News

Archive for: August 20th, 2017

എക്സിബിഷന്‍ കരാറുകാരന്‍ പൈസ നല്‍കിയില്ല : പകരം സര്‍ക്കസ്സുകാര്‍ രണ്ടാഴ്ചയായി ദേവസ്വം തടങ്കലില്‍

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഉത്സവത്തിനോടനുബന്ധിച്ചു നടന്ന എക്സിബിഷന്‍ ഗ്രൗണ്ട് ലേലത്തിനെടുത്ത കരാറുകാരന്‍ ഒരു ലക്ഷത്തോളം രൂപ ദേവസ്വത്തിന് ബാക്കി നല്‍കാത്തതിനാല്‍ എക്‌സിബിഷനില്‍ പങ്കെടുക്കാനെത്തിയ സര്‍ക്കസുകാരെ ഗ്രൗണ്ടില്‍ നിന്നും പോകാന്‍ അനുവദിക്കാതെ ദേവസ്വം രണ്ടാഴ്ചയില്‍ അധികമായി തടങ്കലില്‍ വച്ചിരിക്കുന്നു. സര്‍ക്കസും അമ്യൂസ്മെന്റ് പാര്‍ക്കും നടത്താന്‍ മെയ് 6 ന് എത്തിയ ഈ സംഘം മെയ് 16 ന് ഉത്സവം കഴിഞ്ഞിട്ടും ദേവസ്വം എക്സിബിഷന്‍ നടന്ന കൊട്ടിലായ്ക്കല്‍ പറമ്പിന്റെ ഗേറ്റുകള്‍ അടച്ചതിനാല്‍ സര്‍ക്കസ് സാധന സാമഗ്രികള്‍ കൊണ്ടു പോകാനാവാതെ ഇരുപതിലധികം ജീവനക്കാരുമായി യാതന അനുഭവിക്കുകയാണ്.  മഴ ആരംഭിച്ചതോടെ ഇവരുടെ യന്ത്ര ഊഞ്ഞാലും മോട്ടറും ഉള്‍പ്പെടെയുള്ള സാധനസാമഗ്രികളും മഴ നനഞ്ഞു കേടാവുന്ന അവസ്ഥയിലാണ് . കൊടുങ്ങലൂര്‍ സ്വദേശിയായ മൊയ്തീന്‍ എന്ന കോണ്‍ട്രാക്ടര്‍ ആണ് ദേവസ്വം കൊട്ടിലയ്ക്കല്‍ പറമ്പ് എക്സിബിഷനായി ലേലത്തില്‍ എടുത്തത് . എന്നാല്‍ 16 – ാം തീയതി ഉത്സവം കഴിഞ്ഞതിനു ശേഷവും ഒരു ലക്ഷത്തോളം രൂപ ദേവസ്വത്തിന് ബാക്കി നല്‍കാന്‍ ഉണ്ടായിരുന്നു . അപ്പോഴേക്കും എക്സിബിഷന് പങ്കെടുത്ത പല സ്ഥാപനങ്ങളും കൊട്ടിലായ്ക്കല്‍ വിട്ടു പോയിരുന്നു . കൂടുതല്‍ സാധനസാമഗ്രികള്‍ ഉള്ളതിനാല്‍ പ്രധാന വേദിയിലെ ഇരുമ്പ് ഷെഡ് നിര്‍മ്മിച്ചവരും ജനറേറ്ററുകാരനും മാത്രമേ അവശേഷിച്ചിരുന്നുള്ളു . ഇവരുമായി ദേവസ്വത്തിന് നേരിട്ട് കരാറുകളോ മറ്റു ബന്ധങ്ങളോ ഇല്ലെങ്കിലും ഇവര്‍ പ്രധാന കരാറുകാരനുമായി ബന്ധം ഉള്ളതിനാല്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ എക്സിബിഷന്‍ ഗ്രൗണ്ടിന്റെ ഗേറ്റ് അടച്ചിടുകയായിരുന്നു . തങ്ങളുടേതല്ലാത്ത കാരണത്താല്‍ തടങ്കല്‍ അവസ്ഥയിലായ സര്‍ക്കസ്സുകാര്‍ ഇപ്പോള്‍ ദാരിദ്ര്യത്തിലാണ് . അടുത്ത പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ഇവരുടെ സാധനസാമഗ്രികള്‍ കൊണ്ടുപോകാനാവാതെ ഇവര്‍ ബുദ്ധിമുട്ടുകയാണ് . അതാതു ദിവസത്തെ അന്നത്തിനു വേണ്ടി സര്‍ക്കസിലെ ആംപ്ലിഫയര്‍ അടക്കമുള്ള വസ്തുക്കള്‍ വിറ്റു കിട്ടുന്ന പൈസ കൊണ്ടാണ് രണ്ടാഴ്ചയായി ഇവര്‍ ഇപ്പോള്‍കഴിഞ്ഞുപോകുന്നത് . ഈ അവസ്ഥ നേരില്‍ കണ്ടു മനസിലാക്കിയ ചില നാട്ടുകാര്‍ ഇവര്‍ക്ക് വേണ്ട പച്ചക്കറിയും മറ്റു ഭക്ഷ്യവസ്തുക്കളും നല്‍കി സഹായിക്കുന്നുണ്ടെങ്കിലും ഈ പ്രശ്നത്തിന് ഇത് വരെ ഒരു ശ്വാശ്വത പരിഹാരം ആയിട്ടില്ല . ദേവസ്വത്തിന് അടയ്‌ക്കേണ്ട പൈസ കരാറുകാരന് നല്‍കിയാല്‍ ഇവരെ പോകാന്‍ അനുവദിക്കുമെന്നും അഡ്മിനിസ്ട്രേറ്റര്‍ പറയുന്നുണ്ട് . ഈ വര്‍ഷത്തെ എക്സിബിഷന്‍ നഷ്ടത്തില്‍ ആയതുകൊണ്ടാണ് ഈ അവസ്ഥ വന്നത് എന്നും സര്‍ക്കസ്സുകാര്‍ കരാറുകാരന് മൂന്നു ലക്ഷത്തോളം രൂപ കൊടുക്കുവാനുണ്ടെന്നും അറിയുന്നു . ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടില്‍ നട്ടം തിരിയുന്നത് ഇവിടെ പെട്ടുപോയ ഇരുപതോളം സര്‍ക്കസ്സ് ജീവനക്കാരാണ് .

related news: എക്സിബിഷന്‍ : കൂടല്‍മാണിക്യം ദേവസ്വത്തിനെതിരെ ഇന്‍ജംഗ്ഷന്‍ ഉത്തരവ്

ഓണ്‍ലൈന്‍ അപേക്ഷക്ക് തിരക്ക് : പെന്‍ഡിങ് അപേക്ഷകള്‍ തീര്‍ക്കാന്‍ സംവിധാനം ഉണ്ടാക്കണമെന്നും ഡ്രൈവിംഗ് സ്കൂള്‍ ഓണേഴ്‌സ് അസോസിയേഷന്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മേഖലയില്‍ ഡ്രൈവിങ്ങ് ടെസ്റ്റിന് ഓണ്‍ലൈനില്‍ തീയതി ലഭിക്കാതെ ഒരുപാട് അപേക്ഷകര്‍ ഡ്രൈവിംഗ് ടെസ്റ്റ് കൊടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നു . ഇതിനെ കുറിച്ച് രണ്ട്‌ എം വി ഐ മാരെ കൊണ്ട് 120 അപേക്ഷകര്‍ക്ക് ഒരു ദിവസം ഡ്രൈവിംഗ് ടെസ്റ്റ് നടത്തി പെന്‍ഡിങ് തീര്‍ക്കണമെന്നും ഇരിങ്ങാലക്കുട ജോയിന്റ് ആര്‍ ടി ഒ ക്ക് ഡ്രൈവിംഗ് സ്കൂള്‍ ഓണേഴ്‌സ് അസോസിയേഷന്‍ അപേക്ഷ നല്‍കി. കൂടതെ ലേര്‍ണിംഗ് ടെസ്റ്റ് ഓണ്‍ലൈന്‍ വഴി തീയതി ലഭ്യമാക്കുന്നത് ഒരു മാസം കഴിഞ്ഞിട്ടുള്ള തീയതികളാണ് എന്നത് പോലെ പല കാര്യങ്ങളും ജോയിന്റ് ആര്‍ ടി ഒ സമീപം ആവശ്യപ്പെട്ടപ്പോള്‍ ഇതൊന്നും തന്റെ പണി അല്ല നിങ്ങള്‍ ആര്‍ ടി ഒ യെ സമീപിച്ചു കാര്യങ്ങള്‍ പറയുക എന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ നിര്‍ദേശം എന്നും അസോസിയേഷന്‍ പറഞ്ഞു.

ഗബ്രിയേലച്ചന്റെ സ്മരണയ്ക്ക് മുന്നില്‍ അരുമശിഷ്യന്‍ ഡി ജി പി സെന്‍കുമാര്‍

ഇരിങ്ങാലക്കുട : തന്റെ ക്രൈസ്റ്റ് കോളേജ് പഠനകാലത്ത് പ്രിന്‍സിപ്പലായിരുന്ന ഗബ്രിയേലച്ചന്റെ കബറിടം സന്ദര്‍ശിച്ചു അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നില്‍ സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. 1973 -75 കാലഘട്ടത്തില്‍ സെന്‍കുമാര്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയും 75 -78 കാലഘട്ടത്തില്‍ ഡിഗ്രി വിദ്യാര്‍ഥിയുമായിരുന്നു .ക്രൈസ്റ്റ് കോളേജിന്റെ ആരംഭഘട്ടമായ 1956 മുതല്‍ 75 വരെ ഗബ്രിയേലച്ചനായിരുന്നു ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ .ഗബ്രിയേലച്ചന് ഏറ്റവും പ്രിയപ്പെട്ട നാട്ടുമാവിന്‍ തൈ തദവസരത്തില്‍ അദ്ദേഹം ക്രൈസ്റ്റ് ആശ്രമത്തിലെ ശ്രേഷ്ടവൈദികനും കോളേജിലെ സുവോളജി വകുപ്പ് മുന്‍ അധ്യാപകനുമായ ഫാ. ഐസക് ആലപ്പാട്ടിന് തന്റെ ഗുരുസ്മരണക്കായി കൈമാറി . സെന്‍കുമാറിന്റെ സഹപാഠികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും ക്രൈസ്റ്റ് കോളേജ് അധ്യാപകരും , വിദ്യാര്‍ത്ഥികളും ആശ്രമത്തിലെ വൈദികരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

നിയമപരമല്ലാത്ത സര്‍വീസ് ചാര്‍ജ് പിരിവ് – ഗ്യാസ് ഏജന്‍സിക്കെതിരെ സപ്ലൈ ഓഫീസര്‍ക്ക് പരാതി നല്‍കി

ഇരിങ്ങാലക്കുട:അന്യായമായ സര്‍വീസ് ചാര്‍ജ് പിരിവിനും ജീവനക്കാരന്റെ മോശമായ പെരുമാറ്റത്തിനും ബില്ലുകള്‍ നല്‍കാത്തതിനുമെതിരെ ചേലൂര്‍ കോതക്കുളം റെസിഡന്‍സ് അസോസിയേഷന്‍ ഇരിങ്ങാലക്കുട ഇന്ത്യന്‍ ഗ്യാസ് വിതരണക്കാരായ ജോ ഗ്യാസ് ഏജന്‍സിക്കെതിരെ സപ്ലൈ ഓഫീസര്‍ക്ക് പരാതി നല്‍കി .ഇരിങ്ങാലക്കുട നഗരസഭയുടെ 28 – ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ചേലൂര്‍ കോതക്കുളം ഭാഗം സര്‍വീസ് ചാര്‍ജ് ഈടാക്കാതെ ഗ്യാസ് വിതരണം ചെയ്യെണ്ടതായ 5 കിലോമീറ്റര്‍ ദൂര പരിധിക്കുള്ളില്‍ വരുന്നതാണ് . എന്നാല്‍ പ്രസ്തുത സ്ഥലത്തു ഗ്യാസ് ഏജന്‍സിയുടെ ജീവനക്കാരന്‍ ബില്‍ തുകക്ക് പുറമെ സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ അധിക തുക ഈടാക്കുന്നതായും ഇത് ചോദ്യം ചെയ്യുന്നവരോട് വ്യക്തമായ മറുപടി പറയാതെ മോശമായി പെരുമാറുകയും ബില്ലുകള്‍ നല്‍കാതിരിക്കുകയും ചെയുന്നതായാണ് പരാതി . ഇതിനു വേണ്ട പരിഹാരനടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കണമെന്നും റെസിഡന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു .

പരിസ്ഥിതി ദിനത്തില്‍ പുല്ലൂര്‍ ശിവ – വിഷ്ണു ക്ഷേത്രാങ്കണത്തില്‍ നക്ഷത്രവനം ഒരുക്കുന്നു

പുല്ലൂര്‍ : ജൂണ്‍ 5 ലോക പരിസ്ഥിതിദിനത്തില്‍ പുല്ലൂര്‍ ശിവ -വിഷ്ണു ക്ഷേത്രങ്കണത്തില്‍ ജന്മനക്ഷത്രമനുസരിച്ചുള്ള വൃക്ഷതൈയ്യും അതോടൊപ്പം ഔഷധസസ്യങ്ങളും വച്ച് പിടിപ്പിക്കുന്നു . രാവിലെ 11 മണിക്ക് കൂടല്‍മാണിക്യം മുന്‍ ചെയര്‍മാന്‍ പി തങ്കപ്പന്‍ വൃക്ഷതൈ നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. ക്രൈസ്റ്റ് കോളേജ് ജിയോളജി വിഭാഗം അധ്യാപകന്‍ ഡോ. എസ് ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ . എസ് സുധീര്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും . പൊതുജനങ്ങള്‍ക്ക് വൃക്ഷതൈ നടുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും .

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പൊതുയോഗം മാറ്റിവച്ചു

ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ച്ച ഇരിങ്ങാലക്കുട പൂതംകുളം മൈതാനിയില്‍ നടക്കാനിരുന്ന പൊതുയോഗവും പ്രകടനവും ആഘോഷങ്ങളും സി പി എം മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി കെ കുമാരന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റി വച്ചതായി സംഘാടകര്‍ അറിയിച്ചു.

ആനന്ദപുരം ഗവ. യുപി സ്കൂളില്‍ പ്രവേശനോല്‍സവം

ആനന്ദപുരം : ആനന്ദപുരം ഗവ. യുപി സ്കൂളില്‍ പ്രവേശനോല്‍സവം വാര്‍ഡ് മെമ്പര്‍ എ.എം. ജോണ്‍സന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സവിത ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പൂര്‍വ അദ്ധ്യാപകരും നിയുക്ത പ്രധാനധ്യാപകന്‍ ബോബന്‍ മാസ്റ്ററും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മൂന്നാംക്ലാസ്സിലെ കുട്ടികളുടെ വായനാഭിരുചി വളര്‍ത്തുന്നതിനായി ഒരുക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം മുന്‍ പ്രധാനധ്യാപിക അംബുജം ടീച്ചര്‍ നിര്‍വഹിച്ചു. കുട്ടികളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുന്നതിനായുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായ നവീകരിച്ച സയന്‍സ് ലാബിന്‍റെ ഉദ്ഘാടനം ബോബന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. പൂര്‍വ വിദ്യാര്‍ത്ഥി എം.എന്‍. രമേഷ് കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ സംഭാവനയായി നല്‍കി.

Top
Close
Menu Title