News

Archive for: September 20th, 2017

കൂടല്‍മാണിക്യം വിളക്കാഘോഷം തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം വിളക്കാഘോഷം ഇപ്പോള്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ തത്സമയം. ശനിയാഴ്ച വിളക്കിന് പെരുവനം കുട്ടന്‍മാരാര്‍ മേളപ്രമാണിയാണ് . click to watch LIVE

ഉത്സവകാലത്തെ പതിവായി പടിഞ്ഞാറേ പ്രദക്ഷിണവഴിയിലെ പാഠകം

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവകാലത്ത് എല്ലാദിവസവും പടിഞ്ഞാറേ പ്രദക്ഷിണവഴിയില്‍ പാഠകം കാണാന്‍ നിരവധിപേര്‍ എത്തുന്നു. കലാമണ്ഡലം കെ പി നാരായണന്‍ നമ്പ്യാരാണ് വൈകിട്ട് 6 മണി മുതല്‍ 7 വരെ അവതരിപ്പിക്കുന്നത്. പുരാണ കഥാകഥനമാണ് പാഠകം. ഈ കല രംഗത്തവതരിപ്പിക്കുന്നത് നമ്പ്യാര്‍മാരാണ്. വളരെ ലളിതമായ രംഗസജ്ജീകരണമാണ് പാഠകത്തിന്റേത്. കത്തിച്ചു വെച്ചഒരു നിലവിളക്കു മാത്രം. ഇതില്‍ ഒരു നടന്‍ മാത്രമാണുള്ളത്. കാര്യമായ വേഷവിധാനങ്ങളൊന്നുമില്ല. ചുവന്ന പട്ട് കൊണ്ട് തലയില്‍ ഒരു കെട്ട്, ശരീരത്തില്‍ ഭസ്മക്കുറി, മാലകള്‍ നെറ്റിയില്‍ കുങ്കുമപ്പൊട്ട് എന്നിവ. പാഠകം അവതരിപ്പിക്കുന്ന ആള്‍ വാഗ്മിയും നര്‍മബോധം ഉള്ള ആളുമായിരിക്കണം.കൂത്തിന്റെ അവതരണരീതിയുമായി സാദൃശ്യം തോന്നുമെങ്കിലും പരിഹാസ പ്രയോഗങ്ങള്‍ ഒട്ടും പാടില്ല എന്ന നിബന്ധന പാഠകത്തിലുണ്ട്.വാദ്യ പ്രയോഗങ്ങളോ മറ്റ് അനുഷ്ഠാന കര്‍മ്മങ്ങളോ ഇല്ല.

പാഠകം എന്ന കലാരൂപം ഉദ്ഭവിച്ചത്ചാക്യാര്‍ കൂത്തില്‍ നിന്നാണ് എന്ന് പൊതുവേ കരുതപ്പെടുന്നു. ഇത് സമര്‍ഥിക്കുന്ന ഒരു ഐതിഹ്യവും പറഞ്ഞു കേള്‍ക്കുന്നുണ്ട്. ചാക്യാര്‍ കൂത്തിന് മിഴാവ് വായിക്കുന്നവരാണ് നമ്പ്യാര്‍മാര്‍. ഒരിക്കല്‍ ഒരു ക്ഷേത്രത്തില്‍ ചാക്യാര്‍ കൂത്ത് അവതരിപ്പിക്കുവാനായി ചാക്യാര്‍ക്ക് എത്തുവാന്‍ സാധിച്ചില്ല.കൂത്തിനു മിഴാവ് വായിക്കുവാനുള്ള നമ്പ്യാര്‍ മാത്രമേ എത്തിയിരുന്നുള്ളൂ.അന്നൊക്കെ അമ്പലങ്ങളില്‍ ഉത്സവക്കാലത്ത് എല്ലാ ദിവസവും ഒരു കഥ തുടര്‍ച്ചയായാണ് ചാക്യാന്മാര്‍ കൂത്ത് അവതരിപ്പിക്കാറ്. കൂത്തമ്പലങ്ങളില്‍ ഉച്ച സമയത്ത് തുടങ്ങേണ്ടിയിരുന്ന കൂത്ത് ഉച്ചയായി വൈകുന്നേരമായി, സന്ധ്യയായി എന്നിട്ടും തുടങ്ങിയിട്ടില്ല. മിഴാവ് വായിക്കുവാന്‍ വന്ന നമ്പ്യാര്‍ക്ക് കഥ പറയാൻ സാധിക്കുമോ എന്ന് ക്ഷേത്ര ഭരണാധികാരികള്‍ ആരാഞ്ഞു. ചാക്യാര്‍ പറയുന്ന കഥ അനേകം വര്‍ഷങ്ങളായി അദ്ദേഹത്തോടൊപ്പം നടക്കുന്നതു കൊണ്ട് എനിക്ക് പറയാം. പക്ഷെ കൂത്തമ്പലത്തില്‍ കയറി നിന്ന് കൂത്ത് പറയാനുള്ള ജന്മാവകാശം ചാക്യാര്‍ക്കുള്ളതാണ്. ആയതിനാല്‍ ആ കലാരൂപത്തെ ഞാനിവിടെ അവതരിപ്പിക്കില്ല. കൂത്തമ്പലത്തില്‍ കയറുകയും ഇല്ല. ആയതിനാല്‍ കൂത്തമ്പലത്തിനു പുറത്ത് പ്രദക്ഷിണവഴിയോരത്ത് നിന്ന് കൊണ്ട് , ചാക്യാര്‍ കൂത്തിന്‍റേത് പോലെ അത്ര പ്രൌഢമായ ചമയങ്ങളൊന്നുമില്ലാതെ, വളരെ ലളിതമായ വേഷവിധാനങ്ങളോടു കൂടെ എന്‍റേതായ രീതിയില്‍ ഞാന്‍ അവതരിപ്പിക്കാം എന്ന് നമ്പ്യാര്‍ക്കു വാക്കും കൊടുത്തുവത്രെ. അങ്ങനെ ആദ്യത്തെ അവതരണം തുടങ്ങുമ്പോഴേക്കും ക്ഷേത്രത്തിലെ ദീപാരാധന കഴിഞ്ഞിരുന്നു.

ഈ ഐതിഹ്യം ആധികാരികമല്ലെങ്കിലും ഇപ്പോഴും പാഠകാവതരണങ്ങള്‍ കൂത്തമ്പലത്തിനു പുറത്ത് പ്രദക്ഷിണവഴിയോരത്ത് , ചാക്യാര്‍കൂത്തില്‍ നിന്ന് വ്യത്യസ്തമായ ചമയത്തോടും ചടങ്ങുകളോടും കൂടി എന്നാല്‍ പറയുന്ന കഥകള്‍ കൂത്തിന്‍റേതിനു സമാനമായി ,തുടക്കത്തിലെ ചടങ്ങുകള്‍ക്ക് ചെറിയ വ്യത്യാസത്തോടു കൂടി ഇന്നും തുടര്‍ന്നു വരുന്നു. പാഠകകലാകാരന്‍ ചാക്യാര്‍കൂത്തിലെപ്പോലെ തന്നെ ചിലപ്പോള്‍ കഥ പറയുന്ന ആളായും ചിലപ്പോള്‍ കഥാപാത്രമായും മറ്റുചിലപ്പോള്‍ കാണികളോടു സംഭാഷണം ചെയ്തുകൊണ്ട് അവരിലൊരാളായും മാറുന്നു.

ആന ഇടഞ്ഞോടിയതു പരിഭ്രാന്തി സൃഷ്ടിച്ചു

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം  എഴുന്നള്ളിപ്പിന് ശേഷം കൊട്ടിലയ്ക്കലില്‍ വിശ്രമിക്കുകയായിരുന്ന ചോയ്സ് അമ്പാടി കണ്ണന്‍ എന്ന ആന ഓടിയത് പരിഭ്രാന്തി സൃഷ്ടിച്ചു. കൊട്ടിലായ്ക്കലില്‍ നിന്നും പേഷ്‌ക്കര്‍ റോഡ് വഴി ചെട്ടിപ്പറമ്പില്‍ എത്തിയ ആന ഗേള്‍സ് സ്കൂളിന് സമീപത്തു കൂടി ടൗണ്‍ ഹാളിനു മുന്‍ വശം വരെ എത്തി . എലെഫന്റ്റ് സ്‌ക്വാഡും മറ്റു പാപ്പാന്മാരും കൂടി ആനയെ കല്ലട ഹോട്ടലിനു മുന്‍ വശത്തു വച്ച് തളച്ചു . ടൗണ്‍ ഹാള്‍ റോഡിലെ മാത്യൂസ് സെയില്‍സ് കോര്‍പറേഷന്‍ കെട്ടിടത്തിന്റെ കമ്പി ഗ്രില്‍  ആന തകര്‍ത്തു . 5 :45 നോട് കൂടി ആനയെ തളച്ചു ലോറിയില്‍ കയറ്റി സംഭവ സ്ഥലത്തു നിന്നും കൊണ്ട് പോയി. ആന ഓടി വരുന്നത് കണ്ട്  ചെട്ടിപ്പറമ്പില്‍ വച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ ബൈക്ക് ഉപേക്ഷിച്ചു പോയി ,  കാര്യമായ പരിക്കുകള്‍  ആര്‍ക്കും പറ്റിയിട്ടില്ല . പോലീസ് സ്ഥലത്തു എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. കൊട്ടിലയ്ക്കലില്‍ വിശ്രമിക്കുകയായിരുന്ന ആന പെട്ടന്ന് പേടിച്ചു ഓടിയതാണെന്നു പാപ്പാന്മാര്‍ പറഞ്ഞു.


ടി എസ് രാധാകൃഷ്ണജി & പാര്‍ട്ടി അവതരിപ്പിക്കുന്ന ഭക്തിഗാന തരംഗിണി

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഏഴാം ഉത്സവ ദിനത്തില്‍ ത്യാഗബ്രഹ്മം അയ്യപ്പ ഗാനശ്രീ ടി എസ് രാധാകൃഷ്ണജി & പാര്‍ട്ടി അവതരിപ്പിക്കുന്ന ഭക്തിഗാന തരംഗിണി ഇപ്പോള്‍ തത്സമയം സംപ്രേക്ഷണം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍. click to watch LIVE now

കൂടല്‍മാണിക്യം ഊട്ടുപുര വിശേഷങ്ങള്‍

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രം പോലെ തന്നെ ക്ഷേത്ര ഊട്ടുപുരയും പണ്ടേ പ്രസിദ്ധമാണ്.  ഉത്സവദിനങ്ങളില്‍ ആയിരക്കണക്കിന് ഭക്സ്തജനങ്ങള്‍ പ്രസാദ ഊട്ടിന് പങ്കെടുക്കുന്നു.  രണ്ടായിരത്തിനാല് വരെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമായിരുന്നു ഭക്ഷണം . ഭൂപരിഷ്കൃത നിയമം വരുന്നതിന് മുമ്പ് അമ്പലത്തിന് പാട്ടമായി കിട്ടിയിരുന്നു. അന്ന് ഉണക്കലരി നിവേദ്യം ആയിരുന്നു ഉത്സവകാലഘട്ടത്തില്‍ ഉച്ചഭക്ഷണത്തിന് കൂടല്‍മാണിക്യക്ഷേത്രത്തിലെ ഊട്ടുപുരയിലെ പുളിങ്കറി കൂട്ടി ചോറുണ്ടതിന്റെ ആ സ്വാദ് പ്രസിദ്ധ കവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടുമായി പങ്കുവക്കുന്നുണ്ട്. കൂടല്‍മാണിക്യം ഊട്ടുപുര ഭക്ഷണം രുചിച്ച് മധുരമൂറുന്ന വാക്കുകള്‍ കുഞ്ഞുണ്ണിമാഷും കുറിച്ചിട്ടിട്ടുണ്ട്. ക്ഷേത്ര ഊട്ടുപുരയുമായി ഏറെ ബന്ധമുള്ള പാചകവിദഗ്ദന്‍ കൂടിയായ കുഴിയേലി നകര്‍ണ്ണ് നാരായണന്‍ നമ്പൂതിരി പുളിങ്കറി മാഹാത്മ്യത്തെ ഇങ്ങനെ സൂചിപ്പിക്കുന്നു. ചേന ,ഇളവന്‍ , മത്തങ്ങ ഇവയാണ് പുളിങ്കറിയുടെ കഷണങ്ങള്‍ . മല്ലി , മുളക് , നാളികേരം എന്നിവ അരച്ച് ചേര്‍ത്താണ് പുളിങ്കറി നിര്‍മ്മാണം. മുതിരക്കൂട്ടാന്‍ ,മാമ്പഴക്കാളന്‍ ,ഇടിയന്‍ ചക്ക തോരന്‍ ,കായ പയര്‍ മെഴുക്കുപുരട്ടി ,മോര് , നാരങ്ങ , മാങ്ങ ഉപ്പിലിട്ടത്‌ , പുളിയിഞ്ചി ,പപ്പടം ഇതായിരുന്നു ആദ്യകാല വിഭവങ്ങള്‍ . പ്രഭാത ഭക്ഷണത്തിന് നേദ്യ ചോറ് ആയിരുന്നു, അരി ആവശ്യത്തിലധികം സ്വന്തമായി ഉണ്ടായിരുന്നതിനാല്‍ ഇതിനു പ്രയാസമില്ലായിരുന്നു. വൈകുന്നേരം ഭക്ഷണത്തിന് പപ്പടം നല്കിയിരുന്നില്ല , ക്ഷേത്രത്തിലെ കൂട്ട് പായസവും ,നെയ്യ പായസവുമാണ് വിളമ്പിയിരുന്നത്. ശുദ്ധിയോടും ,ശ്രദ്ധയോടും കൂടിയായിരുന്നു പാചകം ചെയ്തിരുന്നത്. ഓട് ,ചെമ്പ് എന്നിവ കൊണ്ടുണ്ടാക്കിയ പാത്രങ്ങള്‍ മാത്രമേ ഇതിനു ഉപയോഗിച്ചിരുന്നുള്ളു . ഭക്ഷണ ശുദ്ധിയില്‍ പാത്രശുദ്ധി പ്രധാന ഘടകമാണ് എന്ന് കുഴിയേലി അടിവരയിട്ട് പറയുന്നു. നിരവധി കാരണങ്ങളാല്‍ ക്ഷേത്ര സ്വത്തുക്കള്‍ അന്യാധീനമാവുകയും നിത്യനിദാനത്തിനു പോലുമുള്ള അരി ലഭ്യമല്ലാതാവുകയും ചെയ്തതോടെ ഊട്ടുപുര സദ്യക്രമത്തിനും മാറ്റം വന്നു. ഇന്ന് ഭക്തജനങ്ങളുടെ നിര്‍ലോഭ സഹകരണം കൊണ്ടാണ് ആയിരക്കണക്കിനാളുകള്‍ക്ക് പ്രസാദ ഊട്ടിന് പങ്കെടുക്കാന്‍ സാധിക്കുന്നത്. ഉത്സവത്തിനു പുറമേ പ്രതിഷ്ഠ ദിനം , പുത്തരി ,മാസം തോരുമുള്ള തിരുവോണ ഊട്ട് എന്നിവയില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുക്കുന്നു. ഉത്സവകാലത്ത് ഇപ്പോള്‍ നടക്കുന്ന പ്രസാദ ഊട്ടിന് ചോറിനു പുറമേ സാമ്പാര്‍ , തോരന്‍ , കിച്ചടി, ഉപ്പിലിട്ടത്‌, പപ്പടം, സംഭാരം, രസം എന്നിവയാണ് വിഭവങ്ങള്‍ .

ഫ്ലെക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചതിന്റെ പേരില്‍ ഇരിങ്ങാലക്കുട കോണ്‍ഗ്രസ്സിനകത്തു പുതിയ പോര്

ഇരിങ്ങാലക്കുട :  ഫ്ലെക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചതിന്റെ പേരില്‍ ഇരിങ്ങാലക്കുട കോണ്‍ഗ്രസ്സിനകത്തു പുതിയ പോര്. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുരിയാക്കോസ് നയിക്കുന്ന യൂത്ത് മാര്‍ച്ചിന് യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ബോര്‍ഡില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ്സ് ഭാരവാഹികളുടെ ചിത്രങ്ങള്‍ അടങ്ങിയ ഭാഗം മാത്രം നീക്കം ചെയ്തതാണ് തര്‍ക്കത്തിനിടയാക്കിയത് . ചിത്രങ്ങള്‍ വെട്ടിമാറ്റിയത് കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്സന്റെ കൂലിക്കാരാണ് എന്ന ആരോപണവുമായി കെ പി സി സി നിര്‍വാഹക സമിതി അംഗം ടി വി ജോണ്‍സണും ഡി സി സി സെക്രട്ടറി അഡ്വ. എം എസ് അനില്‍കുമാറും കോണ്‍ഗ്രസ്സ് മണ്ഡലം ഭാരവാഹി അഡ്വ. ആന്റണി തെക്കേക്കരയും രംഗത്തെത്തി . നഗരത്തില്‍ യൂത്ത് മാര്‍ച്ചിന്റെ ഭാഗമായി ആദ്യം സ്ഥാപിച്ച ബോര്‍ഡുകളില്‍ യുവ ഭാരവാഹികളെ ഒഴിവാക്കി രാഹുല്‍ ഗാന്ധിയുടെയും എം പി ജാക്സന്‍റെയും ചിത്രങ്ങള്‍ മാത്രമാണുണ്ടായത് . തങ്ങളെ ഒഴിവാക്കി 70 നോട് അടുത്ത നേതാക്കളുടെ ചിത്രങ്ങള്‍  പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളില്‍ അസംതൃപ്തരായ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെയും ഡീന്‍ കുര്യക്കോസിന്റെയും ഫോട്ടോയും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം ഭാരവാഹികളുടെയും ഫോട്ടോകളും ചേര്‍ത്ത് പുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചു . ഈ ബോര്‍ഡുകളില്‍ നിന്നാണ് യൂത്ത് ഭാരവാഹികളുടെ ഫോട്ടോകള്‍ വെട്ടിമാറ്റിയിരിക്കുന്നത് . ചെറുപ്പക്കാര്‍ പാര്‍ട്ടിയില്‍ വരുന്നതിലെ അസഹിഷ്ണുതയാണ് കെ പി സി സി ജനറല്‍ സെക്രട്ടറിയെയും അനുചരവൃന്ദറെയും നയിക്കുന്നതെന്നാണ് അനില്‍ കുമാറും ആന്റണി തെക്കേക്കരയും പറയുന്നത് . സമീപക്കാലത്താണ് എം സി പി കണ്‍വെന്‍ഷന്‍ സെന്ററുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളില്‍ പാര്‍ട്ടിയിലും പൊതുമധ്യത്തിലും ഒറ്റപ്പെട്ടുപോയത്തിന്റെ ജാള്യം മറക്കാന്‍ ആണ് യൂത്ത് കോണ്‍ഗ്രസ്സ് ജാഥയെയും ഹൈജാക്ക് ചെയ്യാന്‍ എം പി ജാക്സണ്‍ ശ്രമിക്കുന്നു എന്നും ഇവര്‍ പറഞ്ഞു . എന്നാല്‍ ആരോപണങ്ങളോട് പ്രതികരിക്കാന്‍ എം പി ജാക്സണ്‍ തയാറായില്ല .

ബിജെപി പ്രതിഷേധ ധര്‍ണ്ണ നടത്തി

ഇരിങ്ങാലക്കുട : കുടിവെള്ളക്ഷാമം രൂക്ഷമായ സമയത്ത് അനധികൃതമായി കുഴല്‍കിണറിന് അനുമതി നല്‍കിയ പൂമംഗലം പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബിജെപി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഒ ബി സി മോര്‍ച്ച് ജില്ല വൈസ് പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സിബി കുന്നുമ്മക്കര അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.സി.വേണുമാസ്റ്റര്‍, മനോജ് ചക്കാലക്കല്‍, കര്‍ഷകമോര്‍ച്ച ജില്ല സെക്രട്ടറി മഹേഷ്, സുരേഷ് പാട്ടത്തില്‍, സേതുമാധവന്‍ പതിയാംകുളങ്ങര, സി.വി.അജയകുമാര്‍ എന്നിവര്‍  സംസാരിച്ചു.

കൂടല്‍മാണിക്യം തിരുവുത്സവം ഏഴാം ദിവസം – പ്രധാന സ്റ്റേജില്‍ ഇന്ന്

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം തിരുവുത്സവം ഏഴാം ദിവസമായ ശനിയാഴ്ച  വൈകീട്ട് 2 മണി മുതല്‍ 4 മണി വരെ തിരുവാതിരക്കളി ,4 മണി മുതല്‍ 5 മണി വരെ വിജയഭാരതി അക്ഷരശ്ലോക സമിതി അവതരിപ്പിക്കുന്ന അക്ഷരശ്ലോക സദസ്സ്, 5 മണി മുതല്‍ 6 മണി വരെ നൃത്തനൃത്ത്യങ്ങള്‍ , 6 മണി മുതല്‍ 7 : 30 വരെ ജയന്തി ദേവരാജ് ആന്‍ഡ് പാര്‍ട്ടി അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍ , കഥ- കിരാതം , 7 :30 മുതല്‍ 9 :30 വരെ ഭക്തിഗാന തരംഗിണി, 9:30 നു വിളക്ക് , തുടര്‍ന്ന് കഥകളി ,കഥ – ലവണാസുര വധം (മണ്ണാനും മണ്ണാത്തിയോടും കൂടി ) .  click for full program details 

കൂടല്‍മാണിക്യം ശീവേലി തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇപ്പോള്‍ രാവിലെ നടക്കുന്ന ശീവേലി തത്സമയം സംപ്രേക്ഷണം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍. ശനിയാഴ്ച ശീവേലിക്ക് പെരുവനം കുട്ടന്‍മാരാര്‍ മേളപ്രമാണിയാണ് . Click to Watch LIVE

ഗബ്രിയേലച്ചന് ഇരിങ്ങാലക്കുടയുടെ അന്ത്യാഞ്ജലി

ഇരിങ്ങാലക്കുട : വിദ്യാഭ്യാസ വിചക്ഷണനും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനുമായ ഫാദര്‍ ഗബ്രിയേലിന് ഇരിങ്ങാലക്കുടയുടെ പൗരാവലി അന്ത്യാഞ്ജലി അര്‍പ്പിച്ചു . ഗബ്രിയേലച്ചന്റെ ഭൗതിക ശരീരം ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു . രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച ഗബ്രിയേലച്ചന്റെ അവസാനമായി കണ്ട് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പിള്ളി വി.എസ്‌ സുനില്‍ കുമാര്‍ എന്നിവര്‍ എത്തി. എം എല്‍ എ മാരായ പ്രൊഫ് കെ യു അരുണന്‍ , ബി ഡി ദേവസ്സി എന്നിവരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു . വൈകിട്ട് 5 മണിക്ക് നടക്കുന്ന സംസ്കാര ശുശ്രുഷക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വവും വഹിക്കും.  ശനിയാഴ്ച രാവിലെ 9 മണിക്ക് അമല മെഡിക്കല്‍ കോളേജില്‍ നിന്നും ആരംഭിച്ച വിലാപയാത്രയില്‍ സി.എം.ഐ. ദേവമാത പ്രൊവിന്‍ഷ്യാള്‍ ഫാ.വാള്‍ട്ടര്‍ തേലപ്പള്ളി,  അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ.ഫ്രാന്‍സീസ് കുരിശ്ശേരി,ഫാ.തോമസ് വാഴക്കാല, ഫാ.ഷാജു എടമന, ഫാ.ജോസ് ചുങ്കന്‍, ഫാ.ഡോ.ജോളി ആന്‍ഡ്രുസ്, ജോയി പീനിക്കാപരമ്പില്‍, പ്രൊഫ.വി.പി.ആന്റോ എന്നിവര്‍ അനുഗമിച്ചു. ഇരിങ്ങാലക്കുട ഫാ.ഗബ്രിയേല്‍ സ്‌ക്വയറില്‍ വച്ച് നഗരസഭ അദ്ധ്യക്ഷ നിമ്യ ഷിജു, നഗര സഭാ കൗണ്‍സില്‍ അംഗങ്ങള്‍, ടെന്നിസണ്‍ തെക്കേക്കക്കര, വിക്ടറി തൊഴുത്തുംപറമ്പില്‍, തോമസ് വെള്ളാനിക്കാരന്‍, വി.കെ.സുകുമാരന്‍,ഫാ.വില്‍സന്‍ തറയില്‍ എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. സെന്റ് ജോസഫ്‌സ് കോളേജില്‍ പ്രിന്‍സിപ്പല്‍ റവ.സി.ഡോ.ക്രിസ്റ്റി , മാനേജര്‍ സി.ഡോ. രഞ്ജന എന്നിവരുടെ നേതൃത്വത്തില്‍ അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാര്‍ത്ഥിനികളും പി.ടി.എ.ഭാരവാഹികളും ചേര്‍ന്ന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സി.ലൊറേറ്റ, മദര്‍ മേരി പാസ്റ്റര്‍, സി.ഇവാന്‍ഷ്യ, സി.വിജയ, സി.ഡോ.ആനി കുര്യാക്കോസ്, എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ വച്ച് പ്രിന്‍സിപ്പല്‍ ഫാ.ഡോ.ജോസ് തെക്കന്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ.മാത്യു പോള്‍ ഊക്കന്‍, ഫാ.ജോളി മാളിയേക്കല്‍, ഫാ.ജോയി പീനിക്കാപ്പറമ്പില്‍, പി.ആര്‍.ഒ പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ്, അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വ അദ്ധ്യാപകര്‍ , അനദ്ധ്യാപകര്‍ ,പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് ആനയിച്ചു . ജസ്റ്റീസ് കുര്യന്‍ ജോസഫ്, സിനിമാ സംവിധായകനും കെ.എസ്.എഫ്.ഡി.സി ചെയര്‍മാനുമായ കമല്‍, ഗുജറാത്ത് ഗവര്‍ണ്ണറുടെ ആയുര്‍വ്വേദ ഫിസിഷ്യന്‍ ഡോ.എന്‍. ജയചന്ദ്രന്‍, പോലീസ് ഐ.ജി എം.ആര്‍. അജിത്കുമാര്‍ ഐ.പി.എസ്‌, കെ.എസ്.ഇ.ബി. മുന്‍ ചെയര്‍മാന്‍ ടി.എം.മനോഹരന്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന കുവൈറ്റ് ചാപ്റ്ററിനുവേണ്ടി ഫ്രാന്‍സിസ് മൈക്കിള്‍, വിവിധ പഠനവിഭാഗങ്ങള്‍ എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ്,സെന്റ്‌ ജോസഫ്‌സ് കോളേജുകളുടെ സ്ഥാപനത്തിലൂടെ ഉന്നതവിദ്യാഭ്യാസരംഗത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ പത്മഭൂക്ഷണ്‍ ഫാ ഗബ്രിയേലച്ചന്റെ നിര്യാണത്തില്‍ സിപിഐ (എം) ഏരിയ കമ്മിറ്റി അനുശോചിച്ചു. മതേതരത്വം കാത്തു സൂക്ഷിച്ച ഇരിങ്ങാലക്കുടയുടെ വികസനത്തിന് അടിത്തറ പാകിയ പുരോഹിതനാണ് ഫാദര്‍. ഗബ്രിയേല്‍ എന്ന് ജനപക്ഷം ഹൈപവര്‍ കമ്മിറ്റി അംഗം അഡ്വ. സൈജോഹസ്സന്‍ അഭിപ്രായപ്പെട്ടു.

Top
Menu Title