News

Archive for: August 20th, 2017

കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എ ഐ ടി യു സി) ഇരിങ്ങാലക്കുട ഡിവിഷന്‍ സമ്മേളനം

ഇരിങ്ങാലക്കുട : കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എ ഐ ടി യു സി) ഇരിങ്ങാലക്കുട ഡിവിഷന്‍ സമ്മേളനം അഡ്വ വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ  ഉദ്‌ഘാടനം ചെയ്തു. സമ്പൂര്‍ണ വൈദ്യുതീകരണം ഒരു ഉദ്യോഗസ്ഥപ്രക്രിയയാക്കാതെ ജനകീയപ്രക്രിയയായി മാറ്റിയത് ഫെഡറേഷന്റെ വിജയമാണെന്നും അതില്‍ ഫെഡറേഷന്‍ പ്രവര്‍ത്തകരുടെ പങ്ക് നിര്‍ണായകമായിരുന്നു എന്ന്  അദ്ദേഹം പറഞ്ഞു . പ്രസിഡണ്ട് കെ എ ഗ്രിനോളിന്റെ അധ്യക്ഷത വഹിച്ചു.  സി പി ഐ മണ്ഡലം സെക്രട്ടറി പി മാണി അഭിവാദ്യം ചെയ്തു  സംസാരിച്ചു. കെ ഇ ഡബ്ള്യു എഫ് സംസ്ഥാന സെക്രട്ടറി ബി എച് ആനി മുഖ്യപ്രഭാഷണം നടത്തി. ജെയിംസ് റാഫേല്‍, ഗോപിനാഥ് കെ, പി കെ ശ്രീധരന്‍, കെ എന്‍ രാമന്‍, ആന്റോ വര്‍ഗീസ്, കെ നന്ദനന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഫെഡറേഷന്‍ ഭാരവാഹികളായി കെ എം മനോജ് പ്രസിഡണ്ട്, കെ ബി സുരേഷ്, സുധീര്‍ സി വൈസ് പ്രസിഡണ്ട്, കെ വി വിജോയ് സെക്രട്ടറി , സി പി ജോണ്‍സന്‍, കെ സി ശ്രീനിവാസന്‍, എ ആര്‍ രാധാകൃഷ്ണന്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിയായും എ ജി ജോമിയെ ട്രെഷററായും തിരഞ്ഞെടുത്തു.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എടക്കുളം മാരാത്ത് കോളനിയില്‍ താമസിക്കുന്ന പാറക്കല്‍ വീട്ടില്‍ സുബീഷ്(കണ്ണാപ്പി-28) നെ ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ് കുമാര്‍ അറസ്റ്റ് ചെയ്തു. സംഭവശേഷം പോലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ് പ്രതി മൂന്നാറില്‍ തന്റെ സുഹൃത്തുക്കളായ ആനപ്പാപ്പാന്മാര്‍ക്കൊപ്പം ഒളിവില്‍ കഴിയുകയായിരുന്നു. എന്നാല്‍ ഒളിസങ്കേതം പോലീസ് മനസിലാക്കിയതറിഞ്ഞ് അന്യസംസ്ഥാനത്തേക്കു പോകുവാനായി പണം സ്വരൂപിക്കുന്നതിനു വേണ്ടി മൂന്നുപീടികയിലുള്ള ഭാര്യവീട്ടില്‍ രാത്രി വന്നപ്പോളാണ് പ്രതിയെ പോലീസ് പിടികൂടിയത്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ മയക്കുമരുന്നിനടിമയാണെന്നും നാട്ടുകാര്‍ക്കു നിരന്തരശല്യമാണ് ഇയാള്‍ എന്ന് കാണിച്ചുള്ള മാസ്സ് പെറ്റിഷനും അതുപോലെ നിരവധി മറ്റു ക്രിമിനല്‍ കേസുകളും ഇയാളുടെ പേരില്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഉണ്ട്. എ എസ് പി കിരണ്‍ നാരായണയുടെ നേതൃത്വത്തില്‍ കാട്ടൂര്‍ എസ് ഐ മനു വി നായര്‍, സീനിയര്‍ സി പി ഓ മാരായ മുരുകേഷ് കടവത്ത്, മുഹമ്മദ് അഷ്‌റഫ്, എം കെ ഗോപി എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

കാര്‍ ഇടിച്ചതിനെ തുടര്‍ന്നു കത്തിയ ട്രാന്‍സ്‌ഫോര്‍മര്‍ പരിഭ്രാന്തി പരത്തി

ഇരിങ്ങാലക്കുട : റോഡരികിലെ ഇലക്ട്രിക്ക് പോസ്റ്റില്‍ കാര്‍ ഇടിച്ചതിനെ തുടര്‍ന്നു 11 കെ വി പൊട്ടി വീണു സമീപത്തെ ട്രാന്‍സ്‌ഫോര്‍മര്‍ കത്തിയത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച്ച 4 മണിക്ക് സണ്ണി സില്‍ക്‌സ്നു സമീപം ആണ് അപകടം
ഉണ്ടായത്. ട്രാന്‍സ്ഫോര്‍മറില്‍ തീ പടരുന്നത് കണ്ട് പോസ്റ്റില്‍ ഇടിച്ച ആള്‍ട്ടോ കാര്‍ അതിവേഗം ഓടിച്ചുപോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു . തീയും പുകയും ഏറിയതോടെ ഗതാഗതം സ്തംഭിക്കുകയും ഉടന്‍ തന്നെ അഗ്നിശമന സേനഅംഗങ്ങള്‍ എത്തുകയും ചെയ്തു . കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ സഹായത്താല്‍ ഇവര്‍ കണക്ഷന്‍ വിച്ഛേദിക്കുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു .

മുഖ്യമന്ത്രി പിണറായി വിജയന്‍ റൂറല്‍ വനിതാ പോലിസ് സ്റ്റേഷന്‍ മന്ദിരം ഉദ്ഘാടനത്തിന് ശനിയാഴ്ച ഇരിങ്ങാലക്കുടയില്‍

. ഇരിങ്ങാലക്കുട : സംസ്ഥാനത്ത് അനുവദിച്ച 6 വനിതാ പോലീസ് സ്റ്റേഷനുകളില്‍ ഒന്നായ തൃശ്ശൂര്‍ റൂറലിലെ വനിതാ പോലിസ് സ്റ്റേഷന്‍ മന്ദിരം ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഇരിങ്ങാലക്കുടയില്‍ എത്തുന്നു. നിലവിലെ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ മുകളില്‍ നേരത്തെ ഡി വൈ എസ് പി ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് വനിത പോലിസ് സ്റ്റേഷന്‍ താല്ക്കാലികമായിപ്രവര്‍ത്തിച്ചിരുന്നത് .പോലീസ് സ്റ്റേഷന്‍ കോമ്പൌണ്ടില്‍ പണി നടന്നുകൊണ്ടിരിക്കുന്ന ഇരുനില കെട്ടിടത്തിന്റെ പണി പൂര്‍ത്തികരിച്ചതോടെ റൂറല്‍ വനിത പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം അവിടേയ്ക്ക് ശനിയാഴ്ച മുതല്‍ മാറും. പുതിയ കെട്ടിടത്തില്‍ വനിതാ സെല്ലും, ഫാമിലി കൌണ്‍സിലിങ്ങ് സെന്ററും പ്രവര്‍ത്തനം ആരംഭിക്കും. റൂറല്‍ വനിത പോലീസ് സ്റ്റേഷനില്‍ വനിതാ എസ് ഐ , 2 അഡിഷണല്‍ വനിതാ എസ് ഐ , 8 സീനിയര്‍ വനിതാ സിവില്‍ പോലീസ് ഓഫിസര്‍മാര്‍, 25 വനിതാ സിവില്‍ പോലീസ് ഓഫിസര്‍മാര്‍ അടക്കം 36 പേരും, കൂടാതെ 2 ഡ്രൈവര്‍മാരും സേവനം അനുഷ്ഠിക്കുന്നുണ്ട്. ഇതിന് പുറമേ ഒരു പാര്‍ട്ട് ടൈം സ്വീപ്പര്‍ കൂടി ഉണ്ടായിരിക്കും. വനിതാ പോലീസ് സ്റ്റേഷനിലേയ്ക്ക് 2 ജീപ്പ്, 5 സ്കൂട്ടര്‍ , ആവശ്യമായ ഓഫിസ് സാമഗ്രികള്‍ എന്നിവയും അനുവദിച്ചിട്ടുണ്ട് എന്ന്  തൃശ്ശൂര്‍ റൂറല്‍ വനിതസെല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രസ്സന്ന അംബുരത്ത് , ഇരിങ്ങാലക്കുട സി ഐ സുരേഷ് കുമാര്‍ ,  എസ് ഐ  സി  ഇന്ദിര എന്നിവര്‍ പത്രസമ്മേളനത്തില്‍   പറഞ്ഞു. കേരളത്തില്‍ ആദ്യമായി ജനമൈത്രി പോലീസ് സംവിധാനം നടപ്പിലാക്കിയ ഇരിങ്ങാലക്കുടയ്ക്ക് ലഭിച്ച മറ്റൊരു അംഗീകാരമാണ് റൂറല്‍ വനിതാ പോലീസ് സ്റ്റേഷന്‍ . പുതിയ കെട്ടിടത്തില്‍ റൂറല്‍ വനിതാ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഡി വൈ എസ് പി ഓഫിസും , പോലീസ് സ്റ്റേഷനും , വനിതാ പോലീസ് സ്റ്റേഷനും ഒരേ കോമ്പൌണ്ടില്‍ മുന്ന് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും.

വല്ലക്കുന്ന് തുയ്യത്ത് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പണം

വല്ലക്കുന്ന്: തുയ്യത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയോടനുബന്ധിച്ചു നട തുറക്കല്‍ ദിനത്തില്‍ ദേവിയുടെ പൊങ്കാല സമര്‍പ്പണം തന്ത്രി ഷൈജുവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു . നൂറുകണക്കിനാളുകള്‍ അന്നേ ദിവസം പൊങ്കാല സമര്‍പ്പണത്തിനായി എത്തിച്ചേര്‍ന്നു .

കരൂപ്പടന്ന പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി

കരൂപ്പടന്ന: കരൂപ്പടന്ന പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. പറവൂര്‍ കുഞ്ഞിത്തൈ വട്ടപ്പറമ്പില്‍ സഗീറിന്റെ മകന്‍ സമദി (19) നെ ആണ് കാണാതായത്. കരൂപ്പടന്ന പുഴക്ക് മറുകരയില്‍ പുല്ലൂറ്റ് ഭാഗത്താണ് അപകടമുണ്ടായത്. അമ്മായിയുടെ പുല്ലൂറ്റുള്ള വീട്ടിലെത്തിയ സമദ് ബന്ധുക്കളായ ഷംസാദ് (23), മുഹമ്മദ് ജസീര്‍ എന്നിവരോടൊപ്പമാണ് വ്യാഴാഴ്ച ഉച്ചക്ക് 12.30 ഓടെ തൊട്ടടുത്തുള്ള പുഴയില്‍ കുളിക്കാനിറങ്ങിയത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേരും രക്ഷപ്പെട്ടപ്പോള്‍ സമദ് ഒഴുക്കില്‍ പെട്ട് മുങ്ങിപ്പോവുകയായിരുന്നു. കൊടുങ്ങല്ലൂരില്‍ നിന്ന് പോലീസും ഫയര്‍ ഫോഴ്സും എത്തി. നാട്ടുകാരുടെ സഹായത്തോടെ രാത്രി 9 വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മാഞ്ഞാലി എസ്.എന്‍.ജി.ഐ.എസ്.ടി യിലെ ബിരുദ വിദ്യാര്‍ത്ഥിയാണ് സമദ്. സമദും ജസീറും മുങ്ങിത്താഴുന്നത് കണ്ട് ഷംസാദ് ഒച്ച വെച്ചു. ശബ്ദം കേട്ട് ഓടിയെത്തിയവര്‍ ജാസിറിനെ ഒരു വിധം കരയ്ക്കെത്തിച്ചു. അപ്പോഴേക്കും സമദിനെ കാണാതായിരുന്നു. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും സമദിന്റെ കണ്ടെത്താന്‍ കഴിഞ്ഞില്ല . അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ വി.ആര്‍.സുനില്‍ കുമാര്‍ എം.എല്‍.എ.രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മാതാപിതാക്കള്‍ മക്കളുടെ കാവല്‍ക്കാര്‍ : റവ.ഡോ.ബെഞ്ചമിന്‍ ചിറയത്ത്

ഇരിങ്ങാലക്കുട: ജീവിതത്തില്‍ മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മാതാപിതാക്കള്‍ മക്കളുടെ കാവല്‍ക്കാരാകണമെന്ന് രൂപത പാസ്റ്ററല്‍ ആനിമേഷന്‍ സെന്റര്‍ ഫോര്‍ സ്റ്റഡി അസോസിയേറ്റ് ഡയറക്ടര്‍ റവ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് പറഞ്ഞു. ശതോത്തര സുവര്‍ണ്ണ ജൂബിലിയാഘോഷിക്കുന്ന ഊരകം സെന്റ് ജോസഫ്സ് പള്ളിയില്‍ നടത്തിയ അധ്യാപക-രക്ഷാകര്‍തൃ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ദൈവത്തിന്റെ അനുഗ്രഹം കുട്ടികളിലേക്ക് ഒഴുകുന്നത് മാതാപിതാക്കളിലൂടെയും അധ്യാപകരിലൂടെയുമാണെന്നും അദ്ദേഹം പറഞ്ഞു. പിടിഎ പ്രസിഡന്റ് കെ.പി.ജോയി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു,  ജനറല്‍ കണ്‍വീനര്‍ തോമസ് തത്തംപിള്ളി, സിസ്റ്റര്‍ ലിതിയ, പ്രധാനധ്യാപകന്‍ പി.ഡി. ഈനാശു, പിടിഎ സെക്രട്ടറി റീസ നിക്സന്‍ എന്നിവര്‍ പ്രസംഗിച്ചു. സേവ്യര്‍ പള്ളിപ്പാട്ട് സെമിനാര്‍ നയിച്ചു.

ശ്രീകൂടല്‍മാണിക്യം ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ശ്രീകൂടല്‍മാണിക്യം ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ ഓഫീസ് തപസ്യ കലാസഹിത്യവേദി സംസ്ഥാന സംഘടനാസെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു . ജന്മഭൂമി ദിനപത്രം ഓഫീസ്, തപസ്യ കലാസഹിത്യ വേദി ,  ഇരിങ്ങാലക്കുട ഉപജില്ല സമിതി ഓഫീസ് എന്നിവയും ഇതിനോടൊപ്പം ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി.സി.സുരേഷ്,  പി.വിജയകുമാര്‍, ശിവശങ്കരന്‍ മാസ്റ്റര്‍, ഹരിദാസ് നാഗത്ത്, ശ്രീജിത്ത് മുത്തേടത്ത്, സുനിത ഹരിദാസ്, രാജീവ് ചാത്തമ്പിള്ളി എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടനര്‍മാരായ വി.ബാബു, ഷൈജുകുറ്റിക്കാട്ട്, ഇ.കെ.കേശവന്‍, രഞ്ചിത്ത് മേനോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീര്‍ത്ഥയാത്രകളും വിനോദയാത്രകളും സംഘടിപ്പിക്കുന്നത്.9846822031, 8086340364

ക്രൈസ്റ്റ് കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ ഗസ്റ്റ് ലക്ച്ചറര്‍ ഒഴിവുകള്‍

ഇരിങ്ങാലക്കുട :  ക്രൈസ്റ്റ് കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ ഗസ്റ്റ്ലക്ച്ചറര്‍മാരുടെ  ഒഴിവുകള്‍ ഉണ്ടെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു . നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും,  സര്‍ട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പിയും സഹിതം നിശ്ചിത ദിവസങ്ങളില്‍ കോളേജ് ഓഫീസില്‍ ഹാജരാകണമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു . ഇംഗ്ലീഷ് , ഇക്കണോമിക്സ്, പൊളിറ്റിക്സ് , സൂവോളജി , ഫിസിക്കല്‍ എഡ്യൂക്കേഷന്‍ , ജേര്‍ണലിസം എന്നി വിഭാഗങ്ങളില്‍ ഏപ്രില്‍ 10 നും കമ്പ്യൂട്ടര്‍ സയന്‍സ് , ഹിസ്റ്ററി, കെമിസ്ട്രി , ഫിസിക്സ് ,  മലയാളം ,  സ്റ്റാറ്റിസ്റ്റിക്‌സ് ,  ബി പി ഇ  വിഭാഗങ്ങളില്‍ ഏപ്രില്‍ 11 നും കോമേഴ്‌സ്, ബോട്ടണി , സൈക്കോളജി , എന്‍വിയോണ്‍മെന്റല്‍ സയന്‍സ് ,  മാത്തമാറ്റിക്സ്, ജിയോളജി ,സോഷ്യല്‍ വര്‍ക്ക് എന്നി വിഭാഗങ്ങളില്‍ ഏപ്രില്‍ 12 നും ഇന്റര്‍വ്യൂ നടത്തുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു . കൂടുതല്‍ വിവരങ്ങള്‍ക്കു : 0480 -2825258

ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാന പാതയില്‍ സീബ്ര ലൈനുകള്‍ വരച്ചു

പുല്ലൂര്‍ : ഇരിങ്ങാലക്കുട കത്തീഡ്രല്‍ മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാന പാതയില്‍ ഹമ്പുകള്‍ക്കു സീബ്ര ലൈനുകള്‍ വരച്ചു . ഷിബു കാച്ചപ്പിള്ളി, ജോബി പളളായി, നെല്‍സന്‍, ജോര്‍ജ്ജ് കിറ്റിക്കല്‍, ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി തടസ്സപ്പെടും

ഇരിങ്ങാലക്കുട : ഇ.എന്‍.ടി., ടൗണ്‍ഹാള്‍, ബസ്സ്റ്റാന്‍ഡ്, എസ്.ബി.ടി, ഈസ്റ്റ് നട എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി തടസ്സപ്പെടും.
വെള്ളാങ്ങല്ലൂര്‍: കല്‍പ്പറമ്പ് കപ്പേള, സ്‌കൂള്‍, ബാങ്ക്, വെള്ളാങ്ങല്ലൂര്‍ ചര്‍ച്ച് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി തടസ്സപ്പെടും.

Top
Close
Menu Title