News

Archive for: April 27th, 2017

യുവാവ് സൗദിയില്‍ അന്തരിച്ചു

കിഴുത്താനി: മഞ്ഞനംകാട്ടില്‍ പരേതനായ ഗോപാലന്റെ മകന്‍ സിജു (31) സൗദിയില്‍ അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 9 മണിക്ക് കിഴുത്താനിയിലെ വീട്ടുവളപ്പില്‍ സംസ്കാരം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു . അമ്മ പദ്മാവതി, സഹോദരി സിന്ധു രാജേന്ദ്രന്‍.

ഈസ്റ്റര്‍ ആഘോഷിച്ചു

ഇരിങ്ങാലക്കുട : പീഡാനുഭവത്തിന്റെയും ഉപവാസ പ്രാര്‍ഥനകള്‍ക്കും ശേഷം മൂന്നാംനാള്‍ ക്രൈസ്തവര്‍ പ്രത്യാശയുടെ ഈസ്റ്റര്‍  ആഘോഷിച്ചു. ഈസ്റ്ററിന് മുന്നോടിയായി ദേവാലയങ്ങളില്‍ ആഘോഷപൂര്‍ണമായ പ്രാര്‍ഥനാശുശ്രൂഷകള്‍ നടന്നു. ഇരിങ്ങാലക്കുട സെന്റ്. തോമാസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ഉയര്‍പ്പ് തിരുകര്‍മ്മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യാകാര്‍മ്മികത്വം വഹിച്ചു.  രാവിലത്തെ ദിവ്യബലിക്കുശേഷം ജ്ഞാനസ്നാന വ്രതനവീകരണം നടന്നു. രാത്രി 11.30 ന് ഉയര്‍പ്പിന്റെ തിരുകര്‍മങ്ങള്‍ ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ ആറിനും ഏഴിനും ഒമ്പതിനും കത്തീഡ്രലില്‍ ദിവ്യബലി. 6.30 ന് നിത്യാരാധന കേന്ദ്രത്തില്‍ ദിവ്യബലി ഉണ്ടായിരിക്കും. തിരുകര്‍മങ്ങള്‍ക്ക് കത്തീഡ്രല്‍ വികാരി ഫാ. ജോയ് കടമ്പാട്ട്, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജില്‍സന്‍ പയ്യപ്പിള്ളി, ഫാ. ലിജോണ്‍ ബ്രഹ്മകുളം, ഫാ. ടിനോ മേച്ചേരി, നിത്യാരാധന കേന്ദ്രം വൈസ് റെക്ടര്‍ ഫാ. ഷാബു പുത്തൂര്‍, സെക്രട്ടറി ഫാ. സിന്റോ മാടവന എന്നിവര്‍ സഹകാര്‍മികരായിരുന്നു.

റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്ന ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ദിശാബോര്‍ഡ് എടുത്തുമാറ്റിയതായി പരാതി

കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ കാലങ്ങളായി ഉണ്ടായിരുന്ന ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ദിശാബോര്‍ഡ് എടുത്തുമാറ്റിയതായി പരാതി. ഭാരതത്തിലെ ഏക ഭരതക്ഷേത്രമായ ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്ക് ധാരാളം ഭക്തജനങ്ങള്‍ ഇറങ്ങേണ്ട ഇരിങ്ങാലക്കുട സ്റ്റേഷനില്‍ ഉണ്ടായിരുന്ന ദിശാബോര്‍ഡാണ് കാണാതായത്. കുറച്ചുകാലം മുമ്പുവരെ ബോര്‍ഡ് ഉണ്ടായിരുന്നതായി റെയില്‍വേ ജീവനക്കാര്‍ പറയുന്നു. ശ്രീകൂടല്‍മാണിക്യം ക്ഷേത്രം ഉള്‍പ്പെടെയുള്ള നാലമ്പലക്ഷേത്രങ്ങളിലേക്ക് എത്തുന്ന  തീര്‍ത്ഥാടകര്‍ക്ക് ഇറങ്ങേണ്ട സ്റ്റേഷനാണ് ഇരിങ്ങാലക്കുട. ഈ സ്റ്റേഷന്‍ വികസനത്തിന്റെ കാര്യത്തില്‍ ശക്തമായ അവഗണനയാണ് നേരിടുന്നത്. അവഗണനക്കും അനാസ്ഥക്കുമെതിരെ യാത്രക്കാരും നാട്ടുകാരും ശക്തമായ സമരപരിപാടികള്‍ നടന്നുവരുന്ന സമയത്താണ് ബോര്‍ഡ് കാണാതായത്. ശ്രീ കൂടല്‍മാണിക്യം ദേവസ്വം ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് ഭക്തജനങ്ങള്‍ പറയുന്നു. നാലമ്പലദര്‍ശനത്തിന് ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ഇരിങ്ങാലക്കുടയില്‍ പ്രധാനപ്പെട്ട ട്രെയിനുകള്‍ക്ക് സ്റ്റോപ്പില്ലാത്തതും ഭക്തജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ശ്രീ കൂടല്‍മാണിക്യം ക്ഷേത്രം തുടങ്ങി അനവധി പ്രശസ്തമായ ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുടയില്‍ തീര്‍ത്ഥാടന ടൂറിസത്തില്‍പെടുത്തി പ്രധാനപ്പെട്ട ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ഭക്തജനങ്ങള്‍ ആവശ്യപ്പെടുന്നു.

Top
Menu Title