News

Archive for: September 20th, 2017

ഫാ. ഗബ്രിയേല്‍- ആധുനിക ഇരിങ്ങാലക്കുടയുടെ ശില്‍പി

ഇരിങ്ങാലക്കുട : ആധുനിക ഇരിങ്ങാലക്കുടയുടെ ശില്‍പിയാണ് ഫാ.ഗബ്രിയേല്‍. ഇരിങ്ങാലക്കുടയുടെ വിദ്യാഭ്യാസ രംഗത്തും സാംസ്‌കാരിക രംഗത്തും അദ്ദേഹത്തിന്റെ സംഭാവനകള്‍ വിസ്മരിക്കാനാവാത്തതാണ്. ക്രൈസ്റ്റ് കോളെജും സെന്റ് ജോസഫ്‌സ് കോളെജും അതിനോടനുബന്ധിച്ചുള്ള സ്ഥാപനങ്ങളും പടത്തുയര്‍ത്തുകയും ചെയ്ത മഹത് വ്യക്തിയാണ് ഫാ. ഗബ്രിയേല്‍. ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും ഉന്നത വിദ്യാഭ്യാസത്തിന് സാധ്യതയില്ലാതിരുന്ന ഒരു കാലത്താണ് നാട്ടില്‍ ഒരു കോളെജ് വേണമെന്ന ആശയം ഉയര്‍ന്നു വന്നത്. പൗര പ്രമുഖരുടെ അക്ഷീണ പരിശ്രമവും സര്‍വ്വ ജനങ്ങളുടെ പിന്തുണയും നാട്ടുക്കാരുടെ ഈ സ്വപ്നം സിഎംഐ സഭ സാധ്യമാക്കിയത് ഫാ.ഗബ്രിയേലിനിലൂടെയാണ്. വിവിധ ജനവിഭാഗങ്ങളെ ഒന്നിച്ചു നിറുത്തുന്ന തരത്തില്‍ അഡ്വ. രാമകൃഷ്ണയ്യര്‍ അധ്യക്ഷനായും കെ.എല്‍. ഫ്രാന്‍സീസ് സെക്രട്ടറിയായും ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു. എം.പി. കൊച്ചുദേവസി ചെയര്‍മാനായിരുന്ന അന്നത്തെ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍ എം.സി. പോള്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുടയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിനായി പതിനാലില്‍പരം ഏക്കര്‍ സ്ഥലം വിട്ടുകൊടുക്കാന്‍ തീരുമാനമെടുത്തു. ഐക്യഖണ്ഠനയായിരുന്നു ആ പ്രമേയം പാസായത്. ജാതി മത കക്ഷി രാഷ്ട്രീായ ചിന്തകള്‍ക്കതീതമായി പൗര പ്രമുഖരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നല്‍കിയ സംഭാവനകളുടെ രേഖ ഇപ്പോഴും കോളജിലുണ്ട്. ഒരു രൂപയടക്കം സംഭാവനയായി സ്വീകരിച്ചിട്ടുണ്ട് എന്നത് ജനകീയ പങ്കാളിത്തത്തിന്റെ തെളിവാണ്. 1955 ഒക്ടോബര്‍ 24 ന് സിഎംഐ സഭയുടെ സുപ്പീരിയര്‍ ജനറലായിരുന്ന ഫാ. മാവൂരുസ് കോളജിന്റെ പ്രധാന കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിച്ചു. 1956 ജൂണ്‍ 17 ന് തൃശൂര്‍ രൂപത മെത്രാന്‍ ജോര്‍ജ് ആലപ്പാട്ടിന്റെ ആശീര്‍വാദത്തോടെ ഫാ. ക്ലെമന്‍സ് മാനേജരും, ഫാ. ഗബ്രിയേല്‍ പ്രിന്‍സിപ്പലുമായി കോളജ് പ്രവര്‍ത്തനമാരംഭിച്ചു. 14 അധ്യാപകരും പ്രീ-യൂണിവേഴ്‌സിറ്റിക്ക് മൂന്നു ഡിവിഷനുകളിലായി 244 വിദ്യാര്‍ഥികളുമാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. മുകുന്ദപുരം താലൂക്കിലെ ആദ്യത്തെ കോളജായ ക്രൈസ്റ്റ് കോളജിന്റെ ഔദ്യോഗിക ഉദ്ഘാടനം 1957 ഒക്ടോബര്‍ 13 ന് കേരള ഗവര്‍ണര്‍ ഡോ. രാമകൃഷ്ണറാവു നിര്‍വഹിച്ചു. വിദ്യാര്‍ഥികളാണ് വിദ്യാലയം എന്നു വിശ്വിസിച്ചിരുന്ന അധ്യാപകനായിരുന്നു അദ്ദേഹം. 1975 വരെ പ്രിന്‍സിപ്പലായിരുന്ന അദ്ദേഹം. കോളെജില്‍നിന്നും ഡിഗ്രി ബാച്ച് പൂര്‍ത്തിയായി വിദ്യാര്‍ഥിനികള്‍ പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടികളെ പഠിപ്പിക്കുവാന്‍ ഒരു സ്ഥാപനം ഇല്ലല്ലോ എന്ന ചിന്ത ഗബ്രിയേലച്ചന്റെ മനസില്‍ ഉയര്‍ന്നു. അങ്ങിനെ 1963 ല്‍ വനിതാ കോളെജ് ആരംഭിച്ചു. ഹോളിഫാമിലി സന്യാസിനീ സമൂഹം പിന്നീട് അതിന്റെ നേതൃത്വം ഏറ്റെടുത്തു. 1964 ജൂണ്‍ 20 നാണ് സര്‍ക്കാര്‍ അനുമതി ലഭിച്ചു. പ്രതീക്ഷാ ഭവന്‍, സ്‌നേഹഭവന്‍ ക്രൈസ്റ്റ് വിദ്യാനികേതന്‍ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഇരിങ്ങാലക്കുടയില്‍ ആരംഭിക്കുന്നതില്‍ ഗബ്രിയേലച്ചന്റെ തീഷ്ണമായ പ്രവര്‍ത്തനം ഉണ്ടായിരുന്നു.

ക്രൈസ്റ്റ് കോളേജ് സ്ഥാപകന്‍ പത്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ അന്തരിച്ചു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഉള്‍പ്പെടെ പത്തോളം സ്ഥാപനങ്ങള്‍ക്കു തുടക്കമിട്ട പത്മഭൂഷണ്‍ ജേതാവുമായ ഫാ. ഗബ്രിയേല്‍ ചിറമ്മല്‍ അന്തരിച്ചു. 103 വയസായിരുന്നു. ഫാ. ഗബ്രിയേല്‍ സ്ഥാപിച്ച അമല ആശുപത്രിയിലെ വിശ്രമകേന്ദ്രത്തിലായിരുന്നു മരണം.

പത്മഭൂഷന്‍ ഫാ. ഗബ്രിയേലിന്റെ നിര്യാണത്തില്‍ ബിഷപ്പ് മാര്‍ പോളി കണൂക്കാടന്‍ അനുശോചനം രേഖപ്പെടുത്തി. വിദ്യാഭ്യാസ രംഗത്തും ആതുര സേവന രംഗത്തും സാംസ്‌കാരിക രംഗത്തും അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഒരിക്കലും മറക്കാനാവാത്തതാണ്. എല്ലാറ്റിനുമുപരി ഒരു തികഞ്ഞ ആത്മീയാചാര്യനുമായിരുന്നു. അദ്ദേഹം നല്‍കിയ സംഭാവനകള്‍ നാടിന്റെ വികസനത്തിനും സമൂഹത്തിന്റെ വളര്‍ച്ചക്കും ഏറെ സഹായകരമായിരുന്നു. മതത്തിനും കക്ഷി രാഷ്ട്രീയത്തിനും അതീതമായി വികസന കാര്യങ്ങളില്‍ ജനങ്ങളോടൊപ്പം ചേര്‍ന്നു നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ് ഗബ്രിയേലച്ചനെന്ന്് ബിഷപ്പ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.  

കൂടല്‍മാണിക്യം വിളക്കാഘോഷം ഇപ്പോള്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ തത്സമയം

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം വിളക്കാഘോഷം ഇപ്പോള്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ തത്സമയം click to watch LIVE

കൂടല്‍മാണിക്യത്തില്‍ ഉത്സവത്തിനു പതിനാറ് ചെമ്പട

ഇരിങ്ങാലക്കുട: ആദിതാളം എന്നറിയപ്പെടുന്ന താളഘടനയെ കേരളീയ താള പദ്ധതിയിലേയ്ക്ക് പരാവര്‍ത്തനം ചെയ്തെടുത്ത് ഉണ്ടാക്കിയ ചെമ്പട താളത്തെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയതാണ് ചെമ്പടമേളം. പഴയകാലത്ത് കൊച്ചിരാജ്യം ഭരിച്ചിരുന്ന ശക്തന്‍ തമ്പുരാന്‍ ഉത്സവകാലത്ത് കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തുള്ള ശക്തന്‍ തമ്പുരാന്‍ കോവിലകത്തിന്റെ പടിഞ്ഞാറേ ഇറയത്ത്‌ ഇരുന്നുകൊണ്ട് ഉത്സവം വീക്ഷിക്കാറുണ്ടത്രേ. പഞ്ചാരി കഴിഞ്ഞു തെക്കേ തീര്‍ത്ഥക്കരയുടെ മദ്ധ്യഭാഗത്തെത്തുന്ന കലാകാരന്മാര്‍ തമ്പുരാനോടുള്ള ബഹുമാനസൂചകമായിട്ടാണ്ചെമ്പട കൊട്ടാറു ള്ളതെന്നും പഴമക്കാര്‍ പറയുന്നു . കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തിന് പഞ്ചാരിമേളം പടിഞ്ഞാറേ നടയില്‍ അവസാനിച്ചാല്‍ തൃപുടകൊട്ടി ചെമ്പട ആരംഭിക്കുകയായി. തീര്‍ത്ഥക്കര മേളം എന്നറിയപ്പെടുന്ന ചെമ്പട തട്ടകത്തിന്റെ പ്രത്യേക ലഹരിയാണ്. തെക്കേ തീര്‍ത്ഥക്കരയുടെ മദ്ധ്യഭാഗത്ത് വൃത്താകൃതിയില്‍ വാദ്യകലാകാരന്മാര്‍ നിന്നുകൊണ്ട് അവടെ വ്യക്തിത്വ പ്രകടനം പ്രയോഗിക്കുന്നതാണ് തീര്‍ത്ഥക്കര ചെമ്പട. കിഴക്കേ നടപ്പുരയില്‍ എത്തിയതിന് ശേഷം ചെമ്പടമേളം ആസ്വാദകരെ ആവശ ലഹരികളിലേയ്ക്ക് ഉയര്‍ത്തി കലാശിക്കും.

പോസ്റ്റല്‍ ഡിവിഷനിലെ ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും സംഗമവും കലാമേളയും ഐ ഫെസ്റ്റ് 2017 നടത്തി

ഇരിങ്ങാലക്കുട : പോസ്റ്റല്‍ ഡിവിഷനിലെ ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും സംഗമവും കലാമേളയും ഐ ഫെസ്റ്റ് 2017 ഇന്നസെന്റ് എം.പി ഉദ്ഘാടനം ചെയ്തു. കലാമേളയുടെ ഉദ്ഘാടനം സ്റ്റാര്‍ സിംഗര്‍ ഫെയിം യു.എസ് സുധീഷ് നിര്‍വ്വഹിച്ചു. പോസ്റ്റല്‍ സൂപ്രണ്ട് ഐ.കെ ലളിതകുമാരി അദ്ധ്യക്ഷയായിരുന്നു. സംഘാടകസമിതി ജനറല്‍ കണ്‍വിനര്‍ ടി.കെ ശക്തിധരന്‍, സി.സി ശബരിഷ്, സംഘടനാ നേതാക്കളായ കെ.എസ് സുഗതന്‍, എം.എ അബ്ദുള്‍ ഖാദര്‍, കെ. രമേശന്‍, ജോയ് മോന്‍, സജി സി. ജോണ്‍ എന്നിവര്‍ സംസാരിച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനം എ.കെ ലളിതകുമാരി ഉദ്ഘാടനം ചെയ്തു. കെ.എസ് സുഗതന്‍ അദ്ധ്യക്ഷനായിരുന്നു. 192 ഓഫീസുകളില്‍ നിന്നായി ജീവനക്കാര്‍ കുടുംബസമേതം പങ്കെടുത്തു. വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് സമ്മാനദാനം നടത്തി.

പത്ത് വര്‍ഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

ഇരിങ്ങാലക്കുട : വധശ്രമകേസില്‍ പിടികിട്ടാപ്പുള്ളിയെ പത്ത് വര്‍ഷത്തിന് ശേഷം പോലിസ് അറസ്റ്റ് ചെയ്തു. കാറളം സ്വദേശി പുല്ലത്തറ എടകാട്ടുപറമ്പില്‍ വീട്ടില്‍ വിശാഖന്‍ എന്ന തമ്പി (47)നെയാണ് ഇരിങ്ങാലക്കുട എസ്.ഐ കെ.എസ് സുശാന്തും സംഘവും അറസ്റ്റ് ചെയ്തത്. 2007ലാണ് കേസിനാസ്പദമായ സംഭവം. ചെറുമുക്ക് അമ്പലത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ജോസ് പ്രിന്റേഴ്‌സ് എന്ന സ്ഥാപനത്തില്‍ രാത്രി അതിക്രമിച്ച് കയറി സ്ഥാപനത്തിലെ കമ്പ്യൂട്ടറുകളും ഫര്‍ണ്ണീച്ചറുകളും മറ്റും തല്ലിതകര്‍ത്തു. സ്ഥാപന ഉടമയായ മാടായിക്കോണം കരിങ്ങാടന്‍ വീട്ടില്‍ ജോസ് എന്നയാളെ വധിക്കാന്‍ ശ്രമിച്ചെന്നുമാണ് കേസ്. ഈ കേസിലെ അഞ്ച് കൂട്ടുപ്രതികളെ കുറച്ചുനാള്‍ മുമ്പ് പോലിസ് പിടികൂടിയിരുന്നു. ഒന്നാം പ്രതി വിശാഖന്‍ എന്ന തമ്പി സംഭവത്തിന് ശേഷം തഞ്ചാവൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇരിങ്ങാലക്കുട സി.ഐയ്ക്ക് കിട്ടിയ രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ്. പോലിസ് അന്വേഷണത്തിന് എത്തിയതറിഞ്ഞ പ്രതി അവിടെ നിന്നും കോയമ്പത്തൂരിലേക്ക് മുങ്ങി. ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്തുവരുമ്പോഴായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അന്വേഷണസംഘത്തില്‍ സീനിയര്‍ സി.പി.ഒ മുരുകേഷ് കടവത്ത്, സി.പി.ഒമാരായ പ്രബിന്‍ സി.എസ്, രാഹുല്‍ എ.കെ, വിപിന്‍ ഇ.വി, അനീഷ് പി.എസ്, പി.കെ മനോജ് എന്നിവരും ഉണ്ടായിരുന്നു.

മുനിസിപ്പല്‍ ജീവനക്കാരുടെ ശബളവും പെന്‍ഷനും സര്‍ക്കാര്‍ ഏറ്റെടുക്കണം

ഇരിങ്ങാലക്കുട : മുനിസിപ്പല്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുസര്‍വ്വീസ് പ്രാവര്‍ത്തികമാക്കണമെന്ന് കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എല്ലാ നഗരസഭകളിലും മഴവെള്ള സംഭരണികള്‍ തയ്യാറാക്കി കുടിവെള്ള സംരക്ഷണസന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക,നഗരസഭകള്‍ അഴിമതി രഹിതവും കാര്യക്ഷമവും ജനസൗഹൃദവുമാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം മുന്നോട്ടുവെച്ചു. ടൗണ്‍ഹാളില്‍ നടന്ന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ വേണു അദ്ധ്യക്ഷനായിരുന്നു.സി.പി.എം ഏരിയ സെക്രട്ടറി ഉല്ലാസ് കളക്കാട്ട്, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി പി.ആര്‍ രമേഷ്, കെ.എം.സി.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.എന്‍ അജിത്കുമാര്‍, കെ.എസ് സുമന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം കെ.കെ ശശി കുമാര്‍ ഉദ്ഘാടനം ചെയ്തു. എം.കെ വേണു അദ്ധ്യക്ഷനായിരുന്നു. ആര്‍. സജീവ്, പി.ആര്‍ രമേഷ്, പി.എ വിനോദ് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് എം കെ വേണു , വൈസ് പ്രസിഡന്റ് ദിലീപന്‍ എം ജി , ഷീബ എം എ , സെക്രട്ടറി അബ്‌ദുള്‍ ഗഫൂര്‍ പി എ , ജോയിന്റ് സെക്രട്ടറി സുമന്‍ കെ എസ് , അമീര്‍അലി എന്‍ കെ , വനിത സബ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഒ സിന്ധു, വനിത സബ് കമ്മിറ്റി കണ്‍വീനര്‍ കാര്‍ത്തിക സി എന്നിവരെ തിരഞ്ഞെടുത്തു .

വി എസ് ചന്ദ്രബാബു ചാക്യാര്‍ (67 ) അന്തരിച്ചു

ഇരിങ്ങാലക്കുട : ചാച്ചുചാക്യാര്‍ റോഡിലെ നീലാംബരി (അമ്മന്നൂര്‍ചാക്യാര്‍ മഠം ) വീട്ടില്‍ വി എസ് ചന്ദ്രബാബു ചാക്യാര്‍ (67 ) ഹൃദയസ്തംഭനം മൂലം നിര്യാതനായി . ഹരിപ്പാട് പൊതിയില്‍ (സരിഗ) അമ്മിണി ഇല്ലോടമ്മയുടെയും വാസുദേവന്‍ ചാക്യാരുടെയും മകനാണ് . അമ്മന്നൂര്‍ മഠത്തില്‍ രാധ ഇല്ലോടമ്മയാണ് ഭാര്യ . മക്കള്‍ : അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ , കലാമണ്ഡലം രവികുമാര്‍ , അമ്മന്നൂര്‍ മാധവ് സി ചാക്യാര്‍ , മരുമകള്‍ : ഭദ്ര . സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 :30 നു വീട്ടുവളപ്പില്‍ നടക്കും.

എ.ടി.എം ഉപയോഗത്തിന്റെ നിരക്ക് ഇരുപത്തിയഞ്ച് പൈസ ആയി കുറയ്ക്കാനുള്ള മാര്‍ഗ്ഗം എസ്.ബി.ഐ. ആലോചിക്കണം – കേരളജനപക്ഷം

ഇരിങ്ങാലക്കുട : എ.ടി.എം ഉപയോഗത്തിനുള്ള നിരക്കുകള്‍ ഇരുപത്തിയഞ്ച് രൂപയായി കുത്തനെ വര്‍ദ്ധിപ്പിച്ച സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടി അടിയന്തരമായി പിന്‍വലിക്കണമെന്നും ഈ ചൂഷണത്തിനുള്ള ബദല്‍ മാര്‍ഗ്ഗം എന്ന നിലക്ക് ‘കേരളബാങ്ക്’ സംസ്ഥാന ധനകാര്യമന്ത്രിയുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ സത്വരനടപടികള്‍ സ്വീകരിക്കണം എന്നും കേരളജനപക്ഷം ഉന്നതാധികാര സമിതി അംഗങ്ങളായ പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ്, അഡ്വ.ഷൈജോ ഹസ്സന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു . ഓരോ എ.ടി.എം. ഇടപാടിനും ഇരുപത്തിയഞ്ച് രൂപ എന്നത് ഇരുപത്തിയഞ്ച് പൈസ ആയി കുറക്കുന്നതിനെക്കുറിച്ചാണ് എസ്.ബി.ഐ ആലോചിക്കേണ്ടിയിരുന്നത്.പുതിയ ഉത്തരവ് ഒരു അച്ചടിപ്പിശക് ആണെന്ന് കരുതാനാണ് മുഴുവന്‍ അക്കൗണ്ട് ഉടമകളും ആഗ്രഹിക്കുന്നത്. ദീര്‍ഘകാലത്തെ ബാങ്കിംഗ് പ്രവര്‍ത്തനത്തിലൂടെ സ്വയം വളര്‍ന്ന എസ്.ബി.ടി. അടക്കമുള്ള ഇന്ത്യയിലെ നിരവധി പൊതുമേഖലാ പ്രാദേശിക ബാങ്കുകളെ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി ഒരുമിപ്പിച്ചതു കൊണ്ടു മാത്രമാണ് എസ്.ബി.ഐ. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് ആയത്. വലിയ ബാങ്കിന് ചുരുങ്ങിയ ചെലവില്‍ ജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ കഴിയും എന്ന വാഗ്ദാനം വഞ്ചനയാണെന്ന് പുതിയ നിര്‍ദ്ദേശത്തിലൂടെ തെളിഞ്ഞിരിക്കുന്നു . സര്‍ക്കാരുമായുള്ള സാധാരണക്കാരുടെ പണമിടപാടുകളും ജീവനക്കാരുടെ ശമ്പളം അടക്കമുള്ള സമ്പാദ്യത്തുകയും കൈകാര്യം ചെയ്യുന്ന മുഖ്യബാങ്ക് എന്ന നിലയില്‍ ഇപ്പോഴത്തെ നടപടി മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന ദ്രോഹനടപടിയാണ്. ബാങ്ക് ഇടപാടുകളിലേക്ക് സാധാരണക്കാരെക്കൂടി ആകര്‍ഷിക്കുന്നതിനെക്കുറിച്ച് രാജ്യം ചര്‍ച്ച ചെയ്യുമ്പോള്‍ ഈ വിശകലനടപടി അവരെ ബാങ്കുകളില്‍നിന്നും അകറ്റാനേ ഉപകരിക്കുകയുള്ളു. പണം സ്വകാര്യമായി സൂക്ഷിക്കുന്ന പരമ്പരാഗത മനോഭാവത്തെ പ്രോല്‍സാഹിപ്പിക്കാന്‍ ഇത് പ്രേരണയാകും എന്നും പ്രസ്താവന മുന്നറിയിപ്പു നല്‍കി.

 

സംഗമപുരിയില്‍ പ്രാദേശിക എഴുത്തുകാരുടെ പുസ്തക പ്രദര്‍ശനം

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനോട് അനുബന്ധിച്ചു ക്ഷേത്രത്തിനു സമീപം  സംഗമ സാഹിതി സ്വതന്ത്ര കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയിലെ പ്രാദേശിക എഴുത്തുകാരുടെ കൃതികളുടെ പ്രദര്‍ശനവും വില്‍പ്പനയും  തുടങ്ങി. നഗരസഭാ കൗണ്‍സിലര്‍ സോണിയ ഗിരി പുസ്തക പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. രാജേഷ് തെക്കിനിയത്ത്, പ്രതാപ് സിംഗ്, കൃഷ്ണകുമാര്‍ മാപ്രാണം, അരുണ്‍ ഗാന്ധിഗ്രാം, രാധിക സനോജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദേവസ്വം ഓഫീസിന് സമീപം ഉത്സവ ദിനങ്ങളില്‍ രാവിലെ 8.30 മുതല്‍ രാത്രി 12.30 വരെ പുസ്തക പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടാകും.

കൂടല്‍മാണിക്യം തിരുവുത്സവത്തിനു ഭക്തജനപ്രവാഹം

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ അഞ്ചാം ഉത്സവദിനമായ വ്യാഴാഴ്ച ഉത്സവത്തില്‍ പങ്കുകൊള്ളുവാന്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി . നാലാം ഉത്സവദിനത്തിന്റെ വിളക്കിനു മുന്‍പായി പെയ്ത മഴയും ഇടിയും കാറ്റും അനിശ്ചിത്വം സൃഷ്ടിച്ചുവെങ്കിലും ഇന്ന് അന്തരീക്ഷം വളരെ അനുകൂലമായതുകൊണ്ടാണ് തിരക്കേറിയത് . വെയിലും ചൂടും മഴയും മാറി നിന്ന കാരണം ഭക്തജനങ്ങള്‍ക്ക്‌ സുഗമായി ഉത്സവത്തില്‍ പങ്കുകൊള്ളാന്‍ കഴിഞ്ഞു . പടിഞ്ഞാറെ നടപ്പുരയില്‍ മേളം കലാശിച്ചതിനു ശേഷം കിഴക്കേ നടപ്പുരയിലും ഊട്ടുപുരക്കടുത്തും കിഴക്കേ നടയിലും, ആനകള്‍ നെറ്റിപട്ടമഴിക്കുന്നതും കാണുവാനും നിരവധി ഭക്തജനങ്ങള്‍ അണിനിരന്നു .

കൂടല്‍മാണിക്യം തിരുവുത്സവം അഞ്ചാം ദിവസം – പ്രധാന സ്റ്റേജില്‍ ഇന്ന്

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം തിരുവുത്സവത്തിനോടനുബന്ധിച്ചു അഞ്ചാം ഉത്സവദിനമായ വ്യാഴാഴ്ച പ്രധാന സ്റ്റേജില്‍ അരങ്ങേറുന്ന കലാപരിപാടികള്‍ : വൈകീട്ട് 2 മണി മുതല്‍ 3 :30 വരെ തിരുവാതിരക്കളി , 3:30 മുതല്‍ 4 മണി വരെ സംഗീതാര്‍ച്ചന , 4 മണി മുതല്‍ 5 :30 വരെ സംഗീതക്കച്ചേരി , 5 :30 മുതല്‍ 6 :30 വരെ നൃത്തനൃത്ത്യങ്ങള്‍, 6 :30 മുതല്‍ 7:30 വരെ മോഹിനിയാട്ടം , 7 :30 മുതല്‍ 8 :30 വരെ സംഗീതാര്‍ച്ചന , 8 :30 മുതല്‍ 10 മണി വരെ കല്‍പ്പാത്തി ബാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന തായമ്പക ,9 :30 നു വിളക്ക് , തുടര്‍ന്ന് കഥകളി , കഥ – നളചരിതം ഒന്നാം ദിവസം.  click for full program details

കോണ്‍ഗ്രസ്സ് അംഗത്വ വിതരണം നടത്തി

ഇരിങ്ങാലക്കുട : കോണ്‍ഗ്രസ്സ് അംഗത്വ വിതരണം സീനിയര്‍ നേതാവും മുന്‍ നിയോജകമണ്ഡലം പ്രസിഡന്റും മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനുമായ എം സി പോളിന് നല്‍കികൊണ്ട് ടൗണ്‍ മണ്ഡലതല ഉദ്ഘാടനം മണ്ഡലം പ്രസിഡന്റ് ജോസഫ്
ചാക്കോ നിര്‍വഹിച്ചു . ബ്ലോക്ക് പ്രസിഡന്റ് ടി വി ചാര്‍ളി, ബ്ലോക്ക് സെക്രട്ടറി സി ഡി ആന്റോ , നിധിന്‍ തോമസ് , കെ എം ധര്‍മരാജന്‍ , ബൂത്ത് പ്രസിഡന്റ് സി ആര്‍ ജയപാലന്‍ , എം ടി ജോണ്‍ , എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു .

കൂടല്‍മാണിക്യം ശിവേലി തത്സമയം സംപ്രേക്ഷണം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇപ്പോള്‍ രാവിലെ നടക്കുന്ന ശിവേലി തത്സമയം സംപ്രേക്ഷണം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍. ബുധനാഴ്ചത്തെ ശീവേലിക്ക് ചെറുശ്ശേരി കുട്ടന്‍ മാരാര്‍ മേളപ്രമാണിയായിരുന്നു . Click to Watch LIVE

Top
Menu Title