News

Archive for: August 20th, 2017

കര്‍ഷക സംഘത്തിന്റെ കൊയ്ത്തു യന്ത്രം കട്ടപ്പുറത്ത് : കര്‍ഷകര്‍ക്ക് ആശ്രയം സ്വാകാര്യ ഏജന്‍സികളെ

കാറളം: ചെമ്മണ്ട കായല്‍ പുളിയംപാടം കടുംകൃഷി കര്‍ഷക സഹകരണ സംഘത്തിന് ആധുനിക കൊയ്ത്തു യന്ത്രം സ്വന്തമായി ഉള്ളപ്പോള്‍ കര്‍ഷകര്‍ക്ക് സ്വാകാര്യ ഏജന്‍സിയുടെ കൊയ്ത്തു യന്ത്രം വാടകയ്ക്കു എടുക്കേണ്ട അവസ്ഥയാണുള്ളത് . അറ്റകുറ്റ പണികള്‍ക്കെന്ന പേരില്‍ കൊയ്ത്തു യന്ത്രം ഷെഡില്‍ കയറ്റി സ്വകാര്യ ഏജന്‍സികളുടെ സേവനം തേടാന്‍ കര്‍ഷകരെ അയച്ചതില്‍ അഴിമതി ഉണ്ടെന്നു കര്‍ഷകര്‍ പറയുന്നു . എന്നാല്‍ കൊയ്ത്തു യന്ത്രത്തിന് ഒരു ലക്ഷത്തി അറുപതിനായിരം രൂപ അറ്റകുറ്റ പണികള്‍ക്കായി ചെലവഴിച്ചാല്‍ മാത്രമേ ഈ സീസണില്‍ പുറത്തിറക്കുവാന്‍ പറ്റുകയുള്ളു എന്നും എന്നാല്‍ കടുത്ത വേനല്‍ മൂലം പല കോളുകളിലും വിത്തിറക്കാത്തതിനാല്‍ ഓഗസ്റ്റില്‍ ആരംഭിക്കേണ്ട സീസണില്‍ കൊയ്ത്തു ഉണ്ടാവില്ല എന്നതിനാല്‍ കൊയ്ത്തു യന്ത്രം ഇറക്കിയാല്‍ സംഘത്തിന് വന്‍ സാമ്പത്തിക ബാധ്യത വരും എന്നതിനാലാണ് ഈ നടപടി എന്നും സംഘം പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ വി എന്‍ പറഞ്ഞു . 2010 -ല്‍ ആണ് 24 ലക്ഷത്തോളം വരുന്ന കൊയ്ത്തു യന്ത്രം സംഘം വാങ്ങിയത് ഇതില്‍ സബ്സിഡി കഴിഞ്ഞു ജില്ലാ ബാങ്കിന്റെ ലോണ്‍ എല്ലാം അടച്ചു തീര്‍ത്തു ബാധ്യതകള്‍ എല്ലാം തീര്‍ന്നിട്ടുണ്ട് സീസണില്‍ അന്‍പതിനായിരം രൂപയോളം മാസ വാടകക്ക് കൊയ്ത്തു യന്ത്രം ആലപ്പുഴ, പാലക്കാട് , തമിഴ്നാട് എന്നിവിടങ്ങളില്‍ പോകാറുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ വരള്‍ച്ച മൂലം പാലക്കാട്, തമിഴ്നാട് മേഖലകളില്‍ കൊയ്ത്തു കുറയുമെന്നതിനാല്‍ ഈ തവണ ഓര്‍ഡര്‍ ലഭിച്ചിട്ടില്ല. ക്ലാസ് വിഭാഗത്തില്‍ പെട്ട കൊയ്ത്തു യന്ത്രത്തിന്റെ ട്രാക്ക് മാറുവാന്‍ തന്നെ ഒരു ലക്ഷത്തി പതിനയ്യായിരം രൂപയും മറ്റു അറ്റകുറ്റ പണികള്‍ക്ക് അന്‍പതിനായിരം രൂപയുമാണ്ചെലവാക്കേണ്ടത് . ഇത് ഈ സീസണില്‍ തിരിച്ചു ലഭിക്കാന്‍ സാധ്യത ഇല്ലാത്തതുകൊണ്ടാണ് കൊയ്ത്തു യന്ത്രം ഇറക്കാത്തതു എന്നും പ്രസിഡന്റ് വിശദീകരിച്ചു. മണിക്കൂറിനു ആയിരത്തി അറനൂറ് രൂപയ്ക്കാണ് ഇപ്പോള്‍ സ്വാകാര്യ ഏജന്‍സിയുടെ കൊയ്ത്തു യന്ത്രം കര്‍ഷകര്‍ ആശ്രയിക്കുന്നത്. കഴിഞ്ഞ തവണ സംഘത്തിന്റെ യന്ത്രം കരാറടിസ്ഥാനത്തില്‍ ഒരു സ്വകാര്യ ഏജന്‍സിക്ക് നല്‍കിയപ്പോള്‍ കര്‍ഷകരില്‍ നിന്നും ആയിരത്തി എഴുനൂറു രൂപ വാങ്ങിയിരുന്നു . എന്നാല്‍ കഴിഞ്ഞ തവണ സംഘം നല്കിയതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇത്തവണ സ്വകാര്യ ഏജന്‍സികള്‍ നല്‍കുമ്പോള്‍ കഴിഞ്ഞതവണ സംഘത്തിന് ഇതില്‍ കമ്മിഷന്‍ ലഭിച്ചതായി കര്‍ഷകനായ ജോണ്‍സന്‍ ആരോപിക്കുന്നു .

കപിലാ വേണു അവതരിപ്പിച്ച നങ്ങ്യാര്‍കൂത്തിന് മല്‍ഹാര്‍ സ്മൃതി മന്ദിരത്തില്‍ നിറഞ്ഞ സദസ്സ്

ഇന്‍ഡോര്‍ : കുമാര്‍ ഗന്ധര്‍വ്വ പുരസ്‌കാരവേദിയില്‍ നങ്ങ്യാര്‍കൂത്ത് ദേശീയ കുമാര്‍ ഗന്ധര്‍വ്വ് പുരസ്‌കാരം സ്വീകരിക്കുന്നതിനോടനുബന്ധിച്ചു മദ്ധ്യപ്രദേശിലെ ദേവാസിലെ മല്‍ഹാര്‍ സ്മൃതി മന്ദിരത്തില്‍ കപിലാ വേണു അവതരിപ്പിച്ച നങ്ങ്യാര്‍കൂത്തിന് നിറഞ്ഞ സദസ്സ് ആയിരുന്നു. ഗീതഗോവിന്ദത്തെ അടിസ്ഥാനമാക്കി അവതരിപ്പിച്ച നരസിംഹാവതാരം അഭിനയം കാണാന്‍ കലാപണ്ഡിതരും ഹിന്ദുസ്ഥാനി സംഗീതജ്ഞരും ഉള്‍പ്പെടെ നിരവധി പേര്‍ സദസ്സില്‍ ഉണ്ടായിരുന്നു. കലാമണ്ഡലം രാജീവ്, കലാമണ്ഡലം നാരായണന്‍ നമ്പ്യാര്‍, കലാനിലയം കലാധരന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ പശ്ചാത്തലമേളവും ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ വേറിട്ട അനുഭവമായി. അവാര്‍ഡ് സ്വീകരിക്കുന്നതിന് മുന്നോടിയായി കൂടിയാട്ടം കലാകാരി കപിലാ വേണു അനശ്വര ഗായകന്‍ കുമാര്‍ ഗന്ധര്‍വ്വിന്റെ സ്മാരകം സന്ദര്‍ശിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കുമാര്‍ ഗന്ധര്‍വ്വിന്റെ പുത്രി ഹിന്ദുസ്ഥാനി സംഗീതജ്ഞ കലാപിനി കോംകലി കപിലാ വേണുവിനെ സ്വീകരിച്ചു.

മെഗാ മാര്‍ഗംകളിക്കായി ഊരകം ഒരുങ്ങുന്നു

ഇരിങ്ങാലക്കുട: സീറോ മലബാര്‍ സഭയുടെ പൈതൃകം വിളിച്ചോതുന്ന മാര്‍ഗംകളിയെ മെഗാ രൂപത്തില്‍ വി.യൗസേപ്പിതാവിന് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ഊരകം സെന്റ് ജോസഫ്സ് ഇടവക. പള്ളിയുടെ ശതോത്തര സുവര്‍ണ്ണ ജൂബിലിയാഘോഷത്തിന്റെ ഭാഗമായാണ് മെഗാ മാര്‍ഗംകളി അവതരിപ്പിക്കാന്‍ ഇടവകാംഗങ്ങള്‍ തയ്യാറെടുക്കുന്നത്‌. ആദ്യഘട്ടമായി അമ്പതോളം യുവ കലാകാരികള്‍, നൃത്താധ്യാപകരായ സിബി സണ്ണി, ഷീബ ബാബു എന്നിവരുടെ മേല്‍നോട്ടത്തില്‍ പരിശീലനം ആരംഭിച്ചു. പിന്നീട് ഇവരുടെ നേതൃത്വത്തില്‍ എട്ട് മേഖലകളില്‍ കുട്ടികളും പ്രായമായവരുമുള്‍പ്പെടെയുള്ളവര്‍ക്ക് പരിശീലനം നല്‍കുമെന്ന് വികാരി ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് അറിയിച്ചു. സുറിയാനി ക്രിസ്ത്യാനികളുടെ അനുഷ്ഠാനപരമായ നാടന്‍ കലയാണ് മാര്‍ഗംകളി. ക്രിസ്തുവിനെ പ്രതിനിധികരിക്കുന്ന കത്തിച്ച നിലവിളക്കിനു ചുറ്റുമാണ് ഈ നൃത്തം അരങ്ങേറുന്നത്.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്തു

കൊറ്റനെല്ലൂര്‍: പട്ടേപ്പാടം റൂറല്‍ സഹകരണ ബാങ്കുവഴി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം കനാട്ടില്‍ ഗോവിന്ദന്‍ മകന്‍ ശിവനുണ്ണിക്ക് പെന്‍ഷന്‍ സംഖ്യ കൈമാറി വേളൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ നിര്‍വ്വഹിച്ചു. 19 വര്‍ഷമായി തെങ്ങില്‍ നിന്ന് വീണു പരിക്കുപറ്റി കാലുകള്‍ തളര്‍ന്ന് കിടപ്പിലാണ് ശിവനുണ്ണി.  ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ഖാദര്‍ പട്ടേപ്പാടം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമിറ്റി ചെയര്‍പേഴ്സന്‍ ആമിന അബ്ദുല്‍ ഖാദര്‍, വാര്‍ഡ് അംഗങ്ങളായ ടി.എസ്.സുരേഷ്, ഷീജ ഉണ്ണികൃഷ്ണന്‍ ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ.ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു.

പൂമംഗലം പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം

പൂമംഗലം : കുടിവെള്ളക്ഷാമം രൂക്ഷമായ പൂമംഗലം പഞ്ചായത്തിലെ തെക്ക് -കിഴക്ക് മേഖലകളിലെ എത്രയും പെട്ടന്നു പരിഹരിക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ് (ഐ ) ആവശ്യപ്പെട്ടു . പ്രാഥമിക ആവശ്യത്തിന് പോലും വെള്ളം ഇല്ലാതെ ജനങ്ങള്‍ അലയുമ്പോള്‍ അത് കണ്ടില്ലെന്നു നടിക്കുന്ന പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതിയും കണ്ണ് തുറക്കണമെന്നും യോഗം ആവശ്യപ്പെട്ടു . മണ്ഡലം പ്രസിഡന്റ് ടി ആര്‍ ഷാജു അദ്ധ്യക്ഷത വഹിച്ചു. അഡ്വ . ജോസ് മൂഞ്ഞേലി , കത്രീന ജോര്‍ജ്, ജൂലി ജോയ് ,  മണി ഗംഗാധരന്‍ , ടി ആര്‍ രാജേഷ് ,വിജയന്‍ ചിറ്റേടത്ത്, ഗിരീഷ് കെ സി , സുകുമാരന്‍ , കെ എഫ് ജോഷി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

മുംബൈ കോര്‍പ്പറേഷന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട ടി. എം. ജഗദീഷിന് സ്വീകരണം നല്‍കി

ഇരിങ്ങാലക്കുട: മുംബൈ കോര്‍പ്പറേഷന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശി ടി. എം. ജഗദീഷിന് കൊരുമ്പിശ്ശേരി റെസിഡന്റസ് അസ്സോസിയേഷന്‍ സ്വീകരണം നല്‍കി.  തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് ജഗദീഷ് നാട്ടിലെത്തുന്നത്.
പ്രസിഡന്റ് ഉഷ ദാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ. സി.സുരേഷ്, രാജീവ് മുല്ലപ്പിള്ളി,  ടി. എം. രാംദാസ്,  എ.കെ. ബിജോയ്, ടി.കെ. സുകുമാരന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഗിരിജ ഗോകുല്‍നാഥ്, ബിന്ദു ജിനന്‍, രമാഭായ് രാംദാസ്,  ശോഭന രാഘവന്‍ എന്നിവര്‍ സംസാരിച്ചു .

സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ക്കു വേണ്ടി കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഉപാധിയാണ് സിവില്‍ സര്‍വീസ് : ഉമേഷ് ഐ എ എസ്

ഇരിങ്ങാലക്കുട : മറ്റുള്ള മേഖലകളെ അപേക്ഷിച്ചു വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന മേഖലകളും പാവപെട്ടവരിലും പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള ഒരു അവസരമാണ് സിവില്‍ സര്‍വീസ് പ്രധാനം ചെയ്യുന്നത് എന്ന് പാലക്കാട് അസിസ്റ്റന്റ് കളക്ടര്‍ ഉമേഷ് ഐ എ എസ് അഭിപ്രായപ്പെട്ടു . വിദ്യാര്‍ത്ഥികള്‍ ഹൈസ്കൂള്‍ തലം തൊട്ടു തന്നെ സിവില്‍ സര്‍വീസ് യോഗ്യത നേടുവാന്‍ പരിശ്രമിക്കണം എന്നും അദ്ദേഹം പറഞ്ഞു . വിവേകാനന്ദ ഐ എ എസ് അക്കാദമി ഐ എ എസ് ഫൗണ്ടേഷന്‍ കോഴ്സിന്റെ ഭാഗമായി എല്ലാ മാസവും സൗജന്യമായി സംഘടിപ്പിക്കുന്ന വിദ്യാസാഗരം പഠനവേദിയുടെ 36 – ാം മത് എഡിഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . തുടര്‍ന്ന് കുട്ടികളുടെ സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. യു പി എസ് സി മോഡല്‍ സിവില്‍ സെര്‍വീസസ് പ്രീലിമിനറി, മെയിന്‍ പരീക്ഷകളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.  ചടങ്ങില്‍ എം ആര്‍ മഹേഷ് സംസാരിച്ചു.

തിരുസൈത്ത് വെഞ്ചിരിപ്പും സമൂഹബലിയും നടന്നു

ഇരിങ്ങാലക്കുട: വിശുദ്ധവാരത്തില്‍ നടത്താറുള്ള തിരുസൈത്ത് വെഞ്ചിരിപ്പും രൂപതയിലെ എല്ലാ വൈദികരും പാസ്റ്ററല്‍കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്നുള്ള സമൂഹബലിയും മാസധ്യാനവും കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്നു. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി. രൂപതയിലെ വൈദികരും സന്യാസ സമൂഹത്തിലെ പ്രതിനിധികളും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു.

Top
Close
Menu Title