News

Archive for: September 21st, 2017

പുത്തന്‍ത്തോടിന്റെ പുനര്‍ജന്മത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍

കരുവന്നൂര്‍  : പുത്തന്‍തോടിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. കരുവന്നൂര്‍ സ്വദേശി കണ്ണോളിവീട്ടില്‍ രാജന്‍ മകന്‍ സിബിന്‍രാജ് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് 30 ദിവസത്തിനകം പ്രശ്‌നം പരിഹരിക്കണമെന്ന് കേരള ഗവര്‍മെന്റിനോട് ആവശ്യപ്പെട്ടത്. ഗവര്‍മെന്റിന്റെ പ്രശ്‌നപരിഹാര സെല്‍ ഇടപെട്ട് പുത്തന്‍തോട് കടന്നുപോകുന്ന ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, കാറളം, കാട്ടൂര്‍, പറപ്പൂക്കര, എടത്തിരുത്തി, പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ജില്ല കളക്ടര്‍ക്കും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ നോട്ടീസ് അയച്ചു. പരാതിക്കാരനായ സിബിന്‍രാജിനും പിഎംഓയില്‍ നിന്നും കേരള ഗവര്‍മെന്റ് പ്രശ്‌നപരിഹാര സെല്ലില്‍ നിന്നും നോട്ടീസ് കിട്ടിയിട്ടുണ്ട്. പുത്തന്‍തോടിന്റെ ഭൂരിഭാഗവും ഇരിങ്ങാലക്കുട നഗരസഭയുടെ പരിധിയിലായതിനാല്‍ നഗരസഭയാണ് പ്രധാനമായും പുത്തന്‍തോടിന്റെ പ്രശ്‌നപരിഹാരത്തിന് നടപടിയെടുക്കേണ്ടതെന്നും നോട്ടീസില്‍ പറയുന്നു.

കരുവന്നൂര്‍ പുഴയുടെ തെക്കുഭാഗത്തുള്ള പുത്തന്‍തോട് ഇന്ന് വെള്ളം വറ്റികാടുകയറി കിടക്കുകയാണ്. പുല്ലും ചെടികളും വളര്‍ന്ന് തോട് ഒരു കാടായി മാറിയരിക്കുകയാണ്. വിവിധ പഞ്ചായത്തുകളിലൂടെ പോകുന്ന തോടിന് അഞ്ചു കിലോമീറ്റര്‍ നീളമുണ്ട്. പ്രദേശത്തെ കൃഷിക്കും കുടിവെള്ളത്തിനും ജനം ആശ്രയിക്കുന്നത് ഈ തോടിനെയാണ്. എന്നാല്‍ വെള്ളം വറ്റിയതോടെ പൊറിത്തിശ്ശേരി, പറപ്പൂക്കര, കാട്ടൂര്‍, എടത്തിരുത്തി മേഖലയിലെ ഏക്കര്‍ കണക്കിന് കൃഷി പ്രതിസന്ധിയിലായിരിക്കുകയാണ്. കുടിവെള്ള ലഭ്യതയും കുറഞ്ഞു. മാലിന്യങ്ങള്‍ നിക്ഷേപിക്കുവാനുള്ള കേന്ദ്രമായി മാറിയതായിരിക്കുന്നു. കരുവന്നൂര്‍ പുഴയില്‍ നിന്നുളള നീരൊഴുക്ക് തടഞ്ഞതാണ് കെഎല്‍ഡിസി കനാലില്‍ വെള്ളം വറ്റാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ജലസേചന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും പുത്തന്‍തോടിന്റെ വീതി ആഴവും കൂട്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ പിന്നീട് ഇത് സംരക്ഷിക്കുന്നതിനോ പരിപാലിക്കുന്നതിനോ ഒരു ശ്രമവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കനാലിന്റെ അറ്റകുറ്റപണികളുടെ ഉത്തരവാദിത്വവും ഫണ്ടും കൃഷിവകുപ്പിനും കെഎല്‍ഡിസിക്കുമാണ്. എന്നാല്‍ ഇരുകൂട്ടരും പ്രശ്‌നം പരിഹരിക്കുവാന്‍ വേണ്ടത്ര ശ്രമം നടത്തുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പുത്തന്‍തോട് വൃത്തിയാക്കി ഇരുഭാഗത്തും കരിങ്കല്‍ഭിത്തി കെട്ടി സംരക്ഷിക്കമെന്നാവശ്യപ്പെട്ട് നാട്ടുകാരും സംഘടനകളും പലവട്ടം സര്‍ക്കാരിന്റെ വകുപ്പുകളിലേക്ക് പലവട്ടം പരാതികളയച്ചിരുന്നു. മാറിമാറി വന്ന ജനപ്രതിനിധികള്‍ക്കും പരാതി കൊടുത്തെങ്കിലും അവഗണനതന്നെയായിരുന്നു ഫലം. മഴവെള്ളം സംരക്ഷിച്ചു നിര്‍ത്തുന്നതിനും റോഡിനു കുറുകെ തടയണ നിര്‍മ്മിക്കാനുള്ള നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കുടിവെള്ള ക്ഷാമവും, കൃഷിയാവശ്യത്തിനുള്ള വെള്ളത്തിന്റെ ദൗര്‍ലഭ്യവും രൂക്ഷമായിട്ടും നടപടി സ്വീകരിക്കേണ്ട ഗവ. അധികൃതര്‍ അനങ്ങാപ്പാറനയം സ്വീകരിച്ചപ്പോഴാണ് പ്രധാനമന്ത്രിയുടെ ഓഫിസിന് പരാതി അയച്ചതെന്ന് പരാതിക്കാരനായ സിബിന്‍രാജ് പറഞ്ഞു.

ബൈപാസ് റോഡില്‍ തണ്ണീര്‍ത്തടം നികത്തി സിനിമ തീയറ്റര്‍ പണിയുന്നത് നഗരസഭയുടെ അനുമതിയില്ലാതെയെന്നു കൗണ്‍സിലില്‍ ആരോപണം

ഇരിങ്ങാലക്കുട :  ബൈപാസ് റോഡില്‍ തണ്ണീര്‍ത്തടം നികത്തി  നഗരസഭ അനുമതിയില്ലാതെ സിനിമ തീയറ്റര്‍ പണിയുന്നതിനെതിരെ നഗരസഭ കൗണ്‍സിലില്‍ ആരോപണമുയര്‍ന്നു. ബി ജെ പി അംഗം സന്തോഷ് ബോബന്‍ ആണ്  അടിയന്തര പ്രാധാന്യമുള്ള വിഷയമായി കൗണ്‍സിലില്‍ ഉന്നയിച്ചത് . നഗരസഭ നിയമമനുസരിച്ചു ഏതൊരു നിര്‍മ്മാണ പ്രവര്‍ത്തനം നടത്തണമെങ്കിലും നഗരസഭ പെര്‍മിറ്റ് ആവശ്യമാണ്. ഇരിങ്ങാലക്കുട നഗരസഭ ഇരിങ്ങാലക്കുട വില്ലേജില്‍പ്പെട്ട ഈ സ്ഥലത്തിന് സിനിമ തീയറ്റര്‍ പണിയുവാന്‍ അനുവാദം നല്‍കിയിട്ടില്ല . ഒരു ചെറിയ കെട്ടിടം നിര്‍മ്മിക്കുവാനുള്ള അനുവാദം വാങ്ങികൊണ്ട് അതിന്റെ മറവില്‍ ഒരു ബഹുനില സിനിമ മന്ദിരം പണിതുകൊണ്ടിരിക്കുകയാണ് . അതിന്റെ ഉദ്ഘാടനം ആഗസ്റ് 15 ന് ആണെന്നും അവര്‍ പറയുന്നു .ഈ വിവരം നഗരസഭ അറിഞ്ഞിട്ടില്ലെന്നും സന്തോഷ് ബോബന്‍ പറഞ്ഞു . ഈ സിനിമ കെട്ടിടവുമായി ബന്ധപ്പെട്ടുകൊണ്ടു ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നത് എന്നും സന്തോഷ് ബോബന്‍ കൗണ്‍സിലില്‍ പറഞ്ഞു .  കോംപ്ലെക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നഗരസഭ കൗണ്‍സിലില്‍ അറിഞ്ഞിട്ടില്ല . തീയറ്റര്‍ കോംപ്ലെക്‌സുമായി ഏതു രീതിയിലുള്ള കാര്യങ്ങള്‍ ഉണ്ടായാലും അത് കൗണ്‍സിലില്‍ അറിഞ്ഞിരിക്കണം എന്നും സന്തോഷ് ബോബന്‍ പറഞ്ഞു . ഇതേ തുടര്‍ന്ന് അനധികൃത നിര്‍മ്മാണം നടത്തുന്നുണ്ടെങ്കില്‍ അത് അറിയുവാനായി സെക്രട്ടറിയെ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ചുമതലപ്പെടുത്തി . സിനിമ തീയറ്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുകൊണ്ട് ആറു മാസം മുന്‍പ് സന്തോഷ് ബോബന്‍ കൗണ്‍സിലില്‍ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു . അന്നത്തെ സെക്രട്ടറി ഇതേതുടര്‍ന്ന് സ്ഥലമാറ്റം വാങ്ങി പോകുകയാണുണ്ടായത് . ഈ തീയറ്ററുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൗണ്‍സിലില്‍ ചര്‍ച്ചക്ക് എത്തിയപ്പോള്‍ ഇടതുപക്ഷ വലതുപക്ഷ അംഗങ്ങള്‍ ഇത്തവണയും മൗനം പാലിച്ചു . മള്‍ട്ടിപ്ളെക്സ് തീയറ്റര്‍ സമുച്ചയ നിര്‍മ്മാണത്തിന് നഗരസഭ അനുമതി നല്‍കിയിട്ടുണ്ടോ എന്ന് അറിയില്ലെന്ന് മുനിസിപ്പല്‍ എന്‍ജിനിയര്‍ മാധ്യമങ്ങളോട് പറഞ്ഞു.  താന്‍ ചുമതല ഏല്‍ക്കുന്നതിനു മുന്‍പുള്ള കാര്യമായതിനാല്‍ ഫയല്‍ നോക്കണമെന്ന് അദ്ദേഹം പറഞ്ഞു, എന്നാല്‍ തന്റെ കാലത്തു ഇങ്ങനെ ഒരു അനുമതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  മള്‍ട്ടിപ്ളെക്സ് തീയറ്റര്‍ സമുച്ചയ നിര്‍മ്മാണത്തിന് എല്ലാ വിധ അനുമതിയും ലഭിച്ചിട്ടുണ്ടെന്ന് ഇവരുടെ വക്താവ് പറഞ്ഞു . ചീഫ് ടൗണ്‍ പ്ലാനറുടെ അനുമതിയും കിട്ടിയിട്ടുണ്ട് . എന്നാല്‍ നിര്‍മ്മാണം തണ്ണീര്‍ത്തട മേഖലയിലാണെന്നും ഇവരും സമ്മതിക്കുന്നു ഇത് തരണം ചെയ്യാന്‍ ആര്‍ ഡി ഒ യില്‍ നിന്നും കെ എല്‍ യു അനുമതി പത്രവും ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു . ഇതിനായി ഹൈകോര്‍ട്ടില്‍ നിന്നുള്ള ഓര്‍ഡര്‍ പ്രകാരം ഈ സ്ഥലം കൊമേര്‍ഷ്യല്‍ ഏരിയയില്‍ ആണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുള്ള സത്യവാങ് മൂലം ബന്ധപ്പെട്ട കൃഷി ഓഫീസര്‍ , വില്ലേജ് ഓഫീസര്‍ , നഗരസഭ സെക്രട്ടറി , എന്നിവര്‍ ആര്‍ ഡി ഒ നു നല്‍കിയിട്ടുണ്ടെന്നും മള്‍ട്ടിപ്ളെക്സ് വക്താവ് പറയുന്നു . എന്നാല്‍ നഗരസഭയില്‍ നിന്നും അനുമതി ആവശ്യമില്ലെന്ന നിലപാടിലാണ് ഇവര്‍. മള്‍ട്ടിപ്ളെക്സ് നിര്‍മ്മാണം ഭൂരിപക്ഷവും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും ആഗസ്റ് മാസം ഉദ്ഘാടനം ഉണ്ടാകുമെന്നും ഇവര്‍ പറയുന്നു.

എ കെ പത്മിനി ബ്രാഹ്മണിയമ്മക്ക് പുഷ്പകശ്രീ അവാര്‍ഡ്

ഇരിങ്ങാലക്കുട : ബ്രാഹ്മണിപ്പാട്ട്  എന്ന് അനുഷ്ടന കലയ്ക്കു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചുകൊണ്ട് നമ്പീശ സമുദായത്തിന്റെ 2017 ലെ സംസ്ഥാനതല പുഷ്പകശ്രീ അവാര്‍ഡിന് ഇരിങ്ങാലക്കുട തെക്കേ പുഷ്പകത്തെ എ കെ പത്മിനി ബ്രാഹ്മണിയമ്മ അര്‍ഹയായി. കൈരളിയുടെ മണ്‍മറഞ്ഞുകിടന്നിരുന്ന കാവ്യഭംഗിയാര്‍ന്നതും ഭക്തിരസ പ്രധാനവുമാര്‍ന്ന ഒരു ഗാനശാഖയായ ‘ബ്രാഹ്മണിപ്പാട്ട് ‘ എന്ന അനുഷ്ഠാനപാരമ്പര്യകലാരൂപത്തെ കേരളത്തിലെ അനുഷ്ഠാന കലാഭൂമികയില്‍ ഇന്ന് കാണുന്ന രീതിയില്‍ ഒരു സ്ഥാനമുറപ്പിച്ചതില്‍ ഇവരുടെ പങ്ക് വളരെ വലുതാണ്.  ചരിത്രത്തില്‍ ആദ്യമായി സംഗീത നാടക അക്കാദമിയുടെ 2010 ലെ ‘ഗുരുപൂജ’ അവാര്‍ഡും എ കെ പത്മിനി ബ്രാഹ്മണിയമ്മക്ക് ലഭിച്ചിരുന്നു. ഇതോടൊപ്പം മറ്റു പല അവാര്‍ഡുകളും സ്വന്തമാക്കിയതിനൊപ്പം ഇവര്‍ പല പ്രമുഖ സാംസ്കാരിക വേദികളിലും കലോത്സവങ്ങളിലും ബ്രാഹ്മണിപ്പാട്ട് അവതരിപ്പിക്കാറുണ്ട്. ഇതിനെല്ലാം പുറമേ ബ്രാഹ്മണിപ്പാട്ട് അവതരിപ്പിക്കാന്‍ ഒരു യുവതലമുറയെ വാര്‍ത്തെടുക്കുവാനും ബ്രാഹ്മണിയമ്മക്ക് സാധിച്ചു. ആധികാരികമായി ബ്രാഹമണിപ്പാട്ട്, ഭഗവതിപ്പാട്ട്, പോങ്ങൂരടി എന്നിവ ഏറ്റെടുത്ത് നടത്തിവരുന്നതു കൊണ്ടും ഈ അനുഷ്ഠാനകലയില്‍ നടത്തിയ സംഭവാനകളെ പരിഗണിച്ചു കൊണ്ടുമാണ് ഈ സംസ്ഥാന അവാര്‍ഡ് ലഭിച്ചത് .  മലപ്പുറം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ സി രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ പുഷ്പക സേവാ സംഘം അഖിലേന്ത്യാ പ്രസിഡന്റ് പ്രദീപ് ജ്യോതിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങിയത് .

പൂര്‍വ വിദ്യാര്‍ത്ഥികളുടെ സമ്മാനമായി ഗവ . മോഡല്‍ ബോയ്സ് ഹൈസ്കൂളിന് സ്മാര്‍ട്ട് ക്ലാസ്

ഇരിങ്ങാലക്കുട : ഗവ . മോഡല്‍ ബോയ്സ് ഹൈസ്കൂളില്‍ പൂര്‍വ വിദ്യാത്ഥികളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ് സി രവീന്ദ്രനാഥന്‍ മെയ് 27 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് നിര്‍വഹിക്കും . എം എല്‍ എ പ്രൊഫ് കെ യു അരുണന്‍ , ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികള്‍ ആയിരിക്കും. ഗവ . മോഡല്‍ ബോയ്സ് ഹൈസ്കൂളിന്റെ സമഗ്ര വികസനം മുന്നില്‍ കണ്ടു കൊണ്ടാണ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഈ അധ്യയന വര്‍ഷം 5 ,6 ,7 ക്ലാസുകള്‍ പരിപൂര്‍ണ ഡിജിറ്റല്‍ ക്ലാസ് റൂം ആക്കുന്നത് എന്ന് പ്രസിഡന്റ് റിട്ട. പ്രൊഫ് ജോസ് ടി എ , ഉണ്ണികൃഷ്ണന്‍ സി പി , സണ്ണി കെ കെ , എന്നിവര്‍ അറിയിച്ചു.

വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട : നം 1 സെക്‌ഷന്‍റെ പരിധിയില്‍ വരുന്ന കാക്കാത്തുരുത്തി , ചെട്ടിയാല്‍ , പോത്താനി , എടതിരിഞ്ഞി, ചേലൂര്‍ പള്ളി എന്നി സ്ഥലങ്ങളില്‍ മെയ് 18 വ്യാഴാഴ്ച രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 വരെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വൈദ്യുതി മുടങ്ങുമെന്ന് അസി എഞ്ചിനീയര്‍ അറിയിച്ചു.

നഗരസഭ പാര്‍ക്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ തടസ്സപെടുത്തുന്നത് സ്വകാര്യ പാര്‍ക്കിനു വേണ്ടിയെന്ന് കൗണ്‍സിലില്‍ ആക്ഷേപം

ഇരിങ്ങാലക്കുട : നഗരസഭയുടെ അധീനതയിലുള്ള പാര്‍ക്കില്‍ കുടിവെള്ള സൗകര്യം സ്ഥാപിക്കാനുള്ള അനുമതി ആയിട്ടും രണ്ടു വര്‍ഷത്തിലേറെയായി നഗരസഭ വൈകിപ്പിക്കുന്നത് നഗരത്തിലെ തന്നെ സ്വകാര്യ പാര്‍ക്കായ കെ എസ് പാര്‍ക്കിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന ഗുരുതര ആരോപണം ബുധനാഴ്ച ചേര്‍ന്ന കൗണ്‍സിലില്‍ സി പി എം കൗണ്‍സിലര്‍ പി വി ശിവകുമാര്‍ ഉന്നയിച്ചു. “നഗരസഭയുടെ അനാസ്ഥ അവസാനിപ്പിച്ച് മുനിസിപ്പല്‍ പാര്‍ക്കില്‍ കുടിവെള്ളം എത്തിക്കുക” എന്ന പ്ലക്കാര്‍ഡ്‌മേന്തി വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ പി വി ശിവകുമാര്‍ കൗണ്‍സിലില്‍ പ്രതിഷേധിച്ചു. മധ്യവേനലവധി കാലത്ത് പാര്‍ക്കിലെത്തുന്ന കുട്ടികള്‍ക്ക് ഇപ്പോള്‍ കുടിക്കാന്‍ വെള്ളമില്ലാത്ത അവസ്ഥയാണ് എന്ന് കൗണ്‍സിലര്‍ പറഞ്ഞപ്പോള്‍ പാര്‍ക്കിലെ കിണറില്‍ വെള്ളമുണ്ടെന്നും ഇതില്‍ നിന്നുള്ള വെള്ളം അവിടെ വരുന്നവര്‍ക്ക് ഉപയോഗിക്കാമെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞത് രംഗം കൂടുതല്‍ വഷളാക്കി. പാര്‍ക്കിലെ കിണര്‍ ശുദ്ധീകരിച്ച് എത്ര വര്‍ഷമായെന്ന് ആരോഗ്യവിഭാഗം പറയണമെന്ന് കൗണ്‍സിലര്‍ പറഞ്ഞതോടെ ചെയര്‍പേഴ്സണ്‍ വെട്ടിലായി. നഗരസഭയുടെ സ്വന്തം പാര്‍ക്കിനെതിരെയുള്ള ഇത്തരം അനാസ്ഥയ്ക്ക് പുറകില്‍ സ്വകാര്യ പാര്‍ക്കായ കെ എസ് പാര്‍ക്ക് ശിവകുമാര്‍ പറഞ്ഞതോടെ ഭരണകക്ഷി കൗണ്‍സിലര്‍മാരായ വി സി വര്‍ഗീസും എം ആര്‍ ഷാജുവും പ്രതിഷേധവുമായി എണീറ്റു. സമയബന്ധിതമായി നഗരസഭാ പാര്‍ക്കിന്റെ കുടിവെള്ളപ്രശ്നം തീര്‍ക്കുമെന്ന് ഇവര്‍ പറഞ്ഞു.

വാട്ടര്‍ കിയോസ്‌ക്കുകളുടെ പണി പൂര്‍ത്തീകരിച്ചു കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണം എന്ന ആവശ്യവുമായി നഗരസഭ കൗണ്‍സിലില്‍ പ്രതിപക്ഷ ബഹളം

ഇരിങ്ങാലക്കുട : രൂക്ഷമായ കുടിവെള്ളക്ഷാമം നിലനില്ക്കേ നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും അതിനെ തരണം ചെയ്ത് കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നഗരസഭ സ്ഥാപിച്ച കിയോസ്‌ക്കുകളുടെ പണി പൂര്‍ത്തീകരിക്കണം എന്ന ആവശ്യവുമായി ബുധനാഴ്ച ചേര്‍ന്ന നഗരസഭ കൗണ്‍സിലില്‍ പ്രതിപക്ഷം ഒന്നടങ്കം അജണ്ടകള്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ പ്ലൈ കാര്‍ഡുകള്‍ ഏന്തി പ്രതിഷേധിച്ചു . സി പി എം കൗണ്‍സിലര്‍ പി വി ശിവകുമാര്‍ , സി പി
ഐ കൗണ്‍സിലര്‍ എം കെ രമണന്‍ , ബി ജെ പി കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ എന്നിവര്‍ നഗരസഭയുടെ അനാസ്ഥക്കെതിരെ പ്രതിഷേധിച്ചു. വാര്‍ഡുകളില്‍ സ്ഥാപിച്ചകിയോസ്‌ക്കുകളില്‍ രണ്ടാഴ്ച്ചക്കുളില്‍ രണ്ടു തവണ വെള്ളം നിറച്ചുവെന്ന നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജുവിന്റെ വിശദീകരണം ബഹളത്തിനിടയാക്കി. അങ്ങനെ നിറച്ചിട്ടുണ്ടെങ്കില്‍ വാഹനത്തിന്റെ വിവരങ്ങള്‍ കൗണ്‍സിലില്‍ കാണിക്കണമെന്ന് പ്രതിപക്ഷം വെല്ലുവിളിച്ചു.

കൂടല്‍മാണിക്യം ഉല്‍സവത്തിന് ശേഷം ശുചീകരണ പ്രവര്‍ത്തനവുമായി ഡി വൈ എഫ് ഐ

ഇരിങ്ങാലക്കുട : പത്ത് ദിവസത്തെ കൂടല്‍മാണിക്യം ഉല്‍സവത്തിന്റെ തിരക്കിന് ശേഷം ബസ് സ്റ്റാന്റ് പരിസരം മുതല്‍ കൂടല്‍മാണിക്യം ക്ഷേത്രം വരെയുള്ള പൊതുവഴി ഡി.വൈ.എഫ്.ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. റോഡിന് ഇരുവശത്തുമായി അടിഞ്ഞ് കൂടിയ പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഭക്ഷണ അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍.എല്‍.ശ്രീലാല്‍, ബ്ലോക്ക് സെക്രട്ടറി സി.ഡി.സിജിത്ത്, ബ്ലോക്ക് ജോ: സെക്രട്ടറി വി.എ.അനീഷ്, വി.എന്‍.സജിത്ത്, പി.കെ. മനുമോഹന്‍, കെ.ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Top
Menu Title