News

Archive for: August 20th, 2017

കൂടല്‍മാണിക്യം അലങ്കാരഗോപുര നിര്‍മ്മാണത്തിന്റെ ഭൂമിപൂജ നടന്നു

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ അലങ്കാരഗോപുരം ഇരിങ്ങാലക്കുട ബസ്സ്റ്റാന്‍ഡ് നടയില്‍ പണി ആരംഭിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച്ച വൈകീട്ട് നെടുമ്പുള്ളി സജി തിരുമേനിയുടെ കാര്‍മികത്വത്തില്‍ അലങ്കാരഗോപുരം പണിയുന്ന സ്ഥലത്ത് ഭൂമിപൂജ നടന്നു. പരികര്‍മി കണ്ണന്‍ സ്വാമി, കൂടല്‍മാണിക്യം ദേവസ്വം മാനേജിങ് കമ്മിറ്റി മെമ്പര്‍ വിനോദ് തറയില്‍, വി പി രാമചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു . 12 മീറ്റര്‍ ഉയരവും 16 മീറ്റര്‍ വീതിയിലുമാണ് ഗോപുരം നിര്‍മാണം. 3 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും.
related news : നീണ്ട കാത്തിരിപ്പിനു ശേഷം കൂടല്‍മാണിക്യം അലങ്കാര ഗോപുരം നിര്‍മാണം ആരംഭിച്ചു

യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഇരിങ്ങാലക്കുട : യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാകുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍. തൊട്ടിപ്പാള്‍ പുതുപ്പുള്ളി വീട്ടില്‍ രഞ്ജിത്ത് (30)നെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട കോമ്പാറ സ്വദേശിനിയായ യുവതിയാണ് ഒരുമാസം മുമ്പ് ആത്മഹത്യ ചെയ്തത്. മാവേലിക്കരയില്‍ ജോലി ചെയ്തിരുന്ന യുവാവിന് അവിടെയുള്ള മറ്റൊരു യുവതിയുമായി ഉണ്ടായിരുന്ന ബന്ധം അറിഞ്ഞ യുവതി അത് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മിലുണ്ടായ വഴക്കാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലിസ് പറഞ്ഞു. നാടുവിടാനുള്ള തയ്യാറെടുപ്പില്‍ രാത്രി വീട്ടിലെത്തിയ യുവാവിനെ പോലിസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐ പ്രദീപ്, സീനിയര്‍ സിവില്‍ പോലിസുകാരായ മുഹമ്മദ് അഷറഫ്, ഗോപി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ പ്രവേശനോത്സവത്തിനു വര്‍ണാഭമായി തുടക്കം

ഇരിങ്ങാലക്കുട : ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ പ്രവേശനോത്സവത്തിനു വര്‍ണാഭമായി തുടക്കം കുറിച്ചു. താളമേളങ്ങളോടെ, ഡോറിമാന്‍ നൃത്തചുവടുകളോടെ നവാഗതരെ എതിരേറ്റു വാര്‍ഡ് കൗണ്‍സിലറും എല്‍ പി പി ടി എ പ്രസിഡന്റുമായ ശിവകുമാര്‍ വര്‍ണ്ണബലൂണുകള്‍ പറത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഹൈസ്കൂള്‍ പി ടി എ പ്രസിഡന്റ് പി ടി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. എല്‍ പി ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജീസ് റോസ് , സുപ്പീരിയര്‍ സി ജെസ്മി , എച് എസ് എസ് പ്രിന്‍സിപ്പല്‍ സി .മെറീന എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ അധ്യാപകരെ ഏല്‍പ്പിക്കുന്നതിന്റെ പ്രതീകമായി നടത്തിയ വിദ്യാര്‍ത്ഥിദാനം എന്ന ചടങ്ങ് ശ്രദ്ധേയമായി . ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസെലെറ്റ് സ്വാഗതവും വിനി വിന്‍സെന്റ് നന്ദിയും പറഞ്ഞു .

ശനിയാഴ്ച വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട : നമ്പര്‍ വണ്‍ സെക്‌ഷന്‍റെ പരിധിയില്‍ വരുന്ന ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് , കാട്ടൂര്‍ റോഡ് , ഇരിങ്ങാലക്കുട ജംക്‌ഷന്‍ എന്നിവിടങ്ങളില്‍ 11 കെ വി ലൈനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജൂണ്‍ 3 ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.

പൂമംഗലം പഞ്ചായത്ത്തല പ്രവേശനോത്സവം നടന്നു

എടക്കുളം : പൂമംഗലം പഞ്ചായത്ത്തല പ്രവേശനോത്സവം ശ്രീനാരായണഗുരു സ്മാരകസംഘം ലോവര്‍ പ്രൈമറി സ്കൂളില്‍ ആഘോഷിച്ചു . പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ വി സി ശശിധരന്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കി . പി ടി എ പ്രസിഡന്റ് രാഖി ഗിരീഷ് നവാഗതരായ കുട്ടികള്‍ക്ക് കിറ്റ് നല്‍കി സ്വീകരിച്ചു . പ്രധാനാധ്യാപിക സുധ ടി ഡി , കെ കെ രാജന്‍ , സിന്ധു ഗോപകുമാര്‍ , കെ എസ് തമ്പി , പി കെ കാര്‍ത്തികേയന്‍ , കെ കെ വത്സലന്‍ , കെ എസ് നിഷ , ഷിനു സി വി , കെ കെ വിജയന്‍ , കെ വി ജിനരാജാദാസന്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

എസ്.എന്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്രവേശനോത്സവം നടന്നു

ഇരിങ്ങാലക്കുട : എസ്.എന്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ 2017-18 അദ്ധ്യയനവര്‍ഷത്തെ പ്രവേശനോത്സവം എസ്.എന്‍ സ്ക്കൂളുകളുടെ മാനേജര്‍ ഡോ. സി.കെ രവി ഉദ്ഘാടനം ചെയ്തു. പി.ടിഎ പ്രസിഡന്റ് കെ.കെ ബാബു അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകരായ കെ.മായ ടീച്ചര്‍, പി.എസ് ബിജുന ടീച്ചര്‍, ഏ.ബി മൃദുല ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. എസ്.എസ്.എല്‍. സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളായ ദേവദത്തന്‍ എ.എസ്, നസ്റിന്‍ ടി.ആര്‍ എന്നിവര്‍ക്കും, എല്‍.എസ്.എസ് സ്കോളര്‍ഷിപ്പ് നേടിയ സ്വിഹ ഫാത്തിമയ്ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.

വര്‍ണ്ണബലൂണുകള്‍ പറത്തി കുരുന്നുകള്‍ അക്ഷരലോകത്തേക്ക് പ്രവേശിച്ചു

എടതിരിഞ്ഞി : എച്ച് ഡി പി സമാജം ഹയര്‍സെക്കണ്ടറി സ്കൂളില്‍ അറിവിന്റെ ലോകത്തിലേക്ക് നവാഗതരെ സ്വാഗതം ചെയ്തു. പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ സി എസ് സുധന്‍ ഉദ്ഘാടനം ചെയ്തു . മാനേജര്‍ ഭരതന്‍ കണ്ടേക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു . എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി മണി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നൂറു ശതമാനം വിജയം നേടിയ സ്കൂളിന് എടതിരിഞ്ഞി എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിനിധികളായ രാധാകൃഷ്ണന്‍ , ദീപക് പുരയാറ്റില്‍ എന്നിവര്‍ ഉപഹാരം നല്‍കി. കെ എസ് രാധാകൃഷ്ണന്‍ എം ഡി സുരേഷ് , എ എസ് ഗിരീഷ് , ബിനോയ് കോലന്ത്രര, ബാബുരാജ് ചിങ്ങാരത്ത് , പി ശ്രീദേവി , എന്നിവര്‍ സംസാരിച്ചു .കെ എ സീമ നന്ദി പറഞ്ഞു ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ വര്‍ണ്ണബലൂണുകള്‍ പറത്തി കുരുന്നുകള്‍ അക്ഷരലോകത്തേക്കുള്ള പ്രവേശനം വര്‍ണ്ണാഭമാക്കി.

പട്ടേപ്പാടം എ.എല്‍.പി.സ്കൂളില്‍ നവാഗതരായ കുരുന്നുകളെ വരവേറ്റു

പട്ടേപ്പാടം : പ്രവേശനോത്സവത്തിന്റെ ഭാഗമായി പട്ടേപ്പാടം എ.എല്‍.പി.സ്കൂളില്‍ നവാഗതരായ കുട്ടികളെ അക്ഷരമാലകള്‍ ചാര്‍ത്തിയും സമ്മാനങ്ങള്‍ നല്‍കിയും ഹൃദ്യമായി വരവേറ്റു. വേളൂക്കര ഗ്രാമപ്പഞ്ചായത്ത്‌ സ്ഥിരംസമിതി അദ്ധ്യക്ഷ ആമിന അബ്ദുള്‍ ഖാദര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി .യു.സിദ്ധീക്ക്‌ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ താലൂക്ക്‌ സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം പ്രവേശനോത്സവ സന്ദേശം നല്‍കി. വി.വി.തിലകന്‍, പ്രധാനാദ്ധ്യാപിക കെ.എസ്‌.ലാലി, എ.എം.അബ്ദുള്‍ റഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

പഠനത്തെ പേടിക്കാതെ വളരണം – കെ യു അരുണന്‍ മാസ്റ്റര്‍ എം.എല്‍.എ

ഇരിങ്ങാലക്കുട : കുട്ടികള്‍ പഠനത്തെ പേടിക്കാതെ വളരണം എന്ന് വിദ്യാര്‍ത്ഥികളോട് പ്രൊഫ. കെ യു അരുണന്‍ മാസ്റ്റര്‍ എം.എല്‍.എ. പുതുതായി വിദ്യാലയങ്ങളിലേക്കു വരുന്ന കുരുന്നുകള്‍ക്ക് അധ്യാപകര്‍ മാതാപിതാക്കളായി തോന്നണം . ഇരിങ്ങാലക്കുട ഗവണ്മെന്റ് മോഡല്‍ ഗേള്‍സ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിലൂടെ പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ പൊതുസമൂഹം മുന്നോട്ടു വന്നിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ പ്രവേശനോത്സവമെന്നത് പ്രത്യേകതയാണ്. നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് രമണി പി വി, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ പ്രാരിജ, വി എച്ച് എസ് സി പ്രിന്‍സിപ്പല്‍ ഹെനാ, സ്കൂള്‍ അധ്യാപക പ്രതിനിധി അബ്‌ദുള്‍ഹക്ക്, പി ടി എ പ്രസിഡന്റ് രാജു മാസ്റ്റര്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു . കുട്ടികള്‍ക്കുള്ള യൂണിഫോം എം എല്‍ എ വിതരണം ചെയ്തു.

അറിവിന്റെ ലോകത്തിലേക്ക് കുരുന്നുകള്‍ക്ക് സ്വാഗതമേകി നഗരസഭ പ്രവേശനോത്സവം നടത്തി

ഇരിങ്ങാലക്കുട  : അധ്യയനവര്‍ഷം ആരംഭത്തില്‍ ഇരിങ്ങാലക്കുട നഗരസഭ വക പ്രവേശനോത്സവം ഗവ . എല്‍ പി എസ് ഓഫ് ജി എച് എസ് എസ് ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു ഉദ്ഘാടനം നിര്‍വഹിച്ചു . നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി സമന്വയം അവതരിപ്പിച്ചു . പാഠപുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം വൈസ് ചെയര്‍പേഴ്സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ നടത്തി . ബാഡ്ജ് വിതരണം വികസനസമിതി ചെയര്‍മാന്‍ അഡ്വ വി സി വര്‍ഗീസ് നിര്‍വഹിച്ചു. നവീകരിച്ച അടുക്കളയുടെ താക്കോല്‍ദാനകര്‍മ്മം മീനാക്ഷി ജോഷി നിര്‍വഹിച്ചു . ശിശു സൗഹൃദ ടോയ്‌ലറ്റിന്റെ താക്കോല്‍ദാനകര്‍മ്മം വത്സല ശശി നിര്‍വഹിച്ചു . അബ്‌ദുള്‍ ബഷീര്‍ നവാഗതര്‍ക്ക് സ്വാഗതം നല്‍കി . തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടന്നു . സ്കൂള്‍ ഹെഡ്മിസ്ട്രസ് ലാജി വര്‍ഗീസ് സ്വാഗതവും പി ടി എ പ്രസിഡന്റ് ഭക്തവത്സലന്‍ നന്ദിയും പറഞ്ഞു . നവാഗതരായ കുട്ടികളും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു .

ഇനി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ ഓണ്‍ലൈന്‍ ആയി പേര് രജിസ്റ്റര്‍ ചെയ്യാം

ഇരിങ്ങാലക്കുട : ഇന്റര്‍നെറ്റിലൂടെ ഓണ്‍ലൈന്‍ ആയി ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു . ഈ സൗകര്യം ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വന്തമായോ അക്ഷയ സെന്ററുകളുടെ സഹായത്തോടെയോ ചെയ്യാവുന്നതാണ്.  www.employment.kerala .gov.in  എന്ന വെബ് സൈറ്റ് വിലാസത്തില്‍ ആണ് ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യണ്ടത് .ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് തുടര്‍ന്നുള്ള പുതുക്കല്‍ , സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവ ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ചു നടത്താവുന്നതാണ്. ഓണ്‍ലൈനായി ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ അറുപത് ദിവസത്തിനുള്ളില്‍ ഏതെങ്കിലും പ്രവര്‍ത്തിദിവസം എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകണം .പുതുക്കല്‍ മാത്രം ചെയ്താല്‍ ഹാജരാകേണ്ടതില്ല . മുന്‍പ് എന്തെങ്കിലും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് പുതുക്കി വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും sign up ചെയ്ത ശേഷം I am already Registered എന്ന ബട്ടണ്‍ ഉപയോഗിച്ചു sign in ചെയ്ത താങ്കളുടെ എംപ്ലോയ്‌മെന്റ് രെജിസ്ട്രേഷന്‍ നമ്പറുമായി ബന്ധിപ്പിച്ചു മുകളില്‍ പറഞ്ഞ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാവുന്നതാണ് എന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

Top
Close
Menu Title