News

Archive for: September 20th, 2017

കുടല്‍മാണിക്യം ഉത്സവ മേളത്തിലെ സ്ത്രീ സാന്നിദ്ധ്യം ശ്രദ്ധേയമായി

ഇരിങ്ങാലക്കുട:  ആസ്വാദകര്‍ക്ക്  ആഹ്‌ളാദമേകി  കുടല്‍മാണിക്യം ഉത്സവ മേളത്തിലെ സ്ത്രീ സാന്നിദ്ധ്യം ശ്രദ്ധേയമായി. തൃപ്പൂണിത്തുറ കോവിലകത്തെ ഡോ നന്ദിനി വര്‍മ്മയാണ് വ്യാഴാഴ്ച രാത്രി വിളക്കിന് മേളക്കാരിയായത്. കേളത്ത് അരവിന്ദാക്ഷമാരാരുടെ പ്രാമാണികത്വത്തില്‍ മേളത്തിന്റെ തുടക്കം മുതല്‍ കലാശം  വരെയും നന്ദിനി വര്‍മ്മ മേളംകൊട്ടി. കൂടല്‍മാണിക്യത്തില്‍ ഉത്സവത്തിന് ആദ്യമായാണ് സ്ത്രി മേളത്തില്‍ പങ്കെടുക്കുന്നത്. അറിയപെടുന്ന തായമ്പക കലാകാരിയായ നന്ദിനി വര്‍മ്മയുടെ പാഞ്ചാരിയിലെ അരങ്ങേറ്റവുമായിരുന്നു ഇത്. പോരൂറ ഉണ്ണികൃഷ്ണന്റെ കീഴില്‍ തായമ്പക അഭ്യസിച്ച നന്ദിനി വര്‍മ്മ നിരവധി വേദികളില്‍ തായമ്പക അവതരിപ്പിച്ചിട്ടുണ്ട്. ഭര്‍ത്താവ് കലാമണ്ഡലം ഹരീഷിനൊപ്പം തായമ്പക അവതരിപ്പിച്ച് ദമ്പതിതായമ്പകയില്‍ 2015 ല്‍ ലിംക ബുക്ക് റിക്കാര്‍ഡ് നേടി.  ആയൂര്‍വ്വേദ ഡോക്ടറായ നന്ദിനി വര്‍മ്മ തൃപ്പൂണിത്തുറയില്‍ സ്വന്തമായി ആശുപത്രി നടത്തുകയാണ്.

കൂടല്‍മാണിക്യം വിളക്കാഘോഷം തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം വിളക്കാഘോഷം ഇപ്പോള്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ തത്സമയം. വെള്ളിയാഴ്ച വിളക്കിന് കലൂര്‍ രാമന്‍കുട്ടിമാരാര്‍ മേളപ്രമാണിയാണ് . click to watch LIVE

ഫാ. ഗബ്രിയേല്‍ ചിറമ്മലിന്റെ നിര്യാണത്തില്‍ ഇരിങ്ങാലക്കുടയില്‍ ശനിയാഴ്ച 2 മുതല്‍ 4 വരെ കടകള്‍ അടച്ചു ദുഃഖാചരണം നടത്തണമെന്ന് നഗരസഭ

ഇരിങ്ങാലക്കുട : വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് ഇരിങ്ങാലക്കുടയ്ക്  ഒട്ടേറെ സംഭാവനകള്‍ നല്‍കിയ പത്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ ചിറമ്മലിന്റെ നിര്യാണത്തില്‍ അദ്ദേഹത്തോടുള്ള  ആദരസൂചകമായി കൂടല്‍മാണിക്യ ക്ഷേത്ര ഉത്സവത്തിന് തടസം വരാതെ  ശനിയാഴ്ച  മെയ് 13 ന്  2  മണി മുതല്‍  4 മണി വരെ കടകള്‍ അടച്ചു  ദുഃഖാചരണം  നടത്തണമെന്ന്  ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു പത്രക്കുറിപ്പിലൂടെ അറിയിച്ചു .

ട്രാഫിക് ബോധവല്‍ക്കരണവുമായി പപ്പു സീബ്ര ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : നഗരസഭ ബസ് സ്റ്റാന്‍ഡിലെ യാത്രക്കരെ അമ്പരിപ്പിച്ചു കൊണ്ട് പൊടുന്നനെ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രം ജീവനോടെ പ്രത്യക്ഷപ്പെടുകയും യാത്രക്കാരോടായി നിരവധി ചോദ്യങ്ങള്‍ ചോദിക്കാന്‍ ആരംഭിക്കുകയും ചെയ്തു . കേരള പോലീസിന്റെ ട്രാഫിക് ബോധവല്‍ക്കരണ യാത്രയായ ‘പപ്പുവിന്റെ പ്രയാണത്തിന്റെ’ ഭാഗമായി പപ്പു സീബ്രയാണ് ഇരിങ്ങാലക്കുടയില്‍ എത്തിയത് . ഏപ്രില്‍ 15 ന് കാസര്‍കോട് നിന്നും ആരംഭിച്ചു ജൂണ്‍ 15 നു തലസ്ഥാനനഗരിയില്‍ സമാപിക്കുന്നതാണ് റോഡ് സുരക്ഷയെ കുറിച്ചുള്ള ഈ ബോധവല്‍ക്കരണ യാത്ര . പൊതുനിരത്തില്‍ സൈക്കിള്‍ ഓടിക്കാനുള്ള അനുവദനീയമായ പ്രായം എത്ര ? എന്ന ചോദ്യവുമായാണ് പപ്പു സീബ്ര തന്റെ ബോധവല്‍ക്കരണ പരിപാടിയുടെ ആരംഭം കുറിച്ചത് . 3 വയസ്സ് മുതല്‍ 18 വയസ്സ് വരെ എന്ന ഉത്തരങ്ങള്‍ പലരും പറഞ്ഞെങ്കിലും ഇതെല്ലം തെറ്റാണു എന്നായിരുന്നു പപ്പു സീബ്രാ . യാത്രക്കാരിയായ രമ ദേവിയുടെ 12 വയസ്സ് എന്ന ഉത്തരമാണ് ശരിയെന്നു പപ്പു സീബ്ര വിധിക്കുകയും അവര്‍ക്കു ചെറിയ ഒരു
പാരിതോഷികം സമ്മാനിക്കുകയും ചെയ്തു . ഇത്തരത്തില്‍ പല ചോദ്യ ഉത്തരങ്ങളിലൂടെ അവിടെ കൂടിയവര്‍ക്ക് റോഡ് സുരക്ഷയെ കുറിച്ച് ഒരു അവബോധം സൃഷ്ടിക്കാനും പപ്പു സീബ്രയുടെ ഈ ബോധവത്കരണ പരിപാടിക്കായി .വെള്ളിയാഴ്ച ഉച്ചക്ക് ഇരിങ്ങാലക്കുടയില്‍ എത്തിയ പപ്പുവിന്റെ പ്രയാണം ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ഐ സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു .

പുണ്യപ്രദായകമായ കൂടല്‍മാണിക്യ മാതൃക്കല്‍ ബലിദര്‍ശനം

ഇരിങ്ങാലക്കുട : അത്യപൂര്‍വ്വമായ ചടങ്ങുകളും ആചാരാനുഷ്ടാനങ്ങളും കൂടല്‍മാണിക്യ സ്വാമിയുടെ ഉത്സവത്തിന്റെ പ്രത്യേകതയാണ് . നാലമ്പലത്തിനുള്ളിലെ താന്ത്രികചടങ്ങുകളും ക്ഷേത്ര സംസ്കാരത്തിന് നിരക്കുന്ന കലാപരിപാടികളും മറ്റു ക്ഷേത്രോത്സവങ്ങളില്‍ നിന്നും കൂടല്‍മാണിക്യ ഉത്സവത്തെ വ്യത്യസ്ഥമാക്കുന്നു. കൂടല്‍മാണിക്യം ക്ഷേത്രം ശ്രീരാമ സോദരനായ ഭരതന്റെ പ്രതിഷ്ഠയാല്‍ ധന്യമാണ്. വനവാസം കഴിഞ്ഞ് തിരിച്ചെത്തുന്ന രാമനെ കാത്തിരുന്ന് നിരാശനായി അഗ്നി പ്രവേശത്തിന് ഒരുങ്ങുന്ന ഭരതന്‍, ജേഷ്ഠന്‍ ഉടന്‍ എത്തുമെന്ന ഹനുമാന്റെ സന്ദേശം കേട്ട് സന്തുഷ്ടനായിതീരുന്ന അവസ്ഥയിലാണ് പ്രതിഷ്ഠ മൂര്‍ത്തി. ശിവേലിക്കും വിളക്കിനും ദേവനെ ആവാഹിച്ച് എഴുന്നുള്ളിക്കുന്ന സമ്പ്രദായം ഇവിടത്തെ അത്യപൂര്‍വ്വമായ സവിശേഷതയാണ്. തനി സ്വര്‍ണ്ണ ത്തിലും വെള്ളിയിലുമുള്ള നെട്ടിപട്ടങ്ങളും ശാന്തി ശുദ്ധം സംരക്ഷിക്കുന്നതിനായി തിടമ്പ് എഴുന്നള്ളിക്കുന്ന ആനയുടെ ഇരുഭാഗത്തും ഉള്ളാനകളെ നിര്‍ത്തുന്നതും ഇവിടുത്തെ പ്രത്യേകതയാണ്.   മാതൃക്കല്‍ ബലിദര്‍ശനത്തിനു മഹാക്ഷേത്രങ്ങളില്‍ നടത്തുന്ന ഉത്സവബലിയുടെ ഏകദേശച്ഛായയുണ്ട്. മാതൃക്കല്‍ ബലി അര്‍പ്പിക്കുമ്പോള്‍ ചെണ്ട, തിമില , കൊമ്പ് , കുഴല്‍ തുടങ്ങിയ വാദ്യങ്ങള്‍ രണ്ടുനേരവും ഉപയോഗിക്കാറുണ്ട്. മറ്റു ക്ഷേത്രങ്ങളില്‍ മാതൃക്കല്‍ ബലി ഭക്തജനങ്ങളെ തൊഴാന്‍ അനുവദിക്കാറില്ല , ഇവിടെ മാതൃക്കല്‍ ബലി തൊഴുന്നത് പരമ പുണ്യമാണെന്നാണ് സങ്കല്‍പം. ബ്രഹ്മകലശവും യഥാവിധിയുള്ള താന്ത്രിക ചടങ്ങുകളും ഉള്‍ക്കൊണ്ടുകൊണ്ടുള്ള മഹോത്സവങ്ങള്‍ ഇപ്പോള്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലും കൂടല്‍മാണിക്യ ക്ഷേത്രത്തിലും മാത്രമേയുള്ളൂ . തരണനെല്ലൂര്‍ തന്ത്രിമാരാണ് രണ്ടു ക്ഷേത്രത്തിലെയും തന്ത്രികള്‍ . ദേവന്‍ ആദ്യമായി ശ്രീകോവിലിന് പുറത്തിറങ്ങുന്ന കൊടിപ്പുറത്ത് വിളക്കാണ് ആദ്യ മാതൃക്കല്‍ ബലി. തുടര്‍ന്നുള്ള എട്ടു ദിവസവും രാവിലെ 7.45 നും രാത്രി 8.15 നും പള്ളിവേട്ടയ്ക്കും ആറാട്ട് ദിവസവും രാവിലെയും മാതൃക്കല്‍ ബലി ഉണ്ടായിരിക്കും.

ടാസ ഷട്ടില്‍ ടൂര്‍ണമെന്റ് 2017 – ലയണ്‍സ്‌ ക്ലബ് ഇരിങ്ങാലക്കുട ജേതാക്കള്‍

ഇരിങ്ങാലക്കുട : ടാസ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ക്രൈസ്റ്റ് അക്വാട്ടിക് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ ഷട്ടില്‍ ടൂര്‍ണമെന്റ് 2017 ലയണ്‍സ്‌ ക്ലബ് ഇരിങ്ങാലക്കുട തൃശൂര്‍ ബാഡ്മിന്റണ്‍ വെല്‍ഫെയര്‍ അസോസിയേഷനെ പരാജയപ്പെടുത്തികൊണ്ട് ലയണ്‍സ്‌ ക്ലബ് ചാമ്പ്യാന്മാരായി. ഡി സി സി സെക്രട്ടറി സോണിയ ഗിരി , ക്യാഷ് അവാര്‍ഡും ട്രോഫിയും വിതരണം ചെയ്തു . ടാസ പ്രസിഡന്റ് ജോസഫ് ചാക്കോ , കെ എം ധര്‍മരാജന്‍ , ക്ലബ് കോര്‍ഡിനേറ്റര്‍ പ്രവീണ്‍സ് ഞാറ്റുവെട്ടി, ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ പീറ്റര്‍ ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു .

ക്ഷേത്രോത്സവത്തിനു എത്തിയവരുടെ പണവും സ്വര്‍ണ്ണവും നഷ്ട്ടപ്പെട്ടു

ഇരിങ്ങാലക്കുട :കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനു തിരക്കേറിയതോടെ പിടിച്ചുപറിയും മോഷണവും ഏറുന്നതായി പരാതി. വെള്ളിയാഴ്ച ഉത്സവം കാണാന്‍ എത്തിയ പൂങ്കുന്നം സ്വദേശിനി ശുഭ സുബ്രമുണ്യന്റെ 20000 രൂപ , എ ടി എം കാര്‍ഡ് ,പ്രധാനപ്പെട്ട രേഖകള്‍ അടങ്ങിയ ബാഗും ക്ഷേത്രത്തില്‍ വച്ച് തിരക്കിനിടയില്‍ നഷ്ട്ടപ്പെട്ടു. മേത്തല സ്വദേശി പ്രവീണ്‍ കുമാറിന്റെ മൂന്നര വയസ്സായ മകളുടെ അരപ്പവന്റെ സ്വര്‍ണ്ണ വളയും നഷ്ടപ്പെട്ടു. ഇവര്‍ പോലീസില്‍ പരാതിപ്പെട്ടു . ആറാം ഉത്സവമായതോടെ കൂടല്‍മാണിക്യത്തില്‍ ഭക്തജന തിരക്ക് ഏറുകയാണ് .മുന്‍ വര്‍ഷങ്ങളില്‍ ക്ഷേത്രത്തിനു മുന്‍വശത്തുള്ള പോലീസ് എയ്ഡ് പോസ്റ്റിനു സമീപം മാല മോഷ്ടിക്കുന്നവരുടെയും പോക്കറ്റ് അടിക്കുന്നവരുടെയും ചിത്രങ്ങള്‍ അടങ്ങിയ ഫ്ലെക്സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാറുണ്ടായിരുന്നു, എന്നാല്‍ ഇത്തവണ അതുണ്ടായില്ല . മോഷണമേറുന്നതോടെ മഫ്ടിയില്‍ ഉള്ള പോലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട് . ക്ഷേത്രോത്സവത്തിനു വരുന്നവര്‍ സ്വര്‍ണ്ണാഭരണങ്ങളും വില പിടിപ്പുള്ള വസ്തുക്കളും കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നു പോലീസ് ആവശ്യപ്പെട്ടു . ക്ഷേത്രത്തില്‍ പോലീസ് സ്ഥാപിച്ച ഇരുപതോളം സുരക്ഷാ ക്യാമറകള്‍ ഉണ്ടെങ്കിലും മോഷണവും പിടിച്ചുപറിയും ഏറുന്നതില്‍ വളരെയധികം ആശങ്കയിലാണ് ഭക്തജനങ്ങള്‍ .

ആല്‍ഫ പാലിയേറ്റീവ് കെയര്‍ : വെള്ളാങ്ങലൂര്‍ ലിങ്ക് സെന്റര്‍ സജ്ജമാകുന്നു

വെള്ളാങ്ങലൂര്‍ : ആല്‍ഫ പാലിയേറ്റീവ് കെയര്‍ ലിങ്ക് സെന്റര് ബ്ലോക്കടിസ്ഥാനത്തില്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കുന്നു . സെന്ററിന് വേണ്ടി കരുമാത്ര കടലായിയില്‍ പരേതനായ ഏറാട്ടുപറമ്പില്‍ ബീരാന്‍ ഹാജിയുടെ കുടുംബം സൗജന്യമായി നല്‍കുന്ന പത്തര സെന്റ് സ്ഥലത്തു സ്ഥിരം കെട്ടിട സൗകര്യം ഉണ്ടാകുന്നതുവരെ കോണത്തുകുന്നില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു എതിര്‍വശം വാടക കൊടുത്ത കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും ദൈനംദിന കാര്യങ്ങള്‍ക്കുള്ള മൂലധനം കണ്ടെത്താനും സമൂഹത്തിലെ ഉദാരമതികളുടെ പങ്കാളിത്തം നേടുന്നതിനുള്ള രൂപരേഖ തയ്യാറാക്കി.
പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിമാസ സംഭാവന പുളിക്കല്‍ കുഞ്ഞുമോന്‍ , ടി കെ അബ്‌ദുള്‍ ഹാജി , എന്നിവര്‍ നല്‍കി. യോഗത്തില്‍ കോര്‍ഡിനേറ്റര്‍ എ ബി ഹുസ്സെന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു . ആല്‍ഫ മെഡിക്കല്‍ വിഭാഗം മേധാവി ഡോ. ജോസ് ബാബു , ചീഫ് പ്രോഗ്രാം ഓഫീസര്‍ സുരേഷ് എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി . ലിങ്ക് സെന്റര് ഭാരവാഹികളായി എ ബി ഹുസ്സെന്‍ (പ്രസിഡന്റ്), സൂസി ഡേവിസ് , കുഞ്ഞുമോന്‍ പുളിക്കല്‍, എ താജുറോദിന്‍(വൈസ് പ്രസിഡന്റ് ) , ഷഫീര്‍ കരുമാത്ര( സെക്രട്ടറി ) , പി കെ എം അഷറഫ്, എ എ യൂനസ് , മുനീറ സജീദ് (ജോയിന്റ് സെക്രട്ടറി ) , എം കെ സുരേന്ദ്ര ബാബു (ട്രഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു .

കൂടല്‍മാണിക്യം തിരുവുത്സവം- ആറാം ഉത്സവദിന കലാപരിപാടികള്‍

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം തിരുവുത്സവം ആറാം ദിവസമായ വെള്ളിയാഴ്ച വൈകീട്ട് 2 മണി മുതല്‍ 3 :30 വരെ തിരുവാതിരക്കളി , 3 :30 മുതല്‍ 5 :30 വരെ നൃത്തനൃത്ത്യങ്ങള്‍, 5 :30 മുതല്‍ 7 :30 വരെ സംഗീതക്കച്ചേരി,  7 :30 മുതല്‍ 9 മണി വരെ കുച്ചിപ്പുടി , 9 മണി മുതല്‍ 10 :30 വരെ മോഹിനിയാട്ടം , 9 :30 നു വിളക്ക് , വിളക്കിനു ശേഷം കഥകളി , കഥ – സന്താനഗോപാലം. Click for full program details. 

കൂടല്‍മാണിക്യം ശീവേലി തത്സമയം സംപ്രേക്ഷണം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇപ്പോള്‍ രാവിലെ നടക്കുന്ന ശീവേലി തത്സമയം സംപ്രേക്ഷണം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍. വെള്ളിയാഴ്ച ശീവേലിക്ക് കിഴക്കൂട്ട് അനിയന്‍ മാരാര്‍ മേളപ്രമാണിയായിരുന്നു . Click to Watch LIVE

Top
Menu Title