News

Archive for: September 20th, 2017

ബസ്സ് സ്റ്റാന്‍ഡിലെ വറ്റാകിണര്‍ വറ്റിയപ്പോള്‍ ലോറിയില്‍ കുടിവെള്ളമെത്തിച്ചു കിണര്‍ നിറച്ചു

ഇരിങ്ങാലക്കുട : നഗരസഭ ബസ്സ് സ്റ്റാന്റിനകത്തെ കിണറിനു സമീപം ഉച്ചയോടുകൂടി കുടിവെള്ള വിതരണ ടാങ്കര്‍ പൈപ്പുകളും സന്നാഹങ്ങളുമായി എത്തിയപ്പോള്‍ യാത്രക്കാര്‍ ആകാംക്ഷാഭരിതരായി. ടാങ്കറില്‍ നിന്നും ജീവനക്കാര്‍ പുറത്തിറങ്ങി വളരെ വേഗത്തില്‍ പൈപ്പുകള്‍ ഫിറ്റ് ചെയ്ത് ബസ്സ് സ്റ്റാന്‍ഡിലെ വെയ്റ്റിംഗ് ഷെഡിനു സമീപത്തെ കിണറിന്റെ മൂടി തുറന്നു പൈപ്പുകള്‍ കിണറിനകത്തേക്കു ഇറക്കി . ഈ സമയം നഗരസഭ ബസ്സ് സ്റ്റാന്‍ഡിലെ കടയുടമകളും മുകളില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ഓഫീസിലെ ജീവനക്കാരും ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു .ഇവരുടെ ആകാംഷയുടെ കാരണം മറ്റൊന്നാണ് ആഴ്ചകളായി ബസ്സ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ വെള്ളമില്ല അതിനു കാരണം ബസ്സ് സ്റ്റാന്‍ഡിലെ ഈ കിണര്‍ വറ്റി വരണ്ടതാണ്.വറ്റിയ കിണറില്‍ നിന്നും കുടിവെള്ള വിതരണ വാഹനം എങ്ങനെയാണ് വെള്ളം പമ്പ് ചെയ്ത് കൊണ്ടുപോകുന്നതെന്നാണ് . എന്നാല്‍ ഏവരുടെയും ആകാംക്ഷക്കു അറുതി വരുത്തിയത് കുടിവെള്ള വിതരണവാഹനം വെള്ളം കൊണ്ടുപോകാനല്ല മറിച്ചു ടാങ്കറില്‍ ഉണ്ടായിരുന്ന 5000 ലിറ്റര്‍ ശുദ്ധജലം കിണറില്‍ നിറക്കാനാണ് എത്തിയത് എന്ന് അറിഞ്ഞപ്പോഴാണ് .  ഒരാഴ്ചയായി നഗരസഭ ബസ്സ്റ്റാന്‍ഡ് കെട്ടിടത്തില്‍ വെള്ളമില്ലെന്ന പരാതിയെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ ശ്രീജ സുരേഷ് മുന്‍കൈ എടുത്താണ് ടാങ്കര്‍ ലോറിയില്‍ വെള്ളം എത്തിച്ചു നഗരസഭ ബസ്സ് സ്റ്റാന്റിനകത്തെ കിണര്‍ നിറച്ചത്. ലോറിയില്‍നിന്നും കെട്ടിടത്തിലേക്ക് പംബ്ബിങ് നടക്കാത്തതുകൊണ്ടാണിത്. അരനൂറ്റാണ്ടിലധികം പഴക്കമുള്ള ബസ്സ് സ്റ്റാന്‍ഡിലെ ഈ കിണര്‍ ഈ വര്‍ഷമാണ് ആദ്യമായി വറ്റുന്നത്. നിലവിലെ നഗരസഭ ബസ്സ് സ്റ്റാന്‍ഡ് പുതുക്കി പണിയുന്നതിന് മുന്‍പ് ഇരിങ്ങാലക്കുടയിലെ ആദ്യകാല ബസ്സ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ പി എസ് എന്‍ മോട്ടോഴ്സിന്റെ സ്വകാര്യ ബസ്സ് സ്റ്റാന്‍ഡിലെ കിണറായിരുന്നു ഇത് . പി എസ് എന്റെ സ്വകാര്യ ബസ്സ് സ്റ്റാന്‍ഡും കെട്ടിടങ്ങളും പുതിയ നഗരസഭ ബസ്സ് സ്റ്റാന്‍ഡ് പുതുക്കി പണിയുവാന്‍ ഏറ്റെടുത്തപ്പോള്‍ ഈ വറ്റാകിണര്‍ ഒഴിച്ച് ബാക്കി എല്ലാം പൊളിച്ചു കളഞ്ഞിരുന്നു .

നാല് ദിവസത്തെ ഭരതനാട്യ ശില്പശാല ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : നാട്യരസ എന്ന പേരില്‍ 4 ദിവസത്തെ ഭരതനാട്യ ശില്പശാല സംഘടിപ്പിക്കുന്നു. പ്രശസ്ത നര്‍ത്തകി കലാക്ഷേത്ര ശ്രുതി ജയനാണ് ശില്പശാല നയിക്കുന്നത്. ഇരിങ്ങാലക്കുട ആയുര്‍വേദ ആശുപത്രിക്കടുത്തുള്ള ശക്തി നഗറിലെ നൃത്യതി നൃത്ത ക്ഷേത്രത്തില്‍ മെയ് 21 മുതല്‍ 24 വരെയാണ് ശില്പശാല നടക്കുന്നത്. ദിവസവും രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് ശില്പശാല. ശില്പശാലയുടെ ഭാഗമായി നൃത്ത സംഗീതത്തെ സംബന്ധിച്ചു ഭാഗ്യലക്ഷ്മി അയ്യരും താളത്തെ സംബന്ധിച്ചു നീലംപേരൂര്‍ സുരേഷ്കുമാറും തീയറ്ററിക്കല്‍ ആസ്പെക്ടസ് ഓഫ് ഡാന്‍സ് എന്ന വിഷയത്തെ സംബന്ധിച്ചു വിപിന്‍ ദാസ് എന്നിവരുടെ ക്ലാസ്സുകളും ഉണ്ടായിരിക്കും . കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക പ്രീതി നീരജ്, ഡയറക്ടര്‍ നൃത്യതി നൃത്തക്ഷേത്രം 9495384909  ,7025501152

സാന്‍ഡോസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ വൃദ്ധജനങ്ങള്‍ക്കയി പെന്‍ഷന്‍ പദ്ധതി

കോണത്തുകുന്ന് : നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന വെള്ളാങ്ങല്ലുര്‍ ഗ്രാമപഞ്ചായത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് താങ്ങും തണലുമാകുന്ന കോണത്തുകുന്ന് സാന്‍ഡോസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ വൃദ്ധജനങ്ങള്‍ക്കയി ഒരുക്കുന്ന പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം മെയ് 21 ഞായറാഴ്ച വൈകീട്ട് 3 മണിക്ക് വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും . പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം എം എല്‍ എ അഡ്വ . സുനില്‍കുമാര്‍ നിര്‍വഹിക്കും . വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും . തുടര്‍ന്ന് രാജേഷ് തംബുരു നയിക്കുന്ന വണ്‍മാന്‍ഷോ ‘നേരമ്പോക്ക്’ പരിപാടി ഉണ്ടായിരിക്കും.

എം സി എ , എം എസ് സി കോഴ്സുകളിലേക്കു പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂര്‍ കെ കെ ടി എം ഗവ . കോളേജില്‍ പ്രവര്‍ത്തിക്കുന്ന പുല്ലൂറ്റ് സി സി എസ്, ഐ ടി ഉള്‍പ്പെടെ കോഴിക്കോട്  സര്‍വകലാശാലക്ക് കീഴിലുള്ള 13 സി സി എ, ഐ ടി കളില്‍ 2017 – 18 വര്‍ഷത്തേക്കുള്ള എം സി എ , എം എസ് സി കോഴ്സുകളിലേക്കു പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു . കോഴിക്കോട്  സര്‍വകലാശാല നടത്തുന്ന പ്രവേശന പരീക്ഷ മുഖേനെയാണ് പ്രവേശനം . പ്രവേശനം ആഗ്രഹിക്കുന്നവര്‍  www.cuonline.ac.in എന്ന സര്‍വകലാശാല വെബ് സൈറ്റ് വഴി അപേക്ഷിക്കണം . അപേക്ഷ ഫീസ് 500 രൂപ ഇ. പെയ്മെന്റായി അടക്കണം . എം സി എ കോഴ്‌സിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മെയ് 22 ആണ്, എം എസ്സിക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി മെയ് 15 . വിശദ വിവരങ്ങള്‍ക്ക് : 0480 2810070 , 9446861902 എന്നി നമ്പറുകളില്‍ ബന്ധപ്പെടുക എന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കര്‍ഷക പെന്‍ഷന്‍ ഗുണഭോക്താക്കളുടെ കണ്‍വെന്‍ഷന്‍ മെയ് 21ന്

ഇരിങ്ങാലക്കുട: കര്‍ഷക പെന്‍ഷന്‍ ലഭിച്ചു വന്നിരുന്ന ഇരിങ്ങാലക്കുട ഏരിയായിലെ കര്‍ഷകരുടെ കണ്‍വെന്‍ഷന്‍ മെയ് 21 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിന് സമീപമുള്ള എസ് ആന്‍ഡ് എസ് ഹാളില്‍ ചേരും. കണ്‍വെന്‍ഷന്‍ കേരള കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ് ഉദ്ഘാടനം ചെയ്യും.കഴിഞ്ഞ 10 മാസക്കാലമായി 1000 രൂപയാക്കി വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ കര്‍ഷകര്‍ക്ക് കുടിശ്ശികയാണ്.പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്ത് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മെയ് 23 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സംസ്ഥാനത്തെ കളക്ട്രേറ്റുകളിലേക്ക് കേരള കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകപെന്‍ഷന്‍ ഗുണഭോക്താക്കളുടെ മാര്‍ച്ചും, ധര്‍ണ്ണയും സംഘടിപ്പിച്ചിട്ടുണ്ട്.

പിടികിട്ടാപ്പുള്ളികളെ പിടികൂടി

ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം 17 – ാം തീയതി നടന്ന കോമ്പിങ് ഓപ്പറേഷനില്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ വിവിധ കേസില്‍ ഉള്‍പ്പെട്ട 10-ഓളം പിടികിട്ടാപ്പുള്ളികളെ ഇരിങ്ങാലക്കുട സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ എസ് സുശാന്തും സംഘവും പിടികൂടി . 2012ല്‍ അയല്‍വാസിയായ സ്ത്രീയെ വീട്ടില്‍ കയറി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു . ചാലക്കുടിക്കടുത്തു മേചിറയില്‍ ഒളിവില്‍ കഴിയുന്ന മുരിയാട് പേരാമ്പറമ്പില്‍ പ്രേം പ്രസാദ് എന്നയാളെയും കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടു ഒളിവില്‍ കഴിയുകയായിരുന്ന കൊടുങ്ങലൂര്‍ പൊടിയന്‍ ബസാറില്‍ താമസിക്കുന്ന ചിറ്റേടത്ത് പറമ്പില്‍ രഞ്ജിത്ത് എന്നയാളെയും മറ്റു കേസുകളില്‍പെട്ട് മുങ്ങി നടക്കുകയിരുന്ന 8 ഓളം പ്രതികളെയുമാണ് ഇരിങ്ങാലക്കുട പോലീസ് കഴിഞ്ഞ ദിവസം പിടികൂടി കോടതിയില്‍ ഹാജരാക്കിയത് . രഞ്ജിത്ത് കൊടുങ്ങല്ലൂര്‍, മതിലകം ,ഇരിങ്ങാലക്കുട തുടങ്ങിയ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ്. പിടികിട്ടാപുള്ളികളെ പിടികൂടുന്നതിനായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേകം രൂപീകരിച്ച എല്‍ പി സ്‌ക്വാഡ് അംഗങ്ങളാണ് പ്രതികളെ പിടികൂടിയത് . അന്വേഷണ സംഘത്തില്‍ സീനിയര്‍ സി പി ഒ മുരുകേഷ് കടവത്ത് , സി പി ഓമാരായ മനോജ് പി കെ , പ്രഭിന്‍ സി എസ്, ഷിന്‍റ്റൊ എന്നിവര്‍ ഉണ്ടായിരുന്നു.

കെ എ കുമാരന്‍റെ പേരില്‍ ബസ്സ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിച്ചു

താണിശ്ശേരി : സി പി ഐ എം കാറളം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും കെ എസ് കെ ടി യു പഞ്ചായത്ത് സെക്രട്ടറിയുമായിരുന്ന കെ എ കുമാരന്‍റെ പേരില്‍ കല്ലട -ഹരിപുരത്തു നിര്‍മ്മിച്ച ബസ്സ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഉദ്ഘാടനം സി ഐ ടി യു നേതാവും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ വി എ മനോജ് നിര്‍വഹിച്ചു . തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനത്തില്‍ കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബാബു , കെ കെ സുരേഷ് ബാബു , വി കെ ഭാസ്കരന്‍, ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പി വി മാണി കുട്ടി നന്ദിയും പറഞ്ഞു .

ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിന് വേണ്ടി ഇരിങ്ങാലക്കുടയില്‍ സാഹസിക പ്രകടനങ്ങള്‍

ഇരിങ്ങാലക്കുട : ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിന് വേണ്ടി ഹന്‍ഷി കെ വി , ബാബു മാസ്റ്റര്‍, സെന്‍സി , ഒ കെ ശ്രീധരന്‍ ,മാസ്റ്റര്‍ എന്നിവര്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടത്തിയ കരാട്ടെ പ്രകടനത്തിന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു . ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു ഉദ്ഘാടനം നിര്‍വഹിച്ചു . തുടര്‍ന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്സണ്‍ , വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി , മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അമ്പിളി ജയന്‍ , മഹാത്മാ കളരി സംഘം ഗുരുക്കള്‍ എ ഐ മുരുകന്‍ ഗുരുക്കള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു . ആദ്യമായ് ശ്രീധരന്‍ മാസ്റ്റര്‍ 4 ഇഞ്ച് നീളമുള്ള ആണി മെത്തയില്‍ 35 കിലോഗ്രാം കനമുള്ള കരിങ്കല്‍ നെഞ്ചില്‍ വച്ച് 20 പൗണ്ട് തൂക്കമുള്ള കൂടം കൊണ്ട് അടിച്ചു തകര്‍ത്തു . തുടര്‍ന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 15 ഓളം പട്ടിക അടിച്ചൊടിച്ചു. പിനീട് 12 മില്ലി മീറ്റര്‍ , 10 മില്ലി മീറ്റര്‍ കനവും 6 അടി നീളമുള്ള 50 കമ്പികള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് വളയ്ക്കുകയുണ്ടായി . അതിനു ശേഷം 108 ഓട് കൈത്തണ്ട കൊണ്ട് അടിച്ചുടച്ചു . 40 കിലോഗ്രാം ഭാരമുള്ള 5 കരിങ്കല്‍ നെഞ്ചില്‍ വച്ച് കൂടം കൊണ്ട് അടിച്ചുടച്ചു . 65 കിലോഗ്രാം മുതല്‍ 85 കിലോഗ്രാം ഭാരമുള്ള 10 പേര്‍ ഉപ്പുറ്റിയും ഷോള്‍ഡറും മാത്രം സപ്പോര്‍ട്ട് ചെയ്ത സ്റ്റൂളില്‍ മലര്‍ന്നു കിടന്ന് ശ്രീധരന്‍ മാസ്റ്ററുടെ നെഞ്ചില്‍ 10 സെക്കന്റോളം കയറ്റി നിര്‍ത്തി . പിന്നീട് ഹാന്‍ഷി കെ വി , ബാബു മാസ്റ്റര്‍ എന്നിവരുടെ പ്രകടനമായി . 30 കിലോഗ്രാം കനമുള്ള ചെങ്കല്‍ 5 എണ്ണം കൈത്തണ്ട കൊണ്ട് അടിച്ചുടച്ചു . പിന്നീട് 35 കിലോഗ്രാം മുതല്‍ 40 കിലോഗ്രാം വരെ ഭാരമുള്ള 5 കരിങ്കല്‍ ബാര്‍ കൈത്തണ്ട കൊണ്ട് അടിച്ചുടച്ചു . അതിനു ശേഷം 27 മില്ലി മീറ്ററിന്റെ 4 ക്ലിയോഗ്രാം ഭാരവും 2 അടി നീളവുമുള്ള ഉരുക്കു ദണ്ഡ് 2 എണ്ണം കൈപ്പത്തി കൊണ്ട് വെട്ടി ഉടച്ചു . അവസാനമായി 2 ഇഞ്ച് വീതി , 1 /2 ഇഞ്ച് കനം,  4 അടി നീളം , 12 കിലോഗ്രാം ഭാരമുള്ള ഉരുക്കു പട്ട കാലിന്റെ ഷീന്‍ കൊണ്ട് അടിച്ചുടച്ചു .

നെല്ലിന്റെ സംഭരണവില ഉടന്‍ നല്‍കണം – കര്‍ഷക സംഘം

ഇരിങ്ങാലക്കുട : ഇക്കഴിഞ്ഞ മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലായി ഇരിങ്ങാലക്കുട മണ്ഡലത്തിലെ കോള്‍ നിലങ്ങളിലെ കര്‍ഷകരില്‍ നിന്നും സപ്ലൈ കോ സംഭരിച്ച നെല്ലിന്റെ വില ഉടന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നെല്ല് സംഭരണം നടത്തി പതിനാല് ദിവസത്തിനകം നെല്ലിന്റെ വില കര്‍ഷകര്‍ക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമെന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ നെല്ല് സംഭരിച്ച് രണ്ടു മാസം കഴിഞ്ഞിട്ടും നാളിതുവരെ കര്‍ഷകര്‍ക്ക് നെല്‍വില ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലാണ്.പലിശ രഹിത കാര്‍ഷിക വായ്പ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ ഇപ്പോള്‍ വായ്പക്ക് പലിശയും, പിഴപ്പലിശയും ഉള്‍പ്പെടെ വലിയ തുക തിരിച്ചടക്കേണ്ട ഗതികേടിലാണ്. കര്‍ഷക സംഘം നടത്തിയ യോഗത്തില്‍ ടി.എസ്‌.സജീവന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു . ടി. ജി.ശങ്കരനാരായണന്‍, എം.ബി.രാജു, കെ.പി.ദിവാകരന്‍, ഹരിദാസ് പട്ടത്ത് എന്നിവര്‍ പ്രസംഗിച്ചു.

Top
Menu Title