News

Archive for: August 2017

നീണ്ട കാത്തിരിപ്പിനു ശേഷം കൂടല്‍മാണിക്യം അലങ്കാര ഗോപുരം നിര്‍മാണം ആരംഭിച്ചു

ഇരിങ്ങാലക്കുട : സംഗമേശ ഭക്തരുടെ ഏറെ നാളത്തെ ആഗ്രഹമായ കൂടല്‍മാണിക്യം ക്ഷേത്ര കവാട അലങ്കാര ഗോപുരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യാഴാഴ്ച രാത്രി ആരംഭിച്ചു . ബസ്‌ സ്റ്റാന്റ് പരിസരത്ത് കൂടല്‍മാണിക്യം റോഡ്‌ ആരംഭിക്കുന്നതിനു സമീപം പെട്രോള്‍ പമ്പിനും സുപ്രീം ബേക്കറിക്കും മുന്നിലാണ് കവാടം വരുന്നത്. രാത്രി 9 മണിക്ക് അലങ്കാര ഗോപുരത്തിന്റെ പൈലിങ് പണികള്‍ക്കായി റോഡിന്റെ ഇരുവശത്തും ജെ സി ബി ഉപയോഗിച്ചു കുഴികള്‍ നിര്‍മ്മിച്ചു. ദേവസ്വം മാനേജിങ് കമ്മിറ്റി മെമ്പര്‍ വിനോദ് തറയില്‍, വി പി രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ രാത്രി മുഴുവന്‍ പണികള്‍ പുരോഗമിക്കുന്നു. 12 മീറ്റര്‍ ഉയരവും 16 മീറ്റര്‍ വീതിയിലുമാണ് ഗോപുരം നിര്‍മാണം. 3 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് മാനേജിങ് കമ്മിറ്റി മെമ്പര്‍ വിനോദ് തറയില്‍ പറഞ്ഞു. നഗരസഭയുടെയും ദേവസ്വം കമ്മീഷണറുടെയും അനുമതിക്ക് ശേഷമാണ നിര്‍മാണം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.  സ്പോണ്‍സര്‍ഷിപ്പിലൂടെ ധനം സമാഹരിച്ചാണ് കവാടം നിര്‍മാണം നടക്കുന്നത്. സ്ഥിരം കവാട നിര്‍മ്മാണത്തിന് പ്രഥമ കൂടല്‍മാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ തങ്കപ്പന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ തീരുമാനം എടുക്കുകയും അതെ തുടര്‍ന്ന് അന്നത്തെ എല്‍ ഡി എഫ് മന്ത്രിസഭയിലെ ദേവസ്വം മന്ത്രിയായിരുന്ന കടന്നപ്പിള്ളി രാമചന്ദ്രന്‍ വര്ഷങ്ങള്ക്കു മുന്‍പ് ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തിരുന്നു. ക്ഷേത്ര കവാട നിര്‍മ്മാണത്തിന് 2009 ഡിസംബര്‍ 1 ന് നഗരസഭ അനുമതി നല്കിയിട്ടുള്ളതുമാണ്. എന്നാല്‍ നീണ്ട 8 വര്‍ഷക്കാലമായിട്ടും കവാട നിര്‍മ്മാണം നടത്താനായി പിന്നിട് വന്ന ദേവസ്വം ഭരണസമിതിയ്ക്ക് ആവാഞ്ഞത്‌ ഭക്തരില്‍ നിന്ന് കടുത്ത പ്രതിക്ഷേധത്തിന് ഇടയാക്കിയിരുന്നു. ഇപ്പോളത്തെ ഭരണസമിതിയുടെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നിര്‍മാണം ആരംഭിക്കാനായത് ഇവര്‍ക്ക് നേട്ടമായി. പ്രസിദ്ധമായ കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തിന് ബസ്‌ സ്റ്റാന്റ് പരിസരത്ത് താത്കാലിക പന്തല്‍ പോലും ഉയര്‍ത്താനായി ദേവസ്വം, ഭരണസമിതിയ്ക്ക് കഴിഞ്ഞിരുന്നില്ല . നഗരത്തിലെ ചെറുകിട ക്ലബ്ബുകള്‍ പോലും പരിപാടികള്‍ക്ക് വലിയ കമാനങ്ങളും പന്തലും ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ദേവസ്വം പന്തല്‍ ഉയര്‍ത്താതിരുന്നത് പ്രതിക്ഷേധം ക്ഷണിച്ച് വരുത്തിയിരുന്നു. ഈ വര്‍ഷം കൂടൽമാണിക്യം ഭക്തരുടെ ഒരു കൂട്ടായ്മ്മ ചേര്‍ന്ന് വലിയ ഒരു പന്തല്‍ ഒരുക്കിയിരുന്നു. എന്നാല്‍ സ്ഥിരം കവാടമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇപ്പോള്‍ പനമ്പിള്ളി രാഘവമേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി മുന്‍കൈ എടുക്കുന്നത് പൊതുവെ സ്വാഗതാര്‍ഹം ആയിട്ടുണ്ട്. തൃപ്രയാര്‍ ക്ഷേത്ര കവാട മാതൃകയില്‍ സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് കവാട നിര്‍മ്മാണം.

related news : കൂടല്‍മാണിക്യം അലങ്കാരഗോപുര നിര്‍മ്മാണത്തിന്റെ ഭൂമിപൂജ നടന്നു

ജൂണ്‍ അഞ്ചിന്‌ ലോനപ്പന്‍ നമ്പാടന്‍ അനുസ്‌മരണവും അവാര്‍ഡ്‌ ദാനവും

ഇരിങ്ങാലക്കുട : ലോനപ്പന്‍ നമ്പാടന്‍ അനുസ്‌മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ അഞ്ചിന്‌ ലോനപ്പന്‍ നമ്പാടന്‍ അനുസ്‌മരണവും അവാര്‍ഡ്‌ ദാനവും നടത്തും. പകല്‍ മൂന്നിന്‌ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മന്ത്രി എസി മൊയ്‌തീന്‍ ഉദ്‌ഘാടനം ചെയ്യും. ഏരിയയിലെ പൊതു വിദ്യാലയങ്ങളില്‍ നിന്ന്‌ എസ്‌എസ്‌എല്‍സി, പ്ലസ്‌ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എപ്ലസ്‌ നേടിയ വിദ്യാര്‍ഥികളെ ഉപഹാരം നല്‍കി അനുമോദിക്കും. വൃക്ഷതൈകള്‍ വിതരണം ചെയ്യും. പകല്‍ 1:30ന്‌ കരിയര്‍ ഗൈഡന്‍സ്‌ ക്ലാസ്‌ തുടങ്ങും. ഫോണ്‍ 9446995610

ഇരിങ്ങാലക്കുടയില്‍ സി.പി.എമ്മും കോണ്‍ഗ്രസ്സും ഒരുമിച്ച് ആര്‍.എസ്.എസ് വേദിയില്‍ പങ്കെടുത്തത് എല്‍.ഡി.എഫ്. യു.ഡി.എഫ്. നേതാക്കള്‍ വിശദീകരിക്കണം -കേരള ജനപക്ഷം

ഇരിങ്ങാലക്കുട : സി.പി.എമ്മും കോണ്‍ഗ്രസ്സും ഒരുമിച്ച് പുല്ലൂര്‍ ഊരകത്ത് ആര്‍.എസ്.എസ് വേദിയില്‍ പങ്കെടുത്തത് എല്‍.ഡി.എഫ് – യു.ഡി.എഫ് നേതാക്കള്‍ വിശദീകരിക്കണമെന്നു കേരള ജനപക്ഷം സംസ്ഥാന സെക്രട്ടറി അഡ്വ. സൈജോ ഹസ്സന്‍ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കേരള ജനപക്ഷം മുമ്പ് ആരോപിച്ചതു പോലെ കോണ്‍ഗ്രസ്,സി.പി.എം, ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ സാമ്പത്തിക ലാഭത്തിനു വേണ്ടി പരസ്പരം ഒത്തുകളിച്ച് ഇരിങ്ങാലക്കുട എം.എല്‍.എ.യുടേയും, എം.പിയുടേയും, കോണ്‍ഗ്രസ് നേതാക്കളുടെയും സി.പി.എം. നേതാക്കളുടേയും പിന്തുണയോടുകൂടി ഇരിങ്ങാലക്കുട നഗരസഭയുടെ വികസനം അട്ടിമറിക്കുകയാണെന്നുള്ള വസ്തുത ശരിയെന്ന് തെളിയിക്കുന്നത്താണ് ആര്‍ എസ് എസ് സേവാ പ്രമുഖ് ഷൈനിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ആര്‍.എസ്.എസ് ഊരകം ശാഖ സംഘടിപ്പിച്ച പുസ്തകവിതരണച്ചടങ്ങില്‍ ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു. അരുണന്നും ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് നേതാവുമായ തോമസ് തത്തപ്പിള്ളിയും ഒരുമിച്ച് ഒരേവേദിയില്‍ പങ്കെടുത്തത്. വര്‍ഗ്ഗീയ ഫാസിസം വാരി വിതറുന്ന ആര്‍.എസ്.എസ്  സംഘടിപ്പിച്ച പരിപാടിയില്‍, സെക്കുലര്‍ സംവിധാനം പ്രസംഗിച്ചു നടക്കുന്ന കെ.യു. അരുണന്‍മാഷ് എം.എല്‍.എ പങ്കെടുത്തത് ജനവഞ്ചനയാണെും അദ്ദേഹത്തിന് എം.എല്‍.എയായി തുടരാന്‍ അര്‍ഹതയില്ലെും എം.എല്‍.എ സ്ഥാനം രാജിവയ്ക്കണെമെന്നും കേരള ജനപക്ഷം സംസ്ഥാന സെക്രട്ടറി അഡ്വ. സൈജോ ഹസ്സന്‍ ആവശ്യപ്പെട്ടു .

related news : ആര്‍ എസ്എസ് പരിപാടി ഉദ്ഘാടനം ചെയ്ത സി.പി.എം. എം എല്‍ എയുടെ നടപടിയില്‍ അണികള്‍ക്ക് രോക്ഷം

വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട : നമ്പര്‍ വണ്‍ സെക്‌ഷന്‍റെ പരിധിയില്‍ വരുന്ന അരിപ്പാലം, വളവനങ്ങാടി, കുന്നത്തങ്ങാടി എന്നിവിടങ്ങളില്‍ 11 കെ വി ലൈനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജൂണ്‍ 1 വ്യാഴാഴ്ച രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.

ആര്‍ എസ്എസ് പരിപാടി ഉദ്ഘാടനം ചെയ്ത സി.പി.എം. എം എല്‍ എയുടെ നടപടിയില്‍ അണികള്‍ക്ക് രോക്ഷം

ഇരിങ്ങാലക്കുട : പാര്‍ട്ടിയുടെ ‘പ്രഖ്യാപിത ശത്രുക്കള്‍’ ആയ ആര്‍ എസ് എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത്  ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ. കെ യു അരുണന്റെ നടപടി സി പി എമ്മിനെ വെട്ടിലാക്കുന്നു . പുല്ലൂര്‍ ഊരകം വാരിയാട്ടില്‍ ക്ഷേത്ര ഹാളില്‍ ആര്‍ എസ് എസ് ഇന്റെ നേതൃത്വത്തില്‍ നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ പുസ്തകവിതരണവും പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള അനുമോദന പരിപാടിയും ഉദ്ഘാടനം ചെയ്തത് സി പി എം എം എല്‍ എ യും ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി  അംഗവുമായ അരുണന്‍ മാസ്റ്റര്‍ ആയിരുന്നു . അകാലത്തില്‍ വേര്‍പിരിഞ്ഞു പോയ തങ്ങളുടെ സഹപ്രവര്‍ത്തകനും ആര്‍ എസ് എസ് സേവാപ്രമുഖുമായിരുന്ന ഷൈനിന്റെ ഓര്‍മ്മക്കായി ആണ്. ആര്‍ എസ് എസ് ഈ പരിപാടി കഴിഞ്ഞ 9 വര്‍ഷമായി നടത്തുന്നത് . ആദ്യമായാണ് ഒരു സി പി എം എം എല്‍ എ യെ ഉദ്ഘാടനം ചെയ്യാനായി ക്ഷണിക്കുന്നത് . ആര്‍ എസ് എസ് പരിപാടിക്ക് സി പി എം  എം എല്‍ എ പങ്കെടുത്തത് അണികളില്‍ മുറുമുറുപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ആര്‍ എസ് എസ് വേദിയില്‍ അരുണന്‍ മാസ്റ്റര്‍ എം എല്‍ എ ക്ക് അഭിനന്ദങ്ങള്‍ എന്ന പോസ്റ്ററുകള്‍ വിവിധ ആര്‍ എസ് എസ് അനുകൂല സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട് .എന്നാല്‍ ആര്‍ എസ്എസിന്റെ ചടങ്ങ് ആണെന്ന് അറിഞ്ഞിട്ടല്ല താന്‍ പങ്കെടുത്തത് എന്ന് എം എല്‍ എ വിശദീകരിക്കുന്നു. ഈ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നത് മുന്‍ മുരിയാട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ഇപ്പോഴത്തെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ തോമസ് തത്തംപിള്ളിയാണ് . ആര്‍ എസ്എസിന്റെ ഈ പരിപാടിയില്‍ പങ്കെടുത്തത് വിവാദമായതിനാല്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി തോമസ് തത്തംപ്പിള്ളിക് ഷോക്കോസ് നോട്ടീസ് നല്‍കിയതായി കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്സണ്‍ പറഞ്ഞു . സി പി എം ഏരിയ സെക്രട്ടറി ഉല്ലാസ് കള്ളക്കാട് ഈ വിഷയത്തെ കുറിച്ച് ഇന്ന് വൈകീട്ട് പ്രതികരിക്കാമെന്നും അറിയിച്ചു . എന്നാല്‍ തങ്ങള്‍ ഈ പരിപാടി രാഷ്ട്രീയമായിട്ടല്ല നടത്താറുള്ളത് എന്നും സംഘാടകര്‍ പറഞ്ഞു . മുന്‍ വര്‍ഷങ്ങളില്‍ ഇതേ സ്ഥലത്ത് ഷൈനിന്റെ അനുസ്മരണ ചടങ്ങില്‍ അന്നത്തെ ഇരിങ്ങാലക്കുട എം എല്‍ എ കേരള കോണ്‍ഗ്രസ്സുകാരനായ ഉണ്ണിയാടന്‍ പങ്കെടുത്തിരുനെന്ന് അവര്‍ പറഞ്ഞു . ഒരു എം.എല്‍.എ എന്നാല്‍ ഏവരുടെയും ആണെന്നും, വെറും സങ്കുചിതമായ രാഷ്ട്രീയ കണ്ണോടെ മാത്രം ഇപ്പോള്‍ സംഭവിച്ചതിനെ കാണരുതെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ ഭൂരിപക്ഷവും ഈ വിഷയത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നത്.

വിരമിക്കുന്ന നഗരസഭ ഉദ്യോഗസ്ഥര്‍ക്ക് യാത്രയപ്പ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയില്‍ നിന്നും നീണ്ട 26 വര്‍ഷത്തെ സര്‍വീസിനു ശേഷം വിരമിക്കുന റവന്യൂ സൂപ്രണ്ട് കെ ആല്‍ബെര്‍ട്ടിനും 32 വര്‍ഷത്തെ സര്‍വീസിനു ശേഷം വിരമിക്കുന നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി മന്മഥനും നഗരസഭ ജീവനക്കാരുടെ സംഘടനയായ മെര്‍ക്കിന്റെ നേതൃത്വത്തില്‍ ജീവനക്കാരും കൗണ്‍സിലര്‍മാരും ചേര്‍ന്ന് യാത്രയപ്പ് നല്‍കി.

ഉദയ പ്രോവിന്‍സ് അനുരഞ്ജന വര്‍ഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത അനുരഞ്ജന വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്ന ഈ വേളയില്‍ അനുരഞ്ജന വര്‍ഷം അനുസ്മരിച്ചുകൊണ്ട് സി എം സി ഉദയ പ്രോവിന്‍സ് തങ്ങളുടെ ഭവനകളോട് ചേര്‍ന്ന യൂണിറ്റുകളിലെ കുടുംബാഗങ്ങള്‍ക്കു മാള കാര്‍മ്മല്‍ കോളേജില്‍ അനുരഞ്ജന സായാഹ്നം സംഘടിപ്പിച്ചു. സ്കിറ് , തെരുവുനാടകം , മൂകാഭിനയം തുടങ്ങിയ കലാ പ്രകടനങ്ങള്‍ക്കു വേണ്ടി സംഘടിപ്പിച്ച മത്സരത്തില്‍ മാള സൊക്കോര്‍സോ യൂണിറ്റ്, ഹോളി ചൈല്‍ഡ് സ്നേഹഗിരി , ഹോളി ഫാമിലി കാര്‍മല്‍ ഭവന്‍ കാട്ടൂര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി . നല്ല നിലവാരം പുലര്‍ത്തിയ ഓരോ യൂണിറ്റുകള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി . പ്രോവിന്‍ഷ്യാല്‍ സുപ്പീരിയര്‍ ഡോ. റോസ്മേരി , വികര്‍ പ്രോവിന്‍ഷ്യാല്‍ സിസ്റ്റര്‍ ജോസ്‌റിറ്റ , മാള കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിജോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഫെയ്ത്ത് ഫോര്‍മേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ഫ്‌ളവററ്റ് സ്വാഗതവും പി ആര്‍ ഒ സിസ്റ്റര്‍ ധന്യ നന്ദിയും പറഞ്ഞു.

വിരമിക്കുന്ന ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് ജീവനക്കാര്‍ക്ക് യാത്രയപ്പ് നല്‍കി

ഇരിങ്ങാലക്കുട : കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷനിലെ അംഗങ്ങളും , ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് ജീവനക്കാരുമായ ജോജോ തോമസും ഷെയ്ക്ക് ദാവൂദും  സര്‍വീസില്‍ നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി   ഇരുവര്‍ക്കും യൂണിയന്റെ നേതൃത്വത്തില്‍ യാത്രയപ്പ് നല്‍കി . പ്രസിഡന്റ് കെ പി സെബാസ്റ്റ്യന്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു . യാത്രയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനവും മൊമെന്റോ സമര്‍പ്പണവും കെ പി സി സി ജനറല്‍ സെക്രട്ടറിയും ടൗണ്‍ ബാങ്കിന്റെ ചെയര്‍മാനുമായ എം പി ജാക്സണ്‍ നിര്‍വഹിച്ചു . സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി രെജി തൈവളപ്പില്‍ , ബാങ്കിന്റെ ഡയറക്ടര്‍ അഡ്വ. ടി ജെ തോമസ് , സംസ്ഥാന ഭാരവാഹികളായ ടി വി ചാര്‍ളി, പീറ്റര്‍ ജോസഫ് , എന്‍ ജെ ജോയ് , എം ഒ ജോണ്‍സണ്‍ എന്നിവര്‍  സംസാരിച്ചു.

സ്നേഹവിരുന്നും യാത്രയപ്പും നല്‍കി

പടിയൂര്‍ : ഗ്രാമപഞ്ചായത്ത് 8 – ാം വാര്‍ഡില്‍ കെട്ടുചിറ ഉദയ അംഗന്‍വാടിയില്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷം പഠിച്ച കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും പുസ്തകവും പെന്‍സിലും സ്നേഹവിരുന്നും നല്‍കി യാത്രയപ്പ് നല്‍കി . അംഗന്‍വാടി ടീച്ചര്‍ ജെസ്റ്റീന റോബിന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടി വാര്‍ഡ് മെമ്പര്‍ ശ്രീ.ടി.ഡി.ദശോബ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടേയും അമ്മമാരുടേയും കലാപരിപാടികളും സംഘടിപ്പിച്ചു. സിമി, ഫിലോമിന, ദിവ്യ, റൂബി, സൗമ്യ എന്നിവര്‍ നേതൃത്വം നല്‍കി.

ജീവിതത്തിന്റെ സായാഹ്നങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട വാര്‍ദ്ധക്യത്തിന് ഒരു കൈതങ്ങായി മാണിക്യന്‍ ഫൗണ്ടേഷന്‍ നിലവില്‍ വന്നു

ഇരിങ്ങാലക്കുട : ജീവിതത്തിന്റെ സായാഹ്നങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട വാര്‍ദ്ധക്യത്തിന് ഒരു കൈതാങ്ങായി മാണിക്യന്‍ ഫൗണ്ടേഷന്‍ നിലവില്‍ വന്നു. കൂത്തുപാലക്കല്‍ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്റെ ഉദ്ഘാടനം സ്വാമി പുരുഷോത്തമാനന്ദ സരസ്വതിയും ശ്രീലക്ഷ്മി ഗോവര്‍ദ്ധനും സംയുക്തമായി നിര്‍വഹിച്ചു. ഉപേക്ഷിക്കപ്പെട്ട വയോജനങ്ങള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ അധികൃതരില്‍ നിന്നും ആര്‍ജിച്ചെടുക്കാനും, വ്യദ്ധസദനങ്ങളിലെ അര്‍ഹരായ അന്തേവാസികളെ ദത്തെടുക്കാനും, വീടുകളില്‍ മാനസികമായും അല്ലാതെയും ഒറ്റപ്പെട്ടുപോകുന്ന വൃദ്ധജനങ്ങളെ സാമുഹ്യധാരയിലേക്ക് കൊണ്ടുവരാനും, സൗജന്യ വൈദ്യസഹായവുമാണ് ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്. മേജര്‍ ജനറല്‍ റിട്ട. പി.വിവേകാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ റിട്ട. സൂപ്രണ്ട് ഓഫ് പോലീസ് വി.വി.മോഹനന്‍, പൊഫ. സാവിത്രി ലക്ഷ്മണന്‍, കാമിലാ വിവിയന്‍, എന്നിവര്‍ പ്രസംഗിച്ചു. നൂറ്റൊനംഗസഭ ജനറല്‍ കണ്‍വീനര്‍ എം.സനല്‍കുമാര്‍ സ്വാഗതവും, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂത്തുപാലക്കല്‍ വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.

ഗുരുമന്ദിരത്തിന്റെ ശിലാസ്ഥാപനകര്‍മവും വിദ്യാര്‍ത്ഥികള്‍ക്കുള്ള നോട്ട് ബുക്ക് വിതരണവും നടന്നു

കടുപ്പശ്ശേരി : എസ് എന്‍ ഡി പി യോഗം കടുപ്പശ്ശേരി ശാഖയുടെ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ഗുരുമന്ദിരത്തിന്റെ ശിലാസ്ഥാപനകര്‍മവും വിദ്യാര്‍ത്ഥികള്‍ക്കുള്ള നോട്ട് ബുക്ക് വിതരണവും നടന്നു. ഗുരുമന്ദിരത്തിന്റെ ശിലാസ്ഥാപനകര്‍മം കല്ലിങ്ങപുറം നാരായണന്‍ നിര്‍വഹിച്ചു .ശാഖ സെക്രട്ടറി അജു കോച്ചേരി മുഖ്യ പ്രഭാഷണം നടത്തി . വിദ്യാര്‍ത്ഥികള്‍ക്കുള്ള നോട്ട് ബുക്ക് വിതരണം കല്ലിങ്ങപുറം രാഘവന്‍ നിര്‍വഹിച്ചു. ദയാനന്ദന്‍ മച്ചിങ്ങല്‍ സ്വാഗതവും സുനില്‍കുമാര്‍ പൊറ്റക്കല്‍ നന്ദിയും പറഞ്ഞു

ക്രൈസ്റ്റ് കോളേജിലെ സമ്മര്‍ കോച്ചിങ് ക്യാമ്പിന് സമാപനം

ഇരിങ്ങാലക്കുട : ഒന്നരമാസമായി ക്രൈസ്റ്റ് കോളേജ് അത്‌ലറ്റിക് ക്ലബ്ബിന്റെയും ജംപിങ് അക്കാദമിയുടെയും നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തില്‍ നടന്നു വന്നിരുന്ന അത്‌ലറ്റിക് കോച്ചിങ് ക്യാമ്പിന് സമാപനമായി . സായ് കോച്ച് വാള്‍ട്ടര്‍ പി ജോണിന്റെയും സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ച് സേവ്യര്‍ പൗലാസിന്റെയും ദേശീയതാരം സ്വരൂപ് രാജന്റെ നേതൃത്വത്തിലും പോള്‍ വാള്‍ട്ടില്‍ 25 ഭാവി വാഗ്ദാനങ്ങള്‍ക്കു അന്തര്‍ദേശിയ താരം ജീഷ് കുമാറിന്റെ നേതൃത്വത്തിലും വളരെ ഭംഗിയായി നടന്ന അവധിക്കാല കോച്ചിങ് ക്യാമ്പ് സമാപിച്ചു . കോച്ച്മാരായ വാള്‍ട്ടര്‍ പി ജോണ്‍ , അന്തര്‍ദേശിയ താരം ജീഷ്കുമാര്‍ , കോച്ച് സേവ്യര്‍ പൗലോസ് , ദേശീയതാരം സ്വരൂപ് രാജന്‍ , ഫാ .ജോയ് പിണിക്കപ്പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സഖാവ് വി കെ രാജന്‍ ചരമദിനം ആചരിച്ചു

ആളൂര്‍ : സി പി ഐ ആളൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മന്ത്രിയും കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ സമുന്നതനായ നേതാവുമായിരുന്ന സഖാവ് . വി കെ രാജന്റെ ചരമദിനം ആചരിച്ചു. പഞ്ഞപ്പിള്ളിയില്‍ നടന്ന സമ്മേളനം സി പി ഐ തൃശൂര്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി സി അര്‍ജുനന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് കെ പി സന്ദീപ് ഉന്നത മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു . ജില്ലാ കൗണ്‍സില്‍ അംഗം എം സി ലത്തീഫ് , ബിന്ദു ഷാജു , അജിത സുബ്രമണ്യന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.എ എസ് ബിനോയ് സ്വാഗതവും അരുണ്‍ പഞ്ഞപ്പിള്ളി നന്ദിയും പറഞ്ഞു .

വീടിനു മുന്നില്‍ കക്കൂസ് മാലിന്യം തള്ളി

ഇരിങ്ങാലക്കുട : എ കെ പി ജംഗ്ഷന് സമീപം ക്രൈസ്റ്റ് കോളേജ് റോഡില്‍ വീടിനു മുന്നില്‍ കക്കൂസ് മാലിന്യം തള്ളിയത് മൂലം വീടുകാര്‍ക്ക് പുറത്തു ഇറങ്ങാന്‍ പറ്റാത്ത അവസ്ഥ . സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നിലെ ഒഴിഞ്ഞ പറമ്പില്‍ തള്ളിയ മാലിന്യം ബുധനാഴ്ച രാവിലെ ഒലിച്ചിറങ്ങി തൊട്ടടുത്തുള്ള തെക്കേത്തല അഡ്വ. ജിജോ ഫ്രാന്‍സിസിന്റെ വീടിനു മുന്നില്‍ പരന്നു കിടക്കുകയായിരുന്നു . ഗേറ്റിനു മുന്നിലെ മാലിന്യക്കൂമ്പാരം മൂലം ഇവര്‍ക്ക് രാവിലെ 10 മണി വരെ പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല . നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ഫിലോമിന ഫ്രാന്‍സിസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് രാവിലെ 11 മണിയോട് കൂടി നഗരസഭ സ്ഥലം വൃത്തിയാക്കി . പോലീസില്‍ വിവരമറിയിച്ചുവെന്ന് അഡ്വ. ജിജോ ഫ്രാന്‍സിസ് പറഞ്ഞു.

പാര്‍വ്വതി ടീച്ചര്‍ (84) അന്തരിച്ചു

ഇരിങ്ങാലക്കുട : കണ്ടേശ്വരം ചന്ദ്രവിഹാറില്‍ പരേതനായ കാനിങ്ങാട്ട് ബാലചന്ദ്രമേനോന്റെ ഭാര്യ പാര്‍വ്വതി ടീച്ചര്‍ (84) അന്തരിച്ചു.  മക്കള്‍ ഗോപികൃഷ്ണന്‍, ഗീത, മോഹന്‍ദാസ്. മരുമക്കള്‍: മിനി, ഗംഗാധരന്‍, ഉഷ. സംസ്‌ക്കാരം വ്യാഴാഴ്ച .

Top
Close
Menu Title