News

Archive for: August 20th, 2017

കോണ്‍വെന്റ് ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഇരിങ്ങാലക്കുട: കോണ്‍വെന്റ് ജീവനക്കാരിയെ മുറിയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട മരിയഭവന്‍ കോണ്‍വെന്റ് ജിവനക്കാരിയും മധ്യപ്രദേശ് സ്വദേശിനിയുമായ പ്രിതി (21) നെയാണ് മുറിയിലെ ജനാലയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിങ്ങാലക്കുട പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വികരിച്ചു.

നവീകരിച്ച വര്‍ണ്ണ തീയറ്ററിന്റെ ഭീമമായ ടിക്കറ്റ് വര്‍ധനക്കുള്ള അപേക്ഷ നഗരസഭ കൗണ്‍സിലില്‍ നിരാകരിച്ചു

ഇരിങ്ങാലക്കുട : മാപ്രാണത്തെ വര്‍ണ്ണ തീയറ്റര്‍ നവീകരിച്ചു ആധുനിക സൗകര്യങ്ങളോടെ തുറക്കാനിരിക്കെ നിലവില്‍ 50 രൂപയുടെ ഫസ്റ്റ് ക്ലാസ് ടിക്കറ്റിനു 130 രൂപ ആയും ബാല്‍ക്കണി ടിക്കറ്റിനു 60 രൂപയില്‍ നിന്നും 160 രൂപയാക്കി വര്‍ധിപ്പിക്കാനും അനുമതി തരണമെന്ന് നഗരസഭ കൗണ്‍സിലില്‍ വന്ന അപേക്ഷ പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനമെടുക്കാന്‍ മരവിപ്പിച്ചു. ബുധനാഴ്ച്ച ചേര്‍ന്ന കൗണ്‍സില്‍ അജണ്ടയിലോ സപ്ലിമെന്ററി അജണ്ടയിലോ ഈ വിഷയം ഉണ്ടായിരുന്നില്ല . സപ്ലിമെന്ററി അജണ്ട വായിച്ച ശേഷം ഈ അജണ്ട വായിച്ചപ്പോള്‍ പ്രതിപക്ഷം തങ്ങള്‍ക്കു തന്ന അജണ്ടയില്‍ ഇല്ലാത്ത ഒന്നു കൗണ്‍സിലില്‍ എങ്ങനെ വായിച്ചുവെന്നു ചെയര്‍പേഴ്‌സനോട് ആവശ്യപ്പെട്ടു . വിഷുവിനു പ്രദര്‍ശനം പുനരാംഭിക്കണമെന്നുള്ളതുകൊണ്ടും ടിക്കറ്റ് നിരക്ക് നഗരസഭ അംഗീകരിക്കേണ്ടതുള്ളതു കൊണ്ടാണ് വൈകി കിട്ടിയ തീയറ്റര്‍ ഉടമകളുടെ അപേക്ഷ അജണ്ടയില്‍ ഉള്‍പ്പെടുത്താതെ വായിച്ചതെന്നായി ചെയര്‍പേഴ്സണ്‍ . ഭീമമായ ടിക്കറ്റ് വര്‍ദ്ധനവ് അംഗീകരിക്കാന്‍ പറ്റില്ലെന്ന് പ്രതിപക്ഷം ശാഠ്യം പിടിച്ചതോടെ ഭരണപക്ഷത്തിന് ഗത്യന്തരം ഇല്ലാതെ ഇത് മാറ്റി വയ്‌ക്കേണ്ടതായി വന്നു .

25- ാം വര്‍ഷവും 75 കിലോ മരകുരിശുമായി ജോസ് മഞ്ഞളി മലയാറ്റൂര്‍ മലമുകളിലേക്ക്

ഇരിങ്ങാലക്കുട : കാല്‍ നൂറ്റാണ്ടായി പെസഹാവ്യാഴാഴ്ചകളില്‍ മലയാറ്റൂരിലേക്കു കാല്‍ നടയായി 75 കിലോ ഭാരമുള്ള കുരിശുമായി പോകുന്ന ജോസ് മഞ്ഞളി ഇത്തവണയും പതിവ് തെറ്റിക്കുന്നില്ല . ഈ തീര്‍ത്ഥാടകന് ഓരോ വര്‍ഷവും ഓരോ പ്രാര്‍ത്ഥന നിയോഗങ്ങളാണ്. യമനില്‍ നിന്നും ഭീകരര്‍ തട്ടികൊണ്ടുപോയ ഫാ . ടോം ഉഴുന്നാലിന്റെ സുരക്ഷിതമായ മോചനമാണ് ഈ
വര്‍ഷത്തെ മലകയറ്റനിയോഗം .ഡോളേഴ്‌സ് ചര്‍ച്ച് വികാരി ജോണ്‍ പാലിയേക്കരയുടെ ആശീര്‍വാദത്തോടെ 25- ാം വര്‍ഷത്തെ യാത്ര ജോസ് മഞ്ഞളി ആരംഭിച്ചു. ഇരിങ്ങാലക്കുട ആല്‍തറയ്ക്കല്‍ ഇരിങ്ങാലക്കുട ടൗണ്‍ കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം പി ജാക്സണും ഉണ്ണായിവാരിയര്‍ കലാനിലയം സെക്രട്ടറി സതീഷ് വിമലനും ജോസ് മഞ്ഞളിയുടെ 25 – ാം വര്‍ഷ മലയാറ്റുര്‍ യാത്രക്കു ആശംസകള്‍ നേരാന്‍ എത്തിയിരുന്നു .

ജൈവ പച്ചക്കറി വിഷുച്ചന്ത ഉദ്ഘാടനം ചെയ്തു

കൊറ്റനെല്ലൂര്‍: വേളൂക്കര കൃഷി ഭവന്റെ ആഭിമുഖ്യത്തിലുള്ള ജൈവ കര്‍ഷക സംഘടനയായ ഗ്യാപ്പ് , പട്ടേപ്പാടം റൂറല്‍ സഹകരണ ബാങ്ക്, പട്ടേപ്പാടം ക്ഷീര സംഘം, താഷ്ക്കന്റ് ലൈബ്രറി ചെഞ്ചീര കാര്‍ഷിക ക്ലബ് എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ചിട്ടുള്ള ജൈവപച്ചക്കറി വിഷുച്ചന്ത വേളൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഷാജി നക്കര നിര്‍വ്വഹിച്ചു.  ചടങ്ങില്‍ വേളൂക്കര ഗ്രാമപ്പഞ്ചായത്ത് അരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആമിന അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഷീല പ്രസാദ് പദ്ധതി വിശദീകരണം നടത്തി. കൃഷി ഓഫീസര്‍ പി.ഒ.തോമസ്, ബ്ലോക്ക് മെമ്പര്‍ ഗീത മനോജ്, പഞ്ചായത്ത് അംഗം ടി.എസ്.സുരേഷ്, റൂറല്‍ ബാങ്ക് പ്രസിഡന്റ് ഖാദര്‍ പട്ടേപ്പാടം, ക്ഷീര സംഘം പ്രസിഡന്റ് കെ.കെ.ഗോപി, ചെഞ്ചീര കാര്‍ഷിക ക്ലബ് പ്രസിഡന്റ് കെ.കെ.ജോഷി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. വി.വി.തിലകന്‍ സ്വാഗതവും ഷൈല സലാം നന്ദിയും പറഞ്ഞു.

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നുള്ളത് എന്‍റെ ഇഷ്ട്ടം: എന്നെ ആരും ചോദ്യം ചെയ്യെണ്ട – മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍

ഇരിങ്ങാലക്കുട : ജില്ലയിലെ റൂറല്‍ വനിത പോലീസ് സ്റ്റേഷന്‍ കാട്ടുങ്ങച്ചിറയില്‍ മുഖ്യമന്ത്രി
ഉദ്ഘാടനം ചെയ്തപ്പോള്‍ ചടങ്ങില്‍ പങ്കെടുക്കേണ്ട ചെയര്‍പേഴ്സണ്‍ എന്തുകൊണ്ട് വന്നില്ല എന്ന് കൗണ്‍സിലില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയോ മറ്റാരായാലും അവരുടെ കൂടെ ചടങ്ങില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നുള്ളത് തന്റെ വ്യക്തിപരമായ തീരുമാനം ആണെന്നും ഇതില്‍ തന്നെ ആരും ചോദ്യം ചെയ്യെണ്ടന്നും ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു കൗണ്‍സിലില്‍ പറഞ്ഞത് ബഹളത്തിനിടയാക്കി. രാഷ്ട്രീയ വിരോധം കൊണ്ടാണ് ചെയര്‍പേഴ്സണ്‍ ചടങ്ങില്‍ പങ്കെടുക്കാത്തത് എന്നും പ്രതിപക്ഷം കൗണ്‍സിലില്‍ വിമര്‍ശിച്ചു.

നികുതി വെട്ടിച്ച എം സി പി കണ്‍വെന്‍ഷന്‍ സെന്ററിന് അനുകൂലമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നിലപാടിനെതിരെ കൗണ്‍സിലില്‍ പ്രതിപക്ഷ ബഹളം

ഇരിങ്ങാലക്കുട : ഹൈകോടതി ഉത്തരവ് പ്രകാരം നികുതി വെട്ടിച്ചതിനു 25 ലക്ഷം രൂപ നഗരസഭാ പിഴ ഈടാക്കി വന്ന എം സി പി കണ്‍വെന്‍ഷന്‍ സെന്ററില്‍ അനുവദിച്ച 5071 സ്‌ക്വയര്‍ മീറ്ററില്‍ പെടാത്ത സ്ഥലത്തു പരിപാടികള്‍ നടത്തുന്നു എന്നും അതിനാല്‍ നഗരസഭ ഇടപെട്ടു അത് പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതിനെ എതിര്‍ത്ത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെയും ചെയര്‍പേഴ്‌സന്റെയും നിലപാടുകള്‍ക്കെതിരെ ബി ജെ പി ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ കൗണ്‍സിലിന്റെ നടുക്കളത്തില്‍ കുത്തിയിരിപ്പു സമരം നടത്തി . നികുതി വെട്ടിച്ച എം സി പി കണ്‍വെന്‍ഷന്‍ സെന്ററിന് വേണ്ടി ന്യായികരിച്ചു കൗണ്‍സിലില്‍ സംസാരിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക്   പ്രതിപക്ഷത്തിന്റെ കൂവലും കേള്‍ക്കേണ്ടി വന്നു. അനുവദിച്ച സ്ഥലത്തിന് പുറമെ ഉള്ള ഹാളുകള്‍ അടച്ചുപൂട്ടാനുള്ള കൗണ്‍സിലര്‍മാരുടെ തീരുമാനം നടപ്പിലാക്കണമെന്ന ആവശ്യം കൗണ്‍സിലില്‍ ചെയര്‍പേഴ്സണ്‍ തള്ളി .

ടാലന്റ് ഹണ്ട് പരീശീലന ക്യാമ്പ് ആരംഭിച്ചു

ആനന്ദപുരം : കായികരംഗത്തെ പ്രതിഭകളെ കണ്ടെത്താന്‍   ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്കൂളില്‍  രണ്ടു മാസക്കാലം നീണ്ടു നില്‍ക്കുന്ന ടാലന്റ് ഹണ്ട് പരീശീലന ക്യാമ്പ് ആരംഭിച്ചു.  ഉദ്ഘാടനസമ്മേളനത്തില്‍ പി ടി എ പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.  മാനേജ്മെന്റ് പ്രതിനിധി എ എന്‍ നീലകണ്ഠന്‍ നമ്പൂതിരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു . ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ ബി സജീവ് , ഹെഡ്മിസ്ട്രസ് എ ജയശ്രീ ,  മുന്‍ ഹെഡ്മാസ്റ്റര്‍ എ എന്‍ വാസുദേവന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു . ക്യാമ്പ് കോ -ഓര്‍ഡിനേറ്റര്‍ ജോളി ആന്റോ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബി ബിജു നന്ദിയും പറഞ്ഞു .

മുരളിക്ക് വിഷു കൈനീട്ടമായി ഒരു കോടിയുടെ ആശ്വാസം

മാപ്രാണം : ഒരു കോടിയുടെ കാരുണ്യ പ്ലസ്സ് ഭാഗ്യക്കുറി സൗഭാഗ്യം വിഷു കൈനീട്ടമായി ഇത്തവണ മാപ്രാണത്തെ  മുരളിക്ക്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ടാം തവണയാണ്  മാപ്രാണം സെന്ററിലെ സെവന്‍സ്റ്റാര്‍ ലോട്ടറി ഏജന്‍സിയില്‍ ഒരു കോടിയുടെ ഭാഗ്യം പിറന്നത് . ഏപ്രില്‍ ആറാം തിയ്യതിയിലെ ഹര്‍ത്താല്‍ തുണച്ചത് കൊപ്രക്കളംതൊഴിലാളി മാലാന്ത്ര വീട്ടില്‍ എം.കെ. മുരളീധരനെയാണ് . വര്‍ഷങ്ങളായി കാട്ടൂരിലും മാപ്രാണത്തും കൊപ്ര കളത്തില്‍ ജോലിക്കു പോകുന്ന മുരളി സ്വരുക്കൂട്ടി ഇഷ്ടിക വീട് വെച്ചത് ഒരു ഹാളും അടുക്കളയുമായി അവസാനിക്കയായിരുന്നു. തറയുടെ ബാക്കി ഭാഗം പൂര്‍ത്തീകരിക്കാന്‍ സഹകരണ ബാങ്കില്‍ ലോണിനപേക്ഷിച്ചിരിക്കയായിരുന്നു മുരളിയുടെ കുടുംബം. അപ്പോഴാണ് ഒരു കോടിയുടെ കാരുണ്യ പ്ലസ്സ് PT 146063 നമ്പര്‍ ഭാഗ്യക്കുറി സൗഭാഗ്യമായെത്തിയത്. ഹര്‍ത്താല്‍ കാരണം മാറ്റി വെച്ച നറുക്കെടുപ്പ് ഏഴാം തിയ്യതി നടന്നപ്പോഴാണ് മുരളിക്ക് ഒരു കോടി രൂപയുടെ സൗഭാഗ്യം വന്നു ചേര്‍ന്നത് . അംബിക ആണ് മുരളിയുടെ ഭാര്യ, മകന്‍ രാഹുല്‍.

Top
Close
Menu Title