News

Archive for: August 20th, 2017

പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം അഞ്ചാം തിയ്യതി മുതല്‍ പന്ത്രണ്ടാം തിയ്യതി വരെ നടക്കുമെന്ന് സപ്ലൈ ഓഫീസര്‍

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്കിലെ പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം അഞ്ചാം തിയ്യതി മുതല്‍ പന്ത്രണ്ടാം തിയ്യതി വരെ നടക്കുമെന്ന് സപ്ലൈ ഓഫീസര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.അഞ്ചാം തിയ്യതി പടിയൂര്‍ റേഷന്‍കട പരിസരത്തും ,ആറാം തിയ്യതി കാട്ടൂര്‍, എടത്തിരുത്തി റേഷന്‍കട പരിസരം, അവിട്ടത്തൂര്‍ റേഷന്‍ കട പരിസരം, പൊറത്തിശ്ശേരി റേഷന്‍ കട പരിസരം, ഏഴാം തിയ്യതി പൂമംഗലം പഞ്ചായത്ത് ഹാള്‍, കിഴുത്താനി റേഷന്‍ കട പരിസരം, എട്ടാം തിയ്യതി നടവരമ്പ് പളളിക്ക് സമീപമുളള റേഷന്‍ കട പരിസരം,ഒമ്പതാം തിയ്യതി കല്ലംക്കുന്ന് റേഷന്‍ കട പരിസരം, കരുവാപടി റേഷന്‍ കട പരിസരം, പന്ത്രണ്ടാം തിയ്യതി പടിയൂര്‍ റേഷന്‍ കട പരിസരത്തും പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം നടക്കും. റേഷന്‍ കാര്‍ഡ് കൈപറ്റുന്നതിന് കാര്‍ഡില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയായ അംഗം പഴയ റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, കാര്‍ഡിന്റെ വില എന്നിവയുമായി ഹാജരാകണം. എ.എ.വൈ മുന്‍ഗണനാ കാര്‍ഡുകളുടെ വില 50 രൂപയും, മറ്റു വിഭാഗങ്ങള്‍ക്ക് 100 രൂപയുമാണ്. ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കാത്തവര്‍ക്ക് മേല്‍ വിവരങ്ങള്‍ കാര്‍ഡ് വാങ്ങുന്ന സമയത്ത് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കാവുന്നതാെണന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.

കെ.യു അരുണന്‍ എം എല്‍ എക്കെതിരെ സി പി എം എടുത്ത നടപടി രാഷ്ട്രീയ അസഹിഷ്ണുതയുടെ ഉദാഹരണം – ബി ജെ പി

ഇരിങ്ങാലക്കുട : കെ.യു അരുണന്‍ എം എല്‍ എ ക്കെതിരെ സി പി എം എടുത്ത നടപടി രാഷ്ട്രീയ അസഹിഷ്ണുതയുടെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് ബി ജെ പി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ടി. എസ് സുനില്‍കുമാര്‍ കുറ്റപ്പെടുത്തി. രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ എസ് എസ് സംഘടന നടത്തിയ സേവാ പരിപാടിയില്‍ പങ്കെടുത്തതില്‍ നടപടിയെടുക്കുന്ന പാര്‍ടി തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുകയും കേസെടുക്കുകയും ചെയ്ത പീസ് സ്‌ക്കൂള്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇതേ എം എല്‍ എയും കയ്പമംഗലം എംഎല്‍എയും അടുത്തിടെ പങ്കെടുത്തതില്‍ സി പി എം മൗനം പാലിക്കുന്നു. വാഹനാപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ട സഹപ്രവര്‍ത്തകന്റെ സ്മരണയ്ക്കായി കഴിഞ്ഞ ഒമ്പതു വര്‍ഷമായി ആര്‍ എസ് എസ് നടത്തിവരുന്ന പഠനോപകരണവിതരണമാണ് പുല്ലൂര്‍ ഊരകം ശാഖയില്‍ നടന്നത്. ഒമ്പതു വര്‍ഷവും ജനപ്രതിനിധികളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്താറുള്ളത്. ജനപ്രതിനിധിയെന്ന നിലയിലാണ് അരുണന്‍ മാസ്റ്ററെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ജനപ്രതിനിധി എന്ന നിലക്കുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ ആ പാര്‍ട്ടിയുടെ മാത്രം പ്രതിനിധിയാണെന്ന് കരുതാന്‍ വയ്യ, മറിച്ച് പൊതുജനങ്ങളടേതാണ്. പാര്‍ട്ടിയുടെ മാത്രം സ്വത്താണ് ജനപ്രതിനിധിയെന്ന അവസ്ഥ തികഞ്ഞ അരാജകത്വവും ഭരണഘടന ലംഘനവുമാണ്. നാടിനുവേണ്ടി സേവനമനുഷ്ഠിച്ചതിന്റെ അടിസ്ഥാനത്തില്‍ റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്ത പ്രസ്ഥാനമാണ് ആര്‍ എസ് എസ്. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ നിലനിര്‍ത്തുന്ന സി പിഎം കേരളത്തിലെ രാഷ്ട്രീയ രംഗം മലിമസമാക്കുകയാണെന്നും ജനങ്ങളില്‍ ചേരിതിരിവ് സൃഷ്ടിക്കുകയാണെന്നും ബി ജെ പി കരുതുന്നു. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ബി ജെ പിയുടെ സ്വാധീനം കണ്ട് വിളറി പൂണ്ട നേതൃത്വത്തിന്റെ വികലമായ ചിന്താഗതിയുടെ സൃഷ്ടിയാണ് എം എല്‍ എക്കെതിരായ നടപടിയെന്നും ബി ജെ പി വിലയിരുത്തുന്നു.

ആളൂര്‍ പോലീസ് സ്റ്റേഷന്‍ ഇരിങ്ങാലക്കുട സര്‍ക്കിളിനു കിഴില്‍ വരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം – താലൂക് വികസന സമിതി യോഗം

ഇരിങ്ങാലക്കുട : ഇപ്പോള്‍ മാള സര്‍ക്കിളിനു കീഴില്‍ ഉള്ള കല്ലേറ്റുംകരയിലെ ആളൂര്‍ പോലീസ് സ്റ്റേഷന്‍ ഇരിങ്ങാലക്കുട പോലീസ് സര്‍ക്കിളിനു കിഴില്‍ വരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു മുകുന്ദപുരം താലൂക് വികസന സമിതി യോഗം ആവശ്യപ്പെട്ടു . യോഗത്തില്‍ എം എല്‍ എ പ്രൊഫ . കെ യു അരുണന്‍ അദ്ധ്യക്ഷത വഹിച്ചു. റോഡുകളിയ്ക്ക് അപകടമാം വിധം ചാഞ്ഞു നില്‍ക്കുന്ന മരങ്ങളും വൈദ്യുതി പോസ്റ്റുകളും നേരേയാക്കണമെന്നു അധികൃതരോട് വികസന സമിതി ആവശ്യപ്പെട്ടു . മഴക്കാലത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ റോഡുകളുടെ അറ്റകുറ്റ പണികള്‍ അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ ജോലികള്‍ക്ക് പൊതു മരാമത്ത് വകുപ്പ് അടിയന്തര പ്രാധാന്യം നല്‍കണമെന്നും വികസന സമിതി ആവശ്യപ്പെട്ടു. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ആധാര്‍ നമ്പര്‍ സമര്‍പ്പിക്കേണ്ട തീയതി നീട്ടി നല്‍കണമെന്നും സ്കൂളില്‍ വന്ന് ആധാര്‍ കാര്‍ഡ് എടുക്കുന്നതിനുള്ള സംവിധാനം അക്ഷയ കേന്ദ്രം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഏര്‍പ്പെടുത്തണമെന്നും വികസനസമിതി ആവശ്യപ്പെട്ടു . താലൂക് കോണ്‍ഫറന്‍സ് ഹാളില്‍ ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു, ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണന്‍, മുകുന്ദപുരം തഹസില്‍ദാര്‍ ഐ ജെ മധുസൂദനന്‍, പഞ്ചായത്ത് പ്രെസിഡന്റുമാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

ബസ്സുകളില്‍ പരിശോധന നടത്തി പിഴ ചുമത്തി

ഇരിങ്ങാലക്കുട : നിരോധിച്ച എയര്‍ ഹോണ്‍ ഉള്ളതും ഡോര്‍ ഇല്ലാത്തതും ഉള്ള ഡോര്‍ തുറന്നു വച്ച് യാത്ര ചെയ്യുന്ന ബസ്സുകളെയും ബ്രെക്ക് ലൈറ്റ് കത്താത്ത ബസുകളെയും പരിശോധനയില്‍ പിടികൂടി പോലീസ് പിഴ ചുമത്തി. ശനിയാഴ്ച ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ എസ് ഐ തോമസിന്റെ നേതൃത്വത്തില്‍ വൈകിട്ട് 5 മണിക്ക് ആയിരുന്നു പരിശോധന . പരിശോധന ഉണ്ടെന്നു അറിഞ്ഞ് പല ബസ്സുകളും സ്റ്റാന്‍ഡില്‍ കയറാതെ മാറി പോയി . വിവിധ സ്ഥലങ്ങളില്‍ പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു . 60 ഓളം ബസുകളില്‍ പരിശോധന നടത്തി 17 ബസ്സുകള്‍ക്കാണ് പിഴ ചുമത്തിയത്.

മാട്ടിറച്ചി നിരോധന ഉത്തരവിനെതിരെ സായാഹ്ന ധര്‍ണ്ണ

പൊറത്തിശ്ശേരി : മാട്ടിറച്ചി നിരോധന ഉത്തരവിനെതിരെ സി പി എം പൊറത്തിശ്ശേരി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി നടത്തിയ സായാഹ്ന ധര്‍ണ്ണ സി പി എം ജില്ലാ കമ്മിറ്റി അംഗം സി കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.എസ്. വിശ്വംഭരന്‍, എ.ആര്‍. പീതാംബരന്‍, ടി.ആര്‍. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു

എക്സിബിഷന്‍ : കൂടല്‍മാണിക്യം ദേവസ്വത്തിനെതിരെ ഇന്‍ജംഗ്ഷന്‍ ഉത്തരവ്

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചു നടത്തി വന്നിരുന്ന അമ്യൂസ്‌മെന്‍റ് പാര്‍ക്ക് നടത്തിപ്പുകാരുടെ സാധന സാമഗ്രികള്‍ തടഞ്ഞു വച്ച ദേവസ്വം അധികാരികള്‍ക്ക് എതിരെ ഉടമ നല്‍കിയ കേസില്‍ ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ മുന്‍സിഫ് ജയപ്രഭു സാധന സാമഗ്രികള്‍കൊണ്ട് പോകുന്നത് ദേവസ്വം അധികാരികള്‍ തടയരുത് എന്ന ഇന്‍ജംഗ്ഷന്‍ ഉത്തരവ് മൂലം വിലക്കി. ഹര്‍ജിക്കാരന് വേണ്ടി അഡ്വക്കേറ്റുമാരായ ബിജു എ എ , ബിജു കാനാട്ട് എന്നിവര്‍ ഹാജരായി .  ഇന്‍ജംഗ്ഷന്‍ ഓര്‍ഡര്‍ കോടതി ആമീന്‍ ദേവസ്വം ഓഫീസില്‍ എത്തിച്ചു. എന്നാല്‍ അമ്യൂസ്മെന്റ് പാര്‍ക്ക് നടത്തുന്ന സ്ഥാപനവുമായി ദേവസ്വത്തിന് യാതൊരു ബന്ധവും ഇല്ലെന്നും ഇവരുടേതെന്നു പറയുന്ന ജെയ്ന്റ് വീല്‍ , മരണക്കിണര്‍ , കോളം ബസ് തുടങ്ങിയ മറ്റു സാധനങ്ങളും ഇവര്‍ കൊണ്ടുപോകണമെങ്കില്‍  എക്സിബിഷന്‍ കരാര്‍ എടുത്ത കോണ്‍ട്രാക്ടര്‍ വന്നു സാധനങ്ങള്‍ ഇവരുടേത് തന്നെ ആണെന്ന് സ്ഥിതീകരിക്കണമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞു. ഇവരോടൊപ്പം മറ്റു നാല് സ്ഥാപനങ്ങളുടെ സാധന സാമഗ്രികള്‍ കൂടി എക്സിബിഷന്‍ ഗ്രൗണ്ടില്‍ ഉണ്ടെന്നും അതിനാല്‍ ഇവരുമായി നേരിട്ട് ബന്ധമുള്ള ലേലമെടുത്ത കോണ്‍ട്രാക്ടര്‍ വരണമെന്നുമാണ് ദേവസ്വം പറയുന്നത് . അമ്യൂസ്മെന്റ് പാര്‍ക്കിന്റെ സാധനങ്ങള്‍ ഇവിടെ നിന്നും മാറ്റിയാല്‍ കൊണ്ട് വയ്‌ക്കേണ്ട ഗ്രൗണ്ട് കണ്ടുപിടിക്കാന്‍ ഇത് വരെ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല . അതിനാല്‍ അടുത്ത ദിവസം മാത്രമേ കൊണ്ടുപോകാന്‍ സാധ്യത ഉള്ളു എന്നും അറിയിരുന്നു . ലേലം എടുത്ത കോണ്‍ട്രാക്ടറില്‍ നിന്നും ദേവസ്വത്തിന് കിട്ടാനുള്ള പൈസ കിട്ടാത്തതുമൂലമാണ് ഇവരെ തടഞ്ഞു വച്ചിരിക്കുന്നത് എന്നും അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞു.  കൂടല്‍മാണിക്യം ഉത്സവത്തിനോടനുബന്ധിച്ചു നടന്ന എക്സിബിഷന്‍ ഗ്രൗണ്ട് ലേലത്തിനെടുത്ത കരാറുകാരന്‍ ഒരു ലക്ഷത്തോളം രൂപ ദേവസ്വത്തിന് ബാക്കി നല്‍കാത്തതിനാല്‍ എക്‌സിബിഷനില്‍ പങ്കെടുക്കാനെത്തിയ സര്‍ക്കസുകാരെ ഗ്രൗണ്ടില്‍ നിന്നും പോകാന്‍ അനുവദിക്കാതെ ദേവസ്വം രണ്ടാഴ്ചയില്‍ അധികമായി തടങ്കലില്‍ വച്ചിരിക്കുകയായിരുന്നു . സര്‍ക്കസും അമ്യൂസ്മെന്റ് പാര്‍ക്കും നടത്താന്‍ മെയ് 6 ന് എത്തിയ ഈ സംഘം മെയ് 16 ന് ഉത്സവം കഴിഞ്ഞിട്ടും ദേവസ്വം എക്സിബിഷന്‍ നടന്ന കൊട്ടിലായ്ക്കല്‍ പറമ്പിന്റെ ഗേറ്റുകള്‍ അടച്ചതിനാല്‍ സര്‍ക്കസ് സാധന സാമഗ്രികള്‍ കൊണ്ടു പോകാനാവാതെ ഇരുപതിലധികം ജീവനക്കാരുമായി യാതന അനുഭവിക്കുകയാണ്. മഴ ആരംഭിച്ചതോടെ ഇവരുടെ യന്ത്ര ഊഞ്ഞാലും മോട്ടറും ഉള്‍പ്പെടെയുള്ള സാധനസാമഗ്രികളും മഴ നനഞ്ഞു കേടാവുന്ന അവസ്ഥയിലാണ് .
related news: എക്സിബിഷന്‍ കരാറുകാരന്‍ പൈസ നല്‍കിയില്ല : പകരം സര്‍ക്കസ്സുകാര്‍ രണ്ടാഴ്ചയായി ദേവസ്വം തടങ്കലില്‍

പടിയൂര്‍ പഞ്ചായത്തില്‍ ശുചികരണ -ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കം

ഇരിങ്ങാലക്കുട : മഴക്കാല രോഗങ്ങളെ തടയുന്നതിനും , മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കും പടിയൂര്‍ പഞ്ചായത്തില്‍ തുടക്കമായി .ക്യാമ്പിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും ശുചിത്വ കമ്മിറ്റികള്‍ കൂടി . വാര്‍ഡുകളില്‍ സ്‌ക്വാഡുകള്‍ ഇറങ്ങി ബോധവത്കരണ നോട്ടീസുകളും അനുബന്ധ പ്രവര്‍ത്തികളും ഒരാഴ്ചക്കാലം നടത്തും . കിണറുകളില്‍ ക്ലോറിനേഷന്‍ , പരിസര ശുചികരണം , സ്ഥാപനങ്ങളുടെ ശുചിത്വം എന്നിവ എന്നിവ ഉറപ്പാക്കാന്‍ പ്രത്യേകം സ്‌ക്വാഡുകള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കും. അയല്‍സംസ്ഥാന തൊഴിലാളികള്‍ പാര്‍ക്കുന്ന ഇടങ്ങളില്‍ ശുചിത്വം ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും ഇവര്‍ക്കായി പ്രത്യേക ആരോഗ്യ ക്യാമ്പുകളും പഞ്ചായത്തില്‍ സംഘടിപ്പിക്കും . വാര്‍ഡുകളിലെ ശുചികരണ ബോധവത്കരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം കല്ലന്തറയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു നിര്‍വഹിച്ചു . വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ ബേബി ലോഹിതാക്ഷന്‍ നേതൃത്വം നല്‍കി . ചടങ്ങില്‍ കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്തു .

കാറളം സെന്റര്‍ റോഡ് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

കാറളം : സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ട കാറളം സെന്റര്‍ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി കരിങ്കല്‍ ക്വാറി വേസ്റ്റ് അടിച്ച് കുഴികളടച്ചു. റോഡ് പുനര്‍ നിര്‍മ്മാണത്തിനായി 45 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നതെന്ന് പ്രൊഫ. കെ.യു അരുണന്‍ എം.എല്‍.എ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയില്‍ റോഡിലെ ചെളി ഒഴിവാക്കാനുള്ള നടപടിയാണ് പൊതുമരാമത്ത് വകുപ്പ് കൈകൊണ്ടിരിക്കുന്നത്. മഴ കുറഞ്ഞതിന് ശേഷം ടാറിങ്ങ് നടത്താനാണ് തിരുമാനം. സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ട റോഡ് റി ടാറിംഗ് നടത്താതിരുന്നത് യാത്രക്കാരേയും സമീപത്തെ കടക്കാരേയും ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. തുടര്‍ന്ന് അധികാരികളുടെ കണ്ണ് തുറക്കാന്‍ വേണ്ടി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ശയനപ്രദക്ഷിണം അടക്കം നിരവധി സമരം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം സന്ദര്‍ശിച്ച എം.എല്‍.എ പുതിയ ടെണ്ടര്‍ നടത്തി എത്രയും പെട്ടന്ന് ടാറിങ്ങ് നടത്തി റോഡ് സഞ്ചാരയോഗ്യമാക്കാന്‍ പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും രണ്ട് മാസം പിന്നിട്ടിട്ടും എഗ്രിമെന്റ് വയ്ക്കാതെ നിര്‍മ്മാണം വൈകിപ്പിക്കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. മഴക്കാലമായതോടെ റോഡില്‍ ചെളി നിറഞ്ഞ് യാത്ര അസഹനീയമായതോടെ കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബുവിന്റെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടിവ് എഞ്ചിനിയറെ കണ്ടിരുന്നു. തുടര്‍ന്നാണ് റോഡില്‍ ക്വാറി വേസ്റ്റടിച്ച് ചെളിക്കെട്ട് മാറ്റാന്‍ അധികൃതര്‍ നടപടിയെടുത്തത്.

100 – ാം പ്രവേശനോത്സവത്തിന്റെ നിറവില്‍ എടതിരിഞ്ഞി സെന്റ് മേരീസ് എല്‍ പി സ്കൂള്‍

എടതിരിഞ്ഞി : സെന്റ് മേരീസ് എല്‍ പി സ്കൂളില്‍ 100 – ാം പ്രവേശനോത്സവം ആഘോഷിച്ചു . വാര്‍ഡ് മെമ്പര്‍ കണ്ണന്‍ കെ പി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സി. വിമല സി എം സി അദ്ധ്യക്ഷത വഹിച്ചു. കാര്‍ട്ടൂണിസ്റ്റ് മോഹന്‍ദാസ് ചടങ്ങില്‍ വിശിഷ്ടതിഥിയായിരുന്നു . 100 – ാം വര്‍ഷത്തെ ലോഗോ ബി ആര്‍ സി ട്രെയിനര്‍ ഫേബ ടീച്ചര്‍ പ്രകാശനം ചെയ്തു . പി ടി എ പ്രസിഡന്റ് ജൈസണ്‍ അച്ചങ്ങാടന്‍ , വിജി രാജേഷ് എന്നിവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു . ഹെഡ്മിസ്ട്രസ്സ് സി മേരീസ് സ്വാഗതം പറഞ്ഞു.

ചെമ്മണ്ട കായല്‍ പാടശേഖരത്തില്‍ കൃഷിയിറക്കണം – കര്‍ഷകര്‍ മോട്ടറിനു വേണ്ടി കാത്തിരിക്കുന്നു

ചെമ്മണ്ട : 2016-17 ലെ നഗരസഭ പദ്ധതി പ്രകാരം 30, 40 വാര്‍ഡുകളിലേക്ക് 3 ലക്ഷം രൂപ വീതം മോട്ടോര്‍ വാങ്ങുന്നതിന് നീക്കി വച്ചിരുന്ന തുക ലാപ്‌സായി പോയതില്‍ കൗണ്‍സിലര്‍മാര്‍ മാപ്പ് പറയണമെന്ന് കര്‍ഷകമോര്‍ച്ച പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ചെമ്മണ്ട കായല്‍ പാടശേഖരത്തില്‍ കൃഷിയിറക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനാണ് നഗരസഭ മോട്ടോര്‍ അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 16, 17 തിയതികളിലായി ടി.കെ.രാമകൃഷ്ണന്‍, ടി.ജി സുനിതന്‍ എന്നിവരുടെ വീട്ടില്‍ ഗുണഭോക്തൃ കമ്മിറ്റി തെരഞ്ഞെടുത്തു. പാടശേഖര കമ്മിറ്റി അംഗം വിളിച്ചുകൂട്ടിയ യോഗങ്ങളില്‍ 26 പേര് പങ്കെടുത്തു. പാര്‍ട്ടിക്കകത്ത് നടന്ന പ്രശ്‌നങ്ങളുടെ ഭാഗമായി നഗരസഭ അനുവദിച്ച മോട്ടോര്‍ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട കൗണ്‍സിലര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഈ വര്‍ഷത്തെ പദ്ധതി വികസനരേഖയില്‍ ഈ മോട്ടോര്‍ വാങ്ങുന്നതിന് തുക വച്ചിട്ടില്ല. ഗ്രൂപ്പ് വഴക്കിലൂടെ വാര്‍ഡിലെ കൃഷിക്കാരെ വഞ്ചിക്കുകയും അവഗണിക്കുകയും മീറ്റിംഗ് പ്രഹസനമാക്കുകയും ചെയ്ത കൗണ്‍സിലര്‍മാര്‍ പരസ്യമായി മാപ്പ് പറഞ്ഞ് ഫണ്ട് അനുവദിക്കുവാനുള്ള പരിശ്രമം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കര്‍ഷകമോര്‍ച്ച ജില്ല കമ്മിറ്റി അംഗം ടി.കെ.ഷാജുട്ടന്‍, മോഹനന്‍, മജു വി.എം. വിനയന്‍ കെ.എസ് എന്നിവര്‍ സംസാരിച്ചു.

പടിയൂര്‍ എസ്എന്‍വി എല്‍പി സ്‌കൂളിന് അനുവദിച്ച സ്‌കൂള്‍ ബസ് റിച്ചാര്‍ഡ് ഹെ എംപി ഫ്‌ളാഗ് ഓഫ് ചെയ്തു

പടിയൂര്‍ : ശ്രീനാരായണ വിലാസം പബ്ലിക് സ്‌കൂളിന് റിച്ചാര്‍ഡ് ഹെ എംപിയുടെ വികസനഫണ്ടില്‍ നിന്നും അനുവദിച്ച സ്‌കൂള്‍ ബസ് റിച്ചാര്‍ഡ് ഹെ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.സി. ബിജു അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.ബി. ജയലക്ഷ്മി, പിടിഎ പ്രസിഡണ്ട് ഗിരിജ ശശി, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി ഇ.പി. സുമേഷ്, വിദ്യാലയ വികസന സമിതി അംഗം ശിവദാസ് ശാന്തി, ശാരദ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ പ്രസിഡണ്ട് ബാബു കല്ലിക്കാട്ട് എന്നിവര്‍ സംസാരിച്ചു. വാര്‍ഡു മെമ്പര്‍മാര്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, നാട്ടുകാരടക്കം വലിയ ജനസഞ്ചയം പരിപാടിയില്‍ പങ്കെടുത്തു.

Top
Close
Menu Title