News

Archive for: August 20th, 2017

നാദോപാസന സംഗീതസഭ രജതജൂബിലി ആഘോഷവും സ്വാതി തിരുന്നാള്‍ സംഗീതോത്സവവും ആരംഭിച്ചു

ഇരിങ്ങാലക്കുട : നാദോപാസന സംഗീത സഭ രജതജൂബിലി ആഘോഷവും സ്വാതി തിരുന്നാള്‍ സംഗീതോത്സവവും വ്യാഴാഴ്ച ആരംഭിച്ചു . കൂടല്‍മാണിക്യം കിഴക്കേ ഗോപുരത്തിന് മുമ്പില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പ്രൊഫ. കെ.യു അരുണന്‍ എം. എല്‍.എ നാലു ദിവസങ്ങളിലായി നടക്കുന്ന സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. സംഗീതാരാധനയോടെ ആരംഭിച്ച ചടങ്ങില്‍ സംഗമഗ്രാമം തിരുവാതിരക്കളരി സംഘത്തിന്റെ തിരുവാതിരകളി, ആര്‍. കൃഷ്ണമൂര്‍ത്തിയും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരി, അമൃത വെങ്കിടേഷ് അവതരിപ്പിച്ച  സംഗീത കച്ചേരി  എന്നിവ അരങ്ങേറി . കവി രമേശന്‍ നായര്‍ സ്വാതിതിരുന്നാള്‍ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് നാദോപാസന സംഗീത സദസ്സും സുന്ദരനാരായണ ഗീതാഞ്ജലി ട്രസ്‌റിന്റെയും നേതൃത്വത്തില്‍ നടന്ന അഖില കേരള കര്‍ണാടക സംഗീത മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സീനിയര്‍ വിഭാഗം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ആര്‍. കൃഷ്ണമൂര്‍ത്തി കൊല്ലം, പെട്രീസാ സാബു, മൂവാറ്റുപുഴ. പൂജ നാരായണന്‍ എന്നിവര്‍ അര്‍ഹരായി. ജൂനിയര്‍ വിഭാഗത്തില്‍ കൃതിക എസ്, ആദിത്യ ദേവ് പൂത്തൂര്‍കുളം, ആതിര പൊന്നാനി എന്നിവരുമാണ് അര്‍ഹരായത്.

ഇരിങ്ങാലക്കുടയിലും എഴുത്തുകാരുടെ കൂട്ടായ്മ വരുന്നു

ഇരിങ്ങാലക്കുട : എഴുത്തുകാരുടെ ഒരു കൂട്ടായ്മ സംഗമസാഹിതി എന്ന പേരില്‍  ഇരിങ്ങാലക്കുടയില്‍ ആരംഭിക്കുന്നതിന്റെ പ്രാരംഭമായി 23- ാം തീയ്യതി ഞായറാഴ്ച വൈകീട്ട് നാലുമണിക്ക് എസ്.എസ്. ഹാളില്‍ സംഘടിപ്പിക്കുന്നു. പുസ്‌കതപ്രകാശനം, പുസ്തകചര്‍ച്ച, പുസ്തക വിപണി മുതലായവ ഈ കൂട്ടായ്മയിലൂടെ കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. ഇരിങ്ങാലക്കുടയിലെ പ്രശസ്തരായ എഴുത്തുകാരായ കെ.വി. രാമനാഥന്‍, മാമ്പുഴ കുമാരന്‍ എന്നിവരെ പ്രസിദ്ധ സംഗീത സംവിധായകനും എഴുത്തുകാരനുമായ പ്രതാപ് സിങ്ങ് ആദരിക്കുന്ന ചടങ്ങില്‍ സാവിത്രി ലക്ഷ്മണന്‍, പി.കെ. ഭരതന്‍, ഖാദര്‍ പട്ടേപാടം എന്നിവര്‍ വേദി പങ്കിടുന്നു. തുടര്‍ന്ന് രാജേഷ് തെക്കിനിയേടത്തിന്റെ പുതിയ നോവലായ ജാഫ്‌നയുടെ താഴ്‌വാരങ്ങള്‍ പ്രകാശനം ചെയ്യും. തുടര്‍ന്ന് ഇരിങ്ങാലക്കുടയിലെ കവികളുടെ കാവ്യസന്ധ്യയും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9895807447

പാലരുവി എക്സ്പ്രസ്സിന് ജില്ലയില്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ നല്‍കാതെ അവഗണിക്കുന്നതിനെതിരെ ജനവികാരം

ഇരിങ്ങാലക്കുട : പാലരുവി എക്സ്പ്രസ്സിന് ജില്ലയില്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ നല്‍കാതെ അവഗണിക്കുന്നതിനെതിരെ തൃശൂര്‍ ജില്ലയില്‍ ജനവികാരം ആളികത്തുന്നു. പത്തൊന്‍പതാം തിയ്യതി ആരംഭിച്ച പുനലൂര്‍ പാലക്കാട് പാലരുവി എക്സ്പ്രസ്സ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്ത് കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു പറഞ്ഞത് ഈ ട്രെയിനിന്റെ സ്റ്റോപ്പുകള്‍ തീരുമാനിച്ചത് കേരളത്തില്‍ നിന്നുള്ള ജന പ്രതിനിധികളുടെ ആവശ്യപ്രകാരം ആയിരുന്നു എന്നാണ് . കൊല്ലം ജില്ലയില്‍ പന്ത്രണ്ടു സ്റ്റോപ്പുകളും, ആലപ്പുഴയില്‍ മൂന്നും, കോട്ടയത്ത് അഞ്ചും, എറണാകുളത്ത് നാലും, പാലക്കാട് രണ്ടും സ്റ്റോപ്പുകള്‍ ഉള്ളപ്പോള്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പുള്ളതടക്കം പന്ത്രണ്ടു സ്റ്റേഷനുകള്‍ ഈ റൂട്ടില്‍ മാത്രം ഉള്ള തൃശൂര്‍ ജില്ലയ്ക്ക് ലഭിച്ചത് തൃശ്ശൂരിനുള്ള ഒരേയൊരു സ്റ്റോപ്പ് മാത്രം.

മറ്റെല്ലായിടത്തും എം പിമാര്‍ റെയില്‍വെയില്‍ സമ്മര്‍ദ്ദം ചെലുത്തി ആവശ്യത്തിന് സ്റ്റോപ്പുകള്‍ നേടിയെടുത്തപ്പോള്‍ നമ്മുടെ എം പി മാര്‍ എന്ത് നേടി…?  തൃശൂര്‍ എം പി  സി. എന്‍. ജയദേവന്‍ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ക്ക് കത്ത് കൊടുത്തു മിണ്ടാതിരുന്നു.  എന്നാല്‍ ഈ ജില്ലയിലെ എല്ലാ സ്റ്റേഷനുകളും തിരുവനന്തപുരം ഡിവിഷന് കീഴിലാണെന്നുള്ളതാണ് ഒരു വിരോധാഭാസം.     മാത്രമല്ല തൃശ്ശൂര്‍ എം.പിക്ക് അദ്ദേഹത്തിന്റെ മണ്ഡലത്തിന്റെ അതിര്‍ത്തികളെ പറ്റി ഒരു രൂപമില്ലാത്തതിനാല്‍ ആവശ്യപ്പെടുന്നത് ചാലക്കുടിയിലും അങ്കമാലിയിലും സ്റ്റോപ്പ് വേണമെന്നാണ്. ഇരിങ്ങാലക്കുട സ്റ്റേഷനെ എപ്പോഴും ആശ്രയിക്കുന്ന ഇരിങ്ങാലക്കുടക്കാരനായ ചാലക്കുടിയുടെ എം.പി  ഇന്നസെന്റാണെങ്കില്‍ ഇരിങ്ങാലക്കുടയെ പറ്റി മിണ്ടുന്നുമില്ല. ഏകദേശം ഒരു മാസം മുന്‍പേ തന്നെ ഈ ട്രെയിനിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ ഇരിങ്ങാലക്കുട പാസഞ്ചേഴ്‌സ് അസോസിയേഷന്‍ അവരുടെ ആവശ്യം തൃശ്ശൂര്‍ എം പി യെ രേഖാമൂലം അറിയിച്ചിരുന്നതാണ്. ഇത്തരത്തില്‍ തൃശൂര്‍ ജില്ലയിലെ ജനങ്ങളെ അപമാനിച്ചതിനെതിരെ യാത്രക്കാര്‍ മാത്രമല്ല, മുഴുവന്‍ ജനങ്ങളും രോഷാകുലരാണ് .
കേന്ദ്രം ഭരിക്കുന്ന ബി ജെ പി യടക്കം മൂന്ന് പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളും ഈ അവഗണനക്കെതിരെ ഇതുവരെ ശബ്ദമുയര്‍ത്തിയിട്ടില്ല .തൃശൂര്‍ ജില്ലയിലെ റെയില്‍വെ യാത്രക്കാരുടെ മുഴുവന്‍ സംഘടനകളും ഒന്നിച്ച് മറ്റു സാമൂഹ്യ സംഘടനകളുമായി യോചിച്ച് ഒരു വന്‍ പ്രക്ഷോഭത്തിനൊരുങ്ങാന്‍ തയ്യാറെടുക്കുകയാണ് .എം പി യുടെ ഓഫിസിലേക്കും, വസതിയിലേക്കും മാര്‍ച്ചു നടത്തുകയും രാഷ്ട്രീയക്കാര്‍ ഏറെ ഉപയോഗിക്കുന്ന രാജധാനി, കേരളാ എക്സ്പ്രസ്സുകള്‍ വിവിധ സ്റ്റേഷനുകളില്‍ തടയുകയും ചെയ്യുന്നതുള്‍പ്പടെയുള്ള സമരരീതികളാണ് ആസൂത്രണം ചെയ്യുന്നത് .

ശിവദ്വിജ സേവാ സമിതിയുടെ സംസ്ഥാന സമ്മേളനം ഏപ്രില്‍ 30 നു

ഇരിങ്ങാലക്കുട : ശിവദ്വിജ സേവാ സമിതിയുടെ സംസ്ഥാന സമ്മേളനവും വനിത സമ്മേളനം ‘പെണ്മ 2017 ‘ ഏപ്രില്‍ 30 ന് ഇരിങ്ങാലക്കുട കാരുകുളങ്ങര നൈവേദ്യം കല്യാണ മണ്ഡപത്തില്‍ (വൈദ്യരത്‌നം തൃപ്രങ്ങോട്ട് പരമേശ്വരന്‍ മൂത്തത് നഗര്‍ ) സാംസ്കാരിക,ആധ്യാത്മിക പരിപാടികളോടെ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പനമ്പിളി
രാഘവമേനോന്‍ നിര്‍വഹിക്കും . സദനം കൃഷ്ണന്‍കുട്ടി ആശാന്‍ (കഥകളി ), അമ്മന്നൂര്‍ കുട്ടന്‍ചാക്യാര്‍ (കൂടിയാട്ടം ,കൂത്ത്), കുഴല്‍മന്ദം രാമകൃഷ്ണന്‍ (മൃദംഗ വിദ്വാന്‍, ലോക ഗിന്നസ് റെക്കോര്‍ഡ് ജേതാവ് ) ,ഡോ. വി പി ഗംഗാധരന്‍ (കാന്‍സര്‍ ചികിത്സ വിദഗ്ദ്ധന്‍) എന്നിവരെ ചടങ്ങില്‍ ആദരിക്കും . ശിവദ്വിജ സേവാ സമിതിയുടെ വൈസ് പ്രസിഡന്റ് എന്‍ സുരേഷ് മൂസത്, ജന. കണ്‍വീനര്‍ ഷൈലജ ഉണ്ണികൃഷ്ണന്‍, സംസ്ഥാന ട്രഷറര്‍ ശ്രീകുമാര ശര്‍മ്മ, പ്രാദേശിക സെക്രട്ടറി സുന്ദര്‍ എന്നിവര്‍ പത്രസമ്മേള്ളനത്തില്‍ പങ്കെടുത്തു.

പാലരുവി എക്സ്പ്രസ്സിന് ഇരിങ്ങാലക്കുടയില്‍ സ്റ്റോപ്പ് നേടിയെടുക്കുന്നതിനായി ഞായറാഴ്ച്ച സമര പ്രഖ്യാപന യോഗം

ഇരിങ്ങാലക്കുട : പുതിയതായി ആരംഭിച്ച പുനലൂര്‍ പാലക്കാട് പാലരുവി എക്സ്പ്രസ്സിന് ഇരിങ്ങാലക്കുടയില്‍ സ്റ്റോപ്പ് നേടിയെടുക്കുന്നതിനായി സ്വീകരിക്കേണ്ട സമരമാര്‍ഗ്ഗങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും, സമര പ്രഖ്യാപനത്തിനും വേണ്ടി ഇരിങ്ങാലക്കുട റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരു യോഗം 23 – ാം തീയ്യതി ഞായറാഴ്ച്ച വൈകീട്ട് 4 മണിക്ക് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഫാ.ആന്‍ഡ്രൂസ് സ്മാരക ഗ്രാമീണ വായനാശാലയില്‍ (മാര്‍ജിന്‍ ഫ്രീ ഷോപ്പിന് മുകളില്‍ ) വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. യോഗത്തില്‍ എല്ലാ യാത്രക്കാരും പൊതുജനങ്ങളും കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ പങ്കെടുക്കണമെന്ന് ഇരിങ്ങാലക്കുട റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ സെക്രട്ടി ബിജു പനങ്കൂടന്‍ അറിയിച്ചു.

ഗൃഹപ്രവേശനത്തിനോടനുബന്ധിച്ചു 300 നിര്‍ധനരായ രോഗികള്‍ക്കു 35 ലക്ഷം രൂപ ധനസഹായം നല്‍കുന്നു

ഇരിങ്ങാലക്കുട : ദുബായ് ആസ്ഥാനമാക്കിയുള്ള വിദേശ മലയാളികളുടെ സംഘടനയായ ഫ്രണ്ട്‌സ്ആന്‍ഡ് ഫാമിലി അസോസിയേഷന്റെ സാമൂഹ്യസേവന വിഭാഗമായ ലവ് ആന്‍ഡ് കെയര്‍റെ ആഭിമുഖ്യത്തില്‍ അസോസിയേഷന്‍ അംഗമായ റാഫേല്‍ പൊഴോലിപറമ്പിന്റെ ഗൃഹപ്രവേശനത്തിനോടനുബന്ധിച്ചു വേളൂക്കര പഞ്ചായത്തിലെ മൂന്നോറോളം നിര്‍ധനരായ രോഗികള്‍ക്കു 35 ലക്ഷത്തോളം രൂപയുടെ ധനസഹായം നല്‍കുന്നു എന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു . വേളൂക്കര പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ 21 – ാം തീയ്യതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങ് എം എല്‍ എ പ്രൊഫ് കെ യു അരുണന്‍ ഉദ്ഘാടനം നിര്‍വഹിക്കും . 15 വര്‍ഷത്തിലധികമായി ഈ സംഘടന തുടങ്ങി വച്ച സ്നേഹ സ്വാന്തന പരിപാടികള്‍ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും നടത്തി വരുന്നു . സംഘടനയുടെ അംഗങ്ങളുടെ ഗൃഹ പ്രവേശം , മക്കളുടെ വിവാഹം എന്നിവക്കു മുന്നോടിയായി അവര്‍ ജനിച്ചു വളര്‍ന്ന നാട്ടിലെ മാറാരോഗികള്‍ക്കും നിര്‍ധനര്‍ക്കും പണമില്ലാത്തതുകൊണ്ടു മരുന്ന് വാങ്ങാന്‍ കഴിയാത്തവര്‍ക്കും ഒരു കൈ താങ്ങായി പ്രവര്‍ത്തിക്കാറുണ്ട്. ടോണി കോയിത്തറ, ഡേവിഡ് വര്‍ഗീസ് ,റാഫേല്‍ പൊഴോലിപറമ്പില്‍, ജോര്‍ജ് മാനെഞ്ചെരി, ജോജി ഊക്കന്‍, ജോയ് ടി പി, ചാക്കോ ഊളക്കാടന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു .

വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഭരണി മഹോത്സവം


ഇരിങ്ങാലക്കുട :
കരുവന്നൂര്‍ വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഭരണി മഹോത്സവം ഏപ്രില്‍ 27 വ്യാഴാഴ്ച ആഘോഷിക്കും . 21 – ാം തീയ്യതി വെള്ളിയാഴ്ച വൈകിട്ട് ദീപാരാധനയ്ക്കു ശേഷം കൊടിയേറ്റം നടക്കും . 7 മണിക്ക് ഊരകം കാര്‍ത്തിക കലാക്ഷേത്രം അവതരിപ്പിക്കുന്ന തിരുവാതിരക്കളി ഉണ്ടാകും . 27 – ാം തീയ്യതി വ്യാഴാഴ്ചഭരണി നാളില്‍ രാവിലെ 8 .30 മുതല്‍ 1 മണി വരെ ശീവേലിയും പെരുവനം സതീശന്‍ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളവും ഉണ്ടാകും . വൈകിട്ട് 3 മണി മുതല്‍ പുറത്തേക്കു എഴുന്നള്ളിപ്പ്, കാഴ്ച ശീവേലി , പഞ്ചവാദ്യം എന്നിവ ഉണ്ടാകും . 8 മണി മുതല്‍ കോഴിക്കോട് രംഗഭാഷ അവതരിപ്പിക്കുന്ന നാടകം കുടുംബനാഥന്റെ ശ്രദ്ധയ്ക്ക് ഉണ്ടാകും . 28 – ാം തീയ്യതി വെള്ളിയാഴ്ച കാര്‍ത്തിക നാളില്‍ നാടന്‍ കലകളായ കുതിരകളി, ഭൂതംകളി എന്നിവ ഉണ്ടാകും.

സൗജന്യ ഫാഷന്‍ ഡിസൈനിങ് പരിശീലന പദ്ധതി

ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി റീഡിങ് റൂം ആന്‍ഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമീണ ജനതയുടെ സമഗ്രവികസനം ലക്ഷ്യമാക്കി കേന്ദ്രമാനവശേഷി വികസന മന്ത്രാലയത്തിന്റെ കീഴില്‍ നെടുപുഴ ഗവ . വനിത പോളിടെക്‌നിക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ത്രൂ പോളിടെക്‌നിക്‌സ്‌ സ്‌കീമിന്റെ സഹകരണത്തോടെ 6 മാസത്തെ സൗജന്യ ഫാഷന്‍ ഡിസൈനിങ് കോഴ്സിലേക്കു അപേക്ഷകള്‍ ക്ഷണിക്കുന്നു . പ്രായവ്യത്യാസമില്ലാതെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമാണ് . താല്‍പര്യമുള്ളവര്‍ അപേക്ഷഫോം ലൈബ്രറിയില്‍ നിന്നും വാങ്ങി പൂരിപ്പിച്ചു മെയ് 9 നു മുന്‍പ് ഏല്‍പ്പിക്കണം എന്ന് സെക്രട്ടറി അറിയിച്ചു.

ടൗണ്‍ ബാങ്ക് ,സഹകരണ ആശുപത്രി ,എം സി പി കണ്‍വെന്‍ഷന്‍ സെന്റര്‍ അഴിമതിക്കെതിരെ സി പി ഐ എം പ്രതിഷേധ സദസ്സ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് , സഹകരണ ആശുപത്രി ധൂര്‍ത്തിനും അഴിമതിക്കും എതിരെയും എം സി പി കണ്‍വെന്‍ഷന്‍ സെന്റര് നികുതി വെട്ടിപ്പിനും അനധികൃത നിര്‍മ്മാണത്തിനുമെതിരെയും  സി പി ഐ എം ന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 21 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ആല്‍ത്തറക്കല്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുന്നു. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം എന്‍ ആര്‍ ബാലന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

Top
Close
Menu Title