News

Archive for: September 20th, 2017

ഇരിങ്ങാലക്കുട ജോയിന്റ് ആര്‍ ടി ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്

ഇരിങ്ങാലക്കുട : ജോയ്ന്റ് ആര്‍ ടി ഓഫിസില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. ലൈസന്‍സ് നല്‍കുന്നതിലെ ക്രമകേടുകളെ കുറിച്ച് വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. തൃശൂര്‍ വിജിലന്‍സ് സി.ഐ സുനില്‍കുമാര്‍ പി.എസ്സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കായി ബുധനാഴ്ച ഓഫീസിലെത്തിയത്. ഇരിങ്ങാലക്കുട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിലിപ് കുമാറിനെതിരെയാണ് പരാതി. പുതിയ ലൈസന്‍സുകള്‍ക്ക് വരുന്ന അപേക്ഷകളില്‍ ഏജന്റുമാര്‍ പ്രത്യേക അടയാളം ഇടുകയും അത്തരം അപേക്ഷകളില്‍ അന്ന് തന്നെ ലൈസന്‍സുകള്‍ നല്‍കുന്നുമാണ് പരാതി. ഇത്തരം ഏജന്റുമാരുടെ കൈവശം പണം നല്‍കാത്തവരെ ഡ്രൈവിംങ്ങ് ടെസ്റ്റുകളില്‍ തോല്‍പിക്കുന്നതായും പരാതിയുണ്ടെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിജിലന്‍സ് സംഘത്തില്‍ എസ്.ഐ ജോണ്‍സണ്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അപ്പു എന്നിവരും ഉണ്ടായിരുന്നു.

അനുമതിയില്ലാതെ ദേവസ്വം ഓഫീസിനു മുന്നില്‍ സ്വകാര്യപന്തല്‍ : നിയമപരമായി നടപടി തടഞ്ഞ അഡ്മിനിസ്ട്രറ്റര്‍ക്കെതിരെ ദേവസ്വം ചെയര്‍മാന്‍

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോല്‍ത്സവത്തിനോടനുബന്ധിച്ചു ദേവസ്വം ഓഫീസിനു മുന്നിലെ  റോഡില്‍ സ്വകാര്യ ധനകാര്യ സ്ഥാപനമായ ഐ സി എല്‍ അലങ്കാര പന്തല്‍ നിര്‍മ്മിക്കുന്നത് ചട്ടങ്ങള്‍ പാലിച്ചല്ലെന്നു ദേവസ്വം കമ്മിറ്റി മെമ്പര്‍മാര്‍. ബുധനാഴ്ച രാവിലെ അനുമതിയില്ലാതെ പന്തലിന്റെ കാല്‍നാട്ടു കര്‍മ്മ ചടങ്ങ് ഈ സ്ഥാപനം നടത്തുകയുണ്ടായി . ഈ സമയം അവിടെയെത്തിയ ദേവസ്വം മെമ്പര്‍ വിനോദ് തറയില്‍ സ്ഥലത്തുണ്ടായിരുന്ന ഐ സി എല്‍ പ്രതിനിധികളോട് അനുമതിയോടെയാണോ പന്തല്‍ നിര്‍മ്മാണം എന്ന് ചോദിക്കുകയും അനുമതി ഉണ്ടെന്നു പറഞ്ഞപ്പോള്‍ താന്‍ ഉള്‍പ്പെട്ട മാനേജിംഗ് കമ്മിറ്റി അങ്ങനെയൊരു അനുമതി നല്‍കിയിട്ടില്ലെന്നും ഉണ്ടെങ്കില്‍ കാണിച്ചു തരാനുംആവശ്യപ്പെട്ടു . എന്നാല്‍ അനുമതി പത്രം കാണിക്കാന്‍ ഇവര്‍ക്കായില്ല.
എന്നാല്‍ ബുധനാഴ്ച രാവിലെ കാല്‍നാട്ടു കര്‍മം ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്റെ സാന്നിധ്യത്തില്‍ പ്രമുഖ വ്യവസായി സുന്ദര്‍ മേനോന്‍ നിര്‍വഹിച്ചു. അനുമതിയില്ലാതെ കാല്‍നാട്ടു കര്‍മ്മം നടത്തിയതിനെ തുടര്‍ന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഉടന്‍ തന്നെ ഐ സി എല്‍ കമ്പനി പ്രതിനിധികളെയും പന്തല്‍ കരാറുകാരെയും വിളിക്കുകയും പണി ഉടന്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പണി തല്‍ക്കാലം നിര്‍ത്തി വച്ചിരിക്കുകയാണ് . ചില മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ഈ അനധികൃത നിര്‍മ്മാണത്തിന് പുറകില്‍ ഉണ്ടെന്നു മറ്റു മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങള്‍ പറയുന്നു . ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്കു പ്രസ്തുത പന്തലിന്റെ കാല്‍നാട്ടു കര്‍മ്മ ചടങ്ങിന്റെ ക്ഷണക്കത്തുമായി ഐ സി എല്‍ പ്രതിനിധികള്‍ എത്തിയപ്പോള്‍ മാത്രമാണ് ഈ വിവരം താന്‍ അറിയുന്നത് എന്ന് അഡ്മിനിസ്ട്രേറ്റര്‍ പറയുന്നു . നിര്‍മ്മാണത്തിന് ദേവസ്വത്തിന്റെ അനുമതി ആവശ്യമാണെന്നും അല്ലാത്ത പക്ഷം പൊളിച്ചു നീക്കേണ്ടതായി വരുമെന്നും അഡ്മിനിസ്ട്രേറ്റര്‍ സൂചിപ്പിച്ചു . ഐ സി എല്‍ കമ്പനി പ്രതിനിധികള്‍ തിരിച്ചു പോയതിനു ശേഷം ദേവസ്വം ചെയര്‍മാനും ഒരു മാനേജ്‌മന്റ് കമ്മിറ്റി അംഗവും ഐ സി എല്‍ കമ്പനിക്ക് ചടങ്ങ് നടത്താന്‍ വേണ്ട സൗകര്യങ്ങള്‍ നടത്തികൊടുക്കണമെന്നും അഡ്മിനിസ്ട്രേറ്ററോട് ആവശ്യപ്പെട്ടു . എന്നാല്‍ അപേക്ഷ പോലും തരാതെയും കമ്മിറ്റി തീരുമാനം ഇല്ലാതെയും അനുവദിക്കാന്‍ പറ്റില്ലെന്ന് അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് മാനേജ്‌മന്റ് കമ്മിറ്റി അംഗവും ദേവസ്വം ചെയര്‍മാനും അഡ്മിനിസ്ട്രേറ്ററുമായി രൂക്ഷതര്‍ക്കവുമുണ്ടായി . അഡ്മിനിസ്ട്രറ്ററുടെ എതിര്‍പ്പിനെ മറി കടന്നു ദേവസ്വം ചെയര്‍മാനും ഒരു മെമ്പറും   വാദിക്കുന്നത് എന്ത് താല്പര്യത്തിന്റെ പുറത്താണെന്ന് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണെന്ന് മറ്റു മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങള്‍ പറയുന്നു . ആചാരാനുഷ്ടാനങ്ങള്‍ പ്രകാരം അമ്പലത്തിനു തൊട്ടു മുന്നില്‍ കിഴക്കേ ഗോപുരത്തിനോട് ചേര്‍ന്ന് ഒരു പന്തലും പിന്നെ കുട്ടന്‍കുളത്തിനു സമീപത്തെ പന്തലുമാണ്  നിര്‍മ്മിക്കാറുള്ളത്. പള്ളിവേട്ടക്കും ആറാട്ടിനും ഈ പന്തലുകളില്‍ ചടങ്ങുകള്‍ നടക്കാറുണ്ട് . ഒരു സ്വാകാര്യ സ്‌പോണ്‍സേര്‍ഡ് പന്തല്‍ ഈ പന്തലുകള്‍ക്കിടക്കുവരുന്നത് തന്നെ ആചാരഅനുഷ്ടനങ്ങള്‍ക്കു വിരുദ്ധമാണെന്നാണ് ഭൂരിപക്ഷം കമ്മിറ്റി മെമ്പര്‍മാരുടെയും അഭിപ്രായം .

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കലവറ നിറയ്ക്കല്‍ നടന്നു

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ അന്നദാനത്തിന് വേണ്ടി ക്ഷേത്രത്തിനകത്ത്‌ കിഴക്കേ നടപ്പുരയില്‍ കലവറ നിറയ്‌ക്കല്‍ ചടങ്ങ് നടന്നു. അന്നദാനത്തിന് ആവശ്യമായ എണ്ണ, നെയ്യ്, നാളികേരം, ശര്‍ക്കര, കദളിപഴം, പച്ചക്കറി, പലചരക്ക്‌, പലവ്യഞ്‌ജനങ്ങള്‍ മുതലായവ ഭക്തജനങ്ങള്‍ വഴിപാടായി സമര്‍പ്പിച്ചു, മണക്കാട് പരമേശ്വരന്‍ നമ്പൂതിരി ദീപം കൊളുത്തി ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചു. ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍, ദേവസ്വം ഭരണസമിതി അംഗം വിനോദ് തറയില്‍ , രാമചന്ദ്രന്‍ വി പി, ദേവസ്വം മാനേജര്‍ രാജി സുരേഷ്, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു .

കൂടല്‍മാണിക്യം ക്ഷേത്രോത്സവം -നഗരസഭാ ചെയര്‍പേഴ്സനെ ഒഴിവാക്കിയതില്‍ പരക്കെ പ്രതിഷേധം

ഇരിങ്ങാലക്കുട : ചരിത്ര പ്രസിദ്ധമായ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ നിന്നും ദളിതയായ നഗരസഭാ ചെയര്‍പേഴ്‌സനെ ഒഴിവാക്കിയതില്‍ പരക്കെ പ്രതിഷേധം . കോണ്‍ഗ്രസ് ഭരണസമിതിയുള്ള കൂടല്‍മാണിക്യം ദേവസ്വം കോണ്‍ഗ്രസിന്റെ തന്നെ നഗരസഭാ ചെയര്‍പേഴ്‌സനെ തടയുന്നതില്‍ രാഷ്ട്രീയമല്ല ഉള്ളതെന്നാണ് പരക്കെ ആക്ഷേപം.  നഗരസഭ അതിര്‍ത്തിയിലെ കൂടല്‍മാണിക്യം ക്ഷേത്രത്തിനു കലവറയില്ലാത്ത പിന്തുണ നല്‍കി വരുന്ന ഇരിങ്ങാലക്കുട നഗരസഭയുടെ ചെയര്‍പേഴ്‌സനെ ദേവസ്വം ഭ്രഷ്ട് കല്‍പ്പിക്കുന്നത് അവര്‍ ദളിത ആയതുകൊണ്ടാണോ എന്ന് ദേവസ്വം ഭരണസമിതി വ്യക്തമാക്കണമെന്ന് പ്രിയദര്‍ശിനി കല സാംസ്കാരിക വേദി ആവശ്യപ്പെട്ടു . നഗരസഭ ചെയര്‍പേഴ്‌സനെ ഒഴിവാക്കിയുള്ള ഈ നടപടിയില്‍ സി പി ഐ പാര്‍ലമെന്ററി പാര്‍ട്ടി പ്രതിഷേധിച്ചു . കൂടല്‍മാണിക്യം ക്ഷേത്രം സ്ഥിതി ചെയ്യുന്ന 25 ,26 വാര്‍ഡുകളിലെ ജനപ്രതിനിധികളെയും ദേവസ്വം പരിപാടികളില്‍ നിന്നും മനപ്പൂര്‍വം ചെയര്‍പേഴ്‌സനോടൊപ്പം മാറ്റി നിര്‍ത്തിയതില്‍ ബി ജെ പി നഗരസഭാ സമിതി പ്രതിഷേധിച്ചു.

കേരള ഫീഡ്സിനെ രക്ഷിക്കാന്‍ അടിയന്തര നടപടി വേണം -ടി എന്‍ പ്രതാപന്‍

ഇരിങ്ങാലക്കുട : കേരള ഫീഡ്സിനെ രക്ഷിക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ഡി സി സി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു . കേരള ഫീഡ്സ് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . തികച്ചും നല്ല രീതിയില്‍ ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന കേരള ഫീഡ്സ് പലരുടെയും കെടുകാര്യസ്ഥത മൂലമാണ് ഇന്നത്തെ അവസ്ഥയിലെത്തിയത്. ഫീഡ്സിനെ നഷ്ടത്തില്‍ നിന്നും കര കയറ്റാന്‍ സര്‍ക്കാരിന്റെ അടിയന്തരമായ ഇടപെടല്‍ ആവശ്യമാണെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. ഇരിങ്ങാലക്കുട പ്രിയ ഹാളില്‍ നടന്ന സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് അഡ്വ .എം എസ്‌ അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു . ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി മെയ്ദിന അനുസ്മരണ പ്രഭാഷണം നടത്തി . കേരള ഫീഡ്സ് മുന്‍ എം ഡി കെ വേണുഗോപാല്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു . കേരള ഫീഡ്സില്‍ നിന്നും വിരമിച്ച യൂണിയന്റെ മുന്‍ സെക്രട്ടറി ഇ കെ സുബ്രമുണ്യന് യോഗത്തില്‍ യാത്രയപ്പ് നല്‍കി . സി എം മൊയ്തീന്‍ഷാ , കെ ഹരിലാല്‍ , എം ആര്‍ രാധാകൃഷ്ണന്‍ , പി ഐ യുസഫ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു . യൂണിയന്റെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് അഡ്വ . എം എസ്‌ അനില്‍കുമാര്‍ , സെക്രട്ടറി എം ആര്‍ രാധാകൃഷ്ണന്‍ എന്നിവരെ സമ്മേളനത്തില്‍ തിരഞ്ഞെടുത്തു .

ശ്രീകൂടല്‍മാണിക്യം തിരുവുത്സവം- ശുദ്ധിക്രിയകള്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട : മെയ് ആറിന് കൊടികയറി പതിനാറാം തിയതി രാപ്പാള്‍ കടവില്‍ ആറാട്ടോടെ സമാപിക്കുന്ന ശ്രീ കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ ശുദ്ധികര്‍മ്മങ്ങള്‍ ആരംഭിച്ചു .പുലര്‍ച്ചേ കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രത്തില്‍ മഹാഗണപതി ഹോമം നടക്കും. 9 മണിക്ക് ഭക്തജനങ്ങള്‍ക്ക് എണ്ണ, നെയ്യ്, നാളികേരം, ശര്‍ക്കര, കദളിപഴം, പച്ചക്കറി എന്നിവ സമര്‍പ്പിക്കാവുന്ന കലവറ നിറയ്ക്കല്‍ ചടങ്ങ് കിഴക്കേ നടപ്പുരയില്‍ നടക്കും. വൈകീട്ട് ക്ഷേത്രത്തിന്റെ പ്രസാദത്തെ ശുദ്ധീകരിക്കാനായി നടത്തുന്ന പ്രസാദശുദ്ധിക്രിയകള്‍ ക്ഷേത്രത്തിനകത്ത് നടക്കും. മണ്ഡപത്തില്‍ നിര്‍വിഘ്‌നപരിസമാപ്തിയെ പ്രാര്‍ത്ഥിച്ചുകൊണ്ട് ഗണപതി പൂജ നടത്തി ശ്രീകോവിലിന്റെ ഉള്ളിലും ഇടനാഴികകളിലും പ്രസാദത്തിലും ശുദ്ധിവരുത്തി പൂജിക്കും. ശ്രീകോവിലിന്റെ പുറത്ത് ദേവന്റെ വലത്തുഭാഗത്ത് രാക്ഷോഘ്‌നഹോമവും ഇടത്തുഭാഗത്ത് വാസ്തുഹോമം, വാസ്തുശുദ്ധി, വാസ്തു കലശപൂജ എന്നിവയും നടക്കും. രാക്ഷോഘ്‌നഹോമത്തിന്റെയും വാസ്തുഹോമത്തിന്റെയും സംഭാതം അകത്തു സ്പര്‍ശിച്ച് വാസ്തുകലശങ്ങളാടി പുണ്യാഹം നടത്തും. ക്ഷേത്രവാസ്തുവിന്റെ അകത്ത് സംഭവിച്ചേക്കാവുന്ന ദോഷങ്ങള്‍ക്ക് പരിഹാരമായി നടത്തുന്ന ക്രിയകള്‍ക്ക് ശേഷം അത്താഴപൂജ നടക്കും. മെയ് നാലിന് രാവിലെ മണ്ഡപത്തില്‍ ചതുശുദ്ധി പൂജിച്ച് ദേവനെ അഭിഷേകം ചെയ്യും. ഉച്ചക്ക് പൂജക്കുമുമ്പ് ദേവന് ധാരയും നടക്കും.

നൂറ്റൊന്നംഗ സഭയുടെ അഞ്ചാം പിറന്നാള്‍ ആഘോഷിച്ചു

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗ സഭയുടെ അഞ്ചാം പിറന്നാള്‍ ആഘോഷ പരിപാടികള്‍ ജില്ലാ ജഡ്ജി ജി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇത് സംബന്ധിച്ച യോഗത്തില്‍ സഭ ചെയര്‍മാന്‍ ഡോ.ഇ പി ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എം സനല്‍ കുമാര്‍ , സെക്രട്ടറി പി രവിശങ്കര്‍ ,ട്രഷറര്‍ എം നാരായണന്‍കുട്ടി , ഡോ. ഹരിദ്രനാഥ്‌, പി കെ ശിവദാസ് എന്നിവര്‍ സംസാരിച്ചു . തുടര്‍ന്നു സഭ കുടുംബാംഗങ്ങള്‍ ഒരുക്കിയ പിറന്നാള്‍ സദ്യയുണ്ടായിരുന്നു .

Top
Menu Title