News

Archive for: September 20th, 2017

കൂടല്‍മാണിക്യം ക്ഷേത്രത്തിനു മുന്നില്‍ ലോറി മറഞ്ഞു

ഇരിങ്ങാലക്കുട : വല്ലാര്‍പാടത്തു നിന്നും വെള്ളാനിയിലെ സൂര്യ പ്ലാസ്റ്റിക് കമ്പനിയിലേക്ക് കസേര നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഡൈയുമായി പോയിരുന്ന ലോറി കൂടല്‍മാണിക്യം ക്ഷേത്രത്തിനു മുന്നില്‍ കുട്ടന്‍ കുളത്തിന്റെ മതിലിലേക്ക് മറഞ്ഞു. വെള്ളിയാഴ്ച രാത്രി 8 മണിക്കായിരുന്നു സംഭവം. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി . ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. കുട്ടങ്കുളത്തിന്റെ മതിലും കല്‍ക്കെട്ടും ദുര്‍ബലമായതിനാല്‍ ഈ വഴി ഭാരവാഹനങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം നിലനില്‍ക്കെയാണ് ഈ അപകടം നടന്നിരിക്കുന്നത്. ലോറിയുടെ ബ്രേക്ക് ജമായതാണ് അപകടത്തിന്‌ കാരണമെന്നു ഡ്രൈവര്‍ പള്ളുരുത്തി സ്വദേശി അഗസ്റ്റിന്‍ പറഞ്ഞു. നഗരസഭാ റോഡരികില്‍ സ്ഥാപിച്ച ഒരു ഹാലൊജന്‍ ലൈറ്റ് പോസ്റ്റ് അപകടത്തില്‍ തകര്‍ന്നു.

ഉമ്മന്‍ചാണ്ടി മെയ് 25 ന് ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : പിണറായി സര്‍ക്കാരിന്റെ ‘ഒന്നും ശരിയാകാത്ത ഒരു വര്‍ഷം’ യു ഡി എഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് 25 ന് വൈകീട്ട് 5 മണിക്ക് ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍ പരിസരത്ത് പ്രതിഷേധ പൊതുയോഗം കൂടും . ഉമ്മന്‍ചാണ്ടി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യും.

ബി എഡ് ന് അപേക്ഷ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇരിങ്ങാലക്കുട നമ്പൂതിരീസ്‌ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ 2017 -19 വര്‍ഷത്തെ ബി എഡ് എല്ലാ വിഷയങ്ങള്‍ക്കും അപേക്ഷ ക്ഷണിക്കുന്നു . യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള മുഴുവന്‍ ബി എഡ് കോളേജുകള്‍ക്കും അപേക്ഷ ഓണ്‍ലൈന്‍ ആയി നല്‍കുവാനുള്ള നോഡല്‍ സെന്റര്‍ മെയ് 25 മുതല്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു . വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9447877695 , 0480 2823910

നഗരസഭ അറിയാതെ ബോയ്സ് ഹൈസ്കൂളിന്റെ 40 സെന്റ് സ്ഥലത്തു കൈയേറ്റവും നിര്‍മ്മാണവും

ഇരിങ്ങാലക്കുട : നഗരസഭയുടെ അധിനതയിലുള്ള മോഡല്‍ ബോയ്സ് ഹൈസ്കൂളിന്റെ ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള 40 സെന്റ് സ്ഥലത്തു സ്കൂള്‍ അധികൃതരും നഗരസഭയും അറിയാതെ നിലം നികത്തലും മരം വെട്ടലും പുരോഗമിക്കുന്നു . സംഭവം അറിഞ്ഞു മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്തു എത്തിയപ്പോള്‍ ആണ് സ്കൂള്‍ അധികൃതരും സംഭവത്തെക്കുറിച്ചു അറിയുന്നത് . ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്‌സിന് വേണ്ടി ജില്ലാ ഹെഡ് കോര്‍ട്ടേഴ്‌സ് ആസ്ഥാനവും ഓഡിറ്റോറിയവും പണിയുന്നതിന് വേണ്ടിയാണു ബോയ്സ് ഹൈസ്കൂളിന്റെ ഗ്രൗണ്ടിനോട് ചേര്‍ന്ന് 40 സെന്റ് സ്ഥലത്തെ മരങ്ങള്‍ വെട്ടി നിലം നിരപ്പാക്കി കൊണ്ടിരിക്കുന്നത് . ഈ വിവരം സ്കൂള്‍ അധികൃതരെ അറിയിച്ചിരുന്നില്ല . കഴിഞ്ഞ അവധി ദിവസങ്ങളിലാണ് ഇവിടെ ജെ സി ബിയും ലോറികളും എത്തി മരം വെട്ടികൊണ്ടുപോയതും നിലങ്ങള്‍ നിരപ്പാക്കിയതും . ഇരിങ്ങാലക്കുട നഗരസഭയുടെ അധിനതയിലുള്ള സ്ഥലമായിട്ടു പോലും നഗരസഭയും ഇത് അറിഞ്ഞിരുന്നില്ല . പക്ഷെ ഈ സ്ഥലം ലഭിക്കാന്‍ വേണ്ടി 2012 മുതല്‍ നീക്കങ്ങള്‍ നടന്നതായി രേഖകള്‍ വ്യക്തമാക്കുന്നു . ഹെഡ് കോര്‍ട്ടേഴ്‌സ് കെട്ടിടം പണിയാന്‍ ബോയ്സ് ഹൈ സ്കൂളിന്റെ സ്ഥലം വേണമെന്ന സ്കൗട്സ് ആന്‍ഡ് ഗൈഡ്‌ അധികൃതരുടെ ആവശ്യത്തെത്തുടര്‍ന്നു അന്നത്തെ എം എല്‍ എ തോമസ് ഉണ്ണിയാടന്‍ ഇതിനു വേണ്ട ഒത്താശകള്‍ എല്ലാം സര്‍ക്കാര്‍ തലത്തില്‍ ചെയ്തു നല്‍കിയിരുന്നു . ഇതിനു പുറമെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും നല്‍കിയതായി രേഖകയില്‍ കാണുന്നു . ഇതിനു പുറമെ ആണ് ബോയ്സ് ഹൈ സ്കൂളിന്റെ സ്ഥലം പുറം ലോകം അറിയാതെ സ്കൗട്സ് ആന്‍ഡ് ഗൈഡ്‌ കെട്ടിടം നിര്‍മ്മിക്കാന്‍ നല്‍കിയത് . കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് 2016 ഫെബ്രുവരി 18 ന് ഇതിനായി സര്‍ക്കാര്‍ ഉത്തരവിറക്കിയത് .അക്കാലത്ത് ഇറക്കിയ മറ്റു ഉത്തരവുകള്‍ എല്ലാം വലിയ പ്രാധാന്യത്തോടെ പത്രസമ്മേള്ളനം നടത്തി പൊതു ജങ്ങളെ അറിയിക്കാന്‍ താല്പര്യം കാണിച്ച അന്നത്തെ എം എല്‍ എ പക്ഷെ ഈ ഉത്തരവിനെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വച്ചു. ഇതുമായി ബന്ധപ്പെട്ട നടന്ന ചര്‍ച്ചകളില്‍ നിന്നെല്ലാം മനഃപൂര്‍വം നഗരസഭ സെക്രട്ടറിയെ ഒഴിവാക്കിയതും ഇപ്പോള്‍ വെളിപ്പെടുന്നുണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ മരം മുറിക്കാന്‍ വേണ്ടി ഫോറെസ്റ് ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ നഗരസഭ സെക്രട്ടറിയെ അറിയിക്കാതെ ചെയര്‍പേഴ്സനും വാര്‍ഡ് കൗണ്‍സിലറും സ്ഥലം പോയി കണ്ടിരുന്നതായി ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു സമ്മതിച്ചു . തന്റെ വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ബോയ്സ് ഹൈസ്കൂളില്‍ നിന്നും 40 സെന്റ് സ്ഥലം സ്കൗട്സ് ആന്‍ഡ് ഗൈഡിന് കെട്ടിടം പണിയുവാന്‍ നല്‍കുന്നതിനായി നല്‍കുമെന്ന വിവരം താന്‍ അറിഞ്ഞിരുന്നതായി വാര്‍ഡ് കൗണ്‍സിലര്‍ ബേബി ജോസ് കാട്ടള മാധ്യമങ്ങളോട് ആദ്യം പറഞ്ഞിരുന്നുവെങ്കിലും ഇത് സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങള്‍ വന്നപ്പോള്‍ തന്ത്രപരമായി ഒഴിഞ്ഞു മാറുകയും താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന നിലപാട് എടുക്കുകയും ചെയ്തു .

40 സെന്റ് സ്ഥലം നഷപ്പെടുന്നതിന് പുറമെ ഈ കെട്ടിടത്തിലേക്കു മറ്റു വഴികള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഗ്രൗണ്ടിന്റെ ഒരു വശം വഴിക്കായി നീക്കി വയ്‌ക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് അധികൃതര്‍ ഇപ്പോള്‍ . ബോയ്സ് ഹൈസ്കൂള്‍ കെട്ടിടം ഉള്ള സ്ഥലത്തു വി എച്ച് എസ് ഇ കെട്ടിടങ്ങളും ഹയര്‍ സെക്കണ്ടറി കെട്ടിടങ്ങളും ഈ അടുത്ത് നിര്‍മ്മിച്ചിരുന്നുവെങ്കിലും സ്ഥല പരിമിതി ഒരു പ്രധാന വിഷയമായി നിലനിന്നപ്പോള്‍ പോലും സ്കൂളിന്റെ ഗ്രൗണ്ടോ അതിനു സമീപത്തെ സ്ഥലങ്ങളോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കയി തങ്ങള്‍ ഉപയോഗിച്ചിരുന്നിലെന്നു ഇവിടുത്തെ അധ്യാപകര്‍ കൂട്ടത്തോടെ പറഞ്ഞു . ഇതിനു കാരണം ഭാവിയിലെ ഗ്രൗണ്ട് വികസനവും മറ്റും മുന്നില്‍ കണ്ടായിരുന്നു ഇത് എന്ന് ഇവര്‍ വ്യക്തമാക്കി .ഇതിനു തുരങ്കം വയ്ക്കുന്ന ഒരു നിലപാടാണ് മുന്‍ എം എല്‍ എ യുടെ സഹായത്തോടെ രഹസ്യമായി സ്കൗട്സ് ആന്‍ഡ് ഗൈഡ്‌ അധികൃതര്‍ ഇപ്പോള്‍ ചെയ്യുന്നത് എന്ന് ഇവര്‍ പറഞ്ഞു . നഗരസഭ അനുമതിയില്ലാതെ നിലം നികത്തിയതിനും മരം വെട്ടിയതിനും നടപടി എടുക്കുമെന്ന് നഗരസഭ സെക്രട്ടറി വ്യക്തമാക്കി.

ബാങ്ക് മാനേജര്‍ അന്തരിച്ചു

കാറളം : കാനറാ ബാങ്ക് കാറളം ശാഖ മാനേജര്‍ അന്തരിച്ചു . ചെമ്മണ്ട കിറ്റിക്കല്‍ പോളി മകന്‍ ലോറന്‍സ് (58 ) ആണ് ഹൃദയാഘാതം മൂലം മരിച്ചത് . സംസ്‍കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞു 3 മണിക്ക് ചെമ്മണ്ട ലൂര്‍ദ്മാത ദേവാലയത്തില്‍ നടക്കും .

RSBY സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ മെയ് 21 ന്

ഇരിങ്ങാലക്കുട : RSBY സ്മാര്‍ട്ട് കാര്‍ഡ് പുതിയതായി രജിസ്റ്റര്‍ ചെയ്ത ഇരിങ്ങാലക്കുട നഗരസഭയിലെ ഗുണഭോക്താക്കളുടെ ഫോട്ടോ എടുക്കുന്നതിനും 2017 – ല്‍ പുതുക്കാന്‍ വിട്ടുപോയവരെ പുതുക്കുന്നതിനും മെയ് 21 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഇരിങ്ങാലക്കുട നഗരസഭ ഓഫീസില്‍ ക്യാമ്പ് സിറ്റിംഗ് നടത്തുന്നതാണ് . അക്ഷയ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കള്‍ ഫോട്ടോ എടുക്കുന്നതിനു കുടുംബംഗങ്ങളോടൊപ്പം രജിസ്റ്റര്‍ ചെയ്ത സ്ലിപ്പ് സഹിതവും , 2016 ലെ കാര്‍ഡ് പുതുക്കാന്‍ വരുന്നവര്‍ 2016 ലെ നിലവിലുള്ള സ്മാര്‍ട്ട് കാര്‍ഡുമായി വരേണ്ടതാണ് എന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു .

കാറളം ഹൈസ്കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഗമവും സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ നിര്‍മ്മാണോദ്ഘാടനവും മെയ് 20 ന്

കാറളം: അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന കാറളം ഹൈസ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ നിര്‍മ്മാണോദ്ഘാടനവും പൂര്‍വവിദ്യാര്‍ത്ഥി സംഗമവും കലാവിരുന്നും മെയ് 20 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് സ്കൂള്‍ ഹാളില്‍ നടത്തുന്നു . തുടര്‍ന്നു സാംസ്‌കാരിക സമ്മേളനവും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും . പൂര്‍വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ പി മോളി ടീച്ചര്‍ , മാനേജര്‍ കാട്ടിക്കുളം ഭരതന്‍ , ഹെഡ്മിസ്ട്രസ് രമാദേവി , സെക്രട്ടറി റഷീദ് കാറളം എന്നിവര്‍ സംസാരിക്കും . അമ്മന്നൂര്‍ രജനീഷ് ചാക്യാരുടെ ചാക്യാര്‍കൂത്ത് , കാറളം സൂരജും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം , മൃണാള്‍ എം നായരുടെ ഏകാഭിനയം , അരുന്ധതി നമ്പ്യാരുടെ ഭരതനാട്യം , ശ്യാം കൃഷ്ണയുടെ ഗിത്താര്‍ വാദനം, വൈഷ്ണവ് മേനോന്‍ , ഷിജു കൃഷ്ണ , അഖില്‍ കിച്ചു , എന്നിവര്‍ അണിനിരക്കുന്ന കോമഡി ഉത്സവ്‌ എന്നീ കലാപരിപാടികളും ഉണ്ടായിരിക്കും.

മലയാള സിനിമയുടെ സുവര്‍ണ്ണ പുരുഷന് ഇരിങ്ങാലക്കുടയുടെ സ്നേഹോപഹാരം

ഇരിങ്ങാലക്കുട : മോഹന്‍ലാലിന്‍റെ ജന്മദിനം വ്യത്യസ്തമായി ആഘോഷിക്കുവാനുള്ള തീരുമാനത്തിന്റെ ഭാഗമായി  ഇരിങ്ങാലക്കുട  മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസിയേഷന്‍  ജെ എല്‍ ഫിലിംസിന്റെ ബാനറില്‍ സുനില്‍ ശക്തിധരന്‍ പൂവ്വേലി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘സുവര്‍ണ്ണ പുരുഷന്‍ ‘ എന്ന സിനിമയുടെ ടൈറ്റില്‍ അവതരണവും മോഹന്‍ലാലിന്‍റെ ജന്മദിനാഘോഷവും കൂടെ സംയുക്തമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചതായി പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍  അറിയിച്ചു. മെയ് 21 ന് രാവിലെ 9 മണിക്ക് സിന്ധു തീയറ്ററില്‍ ഇന്ത്യയാകെ ചര്‍ച്ച ചെയ്ത നരസിംഹം സിനിമയുടെ റീറിലീസും ഇരിങ്ങാലക്കുടയിലെ എല്ലാ ആരാധകരെയും പങ്കെടുപ്പിച്ചുകൊണ്ട് ഈ സിനിമയുടെ പ്രദര്‍ശനത്തോടനുബന്ധിച്ചു ആണ് സുവര്‍ണപുരുഷന്‍ എന്ന സിനിമയുടെ ഒഫീഷ്യല്‍ ടൈറ്റില്‍ ലോഞ്ചിങ് നടത്തുന്നത് എന്ന് കൃഷ്ണപ്രസാദ് , ഡാനിയല്‍ ഡേവിസ് , അഡ്വ. ഫിജോ ജോസഫ് , ഗോകുല്‍ ദാസ് , രാഹുല്‍ എ ആര്‍, സുമോദ് മോഹന്‍ദാസ് എന്നിവര്‍ അറിയിച്ചു.
ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസിന്റെ അന്നും തലേന്നും നടക്കുന്ന ചില സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് സിനിമയുടെ ഇതിവൃത്തം.സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരും അഭിനേതാക്കളും ഇരിങ്ങാലക്കുടയില്‍ നിന്നുള്ളവരാണ് എന്നതാണ് മറ്റൊരു പ്രത്യേകത .

കുഴികാട്ടുപുരത്ത് കരുണാകരന്‍ നായര്‍ അന്തരിച്ചു

മുരിയാട് :  വേഴക്കാട്ടുക്കര കുഴികാട്ടുപുറത്ത് കരുണാകരന്‍ നായര്‍ (85 ) അന്തരിച്ചു.  ശാരദാമ്മയാണ് ഭാര്യ , മക്കള്‍ : രാധാകൃഷ്ണന്‍ , അംബിക , അജിത . മരുമക്കള്‍ : ആനന്ദന്‍ , ഗോപിനാഥന്‍. ശവസംസ്‌കാരം ശനിയാഴ്ച   രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും .

Top
Menu Title