News

Archive for: September 20th, 2017

ശ്രീ കൂടല്‍മാണിക്യം തിരുവുത്സവത്തിന് കൊടിയേറി

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടു നില്ക്കുന്ന തിരുവുത്സവത്തിന് കൊടിയേറി.കൊടിയേറ്റ കര്‍മ്മത്തിന് തന്ത്രി നഗരമണ്ണ് മനയ്ക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൊടിയേറ്റത്തിന് മുന്നോടിയായി ശനിയാഴ്ച വൈകീട്ട് 7 : 30 നു ശ്രീകോവിലിന് മുമ്പില്‍ ആചാര്യവരണംനടന്നു .കൂറയും പവിത്രവും നല്കുക എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചടങ്ങ് ഉത്സവം നടത്തുവാൻ അര്‍ഹരായ തന്ത്രിയെ വസ്ത്രവും ദക്ഷിണയും നല്‍കി സ്വീകരിക്കുകയാണ് ചെയ്യുന്നത്. ആദ്യ കാലത്ത് ക്ഷേത്രാധികാരി എന്ന നിലക്ക് തിരുവിതാകൂര്‍ മഹാരാജാവിന്റെ പ്രതിനിധി തച്ചുടയ കൈമളാണ് കൂറയും പവിത്രവും നല്‍കാറുള്ളത്.തരണനെല്ലൂര്‍ ,അണിമംഗലം ,നകരമണ്ണ് ഇല്ലത്തെ പ്രതിനിധികള്‍ക്ക് ഊരാള പ്രതിനിധിയായ കുളമണ്ണില്‍ നാരായണന്‍ മൂസത് കൂറയും പവിത്രവും നല്കി ആചാര്യവരണം നടത്തി .ആചാര്യ വരണത്തിന് ശേഷം കൊടിയേറ്റത്തിനുള്ള ക്രിയകള്‍ ആരംഭിച്ചു. പുണ്യാഹം ചെയ്ത് ശുദ്ധികരിച്ച ദര്‍ഭകൊണ്ടുള്ള കൂര്‍ച്ചം ,പുതിയ കൊടിക്കൂറ ,മണി, മാല എന്നിവയിലേയ്ക്ക് വാഹനത്തെയും ആവാഹിച്ച് പൂജിച്ചതിന് ശേഷം പാണി കൊട്ടി കൊടിക്കൂറയും മറ്റും എടുത്തു പുറത്തേയ്ക്ക് വന്ന് കൊടിമരം പ്രദക്ഷണം ചെയ്ത് പുണ്യാഹം തളിച്ച് ശുദ്ധികരിച്ച കൊടിമരത്തിന് പൂജ ചെയ്ത് തുടര്‍ന്ന് ദാനം , മുഹൂര്‍ത്തം ചെയ്തതിന് ശേഷം കൊടിയേറ്റ് നടത്തി. കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച പുലര്‍ച്ചെ കലശകര്‍മ്മങ്ങള്‍ നടന്നു.മണ്ഡപത്തില്‍ സ്ഥലശുദ്ധി ക്രിയകള്‍ ചെയ്ത് പത്മമിട്ട് ബ്രഹ്മകലശവും പരികലശങ്ങളും കുഭേശകര്‍ക്കരിയും പൂജിച്ച് അധിവാസ ഹോമവും നടത്തി തുടര്‍ന്ന് ഹോമ സമ്പാതം കലശങ്ങളില്‍ സ്പര്‍ശിച്ച് കലശകര്‍മ്മങ്ങള്‍ ആരംഭം കുറിച്ചു. നടുക്ക് അഷ്ടദളപത്മത്തില്‍ ബ്രഹ്മകലശവും ചുറ്റും എട്ട് ദളകലശങ്ങളും പുറത്ത് എട്ട് ഖണ്ഡങ്ങളാക്കി തിരിച്ച് ഓരോ ഖണ്ഡത്തിന്റെയും മദ്ധ്യത്തില്‍ ഖണ്ഡബ്രഹ്മകലശവും അതിന് ചുറ്റും ബ്രഹ്മകലശങ്ങളും പൂജിച്ച് , ബ്രഹ്മകലശത്തില്‍ നെയ്യും ദളകലശങ്ങളില്‍ കാഞ്ഞവെള്ളം,രത്നങ്ങള്‍ ,ഫലങ്ങള്‍, ലോഹങ്ങള്‍ ,മാര്‍ജ്ജനം ,അഷ്ടഗന്ധം,അക്ഷതം,യവം എന്നീ ദ്രവ്യങ്ങളും ഖണ്ഡബ്രഹ്മകലശങ്ങളില്‍ പാദ്യം, അര്‍ഘ്യം,ആചമനീയം,പഞ്ചഗവ്യം ,തൈര് , പാല്‍ ,തേന്‍, കഷായം എന്നീ ദ്രവ്യങ്ങളും വിഷ്ണ്വാദി ദേവതകളെ ആവാഹിച്ച് നിറയ്ക്കുന്നു. പരികലശങ്ങളില്‍ ശുദ്ധജലം നിറച്ച് പൂജിച്ച് പല്മവാദികളെകൊണ്ട് അലങ്കരിക്കുന്നു . സ്വര്‍ണ്ണക്കുടത്തിലാണ് നെയ്യ് നിറച്ച് ബ്രഹ്മകലശമായി പൂജിക്കുന്നത്.എതൃത്ത പൂജ കഴിഞ്ഞാല്‍ ഉച്ച പൂജയ്ക്ക് സ്നാനത്തുള്ള സമയത്ത് കലശങ്ങളും കുംഭേശവും ദേവന് അഭിഷേകം ചെയ്ത് ഉച്ച പൂജ പൂര്‍ത്തിയാക്കി.

സംഗമപുരിയെ വര്‍ണ്ണാഭമാക്കി ദീപക്കാഴ്ച്ചക്ക് തുടക്കം

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ചു സംഗമേശ്വ ഭക്തരുടെ നേതൃത്വത്തില്‍ ഠാണാ മുതല്‍ ക്ഷേത്രം വരെ രാജ വീഥിയില്‍ ഒരുക്കിയ ആധുനിക പിക്സല്‍ എല്‍ ഇ ഡി യോട് കൂടിയ അലങ്കാരങ്ങങ്ങളോട് കൂടിയ ദീപക്കാഴ്ചയും ബസ് സ്റ്റാന്‍ഡ് പരിസരത്തെ 5 നിലകളോടെ ഉള്ള ദീപാലങ്കാര പന്തലിന്റെയും ഇല്യൂമിനേഷന്‍ സ്വിച്ച് ഓണ്‍ കര്‍മം കൂടല്‍മാണിക്യം ക്ഷേത്രം തന്ത്രി പ്രതിനിധി എ എസ് ശ്രീവല്ലഭന്‍ നമ്പൂതിരി നിര്‍വഹിച്ചു . എംഎല്‍എ  പ്രൊഫ.കെ.യു.അരുണന്‍, മുനിസിപ്പല്‍ ചെയര്‍പ്പേഴ്‌സണ്‍ നിമ്യ ഷിജു, തൃശൂര്‍ എസ്പി വിജയകുമാര്‍, കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്‍, അമ്പിളി ജയന്‍, ശ്രീജ സുരേഷ്, സോണിയ ഗിരി, രമേഷ് വാര്യര്‍,സുജ സജീവ്കുമാര്‍,  ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍, സംഘാടകകമ്മിറ്റി ചെയര്‍മാന്‍ റോളി ചന്ദ്രന്‍ കല്ലിങ്ങപ്പുറം, ജനറല്‍ കണ്‍വീനര്‍ സന്തോഷ് ചെറാക്കുളം, ചീഫ് കോഡിനേറ്റര്‍ കൃപേഷ് ചെമ്മണ്ട, ട്രഷറര്‍ എം.കെ.സുബ്രഹ്മണ്യന്‍ എന്നിവര്‍ പങ്കെടുത്തു. ഭക്തജനങ്ങളായ വ്യാപാരികള്‍, പ്രവാസികള്‍, പൊതുപ്രവര്‍ത്തകര്‍ ഭക്തജനങ്ങള്‍, ഓട്ടോ തൊഴിലാളികള്‍  എന്നിവരുടെ കൂട്ടായ്മയാണ് ദീപകാഴ്ചയൊരുക്കുന്നത്.

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രം ദീപപ്രഭയില്‍

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കിഴക്കേ നടയിലെ ഗോപുരത്തില്‍ അലങ്കാരദീപങ്ങള്‍  ശനിയാഴ്ച  രാത്രി തെളിയിച്ചു .  . കിഴക്കേ നടമുതല്‍  ഠാണാ  വരെയും ഇത്തവണ അലങ്കാരദീപങ്ങള്‍ ഉണ്ട് .  രാത്രി 8 മണി  മുതല്‍ കൂടല്‍മാണിക്യം കൊടിയേറ്റം ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം ഇരിങ്ങാലക്കുടലൈവ് ഡോട്ട് കോമില്‍ ഉണ്ടായിരിക്കും  click to watch LIVE

എച്ച് ഡി പി സമാജം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എസ് എസ് എല്‍ സി ക്ക് നൂറു ശതമാനം വിജയം നേടിയവരെ അനുമോദിച്ചു

എടതിരിഞ്ഞി : എച്ച് ഡി പി സമാജം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നൂറു ശതമാനം വിജയം നേടിയവരെ പി ടി എ യും മാനേജ്മെന്റും അനുമോദിച്ചു . മാനേജര്‍ ഭരതന്‍ കണ്ടേക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു .  പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു ഉദ്ഘാടനം നിര്‍വഹിച്ചു . ബ്ലോക്ക് മെമ്പര്‍ കെ എസ് രാധാകൃഷ്ണന്‍ , പഞ്ചായത്ത് മെമ്പര്‍മാരായ സി എസ് സുധന്‍, കണ്ണന്‍ കെ പി , ബിനോയ് കോലത്ര, ദിനചന്ദ്രന്‍ കെ ബി , കെ എ സീമ , പി ശ്രീദേവി , എ എസ് ഗിരീഷ് , ഹെഡ്മാസ്റ്റര്‍ എം ഡി സുരേഷ് എന്നിവര്‍ സംസാരിച്ചു . തുടര്‍ന്നു ഘോഷയാത്രയും ലഡു വിതരണവും ഉണ്ടായിരുന്നു .

സമഗ്ര കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ടു മന്ത്രിക്ക് നിവേദനം നല്‍കി

ഇരിങ്ങാലക്കുട : പടിയൂര്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലം സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ വെള്ളമെത്തിക്കാന്‍ 3 കിലോമീറ്റര്‍ പൈപ്പുകള്‍ സ്ഥാപിച്ചാല്‍ മാത്രം മതിയെന്നിരിക്കെ ഈ കാര്യത്തില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി യാതൊരു നടപടിയും ആരംഭിക്കാത്ത സാഹചര്യത്തില്‍ പടിയൂര്‍ പഞ്ചായത്ത് നിവാസികളായ 10 , 000 പേര്‍ ഒപ്പിട്ട് നല്‍കിയ നിവേദനം സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന് നല്‍കി . തിരുവനന്തപുരത്തു നന്തന്‍കോടുള്ള മന്ത്രിയുടെ ഔദ്യോധിക വസതിയിലെത്തിയ പടിയൂര്‍ മണ്ഡലം പ്രസിഡന്റ് കെ പി ഋഷിപാല്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സി എം ഉണ്ണികൃഷ്ണന്‍ ,പഞ്ചായത്ത് അംഗം ടി ഡി ദശോബ് എന്നിവര്‍ ചേര്‍ന്നാണ് മന്ത്രിക്കു നിവേദനം നല്‍കിയത് ഉടന്‍ നടപടികള്‍ സ്വീകരിക്കാമെന്നു മന്ത്രി ഉറപ്പ് നല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു .

‘മിഴി -2017 ‘- ജല സംരക്ഷണ റാലി സംഘടിപ്പിച്ചു

എടതിരിഞ്ഞി : എച്ച് ഡി പി സമാജം സ്കൂളില്‍ കല സാംസ്‌കാരികവേദി ‘മിഴി 2017 ‘ പഠനക്യാമ്പ് സംഘടിപ്പിച്ചു . പഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു പഠനക്യാമ്പ് ഉദ്ഘാടനം ചെയ്തു . മാനേജര്‍ ഭരതന്‍ കണ്ടേകാട്ടില്‍,എം പി സുരേഷ് , കെ പി കണ്ണന്‍ , സി എസ് സുധന്‍, എ എസ് ഗിരീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു . ക്യാമ്പ് അംഗങ്ങള്‍ ജല സംരക്ഷണ റാലി നടത്തി . വിവിധ വിഷയങ്ങള്‍ അധീകരിച്ചു കണ്ണന്‍ സിദ്ധാര്‍ത്ഥന്‍ , പി കെ ധര്‍മരാജ് , സി എസ് സന്തോഷ് ബാബു , രാജീവ് വാരിയര്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. സമയ കലാവേദി കൊറ്റനെല്ലൂര്‍ അവതരിപ്പിച്ച നാടന്‍പാട്ടുകളും ,ജോഷി ആന്റണി അവതരിപ്പിച്ച ‘ആന രാഘവന്‍ ‘ എന്ന ഒറ്റയാള്‍ നാടകവും ഉണ്ടായി . എടക്കുളത്തെ കൈത്തറി നിര്‍മ്മാണശാലയും,ചന്ത്രിക സോപ്പ് നിര്‍മ്മാണ കമ്പനിയും ക്യാമ്പ് അംഗങ്ങള്‍ സന്ദര്‍ശിച്ചു .

രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ അടിയന്തിര പരിഹാരം ഉണ്ടാക്കണം : ബി ജെ പി

ഇരിങ്ങാലക്കുട : രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിലും നഗരസഭയിലും അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്നും താല്‍ക്കാലികമായി കുടിവെള്ളം എത്തിക്കുന്ന സംവിധാനം ഉടന്‍ ഒരുക്കണമെന്നും ശ്വാശതമായ പരിഹാരങ്ങളിലേക്ക് സര്‍ക്കാര്‍ സംവിധനങ്ങള്‍ ഉദാസീനത വെടിഞ്ഞ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ബി ജെ പി ഇരിങ്ങാലക്കുട നിയോജകമണ്ഡലം നേതൃത്വയോഗം ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്ഥലം എം എല്‍യും കുറ്റകരമായ അനാസ്ഥയാണ് ഇക്കാര്യത്തില്‍ കാണിച്ചതെന്നും ബി ജെ പി ഇരിങ്ങാലക്കുട നിയോജകമണ്ഡലം നേതൃത്വയോഗം പറഞ്ഞു . കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ഏ.ആര്‍. അജിഘോഷ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി.എസ്സ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി എ.ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്ട് സി.പി.സെബാസ്റ്റ്യന്‍ പ്രസംഗിച്ചു. പാര്‍ട്ടി ദേശീയ തലത്തില്‍ അംഗീകരിച്ച പ്രമേയ വിശദീകരണം സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളവും സംസ്ഥാന പ്രമേയ വിശദീകരണം ജില്ല വൈസ്പ്രസിഡണ്ട് ഇ.മുരളിധരനും നടത്തി. കര്‍ഷകമോര്‍ച്ച ജില്ല സെക്രട്ടറി കെ.കെ.മഹേഷ് ജില്ല പ്രമേയവും, നിയോജകമണ്ഡലം വൈസ്പ്രസിഡണ്ട് മനോജ് കല്ലിക്കാട്ട് മണ്ഡലം കമ്മിറ്റിയുടെ പ്രമേയവും അവതരിപ്പിച്ചു. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പാറയില്‍ ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

സേവാഭാരതി ജീവനക്കാര്‍ക്ക് ഇ എസ് ഐ അംഗത്വ കാര്‍ഡ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട: സേവാഭാരതി ജീവനക്കാരെ ഇ എസ് ഐ പദ്ധതിയില്‍ ചേര്‍ത്ത് അംഗത്വ കാര്‍ഡ് വിതരണം സംഘടിപ്പിച്ചു. കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം ഇ എസ് ഐ ട്രസ്റ്റ് ബോര്‍ഡ് അംഗവും ബി എം എസ്സ് സംസ്ഥാന വൈസ്പ്രസിഡണ്ടുമായ വി.രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സേവാഭാരതി വൈസ്പ്രസിഡണ്ട് എം.സുധാകരന്‍ ചടങ്ങില്‍  അധ്യക്ഷത വഹിച്ചു. ഇ.എസ് ഐ തൃശ്ശൂര്‍ ഏരിയ സോഷ്യര്‍ സെക്യൂരിറ്റി ഓഫീസര്‍ സി.എ.ജോസ്, കെ.എസ്.ഇ. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ആര്‍.ശങ്കരനാരായണന്‍, ഇ.എസ്.ഐ ബ്രാഞ്ച് മാനേജര്‍ കെ.എന്‍.ലക്ഷമണന്‍, ബി എം.എസ്സ് മേഖല സെക്രട്ടറി എന്‍.വി.ഘോഷ് എന്നിവര്‍ പ്രസംഗിച്ചു. സേവാഭാരതി ട്രഷറര്‍ കെ.ആര്‍.സുബ്രഹ്മണ്യന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി പി.ഹരിദാസ് നന്ദിയും പറഞ്ഞു.

കൂടല്‍മാണിക്യം തിരുവുത്സവക്കഥകളി കഥകളി ക്ലബ്ബ് ഏറ്റെടുത്ത് നടത്തണം : യുവകലാസാഹിതി

ഇരിങ്ങാലക്കുട : ആന, മേളം, കഥകളി എന്നിവയുടെ മികവിന് പേരുകേട്ടതാണ് കൂടല്‍മാണിക്യം ക്ഷേത്രോത്സവം. വര്‍ഷങ്ങളായി ഉത്സവക്കഥകളി നടത്തുന്നത് ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയമാണ്.കേരളത്തിലെ ഉന്നതശീര്‍ഷരായ കഥകളിക്കാരെല്ലാo ഉത്സവക്കഥകളി കേമമാക്കാന്‍ എത്താറുണ്ടെന്നും എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അവതരിപ്പിക്കുന്ന കഥകളിയുടെ നിലവാരം താഴേക്കു തന്നെയെന്നാണ് ആസ്വാദകരുടെ അഭിപ്രായം. ഉത്സവക്കളിയുടെ മേന്മ നിലനിര്‍ത്താന്‍ ദേവസ്വവും കലാനിലയവും ശ്രമിക്കാത്ത സാഹചര്യത്തില്‍ ഉത്സവക്കഥകളിയുടെ ചുമതല ഡോ.കെ.എന്‍.പിഷാരടി സ്മാരക കഥകളി ക്ലബ്ബിനെ ഏല്‍പ്പിക്കാന്‍ ദേവസ്വവും ഏറ്റെടുത്തു നടത്താന്‍ കഥകളി ക്ലബ്ബും സന്നദ്ധരാകണമെന്ന് യുവകലാസാഹിതി മേഖലാ കമ്മിറ്റി യോഗം ആവശ്യപ്പട്ടു.പ്രസിഡണ്ട് കൃഷ്ണാനന്ദ ബാബു യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് തമ്പാന്‍, വി.എസ്.വസന്തന്‍, കെ സി ശിവരാമന്‍, റഷീദ് കാറളം എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

കൂടല്‍മാണിക്യം ഉത്സവം : താല്‍ക്കാലിക സ്റ്റാളുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ഉത്സവവുമായി ബന്ധപ്പെട്ടു എക്സിബിഷന്‍ സ്റ്റാളുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം റെയ്ഡ് നടത്തി പഴയ ഭക്ഷണം പിടിച്ചെടുത്തു . ബജി കടകളില്‍ നിന്നും ലിറ്റര്‍ കണക്കിന് പഴയ എണ്ണയും പഴകിയ മാവും പിടിച്ചെടുത്തു .ഇതിനു പുറമെ ടൗണ്‍ ഹാള്‍ കോംപ്ലക്സില്‍ ഉള്ള തട്ടുകടകളില്‍ നിന്നും ചിക്കന്‍ ഫ്രൈ , ബീഫ് ,മീന്‍ , പഴയ ചോറ്,
പാല്‍,പ്ലാസ്റ്റിക് കവര്‍ എന്നിവയും പിടിച്ചെടുത്തു. കൂടല്‍മാണിക്യ ഉത്സവവുമായി ബന്ധപ്പെട്ടു നഗരസഭയുടെ റെയ്ഡ് ഇനിയും ഉണ്ടാകുമെന്നു നഗരസഭ ഹെല്‍ത്ത് സൂപ്രണ്ട് പി മന്മഥന്‍ പറഞ്ഞു. ശനിയാഴ്ച നടന്ന റൈഡില്‍ നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രാകേഷ് കെ ഡി , അനില്‍ കെ എം , ഫ്രാങ്കോ ജോസ് എന്നിവരാണ് റെയ്‌ഡില്‍ പങ്കെടുത്തത്.

Top
Menu Title