News

Archive for: September 2017

സി.പി.ഐ കാറളം മുന്‍ ലോക്കല്‍ സെക്രട്ടറി കെ.എം അജയഘോഷ് അന്തരിച്ചു

കിഴുത്താണി : സി.പി.ഐ കാറളം മുന്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന കുഞ്ഞിലിക്കാട്ടില്‍ അജയഘോഷ് (58) അന്തരിച്ചു. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കാറളം സര്‍വ്വീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഷീല. മക്കള്‍: അശ്വിന്‍ഘോഷ്, അജയ് കോഹ്‌ലി. മരുമകന്‍: ദീപു.

സര്‍വ്വകക്ഷിയോഗം അനുശോചിച്ചു

സി.പി.ഐ കാറളം മുന്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന കെ.എ അജയഘോഷിന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷിയോഗം അനുശോചിച്ചു. താണിശ്ശേരി സെന്ററില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ എന്‍.കെ ഉദയപ്രകാശ് അദ്ധ്യക്ഷനായിരുന്നു. കെ. ശ്രീകുമാര്‍, ടി.കെ സുധീഷ്, കെ.കെ സുരേഷ് ബാബു, പി.വി ഹരിദാസ്, അംബിക സുഭാഷ്, ടി. പ്രസാദ്, പ്രൊഫ. എം.എസ് വിശ്വനാഥന്‍, രഞ്ജിത്ത്, കെ.എസ് ബൈജു എന്നിവര്‍ സംസാരിച്ചു.

പോലീസ് ഉദ്യോഗസ്ഥരും എം.എല്‍.എയും ആളൂര്‍ പോലീസ്സ് സ്റ്റേഷന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു : ചെറുവിരല്‍ അനക്കാത്തവര്‍ അവകാശവാദവുമായി ഇപ്പോള്‍ എത്തുന്നത് അപഹാസം – ഉണ്ണിയാടന്‍

ഇരിങ്ങാലക്കുട : ആളൂര്‍ പോലീസ് സ്റ്റേഷന്‍ നഷ്ടപ്പെടുത്തണെമെന്നു ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത പലരുമാണ് പോലീസ് സ്റ്റേഷന്റെ രണ്ടാം പ്രവര്‍ത്തന ഉദ്ഘാടനം നടത്തിയത് എന്നത് പ്രതിഷേധം അര്‍ഹിക്കുന്നതാണെന്ന് മുന്‍ എം.എല്‍.എ അഡ്വ. തോമസ് ഉണ്ണിയാടന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു . തന്റെ കാലത്തു ഉദ്ഘാടനം ചെയ്ത പോലീസ് സ്റ്റേഷന്‍ രണ്ടരമാസക്കാലം പ്രവര്‍ത്തിച്ചതായും ഉണ്ണിയാടന്‍  പറഞ്ഞു. പ്രവര്‍ത്തനം നില്‍ക്കാന്‍ ഉണ്ടായ കാരണം ഇതിനു വേണ്ടി ആവശ്യമായിട്ടുള്ള ഇടപെടലുകള്‍ പോലീസ് ഡിപ്പാര്‍ട്മെന്റിന്റെ ഭാഗത്തു നിന്നോ ഗവര്‍മെന്റിന്റെ ഭാഗത്തു നിന്നോ എം എല്‍ എ യുടെ ഭാഗത്തു നിന്നോ ഉണ്ടാകാത്തതാണ് എന്നും അദ്ദേഹം പറഞ്ഞു . തുറക്കപ്പെട്ട പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനക്ഷമല്ലാത്ത അവസ്ഥയിലേക്ക് എത്തി ചേര്‍ന്നത് എന്നും അടിയന്തരമായ ഇടപെടല്‍ ആവശ്യമാണെന്നും കാണിച്ചു മുഖ്യമന്ത്രിക്കും മറ്റു ബന്ധപ്പെട്ട വകുപ്പുകളിലേക്കും താന്‍ പരാതി നല്‍കിയിരുന്നു എന്നും ഉണ്ണിയാടന്‍ പറഞ്ഞു. എന്നാല്‍ അവരുടെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.

രണ്ടരമസക്കാലം പ്രവര്‍ത്തിച്ച ആളൂര്‍ പോലീസ് സ്റ്റേഷന്‍ നിര്‍ത്തുവാനോ അല്ലെങ്കില്‍ പ്രവര്‍ത്തനക്ഷമല്ലാതാക്കി മാറ്റണം എന്നുള്ള ചില നിര്‍ദേശങ്ങള്‍ എസ് പി അടക്കമുള്ള ജില്ലയിലെ പോലീസിന്റെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടായതായി ഉണ്ണിയാടന്‍ പറഞ്ഞു. ബോധപൂര്‍വം പോലീസ് സ്റ്റേഷന്‍ ഇല്ലാതാകുന്നതിനുള്ള ശ്രമങ്ങള്‍ ചിലരുടെ ഭാഗത്തു നിന്നും ഉണ്ടായതായി അനുഭവപ്പെട്ടപ്പോള്‍ ഹൈകോടതിയില്‍ താന്‍ ഒ.പി. ഫയല്‍ ചെയുകയും കോടതി ഇടപെടലുകള്‍ വന്നപ്പോള്‍ കാര്യങ്ങള്‍ക്കു മാറ്റം ഉണ്ടാവുകയും ഇപ്പോള്‍ പോലീസ് സ്റ്റേഷന്‍ വീണ്ടും പ്രവര്‍ത്തിക്കുകയും ചെയ്തു. കേവലം ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് വകുപ്പ് തലത്തില്‍ എടുക്കാവുന്ന ഒരു നടപടി ക്രമമായ നോട്ടിഫിക്കേഷന്‍ ഇറക്കാന്‍ ഒരു വര്‍ഷം എടുത്തത് ഈ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം നല്ല പോലെ കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നവരല്ല എന്നും ഒരു ചെറുവിരല്‍ പോലും പ്രൊഫ. കെ യു അരുണന്‍ എം എല്‍ എ ഈ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ചെയ്തിട്ടില്ല എന്നും ഉണ്ണിയാടന്‍ പറഞ്ഞു. ചില പോലീസ് ഉദ്യോഗസ്ഥമാരും എം എല്‍ എ യും ഗവര്‍ണ്മെന്റും ഈ പോലീസ് സ്റ്റേഷന്‍ ഇല്ലാതാക്കുന്നതിന് വേണ്ടി ഉള്ള ശ്രമത്തത്തിലായിരുന്നു എന്നും ഇത് തെളിയിക്കുന്നു , ഇപ്പോള്‍ എം എല്‍ എ അല്ലെങ്കിലും പോലും നാടിനോടുള്ള കടപ്പാട് മൂലം ആണ് താന്‍ പോലീസ് സ്റ്റേഷന്‍ തുറക്കുവാന്‍ കോടതിയെ സമീപിച്ചത് എന്നും അദ്ദേഹം പറഞ്ഞു. 15 വര്‍ഷം ഈ നാടിനെ പ്രതിനിധീകരിച്ച വ്യക്തിയാണ് താന്‍ ഈ നാടിനു ഒന്നും നഷ്ടപ്പെടുന്നത് സഹിക്കാന്‍ പറ്റുന്ന ഒന്നല്ല . ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ഇരിങ്ങാലക്കുടക്കു വേണ്ടി ഓരോന്നായി നേടിയെടുത്തത്ത് അത് നഷ്ടപ്പെടുന്നത് ഹൃദയവേദന ഉണ്ടാക്കുന്ന ഒന്നാണ് എന്നും അദ്ദേഹം പറഞ്ഞു. താന്‍ നേടിയെടുത്ത പലതും പൂര്‍ത്തീകരിക്കാന്‍ വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഉണ്ടാകുന്നിലെന്നും അദ്ദേഹം പറഞ്ഞു. കിട്ടിയ പോലീസ് സ്റ്റേഷന്‍ നഷ്ടപെടുത്തുവാനുള്ള ശ്രമങ്ങള്‍ നടത്തിയ ആളുകള്‍ പിന്നീട് രണ്ടാം പ്രവര്‍ത്തന ഉദ്ഘാടനത്തിന്റെ മാമാങ്കം നടത്തിയത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. താന്‍ ഹൈകോടതിയില്‍ കേസ് കൊടുത്തില്ലെങ്കില്‍ ആളൂര്‍ പോലീസ് സ്റ്റേഷന്‍ എന്നെന്നേക്കുമായി നഷ്ടപെട്ടുപോകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പോലീസ് സ്റ്റേഷന്‍ തങ്ങളാണ് കൊണ്ടുവന്നത് എന്ന രീതിയില്‍ വീമ്പിളക്കുന്ന പുതിയ എം എല്‍ എ യുടെ പ്രവര്‍ത്തനശൈലി ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഊര്‍ജ്ജിത പൊതുശുചികരണത്തിന് ആഹ്വാനം നല്‍ക്കുന്ന നഗരസഭക്ക് മുന്നിലെ ‘കൊതുക് വളര്‍ത്തു കേന്ദ്രം’

ഇരിങ്ങാലക്കുട : പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമാക്കുന്നതിനും പനിമരണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഊർജ്ജിത പൊതുശുചികരണം, കൊതുക് നിവാരണം, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭയുടെ ഭാഗമായി ഇപ്പോള്‍ തകൃതിയായി നടക്കുമ്പോള്‍ പോലും നഗരസഭ ആസ്ഥാനമന്ദിരത്തിന് മുന്നില്‍ കൊതുകുകള്‍ക്ക് വളരുവാനുള്ള സാഹചര്യം നഗരസഭ ഒരുക്കികൊടുക്കുന്നു. നഗരസഭ മൈതാനത്ത് കൂട്ടിയിട്ടിരിക്കുന്ന ടാര്‍ വീപ്പകളില്‍ കെട്ടികിടക്കുന്ന മഴവെള്ളത്തില്‍ കൊതുകുകള്‍ക്ക് വളരുവാനുള്ള സാഹചര്യം ഉണ്ട്. ഇത്തരം വീപ്പകളില്‍ വെള്ളം കെട്ടിക്കിടന്ന അവസ്ഥ ഉണ്ടാകരുത് എന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന നഗരസഭ തന്നെ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ല എന്നതാണ് വിരോധാഭാസം. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നഗരസഭയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിത പൊതുശുചികരണ പ്രവര്‍ത്തനങ്ങള്‍ നടത്തി കഴിഞ്ഞപ്പോളും , കണ്ണിനുമുന്നിലെ ‘കൊതുക് വളര്‍ത്തു കേന്ദ്രം’ അത് പോലെ തുടരുന്നു .

ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ്ബിന്റെ 2017 -18 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ലയണ്‍സ് ഹാളില്‍ നടന്നു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് കെ എന്‍ സുഭാഷിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ലയണ്‍സ് ക്ലബ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇ ഡി ദീപക് സ്ഥാനാരോഹണ ചടങ്ങ് നിര്‍വഹിച്ചു.  ചടങ്ങില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി എം സി എംസണ്‍, റീജിയണല്‍ ചെയര്‍മാന്‍ വിത്സണ്‍ എലിഞ്ഞിക്കല്‍ , സോണ്‍ ചെയര്‍മാന്‍ ബീന വിജയകുമാര്‍ , പോള്‍ തോമസ് മാവേലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു . പുതിയ ഭാരവാഹികളായി ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോര്‍ജ് ചീരന്‍ , സെക്രട്ടറി ജോസ്സി ജോയ് മണ്ണുമെല്‍, ട്രഷറര്‍ ബിജോയ് പോള്‍ , ലയണസ് ക്ലബ് പ്രസിഡന്റ് അനിത ജോര്‍ജ് ,സെക്രട്ടറി മെഡ്‌ലി റോയ് , ട്രഷറര്‍ അനീറ്റ ബാബു എന്നിവരും ചുമതലയേറ്റു . ലിയോ ക്ലബ് പ്രസിഡന്റ് ലാസര്‍ ടോണി ,സെക്രട്ടറി ഹാരീസ് ജോണ്‍ , ട്രഷറര്‍ ഒലിവിയ മരിയ റോയ് എന്നിവരും ഭാരവാഹിത്വം ഏറ്റെടുത്തു . പുതിയ സെക്രട്ടറി ജോസ്സി ജോയ് നന്ദി രേഖപ്പെടുത്തി .

അമ്മന്നൂര്‍ ജന്മശതാബ്ദി സമാപനം : ആഹാര്യോത്സവം ജൂലൈ 10 വരെ

ഇരിങ്ങാലക്കുട : അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ സ്മാരക ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ ‘ഗുരുസ്മരണ കൂടിയാട്ട മഹോത്സവം ‘ആഹാര്യോത്സവം’ മാധവനാട്യഭൂമിയിലാരംഭിച്ചു. 2016 – 17 അമ്മന്നൂര്‍ ജന്മശതാബ്ദി വര്‍ഷം കൂടിയാണ്. ഇതിന്റെ സമാപനവുമായി ബന്ധപ്പെ ട്ട് ഗുരുകുലം മറ്റ് കൂടിയാട്ട വിദ്യാലയങ്ങള്‍ സാംസ്‌കാരിക സംഘങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് പ്രഗല്‍ഭരായ കലാകാരന്മാരെ വേദിയില്‍ ആദരിക്കുക കൂടി ചെയുന്നുണ്ട് . ചതുര്‍വിധാഭിനയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആഹാര്യം . കൂടിയാട്ടത്തിലെ ക്രമദീപിക അനുസരിച്ചും ഗുരുകുലത്തിലും നടനകൈരളിയിലും പുതിയതായി ചി ട്ടപ്പെടുത്തിയതുമായ ഒട്ടുമിക്ക വേഷങ്ങളും രംഗത്ത് കൊണ്ടുവരിക എന്നതാണ് ആഹാര്യോത്സവം കൊണ്ട് ഗുരുകുലം ലക്ഷ്യമാക്കുന്നത്. ചതുര്‍വിധാഭിനയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആഹാര്യം . വേഷവിധാനങ്ങള്‍, രംഗസജ്ജീകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ആഹാര്യാഭിനയം കേന്ദ്രീകരിച്ചുകൊണ്ട് ഒരു മഹോത്സവം സംഘടിപ്പിക്കുന്നത് കൂടിയാട്ട ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ്.  ജൂണ്‍ 28-ാം തിയ്യതി പത്മശ്രീ പി.കെ. നാരായണന്‍ നമ്പ്യാര്‍ ഗുരുസ്മരണ മഹോത്സവവും ഉദ്ഘാടനവും അമ്മന്നൂര്‍ അനുസ്മരണ പ്രഭാഷണവും മാധവനാട്യഭൂമിയില്‍ നിര്‍വ്വഹിച്ചു. ഡോ. എം.വി. നാരായണന്‍ ആട്ടപ്രകാരങ്ങളും നടശരീരവും എന്ന വിഷയത്തില്‍ ഗുരു അമ്മന്നൂര്‍ സ്മാരക പ്രഭാഷണം നടത്തി. തുടര്‍ന്ന് സൂരജ് നമ്പ്യാര്‍ ഭീമനായി രംഗത്തെത്തിയ കല്യാണസൗഗന്ധികം കൂടിയാട്ടം അവതരിപ്പിച്ചു. തുടര്‍ന്ന് ജൂണ്‍ 29ന് അഗ്നിപ്രവേശാങ്കം കൂടിയാട്ടവും അവതരിപ്പിച്ചു.
ജൂണ്‍ 30 ന് വൈകീട്ട് 6.30 ന് കലാമണ്ഡലം സംഗീത് ചാക്യാര്‍ സുഗ്രീവനും പൊതിയില്‍ രഞ്ജിത് ചാക്യാര്‍ ബാലിയായും കീര്‍ത്തി
സാഗര്‍ താരയുമായി അഭിനയിക്കുന്ന ബാലിവധം കൂടിയാട്ടം നടക്കും. ജൂലായ് 1-ാം തിയ്യതി മാധവനാട്യഭൂമിയില്‍ രാവിലെ 10 മണിക്ക് കൂടിയാട്ടത്തിലെ വര്‍ണ്ണവേഷ വൈവിദ്ധ്യങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കേന്ദ്രസംഗീതനാടകഅക്കാദമി കൂടിയാട്ടകേന്ദ്രം ഡയറക്ടര്‍ ഡോ. ഏറ്റുമാനൂര്‍ പി. കണ്ണന്‍ മോഡറേറ്ററാകുന്ന യോഗത്തില്‍ കലാമണ്ഡലം രാംമോഹന്‍ വിഷയാവതരണം നടത്തും. കലാനിലയം പരമേശ്വരന്‍, കലാമണ്ഡലം സതീശന്‍, ഹരിദാസ് കുറുപ്പ്, കോതാവില്‍ രാമന്‍കുട്ടി , അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍, സൂരജ് നമ്പ്യാര്‍, കലാനിലയം ഹരിദാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. 5 മണിക്ക് അമ്മന്നൂര്‍ ചരമദിനാചരണവും അനുസ്മരണവും ജന്മശതാബ്ദി സമാപനസമ്മേളനവും നടക്കും. ഗുരുകുലം കുലപതി വേണുജി ഗുരുവന്ദനം നടത്തും. സി.എന്‍.ജയദേവന്‍ എം.പി. അദ്ധ്യക്ഷനാകുന്ന ജന്മശതാബ്ദി സമ്മേളനം കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ.യു.അരുണന്‍ എം.എല്‍.എ., അഡ്വ. തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കേരളസംഗീതനാടകഅക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായര്‍, ചമയകലാകാരന്‍ കലാനിലയം പരമേശ്വരന്‍, മിഴാവ് കലാകാരന്മാരായ കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍, ഗോപിനാഥന്‍ നമ്പ്യാര്‍, വി.കെ.കെ.ഹരിഹരന്‍ എന്നിവരെ ആദരിക്കും. ഡോ.കെ.ജി.പൗലോസ് വിശിഷ്ട സാന്നിദ്ധ്യം വഹിക്കും. ഡോ.ഏറ്റുമാനൂര്‍ കണ്ണന്‍ ആശംസാപ്രസംഗം നടത്തും. തുടര്‍ന്നു വേണുജി സംവിധാനം ചെയ്ത ഊരുഭംഗം കൂടിയാട്ടത്തില്‍ പൊതിയില്‍ രഞ്ജിത് ചാക്യാര്‍ ബലരാമനായി അഭിനയിക്കും. ജൂലായ് 2-ാം തിയ്യതി രാവിലെ 10 മണിക്ക് കൂടിയാട്ടത്തിലെ സ്ത്രീകഥാപാത്രങ്ങളുടെ വളര്‍ച്ചയും സ്വതന്ത്രരംഗവേദിയും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഡോ. സി.കെ.ജയന്തി മോഡറേറ്ററാകുന്ന സെമിനാറില്‍ കലാമണ്ഡലം ഗിരിജ വിഷയാവതരണം നടത്തും. ഉഷാനങ്ങ്യാര്‍, മാര്‍ഗ്ഗി ഉഷാരത്‌നം, കലാമണ്ഡലം സിന്ധു, കൃഷ്‌ണേന്ദു, സംഗീത, പ്രശാന്തി, രശ്മി, ഭദ്ര പി.കെ.എം, ഭാഗീരഥി പ്രശാന്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. വൈകീട്ട് 6.30 ന് സൂരജ് നമ്പ്യാര്‍ ജാംബവാനായി അഭിനയിക്കുന്ന അഗ്നിപ്രവേശാങ്കത്തിലെ പുറപ്പാട് അവതരണം നടക്കും. തുടര്‍ന്ന് കലാമണ്ഡലം കൃഷ്ണകുമാര്‍ രാവണനായും കലാമണ്ഡലം കനകകുമാര്‍ ഹനുമാനായും ഗണേഷ് കൃഷ്ണ വിഭീഷണനായും അഭിനയിക്കുന്ന തോരണയുദ്ധം 3-ാം ദിവസം അവതരിപ്പിക്കും. ജൂലായ് 3-ാം തിയ്യതി ജടായുവധം, 4-ാം തിയ്യതി ഹനുമദ്ദൂതാങ്കം, സുഭദ്രാധനഞ്ജയം 2-ാം ദിവസം, 5-ാം തിയ്യതി സമുദ്രതരണാങ്കം, 6-ാം തിയ്യതി അഗ്നിപ്രവേശാങ്കം, 7-ാം തിയ്യതി ശാകുന്തളം ആറും ഏഴും അങ്കങ്ങള്‍, 8-ാം തിയ്യതി മായാശിരസ്സ് തുടങ്ങിയ കൂടിയാട്ടങ്ങള്‍ അവതരിപ്പിക്കും. 9-ാം തിയ്യതി രാവിലെ 10ന് യുഗപ്രഭാവനായ അമ്മന്നൂരിന്റെ കൂടിയാട്ട ജീവിതത്തിലൂടെ ഒരു യാത്ര എന്ന പരിപാടി ‘മാധവായനം’ നടക്കും. ഡോ. പി. വേണുഗോപാല്‍ മോഡറേറ്ററും വിഷയാവതരണവും നടത്തും. വിവിധ വിഷയങ്ങളില്‍ പ്രഗത്ഭര്‍ പ്രബന്ധാവതരണം നടത്തും. വൈകീട്ട് 6.30ന് അശോകവനികാങ്കവും ജൂലായ് 10-ാം തിയ്യതി നിണത്തോട് കൂടിയ ശൂര്‍പ്പണഖാങ്കവും നടക്കും. പത്രസമ്മേളനത്തില്‍ കെ പി നാരായണന്‍ നമ്പ്യാര്‍ , രജനീഷ് ചാക്യാര്‍ , സൂരജ് നമ്പ്യാര്‍ ,കലാനിലയം ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.

ചെറുതൃക്കോവില്‍ ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ട ആരംഭിച്ചു

ഇരിങ്ങാലക്കുട : ചെറുതൃക്കോവില്‍ ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ട ചടങ്ങിനോടനുബന്ധിച്ചു നടത്തുന്ന കലാപരിപാടികളുടെ ഉദ്ഘാടനം പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ നിര്‍വഹിച്ചു. അഡ്വ. കെ ആര്‍ അച്യുതന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കരാറുകാരെയും ജീവനക്കാരെയും ചടങ്ങില്‍ ആദരിച്ചു. പാമ്പ്മേക്കാട് ശ്രീധരന്‍ നമ്പൂതിരി , കൈമുക്ക് രാമന്‍ അക്കിത്തിരിപ്പാട് , അഡ്വ. പി മധുസൂദനമേനോന്‍ പുത്തില്ലത്ത് നീലകണ്ഠന്‍ നമ്പൂതിരി , ഒ കൊച്ചുഗോവിന്ദന്‍ , അഡ്വ. സി ആര്‍ സി മേനോന്‍, ശ്രീധരന്‍ നടുവളപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് രമ്യ ആര്‍ മേനോന്‍ അവതരിപ്പിച്ച സംഗീത കച്ചേരി അരങ്ങേറി . രാവിലെ നടന്ന കലവറ നിറക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനം ഇ പി ജനാര്‍ദ്ദനന്‍ , സെക്രട്ടറി ടി കെ ബാലന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു . വെള്ളിയാഴ്ച രാവിലെ സ്കാന്ദ പ്രോക്താഹോമവും സവന പ്രായശ്ചിത്ത ഹോമവും ഹോമ കലശാഭിഷേക പൂജകളും നടക്കും .വൈകീട്ട് 7 .30 മുതല്‍ 8 വരെ രാജീവ് വാരിയര്‍ അവതരിപ്പിക്കുന്ന സോപാനസംഗീതവും തുടര്‍ന്ന് 8 മുതല്‍ 9 വരെ സംഗമ ഗ്രാമതിരുവാതിരക്കളരി അവതരിപ്പിക്കുന്ന തിരുവാതിരക്കളി എന്നിവ ഉണ്ടാകും.

വൈദികന് നേരെ അക്രമം : റാലിയില്‍ പ്രതിഷേധം ഇരമ്പി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ആശ്രമത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹഭവന്‍ ഐ.ടി.സിയുടെ ഡയറക്ടറായ ഫാ. ജോയി വൈദ്യക്കാരനെ ചില സാമൂഹ്യ ദ്രോഹികള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു നടത്തിയ പ്രതിഷേധറാലി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ അങ്കണത്തില്‍ വെച്ച് കത്തീഡ്രല്‍ വികാരി ഫാ. ജോയ് കടമ്പാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രതിഷേധറാലി ഠാണാ വഴി ആല്‍ത്തറയില്‍ സമാപിച്ചു. തുടന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എ. പ്രൊഫ. കെ.യു. അരുണന്‍ മാസ്റ്റര്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്മ്യ ഷിജു, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പനംമ്പിള്ളി രാഘവമേനോന്‍, ടൗണ്‍ ജുമാമസ്ജിദ് ഇമാം കബീര്‍ മൗലവി, രൂപതാ വികാരി ജനറാള്‍ ഫാ. ജോബി പോഴോലിപറമ്പില്‍, സി.എം.ഐ ദേവമാതാ പ്രോവിന്‍സിന്റെ കൗണ്‍സിലര്‍മാരായ ഫാ. പോള്‍സണ്‍ പാലിയേക്കര, ഫാ. ഷാജു എടമന എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ക്രൈസ്റ്റ് ആശ്രമാധിപന്‍ ഫാ. ജേക്കബ് ഞെരിഞ്ഞാംപിളളി സ്വാഗതവും പ്രതിഷേധ കമ്മിറ്റി കണ്‍വീനര്‍ ജെയ്സണ്‍ പാറേക്കാടന്‍ നന്ദിയുമര്‍പ്പിച്ചു.

ആളൂര്‍ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തന ഉദ്‌ഘാടനം നിര്‍വഹിച്ചു

ഇരിങ്ങാലക്കുട : കല്ലേറ്റുംകരയില്‍ സ്ഥിതി ചെയുന്ന ആളൂര്‍ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തന ഉദ്‌ഘാടനം ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ നിര്‍വഹിച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈയ്‌സണ്‍ അധ്യക്ഷത വഹിച്ചു.   ജില്ലാപഞ്ചായത്ത് അംഗം കാതറിന്‍ പോള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി സാന്‍ഡോ,  പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ആര്‍.ഡേവിസ് , വാര്‍ഡ്‌ മെമ്പര്‍ ടി.വി.ഷാജു , മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ.ജോസഫ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്സ്.മൊയ്ദീന്‍, മറ്റു ജനപ്രതിനിധികള്‍ ,വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ പങ്കെടുത്തു. പുതിയ സ്റ്റേഷന്റെ പരിധിയില്‍ ആളൂര്‍, മുരിയാട്, കല്ലേറ്റുംകര, കടുപ്പശ്ശേരി, കൊറ്റനെല്ലൂര്‍, താഴേക്കാട് എന്നീ വില്ലേജുകള്‍ വരുന്നതാണ്. ആളൂര്‍ പോലീസ് സ്റ്റേഷന്‍ ഇരിങ്ങാലക്കുട പോലീസ് സര്‍ക്കിളിനുകിഴില്‍ നാലാമത്തെയും, ഇരിങ്ങാലക്കുട സബ് ഡിവിഷനിലിലെ പതിനൊന്നാമത്തേയും സ്റ്റേഷനായി മാറും. ആളൂര്‍ കേന്ദ്രമാക്കി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ അനുവദിച്ച പുതിയ പോലീസ് സ്‌റ്റേഷന്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം ആരംഭിക്കാന്‍ കല്ലേറ്റുംകരയില്‍ റെയില്‍വേ സ്‌റ്റേഷന്‍ സമീപം കല്ലേറ്റുംകര സര്‍വ്വിസ് സഹകരണ ബാങ്ക് സ്ഥലം വിട്ടു കൊടുത്തിരുന്നു. രണ്ടു വര്‍ഷത്തേക്ക് സൗജന്യമായി വാടകയില്ലാതെ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ പൊളിടെക്നിക്ക് പ്രവേശന കവാടത്തിനു സമീപത്തെ മുറിയിലായിരുന്നു സ്റ്റേഷന്‍ നിന്നിരുന്നത്. നിലവില്‍ അഞ്ച് പോലീസ് സ്റ്റേഷനുകളുടെ അധീനതയിലായിരുന്നു പുതിയ പോലിസ് സ്റ്റേഷന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍. ഇരിങ്ങാലക്കുട റയില്‍വേ സ്റ്റേഷന്റെ പരിധികള്‍ പോലും അഞ്ച് പോലീസ് സ്റ്റേഷനുകളുടെ അധീനതയിലായിരുന്നതിനാല്‍ പലപ്പോഴും ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ആളൂര്‍ പഞ്ചായത്തും , മുരിയാട് പഞ്ചായത്തും ,വേളൂക്കര പഞ്ചായത്തും ഇത്തരത്തില്‍ വിവിധ പോലീസ് സ്റ്റേഷനുകളുടെ അധീനതയിലായിരുന്നു. ഈ പ്രശ്നങ്ങള്‍ക്കിപ്പോള്‍ പുതിയ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ പരിഹാരമാവുകയാണ്.   പുതിയ പോലീസ് സ്റ്റേഷനില്‍ അനുവദിച്ച അംഗസംഖ്യ എസ് ഐ (1 ),  എ എസ് ഐ (4 ) , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (7 ), സിവില്‍ പോലീസ് ഓഫീസര്‍ (25 ), വുമണ്‍ സിവില്‍ പോലീസ് ഓഫീസര്‍(5 ), ഡ്രൈവര്‍ സി പി ഒ (1 ), പി ടി എസ് (1 ) ആളൂര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ പി എ ജോഷി ആണ് .ആളൂര്‍ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍ ഏതു കോടതിയുടെ അധികാര പരിധിയിലാണ് വരേണ്ടത് എന്നതിന് കേരള ഹൈ കോടതിയില്‍ നിന്നും ഉത്തരവ് ലഭിച്ചതിനു ശേഷം മാത്രമേ ആളൂര്‍ പോലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാവൂ . സ്റ്റേഷനില്‍ ഇപ്പോള്‍ പരാതികള്‍ സ്വീകരിക്കും.  പുതിയ ആളൂര്‍  പോലീസ് സ്റ്റേഷന്റെ നമ്പര്‍: 0480 -2726100

മഴക്കാലമായതോടെ സംസ്ഥാന പാതകള്‍ തകര്‍ന്നു തുടങ്ങി

ഇരിങ്ങാലക്കുട : കോടികള്‍ ചിലവാക്കി മെക്കാര്‍ഡാം ടാറിങ് നടത്തി പണി കഴിപ്പിച്ച ഇരിങ്ങാലക്കുട വഴി കടന്നു പോകുന്ന പോട്ട – മൂന്നുപീടിക സംസ്ഥാന പാത മഴക്കാലമായതോടെ വീണ്ടും തകര്‍ന്നു തുടങ്ങി . കഴിഞ്ഞ ഗവര്‍ന്മെന്റിന്റെ കാലത്ത് റീടാറിങ് നടത്തിയതോടെയാണ് സംസ്ഥാന പാതയുടെ ഗതികേട് തുടങ്ങിയത് . നിലവാരമില്ലാത്ത ടാറിങ് ആണ് ഇതെന്നും വന്‍ അഴിമതി ഇതിനു പുറകില്‍ ഉണ്ടെന്നും അന്ന് ആരോപണം ഉണ്ടായിരുന്നു. റീടാറിങ് ചെയ്ത പ്രതലം ആളൂര്‍ മുതല്‍ ഇരിങ്ങാലക്കുട വരെ ഭൂരിഭാഗം ഭാഗത്തും അടര്‍ന്നു പോയി. ഇതിനു താഴെ പത്ത് വര്‍ഷം മുന്‍പ് ആദ്യമായി ചെയ്ത ബി എം ബി സി ടാറിങ് ഒട്ടും തന്നെ കേടുകൂടാതെ നിലനില്‍ക്കുന്നതും ഇപ്പോള്‍ കാണാം . പുതിയ ഗവര്‍ണ്മെന്റ് വന്നതിനു ശേഷം റോഡിന്‍റെ ദുരവസ്ഥ കണ്ടു മാസങ്ങള്‍ക്കു മുന്‍പ് പാച്ച് വര്‍ക്ക് നടത്തിയിരുന്നു . എന്നാല്‍ മഴക്കാലം ആരംഭിച്ചു മാസ്സങ്ങള്‍ക്കകം തന്നെ റോഡ് വിണ്ടുകീറി പ്രതലങ്ങളില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു തുടങ്ങി . പലയിടത്തും റോഡില്‍ ടാര്‍ ഇളകി പോയി മെറ്റല്‍ പുറത്തു വന്ന അവസ്ഥയില്‍ ആണ് . ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടയുള്ളവര്‍ക്ക് ഇത് ഭീഷണി ആകുന്നുണ്ട് .

ശനിയാഴ്ച വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട : നമ്പര്‍ വണ്‍ സെക്‌ഷന്‍റെ പരിധിയില്‍ വരുന്ന കെ പി എല്‍ ഓയില്‍ മില്‍, സെന്റ് ജോസഫ്‌സ് കോളേജ്, റാണാ കോളനി , ചന്തക്കുന്നു, മുനിസിപ്പല്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ 11 കെ വി ലൈനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജൂലായ് 1 ശനിയാഴ്ച രാവിലെ 8:30 മണി മുതല്‍ വൈകീട്ട് 5:30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.

കല്ലേലി തോട് നിറഞ്ഞു കവിഞ്ഞു അംബേദ്കര്‍ റോഡില്‍ വെള്ളക്കെട്ട്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് റോഡിനു സമീപത്തുള്ള അംബേദ്കര്‍ റോഡില്‍ (പഴയ കോപ്പറേറ്റീവ് കോളേജ് റോഡ്) താമസിക്കുന്നവര്‍ക്ക് വീട്ടിലെത്താന്‍ ഇനി വഞ്ചി വേണം. ഈ വഴിയുടെ അരികില്‍ കൂടി പോകുന്ന കല്ലേലി തോട് നിറഞ്ഞു കവിഞ്ഞു റോഡും തോടും പ്രദേശ വാസികള്‍ക്ക് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണ്. കുട്ടികള്‍ റോഡിനരികില്‍ കൂടി പോകുമ്പോള്‍ നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് കാല്‍ വഴുതി വീഴുന്നത് നിത്യസംഭവം ആയിരിക്കുകയാണ് . കല്ലേലി തോടില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടി പലയിടത്തും മലിനജലം കെട്ടിക്കിടക്കുന്നതാണ് വെള്ളക്കെട്ടിന് കാരണം. പ്രദേശവാസികള്‍ നിരന്തരം പരാതികള്‍ മുനിസിപ്പല്‍ അധികാരികള്‍ക്ക് കൊടുത്തിട്ടും, ഇതിനൊരു പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. മഴ ഇനിയും കനത്തു പെയ്യുകയാണെങ്കില്‍ മഴയില്‍ നിറഞ്ഞൊഴുകുന്ന തൊടുവക്കത്തു കൂടിയുള്ള യാത്ര പ്രദേശവാസികള്‍ക്കു മഹാദുരിതം ആയി മാറും . മുനിസിപ്പാലിറ്റിയില്‍ നിന്നും അടിയന്തിര നടപടികള്‍ ഉണ്ടാകുമെന്ന പ്രത്യാശയിലാണ് ഇവിടത്തെ നാട്ടുകാര്‍.

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്‌ ഫെസ്‌റ്റിവല്‍ സീസണ്‍ 7ന്‌ സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്‌ ഫെസ്‌റ്റിവല്‍ സീസണ്‍ 7ന്‌ സംഘാടക സമിതി രൂപീകരിച്ചു. സിപിഐ(എം) ഏരിയ സെക്രട്ടറി ഉല്ലാസ്‌ കളക്കാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. കെപി ദിവാകരന്‍ അധ്യക്ഷനായി. ദേശാഭിമാനി തൃശൂര്‍ യൂണിറ്റ്‌ മാനേജര്‍ ഐ പി ഷൈന്‍, അസിസ്‌റ്റന്റ്‌ മാനേജര്‍ ടോം പനയ്‌ക്കല്‍, സര്‍ക്കുലേഷന്‍ മാനേജര്‍ ടിആര്‍ ദാസ്‌, കെഎസ്‌ടിഎ ജില്ലാ ട്രഷറര്‍ പിവി ഉണ്ണികൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു. കെസി പ്രേമരാജന്‍ സ്വാഗതവും കെപി ഹരി നന്ദിയും പറഞ്ഞു. ഭാരവാഹികള്‍ – വിഎ മനോജ്‌കുമാര്‍ ( ഇരിങ്ങാലക്കുട ബ്ലോക്ക്‌പഞ്ചായത്ത്‌ പ്രസിഡന്റ്‌. ചെയര്‍മാന്‍) കെസി പ്രേമരാജന്‍ (കണ്‍വീനര്‍)

വിദ്യാഭ്യാസ – തൊഴില്‍ മേള : ജൂലൈ 1 ന് ടൗണ്‍ ഹാളില്‍

ഇരിങ്ങാലക്കുട : ഇന്ദിരാഗാന്ധി ജന്മശതാബ്‌ദി വര്‍ഷത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുടയിലെ കലാ-സാംസ്‌കാരിക വിദ്യഭ്യാസ ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ പ്രിയദര്‍ശിനി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 1 ശനിയാഴ്ച രാവിലെ 10 മണിക്ക് ടൗണ്‍ ഹാളില്‍ പ്ലസ് ടു വിനും എസ് എസ് എല്‍ സി ക്കും മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ പുരസ്‌കാരം നല്‍കി ആദരിക്കുന്നു . സാധാരണ സ്കൂളുകളില്‍ പഠിച്ച് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയാണ് ആദരിക്കുന്നത് .തുടര്‍ന്ന് ഒരു വിദ്യാഭ്യാസ തൊഴില്‍ സംരംഭത്വ മേളയും സംഘടിപ്പിക്കുന്നു . പ്രശസ്ത മാനേജ്മെന്റ് വിദഗ്ധരും സൈക്കോളജിസ്റ്റുകളും പങ്കെടുക്കുന്ന വിവിധ സെമിനാറുകളും നടക്കുന്നു . വിദ്യാഭ്യാസം കഴിഞ്ഞു ഒരു നല്ല കരിയര്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ,കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ക്കും സ്കോളര്‍ഷിപ്പുകള്‍ എന്നിവയെ കുറിച്ചു അറിയുന്നതിനും ഏറെ പ്രയോജനപ്പെടും . ഇന്ത്യന്‍ യൂണിവേഴ്സിറ്റികള്‍ ,വിദേശ യൂണിവേഴ്സിറ്റികള്‍ ,ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ തുടങ്ങി മുപ്പതിലധികം സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന 300 -ല്‍ പരം കോഴ്സുകളെകുറിച്ചും അറിയാവുന്നതാണ് . കൂടാതെ കേരളത്തിലെ കുട്ടികള്‍ക്ക് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ എന്ന പഠന വിഭാഗവും പരിചയപ്പെടുത്തുന്നു. വിദ്യാഭ്യാസ മേള രാജീവ് ഗാന്ധി പഠന കേന്ദ്രം ചെയര്‍മാന്‍ ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്യും. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാര സമര്‍പ്പണം നടത്തുന്നു . വെള്ളാങ്കല്ലുര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോലംകണ്ണി , ഇരിങ്ങാലക്കുട വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വവി സി വര്‍ഗീസ് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. പ്രിയദര്‍ശിനി കലാ സാംസ്‌കാരിക വേദി പ്രസിഡന്റ് പി കെ ഭാസി അദ്ധ്യക്ഷത വഹിക്കും.

വൈദികനെ ആക്രമിച്ചതില്‍ ബി ജെ പി ന്യുനപക്ഷമോര്‍ച്ച അപലപിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് സ്നേഹഭവന്‍, ക്രൈസ്റ്റ് പോളിടെക്‌നിക്‌ എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ഫാദര്‍ ജോയ് വൈദ്യക്കാരനെ സാമൂഹ്യവിരുദ്ധര്‍ മര്‍ദിച്ചതില്‍ ബി ജെ പി ന്യുനപക്ഷമോര്‍ച്ച അപലപിച്ചു . ന്യുനപക്ഷ മോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് ബിജു വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി  പ്രസിഡന്റ് ടി എസ് സുനില്‍കുമാര്‍, കെ ടി വര്‍ഗീസ് , നവാസ് ടി എസ്, വര്‍ഗീസ് പാറേക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എസ്.എന്‍.ബി.എസ് സമാജം തിരഞ്ഞെടുപ്പ് : നോമിനേഷന്‍ തള്ളികളഞ്ഞത് തെറ്റാണെന്ന് കോടതി

ഇരിങ്ങാലക്കുട : എസ്.എന്‍.ബി.എസ് സമാജം ഭരണസമിതി തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള നോമിനേഷനുകള്‍ തള്ളികളഞ്ഞ റിട്ടേണിംങ്ങ് ഓഫീസറുടെ നടപടി റദ്ദാക്കി കോടതി ഉത്തരവിട്ടു. വിജയന്‍ എളേടത്ത്, മോഹന്‍ലാല്‍, സുരേഷ് ബാബു കെ.കെ, ബിജു മുണ്ടോലി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇരിങ്ങാലക്കുട മുന്‍സിഫ് കോടതി ഈ ഉത്തരവിട്ടത്. നാലുപേരെ ഭരണസമിതിയില്‍ തിരഞ്ഞെടുക്കപ്പെടുവാന്‍ അയോഗ്യരാക്കണമെന്നായിരുന്നു റിട്ടേണിംങ്ങ് ഓഫീസറുടെ തീരുമാനം. എന്നാല്‍ അഡ്വക്കേറ്റ് കമ്മിഷണറായ നിരിക്ഷക റിപ്പോര്‍ട്ട് പരിശോധിച്ച കോടതി റിട്ടേണിംഗ് ഓഫീസറുടെ നോമിനേഷന്‍ തള്ളിക്കളഞ്ഞ നടപടി റദ്ദാക്കി. ഇവരുടെ നോമിനേഷനുകള്‍ സ്വീകരിച്ച് തിരഞ്ഞെടുപ്പ് നിരിക്ഷകനായ അഡ്വക്കേറ്റ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ സുതാര്യമായി തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ടത്.

Top
Menu Title