദ്യം ചെയ്ത് നല്‍കിയ കേസിലെ പ്രതികളെ മൂന്ന് വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചളിങ്ങാട് പുഴങ്കര ഇല്ലത്ത് അബ്ദുള്‍ ഖാദര്‍ എന്ന ഇല്ലു, പുഴങ്കര ഇല്ലത്ത് സാദത്ത്, പുഴങ്കര ഇല്ലത്ത് ഷഫിക്, പള്ളിപറമ്പില്‍ റാസിക്ക്, പള്ളിപറമ്പില്‍ റഹിം, തൈവളപ്പില്‍ സലിം എന്നിവരെയാണ് ഇരിങ്ങാലക്കുട അഡിഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. കയ്പമംഗലം പടിഞ്ഞാറെ വീട്ടില്‍ ഹമീദിന്റെ മകന്‍ അബ്ദുള്‍ റസാഖ് നല്‍കിയ പരാതിയിലാണ് കേസ് വീണ്ടും വിചാരണ നടത്തിയത്. 1991ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ട ദിവസമാണ് കയ്പമംഗലം പടിഞ്ഞാറെ വീട്ടില്‍ ഹമീദിന്റെ മകന്‍ അബ്ദുള്‍ റസാഖിനെ ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ റസാഖിനെ ചളിങ്ങാട് വെച്ച് ഏഴംഗ സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ റസാഖ് ഏറെ നാളത്തെ ചികിത്സയ്ക്കുശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്. ആക്രമണത്തെ തുടര്‍ന്ന് മതിലകം പോലിസ് കേസെടുത്തിരുന്നെങ്കിലും കുറ്റപത്രം നല്‍കിയിരുന്നില്ല. തുടര്‍ന്ന് 1997ല്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് കുറ്റപത്രം നല്‍കിയത്. സംഭവത്തില്‍ ഒന്നാം പ്രതി വൈപ്പിന്‍ പാടത്ത് ബഷീര്‍, രണ്ടാംപ്രതി അബ്ദുള്‍ ഖാദര്‍, എന്നിവരെ അറസ്റ്റ് ചെയ്‌തെങ്കിലും രണ്ടാംപ്രതി വിചാരണയ്ക്കിടെ മുങ്ങി. മറ്റു പ്രതികളും ഒളിവില്‍ പോയി. ഇതിനെ തുടര്‍ന്ന് ഒന്നാം പ്രതിക്ക് മാത്രമാണ് ശിക്ഷ ലഭിച്ചത്.

റാങ്കിന്റെ നിറവില്‍ ക്രൈസ്റ്റ് കോളേജ് – പൂര്‍വ വിദ്യാര്‍ത്ഥികള്‍ അഭിനന്ദനവുമായി കോളേജില്‍

ഇരിങ്ങാലക്കുട :കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രലയത്തിന്റെ നേതൃത്വത്തില്‍ നടന്ന ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ്ങില്‍ കേരള സംസ്ഥാനത്തു ഒന്നാം സ്ഥാനവും അഖിലേന്ത്യാ തലത്തില്‍ 17 – ാം സ്ഥാനവും നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പ്രിന്‍സിപ്പാലിനെയും അധ്യാപകരെയും പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ അഭിനന്ദിച്ചു . സംഘടനയുടെ വൈസ് പ്രസിഡന്റ് ജെയ്സണ്‍ പാറേക്കാടന്‍ , സെക്രട്ടറി പ്രൊഫ് വി പി ആന്റോ , ജോയിന്റ് സെക്രട്ടറി അഡ്വ .പി ഇ ജനാര്‍ദ്ദനന്‍ , എക്സി .കമ്മിറ്റി അംഗങ്ങളായ അഡ്വ പി ജെ തോമസ് , അഡ്വ സുനില്‍ കോലുകുളങ്ങര , ഒ കൊച്ചു ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു .

മികച്ച വനിതാകലാലയം : ഇരിങ്ങാലക്കുട സെന്റ്‌. ജോസഫ്സ്- ഇന്ത്യയില്‍ പത്താമത്, കേരളത്തില്‍ ഒന്നാമത്

ഇരിങ്ങാലക്കുട : സെന്റ്‌. ജോസഫ്സ് കോളേജിന് ദേശീയ റാങ്കിങ്ങില്‍ മികച്ച സ്ഥാനം. ദേശീയതലത്തില്‍ മികച്ച നേട്ടം കരസ്ഥമാക്കി, സെന്റ്‌. ജോസഫ്സ് കോളേജ്, ഓട്ടോണമസ്, ഇരിങ്ങാലക്കുട. MHRD പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിലാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ഓള്‍ ഇന്ത്യ റാങ്കിങ്ങില്‍ 42- ാം സ്ഥാനം നേടുന്ന കലാലയം, വനിതാകലാലയങ്ങളില്‍ വെച്ചാണ് ഈ ഉയരം നേടിയത്.

2016 ല്‍ ഓട്ടോണമസ് പദവി നേടിയ കലാലയം ആ വര്‍ഷം തന്നെ ചുരുക്കം ചില കലാലയങ്ങള്‍ മാത്രം സ്വന്തമാക്കിയ യു.ജി.സിയുടെ സെന്‍റര്‍ ഫോര്‍ പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്സലന്‍സ് എന്ന പദവിയും കൈപ്പിടിയിലൊതുക്കിയിരുന്നു. യു.ജി.സിയുടെ തന്നെ മൂന്നാം വട്ട നാക് അക്രഡിറ്റെഷനില്‍ തിളക്കമുള്ള A ഗ്രേഡും കോളേജ് നേടി. 1964 ല്‍ 312 കുട്ടികളും 16 അദ്ധ്യാപകരുമായി പ്രീ-ഡിഗ്രിയുടെ നാലു ബാച്ചുകള്‍ ആരംഭിക്കുമ്പോള്‍ ഓല മേഞ്ഞ കെട്ടിടത്തിന്‍റെ പരിമിതികളിലായിരുന്നു സെന്റ്‌. ജോസഫ്സ്. ഹോളി ഫാമിലി കോണ്‍ഗ്രിഗേഷന്‍റെ അശ്രാന്തപരിശ്രമങ്ങളും സ്ഥാപകപ്രിന്‍സിപ്പലും നീണ്ട 26 വര്‍ഷം അതെ പദവിയില്‍ തുടരുകയും ചെയ്ത സിസ്റ്റര്‍ ഫ്രാങ്കോയുടെ കൃത്യതയാര്‍ന്ന ദര്‍ശനങ്ങളുമാണ് കോളേജിന് ഒരു ദിശാബോധം നല്‍കിയത്. തുടര്‍ന്ന് കാലാകാലങ്ങളില്‍ വന്ന ഭരണനേതൃത്വം ഈ നേട്ടങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധാലുക്കളായിരുന്നു   read more …

ഇ കെ എന്‍ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം പഠനയാത്ര സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : ഇ കെ എന്‍ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം നടത്തിവരുന്ന ശാസ്ത്ര പാടവ പോഷണ പരിപാടിയുടെ ഭാഗമായി പീച്ചി വനഗവേഷണ കേന്ദ്രത്തിലേക്ക് പഠനയാത്ര സംഘടിപ്പിക്കുന്നു. ഏപ്രില്‍ 27 – ാം തീയ്യതി വ്യഴാഴ്ച രാവിലെ 9 മണിക്ക് ക്രൈസ്റ്റ് കോളേജില്‍ നിന്നും യാത്ര ആരംഭിക്കുന്നു. വൈകിട്ട് 5 മണിയോടെ തിരിച്ചെത്തും . ഭക്ഷണം ,വാഹനം എന്നിവയ്ക്കായി 250 രൂപ ആണ് ആവശ്യം .താല്പര്യമുള്ള ഹൈസ്ക്കൂള്‍-ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ത്ഥികള്‍ ഏപ്രില്‍ 12 – ാം തീയ്യതിക്കുളില്‍ കണ്‍വീനര്‍ ഡോ. മാത്യു പോള്‍ ഊക്കനുമായി ബന്ധപ്പെടുക: 9495464016

നഗരസഭാ കെട്ടിടത്തിലെ മാലിന്യങ്ങള്‍ മൂലം കെ എസ് ഇ ബി ക്ക് റീഡിങ് എടുക്കാന്‍ സാധിക്കുന്നില്ല : ബില്‍ കിട്ടാതെ ഉപഭോക്താക്കള്‍ വലയുന്നു

ഇരിങ്ങാലക്കുട : നഗരസഭ ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലെക്സിലെ ഇരുപതോളം കടയുടമകള്‍ക്കു ഇത്തവണ കെ എസ് ഇ ബി യുടെ ബില്‍ ലഭിക്കാത്തതിനാല്‍ പൈസ അടക്കാന്‍ സാധിച്ചില്ല .ഡിസ്കണക്ഷന് ജീവനക്കാര്‍ എത്തിയപ്പോള്‍ ആണ് ബില്‍ അടക്കുന്ന തീയ്യതിയെ കുറിച്ച് ഇവര്‍ അറിയുന്നത് . ഷോപ്പിങ് കോംപ്ലെക്സിലെ മീറ്റര്‍ ബോര്‍ഡ് ഇരിക്കുന്നിടം മാലിന്യകൂമ്പാരത്തില്‍ നിറഞ്ഞിരിക്കുകയാണ് . ഇതുമൂലം റീഡിങ് എടുക്കാനോ ബില്‍ വയ്ക്കനോ സാധിക്കാത്ത അവസ്ഥയാണ് ഈ കെട്ടിടത്തില്‍ നിലവിലുള്ളത് എന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ പറയുന്നു . കോമണ്‍ മീറ്റര്‍ ബോര്‍ഡിന്‍റെ സമീപത്തെ മാലിന്യങ്ങള്‍ മാറ്റി വൃത്തിയാക്കി തരുവാന്‍ നഗരസഭാ സെക്രട്ടറിക്കു അപേക്ഷ നല്കാന്‍ കെ എസ് ഇ ബി തീരുമാനിച്ചിട്ടുണ്ട് . എന്നാല്‍ ഈ കെട്ടിടത്തിലെ കടകാരില്‍ ചിലരാണ് ഇവിടെ സ്ഥിരമായി മാലിന്യങ്ങള്‍ ഇടുന്നതു എന്നാണ് നഗരസഭയുടെ ഭാഷ്യം .

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കു കടുത്ത ശിക്ഷ നല്‍കണം -കണ്ടേശ്വരം കെ എസ് ആര്‍ ടി സി റോഡ് റെസിഡന്റന്‍സ് അസോസിയേഷന്‍

ഇരിങ്ങാലക്കുട : കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ ദിനം പ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിന് വേണ്ട നിയമഭേദഗതികള്‍ വരുത്തണമെന്നും , ചെറിയ കുട്ടികളെപ്പോലും വഴി തെറ്റിക്കുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ സ്കൂളുകളില്‍ എത്തിക്കുന്ന മാഫിയകള്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിച്ചു ശിക്ഷ നല്‍കണമെന്നും കുട്ടികള്‍ക്ക് സ്വയം രക്ഷയ്ക്കായും മറ്റും മയക്കുമരുന്നുകളുടെയും മറ്റും ദോഷവശങ്ങളെക്കുറിച്ചും അവബോധക്ലാസ്സുകള്‍ നടത്തണമെന്നും കണ്ടേശ്വരം മേഖലയില്‍ കുട്ടികള്‍ക്കും മറ്റും വഴി നടക്കാന്‍ പറ്റാത്ത തരത്തില്‍ വര്‍ധിച്ചു വരുന്ന തെരുവുനായ് ശല്യം ഒഴിവാക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കണ്ടേശ്വരം കെ എസ് ആര്‍ ടി സി റോഡ് റെസിഡന്റന്‍സ് അസോസിയേഷന്‍ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് പി രവിശങ്കര്‍ ചടങ്ങില്‍
അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി അജിത്കുമാര്‍ , ചന്ദ്രിക ടീച്ചര്‍ , സജിത്ത് വി കെ , ലേഖ പാലക്കല്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

അണിമംഗലത്ത് പാര്‍വതി അന്തര്‍ജ്ജനം നിര്യാതയായി

ഇരിങ്ങാലക്കുട: കേരളത്തിലെ പ്രശസ്ത തന്ത്രികുടുംബാംഗമായ പരേതനായ അണിമംഗലത്ത് സുബ്രഹ്മണ്യന്‍നമ്പൂതിരിയുടെ ഭാര്യ പാര്‍വ്വതി അന്തര്‍ജ്ജനം (80) അന്തരിച്ചു. മക്കള്‍ ത്രിവിക്രമന്‍ നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി, സുബ്രഹ്മണ്യന്‍ നമ്പൂതിരി, ശ്രീവല്ലഭന്‍ നമ്പൂതിരി, നാരായണന്‍ നമ്പൂതിരി, ആര്യദേവി മരുമക്കള്‍ ഉഷ അന്തര്‍ജ്ജനം, പ്രഭ അന്തര്‍ജ്ജനം, സാവിത്രി അന്തര്‍ജ്ജനം, ബിന്ദു അന്തര്‍ജ്ജനം, ജയശ്രീ അന്തര്‍ജ്ജനം, നാരായണന്‍ നമ്പൂതിരി. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.

വി വി രാമന്‍ ചരമവാര്‍ഷികം ആചരിച്ചു

എടതിരിഞ്ഞി : കര്‍ഷകരുടെയും , ചെത്ത് തൊഴിലാളികളുടെയും , കുടുംബത്തിന്റെ ക്ലേശങ്ങളും ബുദ്ധിമുട്ടുകളും മനസിലാക്കി അതിലൊരാളായി പ്രവര്‍ത്തിച്ചു പരിഹാരം കണ്ട് ഉത്തമ കമ്മ്യൂണിസ്റ്റായിരുന്നു വി വി രാമന്‍ എന്ന് സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ കെ അഷ്‌റഫ് പറഞ്ഞു. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ,  പടിയൂര്‍ പഞ്ചായത്തു പ്രസിഡന്റ് , എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന വി വി രാമന്റെ 23 – ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെയും , ഇരിങ്ങാലക്കുട എ ഐ ടി യു സി ചെത്ത് തൊഴിലാളി യൂണിയന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . രാവിലെ 9 മണിക് സഖാവിന്റെ സ്‌മൃതികൂടിരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വൈകിട്ട് എച് ഡി പി സമാജത്തില്‍ നിന്നും ആരംഭിച്ച പ്രകടനം ചെട്ടിയാല്‍ സെന്ററില്‍ സമാപിച്ചു പൊതുസമ്മേളനത്തില്‍ അണിചേര്‍ന്നു . മണ്ഡലം സെക്രട്ടറി പി മണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ടി കെ സുധീഷ് , കെ വി രാമകൃഷ്ണന്‍ , കെ സി ബിജു , കെ വി മോഹനന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

രാമേശ്വരം ട്രെയിന് ഇരിങ്ങാലക്കുടയില്‍ സ്റ്റോപ്പ് വേണം -കൂടല്‍മാണിക്യം ക്ഷേമൈശ്വര്യ സമിതി

ഇരിങ്ങാലക്കുട : പുരാതനമായ പുണ്യക്ഷേത്രങ്ങള്‍ അനവധിയുള്ള പ്രദേശമാണ് മുകുന്ദപുരം താലൂക്ക്  . രാമേശ്വരവുമായി വളരെയധികം ബന്ധമുള്ള ഇരിങ്ങാലക്കുടയില്‍ എറണാകുളം -രാമേശ്വരം ട്രെയിന് സ്റ്റോപ്പ് വേണമെന്നു ക്ഷേമൈശ്വര്യ സമിതി തിങ്കളായഴ്ച നടന്ന യോഗത്തില്‍ തീരുമാനിച്ചു . പഴനി , രാമേശ്വരം , മധുര, തിരുപ്പൂര്‍ , പൊള്ളാച്ചി എന്നി ഭാഗക്കാര്‍ അനവധി കച്ചവട ആവശ്യങ്ങള്‍ക്കായി ഈ റൂട്ട് പ്രയോജനപ്പെടുത്തുണ്ട് . എം പി ഇന്നസെന്റിനെ നേരില്‍ കണ്ടു ആവശ്യം ഉന്നയിക്കാനും യോഗം തീരുമാനിച്ചു . പി ഉണ്ണികൃഷ്ണന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എ രാജശേഖരന്‍ , ടി രാധാകൃഷ്ണന്‍, എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

വിളക്കുകള്‍ കത്താത്തതിനാല്‍ മുനിസിപ്പല്‍ പാര്‍ക്കിലെ കുട്ടികളടക്കമുള്ള സന്ദര്‍ശകര്‍ വിഷമാവസ്ഥയില്‍

ഇരിങ്ങാലക്കുട : രാത്രിയില്‍ വിളക്കുകള്‍ കത്താത്തതിനാല്‍ മുനിസിപ്പല്‍ പാര്‍ക്കിലെ കുട്ടികളടക്കമുള്ള സന്ദര്‍ശകര്‍ വിഷമാവസ്ഥയില്‍ ആണ്. ഇരിങ്ങാലക്കുട നഗരസഭ റിപ്പബ്ലിക്കന്‍ പാര്‍ക്കിലാണ് സന്ദര്‍ശകര്‍ ഇരുട്ടില്‍ തപ്പിനടക്കേണ്ട അവസ്ഥയുള്ളത്. വൈകുന്നേരങ്ങളില്‍ ഇവിടെ ഒട്ടനവധി സന്ദര്‍ശകരാണ് വരുന്നത് . മദ്ധ്യവേനലവധി ആരംഭിച്ചതോടെ പാര്‍ക്കിലെത്തുന്ന കുട്ടികളുടെ എണ്ണവും കൂടിയിരിക്കുകയാണ് . നാലു മണി മുതല്‍ രാത്രി എട്ടുമണി വരെയാണ് പാര്‍ക്കിന്റെ സമയമെങ്കിലും നേരം ഇരുട്ടിയാല്‍ വിളക്കുകളില്‍ ഭൂരിഭാഗവും കത്താത്ത അവസ്ഥയിലാണ് . വെളിച്ചത്തിനായി 25ഓളം സോളാര്‍ വിളക്കുകളാണ് പാര്‍ക്കിന്റെ പല ഭാഗത്തായി നഗരസഭ സ്ഥാപിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് സ്ഥാപിച്ച ഈ ലൈറ്റുകളില്‍ ഭൂരിഭാഗവും കത്തുന്നില്ല . ഇതുമൂലം വൈകുന്നേരങ്ങളില്‍ കളിക്കാനും മാനസീകോല്ലാസത്തിനായി എത്തുന്ന കുട്ടികളും മുതിര്‍ന്നവരും വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്.
നേരത്തെ പാര്‍ക്കിലെ തോട്ടത്തിലും മറ്റുസ്ഥലങ്ങളിലുമുള്ള സോളാര്‍ ലൈറ്റുകള്‍ മാത്രമാണ് കത്താതിരുന്നെങ്കില്‍ ഇപ്പോള്‍ കുട്ടികളുടെ പാര്‍ക്കിലേയും വിളക്കുകള്‍ കത്താത്ത അവസ്ഥയിലാണ്. ഇതുമൂലം വൈകുന്നേരങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇക്കാര്യം നഗരസഭ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല . തൊട്ടടുത്തുള്ള സ്വകാര്യ പാര്‍ക്ക് നല്ലരീതിയില്‍ സംരക്ഷിക്കുകയും കുട്ടികളെ ആകര്‍ഷിക്കുകയും ചെയ്യുമ്പോഴാണ് നഗരസഭ പാര്‍ക്കിന് ഇന്നത്തെ ഈ അവസ്ഥ . സമയാസമയങ്ങളില്‍ സോളാര്‍ വിളക്കുകള്‍ അറ്റകുറ്റപണികള്‍ നടത്താഞ്ഞതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു . അടിയന്തിരമായി പാര്‍ക്കിലെ മുഴുവന്‍ സോളാര്‍ വിളക്കുകളും കത്തിച്ചു  പ്രശ്‌നത്തിന് പരിഹാരം കാണാണമെന്നു ജനങ്ങള്‍ അധികൃതരോട് ആവശ്യപ്പെട്ടു .

കൂടല്‍മാണിക്യം പില്‍ഗ്രിം സെന്റര്‍ നിര്‍മ്മാണ പ്രവര്‍ത്തനം പുനരാരംഭിച്ചു

ഇരിങ്ങാലക്കുട :  നാലമ്പലതീര്‍ത്ഥാടകരുടെ സൗകര്യവികസനത്തിനായി അനുവദിച്ച തുകയുപയോഗിച്ച് ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കൊട്ടിലാക്കല്‍ പറമ്പില്‍ മാസങ്ങളായി പണി നിലച്ചിരുന്ന നിര്‍മാണത്തിലിരിക്കുന്ന പില്‍ഗ്രിം സെന്റര്‍ നിര്‍മ്മാണ പ്രവര്‍ത്തനം പുനരാരംഭിച്ചു . കേരള ടൂറിസം വകുപ്പ് നല്‍കിയ നാലു കോടിയില്‍ നിന്ന് ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെത്തുന്ന നാലമ്പലതീര്‍ത്ഥാടകര്‍ക്കായി വിശ്രമത്തിനും താമസിക്കുന്നതിനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും വേണ്ടി നിര്‍മ്മാണം ആരംഭിച്ച കെട്ടിടത്തിനാണ് വര്‍ഷങ്ങളായി ഈ ദുര്യോഗം നേരിട്ടിരുന്നത് . ഇരിങ്ങാലക്കുട ശ്രീകൂടല്‍മാണിക്യം, തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ക്കാണ് ടൂറിസം വകുപ്പ് 4 കോടി രൂപ അനുവദിച്ചത്. പിന്നീട് ഓരോ കോടി രൂപ വീതം 4 ക്ഷേത്രങ്ങള്‍ വീതിച്ചെടുത്ത് തീര്‍ത്ഥാടകര്‍ക്ക് ഉപകാരപ്രദമായ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നതായിരുന്നു തീരുമാനം. പായമ്മലും മൂഴിക്കുളവും തൃപ്രയാര്‍ ക്ഷേത്രങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുകഴിഞ്ഞു. എന്നാല്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കൊട്ടിലാക്കല്‍ പറമ്പില്‍  തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ഒരു പില്‍ല്‍ഗ്രിം സെന്റര്‍ നിര്‍മ്മിക്കാനാണ് തീരുമാനിച്ചത്. ടൂറിസം വകുപ്പ് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ കിറ്റ്കോ നിര്‍മ്മാണപണികള്‍ക്കായി ഏല്‍പ്പിച്ചത്. അവര്‍ നിര്‍മ്മാണം നടത്തുന്നതിനായി സ്ഥലത്തെത്തിയപ്പോള്‍ നിര്‍മ്മാണസ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് ശ്രീകൂടല്‍മാണിക്യ ക്ഷേത്രസംരക്ഷണസമിതിയും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും നിര്‍മ്മാണം തടഞ്ഞിരുന്നു . അന്നത്തെ ദേവസ്വം ഭരണസമിതിയാകട്ടെ ഈ പ്രശ്‌നത്തില്‍ ഇടപെട്ടുമില്ല. നിര്‍മ്മാണം നിലക്കുകയും ചെയ്തു.

പഴയ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞ് പുതിയ ഭരണസമിതി വരുന്നതിന് മുമ്പ് അഡ്മിനിസ്‌ട്രേറ്റര്‍ ഭരിച്ചിരുന്നപ്പോള്‍ അപ്പോഴത്തെ ജില്ല കളക്ടര്‍ ടൂറിസം പ്രൊജക്ടുകളുടെ പുരോഗമനം വിലയിരുത്തുന്നതിനായി യോഗം വിളിച്ചു. യോഗത്തില്‍ ഭക്തജനങ്ങള്‍ നിര്‍ദ്ദേശിച്ച സ്ഥലത്തേക്ക് നിര്‍മ്മാണം മാറ്റുവാനായി അനുമതി നല്‍കിയിട്ടും ഏജന്‍സി നിര്‍മ്മാണം ഏറ്റെടുക്കുന്നില്ലെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ജില്ല കളക്ടര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് 2 ആഴ്ചക്കകം നിര്‍മ്മാണം ആരംഭിക്കുമെന്ന് ഏജന്‍സി കളക്ടര്‍ക്ക് ഉറപ്പുനല്‍കി . പണി ആരംഭിക്കുകയും പുതിയ ഭരണസമിതിയും നിലവില്‍ വരികയും ചെയ്തു.

നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും പിന്നീടും വലിയ പുരോഗതിയുണ്ടായില്ല. ടൂറിസം ഡിപ്പാര്‍ട്ടുമെന്റ് അനുവദിച്ച് ഏജന്‍സിയെ ഏല്‍പിച്ച കോണ്‍ട്രാക്ടര്‍ പണം വഴിമാറി ചെലവുചെയ്തു എന്നാണറിവ്. ഫൗണ്ടേഷന്‍ പണി മാത്രമാണ് അന്ന്കഴിഞ്ഞിട്ടുള്ളത്. 4 കോടി രൂപയില്‍ 3 കോടി 20 ലക്ഷം ഇതിനോടകം പിന്‍വലിച്ചു കഴിഞ്ഞിട്ടുണ്ട്. ഇനി ബാക്കിയുള്ളത് 80 ലക്ഷം രൂപയാണ്. കൂല്‍ടല്‍മാണിക്യത്തിന് ഒരു കോടിയാണ് അവകാശപ്പെട്ടത്. കോണ്‍ട്രാക്ടറെ മാറ്റി കിറ്റ്കോ പുതിയ കോണ്‍ട്രാക്ടറെ ഏല്പിക്കുകുയും പില്‍ഗ്രിം സെന്ററിന്റെ പണി വളരെ വേഗം പുരോഗമിക്കുകയും ചെയുന്നുണ്ട്. 4000 സ്ക്വയര്‍ ഫീറ്റ് കെട്ടിടത്തില്‍ രണ്ടു നിലകളാണ് ഉള്ളത് ഒന്നാം നിലയില്‍ എല്ലാ സ്വകര്യങ്ങളോട് കൂടിയ രണ്ടു വിസിറ്റേഴ്സ് റൂമും താഴെ തീര്‍ഥാടകര്‍ക്കു വിശ്രമിക്കാനുള്ള വലിയ ഹാളും ആഭരണങ്ങളും വില പിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കാനുമുള്ള ഗോള്‍ഡ് ലോക്കര്‍ സൗകര്യങ്ങളും ഉണ്ട് .  ഇതിനു പുറമെ അടുക്കള , ഡൈനിങ്ങ് ഏരിയ എന്നിവയും ഉണ്ട് 2017 ലെ നാലമ്പല തീര്‍ത്ഥാടന സമയത്തിന് മുന്‍പ് പണി പൂര്‍ത്തിയാക്കുകയാണ് ലക്‌ഷ്യം.

Top
Close
Menu Title