News

Archive for: September 21st, 2017

കൂടല്‍മാണിക്യം തിരുവുത്സവം : ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു, സുരക്ഷയ്ക്ക് മുന്‍ഗണന

ഇരിങ്ങാലക്കുട : ഈ വര്‍ഷത്തെ കൂടല്‍മാണിക്യം ഉത്സവം സുഗമമാക്കാന്‍ ദേവസ്വം മുന്‍കൈ എടുത്തു വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഉദ്യോഗസ്ഥന്മാരുടെ യോഗം നടത്തി. വ്യാഴാഴ്ച കൊട്ടിലാക്കലില്‍ ചേര്‍ന്ന യോഗത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ വേണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നു. ആനകളുടെ കാര്യത്തില്‍ ഫോറസ്റ്റും മൃഗസംരക്ഷണ വകുപ്പും പോലീസും ചേര്‍ന്നുള്ള പരിശോധന കര്‍ശ്ശനമാക്കും. മെയ് 7 നു വൈകിട്ട് 5 മണിക്ക് ആനകള്‍ക്കുള്ള പരിശോധന നടക്കും . അതോടൊപ്പം പാപ്പാന്മാര്‍ക്കുള്ള ബോധവത്കരണ ക്ലാസും നടത്താന്‍ ഉദ്ദേശിക്കുന്നു .  ആനകളെ തിരഞ്ഞെടുക്കുന്നതില്‍ ആനകളുടെ പൂര്‍വ്വ ചരിത്രവും അച്ചടക്കവും പ്രധാന മാനദണ്ഡങ്ങള്‍ ആക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശം വന്നു. പാപ്പാന്മാരുടെ സാനിദ്ധ്യം എപ്പോഴും വേണമെന്നും എഴുന്നുള്ളിപ്പ് പാതയില്‍ വെള്ളം നനയ്ക്കണമെന്നും നിര്‍ദ്ദേശം ഉയര്‍ന്നു. നിശ്ചിത അകലം പാലിച്ച് മാത്രമേ ഭക്തജനങ്ങളെ നിര്‍ത്താവൂ എന്നും ആനകള്‍ക്ക് പ്രകോപനം സൃഷ്ടിക്കുന്ന ശബ്ദം ഉണ്ടാക്കുന്ന തരത്തിലുള്ള ചില പ്രത്യേകതരം നീളം കൂടിയ ബലൂണുകള്‍ ഉത്സവ പറമ്പിലും ആനകളുടെ സമീപത്തും കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും നിരോധിക്കും. ഹേലികാമുകള്‍ക്കും  ക്ഷേത്രത്തിനു അകത്തും പുറത്തും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 200 പോലീസുകാരുടെ സേവനം എപ്പോഴും ലഭ്യമാകുന്ന രീതിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും സുരക്ഷാ ക്യാമറ , ആംബുലന്‍സ് , ബൈക്ക്പെട്രോളിങ്ങ് എന്നിവ ഉണ്ടാക്കുമെന്നും അതിനു പുറമേ ഒരു വാച്ച് ടവര്‍ വേണമെന്നും പോലീസ് ദേവസ്വത്തോട് ആവശ്യപ്പെട്ടു.തിരക്കുള്ള റൂട്ടുകളില്‍ കെ എസ് ആര്‍ ടി സി സ്പെഷ്യല്‍ ബസ്സുകള്‍ ഓടിക്കും. നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിലും വില്‍പ്പന ശാലകളിലും പരിശോധനകള്‍ കര്‍ശ്ശനമാക്കും. പോലീസ് ഫയര്‍ ഫോഴ്സ് , എക്‌സൈസ്, മൃഗ സംരക്ഷണ വകുപ്പ് ,ഫോറെസ്റ്, കെ എസ ഇ ബി , വാട്ടര്‍ അതോറിറ്റി, ഹെല്‍ത്ത്,  കെ എസ് ആര്‍ ടി സി എന്നി വകുപ്പുകളെ പ്രതിനിധികരിച്ച് 20 തോളം ഉദ്യോഗസ്ഥരും ജില്ല ഭരണകൂടത്തെ പ്രതിനിധികരിച്ച് മുകുന്ദപുരം തഹസില്‍ദാരും യോഗത്തില്‍ പങ്കെടുത്തു. ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, ദേവസ്വം , ദേവസ്വം ഭരണസമിതി അംഗം വിനോദ് തറയില്‍ , അശോകന്‍ ഐത്താടന്‍, അഡ്മിനിസ്ട്രെറ്റര്‍ എ എം സുമ എന്നിവര്‍ സന്നിഹിതരായിരുന്നു. യോഗത്തിനു ശേഷം ഇരിങ്ങാലക്കുട സി ഐ സുരേഷ് കുമാര്‍ , എസ് ഐ സുബീഷ് , മുകുന്ദപുരം തഹസില്‍ദാര്‍ മധുസൂദനന്‍ എന്നിവര്‍ ക്ഷേത്ര പരിസരം ചുറ്റികാണുകയും സുരക്ഷ മാനദണ്ഡങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ ദേവസ്വത്തിന് നല്‍കുകയുണ്ടായി .

അസാപ് പരിശീലന ക്യാമ്പിന് സെന്റ് ജോസഫ്‌സ് കോളേജില്‍ തുടക്കമായി

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അസാപ് ഇംഗ്ലീഷ് ആശയ വിനിമയ വൈദഗ്ദ്യത്തിനായുള്ള പരിശീലന ക്യാമ്പിന് ആരംഭമായി .മെയ് 22 വരെ നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ മുന്‍ നിയമസഭാ സ്‌പീക്കറും എം എല്‍ എ യുയുമായ കെ രാധാകൃഷ്ണന്‍ കുട്ടികളുമായി ആശയവിനിമയം നടത്തി. വിവിധ കോളേജുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 30 വിദ്യാര്‍ത്ഥികള്‍ ഈ ക്യാമ്പില്‍ പങ്കെടുക്കുന്നു.

എടതിരിഞ്ഞി അന്നപൂര്‍ണേശ്വരി -മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം

എടതിരിഞ്ഞി : മെയ് 6 നു എടതിരിഞ്ഞി അന്നപൂര്‍ണേശ്വരി -മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ക്ഷേത്ര തന്ത്രി കാവനാട്ട്മന വാസുദേവന്‍ തന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും . രാവിലെ ഗണപതിഹോമം , വിശേഷാല്‍ പൂജകള്‍ ,കലശാഭിഷേകം ,ഉച്ചപൂജ , പ്രസാദ ഊട്ട് , വൈകീട്ട് നിറമാല , ചുറ്റുവിളക്ക് ദീപാരാധനാ,സൗജന്യ വസ്ത്രാധാനം എന്നിവ ഉണ്ടാകുമെന്നു പ്രസിഡന്റ് ബിജേഷ്, സന്ദീപ് , രാധാകൃഷ്ണന്‍ , ജയരാജ് , ഭവിത്ത് എന്നിവര്‍ അറിയിച്ചു.

ഊരകം പള്ളി ശതോത്തര സുവര്‍ണ്ണ ജൂബിലി – തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി

ഇരിങ്ങാലക്കുട: ഊരകം സെന്റ് ജോസഫ്സ് പള്ളിയുടെ ശതോത്തര സുവര്‍ണ്ണ ജൂബിലിയാഘോഷത്തിന്റെ ഭാഗമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. ജൂബിലി ലോഗോ ആലേഖനം ചെയ്തിട്ടുള്ളതാണ് സ്റ്റാമ്പ് . പ്രകാശന ചടങ്ങ് സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സഡ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ടൈറ്റസ് കാട്ടുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.വികാരി ഫാ.ഡോ. ബെഞ്ചമിന്‍ ചിറയത്ത് അധ്യക്ഷത വഹിച്ചു.ഡി ഡി പി കോണ്‍വെന്റ് സുപ്പീരിയര്‍ മദര്‍ വിന്‍സി, ജനറല്‍ കണ്‍വീനര്‍ തോമസ് തത്തംപിള്ളി, കൈക്കാരന്മാരായ പി.എല്‍.ജോസ്, കെ.പി.പിയൂസ്, കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

വരദാനങ്ങളുടെ നാട്ടില്‍ പുത്തന്‍ രുചിക്കൂട്ടുകളുമായി സായ് ശരവണഭവന്‍

ഇരിങ്ങാലക്കുട : ഭക്ഷണത്തിന്റെ പുത്തന്‍ രുചി രുചിക്കൂട്ടുകളുമായി ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിനു സമീപം ഹോട്ടല്‍ സായ് ശരവണഭവന്‍ എത്തുന്നു . മലയാള തനിമയുള്ള വിഭവങ്ങള്‍ ഇനി ഇരിങ്ങാലക്കുടക്കാര്‍ക്കു സ്വന്തം . മെയ് 5 വെള്ളിയാഴ്ച്ച രാവിലെ 6 മണിക്ക് എം എല്‍ എ പ്രൊഫ് കെ യു അരുണന്‍ ഉദ്ഘാടനം നിര്‍വഹിക്കും എന്ന് പത്രസമ്മേളനത്തില്‍ പ്രൊപ്രൈറ്റര്‍ തിരുനെല്‍വേലി സ്വദേശി കെ കൃഷ്ണന്‍ , ലിന്‍സണ്‍ ആന്റണി എന്നിവര്‍ അറിയിച്ചു .

ജില്ലാ ഷട്ടില്‍ ടൂര്‍ണമെന്റ് മെയ് 6 ,7 തീയതികളില്‍ ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : ടാസ ഇരിങ്ങാലക്കുടയും ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടില്‍ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഉണ്ണിപറമ്പത്ത് രാജീവ് മെമ്മോറിയല്‍ തൃശൂര്‍ ജില്ലാ ഷട്ടില്‍ ടൂര്‍ണമെന്റ് മെയ് 5 ,6 തീയ്യതികളിലായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടില്‍ അക്കാദമി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തുന്നു.  ജില്ലയിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് മെയ് 6 നു വൈകീട്ട് 6 മണിക്ക് കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്സണ്‍ ഉദ്ഘാടനം നിര്‍വഹിക്കും .

മതസൗഹാര്‍ദ കര്‍ഷക സഭ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : രാജസ്ഥാനില്‍ ക്രൂരമായി വധിക്കപ്പെട്ട പെഹുലുഖാനിന്റെ വധത്തില്‍ പ്രതിഷേധിച്ചു കൊണ്ടും ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ഗീയതക്കെതിരെയും ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കര്‍ഷക സംഘം കമ്മിറ്റി സംഘടിപ്പിച്ച സഭ കര്‍ഷക സംഘം ഏരിയ സെക്രട്ടറി ടി ജി ശങ്കരനാരയണന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കെ ജി ജോണ്‍സന്‍ അദ്ധ്യക്ഷത വഹിച്ചു . പ്രൊഫ് കെ കെ ചാക്കോ സ്വാഗതവും അനില്‍കുമാര്‍ നന്ദിയും പറഞ്ഞു . മുന്‍സിപ്പല്‍ കൗണ്‍സിലര്‍ വത്സല ശശി , പൊറത്തിശ്ശേരി നോര്‍ത്ത് കര്‍ഷക സംഘം സെക്രട്ടറി പി എം മോഹനന്‍ , ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് ഹരിദാസ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു

Top
Menu Title