News

Archive for: August 20th, 2017

മതനിരപേക്ഷമായ ജീവിതം പുലര്‍ത്താന്‍ രക്ഷിതാക്കള്‍ മക്കളെ അനുവദിക്കണമെന്ന് മന്ത്രി എ സി മൊയ്തീന്‍

ഇരിങ്ങാലക്കുട : മതനിരപേക്ഷമായ ജീവിതം പുലര്‍ത്താന്‍ രക്ഷിതാക്കള്‍ മക്കളെ അനുവദിക്കണമെന്ന് മന്ത്രി എ സി മൊയ്തീന്‍. ജാതീയത ഉപയോഗിച്ച് രാജ്യത്തിന്റെ മതനിരപേക്ഷ ചട്ടകൂട് തകര്‍ക്കാനാണ് ശിഥിലീകരണ ശക്തികള്‍ ശ്രമിക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയ കേരളീയ സമൂഹത്തിലും കടന്ന്കയറാനുള്ള തീവ്രശ്രമമാണ് ഇവര്‍ നടത്തുന്നത്. ശാസ്ത്രവും യുക്തി ചിന്തയും വേണ്ടായെന്ന് രാജ്യത്തെ ഭരണകുടം തന്നെ പഠിപ്പിക്കുകയാണ്. അന്ധവിശ്വാസത്തിന്റെ തടവറയിലേക്ക് കുട്ടികളെ കൊണ്ടുപോകാനാണ് ഇവരുടെ ശ്രമമെന്നും മന്ത്രിപറഞ്ഞു. ടൗണ്‍ഹാളില്‍ ലോനപ്പന്‍ നമ്പാടന്‍ അനുസ്മരണവും അവാര്‍ഡ്ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്ലസ്ടു വിന് 1200ല്‍ 1200 മാര്‍ക്കും നേടിയ അലോക് പല്ലിശേരിയ്ക്ക് മന്ത്രി ഉപഹാരം നല്‍കി. പ്രൊഫ സിജെ ശിവശങ്കരന്‍ അധ്യക്ഷനായി. ഏരിയയായില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കും നുറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങള്‍ക്കും പ്രൊഫ കെയു അരുണന്‍ എംഎല്‍എ അവാര്‍ഡുകള്‍ നല്‍കി. സി കെ ചന്ദ്രന്‍ വൃക്ഷതൈകള്‍ വിതരണം ചെയ്തു. ഡോ വിമല്‍കുമാര്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസെടുത്തു. സിപിഐ(എം) ഏരിയ സെക്രട്ടറി ഉല്ലാസ് കളക്കാട്ട്‌സ്വാഗതവും കെസി പ്രേമരാജന്‍ നന്ദിയും പറഞ്ഞു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വിഎ മനോജ്കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗംങ്ങളായ കാതറിന്‍ പോള്‍, ടിജ ശങ്കരനാരായണന്‍, നമ്പാടന്‍ മാസ്റ്ററുടെ മകന്‍ സ്റ്റീഫന്‍, അഡ്വ കെആര്‍ വിജയ, കെപി ദിവാകരന്‍, കെപി ജോര്‍ജ്, എംബി രാജു, ഖാദര്‍ പട്ടേപാടം എന്നിവര്‍ പങ്കെടുത്തു.

കല്ലേറ്റുംങ്കരയിലെ വീട്ടിലെ ചാരായ വാറ്റ് കേന്ദ്രം എക്‌സൈസ് സംഘം പിടികൂടി

കല്ലേറ്റുംക്കര : കല്ലേറ്റുംങ്കര പള്ളിയ്ക്ക് സമീപത്തുനിന്നും  വിടിനകത്ത് വാഷ് കെട്ടി ചാരായം വാറ്റി കൊണ്ടിരിക്കുമ്പോള്‍ എക്‌സൈസ് സംഘം ഒരാളെ പിടികൂടി. കല്ലേറ്റുംകര സ്വദേശി തണ്ടിയേക്കല്‍ ബിജോയ് (40) നെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ഷാനവാസും സംഘവും കൂടി അറസ്‌ററ് ചെയ്തത്. ചാരായം വാറ്റി ദൂരെ സ്ഥലങ്ങളിലേയ്ക്ക് കയറ്റി വിടുകയായിരുന്നു ഇവരുടെ പതിവ്. ബിജോയുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു പ്രതി എക്‌സ്സെസ് ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപെട്ടു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിനുകുമാര്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഹാറുന്‍ റഷീദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.കെ.അശോകന്‍, എം.ഒ നെബി, എന്‍.യു. ശിവന്‍, പി.കെ.സജികുമാര്‍ എക്‌സൈസ് ഡ്രൈവര്‍ പ്രദീപ്കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. 30 ലിറ്റര്‍ ചാരായവും 250 ലിറ്റര്‍ വാഷും ഗ്യസ് കുറ്റിയടക്കം വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.

ഫെഡറല്‍ ബാങ്ക് ഇരിങ്ങാലക്കുട നട ബ്രാഞ്ച് പരിസ്ഥിതി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഫെഡറല്‍ ബാങ്ക് ഇരിങ്ങാലക്കുട നട  ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ശാന്തിനികേതന്‍ സ്കൂളിലും മാണിക്യന്‍ ഫൌണ്ടേഷന്‍ അഗതി മന്ദിരത്തിലും  പരിസ്ഥിതി ദിനം ആചരിച്ചു.  പ്രമുഖ സിനിമ താരം ടോവിനോ തോമസ്  വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷതൈകള്‍ നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു.  ഫെഡറല്‍ ബാങ്ക് ഇരിങ്ങാലക്കുട നട ബ്രാഞ്ച് ഹെഡ് രാജേഷ് കുമാര്‍ പി അദ്ധ്യക്ഷത വഹിച്ചു.  ശ്രീനാരായണ എഡ്യൂക്കേഷന്‍ ട്രസ്റ്റ് സെക്രട്ടറി ബിജോയ് എ കെ , സ്കൂള്‍ പ്രിന്‍സിപ്പല്‍ ഹരീഷ് മേനോന്‍, വൈസ് പ്രിന്‍സിപ്പല്‍ നിഷ ജോജി എന്നിവര്‍ സംസാരിച്ചു. ജീവിതത്തിന്റെ സായാഹ്നങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട വാര്‍ദ്ധക്യത്തിന് ഒരു കൈതാങ്ങായി പ്രവര്‍ത്തിക്കുന്ന ഇരിങ്ങാലക്കുടയിലെ  മാണിക്യന്‍ ഫൗണ്ടേഷന്‍  മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂത്തുപാലക്കല്‍ വിശ്വനാഥന്‍ മാണിക്യന്‍, ഫെഡറല്‍ ബാങ്ക് നട ബ്രാഞ്ച് ഹെഡ് രാജേഷ് കുമാര്‍ പി, ബാങ്ക് ജീവനക്കാര്‍  എന്നിവര്‍ ചേര്‍ന്നു  വൃക്ഷതൈകള്‍ നട്ട് പരിസ്ഥിതിദിനാചരണം നടത്തി

 

ശ്രീനാരായണഗുരു സ്മാരക സംഘം ലോവര്‍ പ്രൈമറി സ്കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു

എടക്കുളം : ശ്രീ നാരായണഗുരു സ്മാരക സംഘം ലോവര്‍ പ്രൈമറി സ്കൂളില്‍ പരിസ്ഥിതി ദിനം പൂമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഏ വി ഗോകുല്‍ദാസ് വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷതൈകള്‍ നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു. പി ടി.എ പ്രസിഡണ്ട് രാഖി ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സുധ ടി.ഡി സ്കൂള്‍ മാനേജര്‍ വി.സി. ശശിധരന്‍, ബിന്ദു കെ. ഡി എന്നിവര്‍ സംസാരിച്ചു.

കേരള പോലീസ് അസോസിയേഷന്‍ പരിസ്ഥിതിദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : കേരള പോലീസ് അസോസിയേഷന്‍ തൃശൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ നടന്ന ലോക പരിസ്ഥിതി ദിനാചരണത്തില്‍ എ എസ് പി കിരണ്‍ നാരായണന്‍ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു . ചടങ്ങില്‍ റിട്ടയേര്‍ഡ് ഡി വൈ എസ് പി വര്‍ഗീസ്, പോലീസ് അസോസിയേഷന്‍ പ്രസിഡന്‍റ് രാജു, സെക്രട്ടറി ബിജു, ഇരിങ്ങാലക്കുട എസ് ഐ സുശാന്ത് , ആളുര്‍ എസ് ഐ ജിജോ എന്നിവര്‍ പങ്കെടുത്തു.

സൗദിയില്‍ വച്ച് അന്തരിച്ചു

പൊറത്തിശ്ശേരി : വി വണ്‍ നഗറില്‍ കൂത്തുപാലയ്ക്കല്‍ നാരായണന്‍കുട്ടി മകന്‍ ശ്രീകുമാര്‍ (53 ) വയസ്സ്  സൗദിയില്‍ വച്ച് അന്തരിച്ചു. സംസ്‍കാരം പിന്നിട് നടക്കും .ഭാര്യ : ഉഷ , മകള്‍ : അമൃത.

മുരിയാട് കായല്‍ മേഖല പഠനകേന്ദ്രമാക്കി ജൈവികം പദ്ധതി

ഇരിങ്ങാലക്കുട : ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ലോക പരിസ്ഥിതിദിനത്തില്‍ മുരിയാട് കായല്‍ പഠനകേന്ദ്രമാക്കി ജൈവികം പദ്ധതിക്ക് തുടക്കമായി . പി ടി എ പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തങ്ങളുടെയും ജൈവവൈവിധ്യ പാര്‍ക്കിന്റെയും രൂപരേഖ പ്രശസ്ത ശില്പി വി കെ രാജന്‍ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് കൈമാറി . മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം എ എം ജോണ്‍സണ്‍ വൃക്ഷതൈ വിതരണം ഉദ്ഘാടനം ചെയ്തു. ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ ബി സജീവ് പദ്ധതി വിശദീകരണം നടത്തി . പ്രധാന അദ്ധ്യാപിക എ ജയശ്രീ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബി ബിജു നന്ദിയും പറഞ്ഞു.

എസ് എന്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പരിസ്ഥിതിദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : എസ്.എന്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളിന്റെയും, എസ്.എന്‍ പബ്ലിക് ലൈബ്രറിയുടേയും സംയുക്താഭിമുഖ്യത്തില്‍ ലോകപരിസ്ഥിതി ദിനം ആചരിച്ചു. പി.ടി.എ പ്രസിഡന്റ് .കെ.കെ ബാബു അധ്യക്ഷത വഹിച്ചു. എസ്.എന്‍ സ്‍കൂളുകളുടെ മാനേജര്‍ ഡോ. സി.കെ രവി ജൈവപന്തലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹൈസ്ക്കൂള്‍ ഹെഡ്മിസ്ട്രസ് കെ.മായ ടീച്ചര്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ക്ലാസ്സെടുത്തു . തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്തു. എസ്.എന്‍ സ്ക്കൂളിലും, എസ്.എന്‍ പബ്ലിക് ലൈബ്രറിയിലും വൃക്ഷതൈകള്‍ നട്ടു.

ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ ഇരിങ്ങാലക്കുട ലീജിയനും ഗവ. മോഡല്‍ ബോയ്സ് ഹൈസ്കൂളിന്റെ എന്‍ എസ് എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതിദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ ഇരിങ്ങാലക്കുട ലീജിയനും ഗവ. മോഡല്‍ ബോയ്സ് ഹൈസ്കൂള്‍ , വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിന്റെ എന്‍ എസ് എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട വെറ്റിനറി പോളി ക്ലിനിക്കില്‍ വൃക്ഷതൈകള്‍ നട്ട് പരിസ്ഥിതിദിനാചരണം നടത്തി . ചടങ്ങില്‍ ഗവ. വെറ്റിനറി പോളിക്ലിനിക്‌ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. ജോയ് ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ലിജിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ വെള്ളാനിക്കാരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ ഇരിങ്ങാലക്കുട ലിജിയന്‍ സെക്രട്ടറിയും ഇരിങ്ങാലക്കുട ഗവ. വെറ്റിനറി പോളിക്ലിനിക്‌ ജൂനിയര്‍ ഡോക്ടറുമായ ഡോ. കെ ജെ ജോണ്‍ പരിസ്ഥിദിന സന്ദേശം നല്‍കി. സീനിയര്‍ ചേംബര്‍ ഇരിങ്ങാലക്കുട ലിജിയന്‍ വൈസ് പ്രസിഡന്റ് വി ആര്‍ മധു , സിബി അക്കരക്കാരന്‍ , പ്രവീണ്‍ ജോജി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ മഞ്ജു ടീച്ചര്‍ സ്വാഗതം പറഞ്ഞു.

കെ എസ് യു പ്രവര്‍ത്തകര്‍ ക്രൈസ്റ്റ് കലാലയത്തില്‍ വൃക്ഷതൈകള്‍ നട്ടു

ഇരിങ്ങാലക്കുട : ജൂണ്‍ 5 ലോക പരിസ്ഥിദിനത്തില്‍ ക്രൈസ്റ്റ് കോളേജ് കലാലയത്തില്‍ കെ എസ് യു ക്രൈസ്റ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വൃക്ഷതൈകള്‍ നട്ടു . റെയ്ഹാന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഫലിസ് ഉദ്ഘാടനം നിര്‍വഹിച്ചു. വരും ദിവസങ്ങളില്‍ നൂറോളം തൈകള്‍ നട്ടുവളര്‍ത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു . എബി വടക്കേക്കര , അഷ്‌കര്‍ , ജെറി, നഹുംമോന്‍ , മിഥുന്‍ , നിതിന്‍ , അലക്സ് എന്നിവര്‍ യോഗത്തിനു നേതൃത്വം നല്‍കി.

ആളൂര്‍ ഉറുമ്പുംകുന്നില്‍ കര്‍ഷക സംഘം ലോക പരിസ്ഥിതിദിനം ആചരിച്ചു

ആളൂര്‍ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കര്‍ഷക സംഘം ആളൂര്‍ നോര്‍ത്ത് മേഖല പരിസ്ഥിതി ദിനം ആചരിച്ചു . ആളൂര്‍ നോര്‍ത്ത് മേഖലയുടെ ആഭിമുഖ്യത്തില്‍ നടന്ന വൃക്ഷ തൈകളുടെ വിതരണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ കാതറിന്‍ പോള്‍ ആളൂര്‍ ഉറുമ്പുംകുന്നില്‍ ഉദ്ഘാടനം ചെയ്തു.കര്‍ഷക സംഘം ആളൂര്‍ നോര്‍ത്ത് മേഖല സെക്രട്ടറി പി.ഡി.ഉണ്ണികൃഷ്ണന്‍, ഐ.എന്‍.ബാബു, എം.കെ.ഉത്തമന്‍,  അശോകന്‍ ഇ.ഡി, അജു.എസ്സ്.എസ്സ് എന്നിവര്‍ സംസാരിച്ചു.

എസ് എന്‍ ജി എസ് എസ് യു പി സ്കൂളില്‍ പരിസ്ഥിതിദിനം ആഘോഷിച്ചു

എടക്കുളം : എസ് എന്‍ ജി എസ് എസ് യു പി സ്കൂളില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു . എടക്കുളം നെറ്റ്യാട് സെന്ററിലെ ഓട്ടോ ഡ്രൈവേഴ്‌സിന് വൃക്ഷതൈകള്‍ നല്‍കികൊണ്ട് രാജേഷ് തംബുരു ഉദ്ഘാടനം ചെയ്തു . സ്കൂള്‍ മാനേജര്‍ വി സി ശശിധരന്‍ വഴിയരികില്‍ ആര്യവേപ്പ് നട്ടുകൊണ്ട് പരിസ്ഥിതി ദിന സന്ദേശം നല്‍കി . ഹെഡ്മിസ്ട്രസ് ദീപ ആന്റണി , കെ എസ് തമ്പി , കെ വി ജിനരാജാദാസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു . റഷീദ് കാറളം കുട്ടികള്‍ക്ക് പരിസ്ഥിതിസംരക്ഷണ ക്ലാസുകള്‍ നല്‍കി.

പ്രസംഗവേദികള്‍ക്ക് അലങ്കാരമായിരുന്ന നമ്പാടന്‍ മാസ്റ്റര്‍

ഒരു സാധാരണക്കാരന് എത്ര മാത്രം ഔന്നിത്യത്തിലെത്താമോ അവിടെയെല്ലാം തന്റേതായ കൈയൊപ്പ് ചാര്‍ത്തി അവിസ്മരണീയമാക്കിയ അസാധാരണ വ്യക്തിത്വമായിരുന്നു നമ്മെ വിട്ടു പിരിഞ്ഞ ലോനപ്പന്‍ നമ്പാടന്റെത് . ആറു പ്രാവശ്യം എം എല്‍ എ യും ഒരു പ്രാവശ്യം എം പി യുമായ അദ്ദേഹം അതില്‍ തന്നെ രണ്ടു തവണ മന്ത്രിയായിരുന്നപ്പോഴും താന്‍ ആരാണെന്നു മറന്നു പോകാതെ പ്രവര്‍ത്തിച്ച മാതൃക ജനപ്രതിനിധിയും മനുഷ്യ സ്നേഹിയുമായിരുന്നു അദ്ദേഹം . നാല് പ്രവശ്യം ഇരിങ്ങാലക്കുടയെ പ്രതിനിധികരിച്ച നമ്പാടന്‍ നാട്ടുകാരുടെ സുഖത്തിലും ദുഃഖത്തിലും ഇഴുകിചേര്‍ന്നു. അത്യന്താപേഷിതമായ ജനകിയ പ്രശ്നങ്ങളില്‍ ജനപക്ഷത്ത് ഉറച്ചു നില്‍ക്കുകയും പലപ്പോഴും സങ്കുചിത കക്ഷി- രാഷ്ട്രീയ ബന്ധങ്ങളെ മറന്നു പ്രവര്‍ത്തിക്കുകയും ചെയ്ത അസഹിഷ്ണുത എന്ന അധമ വികാരത്തിന് അര്‍ത്ഥമില്ലാതാക്കി. സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിനു വെളിച്ചവും -തെളിച്ചവും പകര്‍ന്നു നല്‍കാനാകുമെന്നു കാണിച്ചു തന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റെ . ആരോടും പകയും വിദ്വേഷവും പുലര്‍ത്താതെ നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത് ഇദ്ദേഹത്തിന്റെ വാക്ചാതുര്യം ഗുരു അമ്മന്നൂര്‍ മാധവചാക്യാര്‍ പോലും അംഗീകരിച്ചിരുന്നു . ഏതു പ്രസംഗവേദികള്‍ക്കും അലങ്കാരമായിരുന്നു നമ്പാടന്‍ മാസ്റ്റര്‍. മാത്രമല്ല ജാടയില്ലാത്ത സ്വഭാവ സവിശേഷതകള്‍ സമൂഹത്തിലെ സമസ്തമേഖലയിലുള്ളവരും ഉള്‍ക്കൊണ്ടു. ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ പിറവി കൂടിയായിരുന്നു അത്. മാതൃഭാഷയുടെ ഓജസ്സും തേജസ്സും വര്‍ധിപ്പിക്കുന്ന കാര്യത്തിലും മാസ്റ്റര്‍ മുന്‍ പന്തിയില്‍ തന്നെയായിരുന്നു. നല്ലൊരു വായനക്കാരനായിരുന്നു നമ്പാടന്‍ എന്ന വാസ്തവം പലര്‍ക്കും അറിയില്ല . എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന മഹാത്മജിയുടെ മഹത്തായ ആശയത്തില്‍ ആകൃഷ്ടനായ വ്യക്തിയായി വരും കാലങ്ങളില്‍ അദ്ദേഹത്തെ വിലയിരുത്തും .

ഉണ്ണികൃഷ്ണന്‍ കിഴുത്താണി

കോടതി കോംപ്ലക്‌സില്‍ പരിസ്ഥിതിദിനം ആചരിച്ചു

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയുടെയും ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ 5ന് രാവിലെ കോടതി കോംപ്ലക്‌സില്‍ ലോക പരിസ്ഥിതിദിനം ആചരിച്ചു. കോടതി കോംപൗണ്ടില്‍ 450 ല്‍ പരം വൃക്ഷത്തെകള്‍ നട്ടു പരിപാലിക്കുന്നതില്‍ പങ്കു വഹിച്ച റിട്ടയേര്‍ഡ് പ്രൊഫസര്‍ എം.എ. ജോണിന് കുടുംബ കോടതി ജഡ്ജ് ടി.കെ. രമേശ്കുമാര്‍ ഉപഹാരം നല്‍കി ആദരിച്ചു. അഡീഷണല്‍ ജഡ്ജ് ജി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. കോടതി ജീവനക്കാര്‍ പരസ്പരം ഫല വൃക്ഷത്തൈ കൈമാറി. കോടതി കോംപ്ലക്‌സില്‍ പ്ലാസ്റ്റിക്കും അല്ലാത്തതുമായ മാലിന്യം പ്രത്യേകം സംഭരിച്ച് നീക്കം ചെയ്യാനുളള സംവിധാനം ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് കോടതിക്ക് കൈമാറി. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. രാജേഷ് തമ്പാന്‍, സെക്രട്ടറി പി.ജെ. തോമസ്, ഗവമെന്റ് പ്ലീഡര്‍ പി.ജെ. ജോബി, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി സെക്രട്ടറി രാകേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു .

നഗരസഭയും പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രവും ചേര്‍ന്ന് പരിസ്ഥിതി ദിനാചരണം

മാപ്രാണം : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയും പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രവും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.എ. അബ്ദുള്‍ ബഷീര്‍ വൃക്ഷത്തൈ നട്ട് ഉദ്ഘടനം ചെയ്തു . വാര്‍ഡ് 37 മാപ്രാണം ബ്ലോക്ക് അംഗന്‍വാടി പരിസരത്തു നടന്ന ചടങ്ങില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ സി അനിത പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. അനില്‍കുമാര്‍ ബോധവല്കരണ ക്ലാസ് എടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.കെ. അജീഷ്, ജെ.പി. എച്ച്.എന്‍ രോഷിത കീര്‍ത്തി, ആശ പ്രവര്‍ത്തക സെയ്ഫുദാസ്, അംഗന്‍വാടി പ്രവര്‍ത്തക സില്‍വി എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Top
Close
Menu Title