News

Archive for: August 20th, 2017

അപകടമേഖലയില്‍ രാത്രി വീണ്ടും അപകടം : തൊമ്മാനയില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു

തൊമ്മാന : റോഡ്‌ അപകടങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ സംസ്ഥാന പാത 61 ലെ അപകട മേഖലയായ തൊമ്മാനയില്‍ ബുധനാഴ്ച രാത്രി കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു . പോസ്റ്റ് ഒടിഞ്ഞു വൈദ്യുതി കമ്പികള്‍ അപകടകരമായ രീതിയില്‍ റോഡില്‍ താണുകിടന്നതുമൂലം രാത്രി 9 മണിമുതല്‍ അരമണിക്കൂര്‍ ഗതാഗത തടസ്സമുണ്ടായി. സന്ദര്‍ഭോചിതമായി നാട്ടുകാര്‍ ഇടപെട്ടതുകാരണം വലിയ അപകടം ഒഴിവായി. വൈദ്യുതി കമ്പികള്‍ വലിച്ചുകെട്ടിയും, ബസ്സ് അടക്കമുള്ള വലിയ വാഹനങ്ങള്‍ക്കു കടന്നു പോകാനായി റോഡില്‍ താന്നു കിടന്നിരുന്ന വൈദ്യുതി കമ്പികള്‍ തോട്ടി ഉപയോഗിച്ച് ഉയര്‍ത്തിയും നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു . എസ് ഐ തോമസ്സിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പോലീസും , അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കുര്യക്കോസിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേന അംഗങ്ങളും വൈദ്യുതി വകുപ്പ് ജീവനക്കാരും ഉടന്‍ സംഭവസ്ഥലത്തു എത്തി. മറ്റത്തൂര്‍കുന്ന് സ്വദേശി അഭിലാഷ് ഓടിച്ചിരുന്ന മാരുതി സെന്‍ കാറാണ് അപകടത്തില്‍ പെട്ടത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. എതിര്‍ദിശയില്‍നിന്നും വന്ന വാഹനത്തിന്റെ ലൈറ്റ് ഡിം ചെയ്യാത്തതിനാല്‍ ദിശതെറ്റി റോഡിനരികിലെ പോസ്റ്റില്‍ കാര്‍ ഇടിക്കുകയായിരുന്നു. പോസ്റ്റിലിടിച്ച കാര്‍ അഗ്നിശമന സേന അംഗങ്ങള്‍ ഉയര്‍ത്തി മാറ്റി ഗതാഗത തടസം നിക്കി. ലീഡിങ് ഫയര്‍മാന്‍ ജോജി വര്ഗീസ് , കെ സി സജീവ്, സുമന്‍, സതീഷ്, അബിന്‍, ഷിബു, ബൈജു എന്നിവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു .

ഇരിങ്ങാലക്കുട സൈക്കിള്‍ വിപണിയുടെ നിറവില്‍

ഇരിങ്ങാലക്കുട : പോയകാല പ്രൗഢി വീണ്ടെടുത്ത് സൈക്കിള്‍ വിപണി ഇരിങ്ങാലക്കുടയില്‍ വളരുന്നതായി നാല് ദശാബ്ദത്തിലധികമായി ഈ രംഗത്തുള്ളതും ഇരിങ്ങാലക്കുടയിലെ ആദ്യ സൈക്കിള്‍ വില്പനശാലയായ വിന്‍സെന്റ് സൈക്കിള്‍ സ്റ്റോഴ്സിലെ കെ ഡി വിന്‍സെന്റിന്റെ അഭിപ്രായം ശരിവെക്കുന്നതാണ് വീഥികളില്‍ വര്‍ധിച്ചു വരുന്ന സൈക്കിള്‍ സാന്നിധ്യം.  1975 ല്‍ ജില്ലയില്‍ തൃശൂര്‍ ഒഴിച്ച് ഇരിങ്ങാലക്കുടയില്‍ മാത്രമാണ് ഒരു സൈക്കിള്‍ വില്പന ശാല ഉണ്ടായിരുന്നത് . അക്കാലത്തെ ഒരു സൈക്കിളിനു വില 250 രൂപയാണെങ്കില്‍ ഇപ്പോള്‍ 50000 മേലെ വിലയുള്ള സൈക്കിളുകള്‍ വിപണിയില്‍ ലഭ്യമാണ് . അക്കാലത്തെ ഒരു അഭിമാനതാരമായിരുന്ന സ്റ്റാന്‍ഡേര്‍ഡ് സൈക്കിളിന്റെ വില്പന ഇപ്പോള്‍ വളരെ കുറവാണെന്നും വിപണിയില്‍ 5 ശതമാനം മാത്രമേ വിലയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഏറ്റവും കൂടുതല്‍ വിറ്റു പോകുന്നത് 4000 ത്തിനും 5000 ഇടയില്‍ വില വരുന്ന ലേഡി സൈക്കിളുകളാണ് .

4 വയസ്സ് മുതല്‍ സൈക്കിള്‍ ഉപയോഗം തുടങ്ങിയിട്ടുണ്ട് . ഹൃസ്വ യാത്രകള്‍ക്കു സൈക്കിള്‍ ഉപയോഗിക്കുന്നത് ഒരു ശീലമാക്കിയാല്‍ നഗരത്തിലെ ഗതാഗത കുരുക്കിനും പാര്‍ക്കിങ്ങിനും ഒരു പരിധി വരെ ശമനം ഉണ്ടാകുന്നതുകൊണ്ടു ഇതിനെ പ്രോത്സാഹിപ്പിക്കുന്ന തീരുമാനങ്ങള്‍ ഭരണാധികാരികള്‍ എടുക്കണമെന്ന അഭിപ്രായം ഇപ്പോള്‍ കൂടി വരുന്നു. യുവാക്കളില്‍ ഗിയര്‍ സൈക്കിളിനുള്ള ഹരം ഇപ്പോള്‍ ഏറി വരുന്നുണ്ട് . അന്യസംസ്ഥാന തൊഴിലാളികള്‍ വളരെയധികം സൈക്കിള്‍ ഉപയോഗിക്കുന്ന ഒരു പ്രവണത ഈ അടുത്ത് കണ്ടു വരുന്നു . സൈക്കിള്‍ വിപണിയില്‍ ചൈനീസ് സാന്നിധ്യം ഇപ്പോള്‍ കുറവാണ് ലുധിയാനയില്‍ നിന്നുള്ള സൈക്കിളുകളാണ് ഇന്ന് വിപണിയില്‍ അധികവും . ആദ്യ കാലത്തു പത്തു വര്‍ഷത്തിലധികം ഒരാള്‍ സൈക്കിള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ മൂന്ന് വര്ഷം കഴിയുമ്പോഴേക്കും പുതിയ മോഡല്‍ മാറ്റി വാങ്ങുന്ന പ്രവണതയും ഇന്ന് കാണുന്നുണ്ട് .ലോക സൈക്കിള്‍ ദിനം ആചരിക്കുന്ന ഈ വേളയില്‍ ഇരിങ്ങാലക്കുടയില്‍ സൈക്കിള്‍ ഉപയോഗം വര്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു സൈക്കിള്‍ ക്ലബ് തുടങ്ങാന്‍ ഉള്ള പ്രവണതയിലാണ് ഇന്ന് പലരും .

related news : ഇന്ന് ലോക സൈക്കിള്‍ ദിനം : കാല്‍നൂറ്റാണ്ടായി സൈക്കിള്‍ രവിയേട്ടന്റെ ദിനചര്യയുടെ ഭാഗം

സ്വാതിതിരുനാള്‍ സംഗീതോത്സവം 20 മുതല്‍

ഇരിങ്ങാലക്കുട : നാദോപാസന സംഗീത സഭ രജതജൂബിലി ആഘോഷവും സ്വാതി തിരുന്നാള്‍ സംഗീതോത്സവവും 20 മുതല്‍ 23 വരെ നടക്കും. കൂടല്‍മാണിക്യം കിഴക്കേ ഗോപുരത്തിന് മുമ്പില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് സംഗീതോത്സവം. നാലുദിവസങ്ങളിലായി നടക്കുന്ന സംഗീതോത്സവം സംഗീതാരാധനയോടെയാണ് തുടങ്ങുക. വ്യാഴാഴ്ച മൂന്നിന് സംഗീതാരാധന, 3.30ന് സംഗമഗ്രാമം തിരുവാതിരക്കളരി സംഘത്തിന്റെ തിരുവാതിരകളി, 4.30ന് ആര്‍. കൃഷ്ണമൂര്‍ത്തിയും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരി, ഉദ്ഘാടന സമ്മേളനം ആറിന് നടക്കും. പ്രൊഫ. കെ.യു അരുണന്‍ എം. എല്‍.എ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. എസ്. രമേശന്‍ നായര്‍ സ്വാതിതിരുന്നാള്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് നാദോപാസന സംഗീത സദസ്സും സുന്ദരനാരായണ ഗീതാഞ്ജലി ട്രസ്‌റിന്റെയും നേതൃത്വത്തില്‍ നടന്ന അഖില കേരള കര്‍ണാടക സംഗീത മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. സീനിയര്‍ വിഭാഗം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ആര്‍. കൃഷ്ണമൂര്‍ത്തി കൊല്ലം, പെട്രീസാ സാബു, മൂവാറ്റുപുഴ. പൂജ നാരായണന്‍ എന്നിവര്‍ അര്‍ഹരായി. ജൂനിയര്‍ വിഭാഗത്തില്‍ കൃതിക എസ്, ആദിത്യ ദേവ് പൂത്തൂര്‍കുളം, ആതിര പൊന്നാനി എന്നിവരുമാണ് അര്‍ഹരായത്. സീനിയര്‍ വിഭാഗത്തിന് ഗുരുവായൂരപ്പന്‍ ഗാനാഞ്ജലി പുരസ്‌കാരവും, 10,000 രൂപയും സര്‍ട്ടിഫിക്കറ്റും നല്‍കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കു 7000 രൂപയും 5000 രൂപയുമാണ് സമ്മാനതുക. സമ്മാനദാനം സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ നിര്‍വ്വഹിക്കും. ഏഴിന് ബംഗളൂരു അമൃത വെങ്കിടേഷ് അവതരിപ്പിക്കുന്ന സംഗീത കച്ചേരി അരങ്ങേറും. വെള്ളിയാഴ്ച മൂന്ന് മുതല്‍ ഭാഗ്യലത, ലത നായാരണന്‍, ജയന്‍ ഗോപിനാഥന്‍ എന്നിവരുടെ സംഗീത കച്ചേരി, 6.30ന് പ്രഗത്ഭ സംഗീതജ്ഞനായ ടി.വി ശങ്കരനാരായണന്റെ സംഗീത കച്ചേരി എന്നിവ നടക്കും. ശനിയാഴ്ച മൂന്ന് മുതല്‍ എം. കൃഷ്ണന്‍ കുട്ടി മാരാരുടെ ശിഷ്യന്മാര്‍ അവതരിപ്പിക്കുന്ന സംഗീതാരാധന, നാലിന് വിവേക് മൂഴിക്കുളത്തിന്റെ സംഗീതകച്ചേരി എന്നിവ നടക്കും. ആറിന് സ്വാതി തിരുന്നാള്‍, ഇരയിമ്മന്‍ തമ്പി കൃതികള്‍ ഉള്‍പ്പെടുത്തി പ്രണവും എം.കെ ശങ്കരന്‍ നമ്പൂതിരിയും കോട്ടയ്ക്കല്‍ മധുവും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീത സമന്വയം നടക്കും. ഞായറാഴ്ച സംഗീതാരാധനയ്ക്ക് ശേഷം കെ. ആര്‍ ഹരികൃഷ്ണന്റെ സംഗീത കച്ചേരി, അഞ്ചിന് ബംഗ്ലൂരു അമിത് നാഡികിന്റെ നേതൃത്വത്തില്‍ വേണു നാദലയ സമാഗമ എന്ന സംഗീത പരിപാടി, 7.30ന് ഗോപിക വര്‍മ്മയുടെ മോഹിനിയാട്ടം എന്നിവ നടക്കും.

കുടിവെള്ളക്ഷാമം നേരിടുന്ന ആളൂര്‍ പഞ്ചായത്തില്‍ കുടിവെള്ളം എത്തിച്ച് ബി ജെ പി പ്രവര്‍ത്തകര്‍

ആളൂര്‍ : കുടിവെള്ളക്ഷാമം നേരിടുന്ന ആളൂര്‍ പഞ്ചായത്തിലെ  എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം ആവശ്യമായ എല്ലാവര്‍ക്കും ബി ജെ പി പ്രവര്‍ത്തകര്‍   ശുദ്ധജലം എത്തിക്കുന്നു. കഴിഞ്ഞ മാര്‍ച്ച് 22 ലോക ജലദിനത്തില്‍ ആരംഭിച്ച കുടിവെള്ള വിതരണം ഇന്നും മുടക്കം കൂടാതെ വീടുകളിലെത്തുന്നു. ഇതുവരെ രണ്ടുലക്ഷം ലിറ്ററിലധികം വെള്ളം ആളൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ വീടുകളില്‍ വിതരണം ചെയ്തതായി നേതൃത്വം നല്‍കുന്ന ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് പി.എസ്.സുബീഷ് പറഞ്ഞു. കല്യാണവീടുകളിലും ആവശ്യത്തിനു വേണ്ട വെള്ളമെത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആളൂര്‍ പഞ്ചായത്തില്‍ എവിടെ കുടിവെള്ളത്തിന് ആവശ്യമുണ്ടെങ്കിലും പ്രവര്‍ത്തകരുടെ ഫോണില്‍ ബന്ധപ്പെട്ടാല്‍ വെള്ളമെത്തിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.  ജന.സെക്രട്ടറിമാരായ കെ.സി.ഉണ്ണികൃഷ്ണന്‍, എ.ആര്‍.അനിരുദ്ധന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

ലഹരി വിമുക്ത ബോധവത്കരണ സെമിനാര്‍ നടന്നു

ഇരിങ്ങാലക്കുട : കേരള സര്‍ക്കാരും എക്‌സൈസ് വകുപ്പും ചേര്‍ന്ന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തില്‍ സമ്പൂര്‍ണ ലഹരി വിമുക്ത പരിപാടികള്‍ക്ക് നേതൃത്വം നല്‍കി വരുന്നതിനോടനുബന്ധിച്ചു ഏപ്രില്‍ 18 നു ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തു ഹാളില്‍ ടാക്സി ഡ്രൈവര്‍മാര്‍ക്ക് വേണ്ടി നടത്തിയ ലഹരി വിമുക്ത ബോധവത്കരണ സെമിനാര്‍ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് വി എ മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വനജ ജയന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തു മെമ്പര്‍ രാജന്‍ കരവട്ട് ആശംസകള്‍ പറഞ്ഞു. സിവില്‍ എക്‌സൈസ് ഓഫീസര്‍ എം എല്‍ റാഫേല്‍ ,എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ എ ജയദേവന്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

അക്രഡിറ്റഡ് എഞ്ചിനിയറെയും ഡാറ്റ എന്‍ട്രി ഓപ്പറെറ്ററിനെയും ആവശ്യമുണ്ട്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ – അയ്യങ്കാളി നഗരസഭ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിനായി കരാര്‍ അടിസ്ഥാനത്തില്‍അക്രഡിറ്റഡ് എഞ്ചിനിയറെയും ഡാറ്റ എന്‍ട്രി ഓപ്പറെറ്ററിനെയും ആവശ്യമുണ്ട്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 25 – ാം തീയ്യതി രാവിലെ 11 മണിക്ക് അസ്സല്‍ രേഖകള്‍ സഹിതം മുന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം, മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് എന്ന് മുന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു .  മൂന്ന് വര്‍ഷ സിവില്‍ എഞ്ചിനിയറിഗ് ഡിപ്ലോമ യോഗ്യതയുള്ള 21 നും 35 നും മദ്ധ്യേ പ്രായമുള്ള ഉദ്യോഗാര്ഥികള്‍ക്ക് അക്രഡിറ്റഡ് എന്‍ജിനീയറും , ബി കോം ,പി ജി ഡി സി എ , മലയാളം ടൈപ്‌റേറ്റിംഗ് യോഗ്യതയുള്ള 21 നും 35 നും മദ്ധ്യേ പ്രായമുള്ള ഉദ്യോഗാര്ഥികള്‍ക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കും ഓരോ ഒഴിവുകള്‍ ആണുള്ളത് .

ചന്തക്കുന്ന് മുതല്‍ ക്രൈസ്റ്റ് കോളേജ് ജംഗ്ഷന്‍ വരെ റോഡ് വികസനം ഉടന്‍ നടപ്പാക്കണം – സി.പി.ഐ ഇരിങ്ങാലക്കുട ലോക്കല്‍ കമ്മിറ്റി

 ഇരിങ്ങാലക്കുട: ടൗണിലെ ഏറ്റവും പ്രധാനപ്പെട്ട റോഡായ ചന്തക്കുന്ന് മുതല്‍ ക്രൈസ്റ്റ് കോളേജ് ജംഗ്ഷന്‍ വരെയുളള റോഡില്‍ വികസനം അടിയന്തിരമായി നടപ്പാക്കണമെന്ന് സി.പി.ഐ ഇരിങ്ങാലക്കുട ടൗണ്‍ ലോക്കല്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു . നടുവില്‍ മീഡിയനും ഇരുഭാഗത്തുമായി നാലുവരിപാതയും നടപ്പാതകളുമായി 17 മീറ്റര്‍ വീതിയില്‍ മേല്‍പ്പറഞ്ഞ റോഡ് വികസിപ്പിക്കുമെന്ന എല്‍.ഡി.എഫ് പ്രകടനപത്രികകയിലെ വാഗ്ദാനം ഏറ്റവും പെട്ടന്ന് നിറവേറ്റണമെന്നുഇരിങ്ങാലക്കുട ടൗണ്‍ ലോക്കല്‍ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു . ഈ പദ്ധതി നടപ്പായാല്‍ ഇരിങ്ങാലക്കുട ടൗണിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് ടൗണ്‍ ലോക്കല്‍ കമ്മിറ്റി യോഗം വിലയിരുത്തി. കെ.സി. മോഹന്‍ലാല്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ടൗണ്‍ എല്‍.സി. സെക്രട്ടറി കെ.എസ്. പ്രസാദ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.സി. രമണന്‍ എന്നിവര്‍ സംസാരിച്ചു.

ഇന്ന് ലോക സൈക്കിള്‍ ദിനം : കാല്‍നൂറ്റാണ്ടായി സൈക്കിള്‍ രവിയേട്ടന്റെ ദിനചര്യയുടെ ഭാഗം

ഇരിങ്ങാലക്കുട: കിലോമീറ്ററോളം അകലെയുള്ള എടതിരിഞ്ഞി ഗ്രാമത്തില്‍ നിന്നും നഗരത്തിലെ കട തുറക്കാന്‍ രവിയേട്ടന്‍ എത്തുന്ന പതിവ് തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ടിനടുത്താകുന്നു . ഗ്രാമകാഴ്ചകളും നാട്ടുപാതയിലൂടെയുള്ള സൈക്കിള്‍ യാത്രയും ഇന്നും ദിനചര്യയുടെ ഭാഗമായിട്ടാണ് ഇരിങ്ങാലക്കുട നടയിലെ വുഡ് ലാന്റ്സ് ഹോട്ടലിന് എതിര്‍വശത്തുള്ള മാക്സിംസ് എന്ന സ്ഥാപനം നടത്തുന്ന രവിയേട്ടന്‍ കാണുന്നത്. നഗരഹൃദയത്തിലൂടെ എന്ത് ആവശ്യത്തിനും സൈക്കിളില്‍ യാത്ര ചെയ്യുന്നതാണ് രവിയേട്ടന്റെ പ്രത്യേകത തന്റെ യവ്വനത്തിന്റെയും ആരോഗ്യത്തിന്റെയും രഹസ്യം സൈക്കിള്‍ ചവിട്ടാണെന്ന് 53 കാരനായ രവീന്ദ്രന്‍ എന്ന രവിയേട്ടന്റെ അഭിപ്രായം. 1978- ല്‍ ബോംബെയിലെ ഗ്രാമാന്തരീക്ഷമുള്ള പവായ് മേഖലയില്‍ ജോലിയും പഠിപ്പുമായുള്ള
കാലഘട്ടം മുതലേ സൈക്കിളുമായി ചങ്ങാത്തം ആരംഭിച്ചതാണ്. അക്കാലത്തെ പ്രസിദ്ധമായ റാലി സൈക്കിളിലായിരുന്നു അദ്ദേഹത്തിന്റെ ബോംബെയിലെ യാത്രകള്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് റോഡുകളില്‍ മറ്റ് വാഹനങ്ങള്‍ മതിയായ പരിഗണന നല്കുന്നില്ലെന്ന ഒരു പരാതിയുമുണ്ട് അദ്ദേഹത്തിന്. പോലിസ് ചെക്കിങ്ങ് ഇല്ലെന്നത് ഒരു അനുഗ്രഹമായിട്ടാണ് ഇദ്ദേഹം നോക്കി കാണുന്നത്. യുവതലമുറ വീണ്ടും സൈക്കിള്‍ യുഗത്തിലേയ്ക്ക് വരണമെന്ന അഭിപ്രായവും നഗരങ്ങളില്‍ ട്രാഫിക് കുരുക്കുകള്‍ ഒഴിവാക്കാന്‍ സൈക്കിള്‍ യാത്ര ഒരു ഉപാധി ആണെന്നും രവിയേട്ടന്‍ പറയുന്നു.

related news : ഇരിങ്ങാലക്കുട സൈക്കിള്‍ വിപണിയുടെ നിറവില്‍

സി.പി.ഐ ഇടതുപക്ഷ ഐക്യത്തിന് വേണ്ടി ത്യാഗങ്ങള്‍ സഹിച്ചപാര്‍ട്ടി : സി.എന്‍ ജയദേവന്‍ എം.പി

കാറളം: ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കേരളത്തില്‍ കെട്ടുറപ്പുണ്ടാക്കുന്നതിന് ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ച പാര്‍ട്ടിയാണ് സി.പി.ഐയെന്ന് സി.എന്‍ ജയദേവന്‍ എം.പി പറഞ്ഞു . കുട്ടംകുളം സമരത്തിന്റെ എഴുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാറളം സെന്ററില്‍ സംഘടിപ്പിച്ച കേരള നവോത്ഥാനവും ആദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭ രൂപികരണവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . മുന്നണിയുടെ ഭദ്രതയുടെ കാര്യത്തിലും സി.പി.ഐ മറ്റേത് പാര്‍ട്ടിയേക്കാളും ഉത്തരവാദിത്വബോധമുള്ളവരാണെന്നും ജയദേവന്‍ പറഞ്ഞു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ ജില്ലാ പഞ്ചായത്തംഗം എന്‍.കെ ഉദയപ്രകാശ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. അജിത് കോള, ടി, കെ. ശ്രീകുമാര്‍, ടി.കെ സുധീഷ്, പി. മണി, എം. സുധീര്‍ദാസ്, കെ.എസ് ബൈജു എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

ബാങ്കുകള്‍ കൊള്ളക്കാരുടെ വേഷമണിയുന്നു; യൂജിന്‍ മൊറേലി

ഇരിങ്ങാലക്കുട: ബാങ്കുകള്‍ഇടപാടുകാരെ കൊള്ളയടിക്കുകയാണെന്ന് ജനതാദള്‍ (യു)ജില്ലാ പ്രസിഡന്റ് യുജിന്‍ മോറേലി പറഞ്ഞു. എസ്.ബി.ഐയുടെ ജനദ്രോഹ നിലപാടുകള്‍ക്കെതിരെ യുവജനതാദള്‍ (യു) സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടുതല്‍ ഇടപാടുകള്‍ക്ക് അധിക സര്‍വ്വീസ് ചാര്‍ജ്ജും, മിനിമം ബാലന്‍സ് വേണമെന്നതും എസ്.ബി.ഐയുടെ പകല്‍കൊള്ളയാണെന്നും യൂജിന്‍ പറഞ്ഞു. യുവജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരേപ്പാടന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അജി ഫ്രാന്‍സിസ്, ബഷീര്‍ തൈവളപ്പില്‍, ജോര്‍ജ്ജ് കെ. തോമസ്, പോളി കുറ്റിക്കാടന്‍, പാപ്പച്ചന്‍ വാഴപ്പിള്ളി, കാവ്യ പ്രദീപ്, വര്‍ഗ്ഗീസ് തെക്കേക്കര എന്നിവര്‍ സംസാരിച്ചു.

സ്പെല്‍ എന്‍ റൈറ്റ് മത്സരത്തില്‍ ഒന്നാം സ്ഥാനം ലക്ഷ്മി മുരളീധരന്

ഇരിങ്ങാലക്കുട : ആലുവയില്‍ നടന്ന സംസ്ഥാനതല സ്പെല്‍ എന്‍ റൈറ്റ് മത്സരത്തില്‍ കാറ്റഗറി അഞ്ചില്‍ ഒന്നാം സ്ഥാനത്തിന് ഭാരതീയ വിദ്യാഭവന്‍ വിദ്യാമന്ദിറിലെ ലക്ഷ്മി മുരളീധരന്‍ അര്‍ഹയായി. ഇരിങ്ങാലക്കുട തെക്കേ നടയില്‍ മുരളീധരന്റെയും ശ്രീവിദ്യയുടെയും മകളാണ് ലക്ഷ്മി.

അനധികൃത മണ്ണെടുപ്പ് തടഞ്ഞു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ഒന്‍പതാം വാര്‍ഡില്‍ നമ്പ്യങ്കാവ്‌ ആനന്ദപുരം റോഡില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചായത്തു മെമ്പറുമായ വ്യക്തിയുടെ സ്ഥലത്തെ അനധികൃത മണ്ണെടുപ്പ് ബി ജെ പി പ്രവര്‍ത്തകര്‍ ഇടപെട്ട് തടഞ്ഞു . ഇരിങ്ങാലക്കുട ബി ജെ പി മുനിസിപ്പല്‍ പ്രസിഡന്റ് രമേഷ് വി സി വാര്‍ഡ്‌ കൗണ്‍സിലര്‍ രമേഷ് വാരിയര്‍ , ബൂത്ത് പ്രസിഡന്റ് സുബാഷ് കെ വി , ശ്രീനാഥ് നമ്പ്യങ്കാവ് , നിതിന്‍ കുട്ടന്‍ , രനൂപ്, രാജു ഇത്തിക്കുളം ,  മഹേഷ് മുരിയാട് എന്നിവര്‍ നേതൃത്വം നല്‍കി .

Top
Close
Menu Title