News

Archive for: August 20th, 2017

ജിഷ്ണു പ്രണോയി കേസില്‍ സര്‍ക്കാറിന് മനസാക്ഷിക്കുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 ഇരിങ്ങാലക്കുട : ജിഷ്ണു പ്രണോയി കേസില്‍ സര്‍ക്കാറിന് മനസാക്ഷിക്കുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാട്ടൂങ്ങച്ചിറയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ തൃശ്ശൂര്‍ റൂറല്‍ വനിതാ പോലിസ് സ്റ്റേഷന്‍ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് സര്‍ക്കാര്‍. ആ കുടുംബത്തിന് നീതി ലഭിക്കാനുള്ള നടപടി ഏറ്റവും കൂടുതല്‍ വേഗത്തില്‍ സ്വീകരിച്ച സര്‍ക്കാറാണിത്. ഒളിവിലുള്ള പ്രതികളെ പിടിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേസില്‍ ശരിയായ ദിശയിലാണ് അന്വേഷണം നടക്കുന്നതെന്നും അന്വേഷണത്തെ കുറിച്ച് ആര്‍ക്കും പരാതിയില്ലെന്നും പിണറായി വ്യക്തമാക്കി. പോലിസ് സേനയില്‍ തെറ്റായ നടപടി സ്വീകരിക്കുന്ന ഒരാളേയും സര്‍ക്കാര്‍ സംരക്ഷിക്കില്ല. കാമ്പുള്ള ആക്ഷേപങ്ങള്‍ ഉന്നയിച്ചാല്‍ അതില്‍ ഇടപെടുകയും അതിന് പരിഹാരമുണ്ടാക്കുകയും ചെയ്യും. എന്നാല്‍ സംഭവങ്ങള്‍ ഊതിവീര്‍പ്പിച്ച് തെറ്റായ ഇമേജ് സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമം കെണിയാണെന്നും അതില്‍ ഈ സര്‍ക്കാര്‍ വീഴില്ലെന്നും പിറണായി വിജയന്‍ വ്യക്തമാക്കി. പ്രൊഫ. കെ.യു അരുണന്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. മുന്‍ നിയമസഭ സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. സിനിമാതാരം രചന നാരായണന്‍കുട്ടി, കൗണ്‍സിലര്‍ കെ.വി അംബിക, ഐ.ജി എം.ആര്‍ അജിത്കുമാര്‍, എസ്.പി എന്‍. വിജയകുമാര്‍, എ.എസ്.പി കിരണ്‍ നാരായണന്‍, കെ.പി.ഒ.എ എ.സി മുഹമ്മദ് ബഷീര്‍, വനിത സെല്‍ സി.ഐ പ്രസന്ന അംബുരത്ത് എന്നിവര്‍ സംസാരിച്ചു.

നിലവിലെ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ മുകളില്‍ നേരത്തെ ഡി വൈ എസ് പി ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് വനിത പോലിസ് സ്റ്റേഷന്‍ താല്ക്കാലികമായി പ്രവര്‍ത്തിച്ചിരുന്നത് . പോലീസ് സ്റ്റേഷന്‍ കോമ്പൌണ്ടില്‍ പണി നടന്നുകൊണ്ടിരിക്കുന്ന ഇരുനില കെട്ടിടത്തിന്റെ പണി പൂര്‍ത്തികരിച്ചതോടെ റൂറല്‍ വനിത പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം അവിടേയ്ക്ക് ശനിയാഴ്ച മുതല്‍ മാറും. പുതിയ കെട്ടിടത്തില്‍ വനിതാ സെല്ലും, ഫാമിലി കൌണ്‍സിലിങ്ങ് സെന്ററും പ്രവര്‍ത്തനം ആരംഭിക്കും. റൂറല്‍ വനിത പോലീസ് സ്റ്റേഷനില്‍ വനിതാ എസ് ഐ , 2 അഡിഷണല്‍ വനിതാ എസ് ഐ , 8 സീനിയര്‍ വനിതാ സിവില്‍ പോലീസ്ഓഫിസര്‍മാര്‍, 25 വനിതാ സിവില്‍ പോലീസ് ഓഫിസര്‍മാര്‍ അടക്കം 36 പേരും, കൂടാതെ 2 ഡ്രൈവര്‍മാരും സേവനം അനുഷ്ഠിക്കുന്നുണ്ട്. ഇതിന് പുറമേ ഒരു പാര്‍ട്ട് ടൈം സ്വീപ്പര്‍ കൂടി ഉണ്ടായിരിക്കും. വനിതാ പോലീസ് സ്റ്റേഷനിലേയ്ക്ക് 2 ജീപ്പ്, 5 സ്കൂട്ടര്‍ , ആവശ്യമായ ഓഫിസ് സാമഗ്രികള്‍ എന്നിവയും അനുവദിച്ചിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി ജനമൈത്രി പോലീസ് സംവിധാനം നടപ്പിലാക്കിയ ഇരിങ്ങാലക്കുടയ്ക്ക് ലഭിച്ച മറ്റൊരു അംഗീകാരമാണ് റൂറല്‍ വനിതാ പോലീസ് സ്റ്റേഷന്‍ . പുതിയ കെട്ടിടത്തില്‍ റൂറല്‍ വനിതാ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഡി വൈ എസ് പി ഓഫിസും , പോലീസ് സ്റ്റേഷനും , വനിതാ പോലീസ് സ്റ്റേഷനും ഒരേ കോമ്പൌണ്ടില്‍ മൂന്ന് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. 

 

അവധി ദിവസങ്ങളുടെ മറവില്‍ പാടം കരിങ്കല്‍ ഭിത്തി കെട്ടി നികത്താനുള്ള ശ്രമം തടഞ്ഞു

പടിയൂര്‍ : അവധി ദിവസങ്ങളുടെ മറവില്‍ കോള്‍നിലം കരിങ്കല്‍ ഭിത്തി കെട്ടി നികത്താനുള്ള ശ്രമം ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. പടിയൂര്‍ പഞ്ചായത്തിലെ വളവനങ്ങാടി കൊണ്ടോട്ടി പാടത്തെ കോള്‍നിലമാണ് സ്വകാര്യ വ്യക്തി ശനിയാഴ്ച കരിങ്കല്‍ ഭിത്തി കെട്ടി നികത്താന്‍ ശ്രമിച്ചത്. സംഭവം ഉടന്‍ തന്നെ പഞ്ചായത്ത് അധികാരികളെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞത്. തുടര്‍ന്ന് സ്ഥലത്ത് കൊടികുത്തി. സംഭവത്തെ കുറിച്ച് കാട്ടൂര്‍ പോലിസിന് പരാതി നല്‍കിയതായും ബി.ജെ.പി വ്യത്തങ്ങള്‍ അറിയിച്ചു. നേതാക്കളായ അനൂപ് മാമ്പ്ര, ശരത്ത് കോപ്പുള്ളിപറമ്പില്‍, പ്രഭാത് വെള്ളാപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

പരീക്ഷാക്രമക്കേട് : കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ധര്‍ണ്ണ നടത്തി

ഇരിങ്ങാലക്കുട : പരീക്ഷാക്രമക്കേടില്‍ അന്വേഷണം നടത്തുക, കുംഭകോണത്തിന്റെ ഉത്തരവാദിയായ വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇരിങ്ങാലക്കുട കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആല്‍ത്തറയ്ക്കല്‍ ധര്‍ണ്ണ നടത്തി. കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്സണ്‍ ധര്‍ണ്ണ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ടി വി ചാര്‍ളി അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി ,സോണിയ ഗിരി, കാട്ടൂര്‍ ബ്ലോക്ക് പ്രസിഡന്റ് വര്ഗീസ് പുത്തനങ്ങാടി, നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു . കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാട്,എല്‍ ഡി ആന്റോ , നിതിന്‍ തോമസ്, സുജ സജീവ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു .

കൂടിയാട്ടം കലാകാരി കപില വേണുവിന്‌ രാഷ്‌ട്രീയ കുമാര്‍ ഗന്ധര്‍വ്വ്‌ പുരസ്‌കാരം സമ്മാനിച്ചു

ഇന്‍ഡോര്‍ :  മദ്ധ്യപ്രദേശ്‌ സര്‍ക്കാര്‍ നല്‍കുന്ന രാഷ്‌ട്രീയ കുമാര്‍ ഗന്ധര്‍വ്വ്‌ പുരസ്‌കാരം കൂടിയാട്ടം കലാകാരി കപില വേണുവിന്‌ ദേവാസിലെ മല്‍ഹാര്‍ സ്‌മൃതി മണ്‌ഡപത്തില്‍ വച്ച്‌ നല്‍കി ആദരിച്ചു. വിഖ്യാത ഗായകന്‍ കുമാര്‍ ഗന്ധര്‍വ്വിന്റെ പുത്രി കലാപിനി കോംകരി അംഗവസ്‌ത്രവും കീര്‍ത്തി മുദ്രയും നല്‍കി. മദ്ധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിങ്‌ ചൗഹാന്റെ പ്രശസ്‌തി പത്രം അദ്ദേഹത്തിനായി ദേവാസ്‌ ജില്ലാ കളക്‌ടര്‍ അശുതോഷ്‌ അവസ്‌തിയും നല്‍കി. 1.25 ലക്ഷം രൂപയാണ്‌ ബഹുമതിയോടൊപ്പം നല്‍കിയത്‌. ഇന്‍ഡോറിലെ മലയാളി സമാജം ദേവാസിലെ അയ്യപ്പക്ഷേത്രം എന്നിവിടങ്ങളില്‍ കപില വേണുവിന്‌ സ്വീകരണം നല്‍കി.  ഉസ്‌താദ്‌ ബഹാവുദ്ദീന്‍ ഡാഗര്‍ (രുദ്രവീണ), മഞ്‌ജരി അസ്‌നാരെ കേല്‍ക്കര്‍, മഞ്‌ജുഷ കുല്‍ക്കര്‍ണി പട്ടീല്‍ (ഹിന്ദുസ്ഥാനി ശാസ്‌ത്രീയ സംഗീതം) എന്നിവരാണ് പുരസ്‌കാരം പങ്കിട്ട മറ്റു കലാകാരന്‍മാര്‍ .

സംഗീതത്തില്‍ മാത്രം കേന്ദ്രീകരിച്ച്‌ നല്‍കി വന്നിരുന്ന ഈ പുരസ്‌കാരം ഇദംപ്രഥമമായിട്ടാണ്‌ ഒരു നാട്യകലാകാരിക്ക്‌ നല്‍കുന്നത്‌. ഗുരു അമ്മന്നൂര്‍ മാധവചാക്യാരുടെ ശിഷ്യത്വം സ്വീകരിച്ച്‌ ഇരിങ്ങാലക്കുട അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ സ്‌മാരക ഗുരുകുലത്തിലും നടനകൈരളിയിലും കൂടിയാട്ടവും നങ്ങ്യാര്‍കൂത്തും അഭ്യസിച്ച കപില കൂടിയാട്ടം ആചാര്യന്‍ വേണുജിയുടെയും മോഹിനിയാട്ടം ഗുരു നിര്‍മ്മലാ പണിക്കരുടെയും പുത്രിയാണ്‌. നിര്‍മ്മലാ പണിക്കരുടെ കീഴില്‍ മോഹിനിയാട്ടം പരിശീലിച്ച കപില അമ്മന്നൂര്‍ കുട്ടന്‍ചാക്യാര്‍, ഉഷാ നങ്ങ്യാര്‍, കിടങ്ങൂര്‍ രാമചാക്യാര്‍ എന്നിവരുടെ കീഴിലും കൂടിയാട്ട പരിശീലനം നേടിയിട്ടു്‌. ജപ്പാനിലെ നാട്യാചാര്യന്‍ മിന്‍ തനാകയുടെ അവാന്ത്‌-ഗാര്‍ഡ്‌ അഭിനയ പരിശീലനത്തിന്റെ ശില്‍പ്പശാലകളില്‍ അഞ്ച്‌ കൊല്ലം പങ്കെടുത്ത കപില സ്വീഡന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന വേള്‍ഡ്‌ തിയേറ്റര്‍ പ്രൊജക്‌ടിലെയും സജീവ അംഗമായിരുന്നു.  read more …

രക്ഷാകര്‍ത്താക്കളെ നോക്കേണ്ട ഉത്തരവാദിത്വത്തില്‍ നിന്ന് മക്കളെ മാറ്റാന്‍ വേണ്ടിയാകരുത് സാന്ത്വന പരിപാലന പരിപാടികള്‍ – കെ രാധാകൃഷ്ണന്‍

ഇരിങ്ങാലക്കുട : രക്ഷാകര്‍ത്താക്കളെ നോക്കേണ്ട ഉത്തരവാദിത്വത്തില്‍ നിന്ന് മക്കളെ മാറ്റാന്‍ വേണ്ടിയാകരുത് സാന്ത്വന പരിപാലന പരിപാടികള്‍ എന്ന് മുന്‍ സ്പീക്കറും സി പി ഐ (എം ) ജില്ലാ സെക്രട്ടറിയുമായ കെ രാധാകൃഷ്ണന്‍ പറഞ്ഞു. കഷ്ടപ്പാടുകള്‍ സഹിക്കുന്ന ആളുകളെയെല്ലാം സഹായിക്കാനുള്ള സന്മനസ്സു വളര്‍ത്തിയെടുക്കേണ്ട കാലഘട്ടത്തിലാണ് നമ്മളെല്ലാം ജീവിക്കുന്നത്. പി ആര്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സാന്ത്വന പരിപാലന വിഭാഗം ‘ആര്‍ദ്രം’ പ്രവര്‍ത്തന വിപുലീകരണത്തിന്റെ ഭാഗമായി ആരംഭിച്ച പുതിയ മൊബൈല്‍ യൂണിറ്റിന്റെ വാഹനത്തിന്റെ താക്കോല്‍ സി കെ ചന്ദ്രന് നല്‍കിക്കൊണ്ട് കെ രാധാകൃഷ്ണന്‍ ഉദ്‌ഘാടനം ചെയ്തു. തുടര്‍ന്ന് ടൌണ്‍ ഹാളില്‍ ചേര്‍ന്ന
ജനകീയ ആരോഗ്യ സദസ്സില്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വെബ്സൈറ്റ് ഉദ്‌ഘാടനം എം എല്‍ എ പ്രൊഫ കെ യു അരുണന്‍ നിര്‍വഹിച്ചു. പി ആര്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട് ഉല്ലാസ് കളക്കാട്ട്, സെക്രട്ടറി ടി എല്‍ ജോര്‍ജ്, സാവിത്രി ലക്ഷ്മി, ആര്‍ദ്രം സാന്ത്വന പരിപാലന കേന്ദ്രം കോഓര്‍ഡിനേറ്റര്‍ പ്രദീപ് മേനോന്‍, ടി ജി ശങ്കരനാരായണന്‍, കെ മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഇരിഞ്ഞാടപ്പിള്ളി ചെങ്ങുംകാവ് ഭഗവതി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം

കല്ലേറ്റുംകര : മാനാട്ടുകുന്ന് ഇരിഞ്ഞാടപ്പിള്ളി ചെങ്ങുംകാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തില്‍ ഭാഗവതാചാര്യന്‍ ബ്രഹ്മശ്രീ പെരുമ്പിള്ളി കേശവന്‍ നമ്പൂതിരി പ്രഭാഷണം നടത്തി. ഇരിഞ്ഞാടപ്പിള്ളി ഹരി നമ്പൂതിരി, കടുപ്പശ്ശേരി രാമചന്ദ്രന്‍ നമ്പീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സപ്താഹയജ്ഞം ഞായറാഴ്ച ഉച്ചയോടെ സമാപിക്കും.

മിസ്റ്റര്‍ കേരള ഒളിമ്പിയ മത്സരം ഏപ്രില്‍ 11 നു കാട്ടൂര്‍ കോസ്മോ റീജന്‍സി ഹാളില്‍

കാട്ടൂര്‍ : മൂന്നു പതിറ്റാണ്ടുകളായി കല കായിക വിദ്യാഭ്യാസ രംഗത്ത് സേവനം നടത്തി വരുന്ന കാട്ടൂര്‍ ലൈഫ് ഗാര്‍ഡ് സ്ലിമ്മിങ് ആന്‍ഡ് ഫിറ്റ്നസ് സെന്ററിന്റെ വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാന ബോഡി ബില്‍ഡിങ് & ഫിറ്റ്നസ് അസോസിയേഷന്റെ അംഗീകാരത്തോടെ മിസ്റ്റര്‍ കേരള ഒളിമ്പിയ മത്സരം-2017 ഏപ്രില്‍ 11 ചൊവ്വാഴ്ച്ച മുതല്‍ കോസ്മോ റീജന്‍സി ഹാളില്‍ നടത്തുന്നു. പരിപാടി ഉദ്‌ഘാടനം ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ നിര്‍വഹിക്കും. തുടര്‍ന്ന് പ്രശസ്ത കലാകാരുടെ നൃത്തസന്ധ്യയും ഗാനവിരുന്നും ഉണ്ടായിരിക്കും. സിനിമ താരങ്ങളായ ലിയോണ, ലിഷോയ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ഫിറ്റ്നസ് മത്സരങ്ങളും മെഡിക്കല്‍ ക്യാമ്പുകളും ഹെല്‍ത്ത് അവെയര്‍നെസ്സ് ക്ലാസ്സുകളും സംഘടിപ്പിച്ചു കൊണ്ട് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനയാണ് കാട്ടൂര്‍ ലൈഫ് ഗാര്‍ഡ് ഹെല്‍ത്ത് ക്ലബ്. സാമൂഹ്യനന്മ ലക്ഷ്യമാക്കി നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ ലൈഫ് ഗാര്‍ഡിലൂടെ നടത്തി വരുന്നതായി മഹേഷ് കുമ്പളപ്പറമ്പില്‍, വി.കെ.മനോജ് കാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, രാജീവ് തഷ്ണാത്ത്, പി ജെ പയസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Top
Close
Menu Title