News

Archive for: August 20th, 2017

അയല്‍വാസികളെ മര്‍ദ്ദിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍

കരൂപ്പടന്ന : അയല്‍വാസിയായ സ്ത്രീയേയും അവരുടെ മകളേയും ഭര്‍ത്താവിനേയും ആക്രമിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. കരൂപ്പടന്ന അറയ്ക്കപറമ്പില്‍ മുഹമ്മദ് റാഫി (21), സഹോദരന്‍ മുഹമ്മദ് റാഹിം (18) എന്നിവരെയാണ് ഇരിങ്ങാലക്കുട എസ്.ഐ വി.പി സിബിഷും സംഘവും അറസ്റ്റ് ചെയ്തത്. ഏപ്രില്‍ ഒന്നിന് കരൂപ്പടന്ന മുസാഫരികുന്ന് സ്വദേശിനിയായ സ്ത്രീയേയും മകളേയും അവരുടെ ഭര്‍ത്താവിനേയുമാണ് ഇരുവരും ആക്രമിച്ചത്. സംഭവത്തിന് ശേഷം അന്യസംസ്ഥാനത്തേയ്ക്ക് കടന്ന ഇരുവരും പോലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്. സിനിയര്‍ സി.പി.ഒ അനീഷ്‌കുമാര്‍, മുരുകേഷ് കടവത്ത്, നിധിന്‍ കൃഷ്ണ, രാകേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ചൊവ്വാഴ്ച 8:30 മുതല്‍ 5:30 വരെ വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട : വൈദ്യുതി ലൈനുകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇരിങ്ങാലക്കുട നം: 1 സെക്‌ഷന്‍റെ പരിധിയില്‍ വരുന്ന ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ്, കാട്ടൂര്‍ റോഡ് എന്നിവിടങ്ങളില്‍ ഏപ്രില്‍ 18 ചൊവ്വാഴ്ച രാവിലെ 8:30 മുതല്‍ 5:30 വരെ വൈദ്യുതി മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

വേണുജിയുടെ നവരസ സാധനയും തോല്‍പ്പാവക്കൂത്തും ബുഡാപെസ്റ്റില്‍

ഇരിങ്ങാലക്കുട : അഭിനേതാക്കളുടെ പരിശീലനത്തിന്റെ ഉപരിപഠനമായി വേണുജി രൂപം നല്‍കിയ നവരസസാധന എന്ന നിത്യസാധക പദ്ധതിക്ക് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. മാര്‍ക്കസ് സിന്‍ഹാസ് എന്ന സാംസ്‌ക്കാരിക സംഘടനയുടെ ആഭ്യമുഖ്യത്തിലാണ് ഏപ്രില്‍ 21 മുതല്‍ വേണുജിയുടെ പ്രഭാക്ഷണങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ബുഡാപെസ്റ്റില്‍ നടക്കുന്ന കാരാകുലിത് നിഴല്‍നാടകോത്സവത്തില്‍ കൂനത്തറ രാമചന്ദ്രപുലവരുടെ നേതൃത്വത്തില്‍ കമ്പരാമായണം തോല്‍പ്പാവക്കൂത്താണ് കേരളത്തില്‍ നിന്നും അരങ്ങേറുന്ന മറ്റൊരു കലാരൂപം. കൂനത്തറയില്‍ നിന്നുമുള്ള ഏഴംഗ കലാസംഘത്തില്‍ രാമചന്ദ്രപുലവര്‍, രാജീവ് കൂനത്തറ, അരുണ്‍കുമാര്‍, രാഹുല്‍ കൂനത്തറ, മനോജ്, ലക്ഷ്മണന്‍, അശ്വതി രാജീവ് എന്നിവരും പങ്കെടുക്കുന്നു. ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്വറല്‍ റിലേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട നടനകൈരളി സംഘടിപ്പിക്കുന്ന ഈ സാംസ്‌ക്കാരിക വിനിമയ പരിപാടിക്ക് നേതൃത്വം നല്‍ക്കുന്നത് വേണുജിയാണ്.

നചികേതസം ശാസ്ത്രാധ്യായനം ശിബിരം ആരംഭിച്ചു

ഇരിങ്ങാലക്കുട : ഭാരതത്തിന്റെ ജ്ഞാനസമ്പത്തായ സംസ്‌കൃതഭാഷയിലൂടെയാണ് സംസ്‌ക്കാരം വളര്‍ത്തേണ്ടതെന്നും അതിനെ മാതൃഭാഷപോലെ പരിപാവനമായി കണ്ട് പുതിയ തലമുറ മുന്നോട്ടു പോകണമെന്നും സ്വാമി ആദിത്യാനന്ദഗിരി മഹാരാജ് അഭിപ്രായപ്പെട്ടു. വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ചെമ്മണ്ട ശാരദാഗുരുകുലത്തിലാരംഭിച്ച നാചികേതസം ശാസ്ത്രാധ്യയന ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷ്ഠാനം ശിക്ഷണവിഭാഗം പ്രമുഖനും തിരുവനന്തപുരം ഗവണ്മെന്റ് സംസ്‌കൃതകോളേജ് പ്രൊഫസറുമായ ഡോക്ടര്‍ ഇ.എന്‍.ഈശ്വരന്‍ ആമുഖപ്രഭാഷണം നടത്തി. കുട്ടികള്‍ ആഴത്തില്‍ അദ്ധ്യയനം ചെയ്യാന്‍ സന്നദ്ധത കാണിക്കുമ്പോഴേ ഉയരത്തില്‍ എത്താന്‍ സാധിക്കൂ എന്നദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ ഭാവി കുട്ടികളിലാണെന്നും അതിന് തയാറായി ഇരിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ പി.കെ.ശങ്കരനാരായണന്‍ അദ്ധ്യക്ഷനായി. പി.വിജയകുമാര്‍ സ്വാഗതവും വന്ദന നന്ദകുമാര്‍ നന്ദിയും പറഞ്ഞു. ഏപ്രില്‍ 28 ന് സമാപിക്കുന്ന ശിബിരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത 40 പേര്‍ പങ്കെടുക്കുന്നുണ്ട്.

ഈസ്റ്റര്‍ദിന സന്ദേശവുമായി ബിഷപ്പ് സബ്ബ്‌ ജയിലില്‍

ഇരിങ്ങാലക്കുട : സത്യവും നീതിയും ധര്‍മ്മവും സമാധാനവും പുലരുവാന്‍ നിലകൊള്ളുന്നവര്‍ ഇന്നും ക്രിസ്തുവിനെ പോലെ ക്രൂശിക്കപ്പെടുകയാണെന്നും എന്നാല്‍ സത്യത്തെയും നീതിയെയും ആര്‍ക്കും എന്നെന്നേക്കുമായി കല്ലറകളില്‍ ഒളിപ്പിക്കുവാന്‍ കഴിയില്ലെന്ന സന്ദേശവുമായി ബിഷപ്പ് പോളി കണ്ണൂക്കാടന്‍ ഇരിങ്ങാലക്കുട സ്പെഷ്യല്‍ സബ് ജയിലില്‍ എത്തി . ജീസസ് ഫ്രട്ടേണിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഈസ്റ്റര്‍ ദിനാഘോഷത്തില്‍ ജീസസ് ഫ്രട്ടേണിറ്റിയുടെ രൂപത ഡയറക്ടര്‍ ഫാ. ജോയ് തറക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
സ്പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം സ്വാഗതവും ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ജോണ്‍ കെ ജെ നന്ദിയും പറഞ്ഞു. ജീസസ് ഫ്രട്ടേണികിയുടെ നിരവധി പ്രവര്‍ത്തകരും ,സിസ്റേഴ്സും, പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

ടൗണ്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ ഏകദിന ബോധവല്‍ക്കരണ ക്ലാസ്

ഇരിങ്ങാലക്കുട : ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളെ സ്വയം തൊഴില്‍ ചെയ്യുന്നതിനും സര്‍ക്കാര്‍ , അര്‍ദ്ധ സര്‍ക്കാര്‍ , സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നതിനും പ്രാപ്തരാക്കുന്നതിനും വേണ്ടി നാഷണല്‍ എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേനെ നടപ്പിലാക്കുന്ന സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതിയായ വൈകല്യ പദ്ധതിയെക്കുറിച്ചു ഏപ്രില്‍ 25 ചൊവ്വാഴ്ച 11 മണിക്ക് ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ടൗണ്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ ഏക ദിന ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.  ഈ പദ്ധതി പ്രകാരം ഭിന്നശേഷിക്കാരായ ഉദ്യോഗാര്ഥികള്‍ക്കു സ്വയം തൊഴില്‍ നടത്തുന്നതിന് പലിശരഹിതമായി 50 ,000 രൂപ നല്‍കുന്നു . താല്‍പര്യമുള്ളവര്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടുക: 0480 -2821652 , വായ്പ തുക -50 ,000 , സബ്സിഡി -25 ,000 , തിരിച്ചടക്കേണ്ടത് – 25 ,000 (പലിശരഹിതം ) എന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു

മലപ്പുറം വിജയം ആഘോഷിച്ച് ഇരിങ്ങാലക്കുടയില്‍ മുസ്‌ലിം ലീഗ്

ഇരിങ്ങാലക്കുട : മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തില്‍ പങ്കാളികളായി ഇരിങ്ങാലക്കുടയില്‍ മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മധുരം വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാരിനു എതിരെയുള്ള ജനവിധിയും കേന്ദ്രത്തിന്റെ വര്‍ഗീയ ഫാസിസത്തിനും എതിരെ ജനങ്ങള്‍ നല്‍കിയ മറുപടിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിയുടെ വിജയം എന്ന് മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ എ റിയാസുദിന്‍ പറഞ്ഞു. വിജയാഘോഷങ്ങള്‍ക്കു സി പി അബ്ദുള്‍ കരീം, വി എം അബ്‌ദുള്ള, എ എം ജമീഷ, കെ എ ബാഷീക് എന്നിവര്‍ നേതൃത്വം നല്‍കി .

ജനറല്‍ ആശുപത്രി കാഷ്വാലിറ്റി ഒ പി ടിക്കറ്റിനു 10 രൂപ : സി പി ഐ എം എല്‍ പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : ദിനംപ്രതി നൂറു കണക്കിന് രോഗികള്‍ ചികിത്സ റെഡി എത്തുന്ന ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഒ പി ടിക്കറ്റിനു 10 രൂപ ഈടാക്കുന്നതില്‍ സി പി ഐ എം എല്‍ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. ജനങ്ങളെ കൊള്ളയടിക്കുന്ന ഈ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും ഏരിയ കമ്മിറ്റി പറഞ്ഞു . ഏരിയ സെക്രട്ടറി പി ഐ വിജയന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഡിറ്റോ,  ബാബുരാജ് , ജയന്‍ കോനിക്കര , എ വി ചന്ദ്രന്‍ , ഉണ്ണികൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

അവധി ദിവസങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്ത് സ്നേഹധാര പ്രവര്‍ത്തകര്‍

കോണത്തുകുന്ന്: കുടിവെള്ള ക്ഷാമം രൂക്ഷമായ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കോണത്തുകുന്ന് സ്നേഹധാര ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്തു. ‘സലിലം – 2017 ‘ എന്ന പേരില്‍ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ 14, 19 വാര്‍ഡുകളിലെ പന്ത്രണ്ടാം വളവ് , കാക്കാത്തെരുവ്, കേളീഗ്രാമം, പുതിയ കോളനി,  ചമയനഗര്‍ പരിസരം, അങ്കണവാടി പരിസരം, പൂമംഗലം പഞ്ചായത്തിലെ കല്‍പ്പറമ്പ് എന്നീ പ്രദേശങ്ങളിലാണ് വെള്ളം വിതരണം ചെയ്തത്. കഴിഞ്ഞ മൂന്ന് ഞായറാഴ്ചകളിലും വിതരണം നടത്തി. കൂടാതെ വിഷു, ഈസ്റ്റര്‍ ദിനങ്ങളിലും കുടിവെള്ള വിതരണം ചെയ്താണ് ഇവരുടെ ആഘോഷം.

മൂര്‍ക്കനാട് തിരുനാള്‍ 23 ന്

മൂര്‍ക്കനാട് : സെന്റ് ആന്റണീസ് ദേവാലയത്തിലെ വി.അന്തോണീസിന്റേയും, വി .സെബസ്ത്യാനോസിന്റെയും, വി.ഗീവര്‍ഗീസിന്റെയും തിരുനാള്‍ ഏപ്രില്‍ 16 മുതല്‍ 23 വരെ ആഘോഷിക്കും . ഏപ്രില്‍ 16 ഞായറാഴ്ച തിരുനാള്‍ കൊടിയേറ്റം ഫാ .ജസ്റ്റിന്‍ വാഴപ്പിള്ളിയുടെ കാര്‍മികത്വത്തില്‍ നടന്നു . ഏപ്രില്‍ 22 ശനിയാഴ്ച അമ്പു തിരുനാള്‍ നടക്കും . തിരുനാള്‍ ദിനമായ ഏപ്രില്‍ 23 ഞായറാഴ്ച ഫാ. ഫ്രാന്‍സിസ് ചിറയത്തിന്റെ കാര്‍മികത്വത്തില്‍ രാവിലെ പാട്ടുകുര്‍ബാന നടക്കും . രാവിലെ 10 .30 ന് ഫാ. വിപിന്‍ കുരിശുതറയുടെ കാര്‍മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന നടക്കും . തുടര്‍ന്നു 4 മണിക്ക് തിരുനാള്‍ പ്രദക്ഷിണവും 7 മണിക്ക് വര്‍ണ്ണമഴയും ഉണ്ടായിരിക്കും .ഏപ്രില്‍ 24 തിങ്കളാഴ്ച്ച പരേതസ്മരണ , വൈകീട്ട് 7 .30 ന് തൃശൂര്‍ കലാസദന്‍ അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കും .

രജിസ്റ്റേര്‍ഡ് ക്ലബ്ബുകള്‍ക്ക് സ്പോര്‍ട്ട്സ് കിറ്റുകള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട :  നഗരസഭയുടെ 16 -17 വര്‍ഷത്തെ ജനകിയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ രജിസ്റ്റേര്‍ഡ് ക്ലബ്ബുകള്‍ക്ക് സ്പോര്‍ട്ട്സ് കിറ്റ് പദ്ധതി പ്രകാരം സ്പോര്‍ട്ട്സ് കിറ്റുകള്‍ വിതരണം ചെയ്തു . 14 ക്ലബ്ബുകള്‍ക്കാണ് ആണ് കിറ്റുകള്‍ വിതരണം ചെയ്തത് . സ്പോര്‍ട്ട്സ് കിറ്റുകളുടെ വിതരണോദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു പ്രദീപം ക്ലബിന് നല്‍കികൊണ്ട് നിര്‍വഹിച്ചു . സ്പോര്‍ട്ട്സ് കിറ്റില്‍  ക്രിക്കറ്റ് ബാറ്റ് , സ്റ്റംമ്പ്സ്, ബെയില്‍സ് , ക്രിക്കറ്റ്ബോള്‍ , ഷട്ടില്‍ ബാറ്റ് , കാരംബോര്‍ഡ് , ഫുട്ബോള്‍,  വോളിബോള്‍ , ചെസ്സ് ബോര്‍ഡ് എന്നിവ ഉള്‍പ്പെട്ടതായിരുന്നു . ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ രാജേശ്വരി ശിവരാമന്‍ നായര്‍ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എം ആര്‍ ഷാജു , അഡ്വ വി സി വര്‍ഗീസ് , അബ്‌ദുള്‍ ബഷീര്‍ , വത്സല ശശി , മീനാക്ഷി ജോഷി , നഗരസഭ സെക്രട്ടറി ഒ എന്‍ അജിത് കുമാര്‍ എന്നിവരും ക്ലബ് ഭാരവാഹികളും പങ്കെടുത്തു .

ഊരകം പള്ളിയില്‍ ‘ഗ്രേയ്സ് ഫെസ്റ്റിന്’തുടക്കമായി

ഇരിങ്ങാലക്കുട: ശതോത്തര സുവര്‍ണ്ണ ജൂബിലിയാഘോഷിക്കുന്ന ഊരകം സെന്റ് ജോസഫ്സ് പള്ളിയില്‍ കുട്ടികള്‍ക്കായുള്ള മൂന്ന് ദിവസത്തെ അവധിക്കാല പഠന ക്യാമ്പ് ‘ഗ്രേയ്സ് ഫെസ്റ്റ് ‘ആരംഭിച്ചു.  ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ പി.ഡി.ഈനാശു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്രദര്‍ ഫെമിന്‍, ബ്രദര്‍ ഓസ്റ്റിന്‍, സിസ്റ്റര്‍ ഹെലന്‍, സിസ്റ്റര്‍ സ്റ്റെഫി, സിസ്റ്റര്‍ ലിഡിയ, ബ്രദര്‍ ജെസ്റ്റിന്‍ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.

Top
Close
Menu Title