News

Archive for: August 20th, 2017

പ്രതിഷേധ സദസ് വെറും ഓല പാമ്പല്ല , ആഞ്ഞു കൊത്തുന്ന ചുവന്ന പാമ്പെന്ന് എന്‍.ആര്‍. ബാലന്‍ : അഴിമതികള്‍ക്കെതിരെ സഹകരണ നിയമപ്രകാരം അന്വേഷണം നടത്തും

ഇരിങ്ങാലക്കുട : കെപിസിസി ജനറല്‍ സെക്രട്ടറി എംപി ജാകസ്‌ന്റെ നേതൃത്വത്തില്‍ ടൗണ്‍ബാങ്കിലും സഹകരണ ആശുപത്രിയിലും നടത്തുന്ന അഴിമതിക്കും ധൂര്‍ത്തിനുമെതിരെയും അനധികൃതമായി നിര്‍മ്മിച്ച എംസിപി കണ്‍വെന്‍ഷന്‍ സെന്ററിന്റെ പേരിലുള്ളനികുതി വെട്ടിപ്പിനെതിരെയും സിപിഐ(എം) നടത്തിയ പ്രതിഷേധ സദസ് വെറും ഓല പാമ്പല്ല , ആഞ്ഞു കൊത്തുന്ന ചുവന്ന പാമ്പെന്ന് സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എന്‍.ആര്‍ ബാലന്‍ പറഞ്ഞു. പ്രതിഷേധ സദസ്സെന്ന ഓലപ്പാമ്പു കാട്ടി തന്നെ ഭീഷണിപ്പെടുത്തണ്ട എന്ന് എം പി ജാക്സണ്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന് അനുവദിച്ച പ്രത്യേകം അഭിമുഖത്തില്‍ സി പി എമ്മിനെതിരെ പ്രതികരിച്ചിരുന്നു .

ടൗണ്‍ സഹകരണ ബാങ്കിലെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേയും അഴിമതികള്‍ക്കെതിരെ സഹകരണ നിയമ പ്രകാരം അന്വേഷണം നടത്തി നടപടി സ്വീകരിക്കുവാന്‍ സിപിഐ(എം) ആവശ്യപെടും എന്നും എന്‍.ആര്‍ ബാലന്‍ പറഞ്ഞു. ആലത്തറയ്ക്കല്‍ സിപിഐ(എം) ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണവകുപ്പും ഭരണവും കൈയിലിരിക്കുമ്പോള്‍ എന്തുകൊണ്ട് ആ രീതിയില്‍ ഒരു അന്വേഷണം സര്‍ക്കാരിനെക്കൊണ്ട് എടുപ്പിക്കാന്‍ സി പി എം ശ്രമിക്കാത്തത് എന്നും എം പി ജാക്സണ്‍ സി പി എമ്മിനെ അഭിമുഖത്തില്‍ വെല്ലുവിളിച്ചിരുന്നു .

പൊതുയോഗ തീരുമാനമില്ലാതെ ടൗണ്‍ബാങ്കിന്റെ പേര് ഐടിസി ബാങ്ക് എന്നാക്കിയതിനെ തുടര്‍ന്ന് ട്രേഡ് മാര്‍ക്ക് ദുരുപയോഗം ചെയതതിന്റെ പേരില്‍ ഇന്‍ഡ്യന്‍ ടുബാക്കോ കമ്പനി ബാങ്കിനെതിരെ കേസ് കൊടുത്തിരിക്കുകയാണ്. നുറ്‌കോടി രുപയാണ് കമ്പനി നഷ്ടപരിഹാരമായി ആവശ്യപെടുന്നത്. ബാങ്കില്‍ നിന്നും പണമെടുത്ത് നഷ്ടപരിഹാരം നല്‍കി കേസില്‍ നിന്ന് ഒഴിവാകാനാണ് ഭരണസമിതിയുടെ ശ്രമം. ഐടിസി എന്ന പേര് മാറ്റി പരസ്യം നല്‍കിയതിലും പുതിയ സോഫ്റ്റ് വെയര്‍ നിര്‍മ്മിചതിലും ബോര്‍ഡുകള്‍സ്ഥാപിച്ചതിലും കോടികളാണ് നഷ്ടപെടുത്തിയത്. പൊതുയോഗമറിയാതെ പ്രസിഡന്റിന്റെ തന്നിഷ്ട പ്രകാരമെടുത്ത തീരുമാനത്തിന്റെ ഭാഗമായ നഷ്ടം ഭരണസമിതിയില്‍ നിന്ന് ഈടാക്കണം.ഹഡ്‌കോയില്‍ നിന്ന് വായ്പയെടുത്ത പണം തിരിച്ചടക്കാത്തതിനാല്‍ സഹകരണ ആശുപത്രി ജപ്തി ഭീഷണി നേരിടുകയാണ്.രോഗികളില്‍ നിന്ന് അമിതമായ ചികിത്സ ചെലവ് ഈടാക്കി ഭരണസമിതി ധൂര്‍ത്തടിച്ചതിന്റെ ഫലമാണിത്.ആശുപത്രി നിയമനങ്ങളെല്ലാം സ്വജന പക്ഷപാതിത്വപരമാണ്.നഗരസഭ ഭരണസമിതിയെ സ്വാധീനിച്ച് കണ്‍വെന്‍ഷന്‍ സെന്ററിന്റെ പേരില്‍ തുടരുന്ന നികുതി വെട്ടിപ്പിനെതിരെ തദ്ദേശ സ്വയം ഭരണവകുപ്പിനെ സമീപിക്കും.

യോഗത്തില്‍ കെപി ദിവാകരന്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം സികെ ചന്ദ്രന്‍ , പ്രൊഫ കെയു അരുണന്‍ എംഎല്‍എ, അഡ്വ കെആര്‍ വിജയ,വിഎ മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.ഏരിയ സെക്രട്ടറി ഉല്ലാസ്‌കളക്കാട്ട് സ്വാഗതവും കെസി പ്രേമരാജന്‍ നന്ദിയും പറഞ്ഞു.

related news : പ്രതിഷേധ സദസ്സെന്ന ഓലപ്പാമ്പു കാട്ടി തന്നെ ഭീഷണിപ്പെടുത്തണ്ട – എം പി ജാക്സണ്‍

ശ്രീ കൂടല്‍മാണിക്യം ഉത്സവം ദീപകാഴ്ച്ച 2017 ഓഫീസ് തുറന്നു

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച്  ഠാണാ മുതല്‍ ക്ഷേത്രം വരെ വീഥികള്‍ ആധുനികരീതിയിലുള്ള പിക്‌സല്‍ എല്‍ഇഡി ദീപങ്ങളെ കൊണ്ട് അലങ്കരിച്ച് ദീപകാഴ്ചയൊരുക്കുന്നു. ദീപകാഴ്ച 2017 എന്ന പേരിലാണ് പരിപാടി നടക്കുന്നത്.  കൂടാതെ ദീപാലങ്കാരത്തോടെയുള്ള ബഹുനില പന്തല്‍, കടകളും കെട്ടിടങ്ങളും അലങ്കരിക്കല്‍ തുടങ്ങിയവയും ഇത്തവണത്തെ പ്രത്യേകതയാണ്. ദീപകാഴ്ച 2017ന്റെ ഓഫീസ് ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യാ ഷിജു നിര്‍വഹിച്ചു. ആല്‍ത്തറയ്ക്ക് സമീപം അമ്പിളി ജ്വല്ലറിക്കു മുകളിലാണ്  ഓഫീസ് പ്രവര്‍ത്തിക്കുന്നത്. യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ റോളി ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീകൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍, സംഘാടകസമിതി ചീഫ് കോഡിനേറ്റര്‍ കൃപേഷ് ചെമ്മണ്ട, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സന്തോഷ് ചെറാക്കുളം, ഡോ.ഇ.പി. ജനാര്‍ദ്ദനന്‍, കൃഷ്ണകുമാര്‍ വല്ലൂപറമ്പില്‍, കല്ലിങ്ങപ്പുറം ചന്ദ്രന്‍, എം.കെ.സുബ്രഹ്മണ്യന്‍, കൗണ്‍സിലര്‍ മാരായ സോണിയ ഗിരി, അമ്പിളിജയന്‍, സന്തോഷ് ബോബന്‍, സരസ്വതി ദിവാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുടയിലെ പൗരപ്രമുഖരും ബിസിനസ്, പ്രവാസി പ്രമുഖരും, പൊതുജനങ്ങളും ഒത്തുചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വീടുകളില്‍ മാലിന്യം എടുക്കാന്‍ വൈകുന്നതായി പരാതി

ഇരിങ്ങാലക്കുട: നഗരത്തിലെ വീടുകളില്‍ നിന്നും മാലിന്യം സംഭരിക്കുന്നത് ആഴ്ചയില്‍ ഒരുദിവസമാക്കിയത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. നഗരത്തിലെ ചന്തപ്പുര, എം.എല്‍.എ റോഡ് ഭാഗങ്ങളിലെ വീടുകളില്‍ നിന്നാണ് മാലിന്യം സംഭരിക്കാന്‍ വൈകുന്നത്. കുടുംബശ്രി പ്രവര്‍ത്തകരാണ് വീടുകളില്‍ നിന്നും മാലിന്യം സംഭരിച്ചിരുന്നത്. നേരത്തെ ചൊവ്വ, ശനി എന്നിങ്ങനെ ആഴ്ചയില്‍ രണ്ട് ദിവസങ്ങളില്‍ വീടുകളില്‍ നിന്നും മാലിന്യം കൊണ്ടുപോയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ശനിയാഴ്ചകളില്‍ മാത്രമാണ് ഇവര്‍ എത്തുന്നത്. ഇതുമൂലം ദിവസേനെയുണ്ടാകുന്ന ഭക്ഷണ മാലിന്യം അടക്കമുള്ളവ വീട്ടില്‍ സംഭരിച്ച് വയ്‌ക്കേണ്ട അവസ്ഥയിലാണ്. ഇത്തരത്തില്‍ ഒരാഴ്ചയോളം മാലിന്യങ്ങള്‍ വീടുകളില്‍ സൂക്ഷിക്കേണ്ടിവരുന്നത് ബുദ്ധിമുട്ടും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും ആളുകള്‍ പറഞ്ഞു. മാലിന്യം എടുക്കാന്‍ വൈകുന്നത് റോഡരുകുകളില്‍ മാലിന്യം കുമിഞ്ഞുകൂടാന്‍ ഇടയാക്കും. അതിനാല്‍ നേരത്തെ സംഭരിച്ചിരുന്നതുപോലെ ആഴ്ചയില്‍ രണ്ട് ദിവസം മാലിന്യം സംഭരിച്ചിരുന്ന രീതി പുനസ്ഥാപിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു.

മുരിയാട് സെന്റ് ജോസഫ്സ് ദേവാലയ തിരുനാള്‍ ഏപ്രില്‍ 29 , 30 തീയതികളില്‍

മുരിയാട്  : സെന്റ് ജോസഫ്സ് ദേവാലയത്തിലെ വി. യൗസേപ്പിതാവിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാള്‍ ഏപ്രില്‍ 29 , 30 തീയതികളില്‍ ആഘോഷിക്കുന്നു തിരുനാളിന്റെ കൊടിയേറ്റകര്‍മം ഇരിങ്ങാലക്കുട  രൂപത വികാരി ജനറല്‍ മോണ്‍. ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു . വികാരി സീജോ ഇരുമ്പന്‍ ചടങ്ങിന് നേതൃത്വം നല്‍കി. ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ തിരുനാള്‍ തത്സമയം സംപ്രേക്ഷണം ഉണ്ടാകും.

ടിക്കറ്റ് ചോദിച്ചാല്‍ ബസ് ജീവനക്കാര്‍ മോശമായി പെരുമാറുന്നതായി പരാതി

ഇരിങ്ങാലക്കുട : ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കും ഇരിങ്ങാലക്കുടയുടെ വിവിധ ഭാഗങ്ങളിലേക്കും പോകുന്ന ബസ്സുകള്‍ ടിക്കറ്റ് നല്കുന്നില്ലെന്നു മാത്രമല്ല യാത്രക്കാര്‍ ടിക്കറ്റ് ചോദിച്ചാല്‍ ബസ് ജീവനക്കാര്‍ മോശമായി പെരുമാറുന്നതായി പരാതി ഉയരുന്നു. ആര്‍ ടി ഒ , പോലീസ് എന്നിവര്‍ ഇടപെട്ട് ടിക്കറ്റ് കൊടുക്കുവാനുള്ള തീരുമാനം ഉണ്ടെങ്കിലും ചെക്കിങ് ഉണ്ടെന്നു അറിയുമ്പോള്‍ മാത്രമേ ടിക്കറ്റ് നല്‍കാറുള്ളൂ എന്നും ബസ് പാസ്സഞ്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി എ കെ മുഹമ്മദ് പറഞ്ഞു.

പ്രതിഷേധ സദസ്സെന്ന ഓലപ്പാമ്പു കാട്ടി തന്നെ ഭീഷണിപ്പെടുത്തണ്ട – എം പി ജാക്സണ്‍

ഇരിങ്ങാലക്കുട : രാഷ്ട്രീയ ലക്ഷ്യങ്ങളോടുകൂടി തന്റെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ഒരു ഭീഷണി എന്ന നിലയിലാണ് ടൗണ്‍ ബാങ്ക് ,സഹകരണ ആശുപത്രി അഴിമതിക്കെതിരെയും ,എം സി പി കണ്‍വെന്‍ഷന്‍ സെന്റര്‍ നികുതി വെട്ടിപ്പിനെതിരെയും സി പി എം നടത്തുന്ന പ്രതിഷേധ സദസ്സ് നടത്തുന്നത് എന്ന് എം പി ജാക്സണ്‍ പറഞ്ഞു . സഹകരണവകുപ്പും ഭരണവും കൈയിലിരിക്കുമ്പോള്‍ എന്തുകൊണ്ട് ആ രീതിയില്‍ ഒരു അന്വേഷണം സര്‍ക്കാരിനെക്കൊണ്ട് എടുപ്പിക്കാന്‍ സി പി എം ശ്രമിക്കാത്തത് എന്നും എം പി ജാക്സണ്‍ ചോദിച്ചു. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തണമെങ്കില്‍ താന്‍ തന്നെ വിചാരിക്കണമെന്നും അല്ലാതെ ഇത്തരം ഓലപ്പാമ്പുകള്‍ കാട്ടി തന്നെ ഭീഷണിപ്പെടുത്തേണ്ട എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സില്‍ നിന്നു തന്നെ ഈ മൂന്ന് വിഷയങ്ങളിലും ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നു എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി ഒരു സര്‍ക്കസ് കൂടാരമാണെന്നും അതില്‍ പലതരം മനുഷ്യരും മൃഗങ്ങള്‍ ഉണ്ടാകുമെന്നും, ഇതിൽ എല്ലാവരെയും ഒരു പോലെ കൊണ്ട് നടന്നിട്ടല്ലലോ സര്‍ക്കസിന്റെ റിംഗ് കൊണ്ടുപോകുന്നത് . ഇത് വരെ റിംഗ് കൊണ്ടുപോകുന്നതില്‍ താന്‍ വിജയിച്ചിട്ടുണ്ടെന്നും ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന് പ്രത്യേകം അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ ജയിക്കാന്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത് എന്നും മറ്റുള്ളവരെ തോല്‍പ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കാറില്ലെന്നും ഞാന്‍ എവിടെയും ജയിക്കാന്‍ ഉള്ള പരിശ്രമം നടത്തും. ആര് എന്തു ആരോപണം പറഞ്ഞാലും ഞാന്‍ അത് നോക്കാറില്ല

സഹകരണ ആശുപത്രി വായ്‌പ വാങ്ങിയതിന്റെ ഇരട്ടി തുകയായ 9 .30 കോടി രൂപ ഹഡ്‌കോയ്ക്ക് നല്‍കി വായ്‌പ തീര്‍ക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുള്ളതാണ്. ടൗണ്‍ ബാങ്കില്‍ നിന്നും ആശുപത്രിയ്ക്ക് നല്‍കിയ വായ്‌പ പൂര്‍ണമായും തിരിച്ചടച്ചിട്ടുള്ളതാണെന്നും കോടതി നിര്‍ദേശപ്രകാരം പലിശയിളവ് ജനറല്‍ ബോഡി ഐക്യകണ്ഠേന അംഗീകരിച്ചിട്ടുള്ളതാണെന്നും എം പി ജാക്സണ്‍ പത്രക്കുറിപ്പിലറിയിച്ചു.

കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മാണത്തില്‍ നിയമലംഘനങ്ങള്‍ നടത്തിയിട്ടില്ലെന്നും നിര്‍മാണം ആരംഭിച്ചതിനു ശേഷം 2016ല്‍ നിലവില്‍ വന്ന കേരള ലാന്‍ഡ് യൂട്ടിലൈസേഷന്‍ ആക്ടിന് അനുസൃതമായി ആവശ്യമായ രേഖകള്‍ കൂടി സമര്‍പ്പിക്കാന്‍ മാത്രമേ ബാക്കിയുള്ളു എന്നും മുനിസിപ്പാലിറ്റി തെറ്റായി നികുതി നിശ്ചയിച്ചതിനു എതിരെ ഹൈകോടതിയില്‍ നല്‍കിയ കേസില്‍ മുനിസിപ്പല്‍ നടപടി നിര്‍ത്തി വയ്ക്കാന്‍ ഇടക്കാല ഉത്തരവായിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.


കേരളത്തില്‍ സഹകരണ മേഖലയില്‍ ആദ്യമായി ബ്രാന്‍ഡിംഗ് കൊണ്ട് വന്നതിന്റെ ഭാഗമായാണ് ഐ ടി സി ബാങ്ക് എന്ന പേര് സ്വീകരിച്ചത്. കൊല്‍ക്കത്ത ആസ്ഥാനമായ ഇന്ത്യന്‍ ടുബാക്കോ കമ്പനി ITC BANK എന്ന ട്രേഡ്മാര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നും മറിച്ച് ഇരിങ്ങാലക്കുട ടൗണ്‍ ബാങ്ക് itcbank.com എന്ന വെബ്സൈറ്റ് ഡൊമെയ്ന്‍ നെയിം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. എന്നാല്‍ ഇതിനെതിരെ ഇന്ത്യന്‍ ടുബാക്കോ കമ്പനി നല്‍കിയ കേസില്‍ ബാങ്കിനനുകൂലമായി വിധി ലഭിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ടുബാക്കോ കമ്പനി ബാങ്കിന് അധികാര പരിധി പോലുമില്ലാത്ത കൊല്‍ക്കത്തയില്‍ കേസ് രജിസ്റ്റര്‍ ചെയ്തും ഇടക്കാല ഉത്തരവ് അനുകൂലമായി കരസ്ഥമാക്കിയിട്ടുണ്ട്. കേസില്‍ താത്കാലിക സ്റ്റേ ഉള്ളതിനാലാണ് താല്‍ക്കാലികമായി ITC എന്ന പേര് ഉപയോഗിക്കാത്തത്. കേസ് ഇപ്പോളും നടന്നു കൊണ്ടിരിക്കുകയാണ്. ബാങ്കിന് നയാപൈസ നഷ്ടമുണ്ടാകില്ല എന്നുള്ളത് ഉറപ്പുള്ള കാര്യമാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ ദുരുപധിഷ്ടമാണ് എന്നും ബാങ്ക് ചെയര്‍മാന്‍ കൂടിയായ എം പി ജാക്സണ്‍ പറഞ്ഞു.

ടൗണ്‍ ബാങ്ക്, സഹകരണ ആശുപത്രി ധൂര്‍ത്തിനും അഴിമതിക്കുമെതിരെയും എം സി പി കണ്‍വെന്‍ഷന്‍ സെന്റര്‍ നികുതി വെട്ടിപ്പിനും അനധികൃത നിര്‍മാണത്തിനുമെതിരെ ഏപ്രില്‍ 21 ന് ആല്‍ത്തറയ്ക്കല്‍ സി പി ഐ എം നടത്തുന്ന പ്രതിഷേധ സദസ്സിന്റെ ഭാഗമായിട്ടാണ് എം പി ജാക്സണ്‍ ഇത്തരമൊരു പത്രക്കുറിപ്പ് ഇറക്കിയത്.

Related News : പ്രതിഷേധ സദസ് വെറും ഓല പാമ്പല്ല , ആഞ്ഞു കൊത്തുന്ന ചുവന്ന പാമ്പെന്ന് എന്‍.ആര്‍. ബാലന്‍ : അഴിമതികള്‍ക്കെതിരെ സഹകരണ നിയമപ്രകാരം അന്വേഷണം നടത്തും

ശാന്തിനികേതനില്‍ ത്രിദിന ശില്പശാല

ഇരിങ്ങാലക്കുട : ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ ,ഇംഗ്ലീഷ് ക്ലബ് ഓപ്പണ്‍ സിസെം- ന്റെ ആഭിമുഖ്യത്തില്‍ യു പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ‘ ത്രിദിന വായനശില്പശാല ‘ സംഘടിപ്പിച്ചു. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ ആര്‍ അച്യുതന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളില്‍ വായനാശീലവും, സാഹിത്യാഭിരുചിയും പരിപോഷിപ്പിക്കുന്നതിന് പര്യാപ്തമായ ക്രിയാത്മക പ്രവര്‍ത്തനങ്ങളാണ് ശില്പശാലയില്‍ സംഘടിപ്പിച്ചിരിക്കുന്നത് . മാനേജര്‍ .പ്രൊഫ് .എം എസ് വിശ്വനാഥന്‍ , പ്രിന്‍സിപ്പല്‍ ഹരീഷ് മേനോന്‍ , വൈസ് പ്രിന്‍സിപ്പല്‍ നിഷ ജിജോ , കണ്‍വീനര്‍ സവിത മോഹന്‍ എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ പ്രേമലത മനോജ് , റസിയ എന്നിവര്‍ ശില്പശാലക്കു നേതൃത്വം നല്‍കി .

ബി വി എം ട്രോഫി അഖില കേരള ഇലവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 23 മുതല്‍ 30 വരെ

ഇരിങ്ങാലക്കുട : കല്ലേറ്റുംകര ഫുട്ബോള്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ബി വി എം ട്രോഫി അഖില കേരള ഇലവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.കല്ലേറ്റുംകര ബി വി എം ഹൈസ്കൂള്‍ ഫ്ളഡ് ലൈറ്റ് മൈതാനിയില്‍ ഏപ്രില്‍ 23 മുതല്‍ 30 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത് .വൈകിട്ട് 7 മണിക്കാണ് മത്സരങ്ങള്‍ . 22- ാം തീയ്യതി ശനിയാഴ്ച വൈകിട്ട് 5 .30 ചലഞ്ചര്‍ ട്രോഫി ടൂര്‍ണമെന്റ് ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു . 24 – ാം തീയ്യതി തിങ്കളാഴ്ച്ച വൈകിട്ട് 7 മണിക്ക് ചലഞ്ചര്‍ ട്രോഫി ഫൈനലില്‍ ഇ മുരളീധരന്‍ ഇടയപ്പുറത്ത് മുഖ്യാതിഥിയായിരിക്കും . സമ്മാനദാനം സി എ സജീഷ് കൃഷ്ണന്‍ കെ നിര്‍വഹിക്കും . 23 – ാം തീയ്യതി ഞായറാഴ്ച വൈകീട്ട് 7 മണിക്ക് ടൂര്‍ണമെന്റ് ഉദ്ഘാടനം ചാലക്കുടി പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് സി എസ് ഷാഹുല്‍ ഹമീദ് നിര്‍വഹിക്കും . 30 – ാം തീയ്യതി ഞായറാഴ്ച വൈകീട്ട് ടൂര്‍ണമെന്റ്ഫൈനല്‍ നടക്കുന്നു. സമാപന സമ്മേളനത്തില്‍ കേരള ഫുട്ബോള്‍ അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ കെ പി സണ്ണി സമ്മാനദാനം നിര്‍വഹിക്കും . ബി വി എം ട്രോഫി ഫിസ്‌ക്‌റില്‍ പങ്കെടുക്കന്ന ടീമുകള്‍ ദേവഗിരി കോളേജ് കോഴിക്കോട് ,കേരള റെഡ് ആര്‍മി ഇലവന്‍സ് കൊച്ചി ,എഫ് സി തൃശൂര്‍ , റിയല്‍ മലബാര്‍ എഫ് സി കോഴിക്കോട് ,ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട , വിന്നേഴ്സ് ചലഞ്ചേഴ്‌സ് ട്രോഫി , എഫ് സി കോവളം , ഫാറൂഖ് കോളേജ് കോഴിക്കോട് എന്നിവരാണെന്നു പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ റോയ് കോപ്പുള്ളി ,ഫിനാന്‍സ് കണ്‍വീനര്‍ ബെര്‍ട്ട് കരിയാട്ടില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പോള്‍ കോക്കാട്ട് , പഞ്ചായത്ത് മെമ്പര്‍ ഐ കെ ചന്ദ്രന്‍ എന്നിവര്‍  അറിയിച്ചു.

എസ്.ബി.ഐ യിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും നടത്തി

ഇരിങ്ങാലക്കുട : ഉപഭോക്താളുടെ മേല്‍ ബാങ്കിംഗ് സേവനകള്‍ക്കു സര്‍വീസ് ചാര്‍ജും, ബാങ്കിംഗ് സേവനമുപയോഗിക്കാതിരുന്നാല്‍ പിഴയും ഏര്‍പ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജനദ്രോഹ നടപടിയില്‍ പ്രതിഷേ ധിച്ച് ജോയിന്റ് കൗണ്‍സില്‍ ഇരിങ്ങാലക്കുട മേഖലാകമ്മറ്റിയുടെ നേതൃത്വത്തില്‍ എസ്.ബി.ഐ മെയിന്‍ ബ്രാഞ്ചിലേക്ക് പ്രതിഷേധ പ്രകടനവും ബാങ്കിനുമുമ്പില്‍ ധര്‍ണ്ണയും നടത്തി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സംസ്ഥാനമൊട്ടുക്കും ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സ്‌റ്റേറ്റ് ബാങ്കു കളിലേക്ക് മേഖലാ അടിസ്ഥാനത്തില്‍ പ്രതിഷേധസമരങ്ങള്‍ നടന്നുവരുന്നുണ്ട്. ഇരിങ്ങാലക്കുട ആല്‍ത്തറ പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ചില്‍ വനിതകളുൾപ്പടെ നിരവധി സര്‍ക്കാര്‍ജീവനക്കാര്‍ പങ്കെടുത്തു. ബാങ്കിനുമുമ്പില്‍ നടന്ന ധര്‍ണ്ണ സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം കെ.എ.ശിവന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി എ.എം.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. എം.കെ.ഉണ്ണി,കെ.ജെ.ക്ലീറ്റസ്, വി.എന്‍.സുനില്‍, പി.കെ.ഉണ്ണികൃഷ്ണന്‍, സി.കെ.സുഷമ, ഇ.ജി.റാണി തുടങ്ങിയവര്‍ സംസാരിച്ചു.

Top
Close
Menu Title